PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Monday, May 29, 2023

#വർഗീസ്_ഗാർഡിയൻ ,#സീനിയർ_ടെക്നീഷ്യൻസ്,

 #വർഗീസ്_ഗാർഡിയൻ ,#സീനിയർ_ടെക്നീഷ്യൻസ്,


 

1960 ലെ ജൂലൈ മാസം 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെട്ട എഴുപുന്നയിൽ പവേലിച്ചിറ തറവാട്ടിലാണ് വർഗീസ് ചേട്ടൻ്റെ ജനനം. ധാരാളം അംഗബലമുള്ള ഒരു കുടുംബത്തിലാണ് ജനനമെന്നത് ഒരേ പോലെ തന്നെ സൗഭാഗ്യവും, സന്താപവും വർഗീസ് ചേട്ടൻ്റെ ജീവിതത്തിൽ കൊണ്ടുവന്നു.
കുടുംബത്തിലെ കാരണവരായ പിതാവിൻ്റെ കൽപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അമ്മ ബുദ്ധിമുട്ടുന്നത് ചെറുപ്രായത്തിൽ തന്നെ കണ്ട് മനസിലാക്കിയതിനാൽ എന്തെങ്കിലും തൊഴിലുകൾ ചെയ്ത് കുടുംബത്തിന് ഒരു തണലാകണമെന്ന ചിന്ത വർഗീസ് ചേട്ടനിൽ ചെറുപ്രായത്തിൽ തന്നെ അംഗുരിച്ചു.
ഇത് മൂലം സ്കൂളിൽ പോയുള്ള വിദ്യാഭ്യാസം പരിമിതപ്പെട്ടു പോയി എങ്കിലും സ്വയം പഠിച്ച് ഒരു ടെക്നീഷ്യന് അറിവുകൾ വായിച്ചും കേട്ടും പഠിക്കാൻ ആവശ്യമായ ഇംഗ്ലീഷ്, കണക്ക് കംപ്യൂട്ടർ പരിജ്ഞാനം എന്നിവ കരഗതമാക്കി.
സൈക്കിൾ റിപ്പയറിംഗ്, പെട്രോമാക്സ് റിപ്പയറിങ്ങ് ,കൊല്ലപ്പണി, വാഹന വർക്ക്ഷോപ്പുകൾ, സ്റ്റവ് റിപ്പയറിങ്ങ് ,ഗ്യാസ് വെൽഡിങ്ങ് ,ഇലക്ട്രിക് വെൽഡിങ്ങ് ലേത്ത് വർക്ക്സ് തുടങ്ങിയ തൊഴിലുകൾ ചെയ്ത് ജീവിതവൃത്തി പുലർത്തി വന്നവരെ വിടാതെ പിൻതുടർന്ന് ചെറുപ്രായത്തിൽ തന്നെ ആ തൊഴിലുകളിലെല്ലാം എക്സ്പെർട്ട് ആവാൻ വർഗീസ് ചേട്ടന് സാധിച്ചു.
അക്കാലത്ത് നാട്ടിൽ റേഡിയോ ഉള്ള അപൂർവ്വം ചില വീടുകളിൽ ഒന്നിൽ വാൽവ് റേഡിയോ റിപ്പയർ ചെയ്യാൻ സൈക്കിളിൽ ചേർത്തലയിൽ നിന്നും വന്ന മാത്തപ്പൻ ചേട്ടനെ വർഗീസ് ചേട്ടൻ പിൻതുടരുകയും അദ്ദേഹം ആ വീട്ടിലെത്തി റേഡിയോ തുറക്കുന്നതടക്കമുള്ള പ്രവൃത്തികൾ ഏതോ മാന്ത്രികൻ്റെ കരവിരുത് പോലെ കുട്ടിയായ വർഗീസ് കണ്ട് നിന്നു.
താൻ കണ്ട ജോലികളിൽ ഏറ്റവും അത്ഭുതകരമായ വിദ്യയായി റേഡിയോ റിപ്പയറിങ്ങ് ഇതോടെ വർഗീസിന് തോന്നി. പിന്നീട് ഇലക്ട്രോണിക്സിൻ്റെ ഉള്ളുകള്ളികൾ തേടിയുള്ള യാത്രയിലായി വർഗീസ് ചേട്ടൻ.
