PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, May 23, 2023

ഇന്ത്യയിലെ ഡ്രൈസെൽ ബാറ്ററികളുടെ ചരിത്രം.

 

ഇന്ത്യയിലെ ഡ്രൈസെൽ ബാറ്ററികളുടെ ചരിത്രം. 
 
 

നമ്മൾ ഇന്ന് പോർട്ടബിൾ ഇലക്ട്രോണിക്സ് എക്വിപ്മെൻ്റുകളിലും, ടോയി കളിലും അധികവും ലിഥിയം അയോൺ റീചാർജബിൾ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
എന്നാൽ ഒരു 2000 കാലഘട്ടം വരെ ഈ രംഗത്ത് മുടിചൂടാമന്നനായി നിന്നിരുന്നത് സിംഗിൾ സെല്ലിൽ നിന്നും 1.5 വോൾട്ട് ലഭിക്കുന്ന ഡ്രൈസെൽ ബാറ്ററികളായിരുന്നു. ഏതാണ്ട് ഏഴോളം വമ്പൻ ഫാക്ടറികളിൽ നിന്നായി കോടിക്കണക്കിന് വിവിധ തരം ഡ്രൈസെൽ ബാറ്ററികളാണ് ഇന്ത്യയിൽ അതു വരെ ഒരു വർഷം ചിലവായിരുന്നത്.
ഡ്രൈസെൽ എന്ന വിളിപ്പേരിൽ ചിലർക്ക് ഒരു ആശയക്കുഴപ്പം തോന്നിയേക്കാം. ഇപ്പോൾ ലഭിക്കുന്ന ചെറുതരം ബാറ്ററികളെല്ലാം ഡ്രൈസെൽ അല്ലേ.പിന്നെയെന്തിന് ഡ്രൈസെൽ എന്ന് എടുത്തു പറയുന്നു.
സാധാരണ ഗതിയിൽ 1.5 വോൾട്ട് അല്ലെങ്കിൽ 9 V പവർ ഔട്ട് തരുന്ന സിംഗിൾ ബാറ്ററികളെയാണ് ഡ്രൈസെൽ എന്നു വിളിക്കുന്നത്.
ഇവ, സിങ്ക് ക്ലോറൈഡ്, ആൽക്കലൈൻ, മെർക്കുറി എന്നിങ്ങനെ വിവിധ വകഭേദങ്ങളിൽ ലഭിക്കും.
1866 ൽ ഫ്രഞ്ച് എഞ്ചിനീയറായ ജോർജസ് ലെ ക്ലാൻഷേയാണ് സിങ്ക് കാർബൺ ബാറ്ററിയുടെ പ്രാഗ് രൂപം കണ്ടു പിടിക്കുന്നത്. ഇത് ഒരു പ്രൈമറി സെൽ ബാറ്ററിയായിരുന്നു. സ്വയം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ബാറ്ററികളാണ് പ്രൈമറി സെല്ലുകൾ, സെക്കൻഡറി സെല്ലുകൾ എന്നറിയപ്പെടുന്നത് റീചാർജ് ചെയ്യുന്ന തരം ബാറ്ററികളാണ്. ഇത് ഇന്ത്യൻ ഡ്രൈസെൽ ബാറ്ററി കമ്പനികളെക്കുറിച്ചുള്ള വിവരണമായതിനാൽ കൂടുതൽ സാങ്കേതിക കാര്യങ്ങൾ വിശദീകരിക്കുന്നില്ല.
1905 ൽ അമേരിക്കയിൽ നിന്നും ഡ്രൈസെൽ ബാറ്ററികൾ ഇറക്ക്മതി ചെയ്ത് വിതരണം ചെയ്തു കൊണ്ട് എവറെഡി എന്ന ബാറ്ററി കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു.
തുടക്കകാലത്ത് നാഷണൽ കാർബൺ കമ്പനി എന്നായിരുന്നു ഈ കമ്പനിയുടെ പേര്. ഇതേ പേരിലുള്ള അമേരിക്കൻ കമ്പനിയുടെ സബ്സിഡയറി കമ്പനിയായിരുന്നു ഇന്ത്യയിലേതും. പിന്നീട് കമ്പനി യൂണിയൻ കാർബൈഡ് എന്ന പേര് സ്വീകരിച്ചു.
