CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Monday, May 29, 2023

ലിയാഡെൽ ജോഷി,സീനിയർ_ടെക്നീഷ്യൻസ്

 

 ലിയാഡെൽ ജോഷി
 സീനിയർ_ടെക്നീഷ്യൻസ്.
 

 
തൃശൂർ ജില്ലയുടെ ഒരവികസിത പ്രദേശമായ കൊമ്പൊടിഞ്ഞാൻ മാക്കൽ എന്ന ഗ്രാമത്തിൽ 25 വർഷം മുൻപ് ചെറിയ രീതിയിൽ ആരംഭിച്ച ഒരു ഇലക്ട്രോണിക്സ് റഡിമേഡ് അസംബിൾഡ് പി.സീ ബീ നിർമ്മാണ യൂണിറ്റാണ് ഇന്ന് LIYADEL എന്ന ഹൈപവർ പ്രൊഫഷണൽ ആംപ്ലിഫയർ നിർമ്മാണ ഫാക്ടറിയായി വളർന്നതിന് പിന്നിൽ ജോഷി എന്ന ചെറുപ്പക്കാരൻ്റെ കഠിന പ്രയത്നത്തിൻ്റെ കഥയുണ്ട്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജോഷിയിൽ ഇലക്ട്രോണിക്സ് എന്ന പ്രാന്ത് കയറിക്കൂടിയത്.ഇതോടെ സദാസമയവും നാട്ടിലെ ഇലക്ട്രോണിക്സ് കടകളുടെ വാതിൽക്കലെ നിത്യ സാന്നിധ്യമായി മാറി.
അന്നത്തെ ഈ കടകൾ നടത്തുന്ന ടെക്നീഷ്യൻമാർ ഈ ചെറുക്കൻ്റെ ശല്യം ഒഴിവാക്കാനായി നൽകുന്ന കപ്പാസിറ്ററിൻ്റെയും, ട്രാൻസിസ്റ്ററിൻ്റെയും പൊട്ടും പൊടിയും ശേഖരിക്കുന്നത് ജോഷിക്ക് വളരെ സന്തോഷം നൽകി.
ചെറിയ പെട്ടിക്കുള്ളിൽ നിന്നും വലിയ ശബ്ദം പുറപ്പെടുവിക്കുന്നത് എന്ത് മാജിക്കാണെന്നറിയാനായി ജോഷിയുടെ പിന്നത്തെ ശ്രമം... പറഞ്ഞ് തരാൻ ആരുമില്ല. അറിയാവുന്നവർ ഒട്ട് പറഞ്ഞ് കൊടുക്കുകയുമില്ല. അതിനാൽ സ്വന്തമായി കിട്ടാവുന്നത്ര ഇലക്ട്രോണിക്സ് പുസ്തകങ്ങൾ വാങ്ങി സ്വയം പഠനവും ,പരീക്ഷണങ്ങളും ആരംഭിച്ചു.
പത്താം ക്ലാസിന് ശേഷം ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ പ്രീ ഡിഗ്രിക്ക് ചേർന്നു. കോളേജ് പഠനകാലത്ത് ,സുഹൃത്തുക്കൾക്കും ,മറ്റ് പരിചയക്കാർക്കും കാസറ്റ് ഡക്കുകളും, ആംപ്ലിഫയറുകളും ഉണ്ടാക്കി നൽകിത്തുടങ്ങി.
പ്രീഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നതിനാൽ പോളിടെക്നിക്കിൽ അഡ്മിഷൻ കിട്ടി.
SNGIT പോളീടെക്നിക്ക് കോളേജ് കോയമ്പത്തൂരിൽ ഇഷ്ട വിഷയമായ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ പഠിക്കാനായി ചേർന്നു.
അവിടുത്തെ പഠനശേഷം നാട്ടിലെത്തി തൃപ്രയാറിലെ ശ്രീരാമവർമ്മ പോളിടെക്നിക്കിൽ വീണ്ടും ചേർന്ന് അന്നത്തെ ട്രൻഡിങ്ങ് വിഷയമായ കമ്പ്യൂട്ടർ ഹാർഡ് വെയർ പഠനം വിജയകരമായിപൂർത്തിയാക്കി.