പിന്നീട് പല വെൽഡിങ്ങ്,ലേത്ത് വർക്ക്ഷോപ്പുകളിലും, ഓട്ടോമൊബൈൽ റിപ്പയർ മേഘലകളിലും തൊഴിൽ ചെയ്തെങ്കിലും വർഗീസ് ചേട്ടൻ ഇലക്ട്രോണിക്സിൻ്റെ രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ ഒരിടത്താവളമായി മാത്രം അതിനെ കരുതിപ്പോന്നു.
വിവാഹത്തോടെ വർഗീസ് ചേട്ടൻ്റെ ജീവിതം മാറി മറിഞ്ഞു. അത് വരെ പല പല വർക്ക്ഷോപ്പുകളിൽ കൂലിക്കാരനായി ജോലി ചെയ്ത് അവിടങ്ങളിലെ മുതലാളിമാരുടെയും, ആശാൻമാരുടെയും ആട്ടും തുപ്പുമേറ്റ് ജീവിതം തിൽ ഒരു അർത്ഥവുമില്ല, സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന ചിന്ത മനസിൽ വളർന്നു.
ഇതിനെല്ലാം ഫുൾ സപ്പോർട്ടുമായി ഭാര്യ ലീലാമ്മ ചേച്ചിയും ഒപ്പം നിന്നു. കയ്യിൽ ഇതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം മുടക്കി കളമശേരിക്കും, കാക്കനാടിനും മദ്ധ്യേ കിടക്കുന്ന തേവയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ കുറച്ച് സ്ഥലം വാങ്ങി ഒരു ചെറിയ വീട് തല്ലിക്കൂട്ടി.
വീട്ടിൽ ഒരു ചെറിയ വർക്ക്ഷോപ്പ് തുടങ്ങാം എന്ന് കരുതിയ വർഗീസ് ചേട്ടന് പ്രതീക്ഷിച്ച ഒരിടത്ത് നിന്നും യാതൊരു സാമ്പത്തിക സഹായവും ലഭിച്ചില്ല.
അവിടെയും ഭാര്യ ലീലാമ്മ ചേച്ചി തുണയായി കയ്യിൽ ആകെയുണ്ടായിരുന്ന പൊട്ടും പൊടിയും പണയം വച്ച് 3000 രൂപ വർഗീസ് ചേട്ടനെ ഏൽപ്പിച്ചു.
ആ തുക കൊണ്ട് ഒരു ആർക്ക് വെൽഡിങ്ങ് മെഷീനും, ഡില്ലിങ്ങ് മെഷീനും, ഗ്രൈൻഡറും, ബഞ്ച് വൈസും വാങ്ങി വീട്ടിൽ തന്നെ ഒരു ചായ്പ്പ് കെട്ടി അതിൽ വർക്ക് ഷോപ്പ് ആരംഭിച്ചു.
അത് വരെ കേരളത്തിൽ ആരും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഒരു പുതിയ ഉൽപ്പന്നമാണ് വർഗീസ് ചേട്ടൻ്റെ പണിശാലയിൽ നിന്നും പുറത്ത് വന്നത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ മണ്ണെണ്ണ സ്റ്റവ്!
ഇന്ന് ഇത് വായിക്കുമ്പോൾ നിങ്ങൾക്കൽഭുതം തോന്നാം... 1980കളിൽ കേരളത്തിലെ മിക്കവാറും ഹോട്ടലുകളിൽ മണ്ണെണ്ണ സ്റ്റവിലും, വിറകടുപ്പിലുമായിരുന്നു പാചകം ചെയ്തിരുന്നത്.
കോയമ്പത്തൂരിലും, സേലത്തുമെല്ലാം ഉണ്ടാക്കിയിരുന്ന എടുത്താൽ പൊങ്ങാത്ത വലിയ കാസ്റ്റ് അയേൺ ബോഡിയുള്ള സ്റ്റവുകൾ പാചകക്കാരൻ്റെ ശ്രദ്ധ അൽപ്പമൊന്നു മാറിയാൽ ഭക്ഷണ പദാർത്ഥങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധം പടർത്തുന്നവയായിരുന്നു.
