കേരളത്തിലെ ഇലക്ട്രോണിക്സ് സംഘടനകളുടെ ചരിത്രം.
കേരളത്തിലെ ഇലക്ട്രോണിക്സ് സംഘടനകളുടെ ചരിത്രം.
KSESTA എന്ന വളരെ സജീവമായ ടെക്നീഷ്യൻമാരുടെ സംഘടനയെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട് .ഈ ഗ്രൂപ്പ് അംഗങ്ങളിൽ പലരും അതിലെ ആക്റ്റീവ് മെംബർമാരുമാണ്.
1999 ലാണ് KSESTA സംഘടന രൂപീകൃതമായത്.
പക്ഷേ അതിനും വളരെ മുൻപേ തന്നെ ടെക്നീഷ്യൻമാരെ സംഘടിപ്പിക്കാൻ ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്.
ഒരിടത്തും ലിഖിത രൂപത്തിൽ രേഖപ്പെടുത്താത്ത ആ ചരിത്രം അത് അറിയാ താൽപ്പര്യമുള്ളവർക്കായി ഇവിടെ പങ്ക് വച്ച് തുടങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഒപ്പം അടുത്ത ലേഖനങ്ങളിൽ ചേർക്കേണ്ട വിവരങ്ങളും കമൻ്റൊയി രേഖപ്പെടുത്താൻ ഉപേക്ഷ വിചാരിക്കരുതേ!.
1990 കളിൽ കേരളത്തിൻ്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്താണ് ഈ സംഭവം നടക്കുന്നത്. ഇടപ്പള്ളി പോസ്റ്റാഫീസിന് സമീപം ഡിപ്ളോമാറ്റ് ഇലക്ട്രോണിക്സ് എന്ന പേരിൽ ഒരു TV. VCR സർവ്വീസ് സെൻ്റർ നടത്തിയിരുന്ന സൂര്യൻ എന്ന ചെറുപ്പക്കാരൻ സ്പെയർ പാർട്സുകൾ വാങ്ങാനായി രാവിലെ തന്നെ എറണാകുളം പള്ളിമുക്കിലേക്കുള്ള ബസ്സ് പിടിച്ചു.
ഇന്നത്തെപ്പോലെ തന്നെ അന്നും എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപസ്ഥമായ പള്ളിമുക്കാണ് ഇലക്ട്രോണിക്സ് വ്യാപാര കേന്ദ്രം!.
സിസ്റ്റം സ്& ഡിവൈസസ്, കോമ്പോണൻ്റ് ഹൗസ്, എക്സ്പോ ഇലക്ട്രോണിക്സ്, കാസോ ഫോണിക്സ് ,MIP ഇലക്ട്രോണിക്സ്, മാതാ ഇലക്ട്രോണിക്സ്, ബാബു ഇലക്ട്രോണിക്സ് തുടങ്ങി ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ.
അന്നത്തെ ഒരു പ്രമുഖ ഇലക്ട്രോണിക്സ് കടയിൽ നിന്ന് നാഷണൽ പാനാസോണിക്കിൻ്റെ VCR ഹെഡ് വാങ്ങുകയായിരുന്നു സൂര്യൻ്റെ ഉദ്ദേശം.
സാധനം അവിടെയുണ്ട്, വില 600 രൂപ! തൊട്ട് തലേ ദിവസം അതേ മുതൽ 300 രൂപയ്ക്ക് അതേ ഷോപ്പിൽ നിന്ന് തന്നെ വാങ്ങിയതാണ് ! ഒരു ദിവസം കൊണ്ട് വില ഇരട്ടിയായിരിക്കുന്നു.