പഠനത്തിനിടയിൽ തന്നെ സ്വന്തമായി വരുമാനത്തിനായി ഒരു അസംബിൾഡ് പീസീബീ നിർമ്മാണ യൂണിറ്റ് വീട്ടിൽ തന്നെ ആരംഭിച്ചു. ജോഷിയുടെ ഈ കുത്തിത്തിരിപ്പ് പണികൾ പഠനത്തിലുള്ള ശ്രദ്ധ കളയുമെന്ന് പറഞ്ഞ് അഛനുൾപ്പടെ എല്ലാവരും എതിർത്തപ്പോൾ ജോഷിയുടെ അമ്മ മകൻ്റെ ഈ ടെക്നിക്ക് പണികൾക്ക് എല്ലാം കൂട്ടായി നിന്നു.
വലപ്പാട് പോളിടെക്നിക്കിലെ അദ്ധ്യാപികയായ അമ്മ ചിന്നമ്മയുടെ സാമ്പത്തികം ഒഴിച്ചുള്ള എല്ലാ സഹായങ്ങളും ജോഷിക്ക് നിർലോഭം ലഭിച്ചു.
പഠിപ്പിനൊപ്പം നടത്തിയിരുന്ന അസംബ്ലിങ്ങ്‌ യൂണിറ്റിൽ നിന്നും സ്വന്തമായി സമ്പാദിക്കുന്ന തുക കൊണ്ടായിരുന്നു പത്താം ക്ലാസിന് ശേഷം ജോഷിയുടെ വിദ്യാഭ്യാസം മുഴുവൻ പൂർത്തിയാക്കിയത്.
സ്വന്തമായി നടത്തിവന്നിരുന്ന റഡിമേഡ് PCB അസംബ്ലിങ്ങ്‌ യൂണിറ്റിൽ നിന്നും കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല.
ഗുണമേൻമയ്ക്ക് ജോഷി മുൻഗണന നൽകിയിരുന്നതിനാൽ ഈ PCBകൾ കസ്റ്റമർമേഴ്സിനിടയിൽ നല്ല വിൽപ്പന നേടിയെങ്കിലും ഷോപ്പുടമകൾ കാശ് കൊടുക്കാതെ ഇട്ട് വലിപ്പിച്ചതിനാൽ കമ്പനി നഷ്ടത്തിലായി.
ഇങ്ങനെ വിഷമിച്ചിരുന്ന ജോഷിയെ സാങ്കേതിക കാര്യങ്ങളിൽ കുറച്ച് വിവരമുണ്ടായിരുന്ന അൽപ്പം മുതിർന്ന ഒരടുത്ത സുഹൃത്ത് ഉപദേശിച്ചു. എടാ നിൻ്റെ പ്രൊഡക്റ്റുകളുടെ ഗുണമേൻമയിൽ നിനക്ക് വിശ്വാസമുണ്ടെങ്കിൽ ഫിനിഷ്ഡ് പ്രൊഡക്റ്റുകൾ നിർമ്മിക്കൂ.. അല്ലാതെ ഇങ്ങനെ ചില്ലറപ്പൈസ ലാഭത്തിന് ബോർഡുകൾ ഉണ്ടാക്കി വിറ്റാൽ ഗതി പിടിക്കില്ല.
ഈ ഉപദേശം ശിരസാവഹിച്ച ജോഷി പഴയ ബിസിനസുകൾ എല്ലാം നിറുത്തി പവർ ആംപ്ലിഫയറുകളുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു.
ലീനിയർ ആംപ്ലിഫയർ ഡവലപ്പ്മെൻ്റ് ഇലക്ട്രോണിക്സ് ലാബോറട്ടറി LiADEL എന്ന പേരിൽ ഒരു ബ്രാൻഡ് രജിസ്റ്റർ ചെയ്തത് പവർ ആംപ്ലിഫയറുകളുടെ നിർമ്മാണം ആരംഭിച്ചു.