കൂടാതെ ബർണ്ണറിൽ മണ്ണെണ്ണയിലെ കരട് കുടുങ്ങിയുള്ള തകരാറുകളും. കൂടാതെ സ്റ്റവ് കത്തുമ്പോഴുള്ള അസഹനീയമായ ചീറ്റൽ ശബ്ദവും.
1984 മാർച്ച് മാസം പുലർച്ചേ 5.30ന് കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽ ഏവിയേഷൻ സ്പിരിറ്റ് സൂക്ഷിച്ചിരുന്ന ടാങ്കിൽ പൊട്ടിത്തെറി ഉണ്ടാവുകയും അതൊരു വമ്പൻ തീപിടുത്തമായി മാറുകയും ചെയ്തതോടെ റിഫൈനറിയുടെ പ്രവർത്തനം തടസപ്പെട്ടു കേരളത്തിൽ കുക്കിങ്ങ് ഗ്യാസിൻ്റെ ലഭ്യത നിലച്ചു.
അതോടെ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന ഉയർന്ന ശ്രേണിയിൽ പെട്ട ഫൈവ് സ്റ്റാർ ഹോട്ടലുകൾ അടക്കം പാചകശാലകൾ മറ്റൊരു സമാന്തര സംവിധാനം തേടി പരക്കം പാഞ്ഞു.
ഈ പ്രതിസന്ധി മുതലെടുത്ത്
മണ്ണെണ്ണ സ്റ്റവുകളുടെ പോരായ്മകൾ അറിയാവുന്ന വർഗീസ് ചേട്ടൻ ഈ കുറവുകൾ എല്ലാം പരിഹരിച്ചുകൊണ്ടുള്ള പുതിയൊരു ഡിസൈൻ ഡവലപ്പ് ചെയ്യുകയും
അതിന് മൂർത്തരൂപം നൽകി തൻ്റെ ആദ്യ പ്രൊഡക്റ്റായി വിപണിയിലെത്തിക്കുകയും ചെയ്തു.
വളരെ വേഗം വിപണി പിടിച്ച ഈ ഹോട്ടൽ സ്റ്റൗ തകരാറുകളില്ലാത്ത, ആയാസരഹിതമായ പ്രവർത്തനത്തിൻ്റെ പേരിൽ പാചകക്കാരുടെയും ഹോട്ടലുടമകളുടെയും മുക്തകണ്ഡ പ്രശംസക്ക് അർഹമായി.
ശബ്ദ ശല്യവും, മണ്ണെണ്ണ മണവും, ഇല്ലാത്തതും വേഗത്തിലുള്ള പാചകവും മൂലം വർഗീസ് ചേട്ടൻ്റെ സ്റ്റവ് വളരെ വേഗം പ്രചാരം നേടി.
തൻ്റെ കണ്ട് പിടുത്തത്തിന് പേറ്റെൻ്റ് എടുക്കാനൊന്നും വർഗീസ് ചേട്ടൻ തുനിയാതിരുന്നത് മൂലം മറ്റ് വർക്ക്ഷോപ്പുകാരും ഇതിൻ്റെ വികൃതമായ അനുകരണങ്ങൾ പുറത്തിറക്കി തുടങ്ങി.
ഇന്ന് നിങ്ങൾ ഏതൊരു വലിയ പാചകപ്പുരയിലും കാണുന്ന മുഴുത്ത ഹെവി ഡ്യൂട്ടി ഗ്യാസ് സ്റ്റവുകളുടെ കേരള മാതൃകയുടെ ഉപജ്ഞാതാവ് വർഗീസ് ചേട്ടനെന്നറിയുക
ഗ്യാസ് ഷോർട്ടേജ് പ്രശ്നം പരിഹരിക്കപ്പെട്ടതോടെ വർഗീസ് ചേട്ടൻ മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സ്റ്റവിൻ്റെ ഡിസൈൻ ചെറുതായി ഒന്ന് മോഡിഫൈ ചെയ്ത് അതിനെ ഗ്യാസ് സ്റ്റൗ ആയി കൺവെർട്ടു ചെയ്തു. ഇതും പെട്ടെന്ന് തന്നെ പോപ്പുലറായി..