എവറെഡി എന്നത് അമേരിക്കൻ ബ്രാൻഡ് ആയ യൂണിയൻ കാർബൈഡിൻ്റെ വ്യാപാര നാമങ്ങളിൽ ഒന്നു മാത്രമാണ്. DAYLO ,Ray - O- Vac, എനർ ജൈസർ എന്നിവയാണ് ഇവരുടെ മറ്റ് ബാറ്ററി ബ്രാൻഡുകൾ
ഫ്ലാഷ് ലൈറ്റ് ടോർച്ചുകളിൽ ഉപയോഗിക്കുന്നതിന് മാത്രമായാണ് ആദ്യകാലങ്ങളിൽ 1.5 വോൾട്ടിൻ്റെ ഡ്രൈസെൽ ബാറ്ററികൾ ഉപയോഗിച്ചിരുന്നത്. അന്ന് ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ പോലുള്ള ഉപകരണങ്ങൾ കണ്ട് പിടിക്കപ്പെട്ടിരുന്നില്ല
വലിയ ധനികരും ,ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റിലെ ഉയർന്ന ഉദ്യോഗസ്ഥരും മാത്രമായിരുന്നു ഈ ഇറക്ക് മതി ചെയ്യപ്പെട്ട ടോർച്ചുകളുടെയും, ബാറ്ററികളുടെ ഉപഭോക്താക്കൾ.സാധാരണക്കാർക്ക് താങ്ങാനാകാത്ത വൻ വിലയായിരുന്നു കാരണം.
1905 മുതൽ 1939 വരെ നീണ്ട 34 വർഷം ബാറ്ററികൾ ഇന്ത്യയിലേക്ക് ഇറക്ക് മതി ചെയ്തു വിതരണം ചെയ്തിരുന്ന എവറെഡി കമ്പനി 1939 ൽ കൽക്കട്ടയിലെ കോസിപ്പൂരിൽ ഇന്ത്യയിലെ അവരുടെ ആദ്യ ബാറ്ററി കമ്പനി ആരംഭിച്ചു.
1939 നവംബറിൽ ശ്യാം മൽപ്പാനി എന്ന മാർവാഡി വ്യവസായി രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ബോംബെയിൽ ESTRELA എന്ന പേരിൽ ഇന്ത്യയിലെ രണ്ടാമത്തെ വമ്പൻ ബാറ്ററി കമ്പനി ആരംഭിച്ചു. ജർമ്മൻ കമ്പനിയായ VARTA യുടെ സാങ്കേതിക സഹകരണത്തോടെയായിയിരുന്നു നിർമ്മാണം
ഇന്നത്തെ ഓട്ടോമോട്ടീവ് ബാറ്ററി രംഗത്തെ വമ്പനായ എക്സൈഡ് കമ്പനിയും ടോർച്ചും, ബാറ്ററിയുമായാണ് ഇന്ത്യയിൽ ആദ്യമായി രംഗത്തിറങ്ങിയതെന്നറിയാമോ?
എക്സൈഡ് അവരുടെ ആദ്യ ഡ്രൈസെൽ ബാറ്ററി പ്ലാൻ്റ് 1947 ൽ കൽക്കട്ടയിലെ ഷാംനഗറിൽ ആരംഭിച്ചു.ഇന്ത്യയിലെ മൂന്നാമത്തെ ഡ്രൈസെൽ ബാറ്ററി കമ്പനിയായിരുന്നു ഇത്.
പിച്ചള ടോർച്ചുകളും, ബാറ്ററികളുമായിരുന്നു ഇവിടെ നിർമ്മിച്ചിരുന്നത്.
1948 ൽ ഉത്തർപ്രദേശിലെ അലഹബാദിൽ ഷെർവാണി ഇൻഡസ്ട്രിയൽ സിണ്ടിക്കേറ്റ് ലിമിറ്റഡ് GEEP എന്ന പേരിൽ ഇന്ത്യയിലെ നാലാമത്തെ ഡ്രൈ ബാറ്ററി ഉൽപ്പാദനശാല ആരംഭിച്ചു. Great Easten Electro Plating എന്ന അവരുടെ ഇലക്ട്രോ പ്ലേറ്റിങ്ങ് സ്ഥാപനത്തിൻ്റെ കെമിക്കൽ ലൈസൻസിലാണ് ഈ കമ്പനി ബാറ്ററി നിർമ്മാണം ആരംഭിച്ചത് അതിൻ്റെ ചുരുക്കപ്പേരായ GEEP ബാറ്ററിയുടെ പേരായി മാറി.
