CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, May 30, 2023

സൈക്കിൾ ചവിട്ടി കറണ്ടുണ്ടാക്കാം!

 സൈക്കിൾ ചവിട്ടി കറണ്ടുണ്ടാക്കാം!

 


 

ചവിട്ടി കറണ്ടുണ്ടാക്കാം എന്നത് ഒരു പുതിയ ടെക്നോളജിയല്ല. 1926 ൽ ഓസ്ട്രേലിയൻ ഇൻവെൻ്ററായ ആൽഫ്രഡ് ട്രാഗറാണ് ആദ്യമായി ഒരു പെഡൽ പവർ ജനറേറ്റർ നിർമ്മിച്ച് വിപണിയിലിറക്കിയത്.
ഓസ്ട്രേലിയയിലെ വൈദ്യുതി എത്താത്ത വിദൂര ഗ്രാമങ്ങളിൽ റേഡിയോ സെറ്റുകൾ പ്രവർത്തിപ്പിക്കാനും മറ്റ് സൈനിക ആവശ്യങ്ങൾക്കുമായാണ് ആൽഫ്രഡ് ട്രാഗർ ഇത്തരം മനുഷ്യ ശക്തിയിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾ വികസിപ്പിച്ചെടുത്തത്.
ഒരു റേഡിയോ പ്രവർത്തിക്കാനാവശ്യമായ പത്തോ ഇരുപതോ വാട്ട് മാത്രമായിരുന്നു ആ ഉപകരണം ഉത്പാദിപ്പിച്ചിരുന്നത്. ബാറ്ററി ഒപ്പം ഇല്ലാതിരുന്നതിനാൽ ചവിട്ടിയാൽ മാത്രമേ റേഡിയോ പ്രവർത്തിക്കുമായിരുന്നുള്ളൂ.
ഇത്തരം പെഡൽ ജനറേറ്ററുകൾ പല വിധ വിപുലീകരണങ്ങളിലൂടെ കടന്ന് സോളാർ പാനലുകൾ വ്യാപകമായി നിർമ്മിക്കപ്പെട്ട് വില കുറഞ്ഞ് തുടങ്ങിയ രണ്ടായി രാമാണ്ട് വരെ ധാരാളമായി ഉപയോഗത്തിലുണ്ടായിരുന്നു.
വൈദ്യുതി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം പെഡൽ ജനറേറ്ററുകൾ ഒരിക്കലും ആദായകരമായിരുന്നില്ല.
എങ്കിലും വൈദ്യുതി എത്താത്ത ആഫ്രിക്കൻ വൻകരയിലെയും, ആമസോണിലെയും വിദൂര, അവികസിത ഗ്രാമങ്ങളിൽ ഇന്നും ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഫിലിപ്പൈൻസിലെയും, ബ്രസീലിലെയും ചില ജയിലുകളിൽ, വെറുതേ ഇരുന്ന് ഭക്ഷണം കഴിച്ച് ദുർമ്മേദസ് വരുന്ന തൊഴിവാക്കാൻ തടവുകാരെക്കൊണ്ട് സ്റ്റേഷണറി സൈക്കിളിൽ ഫിറ്റ് ചെയ്ത പെഡൽ ജനറേറ്ററുകൾ ചവിട്ടി കറണ്ട് ഉത്പ്പാദിപ്പിച്ച് ബാറ്ററിയിൽ സ്റ്റോർ ചെയ്ത് ജയിലിലെ ലൈറ്റിങ്ങ്, റേഡിയോ, ടെലിവിഷൻ ആവശ്യങ്ങൾ നിറവേറ്റുന്നതായി കേട്ടിട്ടുണ്ട്.
ഇങ്ങനെ മനുഷ്യ പ്രയത്നം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ലാഭകരമല്ലേ എന്ന് ആരും ചിന്തിച്ച് പോകും.
ഇന്നത്തെ വൈദ്യുതി വില വച്ച് നോക്കുമ്പോൾ സൈക്കിൾ ചവിട്ടി കറണ്ടുണ്ടാക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