വീഡിയോ കാസറ്റുകളുടെ പുഷ്കര കാലമായിരുന്നു. 1980കൾ. വീഡിയോ കാസറ്റുകൾക്കുണ്ടാകുന്ന ഒരു മാറാവ്യാധിയായിരുന്നു കാസറ്റിൻ്റെ റിബണിലെ ഫംഗസ് ബാധ. ഇത് മൂലം VCRൽ കാസറ്റുകൾ ഇട്ടാൽ വളരെ വേഗം ഹെഡിൽ ഒരിനം ഫംഗസ് പിടിച്ച് ചിത്രങ്ങൾ അവ്യക്തമാകും. ഒരു തവണ ഉപയോഗിച്ച കാസറ്റ് അൽപ്പ ദിവസം വെറുതേ വച്ചിരുന്നാൽ ഫംഗസിൻ്റെ ആക്രമണം ഉറപ്പായും ഉണ്ടാകും.കേരളത്തിലെ ഹ്യൂമിഡിറ്റി കൂടിയ കാലാവസ്ഥയിൽ കാസറ്റുകളിലെ ഈ പ്രശ്നം തരണം ചെയ്യാൻ കൂടെക്കൂടെ ഹെഡ് ക്ലീൻ ചെയ്യുക എന്നതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ..
വീഡിയോ കാസറ്റ് വാടകയ്ക്ക് കൊടുക്കുന്നവരെ ഈ പ്രശ്നം വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു അക്കാലങ്ങളിൽ .ഇതിനൊരു പരിഹാരവുമായി വർഗീസ് ചേട്ടൻ രംഗത്തെത്തി. ഓട്ടോമാറ്റിക് വീഡിയോ കാസറ്റ് ക്ലീനർ എന്ന ഉപകരണമായിരുന്നു അത്.
അതിൽ വീഡിയോ കാസറ്റുകൾ ഇട്ട് ഓൺ ചെയ്താൽ കാസറ്റിൻ്റെ റിബണിലെ ഫംഗസുകളെ പൂർണ്ണമായും നീക്കി കെമിക്കൽ ക്ലീൻ ചെയ്ത് കഴുകി ഉണക്കി പുത്തനായി പുറത്തേക്ക് തരുന്ന ഒരു പകരണം.
ഒരു കാസറ്റ് റീ വൈൻഡ് ചെയ്യുന്ന വേഗത്തിൽ കാസറ്റ് ക്ലീൻ ചെയ്യുന്ന ഉപകരണം വളരെ വേഗം കാസറ്റ് കടക്കാരുടെ ഇടയിൽ ഹിറ്റായി.
തുടർന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിലാദ്യമായി മെക്കാനിക്കൽ സൈൻ വേവ് ഇൻവെർട്ടറുകൾ ഡിസൈൻ ചെയ്ത് പുറത്തിറക്കി.
കേബിൾ TV യുടെ തുടക്കകാലത്ത് സിഗ്നൽ സ്ട്രെങ്ങത് കൂട്ടാൻ ഇടക്കിടെ ബൂസ്റ്റർ ആംപ്ലിഫയറുകൾ വയ്ക്കേണ്ടി വന്നിരുന്നു. പവർ കട്ടുകളുടെ ചാകരയായിരുന്നു അക്കാലത്ത്, വിപണിയിൽ ലഭിച്ചിരുന്നത് സ്ക്വയർ വേവ് ഇൻവെർട്ടറുകൾ മാത്രവും.
സ്ക്വയർ വേവിൽ സിഗ്നൽ ബൂസ്റ്റർ ആമ്പുകൾ ശരിയായി പ്രവർത്തിക്കില്ല. ഇത് വല്ലാത്തൊരു തലവേദനയയായിരുന്നു അക്കാലത്ത്.
