എലിൻ കാസറ്റ് മെക്കാനിസം
1983-88 കാലഘട്ടം അന്ന് ഞാൻ കളമശേരി ഐ ടി ഐയിലും പോളിയിലുമായി സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ പടവുകൾ കയറുന്ന ആദ്യ കാലം.
അച്ചടക്കങ്ങളും, അടിച്ചമർത്തലുകളും മാത്രമുള്ള അടച്ചിട്ട കൂട് പോലെ വിരസമായ സ്കൂൾ ജീവിതത്തിൽ നിന്നും നേരേ പ്രൊഫഷണൽ കോളേജ് എന്ന സാങ്കേതിക വിദ്യാഭ്യാസ പഠനകേന്ദ്രം എന്ന ആകാശത്തിലേക്ക് തുറന്ന് വിട്ട കിളിയെ പോലെയായി ഞാൻ.
ഐ.ടി.ഐയിൽ ക്ലാസുകൾ രാവിലെ 7 മണിക്ക് ആരംഭിക്കും. നേരം പരാപരാ വെളുക്കുമ്പോൾ തന്നെ ക്ലാസിലെത്തണം. വെകിട്ട് 3 വരെയാണ് ക്ലാസ്.
ചോറും പൊതിഞ്ഞ് കെട്ടി എത്തുമ്പോഴാണ് അന്ന് സമരാമാണെന്ന് പിടികിട്ടുന്നത്.
അന്നേരം തന്നെ വീട്ടിലേക്ക് തിരിച്ച് പോകാൻ സാധിക്കില്ല. വീട്ടിലേക്ക് പത്ത് മുപ്പത് കിലോമീറ്റർ ദൂരമുണ്ട്.
എല്ലാവരും ക്ലാസിൽ പോകുന്ന സമയത്ത് തിരിച്ച് യാത്ര ചെയ്താൽ വിദ്യാർത്ഥിയാണെന്ന് കണ്ടക്റ്റർ സമ്മതിക്കില്ല. ID കാർഡ് കാണിച്ചാലൊന്നും രക്ഷയില്ല.അതിനാൽ ഉച്ചക്ക് മുൻപായി തിരിച്ച് പോയാൽ ST കിട്ടില്ല.
സമരങ്ങളുടെ അയ്യറു കളിയായിരുന്നു അക്കാലങ്ങളിൽ, ഉച്ചകഴിയുന്നത് വരെ ചിലവഴിക്കാൻ സിനിമ കാണൽ മാത്രമേ ഒരു വഴി ഉണ്ടായിരുന്നുള്ളൂ.
പത്ത് പന്ത്രണ്ട് തീയേറ്ററുകൾ അന്ന് എറണാകുളത്ത് ഉണ്ടായിരുന്നു. മിക്ക തീയേറ്ററിലും രാവിലെ മോണിങ്ങ് ഷോയുണ്ട്.
പക്ഷേ പടം കാണാൻ കാശില്ല. തീയേറ്ററിൽ ST കിട്ടുകയുമില്ല. വീട്ടിൽ നിന്ന് ആകപ്പാടെ കിട്ടുന്നത് വണ്ടിക്കൂലിക്കുള്ള ST കാശ് മാത്രം
ഇതിനൊരു പരിഹാര മാർഗ്ഗമായി.. സിനിമാ കാണാനും, പൊറോട്ടയും, ബീഫും തട്ടാനും മറ്റ് അല്ലറ ചില്ലറ അടിച്ച് പൊളിക്കുമായി, പഠനത്തൊടൊപ്പം സൈഡ് ബിസിനസായി കാസറ്റ് ഡെക്ക് അസംബ്ലിങ്ങ് തുടങ്ങി.
അതിന് ശേഷം സമര ദിവസങ്ങളിൽ മോർണിങ്ങും, നൂൺഷോയും ,മാറ്റിനിയും ഉൾപ്പടെ ദിവസവും രണ്ടും മൂന്നും സിനിമ കണ്ടിട്ടേ കോളേജ് വിട്ട് കൃത്യസമയത്ത് എത്തുന്നത് പോലെ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ.
ഞാൻ നാട്ടിൻ പുറത്ത് നിന്നും ഐ ടി ഐ പഠിക്കാൻ പോകുന്നതറിഞ്ഞ ഒരു ബാർബർഷാപ്പ് നടത്തുന്ന ചേട്ടൻ പുള്ളിക്കൊരു കാസറ്റ് ഡെക്ക് ഉണ്ടാക്കി കൊടുക്കാമോ എന്ന് ചോദിച്ചു.
