PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, May 23, 2023

PAM 8403 PCB മോഡ്യൂൾബ്രിഡ്ജ് ചെയ്യാം 2

 PAM 8403 PCB മോഡ്യൂൾബ്രിഡ്ജ് ചെയ്യാം 2



PAM മോഡ്യൂൾ സംബന്ധമായി രാവിലെ ഇട്ട പോസ്റ്റ് മൊത്തം അബദ്ധമായി. അത് മൊത്തം എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. സദയം ക്ഷമിക്കുക.
പണ്ടൊക്കെ ചെറിയ വാട്സുള്ള ഒരു ആംപ്ലിഫയർ അസംബിൾ ചെയ്യാൻ പോലും എന്ത് ബുദ്ധിമുട്ടായിരുന്നു.
അനുയോജ്യമായ ട്രാൻസിസ്റ്ററുകൾ വാങ്ങണം ,കപ്പാസിറ്ററുകൾ, റസിസ്റ്ററുകൾ എല്ലാം ധാരാളമായി വേണം ,പോരാത്തതിന് ഇതെല്ലാം കണക്റ്റ് ചെയ്ത് അസംബിൾ ചെയ്യാൻ പറ്റിയPCB കണ്ടെത്തണം... ഇതിനായി കുറേ ചെരുപ്പുകൾ തേയേണ്ടി വരും! .. ഇന്നങ്ങിനെയാണോ? അല്ല !
മൊബൈൽ എടുക്കുക തോണ്ടുക സാധനം വീട്ടുപടിക്കൽ എത്തും!
ചെറിയ പൈസക്ക് പോലും വലിപ്പം കുറഞ്ഞ കിടിലൻ ക്ലാസ് D ആംപ്ലിഫയറുകൾ കിട്ടും. അധികം അസംബിൾ ചെയ്ത് കഷ്ടപ്പെടേണ്ട ആവശ്യം പോലുമില്ല. സ്പീക്കറും, ബാറ്ററിയും കൊടുത്താൽ സംഗതി പാടും.
അത്തരത്തിലൊന്നാണ് PAM 8403 ആംപ്ലിഫയർ മോഡ്യൂൾ.5 വോൾട്ടിൽ 3+ 3 വാട്ട് കിട്ടുമെന്ന് അതിൻ്റെ വിവരങ്ങൾ നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്നു. പക്ഷേ ശരിക്കും 1+1 വാട്സ് കിട്ടുന്നുണ്ടോ എന്ന കാര്യം തന്നെ സംശയമാണ് .
ഇന്ന് രാവിലെ മറ്റെന്തോ തപ്പിയപ്പോൾ കിട്ടിയത് മുൻപ് എപ്പോഴോ വാങ്ങിയ കുറച്ച് PAM 8403 മോഡ്യൂളുകളാണ്. വേറേ പരിപാടി ഒന്നും ഇല്ലാതിരുന്നതിനാൽ അവയിൽ ചിലത് കറണ്ട് കൊടുത്ത് കത്തിച്ച് കളയാമെന്ന് കരുതി.
അപ്പോഴാണ് എൻ്റെ പൊട്ട ബുദ്ധിക്ക് ഈ മോഡ്യൂൾ ബ്രിഡ്ജ് ചെയ്യാമോ എന്ന സംശയം ഉടലെടുത്തത്. ഉടനെ യൂ ട്യൂബിൽ PAM 8403 ബ്രിഡ്ജ് മോഡ് എന്ന് സെർച്ച് ചെയ്തു... അതാ വരി വരിയായി വീഡിയോകൾ വരുന്നു! കുറച്ചെണ്ണം കണ്ട് നോക്കി. അതുപോലെ ഞാനും ഒന്ന് പരീക്ഷിച്ച് നോക്കി. സംഭവം വർക്ക് ചെയ്യുന്നുണ്ട്... ശബ്ദം സാധാരണ കിട്ടുന്നതിലും കൂടുതലായി കേൾക്കുന്നുണ്ട്..
എന്നാൽ ആ വിവരം മലയാളത്തിൽ എഴുതി നിങ്ങളെക്കൂടി അറിയിക്കാമെന്ന് കരുതി!ഒപ്പം ഒരു വീഡിയോയും എടുത്തു.
ഇവിടെ ആ എഴുതിയത് ഇട്ടപ്പോൾ മുതൽ ഞാൻ എയറിലായി!
