PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, August 14, 2022

 

നമ്മളെല്ലാം പലവിധ ആവശ്യങ്ങൾക്കായി വിവിധ തരത്തിലുള്ള പവർ ട്രാൻസ്ഫോർമറുകൾ വാങ്ങാറുണ്ട്. അവയുടെ നിർമ്മാതാക്കൾ പുറത്തെഴുതി ഒട്ടിച്ചിട്ടുള്ള സ്റ്റിക്കറിലെ വോൾട്ടും, ആമ്പിയറും   വിശ്വാസത്തിൽ എടുത്താണ് നമ്മൾ ഇവ വാങ്ങുന്നത്. 


പക്ഷേ നമ്മളുടെ ഈ വിശ്വാസം നമ്മളെ രക്ഷിക്കാറില്ല. വിപണിയിലെ മൽസരം മൂലവും, അധിക ലാഭേഛ കണക്കിലെടുത്തും  റഡിമേഡ് ട്രാൻസ്ഫോർമർ നിർമ്മാതാക്കളിൽ ഭൂരിപക്ഷവും നമ്മളെ കബളിപ്പിക്കുകയാണ്. അല്ലെങ്കിൽ കബളിപ്പിക്കാൻ നിർബന്ധിതരാവുകയാണ്.


ഉണ്ടാക്കുന്നവനേക്കാളും തുക വിൽക്കുന്നയാൾക്ക് ലഭിക്കുന്ന വിധം മാർജിനിൽ കൊടുത്താലേ കടക്കാർ സാധനം വിൽക്കാനായി എടുക്കുകയുള്ളൂ. അതിനാൽ ക്വാളിറ്റിയിലും, ക്വാൺടിറ്റിയിലും കുറവ് വരുത്തി ട്രാൻസ്ഫോർമറുകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു.


കൂടാതെ ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ അറിവില്ലായ്മയും ഈ കബളിപ്പിക്കലിന് കാരണമാകുന്നുണ്ട്.


ഒരു ടെക്നീഷ്യൻ സ്പെയർ ഷോപ്പിൽ ചെന്ന് ചോദിക്കുന്നു.. 27 വോൾട്ട് 5 ആമ്പിയർ ട്രാൻസ്ഫോർമറിന് എന്ത് വില? 1500 രൂപ


ഉടൻ അടുത്ത ഷോപ്പിലേക്ക് പോകുന്നു അവിടെയും ഈ ചോദ്യം ആവർത്തിക്കുന്നു. കടക്കാരൻ്റെ മറുപടി 1250 രൂപ .. വീണ്ടും അടുത്ത ഷോപ്പിലേക്ക് വെയിലും കൊണ്ട് നടക്കുന്നു. ചോദ്യം അത് തന്നെ പക്ഷേ ഉത്തരം മനസ്സ്  കുളിർപ്പിക്കുന്നു. വെറും 900 രൂപ!



സാധനം വാങ്ങുന്നു വീട്ടിലെത്തുന്നു.അസംബിൾ ചെയ്യുന്നു കത്തുന്നു. വീണ്ടും വിലയേറിയ പണവും സമയവും ചിലവാക്കി കടയിലേക്കോട്ടുന്നു. ഏറ്റവും വിലകുറഞ്ഞത് വാങ്ങുന്നു. ചരിത്രം ആവർത്തിക്കുന്നു.


ഏതൊരു ഇലക്ട്രോണിക്സ് ഷോപ്പിൽ തിരക്കിയാലും ഏറ്റവും വിലകുറഞ്ഞവയ്ക്കാണ് ഏറ്റവും ചിലവ് കൂടുതൽ എന്ന് മനസിലാകും.


നാലും മൂന്നും ഏഴ് രൂപയ്ക്ക് ആംപ്ലിഫയർ തീരണം, എന്നാണ് ചിന്താഗതി എന്നാലോ താൻ അസംബിൾ ചെയ്യുന്ന സാധനത്തിന് ഒടുക്കത്തെ സൗണ്ട് ക്വാളിറ്റി കിട്ടണം.


ഒരു ആംപ്ലിഫയറിൻ്റെ  ക്വാളിറ്റി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ട്രാൻസ്ഫോർമറിൻ്റെ ക്വാളിറ്റി നിർണ്ണയിക്കുന്നതിൽ പലരും അജ്ഞരാണ്.അത് സിമ്പിളായി കണ്ട് പിടിക്കുന്നതിനുള്ള ഒരു വഴി ഇവിടെ വിവരിക്കുകയാണ്.