ഇതിനൊരു പരിഹാരമായി ഒരു ചെറിയ DC മോട്ടോറിനെ മറ്റൊരു ചെറിയ DC മോട്ടോർ കൊണ്ട് കറക്കി ആദ്യ മോട്ടോറിൽ നിന്ന് AC പൾസുകൾ ജനറേറ്റ് ചെയ്ത് ആ പൾസുകളെ 2 N 3773 ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് ശക്തി കൂട്ടി നല്ല ഒന്നാന്തരം സൈൻവേവ് ഇൻവെർട്ടറുകൾ വർഗീസ് ചേട്ടൻ നിർമ്മിക്കാൻ തുടങ്ങി.ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒന്ന് ബൽറ്റ് മാറ്റണം അത്ര മാത്രമേ ഈ സൈൻ വേവ് ഇൻവെർട്ടറിന് തകരാർ വന്നിരുന്നുള്ളൂ.
1984 ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ അവരെ പൊതുദർശനത്തിന് വയ്ക്കാനായി വിദേശത്ത് നിന്നും മൊബൈൽ ഫ്രീസർ കൊണ്ട് വന്ന ദൃശ്യങ്ങൾ TV യിൽ കണ്ട വർഗീസ് ചേട്ടൻ ഇന്ത്യയിൽ ആദ്യമായി എന്ന് പറയാൻ തക്കവണ്ണം ഒരു മൊബൈൽ മോർച്ചറി A/C യുടെ കംപ്രസർ ഉപയോഗിച്ച് നിർമ്മിച്ചു.ഇത് കേട്ടറിഞ്ഞ് ധാരാളം പേർ ഇത് കാണുവാനെത്തിയപ്പോൾ ഇതിൻ്റെ നിർമ്മാണ രഹസ്യങ്ങൾ ഫ്രീയായി പങ്ക് വച്ച് താൽപ്പര്യമുള്ള ഏത് വർക്ക്ഷോപ്പുകാരനും ഈ മൊബൈൽ മോർച്ചറി നിർമ്മിക്കാനുള്ള സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതോടെ മൊബൈൽ മോർച്ചറി കേരളത്തിൽ വ്യാപകമായിത്തുടങ്ങി. അങ്ങനെ വർഗീസ് ചേട്ടൻ ഡിസൈൻ ചെയ്ത മറ്റൊരു പ്രൊഡക്റ്റും ജനോപകാരപ്രദമായി മാറി.
തുടർന്ന് ഇന്ന് എല്ലാ പൊതു ശ്മശാനങ്ങളിലും കാണുന്ന ഗ്യാസ് ഉപയോഗിച്ച് ശവശരീരങ്ങൾ ഭസ്മമാക്കുന്ന ക്രിമറ്റോറിയം എന്ന വമ്പൻ ഉപകരണം കണ്ടു പിടിച്ചു.
ഗ്യാസ് ക്രിമറ്റോറിയം മുൻപേ തന്നെ വിദേശങ്ങളിൽ ഉണ്ടെങ്കിലും ഒരാളെ ദഹിപ്പിക്കാൻ ഏതാണ്ട് പത്ത് കുറ്റി ഗ്യാസ് വേണ്ടി വന്നിരുന്നു.കൂടാതെ ധാരാളം സമയവും.
വർഗീസ് ചേട്ടൻ്റെ കണ്ട് പിടുത്തമായ ഗ്യാസ് ക്രിമറ്റോറിയം വെറും ഒരു കുറ്റി ഗ്യാസ് ഉപയോഗിച്ച് വെറും 25 മിനിറ്റ് കൊണ്ട് ഒരു മനുഷ്യനെ ദഹിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇതിൻ്റെ പേറ്റൻ്റ് വർഗീസ് ചേട്ടൻ ഒരു പ്രമുഖ കമ്പനിക്ക് കൈമാറുകയും കേരളത്തിലെ എല്ലാ നഗരസഭകളിലും, പഞ്ചായത്തുകളിലും സ്ഥാപനങ്ങളിലും അവ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇന്ന് നിങ്ങൾ കാണുന്ന ഓരോ ക്രിമറ്റോറിയത്തിൻ്റെ പിന്നണിയിലും വർഗീസ് ചേട്ടൻ്റെ കൈവിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്ന് ഓർക്കുക.
