PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, June 22, 2023

#555 ൻ്റെ കഥ - #ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !

 #555 ൻ്റെ കഥ - 

#ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !


 
ഇലക്ട്രോണിക്സിൽ ഔപചാരികമായ  വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു യുവാവ് സ്വന്തമായ പരിശ്രമത്തിലൂടെ  അനലോഗ് ഇലക്ട്രോണിക്സിലെ മുടിചൂടാ മന്നനായ കഥയാണ് ഇത്തവണ..ഒപ്പം 555 എന്ന ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അന ലോഗ് ഐ. സി യുടെ കഥയും...

1934 ജനുവരി ഒന്നിന് സ്വിറ്റ്സർലാൻ്റിലെ സൂറിച്ചിൽ ജനിച്ച ഹാൻസ് റുഡോൾഫ്
കാമെൻസിൻ്റ് ,  തൻ്റെ കോളേജ്  പഠനം സ്വിറ്റ്സർലാൻ്റിൽ പൂർത്തീകരിച്ച ശേഷം 1960 ൽ ഇരുപത്തിയാറാമത്തെ വയസിൽ അമേരിക്കയിലേക്ക് കുടിയേറി.

അവിടെ ബോസ്റ്റണിലുള്ള നോർത്തേൺ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗ്രാജുവേഷൻ നേടി.

ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നെങ്കിലും ഇലക്ട്രോണിക്സ് അദ്ദേഹത്തിൻ്റെ പാഷനായിരുന്നു. സദാ സമയവും ചിന്ത ഇലക്ട്രോണിക്സിനെ കുറിച്ച് മാത്രം.

1968 കൾ ട്രാൻസിസ്റ്ററുകളുടെ ബാല്യകാലമാണ്, വിപണി ഭരിക്കുന്നത്  വാക്വം ട്യൂബുകളും.

വാക്വം ട്യൂബ് ടെക്നോളജിയുടെ കാലം കഴിഞ്ഞു.ഇനി ട്രാൻസിസ്റ്റർ യുഗമാണ് വരുന്നത് ഈ ട്രാൻസിസ്റ്ററുകളെ വീണ്ടും ചെറുതാക്കിയാൽ ഒരു ചെറിയ തീപ്പെട്ടി വലിപ്പത്തിൽ വളരെ ശക്തിയുള്ള ആംപ്ലിഫയറുകൾ നിർമ്മിക്കാൻ സാധിക്കില്ലേ? എന്നതായിരുന്നു കാം സിൻ്റിൻ്റെ അന്നത്തെ ചിന്ത.ലാസ് ഡി ആംപ്ലിഫയറുകളുടെ രൂപ രേഖയാണ് ഇങ്ങനെ
കാമെൻസിൻ്റിൻ്റെ മനസ്സിനെ മഥിച്ചത്!

ഇലക്ട്രോണിക്സ് ഡിസൈൻ  പഠിക്കാനായി വീട്ടിൽ പോലും പോകാതെ ആഴ്ചകളോളം യൂണിവേഴ്സിറ്റി ലൈബ്രറികളിലെ പുസ്തക ശേഖരം പരതിയിരിക്കാൻ
കാമെൻസിൻ്റിന് ഒരു മടിയുമില്ലായിരുന്നു.

അന്നത്തെ ചിപ്പ് നിർമ്മാതാക്കൾ എല്ലാം കമ്പ്യൂട്ടറുകൾക്ക് വേണ്ടിയുള്ള ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന തിരക്കിലായിരുന്നു.അനലോഗ് സർക്യൂട്ടുകൾ ചിപ്പിലൊതുക്കുന്ന കാര്യം ആരും ആലോചിച്ചിട്ട് പോലുമില്ല



അങ്ങനെയിരിക്കെ സിലിക്കോൺ വാലിയിലെ സിഗ്നെറ്റിക്സ് എന്ന ഇലക്ട്രോണിക്സ് കമ്പനിയിൽ അപ്രൻ്റീസായി ഹാൻസ്
കാമെൻസിൻ്റിന് ജോലി ലഭിച്ചു.

സ്ഥിരമായ ഒരു വരുമാനം ലഭിച്ച് തുടങ്ങിയതോടെ
സിഗ്നെറ്റിക്സ് ലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ചെറിയ  ടൈമർ സർക്യൂട്ടിനെ കാമെൻസിൻ്റ് 14 പിന്നുള്ള ഐസിയാക്കി മാറ്റാനുള്ള ഡിസൈൻ വരച്ചെടുത്തു അതിൻ്റെ ലിത്തോ പ്രിൻ്റ് തയ്യാറാക്കി..

ഐസി ചിപ്പുകൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യം സിഗ് നെറ്റിക്സിൽ ഉണ്ടായിരുന്നെങ്കിലും ആരുടെയും കണ്ണിൽ പെടാതെയായിരുന്നു കാമെൻ സിൻ്റിൻ്റെ പരിപാടികൾ..

തൻ്റെ ഡിസൈൻ പൂർണ്ണമായപ്പോൾ വലിയ കുഴപ്പക്കാരനല്ലാത്ത കമ്പനിയുടെ ഡിസൈൻ ഹെഡിന് മുന്നിൽ
കാമെൻസിൻ്റ് ,തൻ്റെ ഐഡിയ അവതരിപ്പിച്ചു.

 

കാമെൻ സിൻ്റിൻ്റെ നല്ല സമയം! സിഗ്നെറ്റിക്സ് കമ്പനി അന്ന് വലിയ വർക്ക് ഓർഡറുകൾ ഒന്നുമില്ലാതെ ഒരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന സമയമായിരുന്നു.

പേപ്പറുകളിലൂടെ കണ്ണോടിച്ച ഡിസൈൻ ഹെഡിൻ്റെ തലയിൽ ഒരു ബൾബ് കത്തി.
കാമെൻ സിൻ്റിൻ്റെ ഐഡിയ ബാങ്കുകാരുടെ മുന്നിൽ അവതരിപ്പിച്ച് കുറച്ച് ഫണ്ട് സംഘടിപ്പിച്ചാൽ തൽക്കാലം  ഒന്ന് പിടിച്ച് നിൽക്കാം...


അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ ,ഇലക്ട്രോണിക്സ് ഡിസൈൻ അറിയാത്ത ഒരു ജീവനക്കാരൻ മണ്ടൻ ഐഡിയയുമായി വന്നാൽ അപ്പോഴേ ഓടിക്കുമായിരുന്നു ഡിസൈൻ വിഭാഗം !


മൂന്ന് 5 K റസിസ്റ്റൻസുകൾ ചേർന്ന വോൾട്ടേജ് ഡിവൈഡർ നെറ്റ് വർക്കാണ് ഈ ടൈമർ ചിപ്പിൻ്റെ ഹൃദയം. അതിനാൽ
കാമെൻസിൻ്റ് ,ഇതിനെ 5x3 ടൈമർ  എന്ന കോഡ് നെയിമിലാണ് പരിചയപ്പെടുത്തിയത്.
 
കമ്പനി ഡിസൈൻ ടീം ചിലവ് കുറയ്ക്കാനായി 14 പിന്നിനെ  8 പിൻ ആക്കി  ഡിസൈൻ മാറ്റാൻ  നിർദ്ദേശിച്ചു. താമസിയാതെ പരിഷ്കരിച്ച് 555 ടൈമർ എന്ന പേരിൽ ഡാറ്റാഷീറ്റ് തയ്യാറാക്കി രജിസ്റ്റർ ചെയ്തു.

1971 അവസാനം ഡിസൈൻ അംഗീകരിച്ച് 1972 ജൂൺ മാസത്തോടെ 555 ടൈമർ ഐസി വിപണിയിലെത്തി.

കമ്പനിക്ക്  തൽക്കാലം പിടിച്ച് നിൽക്കാൻ ഒരുൽപ്പന്നം 

,കുറച്ച് ഹോബി പിള്ളേരല്ലാതെ ഇതൊക്കെ ആര് വാങ്ങാനാ എന്നായിരുന്നു 555 ടൈമർ ചിപ്പ് പുറത്തിറക്കിയ സിഗ്നറ്റിക്സ് കമ്പനിയുടെ മാനേജ്മെൻ്റിൻ്റെ ധാരണ.

അതിനാൽ ബാങ്കുകാരെപ്പറ്റിക്കാൻ ഏതാനും ആയിരം ചിപ്പുകൾ മാത്രമേ കമ്പനി നിർമ്മിച്ചുള്ളൂ.


 അവ ചിലവാക്കാനായി ഈ ഐസി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏതാനും ഹോബി സർക്യൂട്ടുകൾ ഡിസൈൻ ചെയ്ത് ആ മാസം ഇറങ്ങിയ ഇലക്ട്രോണിക്സ് മാസികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു കമ്പനി.

ഐസി ചിപ്പുകൾ ആര് കണ്ട് പിടിച്ചു എന്നത് സംബന്ധിച്ച് ഒരു വലിയ തർക്കം ടെക്സാസ് ഇൻസ്ട്രുമെൻ്റ്സ് എന്ന കമ്പനിയും, ഫെയർ ചൈൽഡ് എന്ന കമ്പനിയും തമ്മിൽ അന്ന് നടക്കുകയായിരുന്നു.

അതിനിടയിൽപ്പെട്ടാൽ തകർന്ന് പോകും എന്നതിനാൽ സിഗ് നെറ്റിക്സ് കമ്പനിയോ, അത് കണ്ട് പിടിച്ച  ഹാൻസ് കാമെൻസിൻ്റോ 555 ഐ സി ക്ക് പേറ്റൻ്റ് എടുക്കാനൊന്നും പോയില്ല.

തൻ്റെ ഒരുൽപ്പന്നം ആദ്യം പുറത്തിറങ്ങട്ടെ അതിൻ്റെ ചുവട് പിടിച്ച് വേണം മനസിലുള്ള മിനിയേച്ചർ ആംപ്ലിഫയർ പുറത്തിറക്കാനെന്നായിരുന്നു കാമെൻസിൻ്റിൻ്റെ മനസിലിരിപ്പ്.

വലിയ അവകാശവാദങ്ങളില്ലാതെ പുറത്തിറങ്ങിയ അനലോഗ് ടൈമർ ചിപ്പായ 555 കമ്പനിയെ ഞെട്ടിച്ചു. .. ലോകമെങ്ങും നിന്ന് ലക്ഷക്കണക്കിന്  ഓർഡറുകൾ കുമിഞ്ഞ് കൂടി .. വർഷങ്ങൾ രാപകൽ  ഉണ്ടാക്കിയാലും തീരാത്തത്ര ഓർഡറുകൾ..

ഇത് കണ്ട മറ്റ് കമ്പനികളും വെറുതെയിരുന്നില്ല. പേറ്റെൻ്റ് എടുക്കാതിരുന്നതിനാൽ 14 ൽ അധികം കമ്പനികൾ അമേരിക്കയിൽ തന്നെ  555 നിർമ്മിക്കാൻ തുടങ്ങി. 1974ൽ ഹോളണ്ട് ഫിലിപ്സ് കമ്പനി സിഗ് നെറ്റിക്സിനെ ഏറ്റെടുത്തു.ഇതോടെ ഏറ്റവുമധികം 555 നിർമ്മിക്കുന്നത് ഫിലിപ്സായി മാറി.

555 ടൈമർചിപ്പിൻ്റെ വൻ വിജയത്തോടെ  കാമെൻസിൻ്റ് ,സിഗ് നെറ്റിക്സിലെ ജോലി ഉപേക്ഷിച്ചു ,ഇൻ്റർ ഡിസൈൻ എന്ന ചിപ്പ് ഡിസൈൻ കമ്പനി സ്വന്തമായി സ്ഥാപിച്ച് വിവിധ കമ്പനികൾക്കായി അനലോഗ്  ഐസികൾ ഡിസൈൻ ചെയ്ത് നൽകാൻ തുടങ്ങി.

140 ൽ അധികം അന ലോഗ് ഐസികൾ കാമെൻസിൻ്റ് ഡിസൈൻ ചെയ്തിട്ടുണ്ട്.

ഇന്ന് വളരെ പോപ്പുലറായ ക്ലാസ് D  ഇൻ്റഗ്രേറ്റഡ് ചിപ്പുകൾ കണ്ടു പിടിച്ചതും ഹാൻസ് കാമെൻസിൻ്റ് തന്നെ. തൻ്റെ കൗമാരകാല  സ്വപ്നമായ  പവർഫുൾ ആംപ്ലിഫയറിനെ തീപ്പെട്ടി വലുപ്പത്തിലേക്ക് ചുരുക്കുക എന്ന ആഗ്രഹം ക്ലാസ് D ആംപ്ലിഫയർ ചിപ്പുകളുടെ  കണ്ടുപിടുത്തത്തിലൂടെ നിറവേറ്റാൻ  അദ്ദേഹത്തിനായി.

ലോകത്ത് ഇന്നേ വരെ ഏറ്റവും വിറ്റഴിക്കപ്പെട്ടിട്ടുള്ള അന ലോഗ് ചിപ്പ് 555 ആണ്.ഇന്നും ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ചിപ്പുകളിൽ ഒന്നും ഇത് തന്നെയാണ്. ലക്ഷക്കണക്കിന് പേരെ ഹോബി ഇലക്ട്രോണിക്സ് സർക്യൂട്ടുകളിലൂടെ  ഇലക്ട്രോണിക്സിൻ്റെ മായിക ലോകത്തേക്ക് എത്തിക്കാൻ  ഹാൻസ് കാമെൻ സിൻ്റിന് 555 ടൈമർ ചിപ്പിൻ്റെ കണ്ടുപിടുത്തത്തിലൂടെ കഴിഞ്ഞു.

വെറുമൊരു ടൈമർ ചിപ്പ് എന്ന് കരുതി ആദ്യ കാലങ്ങളിൽ  ഡിസൈൻ പുലികൾ അവഗണിച്ചിരുന്ന 555 ടൈമർ ചിപ്പിനെ ഹോബി ഇലക്ട്രോണിക്സ് ലോകം ഏറ്റെടുക്കുകയും, പതിനായിരക്കണക്കിന് വ്യത്യസ്ത സർക്യൂട്ടുകൾ ഡിസൈൻ ചെയ്യപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു.


ഏതൊരു സാധാരണക്കാരൻ്റെ കയ്യിലുള്ള മൊബൈൽ ഫോണിൽ പോലും  ഉള്ളടങ്ങിയിട്ടുള്ള ക്ലാസ് D ആംപ്ലിഫയറിൻ്റെ കണ്ടുപിടുത്തത്തിലൂടെ സംഗീതപ്രേമികളും
ഹാൻസ് കാമെൻസിൻ്റെ സേവനങ്ങൾ ഉപയോഗിക്കുന്നു. 

2023 ൽ 555 ടൈമർചിപ്പിന് 51 വയസ് തികഞ്ഞു. 2012 ആഗസ്റ്റ് 12 ന് 89 ആം വയസിൽ ഹാൻസ് കാമെൻസിൻ്റ് ഇഹലോകവാസം വെടിഞ്ഞു..555 ടൈമർ ചിപ്പിൻ്റെയും, ക്ലാസ് D ആംപ്ലിഫയറിൻ്റെയും കണ്ട് പിടുത്തത്തിലൂടെ ഹാൻസ് കാമെന്സിൻ്റിനോട് ലോകം എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു.
എഴുതിയത് # അജിത്_ കളമശേരി, #ajith_kalamassery, 22 .06.2023

Thursday, June 15, 2023

റിപ്പയർ ചെയ്യാനുള്ള അവകാശം

 റിപ്പയർ ചെയ്യാനുള്ള അവകാശം


ക്കാലത്ത് ജനങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നില്ല, എല്ലാം യൂസ് & ത്രോയാണ്.എന്ന് ടെക്നീഷ്യൻമാർക്ക് പരാതി.

 

എന്നാൽ ഒരു ഉപകരണവും ഈട് നിൽക്കുന്നില്ല ചെറിയ തകരാർ പറ്റിയാൽ പോലും എവിടെയും ആരും റിപ്പയർ ചെയ്ത് തരുന്നില്ല, പട്ടി ചന്തയ്ക്ക് പോലെ
അതും കൊണ്ട് നടന്ന് ചെരുപ്പ് തേയുന്നത് മാത്രം മിച്ചം. അതിനാൽ അക്രിക്ക് കൊടുക്കുന്നു എന്ന് പൊതുജനം ..

എന്താണ് സത്യം?