ആശാൻമാർ ഒന്നുമില്ല. ഇതെങ്ങിനെ മൂളലും, ബഹളവുമില്ലാതെ ഉണ്ടാക്കിയെടുക്കും എന്ന് ഒരു പിടിയുമില്ല. എത്ര രൂപയാകും സാധനങ്ങൾക്ക് എന്നും അറിയില്ല.
ക്ലാസില്ലാത്ത ദിവസങ്ങളിൽ എറണാകുളത്തെ ഇലക്ട്രോണിക്സ് കടകളിലെല്ലാം തെണ്ടി നടക്കാൻ തുടങ്ങി.
അങ്ങനെ ചില സീനിയർ ടെക്നീഷ്യന്മാരെ പരിചയമായി. നാട്ടിൻ പുറത്ത് കാണുന്ന മുറി വൈദ്യൻമാരെപ്പോലെയായിരുന്നില്ല വല്ല്യ ഇക്ട്രോണിക്സ് ഷോപ്പുകളിലെ ടെക്നീഷ്യൻമാർ.
നിത്യവും ധാരാളം സെറ്റുകൾ കാണുന്നതും, കൈകാര്യം ചെയ്യുന്നതുമായ അവർക്ക് അതിൻ്റെ തലക്കനമൊന്നും ഇല്ലായിരുന്നു.
പദ്മജംങ്ങ്ഷനിലെ പയനിയർ ഇലക്ട്രോണിക്സിലെ മനോഹരൻ ചേട്ടൻ, ബിജ്റോണിക്സ് ഇലക്ട്രോണിക്സി ലെ മോഹനൻ ചേട്ടൻ ,പള്ളിമുക്കിലെ ഡിവൈസ് ആൻഡ് സിസ്റ്റംസിലെ വേറോരു മോഹനൻ ചേട്ടൻ (PCB മോഹനൻ) പള്ളിമുക്കിൽ റെഡി മേഡ് PCB അസംബിൾ ചെയ്യുന്ന ജൂഡ് വിൽസൺ, കടവന്ത്രയിൽ ഇലക്ട്രോ ടെക്ക് ഇലക്ട്രോണിക്സ് സർവ്വീസ് സെൻ്റർ നടത്തുന്ന സാബു സാംസൺ, വൈറ്റിലയിൽ പീറ്ററാശാൻ്റെ സർവ്വീസ് സെൻ്ററിൽ ജോലി ചെയ്തിരുന്ന ഗാർഡിയൻ വർഗീസ് ചേട്ടൻ.അങ്ങനെ നിരവധി പേർ. (ഇവരിൽ പലരും നമ്മുടെ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്)
ഇവരിൽ മനോഹരൻ ചേട്ടൻ എനിക്ക് അവരുടെ ഷോപ്പിൽ വിറ്റിരുന്ന ഡെല്ലി ഡക്കുകളിൽ ചെറിയ എന്തോ തകരാറ് മൂലം നന്നാക്കാൻ മാറ്റി വച്ചിരിന്ന ഒരെണ്ണം എനിക്ക് കുറഞ്ഞ വിലയ്ക്ക് തരാമെന്നേറ്റു.
തുകയും പറഞ്ഞു. ഞാൻ നാട്ടിലെത്തി ബാർബർ ഷോപ്പിലെ ചേട്ടനോട് ഇരട്ടി വില പറഞ്ഞു. അത് വളരെ കുറവായി തോന്നിയ ആ ചേട്ടൻ മുഴുവൻ തുകയും അന്നേരം തന്നെ അഡ്വാൻസായി തന്നു.
കാശ് കൊടുത്ത് മനോഹരൻ ചേട്ടനോട് പയനിയറിൻ്റെ ഡല്ലി ഡക്ക് വാങ്ങി അത് തുറന്ന് വയറിങ്ങും, കണക്ഷനുമെല്ലാം പഠിച്ചു.
അന്നാണ് ആദ്യമായി ഞാൻ എലിൻ എന്ന പേര് കാണുന്നത്. ആ ഡെക്കിലെ ഫ്രണ്ട് ലോഡിങ്ങ് മെക്കാനിസത്തിൽ എലിൻ എന്ന ലോഗോ ഒരു പ്രത്യേക തരം കൂട്ടക്ഷരത്തിൽ പ്രിൻ്റ് ചെയ്തിരിക്കുന്നു.