പരിസര മലിനീകരണത്തിന് വലിയ അളവിൽ സാദ്ധ്യതയുള്ള വാഹനങ്ങളിൽ നിന്നും നീക്കുന്ന കരി ഓയിലും, ഹോട്ടലുകൾ ഉപേക്ഷിക്കുന്ന.. പാചക ശേഷം ബാക്കി വരുന്ന എണ്ണയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന അശേഷം മലിനീകരണമില്ലാത്ത ഫർണ്ണസുകൾ കണ്ട് പിടിച്ചു. ഇവ പല വ്യവസായശാലകളിലും, ബോട്ട് യാർഡുകളിലും ചെമ്പ്, അലൂമിനിയം മുതലായവ കുറഞ്ഞ ചിലവിൽ ഉരുക്കാൻ ഉപയോഗിച്ച് വരുന്നു.
കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ എണ്ണക്കപ്പലുകൾ അടുക്കുന്ന ബർത്തിലെ അഗ്നി സുരക്ഷാ സംവിധാനത്തിൻ്റെ ഭാഗമായ ഫോം ഉപയോഗിച്ച് അഗ്നിബാധ തടയുന്ന ഫോം ഫയർ എക്സ്റ്റിങ്ങ്ഗ്യൂഷർ ടവർ… ഒരു കപ്പലിടിച്ച് തകർന്ന് പോയപ്പോൾ മറ്റ് പല പ്രമുഖ കമ്പനികളും ഉപേക്ഷിച്ച ആ ക്ലാസിഫൈഡ് ജോബ് അന്നത്തെ ചീഫ് ഫയർ ഓഫീസർ രാധാകൃഷ്ണൻ നായർ സാറിൻ്റെ നിർദ്ദേശത്താൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും ,ആ ടവറും ,അനുബന്ധ സാമഗ്രികളും സ്വന്തം ഡിസൈനിൽ നിർമ്മിച്ച് വർഗീസ് ചേട്ടൻ തൻ്റെ വൈദഗ്ദ്ധ്യം ഒന്ന് കൂടി തെളിയിച്ചു. 25 വർഷത്തിനിപ്പുറം ഇന്നും ആ അഗ്നിശമന ഉപാധി കൊച്ചിൻ പോർട്ടിൽ തല ഉയർത്തി നിന്ന് സേവനം നൽകുന്നതായി നിങ്ങൾക്ക് കാണാം.
ഇതിനോടൊപ്പം തന്നെ എണ്ണിയാൽ തീരാത്തത്ര കണ്ട് പിടുത്തങ്ങൾ വറുഗീസ് ചേട്ടൻ്റെതായി ഉണ്ട്.
സീലിങ്ങ് ഫാൻ വൈൻഡ് ചെയ്യുന്ന ഓട്ടോമാറ്റിക് മെഷീൻ, ഇലക്ട്രോണിക്സ് ആവശ്യങ്ങൾക്കുള്ള പവർ ട്രാൻസ്ഫോർമറുകൾ നിർമ്മിക്കുന്ന CNC വൈൻഡിങ്ങ് മെഷീൻ, കുറഞ്ഞ ഗ്യാസ് ചിലവിൽ കൂടുതൽ ചൂട് നൽകുന്ന ആജീവനാന്തം തകരാറുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ റോക്കറ്റ് ബർണ്ണർ.. തകരാറിലായാൽ ഉപേക്ഷിക്കേണ്ടി വന്നിരുന്ന വാഷിങ്ങ് മെഷീനുകളുടെ ഡ്രമ്മുകൾ റീ കണ്ടീഷൻ ചെയ്യുന്നതിനുള്ള ചിലവ് കുറഞ്ഞ ടെക്നോളജി..