നല്ല പണിയറിയാവുന്ന ടെക്നീഷ്യൻമാർ പോലും വാടക കൊടുക്കാൻ പോലും ഗതിയില്ലാത്തതിനാൽ വർഷങ്ങായി അവർ കൊണ്ടു നടന്നിരുന്ന സർവ്വീസ് സെൻ്ററുകൾ മനസില്ലാ മനസോടെ നിറുത്തി ഓട്ടോറിക്ഷ ഓടിക്കാനും, വയറിങ്ങിനും, പെയിൻ്റ് പണിക്കും പോവുകയാണ് എന്നത് കയ്പ്പേറിയ യാഥാർത്ഥ്യമാണ്.

ഉപഭോക്താവായ പൊതുജനത്തിന് ഈ ടെക്നീഷ്യൻമാരെ അവരുടെ ആവശ്യനേരത്ത് കണ്ടെത്താൻ ഒരു വഴിയുമില്ല എന്നത് വേറൊരു നഗ്ന സത്യം.

സ്ക്രാപ്പിൽ പോകുന്ന അധികം പഴക്കമില്ലാത്ത  ബ്ലൂടൂത്ത് സ്പീക്കറുകളും, ആംപ്ലിഫയർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, വാഷിങ്ങ് മെഷീൻ എന്നിവയ്ക്കെല്ലാം നന്നാക്കാൻ പറ്റുന്ന തകരാറുകൾ മാത്രമേയുള്ളൂ.

പക്ഷേ വാങ്ങിയ കമ്പനിക്കാരെ സർവ്വീസിന് വിളിച്ചാൽ പുതിയ സാധനം വാങ്ങുന്ന കൂലി റിപ്പയർ ചാർജ് പറയുകയും ചെയ്യും.
 

ഗതികെട്ട പൊതു ജനം അവരുടെ മാറ്റിവയ്ക്കാനാകാത്ത  അവശ്യങ്ങൾ നിറവേറ്റാൻ  അവർക്കുള്ള ഒരേ ഒരു വഴിയായ പുതിയത് വാങ്ങാൻ നിർബന്ധിതരായിത്തീരുന്നു എന്ന് മാത്രം.


എന്താണിതിനൊരു പരിഹാരം പൊതുജനങ്ങൾക്ക് ആവശ്യനേരത്ത് അവരുടെ ഗൃഹോപകരണങ്ങൾ ന്യായമായ സർവ്വീസ് ചാർജിൽ തകരാറുകൾ  പരിഹരിച്ച് കിട്ടണം. ഇങ്ങനെ കിട്ടിയാൽ ഇല്ലാത്ത കാശ് മുടക്കി ആരും പുതിയത് വാങ്ങില്ല.. അഞ്ചാറ് വർഷമെങ്കിലും ഉപയോഗിച്ച് വാങ്ങിയ കാശ് മുതലാകാതെ കളയുകയുമില്ല.

ഇതിനൊരു പരിഹാരമെന്ന നിലയിൽ എറണാകുളം ജില്ലയിലെ 500 ൽ അധികം വരുന്ന  ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ കൂട്ടായ്മ ഒരു ആപ്പ് ഡവലപ്പ് ചെയ്ത് ട്രയൽ റൺ നടത്തുകയാണ്.

ഇത് ഒരു ക്ലൗഡ് സെർവ്വർ ആപ്ലിക്കേഷൻ മാത്രമായതിനാൽ ഒന്നും നമ്മുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല എന്നതാണ് ആകർഷകമായ സവിശേഷത.

വാഹനങ്ങളിലും, സ്ഥാപനങ്ങളിലും, ഈ ആപ്പിൻ്റെ QR കോഡ് ഒട്ടിച്ചും ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് അവയിൽ ഒട്ടിക്കുന്ന സ്റ്റിക്കറായും  വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്ന ചിത്രങ്ങളായും ഈ ക്ലൗഡ് സെർവ്വർ ആപ്ലിക്കേഷൻ്റെ ലിങ്ക് പൊതുജനങ്ങളിൽ എത്തും.

അത് ഒന്ന് സ്കാൻ ചെയ്യുകയോ, ക്ലിക്ക് ചെയ്യുകയോ മാത്രം മതി ഈ ടെക്നീഷ്യൻമാരുടെ സേവനം ആർക്കും ലഭിക്കാൻ!

എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 ടെക്നീഷ്യൻമാർ ഇപ്പോൾ ട്രയൽ റണ്ണിൻ്റെ ഭാഗമാണ്.

നിങ്ങൾ എത് തരത്തിലുള്ള ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണം റിപ്പയർ ചെയ്യുന്ന ടെക്നീഷ്യൻ ആണെങ്കിലും,

നിങ്ങൾക്ക് ആത്മാർത്ഥതയോടെ ഉപഭോക്താക്കളുടെ ഗൃഹോപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകാൻ ആത്മവിശ്വാസം ഉണ്ടെങ്കിലും  ഈ കൂട്ടായ്മയിൽ ഭാഗമായി ധാരാളം വർക്കുകൾ നേടാം.


സ്വന്തമായി കടകൾ വേണമെന്നില്ല, വീട്ടിൽ വച്ച് റിപ്പയർ ചെയ്യുന്നവർക്കും, കസ്റ്റമർമാരുടെ വീടുകളിൽ പോയി സർവ്വീസ്  ചെയ്തു കൊടുക്കുന്നവർക്കും
ഇതിൽ യോജിച്ച് പ്രവർത്തിക്കാം.

വർക്ക് പിടിക്കുന്നതിന് സുലേഖ ഡോട്ട് കോമിലും,
ജസ്റ്റ് ഡയലിലും എല്ലാം പരസ്യം ചെയ്യുന്നതിന് വർഷം പന്ത്രണ്ടായിരം രൂപയൊക്കെ ചിലവഴിക്കുക എന്നത് ചെറുകിട ടെക്നീഷ്യൻമാർക്കൊന്നും ആലോചിക്കാൻ പോലുമാവാത്ത സ്ഥിതിയിൽ ഈ ടെക്നീഷ്യൻമാരുടെ കൂട്ടായ്മയുടെ നിസ്വർത്ഥമായ  സേവനം വളരെ പ്രശംസനീയമാണ്.

ഫോണിലൂടെ ഇവരുടെ ഈ ആപ്ലിക്കേഷനിൽ കയറി നമുക്കാവശ്യമുള്ള ടെക്നീഷ്യൻ്റെ നമ്പരിൽ തൊട്ടാൽ അത് ഓട്ടോമാറ്റിക്കായി ഡയൽ ചെയ്യുന്നതും, അവരുടെ ഷോപ്പിൻ്റെ ലൊക്കേഷനും, വഴിയും  ഗൂഗിൾ മാപ്പിൽ കാണിക്കും എന്നതും വളരെ ആകർഷകമായി തോന്നി.


 ഏതൊരു ഇലക്ട്രോണിക്സ് ഉപകരണവും മിനിമം 5 വർഷമെങ്കിലും ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതിനവരെ സഹായിക്കാൻ ഇതിലൂടെ ടെക്നീഷ്യൻമാർക്ക് സാധിക്കും.

ഷോപ്പ് ഇല്ലാത്തവരും എന്നാൽ വാട്ടർ ലവൽ കൺട്രോളർ, LED ബൾബ്, ഇൻവെർട്ടർ,ആംപ്ലിഫയർ ബോർഡ് ,സോളാർ etc.... പോലുള്ള അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ ആപ്പിൽ പേര് പ്രദർശിപ്പിക്കാൻ അവസരം നൽകുമെന്ന്  ഈ കൂട്ടായ്മയുടെ ടെക്നിക്കൽ കോ ഓർഡിനേറ്ററും, സീനിയർ ടെക്നീഷ്യനുമായ  സാബു സാംസൺ പറഞ്ഞു.

 

താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തെ ബന്ധപ്പെടാം. ആപ്പിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചെല്ലുമ്പോൾ കടവന്ത്ര എന്ന സ്ഥലപ്പേരിനടിയിൽ അദ്ദേഹത്തിൻ്റെ നമ്പരുണ്ട്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഈ ലേഖനത്തോടൊപ്പമുള്ള QRകോഡ് സ്കാൻ ചെയ്തോ, ലിങ്കിൽ അമർത്തിയോ ആപ്പിൽ കയറാം.

 

ഒന്ന് കയറി നോക്കി ഈ   നവ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും, പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് അവർക്കൊരു പ്രചോദനമായിരിക്കും.

 ഇപ്പോൾ എറണാകുളത്താരംഭിച്ച ഈ സംരംഭത്തിൽ  അധികം വൈകാതെ കേരളത്തിൽ ഉടനീളമുള്ള മറ്റ് സർവ്വീസ്  ടെക്നീഷ്യൻമാരും ഭാഗമായിത്തീരും എന്ന് കരുതുന്നു.

 സർവ്വീസ് നെറ്റ് വർക്കിൽ കയറാൻ ഇവിടെ ക്ലിക്ക് ചെയ്താൽ മതി.

 


                                         അല്ലെങ്കിൽ ഈ QR സ്കാൻ ചെയ്യുക.


Wednesday, June 14, 2023

FM റേഡിയോ ഒരു ചതിയുടെ കഥ!

 FM റേഡിയോ ഒരു ചതിയുടെ കഥ!


 FM റേഡിയോ ഒരു ചതിയുടെ കഥ!

 ശബ്ദ സൗകുമാര്യത്തിന് കേൾവികേട്ട FM റേഡിയോയുടെ ടെക്നോളജി നമ്മൾക്കായി വികസിപ്പിച്ച് നൽകിയ എഡ്വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ശാസ്ത്രജ്ഞനാണ്.


ശാസ്ത്രലോകത്തിലെ  കുതികാൽ വെട്ടും, പാരവയ്പും, ചതിയും നിമിത്തം മനം മടുത്ത അദ്ദേഹം 1954 ജനുവരി 31 അർദ്ധരാത്രിയിൽ ന്യൂയോർക്ക് സിറ്റിയിലെ  ഒരു റേഡിയോ ടവറിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

ഇന്ന് നാം കേൾക്കുന്ന FM പ്രക്ഷേപണത്തിന് പിന്നിൽ ആ വഞ്ചനയുടെ നീറുന്ന കഥയുണ്ട്.


റേഡിയോ പ്രക്ഷേപണത്തിൻ്റെ തുടക്കകാലത്ത് AM ബാൻഡിലായിരുന്നു പ്രക്ഷേപണം.

AM പ്രക്ഷേപണത്തിൻ്റെ പ്രധാന പോരായ്മ അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ റേഡിയോ സ്വീകരണത്തെ വികലമാക്കും എന്നതായിരുന്നു.

ഇടിവെട്ട്, അയണോസ്ഫിയറിലെ  മാറ്റങ്ങൾ, സൂര്യ കളങ്കങ്ങൾ എന്നിവയെല്ലാം റേഡിയോയിൽ ലഭിക്കുന്ന സിഗ്നലുകളെ വക്രീകരിച്ച് പൊട്ടലും ചീറ്റലുമായി  ശ്രോതാക്കളുടെ മനം മടുപ്പിച്ചു. പക്ഷേ റേഡിയോയ്ക്ക്  വേറൊരു പകരക്കാരൻ ഇല്ലാത്തതിനാൽ ജനങ്ങൾ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു കൂടി.


 വാക്വം ട്രയോഡ് വാൽവ് കണ്ട് പിടിച്ച ലീ ഡേ ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞൻ്റെ സഹായിയായി തൻ്റെ കോളേജ് പഠനകാലാത്ത് തന്നെ  ആംസ്ട്രോങ്ങ്‌ കൂടി.

ഫോറസ്റ്റിൻ്റെ ലാബിൽ സഹായിയായി നിന്ന് വാക്വം ട്യൂബുകളുടെ സാങ്കേതിക രഹസ്യങ്ങൾ ആംസ്ട്രോങ്ങ് പഠിച്ചെടുത്തു.

1912 ൽ വാക്വം ട്യൂബുകൾ ഉപയോഗിച്ച് റീ ജനറേറ്റീവ് റിസീവറുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തു.

FM റേഡിയോ റിസീവറുകളുടെ കണ്ട് പിടിത്തത്തിന് വഴിമരുന്നിട്ട കണ്ടുപിടുത്തമായിരുന്നു അത്. 1914 ൽ അദ്ദേഹത്തിന് ഈ ടെക്നോളജിക്ക് പേറ്റെൻ്റ് ലഭിച്ചു.

അതുവരെ തൻ്റെ ശിഷ്യൻ്റെ കണ്ട് പിടുത്തങ്ങള വളരെ നിസാരമായി കണ്ടിരുന്ന ആശാനായ ലീ ഡേ ഫോറസ്റ്റ് ഇതിൽ അസൂയാലുവാകയും തൻ്റെ കണ്ട് പിടുത്തങ്ങൾ കോപ്പിയടിച്ചാണ് ആംസ്ട്രോങ്ങ് പേറ്റെൻ്റ് എടുത്തതെന്ന് കാട്ടി കേസ് കൊടുക്കുകയും ചെയ്തു. FM റേഡിയോ ചരിത്രത്തിലെ ആദ്യ വഞ്ചന ഇവിടെ തുടങ്ങി.


അതീവ ബുദ്ധിമാനായിരുന്ന ആംസ്ട്രോങ്ങ് തൻ്റെ കണ്ട് പിടുത്തങ്ങളിലേക്ക് എത്താൻ എടുത്ത  വഴികൾ പന്ത്രണ്ടോളം നോട്ട് ബുക്കുകളിൽ വളരെ വിശദമായി എഴുതി സൂക്ഷിച്ചിരുന്നു.

തൻമൂലം  നീണ്ട നിയമയുദ്ധത്തിൽ ആശാൻ തോറ്റു ശിഷ്യൻ ജയിച്ചു.

ഇതോടെ അമേരിക്കയിലെ അന്നത്തെ  വൻകിട റേഡിയോ നിർമ്മാണ  കമ്പനികളായ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്ക എന്ന RCA, വെസ്റ്റേൺ ഇലക്ട്രിക് എന്നിവർ ലക്ഷക്കണക്കിന് ഡോളർ  നൽകി ആംസ്ട്രോങ്ങിനോട് ഈ  പേറ്റെൻ്റ് വാങ്ങാൻ തയ്യാറായി.

എന്നാൽ RCA തൻ്റെ പേറ്റെൻ്റ് കേസിൽ ആശാനൊപ്പം നിന്നതിനാൽ  തൻ്റെ കണ്ട് പിടുത്തം വെസ്റ്റേൺ ഇലക്ട്രിക്കിന് ആംസ്ട്രോങ്ങ്  കൈമാറി.

ഈ ടെക്നോളജി പുർണ്ണമായും FM എന്ന സാങ്കേതിക വിദ്യ ആയിരുന്നില്ല. അന്തരീക്ഷ വ്യതിയാനങ്ങൾ ഈ പ്രക്ഷേപണത്തെയും ബാധിച്ചിരുന്നു.

സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആംസ്ട്രോങ്ങ് പരീക്ഷണങ്ങൾ തുടർന്നു.

 അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ വിജയം കണ്ടു. 1933 ഫെബ്രുവരിയിൽ  ആംസ്ട്രോങ്ങിന് FM റേഡിയോ ട്രാൻസ്മിറ്ററിൻ്റെയും, റിസീവറിൻ്റെയും പേറ്റെൻ്റ് അവകാശം ലഭിച്ചു.

ജനറൽ ഇലക്ട്രിക് കമ്പനിക്ക് സ്വന്തം പണം നൽകി ഒരു FM ട്രാൻസ്മിറ്ററും, 25 FM റേഡിയോകളും ആംസ്ട്രോങ് നിർമ്മിച്ചെടുത്തു.

അങ്ങനെ ലോകത്തിലെ ആദ്യ FM റേഡിയോ നിർമ്മാതാക്കളായി ജനറൽ ഇലക്ട്രിക് മാറി.

ഇന്നത്തെപ്പോലെ 88 MHz മുതൽ 108 MHz വരെയായിരുന്നില്ല ആംസ്ട്രോങ്ങിൻ്റെ ഫ്രീക്വൻസി. 41 മുതൽ 44 MHz വരെയായിരുന്നു.

ടെസ്ല കോയിലുകൾ ഉപയോഗിച്ച് ഇടിമിന്നൽ കൃത്രിമമായി നിർമ്മിച്ച് അതിൻ്റെ ചുവട്ടിൽ തൻ്റെ FM റേഡിയോ ട്യൂൺ ചെയ്താണ് ആംസ്ട്രോങ്ങ് FM ൻ്റെ ശബ്ദ ശുദ്ധി തെളിയിച്ചത്.