1990 കളിൽ ഒരു തൊഴിലാളിയുടെ ദിവസക്കൂലി 20 രൂപയാണ്.ഒരു സാദാ സർക്കാർ ജീവനക്കാരൻ്റെ മാസ ശമ്പളം 450 രൂപ.. ഒരു VCR ഉം TV യും വാങ്ങുന്ന കാശുണ്ടെങ്കിൽ 30 സെൻ്റ് സ്ഥലം വാങ്ങാം..ആ സമയത്ത് 300 രൂപ തന്നെ വളരെ വലിയൊരു തുകയാണ് ,അപ്പോൾ 300 ന് പകരം 600 രൂപ ഹെഡിന് വില വന്നത് സൂര്യനെ ഞെട്ടിച്ചു.
33 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവമെന്നോർക്കണം.
ചെറായിക്കാരനായ സൂര്യൻ കുവൈറ്റ് യുദ്ധത്തെ തുടർന്ന് അപ്രതീക്ഷിതമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോരേണ്ടി വന്നപ്പോൾ ,ആഹറിബറിയിൽ കൈവശം കൊണ്ടു പോന്ന പുതിയ പാനാസോണിക്കിൻ്റെ VCR വിറ്റ് ഇടപ്പള്ളിൽ ഒരു കടമുറി സ്വന്തമായി വാങ്ങി അതിൽ ഒരു സർവ്വീസ് സെൻ്റർ ആരംഭിച്ചിട്ടേയുള്ളൂ. കൈവശം അധികം പണമൊന്നുമില്ല.
ഗൾഫിൾ സർവ്വീസ് സെൻ്റർ നടത്തിയിരുന്നതിനാൽ പുതിയ പുതിയ മോഡൽ VCR ,TV എന്നിവയിൽ നല്ല പ്രവൃത്തി പരിചയം ഉണ്ടായിരുന്നു. അതിനാൽ ധാരാളം വർക്കുകളും കിട്ടിത്തുടങ്ങിയിരുന്നു.
അത്യാവശ്യം കാശുള്ളവർ മാത്രമേ അന്ന് കളർ TV യും VCRമൊക്കെ വാങ്ങൂ... റിപ്പയറിന് വരുന്ന സെറ്റുകൾക്ക് മോശമല്ലാത്ത തുക അഡ്വാൻസും കിട്ടും.
അങ്ങനെയുള്ള സൂര്യന് പോലും ഈ നഗ്നമായ കൊള്ളയും, ഒപ്പം മറ്റുള്ളവരുടെ മുന്നിൽ വച്ച് ; കടക്കാരൻ്റെ വേണമെങ്കിൽ കൊണ്ടു പോയാൽ മതി എന്ന അവജ്ഞയോടുള്ള വാക്കുകളും മാനസികമായ വളരെ ബുദ്ധിമുട്ടുളവാക്കി.
സൂര്യൻ്റെ മാത്രം അനുഭവമായിരുന്നില്ല ഇത്. അല്ലറ ചില്ലറ പാർട്സുകൾക്കായി എറണാകുളത്തെ കടകളിൽ ചെല്ലുന്ന ചെറുകിട ടെക്നീഷ്യൻമാർ എല്ലാവരും നേരിട്ടിരുന്ന അവഗണനകളിൽ ഒന്ന് മാത്രമായിരുന്നു ഈ സംഭവം.
അന്ന് എറണാകുളം പള്ളിമുക്കിലെ ടെക്നീഷ്യൻമാരുടെ ഒത്തുകൂടൽ കേന്ദ്രം ആൻ്റണി ചേട്ടൻ്റെ സിൻക്ലയർ എന്ന ഇലക്ട്രോണിക്സ് എന്ന സർവ്വീസ് സെൻ്ററായിരുന്നു. മർച്ചൻ്റ് നേവിയിൽ നിന്ന് പിരിഞ്ഞ ആൻ്റണിച്ചേട്ടനാണ് ഉടമയും, ടെക്നീഷ്യനും.
സൂര്യൻ വളരെ വിഷമത്തോടെ തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടുകൾ സിൻ ക്ലയർ ആൻ്റണിച്ചേട്ടനുമായി പങ്ക് വച്ചു.