ഇതിനിടയിൽ അൽപ്പകാലം കേരളാ ഗവ: പദ്ധയുടെ കീഴിൽ ഇലക്ട്രോണിക്സ് മേഖലയിൽ യുവാക്കൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്ന കോഴ്സിൽ അദ്ധ്യാപകനായി ജോലി ചെയ്തു.
തൃശൂർ ചേതനാ സൗണ്ട് സ്റ്റുഡിയോയിൽ നിന്നും സൗണ്ട് എഞ്ചിനീയറിങ്ങിലും ലൈവ് സൗണ്ടിലും പ്രാവീണ്യം നേടി. എറണാകുളം റിയാൻ സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയറായി ഏതാനും വർഷം ജോലി നോക്കി.
സ്വദേശത്ത് തന്നെയുള്ള എഡ്ഡി കറണ്ട് കൺട്രോൾസിൽ ഡിസൈൻ എഞ്ചിനീയറായി ചേർന്ന് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറായ റേവ യുടെ ഡിസൈനിങ്ങിൽ പങ്കാളിയായി.. ഇതെല്ലാം സ്വന്തം സ്ഥാപനം നടത്തുന്നതിനിടെ ചെയ്ത ജോലികളാണ്.
മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുന്നതുമായി പൊരുത്തപ്പെടാനാകാതെ വന്നതിനാൽ നല്ല ശമ്പളമുണ്ടായിട്ടും ഈ ജോലികളെല്ലാം ജോഷി ഉപേക്ഷിച്ചു.
ആദ്യം നിർമ്മിച്ച ആംപ്ലിഫയറുകൾ വിൽക്കാൻ ഒത്തിരി കഷ്ടപ്പെട്ടു.
അഹൂജ പോലുള്ള കമ്പനികൾ വിഹരിക്കുന്ന പ്രൊഫഷണൽ രംഗത്ത് ഈ ചീള് പയ്യൻ്റെ കളിപ്പാട്ടം പോലുള്ള ആംപ്ലിഫയർ കൊണ്ട് എന്ത് കാണിക്കാൻ!
കയ്യും കാലും പിടിച്ച് ഒന്ന് രണ്ടെണ്ണം ഓരോരോ മൈക്ക് ഓപ്പറേറ്റർമാരെ കെട്ടിയേൽപ്പിച്ചു. അവയുടെ അസാദ്ധ്യ പെർഫോമൻസ് കണ്ട മറ്റ് ഓപ്പറേറ്റർമാരും പതിയെപ്പതിയെ ജോഷിയുടെ LiADEL ബ്രാൻഡിൻ്റെ ആരാധകരായി.
ഇന്ന് ഇന്ത്യയിലെ ഏറ്റവും പവർഫുൾ പ്രൊഫഷണൽ ആംപ്ലിഫയറുകളുടെ കൂട്ടത്തിൽ മുൻ നിരയിലാണ് LiADEL ബ്രാൻഡ്.
Htx 2600/4g എന്ന 850 + 850 വാട്ട് RMS മോഡലും, Htx 4400/4g എന്ന 1600 + 1600വാട്ട് RMS മോഡൽ സ്റ്റീരിയോ ആംപ്ലിഫയറുകളുമാണ് LiADEL ബ്രാൻഡിൻ്റെ ഫ്ലാഗ് ഷിപ്പ് മോഡലുകൾ.
HTX 9 K എന്ന 4500+ 4500 വാട്ട്സിൻ്റെ ലിയാഡെൽ സ്റ്റീരിയോ ആംപ്ലിഫയർ ഇന്ത്യയിലെത്തന്നെ ഏറ്റവും കരുത്തുറ്റ ആംപ്ലിഫയർ മോഡലുകളിൽ ഒന്നാണ്.