ബാർബർ ഷാപ്പിലെ ഡക്ക് നന്നായി പാടാൻ തുടങ്ങിയതോടെ റേഡിയോയിൽ പരസ്യം കൊടുത്തത് പോലെയായി.
എനിക്ക് നല്ല പേരായി. ധാരാളം അസംബ്ലിങ്ങ് കിട്ടിത്തുടങ്ങി.
അപ്പോൾ റഡിമേഡ് ഡക്ക് വാങ്ങി വിൽക്കുന്ന പരിപാടി നിറുത്തി എറണാകുളം പള്ളിമുക്കിലെ കാസോ ഫോണിക്സിൽ നിന്നും എലിൻ്റെ FLD57 എന്ന ഫ്രണ്ട് ലോഡിങ്ങ് മെക്കാനിസവും, പവർ ട്രിക്കിൻ്റെ ഹെഡ് പ്രീ ആമ്പും, പവർ ആമ്പുകളും, നേരത്തേ എനിക്ക് ഡക്ക് തന്ന മനോഹരൻ ചേട്ടൻ വൈൻഡ് ചെയ്ത് തന്ന പവർ ട്രാൻസ്ഫോർമറും, ഹിന്ദിക്കാരൻ മാമാജിയുടെ കടയിൽ നിന്ന് വാങ്ങിയ ക്യാബി നെറ്റും ഒന്നിച്ച് ചേർത്ത് നൂറ് കണക്കിന് ഡക്കുകൾ ഉണ്ടാക്കി വിറ്റു.
അഞ്ച് വർഷത്തെ എൻ്റെ സാങ്കേതിക പഠനം മൊത്തമായും എലിൻ കമ്പനി സ്പോൺസർ ചെയ്ത പോലെയായി.
ഫ്രണ്ട് ലോഡ് മെക്കാനിസം കൂടാതെ, പല കളർ നോബുകൾ വച്ച മനോഹരമായ ഒരു ബെഡ് ടൈപ്പ് ഹൊറിസോണ്ടൽ മെക്കാനിസവും, കാർ സ്റ്റീരിയോകൾക്കുള്ള മെക്കാനിസവും വളരെ പോപ്പുലറായിരുന്നു.
ആദ്യകാലങ്ങളിൽ ജപ്പാൻ്റെ മാബുച്ചി മോട്ടോർ വച്ച് ഇറങ്ങിയിരുന്ന മെക്കാനിസം, പിന്നീട് എലിൻ കമ്പനി മാബുച്ചിയുടെ സഹകരണത്തോടെ നിർമ്മിച്ച സ്വന്തം മോട്ടോറുകളുമായാണ് വന്നത്.
കാസറ്റ് യുഗം അവസാനിച്ചെങ്കിലും എലിൻ കമ്പനി പൂട്ടിപ്പോയില്ല. നമ്മൾ ഇന്നു പയോഗിക്കുന്ന പ്രമുഖ ബ്രാൻഡ് കമ്പനികളുടെ മിക്സിക്കുള്ളിലെ യൂണിവേഴ്സൽ മോട്ടോറുകളും, ഇൻഡക്ഷൻ കുക്കർ മൈക്രോവേവ് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ഫാനുകളും, കാറുകളുടെ ആൾട്ടർനേറ്ററുകളും, കംപ്യൂട്ടറുകളുടെയും, UPS കളുടെയും മെറ്റൽ ,പ്ലാസ്റ്റിക് ക്യാബി നെറ്റുകളും, അയേൺ ബോക്സുകളും അങ്ങനെ നൂറ് കണക്കിന് പ്രൊഡക്റ്റുകൾ ഇപ്പോഴും നിർമ്മിച്ച് കൊണ്ടിരിക്കുന്ന വൻകിട കമ്പനിയായി മാറിയിരിക്കുന്നു.
ഗൂഗിളിൽ എലിൻ ഇലക്ട്രോണിക്സ് എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിവരങ്ങൾ കിട്ടും.
കഴിഞ്ഞ ദിവസം നമ്മുടെ ഗ്രൂപ്പിൽ ഡൽഹി റേഡിയോ എഴുതിയ കാസറ്റ് കടയുടെ ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ ഞാൻ എൻ്റെ അനുഭവം ഇവിടെ കുറിച്ചു എന്ന് മാത്രം.എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery,#elin_mechanisam,#cassette,#electronics_keralam,
No comments:
Post a Comment