ആൻറണിച്ചേട്ടൻ ഒരു നിർദ്ദേശം വച്ചു നീ ഒന്ന് പള്ളിമുക്കിൽ കറങ്ങി നോക്ക് പരിചയമുള്ള ടെക്നീഷ്യൻമാരോടൊക്കെ ഒന്നിവിടം വരെ വരാൻ പറയുക .. നമുക്കൊരു ആലോചനായോഗം കൂടി കടക്കാരുടെ ടെക്നീഷ്യൻമാരോടുള്ള സമീപനം ഒന്ന് ചർച്ച ചെയ്ത് എന്താണ് പരിഹാരം എന്നാലോചിക്കാം ..
സൂര്യനും ഈ നിർദ്ദേശം സ്വാഗതാർഹമായി തോന്നി. സൂര്യൻ പള്ളിമുക്കിലെ ഇലക്ട്രോണിക്സ് കടകളിലൊക്കെ ഒന്ന് കറങ്ങി.
അതാ കാസോ ഫോണിക്സിൽ നമ്മുടെ PRC വേണുച്ചേട്ടൻ നിൽക്കുന്നു. (ഇന്നത്തെ KSESTA എറണാകുളം ജില്ലാ പ്രസിഡണ്ട്.ഹോബി ഇലക്ട്രോണിക്സ് പറവൂർ) ബോണി ടോൺ ഇലക്ട്രോണിക്സ് ചേരാനല്ലൂരിലെ ജോർജും, ഈസ് റ്റേൺ ഇലക്ട്രോണിക്സ് വരാപ്പുഴയിലെ ഫ്രാൻസിസും, പാലാരിവട്ടം താജ് ഇലക്ട്രോണിക്സിലെ ജിയോപാട്രിക്കിനെയും, കൊച്ചി ചിരട്ടപ്പാലത്തെ സോന ഇലക്ട്രോണിക്സിലെ സുനിൽ രാജിനെയും, കച്ചേരിപ്പടി RX സർവ്വീസ് സെൻ്ററിലെ പീറ്ററിനെയും ,എക്സ്പോ ഇലക്ട്രോണിക് സിലെ രാജനെയും, മറ്റൊരു പ്രമുഖ ടെക്നീഷ്യനായ ഈസയേയും കയ്യിൽ കിട്ടി.
ഇവരെയും കൂട്ടി ആൻ്റണി ചേട്ടൻ്റെ ഷോപ്പിൽ എത്തി ചെറിയൊരു മീറ്റിങ്ങ് ആരംഭിച്ചു.
ഓൾ കേരളാ ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ എന്ന കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ സംഘടനയുടെ ബീജാവാപം കുറിച്ച് തങ്ങളും ചരിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു എന്ന് അന്നവിടെ കൂടിയ ആരും കരുതിയില്ല.
സൂര്യനും, വേണു ചേട്ടനും, സാബുവും, പീറ്ററും ,രാജനുമെല്ലാം കയ്യിലെ കാശും, സമയവും മുടക്കി എല്ലാ ജില്ലകളിലും അവിരാമം യാത്ര ചെയ്ത് ഏതാണ്ട് എട്ടോളം ജില്ലകളിൽ സംഘന കെട്ടിപ്പടുത്തു. തുടർന്ന് ഇടപ്പള്ളിയിലെ സൂര്യൻ്റെ സർവ്വീസ് സെൻ്റർ ആസ്ഥാനമാക്കി 1991 ൽ 778 ആം നമ്പരായി ആദ്യ ഇലക്ട്രോണിക്സ് ടെക്നീഷ്യൻ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു.
ആദ്യ തിരഞ്ഞെടുപ്പിൽ സൂര്യനെ സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറിയായും, സിൻക്ലയർ ആൻ്റണിച്ചേട്ടനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഏതാണ്ട് 5 വർഷത്തോളം സംഘടന വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചു.
