വർക്കിങ്ങ് ടേബിളിൽ തൃശൂർ പൂരത്തിൻ്റെ പോലുള്ള സാമ്പിൾ വെടിക്കെട്ട് ഒരുക്കി ഇലക്ട്രോണിക്സ് ഹോബി യിസ്റ്റുകളുടെ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണല്ലോ ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകൾ!
ഞാൻ ഇലക്ട്രോണിക്സ് ഹോബി എന്ന നിലയില്ലാ കയത്തിലേക്ക് എടുത്ത് ചാടിയ ആദ്യ കാലങ്ങളിൽ ,എന്തെങ്കിലും അസംബിൾ ചെയ്തതിന് ശേഷം പവർ കൊടുക്കുന്നതിന് മുൻപ് വീടിന് പുറത്തിറങ്ങി ഒരു നീണ്ട തോട്ടി കൊണ്ട് ജനലിലൂടെ കുത്തി പവർ ഓൺ ചെയ്യുകയായിരുന്നു പതിവ്.
മിക്കവാറും വെടിയും, പുകയുമായിരിക്കും ആദ്യ പരീക്ഷണത്തിൽ സംഭവിക്കുക എന്ന എൻ്റെ പ്രതീക്ഷയ്ക്ക് അന്നും ഇന്നും എതിരഭിപ്രായമൊന്നും എനിക്കില്ല.!
അസംബിൾ ചെയ്യുന്ന സർക്യൂട്ടിലെ ചെറിയ ബാറ്ററി ഷേപ്പിലുള്ള ഭയങ്കരനെയായിരുന്നു എനിക്കേറ്റവും പേടി.
ട്രാൻസിസ്റ്ററുകളും, റസിസ്റ്ററുകളും കമ്പിത്തിരി കത്തുന്നത് പോലെയും മത്താപ്പ് കത്തുന്നത് പോലെയും കാഴ്ചവിരുന്നൊരുക്കി നിന്ന് കത്തുകയേ ഉള്ളൂ അവരെ എനിക്കത്ര പേടിയില്ല. പക്ഷേ ഇവൻ അങ്ങിനെയല്ല കൊടുംഭീകരനാണ്.
യാതൊരു ഭയപ്പാടും ഇല്ലാതെ ആദ്യ സർക്യൂട്ട് ഓൺ ചെയ്തപ്പോൾ ഉണ്ടായ പൊട്ടിത്തെറിയുടെ നടുക്കം എന്നിൽ നിന്നും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. ഒരു ഗുണ്ട് കയ്യിലിരുന്ന് പൊട്ടിയ പോലുള്ള ശബ്ദവും, മുറി നിറഞ്ഞ പുകയും,വൃത്തികെട്ട മണമുള്ള ഏതോ കെമിക്കൽ ദേഹത്താകെ തെറിച്ചതും, കഴുത്തിലും കയ്യിലും മാലപോലെ പേപ്പറും, അലൂമിനിയവും കൊണ്ടുള്ള തോരണങ്ങൾ തൂങ്ങിക്കിടന്നതും ഇന്നും ഓരോ പുതിയ പരീക്ഷണത്തിൻ്റെ സ്വിച്ച് ഓൺ ചെയ്യുമ്പോഴും എൻ്റെ മനസിലേക്ക് കടന്ന് വരും!
പക്ഷേ പണ്ടത്തെ പൊട്ടിത്തെറികൾക്കുണ്ടായിരുന്ന പഞ്ച് ഇപ്പോഴത്തെ ആദ്യ സ്വിച്ച് ഓണിന് ലഭിക്കുന്നില്ല എന്ന ദു:ഖസത്യം ഈയിടെയായി എന്നാൽ വലിയ മനോവിഷമം സൃഷ്ടിച്ചു.
ഇപ്പോഴത്തെ കപ്പാസിറ്ററുകൾ പൊട്ടിത്തെറിക്കുന്നത് വളരെ അപൂർവ്വം, എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ പ്രഷർകുക്കർ ചീറ്റുന്നത് പോലെ ഒരു ശബ്ദവും ,ഒരു ചീത്ത മണവും മാത്രം.
സൂക്ഷിച്ച് നോക്കിയാലേ ഏത് കപ്പാസിറ്ററാണ് അടിച്ച് പോയതെന്ന് കണ്ട് പിടിക്കാനാകൂ. ഇതിനാൽ പരീക്ഷണം നടത്താനുള്ള വൈബേ പോയി.