ഈ 4 കമ്പനികൾ രാപകൽ പ്രവർത്തിച്ചിട്ടും വളർച്ച പ്രാപിച്ചു കൊണ്ടിരുന്ന ഇന്ത്യൻ മാർക്കറ്റിൻ്റെ ആവശ്യത്തിനനുസരണമായി ബാറ്ററികൾ വിപണിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
ജപ്പാനിൽ നിന്നും വിലകുറഞ്ഞ ടോർച്ചുകൾ ധാരാളമായി എത്തിത്തുടങ്ങിയതോടെയും,ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാൽവ് റേഡിയോകൾ വ്യാപകമായതോടെയും ഇന്ത്യയിൽ ബാറ്ററിയുടെ ആവശ്യകത ഇരട്ടിച്ചതാണ് ഇതുപോലുള്ള വമ്പൻ ബാറ്ററി കമ്പനികൾ അന്നത്തെ കാലത്ത് ഇന്ത്യയിൽ ആരംഭിക്കാൻ കാരണം.
തുടർന്ന് 1952ൽ തമിഴ്നാട്ടിലെ മദ്രാസിൽ മറ്റൊരു ബാറ്ററി പ്ലാൻ്റും , 1958ൽ UP യിലെ ലക്നോവിൽ പിച്ചള ടോർച്ചുകൾ ഉണ്ടാക്കുന്ന ഫാക്ടറിയും എവറെഡി ആരംഭിച്ചു.
കൽക്കട്ടയിലെ ഹാൽദിയ എന്ന സ്ഥലത്ത് സ്പെയിനിലെ TUDOR കമ്പനിയുടെ സഹകരണത്തോടെ അതേ പേരിൽ തന്നെ ബാറ്ററി നിർമ്മിക്കുന്ന ഒരു ഡ്രൈ ബാറ്ററി സെൽ ഫാക്ടറി 1950 കളിൽ ആരംഭിക്കപ്പെട്ടിരുന്നു. പിന്നീട് എക്സൈഡ് കമ്പനി ഈ പ്ലാൻ്റ് ഏറ്റെടുത്തു.
തുടർന്ന് 1970 ജൂലൈ 24ന് ദക്ഷിണേന്ത്യയിലെ ആദ്യ വൻകിട ഡ്രൈസെൽ പ്ലാൻ്റ് എറണാകുളം ജില്ലയിലെ കളമശേരിയിൽ തോഷിബ ആനന്ദ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.
ജപ്പാനിലെ തോഷിബ കമ്പനിയുടെ സാങ്കേതിക, സാമ്പത്തിക പിൻതുണയോടെയായിരുന്നു ഈ കമ്പനിയുടെ പ്രവർത്തനം.ഇന്ത്യയിലെ ആദ്യത്തെ ബാറ്ററി ദുരുപയോഗം തടയുന്ന ഫാക്ടറി സീലോടെ പുറത്തിറങ്ങിയ ബാറ്ററി തോഷിബ ആനന്ദിൻ്റെയായിരുന്നു. അതുവരെ നാട്ടുമ്പുറത്തെ ചില കണ്ണിൽ ചോരയില്ലാത്ത കച്ചവടക്കാർ ഒന്ന് രണ്ട് ദിവസം ടോർച്ചിലും ,റേഡിയോകളിലുമെല്ലാം ശേഷമായിരുന്നു ബാറ്ററി നാട്ടുകാർക്ക് വിറ്റിരിരുന്നത് എന്ന ഒരു ദുഷ്പ്രവണത നാട്ടിൽ നടമാടിയിരുന്നു. ഫാകടറി സീലുമായി പുറത്തിറങ്ങിയതോടെ തോഷിബ ആനന്ദ് ബാറ്ററികളുടെ വിൽപ്പന അതിവേഗം കുതിച്ചുയർന്നു.
ഇന്ത്യയിലെ ആദ്യ മെറ്റൽ ജാക്കറ്റ് ബാറ്ററികളും ഇവരുടെ തന്നെയായിരുന്നു. അതു വരെ ബാറ്ററികൾ പേപ്പർ ജാക്കറ്റുമായിട്ടാണ് പുറത്തിറങ്ങിയിരുന്നതെന്ന് പറയുമ്പോൾ ഇന്നത്തെ തലമുറ അത്ഭുതപ്പെടും!