ഇതിനായി രണ്ട് മൾട്ടി മീറ്ററുകൾ നമുക്കാവശ്യമുണ്ട്. ഒരെണ്ണം ആമ്പിയർ മോഡിലും, ഒരെണ്ണം വോൾട്ട് മോഡിലും ഇടുക. ആമ്പിയർ മോഡിൽ ഇടുന്ന മീറ്ററിൻ്റെ യഥാർത്ഥ ലീഡ്  വയറുകൾ മാറ്റി ഗേജ് കൂടിയ വയർ ഉപയോഗിക്കണം. വില കുറഞ്ഞ മീറ്ററിനൊപ്പം വരുന്ന ലീഡ്  വയറുകൾ തുടർച്ചയായി കൂടുതൽ നേരം ഉയർന്ന ആമ്പിയർ കടത്തിവിടാൻ പര്യാപ്തമല്ല. അതിനാലാണ് വേറേ ഗേജ് കൂടിയ വയറുകൾ ഉപയോഗിക്കുന്നത്.


നമ്മൾ ടെസ്റ്റ് ചെയ്യുന്ന ട്രാൻസ്ഫോർമറിൻ്റെ ഒപ്പം ഉപയോഗിക്കുന്ന ഡയോഡുകളും കപ്പാസിറ്ററുകളും കണക്റ്റ് ചെയ്ത ശേഷം വേണം ടെസ്റ്റിനിടാൻ. 


ചിത്രത്തിൽ A എന്നത് പോസിറ്റീവ് സപ്ലേ റയിലും ,B എന്നത് നെഗറ്റീവ് സപ്ലേ റയിലുമാണ്. പോസിറ്റീവ് സൈഡിൽ സീരീസായി അമ്പിയർ മീറ്റർ കണക്റ്റ് ചെയ്യുക, A, B സപ്ലേറയിലുകളിൽ വോൾട്ട് മീറ്ററും കണക്റ്റ് ചെയ്യുക.


ഒരു പ്ലാസ്റ്റിക് ബേസിനിൽ പകുതി വെള്ളം എടുക്കുക അതിലേക്ക് കുറച്ച് ഉപ്പ് ലയിപ്പിക്കുക. ഈ ഉപ്പ് വെള്ളമാണ്  നമ്മളുടെ ലോഡ്.  അടുക്കളയിൽ ഉപയോഗിക്കുന്ന പഴയ കയിലിൻ്റെ പിടി പോലുള്ള എന്തെങ്കിലും കട്ടിയുള്ള അലുമിനിയം വസ്തുക്കൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന  ഇലക്ട്രോഡായി ഉപയോഗിക്കാം.


ട്രാൻസ്ഫോർമറിൽ സപ്ലേ കൊടുക്കുക. നെഗറ്റീവും പോസിറ്റീവും ഇലക്ട്രോഡുകൾ തമ്മിൽ കൂട്ടിമുട്ടാത്ത വിധം ഉപ്പ്  ലയിപ്പിച്ച വെള്ളത്തിൽ ഇടുക. ഇലക്ട്രോഡുകൾ അടുപ്പിച്ചാൽ കൂടുതൽ ആമ്പിയർ എടുക്കും. 


നമ്മൾ ടെസ്റ്റ് ചെയ്യുന്നത് 5 ആമ്പിയർ 27 വോൾട്ട് ട്രാൻസ്ഫോർമറാണെങ്കിൽ ആമ്പിയർ  മീറ്ററിൽ 5 ആമ്പിയറും, വോൾട്ട് മീറ്ററിൽ 27 വോൾട്ടും കാണിക്കുന്ന വിധം ഇലക്ട്രോഡുകൾ അകത്തുകയും അടുപ്പിക്കുകയും ചെയ്ത് നോക്കുക. 


ശരിയായ അളവിലുള്ള ട്രാൻസ്ഫോർമർ ആണെങ്കിൽ അതിൻ്റെ പരമാവധി ആമ്പിയർ എടുക്കുമ്പോഴും റേറ്റഡ് വോൾട്ടേജിൽ 5 ശതമാനം വേരിയേഷനേ കാണിക്കൂ.. ഒരു കാര്യം ശ്രദ്ധിക്കണം സെക്കൻഡറിയിലെ A/C വോൾട്ടിനെ  1.41 കൊണ്ട് ഗുണിക്കുന്ന അത്രയും വോൾട്ട് റക്റ്റി ഫൈഡ് DC കൂടുതൽ കാണിക്കും. ട്രാൻസ്ഫോർമർ ലോഡ് ചെയ്യുമ്പോൾ ഇത് കുറയും.