പവർ കൺസെംപ്ഷൻ ഓട്ടോമാറ്റിക്കായി മിനിമൈസ് ചെയ്യുന്ന ക്ലാസ് G/Hകോൺഫിഗറേഷനിലാണ് ആംപ്ലിഫയറുകൾ എല്ലാം നിർമ്മിക്കുന്നത്.
പ്രൊഫഷണൽ പവർ ആംപ്ലിഫയറുകളിൽ ഫുൾ റേഞ്ച് ഓഡിയോ സ്പെക്ട്രം ലഭിക്കുന്ന വിധത്തിൽ ശബ്ദ ശുദ്ധിക്ക് പ്രാമുഖ്യം നൽകി ട്യൂൺ ചെയ്യുന്നവയാണ് ജോഷിയുടെ ആംപ്ലിഫയറുകൾ..
സ്വന്തം ബ്രാൻഡിന് പുറമേ പ്രമുഖ കമ്പനികൾക്കായി OEM ആയി ആംപ്ലിഫയറുകൾ നിർമ്മിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട് ജോഷി.വിൻ ക്രൗൺ എന്നൊരു ആംപ്ലിഫയർ ബ്രാൻഡും ജോഷിയുടെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്നുണ്ട്.
ഇന്ത്യനും, വിദേശിയുമായ എല്ലാത്തരം ഹൈ എൻഡ് പ്രൊഫഷണൽ ആംപ്ലിഫയറുകൾ സർവ്വീസ് ചെയ്യുന്ന ഒരു സ്ഥാപനവും ലിയാഡെൽ നടത്തുന്നുണ്ട്.
2010 ൽ നടന്ന ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത ബിഷപ്പ് മാർ പോളീ കണ്ണൂക്കാരൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ 50000 വാട്ട്സിൻ്റെ ലൈൻ അറേ ആംപ്ലിഫയർ സിസ്റ്റം ഒരുക്കി ലിയാഡെൽ വിസ്മയം സൃഷ്ടിച്ചു.
കേരളത്തിനകത്തും പുറത്തുമായി 200ൽ അധികം പള്ളികളിൽ പതിനായിരം വാട്സിന് മേൽ വരുന്ന ലൈവ് സൗണ്ട് ചർച്ച് ക്വയർ സിസ്റ്റങ്ങൾ ലിയാഡെൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
എത്ര വലിയ എക്കോ ഉള്ള ഓഡിറ്റോറിയങ്ങളും പള്ളികളിലും അക്വോസ്റ്റിക് നോയിസ് ക്യാൻസലേഷൻ സൗണ്ട് എഞ്ചിനീയറായ ലിയാഡെൽ ജോഷിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ നടത്തിയാണ് സൗണ്ട് സിസ്റ്റങ്ങൾ ഫിറ്റ് ചെയ്യാറ് എന്നതിനാൽ പരാതിക്കിടവരാത്ത ശബ്ദവിന്യാസമാണ് ലിയാഡെല്ലിൻ്റേത്.
കൂടാതെ സിനിമാ തീയേറ്ററുകളിലെ ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം ഒരുക്കുന്നതിലും ലിയാ ഡെൽ ബ്രാൻഡ് ആംപ്ലിഫയറുകൾ ധാരാളമായി ഉപയോഗിക്കപ്പെടുത്തുന്നു.
ആംപ്ലിഫയർ നിർമ്മാണത്തിന് പുറമേ മറ്റുള്ളവർക്കായി പുതിയ ആംപ്ലിഫയർ, SMPS, സബ് ഫിൽറ്റർ, പ്രീ ആംമ്പ് ഡിസൈനുകൾ ചെയ്തു കൊടുക്കുകയും, തുടക്കക്കാർക്കായി ഓൺ ലൈൻ ആംപ്ലിഫയർ ഡിസൈൻ ക്ലാസുകൾ നടത്തുകയും ചെയ്യുന്നുണ്ട് ജോഷി സാർ.
കമ്പനിയുടെ പേര് സ്വന്തം പേരിനോട് ചേർത്ത് ലിയാഡെൽ ജോഷി എന്നാണ് ഇദ്ദേഹം സുഹൃദ് വലയങ്ങളിൽ അറിയപ്പെടുന്നത്.