1937ൽ നടന്ന ഒരു ഇലക്ട്രോണിക് പ്രദർശനത്തിൽ FM റേഡിയോയിലൂടെ  ബിഥോവൻ്റെ സിംഫണി പ്രക്ഷേപണം ചെയ്തപ്പോൾ   അത് റേഡിയോയിൽ നിന്നല്ല തൊട്ടടുത്ത മുറിയിൽ ഒളിപ്പിച്ച് നിറുത്തിയ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ് ബഹളം പോലുമുണ്ടാക്കി ചിലർ!

1937 മുതലാണ് FM റേഡിയോ വ്യാവസായികമായി നിർമ്മിച്ച് GE വിപണിയിലെത്തിച്ച് തുടങ്ങിയത്.

വെറും 4 വർഷം കൊണ്ട് ,നാല് ലക്ഷത്തിലധികം FM റേഡിയോകൾ GE വിറ്റഴിച്ചിരുന്നു.

FM റേഡിയോ ഇങ്ങനെ അടിച്ച് കയറിയാൽ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് മനസിലാക്കിയ RCA മറ്റ് റേഡിയോ നിർമ്മാതാക്കളെ കൂട്ട് പിടിച്ച് FM റേഡിയോകൾക്കെതിരേ പല വിധ പാരകൾ വയ്ക്കാൻ ആരംഭിച്ചു.

TV പ്രക്ഷേപണത്തെ ബാധിക്കുന്നു എന്ന് പറഞ്ഞ് കള്ളത്തെളിവുകൾ ഉണ്ടാക്കി ഫ്രീക്വൻസി അലോട്ട് ചെയ്യുന്ന അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ച് കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി  FM ന് അലോട്ട് ചെയ്ത 41-44 MHz ഫ്രീക്വൻസി RCA പിൻ വലിപ്പിച്ചു.

TV യുടെ ശബ്ദ പ്രക്ഷേപണത്തിന്  FM സാങ്കേതിക വിദ്യ വികസിപ്പിച്ച്  ആംസ്ട്രോങ്ങ് ഇതിന് പരിഹാരം കണ്ടെത്തിയെങ്കിലും, എതിർ പക്ഷം ശക്തമായതിനാൽ FM ഫ്രീക്വൻസി ആംസ്ട്രോങ്ങ് വികസിപ്പിച്ചെടുത്ത 41-44 MHz ൽ നിന്നും ഒഴിവാക്കപ്പെട്ടു.

ഇതാടെ 4 ലക്ഷത്തിലധികം FM റേഡിയോകൾ വെറും എലിപ്പെട്ടികളായി മാറി. ഇതാണ്  ചരിത്രത്തിൽ FM ടെക്നോളജിക്ക് ഏതിരേ നടന്ന  രണ്ടാമത്തെ വൻ ചതിപ്രയോഗവും തിരിച്ചടിയും.



FM ന് പുതിയതായി അനുവദിക്കപ്പെട്ട 88-108 MHz ൽ നിന്ന് പഴയ ഫ്രീക്വൻസിയിലേക്ക് തിരികെ പോകാനായി വൻ തുക മുടക്കി വിവിധ കേസുകൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. വൻ കടബാദ്ധ്യതയിൽ മുങ്ങി ആംസ്ട്രോങ്ങ്.

ഇതിനിടയിലും തൻ്റെ 4 ലക്ഷത്തിലധികം വരുന്ന റേഡിയോ ശ്രോതാക്കൾക്കായി 41-44 MHz ട്യൂണർ 88-108 MHz ആയി മാറ്റുന്നതിനുള്ള കൺവെർട്ടർ അദ്ദേഹം ഡിസൈൻ ചെയ്തിരുന്നു.

100 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ ഉപയോഗിച്ചാൽ റേഡിയോ സിഗ്നൽ എത്തുന്നതിലും അധികം ദൂരം 10 കിലോവാട്ട് FM സിഗ്നലുകൾ എത്തുമെന്നതിനാൽ പുതിയ  റേഡിയോ ട്രാൻസ്മിറ്ററുകൾ FM ടെക്നോളജിയിലേക്ക് മാറാൻ കമ്പനികൾ തിരക്ക് കൂട്ടി.

100 KW മീഡിയം വേവ് ട്രാൻസ്മിറ്റർ ഒരു ചെറു നഗരത്തിന് വേണ്ട കറണ്ടും വൻതോതിൽ സ്ഥല സൗകര്യവും ഉപയോഗിക്കുമ്പോൾ ഒരു ബഹുനില മന്ദിരത്തിൽ ഉപയോഗിക്കുന്ന കറണ്ടും ഒരു മുറിയിൽ ഒതുങ്ങുന്ന ട്രാൻസ്മിറ്ററും FM പ്രക്ഷേപണം വൻതോതിൽ ചിലവ് കുറച്ചു..

FM ഫ്രീക്വൻസി നേർ രേഖയിലേ സഞ്ചരിക്കൂ കുന്നും മലയും FM താണ്ടില്ല എന്ന വ്യാപക പ്രചരണം മറ്റ് കമ്പനികൾ നടത്തിയെങ്കിലും അതൊന്നും ഏറ്റില്ല. FM വിദൂരതയിലും വ്യക്തമായി കിട്ടാനുള്ള ആൻ്റിന ഡിസൈൻ ചെയ്ത് ആംസ്ട്രോങ്ങ് ഈ പ്രചരണത്തിൻ്റെ വായടച്ചു. ന്യൂയോർക്കിൽ നിന്നുള്ള FM പ്രക്ഷേപണം 125 കിലോമീറ്റർ അകലെ വരെ വിജയകരമായി സ്വീകരിക്കുന്ന  പ്രദർശനങ്ങൾ ഇതിന് വേണ്ടി നടത്തി.

FM റേഡിയോ നിർമ്മിക്കാനുള്ള അവകാശം GEക്ക് മാത്രമായി ആംസ്ട്രോങ്ങ് നൽകിയിരുന്നതിനെ മറികടക്കാൻ നേരായ മാർഗ്ഗത്തിൽ പോയാൽ നടക്കില്ല എന്ന് കണ്ട്  അദ്ദേഹത്തിൻ്റെ FM ടെക്നോളജിൽ 5 മാറ്റങ്ങൾ വരുത്തി പുതിയ ടെക്നോളജിയായി പേറ്റെൻ്റ് എടുത്ത് RCA അടക്കമുള്ള കമ്പനികൾ  FM റേഡിയോകൾ വൻതോതിൽ പുറത്തിറക്കി.ഇത് FM ചരിത്രത്തിലെ മൂന്നാം വഞ്ചന!

ഈ തിരിച്ചടികൾക്കിടയിലും FM ഉപയോഗിച്ചുള്ള റഡാർ സിസ്റ്റവും സാറ്റലൈറ്റുകളിലേക്കും, ചന്ദനിലേക്കും വരെ റേഡിയോ സിഗ്നലുകൾ എത്തിക്കാനുള്ള ടെക്നോളജികളും അദ്ദേഹം വികസിപ്പിച്ചെടുത്തു.

FM ലൂടെ സ്റ്റീരിയോ ആയി ശബ് ദം പ്രക്ഷേപണം ചെയ്യാൻ പറ്റും എന്ന ഐഡിയയും ആംസ്ട്രോങ്ങ് തന്നെയാണ് കണ്ടെത്തിയത്. സ്റ്റീരിയോ പ്രക്ഷേപണത്തിനും എതിരാളികൾ പാര വച്ചതിനാൽ അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമേ കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി ആ ടെക്നോളജിക്ക് അനുമതി ലഭിച്ചുള്ളൂ. 1961 ജൂൺ 1 ന് ന്യൂയോർക്കിലും, ചിക്കാഗോയിലുമായി 2 റേഡിയോ സ്റ്റേഷനുകൾ FM സ്റ്റീരിയോ പ്രക്ഷേപണം ആരംഭിച്ചു. തുടർന്ന് TV ശബ് ദ പ്രക്ഷേപണവും സ്റ്റീരിയോ മോഡിലായി.

തൻ്റെ ടെക്നോളജിയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി മറ്റ് കമ്പനികൾ റേഡിയോകൾ നിർമ്മിക്കാനരംഭിച്ചത് FM പേറ്റെൻ്റിൽ നിന്നും ആംസ്ട്രോങ്ങിന് ലഭിച്ചു കൊണ്ടിരുന്ന വൻ തുകകൾ നഷ്ടപ്പെടുത്തി.


ഇതിനെതിരേ വീണ്ടും കേസുകൾ നൽകിയെങ്കിലും, സാമ്പത്തിക നില ആകെ പരിതാപകരമായി. മനസു മടുത്ത അദ്ദേഹം 1954 ജനുവരി 31ന് അർദ്ധരാത്രിയിൽ  ഗവേഷണത്തിനായി റേഡിയോ ടവർ സ്ഥാപിച്ചിരുന്ന മൻഹാട്ടൻ സിറ്റിയിലെ റിവർ ഹൗസ് എന്ന ബഹുനില മന്ദിരത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
64 വയസായിരുന്നു അപ്പോൾ പ്രായം


അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ കേസുകളെല്ലാം തുടർന്ന് നടത്തി.എല്ലാ കേസുകളും ജയിച്ച്  ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു.1955 ൽ നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നല്ലൊരു പങ്ക് ചിലവാക്കി ആംസ്ട്രോങ്ങ് മെമ്മോറിയൽ റിസർച്ച് ഫൗണ്ടേഷൻ ന്യൂയോർക്കിൽ  അവർ സ്ഥാപിച്ചു. റേഡിയോ, വയർലസ്  സംബന്ധമായ കണ്ട് പിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷൻ്റെ ഉദ്ദേശലക്ഷ്യം.

FM റേഡിയോ ട്രാൻസ്മിഷൻ സംബന്ധിയായ 55 ൽ അധികം പേറ്റെൻ്റുകൾ എഡ് വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ആ ശാസ്ത്രകാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

നമ്മൾ ഓരോ തവണ  FM റേഡിയോ ഓൺ ചെയ്യുമ്പോഴും ആ മഹാനായ ശാസ്ത്രകാരനുള്ള ആദരവാകട്ടെ.

മാർക്കോണിക്ക് ശേഷം  റേഡിയോ പ്രക്ഷേപണ സാങ്കേതിക വിദ്യയിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല.

സംഗീതലോകം എന്നെന്നും ആംസ്ട്രോങ്ങിനോട് കടപ്പെട്ടിരിക്കും.

1977 ജൂലൈ 23 ന് ഇന്ത്യയിലെ ആദ്യ  സ്റ്റേഷൻ മദ്രാസിൽ (ചെന്നൈ )ആരംഭിച്ചതോടെ ഇന്ത്യയും FM യുഗത്തിലേക്ക് കാൽ വച്ചു. 

 

ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റേഷൻ 2001 ൽ ബാംഗ്ലൂരിൽ ആരംഭിച്ച റേഡിയോ സിറ്റിയാണ്.ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റീരിയോ പ്രക്ഷേപണവും ഇവിടെ നിന്നായിരുന്നു.

കേരളത്തിലെ ആദ്യ FM ന് സ്റ്റേഷൻ 1989 നവംബർ 1 ന് എറണാകുളം ജില്ലയിലെ കാക്കനാട് ആരംഭിക്കപ്പെട്ടു.


കേരളത്തിലെ ആദ്യ സ്വകാര്യFM സ്റ്റേഷൻ 2007 നവംബർ 29 ന്   കോഴിക്കോട് നിന്നാരംഭിച്ച റേഡിയോ മാംഗോയാണ്.




വില കുറഞ്ഞ LED ബൾബുകളും- ട്യൂബുകളും ഇറക്കി ചൈനക്കാർ ലോകത്തിലെ FM റേഡിയോ പ്രക്ഷേപണത്തിൻ്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്നു എന്ന ദു:ഖവാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കണം.

LED ബൾബുകൾ ഉണ്ടാക്കുന്ന ഇൻ്റർഫിയറൻസ് മൂലം FM ഒട്ടും വ്യകതമല്ലാതെയാണ് ലഭിക്കുന്നത്. ഇത് FM ൻ്റെ കുഴപ്പമല്ല ഓരോ LED ബൾബും ഓരോ FM ട്രാൻസ്മിറ്റർ പോലെ പ്രവർത്തിച്ച് ഇലക്ട്രിക്കൽ ഓസിലേഷനുകൾ പുറപ്പെടുവിക്കുന്നതാണ്. വില കുറഞ്ഞ ക്ലാസ് D ആംപ്ലിഫയറുകളും FM സിഗ്നലുകളെ അപശ്രുതിയാക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്.

ഇത് മൂലം FM റേഡിയോ പ്രക്ഷേപണം പൂർണ്ണമായും വെറുത്ത് മൊബൈലും, ഇൻ്റർനെറ്റും ഉപയോഗിച്ച് FM സ്റ്റേഷനുകൾ കേൾക്കുന്ന അവസ്ഥയിലേക്ക് നമ്മളിൽ പലരും മാറിയിട്ടുണ്ട്.

ഇൻ്റർനെറ്റിലൂടെയുള്ള FM റേഡിയോ പ്രക്ഷേപണത്തിൻ്റെ പ്രചാരം വർദ്ധിച്ചതിനേത്തുടർന്ന് വിദേശ രാജ്യങ്ങളിൽ FM (ഫ്രീക്വൻസി മോഡുലേഷൻ)ട്രാൻസ്മിറ്ററുകൾ ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുകയാണ്.

നമ്മുടെ നാട്ടിൽ ഇപ്പോൾ കാലഹരണപ്പെട്ട AM ടെക്നോളജി  ഉപയോഗിക്കുന്ന MW (ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ) സ്റ്റേഷനുകളാണ് ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുന്നത്. 

RF ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ്.(നോയ് സ്) ഇല്ലാത്ത LED ബൾബുൾ സർക്കാർ പോത്സാഹിപ്പിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിലും FM റേഡിയോ സ്റ്റേഷനുകൾ പൂട്ടിപ്പോകുന്ന കാലം വിദൂരമല്ല. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, .14.06.2023

 

Tuesday, June 13, 2023

ജൂനിയർ മാൻഡ്രേക്ക്

 ജൂനിയർ മാൻഡ്രേക്ക്


 