ശരിയായ അളവിൽ നിർമ്മിക്കപ്പെട്ട ട്രാൻസ്ഫോർമർ  ഫുൾ ലോഡിലും എത്ര നേരം പ്രവർത്തിപ്പിച്ചാലും നോർമ്മൽ ചൂടേ ആവുകയുള്ളൂ. തെറ്റായ കാൽകുഷേനിൽ നിർമ്മിക്കപ്പെട്ട ട്രാൻസ്ഫോർമർ 5 മിനിറ്റ് കൊണ്ട് തന്നെ തീ പോലെ ചൂടാകും.



ഇവിടെ വിവരിച്ചത് നമുക്ക് കയ്യിലുള്ള ട്രാൻസ്ഫോർമറിൻ്റെ കപ്പാസിറ്റി ഏകദേശം മനസിലാക്കുന്നതിനുള്ള ഒരു സിമ്പിൾ മാർഗ്ഗമാണ്. ട്രാൻസ്ഫോർമർ കപ്പാസിറ്റി അളക്കുന്ന ശരിയായ ഉപകരണങ്ങൾ വേറേയാണ് കേട്ടോ .. ഇതൊരു തരികിട ടെക്നിക്ക് മാത്രം.


നല്ല ട്രാൻസ്‌ഫോമുകൾ വേണമെങ്കിൽ ഇടനിലക്കാരെ ഒഴിവാക്കി കണക്കറിയാവുന്ന വൈൻഡർമാരെ സമീപിച്ച്  വൈൻഡ് ചെയ്ത് വാങ്ങിക്കുക. നല്ല കോപ്പർ വയറിനും, കോറിനുമെല്ലാം നല്ല വില വരും. ഒരു ദിവസം  ആംപ്ലിഫയറുകൾക്ക് പറ്റിയ വിധത്തിലുള്ള ആമ്പിയർ കൂടിയ  ട്രാൻസ്ഫോർമർ ….കൂടി വന്നാൽ രണ്ടോ മൂന്നോ എണ്ണമേ ഒരു വൈൻഡർക്ക് ഗുണമേൻമ ശ്രദ്ധിച്ച്  കൈ കൊണ്ട് നിർമ്മിക്കാൻ സാധിക്കൂ. ഒരെണ്ണത്തിന് 200 രൂപ പണിക്കൂലിയെങ്കിലും വാങ്ങണ്ടേ?


27 വോൾട്ട് 5 ആമ്പിയർ ട്രാൻസ്ഫോർമറിന് ഏകദേശം 600 ഗ്രാം കോപ്പർ വയറും, രണ്ട് കിലോയിലധികം  കോറും വേണ്ടിവരും. കോപ്പർ വയർ നല്ലതിന് കിലോ ആയിരത്തി ഒരു നൂറ് രൂപ വരും, കോർ കിലോയ്ക്ക്  240 രൂപയും.അപ്പോൾ 600+ 500+ വാർണ്ണീഷ് വില + കണക്റ്റിങ്ങ്‌ വയർ വില  + ക്ലാമ്പുകൾ സമം രൂപാ 1300 + പണിക്കൂലി  1500 രൂപ.ഈ തുക  ഒട്ടും അധികമല്ല


അലൂമിനിയം കമ്പിയും, പാട്ടക്കോറും ഉപയോഗിച്ച് നിർമ്മിച്ചത്  മതിയെങ്കിൽ ഏറ്റവും വിലകുറഞ്ഞ ട്രാൻസ്ഫോർമർ വാങ്ങാം. ഒപ്പം ട്രാൻസ്ഫോർമർ തണുപ്പിക്കാൻ 2 ഫാനും കൂടി വാങ്ങിക്കോളൂ. എന്ത് ചെയ്താലും മാറാത്ത മൂളലും, വിറയലും ബോണസായി കിട്ടുകയും ചെയ്യും. എഴുതിയത് അജിത് കളമശേരി. 14.08.2022. #Ajith_kalamassery.  #Transformer,