നിങ്ങളുടെ ആംപ്ലിഫയർ സർക്യൂട്ടുകൾ സംബന്ധിച്ചോ,ഓഡിറ്റോറിയങ്ങളിലെയും ഹാളുകളിലെയും എക്കോ സംബന്ധിയായ ഏത് സംശയങ്ങളും പരിഹരിക്കുന്നതിനായി. അദ്ദേഹത്തിൻ്റെ വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഒപ്പമുള്ള ചിത്രത്തിൽ പച്ച ചെക്ക് ഷർട്ട് ഇട്ടിരിക്കുന്നത് ജോഷി സർ, ഒപ്പം സാബു സാംസൺ, അച്ചുതവാര്യർ സർ ...ആലുവയിൽ നടന്ന ഓഡിയോ ഡിസെനർമാരുടെ മീറ്റപ്പിൽ ലിയാഡെൽ ആംപ്ലിഫയർ പ്രദർശിപ്പിച്ചപ്പോൾ.
ബാങ്ക് മാനേജരായ പുന്നേലിപ്പറമ്പിൽ ജോസ് സാറിൻ്റെയും, പോളിടെക്നിക്ക് ലക്ചറർ ആയിരുന്ന ചിന്നമ്മ ടീച്ചറുടെയും 3 മക്കളിൽ രണ്ടാമനായി ജനിച്ച ജോഷി ഓഡിയോ ഗവേഷണങ്ങൾക്കൊപ്പം, സ്വിച്ച്ഡ് റിലക്റ്റൻസ് മോട്ടോറുകളുടെ ഇലക്ട്രോണിക് ഡ്രൈവർ സംബന്ധമായ ഗവേഷണങ്ങളിലും വ്യാപൃതനാണ്.
ലിയാഡെൽ ജോഷിയെ പരിചയപ്പെടാനും, സംശയങ്ങൾ പരിഹരിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ 9645593904 എന്ന നമ്പരിൽ Whatsapp ൽ മാത്രം ബന്ധപ്പെടുക.തീർച്ചയായും നിങ്ങൾക്ക് മറുപടി ലഭിക്കും..തിരക്കുള്ള വ്യക്തിയാണ് ഫോൺ വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക.. എഴുതിയത് അജിത് കളമശേരി.
പിൻ കുറിപ്പ്. ഞാൻ ഇലക്ട്രോണിക്സ് മേഖലയിലെ അധികം അറിയപ്പെടാത്ത ഇത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുമ്പോൾ ധാരാളം പേർ അഭിനന്ദങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിലും അപൂർവ്വം ചിലർ ഇതെന്താ പരസ്യമാണോ എന്ന് കമൻ്റ് ചെയ്യാറുണ്ട്.
ലിയാഡെൽ പോലുള്ള ഒരു ഹൈ എൻഡ് പ്രൊഫഷണൽ ആംപ്ലിഫയർ വീട്ടാവശ്യത്തിന് വാങ്ങാൻ ഇത് വായിക്കുന്ന 99 ശതമാനം പേർക്കും സാധിക്കില്ല. പക്ഷേ നിങ്ങളുടെ പല പല സംശയങ്ങളും പരിഹരിക്കാൻ ഇത്തരം അനുഭവ ജ്ഞാനമുള്ള സീനിയർ ടെക്നീഷ്യൻമാർക്കാകും.
സംശയങ്ങൾക്ക് മറുപടി പറയാൻ അറിവും, അതിനുള്ള ക്ഷമയും ഉള്ളവരുടെ നമ്പർ മാത്രമേ ഞാൻ ഷെയർ ചെയ്യാറുള്ളൂ.
ജാഡ ടീമിനെ ഞാൻ വിട്ട് കളയും നിങ്ങളും, അങ്ങനെ തന്നെ എന്ന് എനിക്കറിയാം.#സീനിയർ_ടെക്നീഷ്യൻസ്,
#ajith_kalamassery.

No comments:

Post a Comment