എന്താണ് ഇപ്പോഴത്തെ ഇലക്ട്രോലിറ്റിക് കപ്പാസിറ്റുകൾ പൊട്ടിത്തെറിക്കാത്തതിന് കാരണം?
ശരിയായ ഇടത്ത് ശരിയായ അളവിലുള്ള ഇലക്ട്രോലിറ്റിക് കപ്പാസിറ്റർ ഇട്ടില്ലെങ്കിലും, കാലപ്പഴക്കം കൊണ്ട് വോൾട്ടേജ് റേറ്റിങ്ങ് തനിയെ കുറയുന്നത് കൊണ്ടും, ഉള്ളിലെ ഇലക്ട്രോലൈറ്റ് ,ഡൈ ഇലക്ട്രിക് മെറ്റീരിയലുകളുടെ കാലപരിധി എത്തുമ്പോഴും ഓവർ ഹീറ്റായി കപ്പാസിറ്റർ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്. പഴയ കാല കപ്പാസിറ്ററുകളുടെ അലുമിനിയം ക്യാൻ കൂടുതൽ ബലമേറിയതായിരുന്നതിനാലും ടെക്നോളജി ഇന്നത്തേപ്പോലെ വളർന്നിട്ടില്ലാത്തതിനാലും അവയുടെ ലീഡുകൾ പുറത്തേക്ക് വരുന്ന ഭാഗത്ത് ഒരു വീക്ക് പോയൻ്റ് കൊടുത്ത് അത് ഒരു സേഫ്റ്റി വാൽവായി കരുതിയിരുന്നു.
പക്ഷേ കപ്പാസിറ്ററുകൾ PCB യിൽ സോൾഡർ ചെയ്യാൻ തുടങ്ങിയതോടെ തകരാറുകൾ വന്ന് ഭവിക്കുമ്പോൾ അവയുടെ അടിവശത്തുള്ള ഈ സേഫ്റ്റി വാൽവ് പ്രവർത്തിക്കാതെ സ്വയം പൊട്ടിത്തെറിച്ച് ശബ്ദ വിരുന്നൊരുക്കി പോന്നു.
ഈ പ്രശ്നത്തിന് പരിഹാരമായി ജപ്പാനിലെ നിച്ചിക്കോൺ കപ്പാസിറ്റർ കമ്പനിയിലെ ഗവേഷകർ കപ്പാസിറ്ററുകളുടെ മുകൾ വശത്ത് സ്റ്റാർ ആകൃതിയിൽ ഒരു പ്രീ കട്ട് കൊടുത്ത് പരീക്ഷിച്ചു നോക്കി. എന്തെങ്കിലും തകരാർ സംഭവിച്ചാൽ അകത്ത് പ്രഷർ വർദ്ധിക്കുംയും താരതമ്യേന വീക്കായ പ്രീ കട്ട് ഭാഗം പൊട്ടിത്തുറന്ന് അവിടെ കൂടി ആ പ്രഷർ റിലീസായി പൊട്ടിത്തെറി ഒഴിവാക്കുകയും ചെയ്യും. എന്നതായിരുന്നു ഉദ്ദേശം. പരീക്ഷണം വിജയിച്ചു. അവർ തങ്ങളുടെ ഇലക്ട്രോ ലിറ്റിക് കപ്പാസിറ്ററുകളിൽ ഈ സേഫ്റ്റി ഫീച്ചർ ഇംപ്ലിമെൻ്റ് ചെയ്തു തുടങ്ങി.
പുറമേ കാണാത്ത വിധം ക്യാനിനകത്ത് പ്രീ കട്ട് കൊടുത്തിട്ടുള്ള കപ്പാസിറ്ററുകളുമുണ്ട്. ഒപ്പമുള്ള ചിത്രത്തിൽ നോക്കുക.
കൊള്ളാമല്ലോ ഈ പരിപാടി എന്ന് തോന്നിയ മറ്റ് കപ്പാസിറ്റർനിർമ്മാതാക്കൾ അത് തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് പകർത്തുകയും ചെയ്തതോടെ ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്സ് പരീക്ഷണശാലകളിലെ തൃശൂർ പൂരം കളക്റ്റർ നിരോധിക്കാതെ തന്നെ ഒഴിവായി. എഴുതിയത് #അജിത്_കളമശേരി 09.04.2023
No comments:
Post a Comment