ഇവനാണ് ഷാർപ്പ് GF 555. 1979ൽ പ്രൊഡക്ഷൻ ആരംഭിച്ച ഈ മോഡലാണ് ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ഡബിൾ കാസറ്റ് ഡക്ക്.
GF 555 H, GF 555 E എന്നിങ്ങനെ രണ്ട് മോഡലിൽ ഇദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്.
110 മുതൽ 240 വരെയുള്ള വിവിധ വോൾട്ടേജുകളിൽ പ്രവർത്തിക്കുന്ന വിധം ടാപ്പിങ്ങുകൾ ഉള്ളതാണ് ഇതിൻ്റെ ട്രാൻസ്ഫോർമർ .
GF 555 H ന് 7+7 വാട്ട് RMS പവറും
GF 555 Eയ്ക്ക് 11 + 11 വാട്ട് RMS പവറുമാണുള്ളത്.
പോർട്ടബിൾ കൺസെപ്റ്റിൽ പുറത്തിറക്കിയിരിക്കുന്നതിനാൽ ബാറ്ററിയിലും പ്രവർത്തിക്കും.
10 വലിയ 1.5 വോൾട്ട് ബാറ്ററികളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഉണ്ടെങ്കിലേ ഈ ഭയങ്കരൻ പ്രവർത്തിക്കുകയുള്ളൂ.
ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ രണ്ട് മോഡലിൻ്റെയും മാക്സിമം ഔട്ട് പുട്ട് പവർ RMS വാട്ട് 6 + 6 ആയി ലിമിറ്റ് ചെയ്തിരിക്കുന്നു.
11ഐസികളും, 32 ട്രാൻസിസ്റ്ററുകളും, 2 FET കളും ,1SCRഉം 41 ഡയോഡുകളും 26 LED കളും ഇവനിൽ അടങ്ങിയിരിക്കുന്നു.
പോർട്ടബിൾ മോഡലാണെന്ന് ഷാർപ്പ് പറയുന്നുണ്ടെങ്കിലും ഇവനെ തോളിൽ വച്ച് വേണം ചുമന്ന് കൊണ്ട് നടക്കാൻ .
അതിന് ഒരു ചുമട്ട്കാരൻ അത്യാവശ്യമാണ്.
കാരണം ബാറ്ററി ഉൾപ്പടെ 10.5 കിലോഗ്രാം വെയിറ്റ് ഇവനുണ്ട്.
ഇറങ്ങിയ കാലത്ത് 1979ൽ 645.66 ഡോളറായിരുന്നു ഇവൻ്റെ വില ഏകദേശം 50500 രൂപ..അന്നത്തെ ഏറ്റവും വില കൂടിയ പോർട്ടബിൾ ബൂം ബോക്സ് എന്ന പദവി .രണ്ട് വർഷം കഴിഞ്ഞപ്പോൾ ഷാർപ്പ് തന്നെ ഇവൻ്റെ അപ്പനായിട്ട് വരുന്ന GF 777 എന്ന മോഡൽ ഇറക്കിയതോടെ ഇവൻ്റെ ഈ പദവി നഷ്ടപ്പെട്ടു.
മെറ്റൽ കാസറ്റ്, ഓട്ടോമാറ്റിക് മ്യൂസിക് സെർച്ച്, സ്പീഡ് ഡബ്ബിങ്ങ് ,LED മ്യൂസിക്‌ ലവൽ , രണ്ട് ഹെഡ് ഫോൺ കുത്താനുള്ള പാർട്ടി മോഡ് തുടങ്ങി നിരവധി പ്രത്യേകതകൾ ഇദ്ദേഹത്തിനുണ്ടായിരുന്നു.
1984 ഓടെ ഈ മോഡലിൻ്റെ നിർമ്മാണം ഷാർപ്പ് അവസാനിപ്പിച്ചു. ഇതിനോടകം ഏതാണ്ട് പത്ത് ലക്ഷം സെറ്റുകൾ ഷാർപ്പ് ലോക വ്യാപകമായി വിറ്റഴിച്ചു. ഈ മോഡലിൻ്റെ ഏറ്റവും വലിയ ആരാധകർ റഷ്യക്കാരായിരുന്നു. ഇതും ചുമന്ന് കൊണ്ട് നടക്കാനുള്ള ആരോഗ്യം അവർക്കുണ്ടായിരുന്നു എന്നതായിരിക്കാം കാരണം.
6 മാസത്തെ ശമ്പളമുണ്ടെങ്കിലേ ഇവനെ വാങ്ങാനൊക്കൂ എന്നതിനാൽ മലയാളികളിൽ പൂത്ത പണമുള്ളവർ മാത്രമേ ഈ മോഡൽ സ്വന്തമാക്കിയിരുന്നുള്ളൂ. അതിനാൽ കേരളത്തിൽ വളരെ അപൂർവ്വമാണീ സെറ്റ്.
അപൂർവ്വമായതിനാൽ വിൻ്റേജ് കളക്റ്റർമാരുടെ ഇടയിൽ വൻ പ്രീയ മാണിവന്.കേരളത്തിൽ ഇവൻ 5 എണ്ണത്തിൽ കൂടുതലില്ല.
ഇന്ന് ഇത് കൈവശമുള്ളവർ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ രാജൻ P ദേവ് മൊട്ടത്തലയൻ്റെ പ്രതിമ സന്തോഷത്തോടെ ആർക്കെങ്കിലും കൈമാറാൻ കാത്തിരിക്കുന്നത് പോലെയാണ് കൈവശം സൂക്ഷിക്കുന്നത്.
കാരണം ഇതിൻ്റെ സ്പെയർ പാർട്ടുകൾക്ക് അത്ര വിലയാണ്. ഒരു സെറ്റ് ബൽറ്റ് മാറ്റണമെങ്കിൽ 2000 രൂപ വേണം. മോട്ടോറുകൾ രണ്ടെണ്ണമുണ്ട്. ഒരു മോട്ടോർ മാറിയാൽ കാസറ്റ്‌ സ്പീഡ് സിംക്രണൈസ് ചെയ്യണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണം. ഇത് നന്നാക്കാൻ കഴിവുള്ളവർ വളരെ ചുരുക്കവും.
പക്ഷേ ഇവനിൽ നിന്നും പുറത്ത് വരുന്ന ക്ലാസ് AB ആംപ്ലിഫയറിൻ്റെ മനം മയക്കുന്ന ശബ്ദം ഏതൊരു സംഗീതാസ്വാദകൻ്റെയും മനം മയക്കും.
രണ്ട് 5 ഇഞ്ച് 8 ഓംസ് ഫുൾ റേഞ്ച് സ്പീക്കറുകളും, 2 ഒന്നരയിഞ്ച് ട്യൂട്ടറുകളുമാണ് ഈ ശബ്ദം പുറപ്പെടുവിക്കുന്നത്.
40 മുതൽ 12000 ഹെർട്സ് വരെയുള്ള ഫ്രീക്വൻസിയിലാണ് ഇവൻ്റെ ഫ്രീക്വൻസി റസ്പോൺസ്.
ഇന്നത്തെ ആംപ്ലിഫയറുകൾ 20 to 20000 ഹെർട്സിലാണ് ട്യൂൺ ചെയ്യുന്നത്. പക്ഷേ പണ്ടത്തെ സൗണ്ടിൻ്റെ ഡൈനമിക്സ് ഇന്നത്തെ സെറ്റുകളിൽ നിന്ന് കിട്ടുന്നില്ല എന്നാണ് മ്യൂസിക് ലവേഴ്സ് പറയുന്നത്.
എൻ്റെ കളക്ഷനിൽ ഉണ്ടായിരുന്ന ഈ ജൂനിയർ മാൻഡ്രേക്കിനെ ഞാൻ സന്തോഷപൂർവ്വം തൊടുപുഴക്കാരനായ സുഹൃത്ത് പ്രേംരാജീവിന് കൈമാറി.. അദ്ദേഹം അത് സന്തോഷപൂർവ്വം കൈപ്പറ്റി, ചുമന്ന് പെട്ടി ഓട്ടോർഷയിൽ. കയറ്റിക്കൊണ്ട് പോയി.
പാവം ജീവിച്ചിരുപ്പുണ്ടോ എന്തോ ഇപ്പോൾ ഫോണിൽ വിളിച്ചിട്ട് പോലും കിട്ടുന്നില്ല.
ചിത്രം GF 555 എൻ്റെ കൈവശമിരുന്നപ്പോൾ.അജിത് കളമശേരി .23.06.2022, #vintage_audio,#ajith_kalamassery

കേരളത്തിൽ നിന്നൊരു മാർക്കോണി.

 കേരളത്തിൽ നിന്നൊരു മാർക്കോണി.


 