വെള്ളയപ്പം ചുടുന്നതിനുള്ള ഫുള്ളി ഓട്ടോമാറ്റിക് മെഷീൻ, ഇരുമ്പ് ഷീറ്റുകൾ ഗ്യാസിൽ ഡിസൈൻ കട്ട് ചെയ്യുന്നതിനുള്ള മെഷീൻ, വീടുകളെ ഇടിമിന്നലിൽ നിന്നും സംരക്ഷിക്കുന്ന ലൈറ്റ്നിങ്ങ് അറസ്റ്റർ... വീടുകളുടെ സുരക്ഷ മൊത്തമായും കൈകാര്യം ചെയ്യുന്ന ഓവർ വോൾട്ടേജ്, ഷോക്ക്, സർജ് തുടങ്ങിയ എന്ത് ഉണ്ടായാലും ഓട്ടോമാറ്റിക് ആയി ഓഫായി വീട്ടുപകരണങ്ങളെ സംരക്ഷിക്കുന്ന ഓട്ടോമാറ്റിക് മെയിൻ സ്വിച്ച്, വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിനൊപ്പം കറണ്ടും ഉത്പ്പാദിപ്പിക്കുന്ന പെഡൽ ജനറേറ്റർ..ഒരു കട്ടിൽ മാത്രമായി എയർ കണ്ടീഷനിങ്ങ് ചെയ്യുന്നതിനുള്ള ബെഡ് ഏ.സീ.ഇലക്ട്രിക് പോസ്റ്റിൽ ഈസിയായി കയറാനുള്ള ചെരുപ്പ്, കരി ഓയിൽ ഇന്ധനമാക്കി അലൂമിനിയം ഉരുക്കുന്ന ഫർണ്ണസ്, വലിയ സ്പീക്കറുകളുടെ കോൺപേപ്പർ മോൾഡ് ചെയ്യുന്ന ടെക്നോളജി, കുറഞ്ഞ ചിലവിൽ ഹെവി ഡ്യൂട്ടി സ്പീക്കറുകളുടെ മാഗ്നെറ്റ് ചാർജ് ചെയ്യുന്ന മെഷീൻ, സാധാരണ പച്ചിരുമ്പ് കൊണ്ടുള്ള ആണിയെ നമ്മൾ ഇന്ന് ധാരാളമായി ഉപയോഗിക്കുന്ന കോൺക്രീറ്റ് ആണിയാക്കി മാറ്റുന്ന ടെക്നോളജി…
തുടങ്ങി നിരവധി അനവധി ഉൽപ്പന്നങ്ങളാണ് വർഗീസ് ചേട്ടൻ്റെ പണിശാലയിലൂടെ മൂർത്തരൂപം കൈവരിച്ച് പുറത്തേക്ക് എത്തിയത്.
തൻ്റെ കണ്ട് പിടുത്തങ്ങൾ ഒന്നും സ്വന്തമാക്കി വയ്ക്കാതെ സമീപിക്കുന്ന ആർക്കും അവ പകർന്ന് നൽകാൻ വർഗീസ് ചേട്ടൻ ഇന്നും മടികാണിക്കാറില്ല.
2016 ലെ ഏറ്റവും ഉപകാരപ്രദമായ നാടൻ കണ്ട് പിടുത്തത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച ഇലക്ട്രിക് പോസ്റ്റിൽ കയറാനുള്ള ഷൂസിൻ്റെ ഉപജ്ഞാതാവ് വർഗീസ് ചേട്ടനാണ്.. തെളിവായി ഇക്കാര്യം 2010ൽ തന്നെ വീഡിയോയായി യൂട്യൂബിൽ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് പോസ്റ്റില് കയറാനും ഷൂസ് എന്ന കീവേഡ് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ഡേറ്റ് സ്റ്റാമ്പടക്കം കാണാം.
കൊല്ലപ്പണി മുതൽ .. കരയിലും വെള്ളത്തിലും ഓടുന്ന ഏത് വാഹനവും റിപ്പയർ ചെയ്യുന്നതിനും, ഓടിക്കുന്നതിനുമുള്ള കഴിവ്, ഇല്‌ക്ട്രിക്കൽ, ഇലക്ട്രോണിക്സ്‌, കമ്പ്യൂട്ടർ തുടങ്ങി ഏത് ഉപകരണവും നിർമ്മിക്കുന്നതിനും തകരാറ് പരിഹരിക്കുന്നതിനുമുള്ള കഴിവ് തുടങ്ങി എല്ലാ വിഷയങ്ങളിലും ഇടപെടുകയും കഴിവ് തെളിയിക്കുയും ചെയ്തിട്ടുള്ളതിനാൽ മാസ്റ്റർ ഓഫ് ഓൾ ട്രേഡ്സ് എന്ന് വിളിക്കാൻ തികച്ചും യോഗ്യനായ വ്യക്തിയാണ് വർഗീസ് ചേട്ടൻ...