താനെന്ത് മണ്ടത്തരമാണ് വിളമ്പുന്നത് ?
PAM മോഡ്യൂൾ ഓൾറഡി ബ്രിഡ്ജ്ഡ് ആണ്. അത് വീണ്ടും എങ്ങിനെ ബ്രിഡ്ജ് ചെയ്യും? 180 ഡിഗ്രി ഫേസ് ഷിഫ്റ്റ് സിഗ്നൽ കൊടുത്താലല്ലേ ബ്രിഡ്ജ് മോഡ് വർക്ക് ചെയ്യൂ ?
.പിന്നെയും എന്തൊക്കെയോ കമൻ്റുകൾ.. ഞാനീ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലാത്തത് കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം എങ്ങിനെയാണെന്ന് എനിക്കറിയാൻ പാടില്ലായിരുന്നു. അതിനാലാണ് PAM മോഡ്യൂൾ ബ്രിഡ്ജ് ചെയ്ത് പ്രവർത്തിക്കും എന്ന് ഞാനെഴുതിയത്.അതിന് നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ ഒരു കാര്യം പറയാം 25 രൂപാ മുടക്കി ഒരു PAM മോഡ്യൂൾ വാങ്ങി ഞാൻ പറഞ്ഞ മണ്ടത്തരം പരീക്ഷിച്ചാൽ സാധാരണ കിട്ടുന്നതിലും അധികം ശബ്ദം PAM മോഡ്യൂൾ പുറപ്പെടുവിക്കുന്നതായി നിങ്ങൾക്കും മനസിലാകും... ഇങ്ങനെ ചെയ്യുമ്പോൾ അൽപ്പം THD ( ടോട്ടൽ ഹാർമോണിക് ഡിസ്റ്റോർഷൻ ) കൂടുതലായി അനുഭവപ്പെടും എന്ന പോരായ്മ ശ്രദ്ധയിൽ പെട്ടു എന്ന് മാത്രം..
ഒരു പ്രാവശ്യം മുയല് വീണ് ചക്ക ചത്തതാണെന്ന്‌ കരുതി വീണ്ടും ഒരെണ്ണം കൂടി ചെയ്തു നോക്കി! അത്ഭുതം അതും അഞ്ചാറ് മണിക്കൂർ പാടിയിട്ടും ഒരു കുഴപ്പവുമില്ല. ഇപ്പോഴും പാടുന്നു.
അതിനാൽ ഇലക്ട്രോണിക്സ് അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ എൻ്റെ ഈ കണക്ഷൻ മെത്തേഡിന് ഞാൻ സ്വന്തമായി ഒരു പേരിട്ടോട്ടെ?
ഇനി മുതൽ കേരളത്തിൽ ഈ പൊട്ടത്തരം കാണിക്കുന്നതിനെ പാവങ്ങളുടെ ബ്രിഡ്ജ് മോഡ് എന്ന് ഞാൻ വിളിക്കും.. നിങ്ങൾക്കും ചെറിയ പൈസ മുടക്കി ഒരു മോഡ്യൂൾ വാങ്ങി ഇങ്ങനെ ഉണ്ടാക്കി നോക്കിയ ശേഷം ഇഷ്ടമുള്ള പേര് വിളിച്ചോളൂ. ഒരു നഷ്ടവുമുണ്ടാകില്ല. ധാരാളം പാട്ടും കേൾക്കാം!
പോലീസ് കാരനെ കുരങ്ങാ എന്ന് വിളിച്ചാലല്ലേ കേസുള്ളൂ.കുരങ്ങനെ പോലീസുകാരൻ എന്ന് വിളിച്ചാൽ കുഴപ്പമില്ലല്ലോ? അതിനാൽ ഈ കണക്ഷൻ രീതിയെ ആരും ബ്രിഡ്ജ് മോഡ് എന്ന് മേലിൽ വിളിച്ച് പോകല്ല്... അത് ശരിയായ രീതിയല്ല. എന്താണ് സംഭവം എന്നറിയാത്തവർ മുൻ പോസ്റ്റ് നോക്കുക. #അജിത്_കളമശേരി,#ajith_kalamassery

No comments:

Post a Comment