കേരളത്തിൽ നിന്നൊരു മാർക്കോണി.
നമ്മുടെ കൊച്ച് കേരളത്തിൽ നിന്ന് ഒരു അന്താരാഷ്ട്ര ബ്രാൻഡ് റേഡിയോ പുറത്തിറങ്ങിയിരുന്നവിവരം നിങ്ങൾക്കറിയാമോ? അതും 1969 മുതൽ.
തിരുവനന്തപുരം ജില്ലയിലെ,നെടുമങ്ങാട് സൗദാസ് വീട്ടിൽ ശ്രീ വി പുഷ്പാംഗദൻ്റെയും ,അമ്മ സൗദാസിൻ്റെയും സീമന്ത പുത്രനായി 1952 നവംബർ മാസം ജനിച്ച സതീഷ് ചന്ദ്രനാണ് അതിന് പിന്നിലെ ബുദ്ധികേന്ദ്രവും സംരഭകനും.
എഞ്ചിനീയറായിരുന്ന പിതാവിൻ്റെ സാങ്കേതിക തൽപ്പരത പകർന്ന് കിട്ടിയ സതീഷ് ചന്ദ്രന് ചെറുപ്പത്തിലേ ടെക്നിക്കൽ പണികളിൽ താൽപ്പര്യം തുടങ്ങി. കൊച്ചി FACT യിലെ ആദ്യ കെമിക്കൽ എഞ്ചിനീയർമാരിൽ ഒരാളായ പിതാവ് സൾഫർ അലർജി മൂലം പിന്നീട് ആ ജോലി ഉപേക്ഷിച്ച് സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി മാറി,
വീട്ടിലെ ടോർച്ചുകൾ അഴിച്ച് ബാറ്ററി പുറത്തെടുത്ത് മുറി വയറും, ബൾബുകളുമായ കണക്റ്റ് ചെയ്ത് കത്തിക്കുക. സൈക്കിളുകളുടെ ഡൈനാമോ കൊണ്ട് പരീക്ഷണങ്ങൾ നടത്തുക തുടങ്ങിയ അതി സാഹസ പ്രവർത്തനങ്ങൾ ചെറുപ്പത്തിലേ ആരംഭിച്ചു.
പിന്നീടാണ് ശ്രദ്ധ വീട്ടിലെ റേഡിയോയിലേക്ക് തിരിഞ്ഞത്. അക്കാലങ്ങളിൽ വാൽവ് റേഡിയോകൾ മാത്രമേ പ്രചാരത്തിലുള്ളൂ. ആ റേഡിയോയിൽ പച്ച നിറത്തിൽ തിളങ്ങുന്ന മാജിക് ഐയും ,ഡയലിൽ നിന്ന് വരുന്ന വെളിച്ചവും, ആ വെളിച്ചത്തിൽ തെളിഞ്ഞ് കാണുന്ന വട്ടത്തിൽ തിരിക്കുമ്പോൾ നീളത്തിൽ നീങ്ങുന്ന സ്റ്റേഷൻ മാറ്റുന്ന സൂചിയും സതീഷ് ചന്ദ്രനെ വളരെ ആകർഷിച്ചു.
റേഡിയോ സംബന്ധമായി നൂറ് നൂറ് സംശയങ്ങളായി സതീഷിന് പക്ഷേ ഇവയൊന്നും പരിഹരിക്കാൻ ആരുമില്ല.
സതീഷ് ചന്ദ്രൻ്റെ ടെക്നിക്കൽ മൈൻഡ് പിതാവായ പുഷ്പാംഗദന് അത്ര ഇഷ്ടപ്പെട്ടില്ല.
പഠിക്കേണ്ട സമയത്ത് പിള്ളേര് പഠിക്കണം, അല്ലാതെ സ്ക്രൂ ഡ്രൈവറും , പ്ലയറുമായല്ല നടക്കേണ്ടത്.ഈ അസുഖം മാറാൻ ആവശ്യത്തിന് ചൂരൽ കഷായം ഒപ്പം നൽകുകയും ചെയ്തു.
പക്ഷേ ഒരു രക്ഷകൻ തറവാട്ടിൽ ഉണ്ടായിരുന്നു.അമ്മയുടെ അഛനായ നാരായണനായിരുന്നു അത്.
മുത്തച്ഛൻ സതീഷ് ചന്ദ്രൻ്റെ എല്ലാ വിധ ടെക്നിക്കൽ പണികൾക്കും കഴിയാവുന്നത്ര പിൻതുണ നൽകുകയും മാതാപിതാക്കളുടെ ശകാരങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ,പരീക്ഷണ നിരീക്ഷണങ്ങൾക്കാവശ്യമായ പോക്കറ്റ് മണി നൽകി സഹായിക്കുകയും ചെയ്തു.
റേഡിയോ സംബന്ധമായ കൂടുതൽ വിവരങ്ങൾ നൽകാൻ പരിസര പ്രദേശങ്ങളിലൊന്നും അന്നത്തെ കാലത്ത് ആരുമുണ്ടാരുന്നില്ല. മലയാളത്തിൽ പുസ്തകങ്ങളും ഇറങ്ങിയിരുന്നില്ല.
സതീഷ് ചന്ദ്രന് തന്നേക്കാൾ 17 വയസോളം അധികം പ്രായമുള്ള ഒരടുത്ത സുഹൃത്തുണ്ടായിരുന്നു. അയൽവാസിയായ KG നാഥനായിരുന്നു അത്. അദ്ദേഹം സതീഷിന് നല്ല ഒരു സഹായം നൽകി.
തിരുവനന്തപുരത്തുള്ള ബ്രിട്ടീഷ് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തു കൊടുക്കുകയായിരുന്നു ആ സഹായം! ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ പ്രവർത്തിച്ചിരുന്നതായിരുന്നു ആ സ്ഥാപനം.
ഇലക്ട്രോണിക്സ് വിഷയ സംബന്ധിയായി ബ്രിട്ടണിൽ പ്രസിദ്ധീകരിക്കുന്ന.ഇംഗ്ലീഷ് പുസ്തകങ്ങൾ വലിയ കാലതാമസം കൂടാതെ തിരുവനന്തപുരത്തെ ഈ ലൈബ്രറിയിൽ എത്തുമായിരുന്നു.
അതോടെ സതീഷ് ചന്ദ്രൻ്റെ വിജ്ഞാന ദാഹം ശമിപ്പിക്കാൻ ഒരിടമായി. അന്നവിടെയുള്ള പാർത്ഥസാരഥി എന്ന ചെന്നൈ സ്വദേശിയായ മെയിൻ ലൈബ്രറേ റിയൻ ലണ്ടനിൽ നിന്നും വരുന്ന പുതിയ ഇലക്ട്രോണിക്സ് പുസ്തകങ്ങൾ സതീഷി നായി കരുതി വച്ച് പോന്നു.
കോളേജിൽ പഠിക്കുമ്പോൾ തന്നെ മുത്തഛൻ്റെ നാരായണാ ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പിന്നിലെ ഒരു മുറി സതീഷ് ചന്ദ്രന് സ്വന്തമായിരുന്നു. അവിടെ തൻ്റെ പണി ശാല മുത്തഛൻ്റെ സഹായ സഹകരണങ്ങളോടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 18 വയസായിരുന്നു അപ്പോൾ പ്രായം.
കോളേജ് പഠനം ആരഭിച്ചതോടെ താൻ പുസ്തകങ്ങളിൽ നിന്ന് പഠിച്ച കാര്യങ്ങൾ പ്രയോഗിച്ച് നോക്കാൻ ആരംഭിച്ചു.
റേഡിയോ നിർമ്മാണത്തിനാവശ്യമായ വാക്വം ട്യൂബുകളും, ട്രാൻസ്ഫോർമറുകളും, ചേസിസും, കോയിലുകളുമൊക്കെ മദ്രാസിൽ നിന്നും ബോംബെയിൽ നിന്നുമൊക്കെ പണമടച്ച് എഴുതി വരുത്തി.
എല്ലാം പറഞ്ഞ് കൊടുത്ത് അസംബിൾ ചെയ്യിക്കാൻ ഒരു ഗുരു ഇല്ലാതിരുന്നതിനാൽ വീട്ടിലെ റേഡിയോ മാതൃകയാക്കി പണികൾ ആരംഭിച്ചു.
ആദ്യമൊക്കെ പരാജയങ്ങളായിരുന്നു. നിത്യോത്സാഹത്തോടെ പരീക്ഷണങ്ങൾ തുടർന്നു. വിജയം കണ്ടെത്തി. അടുത്തത് പണിതീർത്ത റേഡിയോക്ക് ഒരു ക്യാബി നെറ്റ് നിർമ്മിക്കാനുള്ള ശ്രമമായി.
നാട്ടിലെ ആശാരിമാർക്കൊന്നും റേഡിയോ പ്പെട്ടിയുടെ തടിയും, വെനീറും കൊണ്ടുള്ള പണികൾ അറിയില്ല.. അന്വോഷണങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വാൽവ് റേഡിയോകളുടെ പെട്ടി പണിയുന്ന സ്ഥലമുണ്ടെന്ന് മനസിലാക്കി അവിടെയെത്തി മനസിനിണങ്ങിയ ഒരു പെട്ടിയും അതിനൊത്ത ചേസിസും വാങ്ങി നാട്ടിലെത്തി ആദ്യമുണ്ടാക്കിയ റേഡിയോ ഈ പെട്ടിയിലേക്ക് മാറ്റി അസംബിൾ ചെയ്തു.
സതീഷ് ചന്ദ്രൻ ഉണ്ടാക്കിയ ഈ വാൽവ് റേഡിയോ വളരെ മനോഹരമായി പ്രവർത്തിക്കുന്നത് കണ്ട മുത്തച്ഛൻ നാരായണൻ കൊച്ച് മകന് ഒരു പ്രോത്സാഹനമെന്ന നിലയിൽ ആദ്യമായുണ്ടാക്കിയ ആ റേഡിയോ സതീഷ് പറഞ്ഞ 180 രൂപാ നൽകി വിലയ്ക്ക് വാങ്ങി തൻ്റെ നാരായണാ ടെക്സ്സ്റ്റൈൽസിൽ പ്രമുഖമായൊരു സ്ഥാനം നൽകി പ്രദർശനത്തിന് വച്ചു.
1969 കാലമാണ് റേഡിയോ വളരെ അപൂർവ്വവും ,പണക്കാരുടെ സ്റ്റാറ്റസ് സിംബൽ തന്നെ റേഡിയോകളാണ്.തുണിക്കടയിൽ വരുന്ന .പ്രമുഖ വ്യക്തികൾ റേഡിയോ കണ്ടും ,കേട്ടും ഇഷ്ടപ്പെട്ട് പുതിയ റേഡിയോ കൾക്ക് ഓർഡറുകൾ നൽകിത്തുടങ്ങി.
ഇന്ന് നമ്മൾ റേഡിയോയും, ടെലിവിഷനും, എല്ലാം വാങ്ങുന്നത് പോലെ കാശ് കൊടുത്താൽ വീട്ടിൽ കൊണ്ടു പോകുന്നത് പോലെ അത്ര ലളിതമായിരുന്നില്ല അന്ന് കാര്യങ്ങൾ.
ലൈസൻസ് രാജിൻ്റെ കാലമാണ്. റേഡിയോ, ടെലിവിഷൻ, സൈക്കിൾ തുടങ്ങിയവ എന്തും വാങ്ങുന്നതിനും വിൽക്കുന്നതിനും സർക്കാരിൻ്റെ ലൈസൻസ് വേണ്ടിയിരുന്നു.
നമ്മുടെ വീട്ടിൽ ഇരിക്കുന്ന റേഡിയോയ്ക്ക് ലൈസൻസ് ഉണ്ടോയെന്നറിയാൻ ഏത് നിമിഷമാണ് വയർലസ് ഇൻസ്പെക്റ്റർ എന്ന മാരണം കടന്ന് വരുന്നതെന്ന് ഒരു പിടിയുമില്ല.
ലൈസൻസ് ഇല്ലാത്ത റേഡിയോ വയർലസ് ഇൻസ്പെക്ടർ പിടിച്ചെടുക്കും.
റേഡിയോ വാങ്ങുന്നതിന് മാത്രമല്ല, ഉണ്ടാക്കുന്നതിനും, റിപ്പയർ ചെയ്യുന്നതിന് പോലും ലൈസൻസ് ആവശ്യമായിരുന്നു. അതിനാൽ അധികം പേരൊന്നും അന്ന് ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്ന് വന്നിരുന്നില്ല.
മുത്തഛൻ സംഘടിപ്പിച്ച് നൽകിയ കെട്ടിടത്തിൽ മാർക്കോണി റേഡിയോസ് എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ,മുത്തച്ഛന് താനുണ്ടാക്കിയ റേഡിയോ വിറ്റ വകയിൽ ലഭിച്ച തുക കൊണ്ട് റേഡിയോ നിർമ്മാണ, റിപ്പയറിങ്ങ് ലൈസൻസ് എടുക്കുകയും, മാർക്കോണി എന്ന പേരിൽ റേഡിയോ ബ്രാൻഡ് രജിസ്റ്റർ ചെയ്യുകയുമാണ് ആദ്യം ചെയ്തത്.
35 രൂപയാണ് അന്ന് ഒരു റേഡിയോ നിർമ്മാണത്തിന് ആവശ്യമായ 6 എണ്ണം അടങ്ങുന്ന ഫുൾ സെറ്റ് വാൽവുകൾക്ക് വേണ്ടത്. ഇത് BEL കമ്പനിയുടെ ഉപയോഗിച്ചു. ഓസ്മോണ്ടിൻ്റെ lF ട്രാൻസ്ഫോർമറുകളും, റീക്കോയുടെ അയേൺ കോർ ട്രിമ്മറുകളും, തിരൂരിൽ നിർമ്മിക്കുന്ന ഫൈ കോറിൻ്റെയും,ബോംബെയിൽ R ഗോവിന്ദൻ എന്ന മലയാളി നടത്തിയിരുന്ന
R .Co കമ്പനിയുടെയും, പവർ ട്രാൻസ്ഫോർമറുകളും, ഫിലിപ്സിൻ്റെ യൂണിവേഴ്സൽ ഔട്ട്പുട്ട് ട്രാൻസ്ഫോർമറും, വിസാർഡ് കമ്പനിയുടെ ഫുൾ റേഞ്ച് സ്പീക്കറുകളും ഉപയോഗിച്ച് നല്ല ഗുണമേൻമയുള്ള വാൽവ് റേഡിയോകൾ സ്വന്തമായി രൂപകൽപ്പന ചെയ്ത സർക്യൂട്ടിൽ സതീഷ് നിർമ്മിച്ച് തുടങ്ങി.
തൻ്റെ തിരക്കുകൾക്കിടയിലും പ്രിലിമിനറി കോളേജ് പഠനം സതീഷ് പൂർത്തിയാക്കി ഡിഗ്രിക്ക് ചേർന്നു. ഡിഗ്രിക്ക് ശേഷം ഇഷ്ട വിഷയമായ ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിന് ചേർന്നെങ്കിലും റേഡിയോ നിർമ്മാണത്തിലെ തിരക്കുകൾ മൂലം അത് പൂർത്തിയാക്കാനൊത്തില്ല.
തിരുനെൽവേലിയിൽ പോയി റേഡിയോയുടെ തകിട് കൊണ്ടുള്ള ചേസിസും, തടിയും പ്ലൈവുഡും, ഗ്ലാസും കൊണ്ടുള്ള ക്യാബിനെറ്റും അന്നത്തെ പോപ്പുലർ മോഡലുകളിൽ കാണാൻ ഭംഗിയുള്ളവയിൽ തൻ്റേതായ മാറ്റങ്ങൾ വരുത്തി നിർമ്മിച്ച് വാങ്ങി.
5 മോഡൽ വാൽവ് റേഡിയോകളാണ് മാർക്കോണി ബ്രാൻഡിൽ നെടുമങ്ങാട് നിന്നും പുറത്തിറങ്ങിയത്. 180 രൂപ മുതൽ 380 രൂപ വരെ വിലയുള്ളവയായിരുന്നു അവ.
2 ബാൻഡ് മുതൽ 5 ബാൻഡ് വരെ സ്റ്റേഷൻ സെലക്ഷനുള്ള AC, DC മോഡൽ റേഡിയോകൾ പുറത്തിറക്കിയിരുന്നു.
ഫിലിപ്സിൻ്റെ കമാൻഡർ എന്ന മോഡലിനോട് രൂപ സാദൃശ്യമുള്ള 6 ഇഞ്ചിൻ്റെ രണ്ട് സ്പീക്കറുകൾ വശങ്ങളിലുള്ള 5 ബാൻഡ് പിയാനോ സ്വിച്ച് സഹിതമുള്ള മോഡലായിരുന്നു. മാർക്കോണിയുടെ ഏറ്റവും പ്രസ്റ്റീജിയസ് മോഡൽ.വിൻ്റേജ് റേഡിയോ കളക്റ്റർമാരുടെ ശേഖരങ്ങളിൽ ഈ മോഡൽ ഇപ്പോഴും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.
റേഡിയോകൾ കൂടാതെ 1970 ൽ വാൽവ് സ്റ്റീരിയോ ആംപ്ലിഫയറുകളും, ഫോണോഗ്രാമുകൾക്കും, റിക്കോഡ് പ്ലെയറുകൾക്കും ആവശ്യമായ വാക്വം ട്വൂബ് പ്രീ ആംപ്ലിഫയറുകളും, HMV പുറത്തിറക്കിയ റെക്കോഡ് പ്ലയർ മെക്കാനിസം ഉപയോഗിച്ച് സ്റ്റീരിയോ, മോണോ റിക്കാർഡ് പ്ലയറുകളും മാർക്കോണി ബ്രാൻഡിൽ പുറത്തിറങ്ങി.
ഒരിക്കൽ വാങ്ങിയവരുടെ വാമൊഴി പരസ്യവും, അതിൻ്റെ ഗുണമേൻമയും നിമിത്തം മാർക്കോണി ബ്രാൻഡ് കേരളത്തിലും, തമിഴ് നാട്ടിലും, പിന്നീട് ദക്ഷിണേന്ത്യ ഒട്ടാകെയും നല്ല പ്രചാരം നേടി.
മലയാളികൾ ധാരാളമായുണ്ടായിരുന്ന സിലോണിലേക്കും, ബർമ്മയിലേക്കും, മാർക്കോണി ബ്രാൻഡിലുള്ള റേഡിയോകൾ ചെന്നെത്തി.
1976 ൽ ഇന്ത്യൻ വിപണിയിലും ട്രാൻസിസ്റ്ററുകളുടെ യുഗം ആരംഭിച്ചതോടെ BEL കമ്പനി വാക്വം ട്യൂബുകളുടെ നിർമ്മാണം അവസാനിപ്പിക്കുകയും, വാൽവുകൾ വിപണിയിൽ ലഭ്യമല്ലാതെ വരുകയും ചെയ്തതോടെ 1979 കാലഘട്ടത്തിൽ സതീഷ് ചന്ദ്രൻ മാർക്കോണി ബ്രാൻഡിലെ വാൽവ് റേഡിയോകളുടെ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.
അതോടെ പതിയെപ്പതിയെ മാർക്കോണി എന്ന കേരളത്തിലെ 53 വർഷം മുൻപ് ആരംഭിച്ച ആദ്യത്തെ റേഡിയോ ബ്രാൻഡ് വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു.
തുടർന്ന് സതീഷ് ചന്ദ്രൻ ട്രാൻസിസ്റ്റർ ആംപ്ലിഫയറുകളുടെയും,ഇൻവെർട്ടറുകളുടെയും, UPS കളുടെയും വോൾട്ടേജ് സ്റ്റബിലൈസറുകളുടെയും നിർമ്മാണവും ഒപ്പം വാൽവ് റേഡിയോ ,ട്രാൻസിസ്റ്റർ, ടെലിവിഷൻ ,VCR,സർവ്വീസിങ്ങിലേക്കും പൂർണ്ണമായും തിരിയുകയും.. 2012 വരെ സതീഷ് ഇലക്ട്രോണിക്സ് എന്ന തൻ്റെ സ്ഥാപനം വിജയകരമായി നടത്തുകയും ചെയ്തു.
സതീഷ് ചന്ദ്രൻ സാറിൻ്റെ സഹധർമ്മിണി ലൈല, ഏകമകൾ ശിൽപ്പ.70 വയസിനോടടുക്കുന്ന ശ്രീ സതീഷ് ചന്ദ്രൻ സർ ഇപ്പോൾ 10 വർഷമായി തൻ്റെ ഇലക്ട്രോണിക്സ് പണികളൊക്കെ വിട്ട് ശാസ്ത്ര സാങ്കേതിക ലേഖനങ്ങൾ എഴുതിയും,കൊച്ച് മക്കളുമായി സമയം ചിലവിട്ടും, തൻ്റെ വിശ്രമജീവിതം തിരുവനന്തപുരത്തെ സ്വന്തം ഫ്ലാറ്റിൽ ചിലവഴിച്ച് വരുകയാണ്.
അദ്ദേഹത്തെ പരിചയപ്പെടുന്നതിനും, സംശയങ്ങൾ പരിഹരിക്കുന്നതിനുമായി 9947811077 എന്ന നമ്പരിൽ Whatsapp മെസേജായോ, ശബ്ദ സന്ദേശമായോ ബന്ധപ്പെടാവുന്നതാണ്. അദ്ദേഹം തീർച്ചയായും മറുപടി നൽകും.അസമയങ്ങളിൽ ഫോൺ വിളിച്ച് ശല്യപ്പെടുത്താതിരിക്കുന്നത് നിങ്ങളുടെ മാന്യത. എഴുതിയത് അജിത് കളമശേരി 27.06.2022 #ajith_kalamassery, #സീനിയർ_ടെക്നീഷ്യൻസ്,

കെൽട്രോണും പീക്കേയും തമ്മിൽ

 കെൽട്രോണും പീക്കേയും തമ്മിൽ


 

2014 ൽ ആമിർ ഖാൻ നായകനായി രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ PK പുറത്തിറങ്ങി. അതിൻ്റെ പോസ്റ്റർ ഡിസൈൻ വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
ആമീർ ഖാൻ ഒരു ടേപ്പ് റിക്കോർഡർ കൊണ്ട് തൻ്റെ പ്രൈവറ്റ് പാർട്ടുകൾ മറച്ച നിലയിലുള്ള ആ പോസ്റ്റർ സദാചാരവാദികളുടെ എതിർപ്പിനും വൻ വിവാദങ്ങൾക്കും അന്ന് വഴിവച്ചിരുന്നു.
നാഷണൽ പാനാസോണിക്കിൻ്റെ 1970 മുതൽ 1984 വരെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ജനപ്രീയ മോഡൽ RQ 565 D എന്ന ടു ഇൻ വണ്ണായിരുന്നു ആ വിവാദ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.
RQ 565 D ഒരു 3 ബാൻഡ് റേഡിയോ ഉള്ള മോഡലായിരുന്നു. FM ഉണ്ടായിരുന്നില്ല. കാസറ്റ് ഡോറിൻ്റെ താഴെ ഒരു കൗണ്ടർ, ഡയലിൽ ഒരു അനലോഗ് Vu മീറ്റർ, ഹെവി ഡ്യൂട്ടി മെക്കാനിസം, എന്നിവ ഈ മോഡലിൻ്റെ പ്രത്യേകതകളായിരുന്നു.
ഈ PK യും നമ്മുടെ കെൽട്രോണും തമ്മിൽ എന്ത് ബന്ധം? ആ വിഷയത്തിലേക്ക് കടക്കാം.
കേരളത്തിൻ്റെ അഭിമാനമായിരുന്ന കെൽട്രോൺ 1980 മുതൽ റേഡിയോകൾ നിർമ്മിച്ചിരുന്നു എന്ന് നിങ്ങൾക്കറിയാം.
1984 ൽ കെൽട്രോൺ ഏതാനും മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ ?.
അങ്ങനെയും സംഭവിച്ചിട്ടുണ്ട്. 1984 കാലഘട്ടത്തിൽ കെൽട്രോൺ 3 മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നു. ഒപ്പം ബ്ലാങ്ക് കാസറ്റുകളും.
.
കെൽട്രോൺ പുറത്തിറക്കിയ TR 634 എന്ന മോഡൽ PK ഫിലിമിൽ ആമിർ ഖാൻ നാണം മറച്ച അതേ RQ 565 D തന്നെയായിരുന്നു.
പാനാസോണിക്കിൻ്റെ മോഡലുമായി കെൽട്രോൺ സെറ്റിനുള്ള വ്യത്യാസം അനലോഗ് Vu മീറ്റർ ഇല്ല എന്നത് മാത്രമായിരുന്നു. പകരം ആ സ്ഥാനത്ത് രണ്ട് LED കൾ സ്ഥാപിച്ചിരുന്നു.
കെൽട്രോൺ 1983 ൽ ഏതാണ്ട് 500 ഓളം RQ 565 D യുടെ ക്യാബിനെറ്റ് വിത്ത് മെക്കാനിസം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് കെൽട്രോണിൻ്റെ തിരുവനന്തപുരം പ്ലാൻ്റിൽ അസംബിൾ ചെയ്തിരുന്നു.
PCB, സ്പീക്കർ, പവർ ട്രാൻസ്ഫോർമർ എന്നിവ കെൽട്രോണിൻ്റെ തന്നെ. വളരെ നല്ല ഗുണമേൻമ ഉണ്ടായിരുന്ന ഈ മോഡൽ ടേപ്പ് റിക്കോർഡറുകൾ ചൂടപ്പം പോലെ വിപണിയിൽ വിറ്റ് പോയി.
ഈ സെറ്റിൻ്റെ PCB യിൽ ഉൾക്കൊള്ളിച്ച ഭാരത് ഇലക്ട്രോണിക്സ് നിർമ്മിച്ചിരുന്ന ഹീറ്റ് സിങ്ക് ഇല്ലാത്ത BEL 1895 എന്ന ഐസി ഉപയോഗിച്ചുള്ള 1 വാട്ട് ക്ലാസ് AB ആംപ്ലിഫയർ അന്നത്തെ കാലത്ത് വലിയ പുതുമയായിരുന്നു.
ട്രാൻസിസ്റ്റർ ഉപയോഗിച്ച് അര വാട്ട് ശബ്ദം ഉണ്ടാക്കുമ്പോൾ തന്നെ നല്ല ഹീറ്റ് സിങ്ക് വേണ്ടിയിരുന്ന കാലത്താണ് ,ഹീറ്റ് സിങ്കില്ലാതെ വൺവാട്ട്.
കുറഞ്ഞ ബാറ്ററി ചിലവിൽ ക്ലീൻ സൗണ്ടായിരിന്നു ഈ ഐസിയുടെ പ്രത്യേകത.
1983 ൽ കേരളത്തിൽ എല്ലായിടവും വൈദ്യുതി എത്തിയിട്ടില്ല എന്നതിനാൽ ബാറ്ററി ഇട്ടാലും ദീർഘനേരം പ്രവർത്തിക്കുമെന്ന ഗുണം വിൽപ്പനയെ വളരെ സഹായിച്ചു.
ഫിലിപ്സിൻ്റെ PV C ഗാങ്ങ് കപ്പാസിറ്ററും കെൽട്രോണിനായി ജവഹർ കമ്പനി നിർമ്മിച്ച lFTകളും കോയിലുകളും മികച്ച റേഡിയോ റിസപ്ഷൻ കിട്ടാൻ സഹായകമായിരുന്നു.
3 സ്റ്റേജ് സിലിക്കോൺ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള ഹെഡ് പ്രീ ആംപ്ലിഫയർ കാസറ്റ് പ്ലയറിന് നല്ല ശബ്ദ ഗുണം നൽകി.
500 എണ്ണം അസംബിൾ ചെയ്ത് വിപണിയിലെത്തിച്ചപ്പോൾ തന്നെ അറിയപ്പെടാത്ത കാരണങ്ങളാൽ കെൽട്രോണിൻ്റെ ടേപ്പ് റിക്കോർഡർ അസംബ്ലിങ്ങ്‌ യൂണിറ്റിന് താഴ് വീണു.
ഒരു സ്റ്റീരിയോ മോഡലും, TR 634 എന്ന ചിത്രത്തിൽ കാണുന്ന മോഡലും, ഒരു കിടത്തിയിടുന്ന ബെഡ് ടൈപ്പ് മോഡലിലും കെൽട്രോൺ ടേപ്പ് റിക്കോർഡറുകൾ പരിമിത എണ്ണം അക്കാലത്ത് പുറത്തിറക്കിയതായി കേട്ട് കേൾവിയുണ്ട്.
മറ്റ് കെൽട്രോൺ ടേപ്പ് റിക്കോർഡർ മോഡലുകൾ ആരുടെയെങ്കിലും കൈവശം ഉള്ള പക്ഷം അതിൻ്റെ ചിത്രം കമൻ്റായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
TR 634 എന്ന 2 IN ONE മോഡൽ മാത്രമേ എൻ്റെ ദീർഘകാല അന്വോഷണത്തിനൊടുവിൽ കണ്ട് കിട്ടിയുള്ളൂ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്കാരനായ സനീഷ് മംഗലശേരിയുടെ കൈവശമാണ് അവനുള്ളത്. വളരെ അപൂർവ്വമായതിനാൽ വിൻ്റേജ് കളക്റ്റർമാർക്കിടയിൽ വൻ പ്രീയമാണിവന്.
അക്കാലത്ത് കെൽട്രോൺ പുറത്തിറക്കിയ കാസറ്റുകളും നല്ല ഗുണമേൻമ ഉള്ളവയായിരുന്നു. വളരെ അപൂർവ്വമായ അവ ചില കാസറ്റ് ശേഖരണക്കാരുടെ കൈവശമുണ്ട്. ചിത്രത്തിൽ കാസറ്റുകളും കാണാം.
ഈ മോഡലിൽ പെട്ട കുറേയെണ്ണം ഏതോ പദ്ധതി പ്രകാരം സർക്കാർ സ്കൂളുകളിലേക്ക് നൽകിയിരുന്നു. സർക്കാർ സ്കൂളുകളുടെ പഴയ അലമാരികളുടെ മുകളിൽ എവിടെയെങ്കിലും ഈ നിധി ഇപ്പോഴും പൊടിപിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ടാകണം. എഴുതിയത് അജിത് കളമശേരി.01.07.2022. #Ajith_Kalamassery, #keltron,