യൂണിറ്റിന് 5 രൂപയ്ക്ക് നമുക്ക് ഇപ്പോൾ ഗാർഹിക വൈദ്യുതി ലഭിക്കുമ്പോൾ 30000 രൂപയ്ക്ക് മേൽ വിലവരുന്ന ഈ ഉപകരണം ഒരെണ്ണം വാങ്ങിയാൽ ദിവസം 8 മണിക്കൂർ ചവിട്ടിയാൽ മാത്രമേ ഒരു യൂണിറ്റ് കറണ്ട് ഉണ്ടാകൂ. ആ കണക്കിന് കാശ് മുതലാക്കാൻ 16 വർഷം ചവിട്ടേണ്ടി വരും!
സൈക്കിളിങ്ങ് വളരെ ആരോഗ്യദായകമായ ഒരു വ്യായാമമാണ്. ദീർഘനേരം ആസ്വദിച്ച് ചെയ്യാവുന്നതും, അതോടൊപ്പം ഏറ്റവുമധികം കലോറി കത്തിക്കുന്നതുമായ വ്യായാമങ്ങളിൽ രണ്ടാം സ്ഥാനം സൈക്കിളിങ്ങിനാണ്.
അപ്പോൾ വായനക്കാർക്ക് ഒന്നാം സ്ഥാനം ഏതിനെന്നറിയാൻ താൽപ്പര്യമുണ്ടാവുക സ്വാഭാവികം.!
നീന്തലാണ് ഏറ്റവുമധികം കലോറി എരിച്ച് കളയുന്നതും അതേ സമയം അസ്വാദ്യകരവുമായ വ്യായാമമുറ.
ഇന്നത്തെ നമ്മുടെ റോഡുകളിലെ ലക്കും ലഗാനുമില്ലാത്ത വാഹന ഗതാഗതം മൂലം സൈക്കിൾ ചവിട്ടാൻ ആഗ്രഹമുള്ള ഏറിയ പങ്ക് ആളുകളും സുരക്ഷാകാരണങ്ങളാൽ ആഗ്രഹം മനസിലൊതുക്കുകയാണ്.
നഗര വീഥികളിൽ സൈക്കിൾ ചവിട്ടുന്നതിൻ്റെ റിസ്ക് ഒഴിവാക്കി ,ഹെൽത്ത് കോൺഷ്യസായ, സ്വന്തം ആരോഗ്യത്തിനായി തനിക്കും, ഭാര്യക്കും ,കുട്ടികൾക്കുമായി അൽപ്പം കൂടുതൽ പണം മുടക്കാൻ താൽപ്പര്യമുള്ളവർക്കായി വ്യായാമത്തോടൊപ്പം കറണ്ടും ഉത്പ്പാദിപ്പിക്കുന്നതും.. വച്ചാൽ വച്ചിടത്ത് തന്നെ ഇരിക്കുന്ന എന്നാൽ ശരിക്കുമുള്ള സൈക്കിളിങ്ങിൻ്റെ അത്ര അസ്വാദ്യത ഇല്ലെങ്കിലും വ്യായാമത്തിനുതകുന്ന സ്റ്റേഷണറി സൈക്കിളുകൾക്ക് കേരളത്തിൽ വൻ വിപണിയാണ് തുറന്ന് കിടക്കുന്നത്.
വ്യായാമം ചെയ്യുന്ന നേരം ലാപ്ടോപ്പ് ഉപയോഗിക്കുകയോ, TV കാണുകയോ, സംഗീതം ആസ്വദിക്കുകയോ, പത്രം വായിക്കുകയോ ചെയ്യാം. ഒരു വെടിക്ക് അനവധി പക്ഷികൾ എന്ന ഈ കൺസെപ്റ്റ് ശരിയായി മാർക്കറ്റ് ചെയ്താൽ ക്ലിക്കാവാൻ സാദ്ധ്യതയുള്ളതാണ്.
ഒരു സാധാരണ ആരോഗ്യമുള്ള ശരാശരി മനുഷ്യന് എത്ര കറണ്ട് ഉത്പ്പാദിപ്പിക്കാൻ കഴിയും?
പെട്ടെന്ന് ക്ഷീണിക്കാത്ത വിധമുള്ള സാധാരണ ജോലികൾ ചെയ്യുമ്പോഴും, അൽപ്പം വേഗത്തിൽ നടക്കുമ്പോഴും മനുഷ്യ ശരീരം 100 മുതൽ 150 വാട്ട്സ് വരെ പവർ ഉത്പ്പാദിപ്പിക്കുന്നു എന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ ക്വിൻ്റൽ ചാക്ക് തലയിലേറ്റുമ്പോഴോ, വളരെ വേഗം ഓടുമ്പോഴോ ഒക്കെ ഇത് ആയിരം വാട്ടിന് മുകളിൽ പോകും. പക്ഷേ ദീർഘനേരം ഈ ക്ഷമത നിലനിറുത്താനാകില്ല.