'
നല്ലൊരു ഗായകനും, അതോടൊപ്പം സൗണ്ട് റിക്കോഡിസ്റ്റും, സൗണ്ട് എഡിറ്ററുമാണ് വർഗീസ് ചേട്ടൻ
ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത് .വർഗീസ് ചേട്ടൻ്റെ കണ്ട് പിടുത്തമായ വ്യായാമത്തോടൊപ്പം കറണ്ടും ഉൽപ്പാദിപ്പിക്കുന്ന പെഡൽ ജനറേറ്റർ
കേരളത്തിലെമ്പാടുമുള്ള വാഷിങ്ങ് മെഷീൻ ടെക്നീഷ്യൻമാർ തങ്ങൾക്ക് തകരാറിലായി ലഭിക്കുന്ന മെഷീനിൻ്റെ വാഷ് ഡ്രമ്മുകൾ റീ കണ്ടീഷൻ ചെയ്യുന്നതിനായി വർഗീസ് ചേട്ടൻ്റെ പണി ശാലയിലേക്കാണ് അയക്കുന്നത്. കുറഞ്ഞ ചിലവിൽ അവ അദ്ദേഹം റീ കണ്ടീഷൻ ചെയ്ത് നൽകുന്നു.ഗാർഡിയൻ ടെക്നിക്കൽ ഷോപ്പ് എന്നാണ് അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൻ്റെ പേര്.. അതിനാൽ അദ്ദേഹം ഗാർഡിയൻ വർഗീസ് ചേട്ടൻ എന്ന പേരിൽ അറിയപ്പെടുന്നു.
വെൽഡിങ്ങും ലേത്ത് വർക്കിലും ,ഇലക്ട്രോണിക്സ് മേഘലകളിലും... വർഗീസ് ചേട്ടനെപ്പോലെ തന്നെ വിദഗ്ദ്ധയായ തൻ്റെ ഇളയ മകളായ നീനുവിനെ പണിശാലയുടെ ചുമതല ഏൽപ്പിച്ച് ഇപ്പോൾ ശബ്ദ ഗുണത്തിൽ മുന്നിട്ട് നിൽക്കുന്ന ഇഞ്ചക്ഷൻ ബയാസിങ്ങ് എന്ന് വർഗീസ് ചേട്ടൻ വിശേഷിപ്പിക്കുന്ന ടെക്നോളജിയിൽ ഡവലപ്പ് ചെയ്യുന്ന ഒരു ഹൈ എൻഡ് ലോ വാട്ടേജ് ഹൈ ഫിഡിലിറ്റി സ്റ്റീരിയോ ആമ്പിൻ്റെ പണിപ്പുരയിലാണ് ഈ 62 ആം വയസിലും കർമ്മനിരതനായ വർഗീസ് ചേട്ടൻ. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
നിങ്ങളുടെ സംശയങ്ങൾ വർഗിസ് ചേട്ടനോട് ചോദിക്കാം.. ഗവേഷണ കാര്യങ്ങളിൽ തിരക്കായിരിക്കും, വിളിച്ച് ശല്യം ചെയ്യേണ്ട. 9400710510 എന്ന വാട്സാപ്പ് നമ്പരിൽ, വോയ്സ് മെസേജ് അയക്കുന്നതാണ് സൗകര്യം.. തീർച്ചയായും മറുപടി പ്രതീക്ഷിക്കാം. അജിത് കളമശേരി .നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് ഇദ്ദേഹം. #സീനിയർ_ടെക്നീഷ്യൻസ്,#ajith_kalamassery.

No comments:

Post a Comment