കെൽട്രോൺ റേഡിയോകൾ

 കെൽട്രോൺ റേഡിയോകൾ

 


പണ്ടൊക്കെ നാട്ടിലെ ഏതൊരു അക്രി കടയിൽ ചെന്നാലും അവിടെ നിന്നും ഇലക്ട്രോണിക്സിൻ്റെ അസ്ക്യത പിടിച്ച നമ്മക്ക് പറ്റിയ എന്തെങ്കിലുമൊക്കെ ഉരുപ്പടികൾ പോക്കറ്റിന് ഇണങ്ങിയ വിലയ്ക്ക് കിട്ടുമായിരുന്നു.
വീട്ടുകാർ വിറ്റൊഴിവാക്കുന്ന വീട്ടിൽ സ്ഥലം മുടക്കിയായി ഇരിക്കുന്ന പഴയ കാസറ്റ് ഇട്ട് പാടിക്കുന്ന ടേപ്പ് റിക്കോർഡറുകൾ, അനുബന്ധമായി ചാക്കിൽ കെട്ടിയ കാസറ്റുകൾ, പത്തായം പോലുള്ള TVകൾ, കാറിൽ വച്ചിരുന്ന കുഞ്ഞൻ TVകൾ, FM റേഡിയോകളുടെ കുത്തൊഴുക്കിൽ ശബ്ദം നഷ്ടപ്പെട്ട പഴയ ഫിലിപ്സ്, മർഫി, ബുഷ്, നെൽകോ, കെൽട്രോൺ റേഡിയോകൾ… നിരാഹാര സമരപ്പന്തലിൽ പുട്ടും, ഏത്തപ്പഴവും എത്തിക്കാൻ ഉപയോഗിച്ചിരുന്ന പഴയ എവറെഡി പിച്ചള ടോർച്ചുകൾ! അങ്ങനെ എന്തെല്ലാമായിരുന്നു പത്തോ - അമ്പതോ രൂപ കൊടുത്താൽ കിട്ടിയിരുന്നത്. അതൊക്കെയൊരു കാലം!
ഇന്നതല്ല സ്ഥിതി. നാട് മുഴുവൻ ഗ്ലോറിഫൈഡ് അക്രി പെറുക്കൽകാരായ വിൻ്റേജ് കളക്റ്റർമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വലിയ വലിയ ഉദ്യോഗസ്ഥരും, കോളേജ് പ്രൊഫസർമാരും പോലീസ് ഉദ്യോഗസ്ഥരും, അദ്ധ്യാപകരും, ബിസിനസുകാരുമൊക്കെയാണ് ഈ രംഗത്തേക്ക് കടന്ന് വന്ന് കാണുന്നതിലെല്ലാം ഒന്ന് കടിച്ച് നോക്കുന്ന അഴിച്ച് വിട്ട ആടിനെപ്പോലെ എല്ലാ അക്രിക്കടകളിലും കയറി മേഞ്ഞു കൊണ്ടിരിക്കുന്നത്.
പണിയില്ലാത്ത ദിവസങ്ങളിൽ വെള്ളമടി കമ്പനിക്ക് പോകാതെ വല്ലതുമൊക്കെ അഴിച്ച് പണിയുമ്പോൾ കിട്ടുന്ന; ഒരു പൈൻ്റടിച്ചാൽ കിട്ടുന്നതിലും അധികം ലഹരി സ്വയം ആസ്വദിക്കുന്ന ഇലക്ട്രോണിക്സ് പ്രാന്തൻമാരുടെ വയറ്റത്താണ് ഇവരെല്ലാം കൂടി അടിച്ചിരിക്കുന്നത്.
പത്തും മുപ്പതും ലക്ഷം വിലയുള്ള കാറുകളിൽ എത്തി അക്രിക്കടയിൽ നിന്നും ഒരു സാധനം വാങ്ങുന്നതിൻ്റെ ടെക്നോളജി ലേശം പോലും വശമില്ലാതെ കാണുന്ന പൊട്ടിയതും, പൊളിഞ്ഞുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം കടക്കാരൻ ചോദിക്കുന്ന വില കൊടുത്ത് വാങ്ങി കാറിൽ കയറ്റിക്കൊണ്ട് പോകുന്ന ഇത്തരം ഗ്ലോറി ഫൈഡ് അക്രി പെറുക്കുകാരുടെ ബാഹുല്യം നിമിത്തം നമ്മളെപ്പോലുള്ള 100 രൂപ വില പറഞ്ഞാൽ അത് പേശി, പേശി 50 രൂപയാക്കുന്ന ഏഴാം കൂലികളെ സ്ക്രാപ്പ് കച്ചവടം ചെയ്യുന്നവർ തീരെ മൈൻഡ് ചെയ്യാതായി.
ഇത്തരക്കാർ മൂലം ശരിയായ ഇലക്ട്രോണിക്സ് പുരാവസ്തുക്കൾ ശേഖരിക്കുന്നവരും പല വിധ ബുദ്ധിമുട്ടുകൾക്ക് ഇരയായി മാറിയിരിക്കുകയാണ്. കൈവശമുള്ള ഒരു പഴയ മോഡൽ സെറ്റ് നന്നാക്കി വീണ്ടും പഴയ കണ്ടീഷനാക്കണമെങ്കിൽ അതേ മോഡൽ സെറ്റ് രണ്ടെണ്ണമെങ്കിലും വീണ്ടും തപ്പിക്കണ്ട് പിടിച്ചാലേ സ്പെയർ പാർട്സുകൾ ഊരിയെടുക്കാൻ പറ്റൂ! ഇപ്പോൾ അതിനുള്ള സാദ്ധ്യത തീരെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പഴയത് എന്ത് കണ്ടാലും അതിൻ്റെ വിപണി വിലയോ, പുരാവസ്തു മൂല്യമോ അറിയാത്ത പുതു തലമുറ അക്രി പെറുക്കുകാർ കൊള്ള വില കൊടുത്ത് അത് കൊത്തിക്കൊണ്ട് പറക്കും.
ആമുഖമായി ഇത്രയും വലിച്ച് വാരി പറഞ്ഞത് നമ്മുടെ നാട്ടിലെ പുരാവസ്തു കളക്റ്റർമാരും വിദേശികൾ ചെയ്യുന്നതു പോലുള്ള കളക്ഷൻ ടെക്നിക്കുകളിലേക്ക് മാറണമെന്ന കാര്യം അവതരിപ്പിക്കാനാണ്.
തൻമൂലം അവരുടെ കളക്ഷൻ്റെ മൂല്യം വർദ്ധിക്കുകയും, അത്യാവശ്യ ഘട്ടങ്ങളിൽ അവ വിറ്റഴിക്കേണ്ടി വന്നാൽ മുടക്കിയ പണത്തിനും, സമയത്തിനും തക്കതായ മൂല്യം ലഭിക്കുകയും ചെയ്യും.
ഇതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് തനിക്ക് ഏറ്റവും താൽപ്പര്യമുള്ള വിഷയം കണ്ടെത്തുക എന്നതാണ്. ഉദാഹരണത്തിന്: റെക്കാഡ് പ്ലയർ, ഇതിൽ തന്നെ കറണ്ട് വേണ്ടാത്തവയുണ്ട്, ഡയറക്റ്റ് ഡ്രൈവ് ഉണ്ട്‌, റെക്കാഡ്ചേഞ്ചർ ഉള്ളവയുണ്ട്, റേഡിയോയും ഒപ്പമുള്ളവ, എങ്ങും തൊടാതെ അന്തരീക്ഷത്തിൽ ഉയർന്ന് നിന്ന് കറങ്ങുന്ന മാഗ്‌നെറ്റിക് ലവിറ്റേഷൻ ടേൺ ടേബിൾ ഉള്ളവ…. ഇങ്ങനെ നൂറ് കണക്കിന് ഉപശാഖകൾ ഈ റെക്കാഡ് പ്ലയർ എന്ന ഒരു ശാഖയിൽ തന്നെയുണ്ട്.
ഇനി കാസറ്റ് പ്ലയർ എടുത്താൽ മോണോ, സ്റ്റീരിയോ, സിംഗിൾ കാസറ്റ്, ഡബിൾ കാസറ്റ്, ട്രിപ്പിൾ കാസറ്റ്, ഡക്കുകൾ, റാക്കുകൾ, ബൂം ബോക്സ്, വാക്ക്മാൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഡലുകൾ …
കയ്യിൽ കിട്ടുന്നതെല്ലാം ശേഖരിക്കാൻ പോയാൽ എവിടെയുമെത്തില്ല, നമ്മുടെ ശേഖരത്തിന് നമ്മൾ മുടക്കുന്ന പണത്തിനും സമയത്തിനും തുല്യമായ മൂല്യം പോലും കിട്ടില്ല. നമ്മുടെ കാലം കഴിഞ്ഞാൽ ഏതെങ്കിലും അക്രിക്കടയിൽ ഇവയെല്ലാം വിലയം പ്രാപിക്കുകയും ചെയ്യും. അതിനാൽ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങൾ മാത്രമായി ശേഖരണം ചുരുക്കാൻ കടുത്ത തീരുമാനം എടുക്കുക.
കാസ്റ്റുകൾ ശേഖരണമാണ് നമ്മുടെ ഇഷ്ട വിഷയമെങ്കിൽ തരംഗിണി, റാഫ, തോംസൺ, ജോണി സാഗരിക, HMV, മാഗ്നസൗണ്ട്, സത്യം തുടങ്ങി നൂറ് കണക്കിന് കമ്പനികൾ കാസറ്റുകൾ ഇറക്കിയിട്ടുണ്ട്. അവയിൽ ഒരു കമ്പനി തിരഞ്ഞെടുത്ത് അതിൽ സ്പെഷ്യലൈസ് ചെയ്യുക.
തരംഗിണിയാണ് നമ്മൾ തിരഞ്ഞെടുക്കുന്നതെങ്കിൽ കൈവശമുള്ള മറ്റ് കമ്പനി കാസറ്റുകൾ വേറേ ശേഖരണക്കാരുമായി പങ്ക് വച്ച് നമ്മുടെ കയ്യിലുള്ള തരംഗിണി കാസറ്റുകളുടെ ശേഖരം വർദ്ധിപ്പി തുക. ഓരോ കാസറ്റിനെപ്പറ്റിയും കഴിയാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് ഒപ്പം ഡോക്കുമെൻ്റ് ചെയ്യുക.
ഇനി ടേപ്പ് റിക്കേർഡറുകളാണ് നമ്മുടെ ശേഖരണമെങ്കിൽ ഒരു കമ്പനിയിൽ മാത്രമായി ഫോക്കസ് ചെയ്യുക .അത് തന്നെ നമ്മൾ വിചാരിക്കുന്നതിലും വലിയ ടാസ്ക്കാണ്. ഉദാഹരണത്തിന് വാക്ക് മാനാണ് നമ്മൾ ശേഖരിക്കാൻ ഫോക്കസ് ചെയ്യുന്നതെങ്കിൽ 100 കണക്കിന് കമ്പനികൾ വാക്ക്മാൻ വിപണിയിലെത്തിച്ചിട്ടുണ്ട്.
ഇതിൽ വാക്ക് മാൻ കണ്ട് പിടിച്ച് വിപണിയിലെത്തിച്ച സോണി കമ്പനി തന്നെ 650 ൽ അധികം മോഡൽ വാക്ക് മാനുകൾ പുറത്തിറക്കിയിട്ടുണ്ട്. നമ്മുടെ കൈവശമുള്ള മറ്റ് സെറ്റുകൾ വിറ്റൊഴിവാക്കി വാക്ക് മാൻ ശേഖരണത്തിലേക്ക് മാറിയാൽ തന്നെ അത് വളരെ മൂല്യമേറിയ ഒരു കളക്ഷനായിരിക്കും.
കേരളത്തിലുള്ള ആരെങ്കിലും തീർച്ചയായും ചെയ്യേണ്ട ഒരു കളക്ഷനാണ് കെൽട്രോൺ TVകൾ കൂടാതെ റേഡിയോകളുടെയും ടേപ്പ് റിക്കോർഡറുകളുടെയും കളക്ഷൻ.. ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിൽ പുറത്തിറങ്ങിയ റേഡിയോകളാണ് കെൽട്രോൺ.കെൽട്രോണിൻ്റെ ആംപ്ലിഫയറുകളും 16mm സിനിമാ പ്രൊജക്റ്ററുകളുമെല്ലാം ഗുണമേൻമയിൽ വളരെ മികച്ചതായിരുന്നു.
കെൽട്രോൺ സ്റ്റീരിയോ ഉൾപ്പടെ പല മോഡൽ കാസറ്റ് പ്ലേയറുകളും പുറത്തിറക്കിയിട്ടുണ്ട്.ഇവ വളരെ അപൂർവ്വമാണ്. കെൽട്രോൺ ഉൽപ്പന്നണളുടെ ശേഖരണം കേരളത്തിലെ പുതു തലമുറയ്ക്ക് അവ പരിചയപ്പെടാനുള്ള വഴിയും തുറക്കും.
അധികം വലിച്ച് നീട്ടുന്നില്ല ആയതിനാൽ പ്രീയ ഇലക്ട്രോണിക്സ് വിൻ്റേജ് ശേഖരണക്കാരെ… നിങ്ങൾ ഏതെങ്കിലുമൊരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ ശേഖരണത്തിൻ്റെ മൂല്യം വർദ്ധിപ്പിക്കുക.. കണ്ട കാടും പടലുമൊക്കെ വാങ്ങി വീട് നിറച്ചാൽ വീട്ടുകാർ നിങ്ങളെ ചവിട്ടിപ്പുറത്താക്കുന്ന ദിനം അത്ര വിദൂരത്തിലല്ല. എഴുതിയത് അജിത് കളമശേരി.29.07.2022.#Ajith_kalamassery, #Vintage, #keltron