ദീർഘദൂര സൈക്കിൾ മൽസരങ്ങളിൽ ശരാശരി വേഗത്തിൽ 8 മണിക്കൂർ വരെ തുടർച്ചയായി സൈക്കിൾ ചവിട്ടുന്നവർ അതിൽ പങ്കെടുക്കുന്നതിൻ്റെ 90 ശതമാനം വരും.
അതിനാൽ 100 മുതൽ 150 വാട്ട് വരെ വൈദ്യുതി ചവിട്ടിക്കറക്കുന്ന പെഡൽ ജനറേറ്ററുകളിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് ഉത്പാദിപ്പിക്കാൻ സാധിക്കുന്നുണ്ട്.
ഞങ്ങൾ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്വന്തമായി സവിശേഷ രീതിയിൽ വികസിപ്പിച്ചെടുത്ത പെഡൽ ജനറേറ്റർ ഉപയോഗിച്ച് സാധാരണ വേഗത്തിൽ ഒരു പതിനഞ്ച് വയസുകാരൻ 1000 വാട്ട് വൈദ്യുതി 6 മണിക്കൂർ കൊണ്ട് ചവിട്ടിക്കറക്കി ഉൽപ്പാദിപ്പിച്ച് അത് പ്രായോഗികമായി തെളിയിച്ചിട്ടുമുണ്ട്.
നിയോഡൈമിയം മാഗ് നെറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഏകദേശം 500 വാട്ട് പവർ വരുന്ന ജനറേറ്ററാണ് ഞങ്ങൾ ഇതിനായി ഉപയോഗിച്ചത്. (ചിത്രത്തിൽ ആർട്ടർനേറ്റർ എന്ന് കാണുന്നത്.)
എന്തും സ്വന്തമായി ചെയ്തു നോക്കാൻ ഇഷ്ടമുള്ള DIYക്കാർക്കായി ഒരു പെഡൽ ജനറേറ്റർ കുറഞ്ഞ ചിലവിൽ നിർമ്മിക്കാമെന്നു കൂടി വിവരിക്കാം.
ഇതിനാവശ്യമായ തട്ട് മുട്ട് സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനറേറ്ററായി ഉപയോഗിക്കാനുള്ള DC മോട്ടോറാണ്.ഇൻവെർട്ടർ ടെക്നോളജി ഉപയോഗിക്കുന്ന വാഷിങ്ങ് മെഷീനുകളുടെ 3ഫേസ് മോട്ടോറാണ് ഏറ്റവും അനുയോജ്യം. അടുത്തതായി ഒരു പഴയ സൈക്കിളും വേണം. MPPT ചാർജ് കൺട്രോളർ ,ജനറേറ്ററിൽ നിന്ന് വരുന്ന 3 ഫേസിനെ സിംഗിൾ ഫേസാക്കാൻ വേണ്ടി ഏതാനും ഹൈസ്പീഡ് സ്വിച്ചിങ്ങ് ഡയോഡുകൾ ,ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാൻ ബാറ്ററികൾ എന്നിവ വേണം.
സൈക്കിളും, വാഷിങ്ങ് മെഷീൻ മോട്ടോറും അക്രിക്കടകളിൽ കിട്ടും.കാറുകൾ പൊളിക്കുന്ന സ്ഥലത്ത് പോയാൽ കുറഞ്ഞ വിലയ്ക്ക് നമുക്ക് ജനറേറ്ററായി ഉപയോഗിക്കാൻ പറ്റിയ കാറിൻ്റെ ആൾട്ടർനേറ്ററുകളും ലഭിക്കും.