കേരളത്തിൽ അതു വരെ അസംഘടിതരായിരുന്ന ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ അങ്ങനെ 33 വർഷം മുൻപ് ഒരു സംഘടനയുടെ തണലിൽ ഒത്തുകൂടി തങ്ങളുടെ ശബ്ദവും ഈ ആൾക്കൂട്ടത്തിനിടയിൽ വേറിട്ട് മുഴങ്ങും എന്ന് തിരിച്ചറിവ് നേടിയ ഒരു ചരിത്ര സംഭവമായിരുന്നു അത്.
സംഘടനയുടെ രക്ഷാധികാരി AB മാധവൻ നായർ MLA ആയിരുന്നു എന്നറിയുമ്പോൾ തന്നെ അന്നത്തെ ആ സംഘടനയുടെ ഇനിഷ്യൽ പുൾ ബോദ്ധ്യമാവുമല്ലോ.
സംഘടന രൂപീകരിക്കുന്നത് പോലെ എളുപ്പമല്ല അംഗങ്ങളെ ഒത്തൊരുമിച്ച് കൊണ്ട് പോവുക എന്നത് എന്ന് സ്ഥാപക അംഗങ്ങൾക്ക് ശേഷം ചുമതലയേറ്റെടുത്ത ഭരണ സമിതി അംഗങ്ങൾക്ക് മനസിലായിരുന്നില്ല. അതിനാൽ ഈ സംഘടന രൂപീകൃതമായി നാല് ,അഞ്ച് വർഷങ്ങൾക്ക് ശേഷം അത് പതിയെ നിർജ്ജീവമാവുകയും കാലയവനികയ്ക്കുളളിൽ മറയുകയും ചെയ്തു..
സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയായ സൂര്യൻ കാലത്തിൻ്റെ കുത്തൊഴുക്കിൽ CRT,TV യുടെയും, VCR ൻ്റെയും ടെക്നോളജികൾ മാറി മറിഞ്ഞ് DVD യും, LCD യും ആ സ്ഥാനം കയ്യടക്കിയപ്പോൾ...
ഇന്നത്തെപ്പോലെ സംഘടന വ്യാപകമായി പുതിയ പുതിയ ടെക്നോളജികൾ അംഗങ്ങളെ പഠിപ്പിക്കുന്ന ക്ലാസുകൾ തുടങ്ങിയിട്ടില്ലാതിരുന്നതിനാലും ഇലക്ട്രോണിക്സ് സർവ്വീസ് മേഘല വിട്ട് എറണാകുളം കച്ചേരിപ്പടിയിൽ ഒരു ആർക്കിടെക്ചറൽ കൺസ്ട്രക്ഷൻ & ഡിസൈൻ കമ്പനി തുടങ്ങി അതിൻ്റെ ചീഫ് ഡിസൈനറായി തൻ്റെ സർഗശേഷി അവിടെ വിനിയോഗിക്കാൻ തുടങ്ങി.
ഇപ്പോൾ കേരളത്തിലെ ആദ്യ ഇലക്ട്രോണിക്സ് സംഘടനയ്ക്ക് ബീജാവാപം കുറിക്കാൻ കാരണക്കാരിൽ ഒരാളായ സൂര്യൻ 35 ഓളം പേർക്ക് തൊഴിൽ നൽകുന്ന തൻ്റെ സ്ഥാപനം നോക്കി നടത്തി ഈ 65 ആം വയസിലും വളരെ ആക്റ്റീവായി സസന്തേഷം നല്ല നിലയിൽ ജീവിക്കുന്നു.
സൂര്യനെ ബന്ധപ്പെടാൻ താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തിൻ്റെ 94953 36467
എന്ന വാട്സാപ്പ് നമ്പരിൽ കോണ്ടാക്റ്റ് ചെയ്യാം.
ചിത്രത്തിൽ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയും ഐഡൻ്റി കാർഡും!
എഴുതിയത് അജിത് കളമശേരി #Ajith_Kalamassery
No comments:
Post a Comment