വാക്ക് മാനിൻ്റെ കഥ

വാക്ക് മാനിൻ്റെ കഥ


ജപ്പാനിലെ സോണി കമ്പനിയുടെ സഹസ്ഥാപകനായ മസാറു ഇബുക്ക വലിയ സംഗീതപ്രേമിയായിരുന്നു. തൻ്റെ ബിസിനസ് ആവശ്യാർത്ഥമുള്ള നീണ്ട വിമാനയാത്രകളിൽ അദ്ദേഹം സംഗീതം ആസ്വദിക്കാനായി സ്ഥിരമായി ഒപ്പം കൊണ്ട് നടന്നിരുന്നത് സോണിയുടെ അന്നത്തെ ഏറ്റവും ചെറിയ സ്റ്റീരിയോ പ്ലയറായ TC- D5 എന്ന മോഡലാണ്.
ഇതിന് ബാറ്ററിയടക്കം രണ്ടരക്കിലോ വെയിറ്റ് വരുമായിരുന്നു.
1979 ലെ ഒരു ഗ്രീഷ്മ കാലത്ത് അമേരിക്കയിലേക്കുള്ള പതിവ് വിമാനയാത്രയ്ക്കിടെ അദ്ദേഹം തൻ്റെ സഹയാത്രികനും കമ്പനിയുടെ ഡപ്യൂട്ടി പ്രസിഡണ്ടുമായ നോറിയോ ഒഹാഗയോട് ചോദിച്ചു.
ഈ TC- D5 എന്ന മോഡൽ ശബ്ദ ശുദ്ധിയിൽ അടിപൊളിയാണ് പക്ഷേ ഇതിൻ്റെ ഒടുക്കത്തെ കനം കാരണം കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണല്ലോടോ പ്രസിഡണ്ടേ!
പോരാത്തതിന് ഒരു ബൈബിളിൻ്റെ വലിപ്പവും, ബാറ്ററി ഇടുന്നതും തീരുന്നതും ഒപ്പമാണല്ലോടോ… ഒരു കാസറ്റ് കേട്ടു കഴിഞ്ഞാൽ ബാറ്ററിയുടെ പണി ക്കുറ്റം തീരും!
.തൻ്റെ എഞ്ചിനീയർമാർക്ക് അവിടെ എന്താ പണി? തീരെ വലിപ്പം കുറഞ്ഞതും,ഇതേ ശബ്ദ ഗുണമുള്ളതും, എന്നാൽ ബാറ്ററി ഇട്ടാൽ അഞ്ചാറ് കാസറ്റുകൾ പാടിക്കാവുന്നതുമായ ഒരു സെറ്റ് ഡിസൈൻ ചെയ്തു കൂടെ ?.
കമ്പനി ഡപ്യൂട്ടി പ്രസിഡണ്ട്‌ നോറിയ ഒഹാഗ വിമാനം അമേരിക്കയിൽ നിലം തൊട്ട ഉടനേ അടുത്തുകണ്ട പബ്ലിക് ടെലിഫോൺ ബൂത്തിലേക്കോടി… ജപ്പാനിലെ കമ്പനിയിലേക്ക് വിളിച്ച് ഡിസൈൻ ഹെഡിനോട് വിവരം പറഞ്ഞു.
ഞങ്ങൾ ഒരാഴ്ചക്കുള്ളിൽ തിരികെ ജപ്പാനിലെത്തും അപ്പോഴേക്ക് ഏറ്റവും ചെറിയ വലിപ്പത്തിലുള്ളതും, കയ്യിലൊതുങ്ങുന്നതും, ബാറ്ററി കുറച്ച് മതിയാകുന്നതുമായ ഒരു സെറ്റിൻ്റെ പ്രോട്ടോ ടൈപ്പ് റഡിയായിരിക്കണം. ഇല്ലെങ്കിൽ എല്ലാത്തിനേം ഞാൻ ഉഗാണ്ടയിലേക്ക് കയറ്റി വിടും!
ജപ്പാനിലെ സോണി എഞ്ചിനീയർമാർക്ക് പിന്നീടുള്ള ഒരാഴ്ച ഉറക്കമില്ലാത്ത രാവുകളായിരുന്നു.അറുപതോളം വരുന്ന എഞ്ചിനീയർമാർ അക്ഷീണം പ്രവർത്തിച്ച് ഒരാഴ്ചക്കുള്ളിൽ സോണിയുടെ ഏറ്റവും ചെറിയ സ്റ്റീരിയോ കാസറ്റ് പ്ലയർ തയ്യാറാക്കി.
അമേരിക്കൻ യാത്ര കഴിഞ്ഞ് മസാരു ഇബൂക്കയും, നോറിയോ ഒഹാഗയും ജപ്പാനിൽ തിരികെയെത്തി. എഞ്ചിനീയർമാർ തങ്ങളുണ്ടാക്കിയ പ്രോട്ടോ ടൈപ്പ് അതിന് നിർദ്ദേശം നൽകിയ കമ്പനി പ്രസിഡണ്ട് ഒഹാഗയുടെ മുന്നിൽ സമർപ്പിച്ചു. 88 mm X 133 mm X 29 mm വലിപ്പത്തിൽ ബാറ്ററിയും, ഹെഡ് ഫോണും ഉൾപ്പടെ 390 ഗ്രാം തൂക്കത്തിൽ ഒരു ഇത്തിരി കുഞ്ഞൻ!
FM റേഡിയോ, സൗണ്ട് റിക്കോഡിങ്ങ്, ഇൻബിൽറ്റ് സ്പീക്കർ എന്നീ ആഡംബരങ്ങളൊന്നുമില്ല. ഹെഡ് ഫോൺ ചെവിയിൽ വച്ച ഒഹാഗ.. അന്നത്തെ പോപ്പുലർ റോക്ക്‌ ബാൻഡായ ഓസീബിസയുടെ.ഓ ജായേ ഓജാ എന്ന പാട്ട് കേട്ട് സീറ്റിൽ നിന്ന് ഒരടി പൊങ്ങിച്ചാടിപ്പോയി.
അപ്പോൾ തന്നെ ഓരോ സർട്ടിഫിക്കറ്റ് കൊടുത്ത് എല്ലാവരെയും ഗോറ്റു യുവർ ക്ലാസസ് എന്ന് പറഞ്ഞ് വർക്ക്ഷോപ്പിലേക്ക് ഓടിച്ച ശേഷം ,താൻ തന്നെ പിള്ളാര് പണിത് കൊണ്ടുവന്ന പ്രോട്ടോ ടൈപ്പുമായി മുതലാളിയായ മസാരു ഇബൂക്കയുടെ ക്യാബിനിലേക്കോടി.
ഒഹാഗയുടെ കയ്യിലിരിക്കുന്ന സോപ്പ് പെട്ടി കണ്ട് കണ്ണ് മിഴിച്ച ഇബൂക്കയുടെ ചെവിയിലേക്ക് ഹെഡ് ഫോൺ സ്ഥാപിച്ചു കൊടുത്തു കമ്പനി പ്രസിഡണ്ട്..
പാട്ട് കേട്ട ഒഹാഗ സംതൃപ്തനായി! നീ തങ്കപ്പനല്ലെടാ ….പൊന്നപ്പൻ… എന്ന് നോറിയോ ഒഹാഗയോട് പറഞ്ഞു. പിറ്റേ ദിവസം കമ്പനി മാർക്കറ്റിങ്ങ് വിഭാഗം ഈ പുതിയ ഇനത്തിൽപ്പെട്ട സാധനത്തിന് ഒരു പേരിടാനുള്ള ശ്രമമായി.
കൂലംകുഷമായ ചർച്ചകൾക്ക് ശേഷം sound about, Stowaway, free style എന്നീ മൂന്ന് പേരുകൾ അവർ കണ്ടെത്തി. കുറച്ച് മാസത്തെ ട്രയൽ റണ്ണുകൾക്ക് ശേഷം 1979 ജൂലൈ ഒന്നിന് TPS - L2 എന്ന മോഡൽ നമ്പരിൽ ലോകത്തിലെ ആദ്യത്തെ ഏറ്റവും ചെറിയ സ്റ്റീരിയോ പോർട്ടബിൾ കാസറ്റ് പ്ലയർ സോണി ജപ്പാൻ വിപണിയിലിറക്കി. 150 ഡോളറായിരുന്നു വില നിശ്ചയിച്ചത്.
പ്രതിമാസം 5000 എണ്ണം വിറ്റുപോകും എന്ന കണക്ക് കൂട്ടലാണ് മാർക്കറ്റിങ്ങ് വിഭാഗത്തിനുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി ഓർഡറുകൾ കുമിഞ്ഞ് കൂടി.ഇറക്കിയ ആദ്യമാസത്തിൽ തന്നെ മുപ്പതിനായിരം എണ്ണത്തിന് ഓർഡർ ലഭിച്ചു.
തുടർന്ന് അമേരിക്കൻ വിപണിയിലേക്ക് STOWAWAY എന്ന പേരിൽ പതിനായിരത്തോളം 'TPS - L2 മോഡലുകൾ കയറ്റുമതി ചെയ്തു. (ചിത്രം നോക്കുക) അമേരിക്കയിലെ സോണി ഡീലർമാർക്ക് STOWAWAY എന്ന പേര് അത്രയ്ക്ക് അങ്ങട് ഇഷ്ടപ്പെട്ടില്ല.അവർ STOWAWAY എന്ന പേരിന് മുകളിൽ വാക്ക് മാൻ എന്ന പേരൊട്ടിച്ച് വിപണനം തുടങ്ങി.ചൂടപ്പം പോലെ ആദ്യ ബാച്ച് വാക്ക് മാനുകൾ വിറ്റഴിഞ്ഞു.
ഇക്കാര്യം ജപ്പാനിലെ സോണി കമ്പനിയിലറിഞ്ഞു.. എന്താടാ ദാസാ നമുക്കീ ബുദ്ധി നേരത്തേ തോന്നാതിരുന്നത്? മസാരു ഇബൂക്ക, നോറിയോ ഒഹാഗയോട് ചോദിച്ചു.! നമുക്ക് ഇനി വാക്ക്മാൻ എന്ന പേര് മതി. അതോടെ സോണി STOWAWAYഎന്നതുൾപ്പടെയുള്ള മറ്റ് പേരുകൾ ഉപേക്ഷിച്ചു.
1979 ജൂലൈ 1 മുതൽ 2010 ഫെബ്രുവരിയിൽ നിർമ്മാണം അവസാനിപ്പിക്കുന്നത് വരെ 650 ൽ പരം മോഡലുകളിലായി ഇരുപത് കോടി ഇരുപത് ലക്ഷം സോണി വാക്ക് മാൻ കാസറ്റ് പ്ലയറുകൾ ലോക വ്യാപകമായി വിറ്റഴിഞ്ഞിരുന്നു.
മറ്റ് നൂറോളം കമ്പനികൾ ലോകവ്യാപകമായി പോർട്ടബിൾ കാസറ്റ് പ്ലയറുകൾ വിവിധ പേരുകളിൽ പുറത്തിറക്കിയെങ്കിലും വാക്ക്മാൻ എന്ന ഒറ്റ പേരിലേ അവയെല്ലാം അറിയപ്പെട്ടിരുന്നുള്ളൂ.
ഇപ്പോൾ 40 കളുടെയും 50 കളുടെയും വസന്തങ്ങളായ അന്നത്തെ ടീനേജർമാർക്ക് സുഖകരമായ ഒരു നൊസ്റ്റാൾജിയയായി വാക്ക് മാനുകൾ ഇന്നും പരിലസിക്കുന്നു. എഴുതിയത് അജിത് കളമശേരി .30.07.2022,#Ajith_kalamassery, #Sony_walkman, #vintage.

വാര്യർ സാറിൻ്റെ ബഫർ ആമ്പ്

 വാര്യർ സാറിൻ്റെ ബഫർ ആമ്പ്

 

 


ഈ ബഫർ  സർക്യൂട്ട് അഹൂജ കമ്പനിയുടെ 40 വർഷം മുൻപിറങ്ങിയ  ചില സർക്യൂട്ടുകളിൽ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകാം.അത്  ഇന്നത്തെക്കാലത്തെ ബ്ലൂടൂത്ത് ,ഡിജിറ്റൽ ആമ്പുകൾക്ക് വേണ്ടി ആവശ്യമായ മാറ്റങ്ങൾ വരുത്തിയത് ശ്രീ അച്ചുതവാര്യർ കാളികാവ് ആണ്.അദ്ദേഹത്തിൻ്റെ പേരിൽ ഈ ബഫർ  ആമ്പ് അറിയപ്പെടുന്നതിനെ വാര്യർ സർ എതിർത്തിരുന്നു. എങ്കിലും വാര്യർ സർ വരുത്തിയ മാറ്റങ്ങൾ ആയിരക്കണക്കിന് പേർക്ക് ഗുണപ്രദമായതിനാൽ അദ്ദേഹത്തിൻ്റെ പേരു ചേർത്തു എന്ന് മാത്രം. 

നമ്മുടെ ഗ്രൂപ്പിലെ ബഹുമാന്യ സീനിയർ അംഗമായ ശീ അച്ചുതവാര്യർ സർ കാളികാവ്.. ഡിസൈൻ ചെയ്ത ഈ ബഫർ ആംപ്ലിഫയർ സർക്യൂട്ട് അതിൻ്റെ ഗുണമേൻമ കൊണ്ട് ടെക്നീഷ്യൻമാർക്കിടയിൽ വളരെ ജനപ്രീതി നേടുകയുണ്ടായി.

പല യൂട്യൂബർമാരും ,മറ്റ് ടെക്നീഷ്യൻമാരും വാര്യർ സാറിൻ്റെ പേര് പരാമർശിക്കാതെ ഈ സർക്യൂട്ട് ഷെയർ ചെയ്യുന്നതായി കാണുന്നുണ്ട്.

പണം ഒന്നും ആഗ്രഹിച്ചല്ല വാര്യർ സർ ഈ വയസാംകാലത്ത് കുത്തിയിരുന്ന് തൻ്റെ വിലയേറിയ സമയവും, ധനവും, ആരോഗ്യവും ചിലവഴിച്ച് ഇത്തരം കുണ്ടാമണ്ടികൾ ഡിസൈൻ ചെയ്യുന്നത്. അത് അദ്ദേഹത്തിൻ്റെ ഒരു പാഷനാണ്.

ഈ എഴുപതാം വയസിലും ദിവസവും ഒരുനേരമെങ്കിലും സോൾഡറിങ്ങ് അയേൺ എടുത്ത് ഒന്ന് പെരുമാറുകയും, സോൾഡറിൻ്റെ പുക മണം ശ്വസിക്കുകയും ചെയ്തില്ലെങ്കിൽ എന്തോ നഷ്ടബോധം തോന്നുമെന്ന് അദ്ദേഹം പറയാറുണ്ട്.

ആയതിനാൽ പ്രീയ സുഹൃത്തുക്കളേ ഈ സർക്യൂട്ട് നിങ്ങൾ ഷെയർ ചെയ്യുകയോ, നിർമ്മിക്കുകയോ ,വിൽക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ...അപ്പോൾ ഇത് നമ്മൾക്കായി ഡിസൈൻ ചെയ്യാൻ സമയം ചിലവഴിച്ച വാര്യർ സാറിനെ ഒന്നോർക്കുക.