തോഷിബ ആനന്ദ് ബാറ്ററി പുറത്തിറങ്ങി അധികം താമസിയാതെ തന്നെ P ഓബുൽ റെഡ്ഡി എന്ന തമിഴ് വ്യവസായി ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഡ്രൈെ സെൽ കമ്പനി മദ്രാസിൽ ആരംഭിച്ചു. NIPPO എന്ന പേരിൽ ജപ്പാനിലെ നാഷണലിൻ്റെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ഈ കമ്പനിയുടെ പ്രവർത്തനം.
തുടർന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ 1972 ൽ ഗുജറാത്തിലെ വഡോദരയിൽ ജപ്പാനിലെ നാഷണലിൻ്റെ തന്നെ സഹകരണത്തോടെ NOVINO എന്ന പേരിൽ DD ലഖൻപാൽ ഗ്രൂപ്പ് വേറൊരു വമ്പൻ ഡ്രൈസെൽ ബാറ്ററി കമ്പനി ആരംഭിച്ചു.
JK , കിസാൻ , ട്രാക്ടർ ,ജവാൻ എന്നിങ്ങനെ മറ്റ് ചില പേരുകളിൽ ചെറുകിട ഡ്രൈസെൽ നിർമ്മാതാക്കളും രംഗത്തുണ്ടായിരുന്നു .
ട്രാൻസിസ്റ്റർ റേഡിയോകൾ പ്രചുരപ്രചാരം നേടിത്തുടങ്ങിയ 1970കൾ ഡ്രൈസെൽ ബാറ്ററികളുടെ സുവർണ്ണ കാലഘട്ടമായതിനാലാണ് ഇത്രയധികം വൻകിട ,ചെറുകിട ബാറ്ററി കമ്പനികൾ ഇന്ത്യയിൽ ആരംഭിക്കപ്പെട്ടത്.ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി അക്കാലത്ത് എത്തിയിട്ടുമില്ലായിരുന്നു.
രണ്ടായിരാമാണ്ടോടെ ഡ്രൈ ബാറ്ററികളുടെ പ്രതാപകാലം അസ്തമിച്ചു. ചൈനയിൽ നിന്ന് വളരെ വിലക്കുറവിൽ ബാറ്ററികൾ എത്തിത്തുടങ്ങിയതായിരുന്നു ഒരു കാരണം.കൂടാതെ ഇന്ത്യയിലും റീചാർജബിൾ ബാറ്ററികൾ സുലഭമായിത്തുടങ്ങിയതും വൈദ്യുതികരണം സാർവ്വത്രികമായതോടെ റേഡിയോയും ടോർച്ചുകളും ബാറ്ററി ഉപേക്ഷിക്കുകയോ റീചാർജബിൾ സംവിധാനത്തിലേക്ക് മാറുകയോ ചെയ്തതുമെല്ലാം ഡ്രൈ ബാറ്ററികളുടെ പ്രഭാവം അസ്തമിക്കുന്നതിന് കാരണമായി.
ഇതോടെ തോഷിബ ആനന്ദ് ,എസ്റ്റേർല, എക്സൈഡ്, ട്യൂഡോർ എന്നീ കമ്പനികൾ ഡ്രൈ ബാറ്ററി നിർമ്മാണം അവസാനിപ്പിക്കുകയോ പ്രവർത്തനം നിറുത്തുകയോ ചെയ്തു. മറ്റുള്ളവർ ആൽക്കലൈൻ ബാറ്ററികൾ ,റീചാർജബിൾ ബാറ്ററികൾ എന്നിവ പോലുള്ള ഉൽപ്പന്ന വൈവിദ്ധ്യങ്ങളിലേക്ക് മാറി പിടിച്ച് നിൽക്കുന്നു.
കളിപ്പാട്ടങ്ങളും,ക്ലോക്കുകളും, റിമോട്ടുകളുമാണ് ഡ്രൈ ബാറ്ററികളുടെ വിപണി ഇപ്പോഴും നില നിറുത്തുന്നത്.എഴുതിയത് #അജിത്_കളമശേരി, #ajith_kalamassery,17.05.2023

No comments:

Post a Comment