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടോറും പെഡൽ ജനറേറ്റർ നിർമ്മിക്കുന്നതിനായി ഉപയോഗിക്കാം.. .
ഇവ അനുയോജ്യമായ സംവിധാനം ഉപയോഗിച്ച് പെഡൽ ചവിട്ടിയാൽ ജനറേറ്റർ കറങ്ങുന്ന വിധത്തിൽ ഘടിപ്പിക്കുക. കുറഞ്ഞ വേഗതയിലും, കൂടിയ വേഗതയിലും ചവിട്ടുമ്പോൾ ഉണ്ടാവുന്ന വോൾട്ടേജി ന് വ്യതിയാനം ഉണ്ടാവുമല്ലോ.. ഇത് ക്രമീകരിക്കാനായി ആൾട്ടർനേറ്റർ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിയെ ഡയോഡുകളിലൂടെ കടത്തി സോളാർ ചാർജ് കൺട്രോളറിലേക്ക് കണക്റ്റ് ചെയ്യുക. ചാർജ് കൺട്രേളർ ബാറ്ററിയുമായും ബന്ധിപ്പിക്കണം. (ഡയഗ്രം അടുത്ത ഭാഗത്തിൽ.)
ബാറ്ററിയിൽ ശേഖരിക്കപ്പെടുന്ന വൈദ്യുതി നേരിട്ടോ, ഇൻവെർട്ടർ ഉപയോഗിച്ച് AC യാക്കിയോ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം.
നാടൻ സാങ്കേതിക വിദ്യയുടെ പ്രായോക്താവും എൻ്റെ പ്രീയ സുഹൃത്തുമായ കളമശേരി മെഡിക്കൽ കോളേജിന് സമീപമായി ഗാർഡിയൻ ടെക്‌നിക്കൽ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്ന ശ്രീ ഗാർഡിയൻ വർഗീസ് ചേട്ടനും ,ഞാനും, ശ്രീ ഷൈൻ കളമശേരിയും ചേർന്ന് ഒരു UK ബേയ് സ്ഡ് സ്റ്റാർട്ടപ്പ് കമ്പനിക്ക് വേണ്ടി, അവർക്ക് നൈജീരിയയിൽ മാർക്കറ്റ് ചെയ്യുന്നതിനായി ഉള്ള പ്രൊജക്റ്റിൻ്റെ ഭാഗമായി ഏതാണ്ട് പത്തോളം വിവിധ തരത്തിലുള്ള പെഡൽ ജനറേറ്ററുകളുടെ പ്രോട്ടോ ടൈപ്പുകൾ ഡവലപ്പ് ചെയ്തിരുന്നു. ഏതാണ്ട് 10 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു. മഹാപ്രളയവും കോവിഡും ഈ പദ്ധതിയുടെ നട്ടെല്ലൊടിച്ചതിനാൽ നിർമ്മിച്ച പ്രോട്ടോ ടൈപ്പുകൾ വർഗീസ് ചേട്ടൻ്റെ ഗവേഷണ ശാലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നു.
അവയിലൊരെണ്ണം തൂത്ത് തുടച്ചെടുത്ത് ഫോട്ടോ എടുത്തതാണ് ടൈറ്റിൽ പേജിൽ കാണുന്ന ചിത്രം.
ഇതു പോലൊരെണ്ണം ചുരുങ്ങിയ ചിലവിൽ നിങ്ങൾക്കും എങ്ങനെ നിർമ്മിക്കാമെന്ന് ഞായറാഴ്ച പ്രസിദ്ധീകരിക്കുന്ന അടുത്ത ഭാഗത്തിൽ വിശദീകരിക്കാം. നിങ്ങളുടെ സംശയങ്ങളും, അഭിപ്രായങ്ങളും കമൻ്റായി ഇടുക. മറുപടി അടുത്ത ഭാഗത്തിൽ തരാം. എഴുതിയത് #അജിത്കളമശേരി. 14.12.2022

No comments:

Post a Comment