ഇനി സർക്യൂട്ടിലേക്ക്. മൈക്രോഫോൺ പ്രീ ആംപ്ലിഫയർ ,ബ്ലൂടൂത്ത് പ്ലയർ പോലുള്ള ഒരു ലോ ഇമ്പീയഡിൻസ് സോഴ്സിനെ
പവർ ആംപ്ലിഫയർ, അല്ലെങ്കിൽ ടോൺ കൺട്രോൾ പോലുള്ള മറ്റൊരു ലോ ഇംപീഡിയൻസ് ഇൻപുട്ടിലേക്ക് കണക്റ്റ് ചെയ്യേണ്ട സാഹചര്യം നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്.

ഇങ്ങനെ നേരിട്ട് കണക്റ്റ് ചെയ്യുമ്പോൾ പല വിധ അപശബ്ദങ്ങളും, ചതഞ്ഞ പോലുള്ള ഒട്ടും യാഥാർത്ഥ്യബോധം തോന്നാത്ത ശബ്ദവും ഔട്ട്പുട്ടിൽ വരും.

സംഗീതബോധമുള്ള ഒരാൾക്ക് ഇത് വളരെ വേഗം പിടി കിട്ടും.

ഇങ്ങനെ നേരിട്ട് കപ്പിൾ ചെയ്യാതെ അവയ്ക്കിടയിൽ ഒരു ബഫർ സർക്യൂട്ട് കണക്റ്റ് ചെയ്താൽ നല്ല രീതിയിൽ ലോസ് ലസ്സ് സിഗ്നൽ ട്രാൻസ്ഫറും ,ലൈൻ മാച്ചിങ്ങും സാദ്ധ്യമാകും.
📷
ഇതിന് വളരെ ഉപകരിക്കുന്ന ഒരു സർക്യൂട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഇത് ഹൈ ഇൻപുട്ട് ഇംപീഡിയൻസും, ലോ ഔട്ട്പുട്ട് ഇംപീഡിയൻസും പ്രയോഗത്തിൽ വരുന്ന വിധത്തിൽ ഡിസൈൻ ചെയ്ത സ്കീമാറ്റിക് സ്കീമാണ്.


ഈ സർക്യൂട്ടിൽ ഏതെങ്കിലും ജനറൽ പർപ്പസ് ലോ നോയ്സ് NPN ട്രാൻസിസ്റ്റർ മതിയാകും ഉദാഹരണം BC 549 B, അല്ലെങ്കിൽ C 1815.

എത്ര വോൾട്ടിൻ്റെ പവർസപ്ലേ വേണമെങ്കിലും ഈ സർക്യൂട്ടിൽ കണക്റ്റ് ചെയ്യാം. അതിന് അനുയോജ്യമായ വിധത്തിൽ R 1 റസിസ്റ്ററിൻ്റെ വാല്യൂ കൂട്ടിക്കൊടുത്താൽ മതിയാകും.

ട്രാൻസിസ്റ്ററിൻ്റെ എമിറ്ററിൽ 4 വോൾട്ട് കിട്ടുന്നതാണ് ശരിയായ ബയാസിങ്ങ് വോൾട്ടേജ്. ഇത് കിട്ടത്തക്ക വിധം R 1 ൻ്റെ വാല്യൂ ഉയർത്തുക.

C 1 കപ്പാസിറ്ററിൻ്റെ വർക്കിങ്ങ് വോൾട്ടേജ് സപ്ലേ വോൾട്ടേജിലും ഉയർന്നതായിരിക്കാൻ ശ്രദ്ധിക്കണം. C2, C 3 എന്നിവ 4.7uf 63 വോൾട്ട് ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളാണ്.

സർക്യൂട്ട് ഡിസൈൻ അച്ചുതവാര്യർ: വരയും എഴുത്തും അജിത് കളമശേരി. #Ajith_kalamassery, #Achutha_variyar, #Simple_buffer_ampifier

ട്രാൻസ്ഫോർമർ എഫിഷ്യൻസി ടെസ്റ്റർ


 ട്രാൻസ്ഫോർമർ എഫിഷ്യൻസി ടെസ്റ്റർ

നമ്മളെല്ലാം പലവിധ ആവശ്യങ്ങൾക്കായി വിവിധ തരത്തിലുള്ള പവർ ട്രാൻസ്ഫോർമറുകൾ വാങ്ങാറുണ്ട്. അവയുടെ നിർമ്മാതാക്കൾ പുറത്തെഴുതി ഒട്ടിച്ചിട്ടുള്ള സ്റ്റിക്കറിലെ വോൾട്ടും, ആമ്പിയറും വിശ്വാസത്തിൽ എടുത്താണ് നമ്മൾ ഇവ വാങ്ങുന്നത്.
പക്ഷേ നമ്മളുടെ ഈ വിശ്വാസം നമ്മളെ രക്ഷിക്കാറില്ല. വിപണിയിലെ മൽസരം മൂലവും, അധിക ലാഭേഛ കണക്കിലെടുത്തും റഡിമേഡ് ട്രാൻസ്ഫോർമർ നിർമ്മാതാക്കളിൽ ഭൂരിപക്ഷവും നമ്മളെ കബളിപ്പിക്കുകയാണ്. അല്ലെങ്കിൽ കബളിപ്പിക്കാൻ നിർബന്ധിതരാവുകയാണ്.
ഉണ്ടാക്കുന്നവനേക്കാളും തുക വിൽക്കുന്നയാൾക്ക് ലഭിക്കുന്ന വിധം മാർജിനിൽ കൊടുത്താലേ കടക്കാർ സാധനം വിൽക്കാനായി എടുക്കുകയുള്ളൂ. അതിനാൽ ക്വാളിറ്റിയിലും, ക്വാൺടിറ്റിയിലും കുറവ് വരുത്തി ട്രാൻസ്ഫോർമറുകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു.
കൂടാതെ ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ അറിവില്ലായ്മയും ഈ കബളിപ്പിക്കലിന് കാരണമാകുന്നുണ്ട്.
ഒരു ടെക്നീഷ്യൻ സ്പെയർ ഷോപ്പിൽ ചെന്ന് ചോദിക്കുന്നു.. 27 വോൾട്ട് 5 ആമ്പിയർ ട്രാൻസ്ഫോർമറിന് എന്ത് വില? 1500 രൂപ
ഉടൻ അടുത്ത ഷോപ്പിലേക്ക് പോകുന്നു അവിടെയും ഈ ചോദ്യം ആവർത്തിക്കുന്നു. കടക്കാരൻ്റെ മറുപടി 1250 രൂപ .. വീണ്ടും അടുത്ത ഷോപ്പിലേക്ക് വെയിലും കൊണ്ട് നടക്കുന്നു. ചോദ്യം അത് തന്നെ പക്ഷേ ഉത്തരം മനസ്സ് കുളിർപ്പിക്കുന്നു. വെറും 900 രൂപ!
സാധനം വാങ്ങുന്നു വീട്ടിലെത്തുന്നു.അസംബിൾ ചെയ്യുന്നു കത്തുന്നു. വീണ്ടും വിലയേറിയ പണവും സമയവും ചിലവാക്കി കടയിലേക്കോട്ടുന്നു. ഏറ്റവും വിലകുറഞ്ഞത് വാങ്ങുന്നു. ചരിത്രം ആവർത്തിക്കുന്നു.
ഏതൊരു ഇലക്ട്രോണിക്സ് ഷോപ്പിൽ തിരക്കിയാലും ഏറ്റവും വിലകുറഞ്ഞവയ്ക്കാണ് ഏറ്റവും ചിലവ് കൂടുതൽ എന്ന് മനസിലാകും.
നാലും മൂന്നും ഏഴ് രൂപയ്ക്ക് ആംപ്ലിഫയർ തീരണം, എന്നാണ് ചിന്താഗതി എന്നാലോ താൻ അസംബിൾ ചെയ്യുന്ന സാധനത്തിന് ഒടുക്കത്തെ സൗണ്ട് ക്വാളിറ്റി കിട്ടണം.
ഒരു ആംപ്ലിഫയറിൻ്റെ ക്വാളിറ്റി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ട്രാൻസ്ഫോർമറിൻ്റെ ക്വാളിറ്റി നിർണ്ണയിക്കുന്നതിൽ പലരും അജ്ഞരാണ്.അത് സിമ്പിളായി കണ്ട് പിടിക്കുന്നതിനുള്ള ഒരു വഴി ഇവിടെ വിവരിക്കുകയാണ്.
ഇതിനായി രണ്ട് മൾട്ടി മീറ്ററുകൾ നമുക്കാവശ്യമുണ്ട്. ഒരെണ്ണം ആമ്പിയർ മോഡിലും, ഒരെണ്ണം വോൾട്ട് മോഡിലും ഇടുക. ആമ്പിയർ മോഡിൽ ഇടുന്ന മീറ്ററിൻ്റെ യഥാർത്ഥ ലീഡ് വയറുകൾ മാറ്റി ഗേജ് കൂടിയ വയർ ഉപയോഗിക്കണം. വില കുറഞ്ഞ മീറ്ററിനൊപ്പം വരുന്ന ലീഡ് വയറുകൾ തുടർച്ചയായി കൂടുതൽ നേരം ഉയർന്ന ആമ്പിയർ കടത്തിവിടാൻ പര്യാപ്തമല്ല. അതിനാലാണ് വേറേ ഗേജ് കൂടിയ വയറുകൾ ഉപയോഗിക്കുന്നത്.
നമ്മൾ ടെസ്റ്റ് ചെയ്യുന്ന ട്രാൻസ്ഫോർമറിൻ്റെ ഒപ്പം ഉപയോഗിക്കുന്ന ഡയോഡുകളും കപ്പാസിറ്ററുകളും കണക്റ്റ് ചെയ്ത ശേഷം വേണം ടെസ്റ്റിനിടാൻ.
ചിത്രത്തിൽ A എന്നത് പോസിറ്റീവ് സപ്ലേ റയിലും ,B എന്നത് നെഗറ്റീവ് സപ്ലേ റയിലുമാണ്. പോസിറ്റീവ് സൈഡിൽ സീരീസായി അമ്പിയർ മീറ്റർ കണക്റ്റ് ചെയ്യുക, A, B സപ്ലേറയിലുകളിൽ വോൾട്ട് മീറ്ററും കണക്റ്റ് ചെയ്യുക.
ഒരു പ്ലാസ്റ്റിക് ബേസിനിൽ പകുതി വെള്ളം എടുക്കുക അതിലേക്ക് കുറച്ച് ഉപ്പ് ലയിപ്പിക്കുക. ഈ ഉപ്പ് വെള്ളമാണ് നമ്മളുടെ ലോഡ്. അടുക്കളയിൽ ഉപയോഗിക്കുന്ന പഴയ കയിലിൻ്റെ പിടി പോലുള്ള എന്തെങ്കിലും കട്ടിയുള്ള അലുമിനിയം വസ്തുക്കൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഇലക്ട്രോഡായി ഉപയോഗിക്കാം.
ട്രാൻസ്ഫോർമറിൽ സപ്ലേ കൊടുക്കുക. നെഗറ്റീവും പോസിറ്റീവും ഇലക്ട്രോഡുകൾ തമ്മിൽ കൂട്ടിമുട്ടാത്ത വിധം ഉപ്പ് ലയിപ്പിച്ച വെള്ളത്തിൽ ഇടുക. ഇലക്ട്രോഡുകൾ അടുപ്പിച്ചാൽ കൂടുതൽ ആമ്പിയർ എടുക്കും.
നമ്മൾ ടെസ്റ്റ് ചെയ്യുന്നത് 5 ആമ്പിയർ 27 വോൾട്ട് ട്രാൻസ്ഫോർമറാണെങ്കിൽ ആമ്പിയർ മീറ്ററിൽ 5 ആമ്പിയറും, വോൾട്ട് മീറ്ററിൽ 27 വോൾട്ടും കാണിക്കുന്ന വിധം ഇലക്ട്രോഡുകൾ അകത്തുകയും അടുപ്പിക്കുകയും ചെയ്ത് നോക്കുക.
ശരിയായ അളവിലുള്ള ട്രാൻസ്ഫോർമർ ആണെങ്കിൽ അതിൻ്റെ പരമാവധി ആമ്പിയർ എടുക്കുമ്പോഴും റേറ്റഡ് വോൾട്ടേജിൽ 5 ശതമാനം വേരിയേഷനേ കാണിക്കൂ.. ഒരു കാര്യം ശ്രദ്ധിക്കണം സെക്കൻഡറിയിലെ A/C വോൾട്ടിനെ 1.41 കൊണ്ട് ഗുണിക്കുന്ന അത്രയും വോൾട്ട് റക്റ്റി ഫൈഡ് DC കൂടുതൽ കാണിക്കും. ട്രാൻസ്ഫോർമർ ലോഡ് ചെയ്യുമ്പോൾ ഇത് കുറയും.
ശരിയായ അളവിൽ നിർമ്മിക്കപ്പെട്ട ട്രാൻസ്ഫോർമർ ഫുൾ ലോഡിലും എത്ര നേരം പ്രവർത്തിപ്പിച്ചാലും നോർമ്മൽ ചൂടേ ആവുകയുള്ളൂ. തെറ്റായ കാൽകുഷേനിൽ നിർമ്മിക്കപ്പെട്ട ട്രാൻസ്ഫോർമർ 5 മിനിറ്റ് കൊണ്ട് തന്നെ തീ പോലെ ചൂടാകും.
ഇവിടെ വിവരിച്ചത് നമുക്ക് കയ്യിലുള്ള ട്രാൻസ്ഫോർമറിൻ്റെ കപ്പാസിറ്റി ഏകദേശം മനസിലാക്കുന്നതിനുള്ള ഒരു സിമ്പിൾ മാർഗ്ഗമാണ്. ട്രാൻസ്ഫോർമർ കപ്പാസിറ്റി അളക്കുന്ന ശരിയായ ഉപകരണങ്ങൾ വേറേയാണ് കേട്ടോ .. ഇതൊരു തരികിട ടെക്നിക്ക് മാത്രം.
നല്ല ട്രാൻസ്‌ഫോമുകൾ വേണമെങ്കിൽ ഇടനിലക്കാരെ ഒഴിവാക്കി കണക്കറിയാവുന്ന വൈൻഡർമാരെ സമീപിച്ച് വൈൻഡ് ചെയ്ത് വാങ്ങിക്കുക. നല്ല കോപ്പർ വയറിനും, കോറിനുമെല്ലാം നല്ല വില വരും. ഒരു ദിവസം ആംപ്ലിഫയറുകൾക്ക് പറ്റിയ വിധത്തിലുള്ള ആമ്പിയർ കൂടിയ ട്രാൻസ്ഫോർമർ ….കൂടി വന്നാൽ രണ്ടോ മൂന്നോ എണ്ണമേ ഒരു വൈൻഡർക്ക് ഗുണമേൻമ ശ്രദ്ധിച്ച് കൈ കൊണ്ട് നിർമ്മിക്കാൻ സാധിക്കൂ. ഒരെണ്ണത്തിന് 200 രൂപ പണിക്കൂലിയെങ്കിലും വാങ്ങണ്ടേ?
27 വോൾട്ട് 5 ആമ്പിയർ ട്രാൻസ്ഫോർമറിന് ഏകദേശം 600 ഗ്രാം കോപ്പർ വയറും, രണ്ട് കിലോയിലധികം കോറും വേണ്ടിവരും. കോപ്പർ വയർ നല്ലതിന് കിലോ ആയിരത്തി ഒരു നൂറ് രൂപ വരും, കോർ കിലോയ്ക്ക് 240 രൂപയും.അപ്പോൾ 600+ 500+ വാർണ്ണീഷ് വില + കണക്റ്റിങ്ങ്‌ വയർ വില + ക്ലാമ്പുകൾ സമം രൂപാ 1300 + പണിക്കൂലി 1500 രൂപ.ഈ തുക ഒട്ടും അധികമല്ല
അലൂമിനിയം കമ്പിയും, പാട്ടക്കോറും ഉപയോഗിച്ച് നിർമ്മിച്ചത് മതിയെങ്കിൽ ഏറ്റവും വിലകുറഞ്ഞ ട്രാൻസ്ഫോർമർ വാങ്ങാം. ഒപ്പം ട്രാൻസ്ഫോർമർ തണുപ്പിക്കാൻ 2 ഫാനും കൂടി വാങ്ങിക്കോളൂ. എന്ത് ചെയ്താലും മാറാത്ത മൂളലും, വിറയലും ബോണസായി കിട്ടുകയും ചെയ്യും. എഴുതിയത് അജിത് കളമശേരി. 14.08.2022. #Ajith_kalamassery. #Transformer,