സോൾഡറിങ്ങിൻ്റെ ചരിത്രം ഭാഗം 1.
ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങളിലേക്ക് നമ്മൾ കടക്കുന്നത് ഒരു സോൾഡറിങ്ങ് അയണിൽ കൈവച്ചു കൊണ്ടായിരിക്കുമല്ലോ!
സോൾഡറിങ്ങിൻ്റെ കഥ ആരംഭിക്കുന്നത് കറണ്ടും, ഇലക്ട്രോണിക്സും ഒന്നുമില്ലാത്ത പതിനേഴാം നൂറ്റാണ്ടിലാണ്.
ആദ്യകാല സോൾഡറിങ്ങ് ഉപകരണമായ
ബ്ലോ ലാമ്പുകൾ എന്ന ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ റിപ്പയർ രംഗത്തെ ആദ്യഗാമിയായ പോർട്ടബിൾ സോൾഡറിങ്ങ് ടൂൾ കാലയവനികയിൽ ഏതാണ്ട് മറഞ്ഞു കഴിഞ്ഞു.!
ചരിത്രത്തിൻ്റെ അവശേഷിപ്പുകളായി ഇവൻമാരെ ആരെയെങ്കിലും നിങ്ങൾ യാദൃശ്ചികമായി വല്ല അക്രിക്കടയിലും കണ്ടാൽ പുറംകാല് കൊണ്ട് തൊഴിച്ച് മാറ്റരുതേ!
ചരിത്രത്തിൻ്റെ ഭാഗമായ നിരവധി കഥകൾ ഇവൻമാർക്കു പിന്നിലും ഉണ്ട്.
ആഭരണ നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരുന്നവരാണ് തീ ജ്വാലയിലേക്ക് വായു ഒരു ഊത്തു കുഴലിൻ്റെ സഹായത്താൽ ശക്തിയായി അതേ സമയം നിയന്ത്രിതമായും ഊതിയാൽ ജ്വല നീല വെളിച്ചത്തോടെ കത്തി ഉയർന്ന താപം പുറപ്പെടുവിക്കുമെന്ന് കണ്ടെത്തിയത് .അവർ ഈ സംവിധാനത്തെ ഊത്തു കുഴൽ അഥവാ ബ്ലോ ലാമ്പ് എന്നു നാട്ട് ഭാഷയിൽ വിളിച്ച് പോന്നു.
1797 കളിൽ ജർമ്മൻ ശാസ്ത്രജ്ഞനായ ആഗസ്റ്റ് വോൺ മർക്കാർഡ് August von Marquard ബ്ലോ ലാമ്പിൻ്റെ പ്രാഗ്തന രൂപം കണ്ട് പിടിച്ചു. സസ്യ എണ്ണകളോ, സ്പിരിറ്റോ ഉപയോഗിക്കുന്ന ഒരു വിളക്കിനോട് ചേർന്ന് ഒരു കുഴലിലൂടെ നിയന്ത്രിതമായി വായൂ പ്രവാഹം സാദ്ധ്യമാക്കുന്ന കൈ കൊണ്ട് കറക്കി പ്രവർത്തിക്കുന്ന ബ്ലോവർ അടങ്ങിയ സംവിധാനമായിരുന്നു ആഗസ്റ്റ് വോണിൻ്റെ ബ്ലോ ലാമ്പ്..
ഇതിൻ്റെ ജ്വാലയ്ക്ക് 250-300 ഡിഗ്രി വരെയുള്ള താപനിലകൾ കൈവരിക്കാനേ സാധിച്ചിരുന്നുള്ളൂ.
അന്നത്തെ കാലത്ത് ആ താപനില തന്നെ വളരെ ഉയർന്നതും കാര്യക്ഷമമെന്നും കരുതിയിരുന്നു.
1846 ൽ കനേഡിയൻ ജിയോളജിസ്റ്റും, ശാസ്ത്രജ്ഞനുമായ അബ്രഹാം ജെസ്നർ ക്രൂഡോയിലിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മണ്ണെണ്ണ വേർതിരിച്ചെടുക്കാനുള്ള മാർഗ്ഗം കണ്ട് പിടിച്ചതോടെയാണ് ശരിക്കുമുള്ള ബ്ലോ ലാമ്പ് പിറവിയെടുത്തത്.
മണ്ണെണ്ണയുടെ കണ്ട് പിടുത്തം, പെട്രോൾ, ഡീസൽ തുടങ്ങിയവയിലേക്ക് വഴിമാറിയത് വേറേ കഥകൾ..
മണ്ണെണ്ണ ഇന്ധനമായും, ഒപ്പം ജ്വലന ശേഷി വർദ്ധിപ്പിക്കുവാനും,ഓക്സിജൻ കൂടുതൽ ലഭ്യമാക്കാൻ അധിക വായൂ പ്രവാഹത്തിനും, കാര്യക്ഷമത കൂട്ടുന്നതിനുമായി മണ്ണെണ്ണ നിറയ്ക്കുന്ന ടാങ്കിൽ തന്നെ സമ്മർദ്ധത്തിനായി കാറ്റടിച്ച് നിറയ്ക്കുന്ന സ്റ്റവ്വുകൾ തുടർന്ന് വിപണിയിലെത്തി ..
1882 ൽ സ്വീഡനിലെ കാൾ റിച്ചാർഡ് നെയ്ബർഗ് എന്ന ശാസ്ത്രജ്ഞൻ മണ്ണെണ്ണയെ വാതക രൂപത്തിലാക്കാൻ പ്രീ ഹീറ്റ് ചെയ്യുന്ന സിമ്പിൾ ടെക്നിക്ക് വികസിപ്പിച്ചെടുത്തു.
സ്റ്റവ് കത്തുന്ന ജ്വാലയിൽ കൂടി ബർണ്ണറിലേക്കുള്ള മണ്ണെണ്ണക്കുഴൽ കടത്തിവിട്ടാണ് കാൾ റിച്ചാർഡ് നെയ്ബർഗ് ഇത് സാദ്ധ്യമാക്കിയത്.
റിച്ചാർഡ് നെയ്ബർഗ് 1883ൽ സ്വീഡനിൽ ആരംഭിച്ച കമ്പനി ബ്ലോ ലാമ്പുകളുടെ മാസ് പ്രൊഡക്ഷൻ ആരംഭിച്ചു.
820 ഡിഗ്രി വരെ ഉയർന്ന താപനില നെയ്ബർഗ് ബ്ലോ ലാമ്പുകൾ വളരെ വേഗം കൈ വരിക്കുമായിരുന്നു.
ഇതോടെ വാഹന റിപ്പയർ രംഗവും ,ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വ്യവസായ മേഖലയും വളരെ ജനകീയമായി.
ഈ വ്യവസായങ്ങളുടെ ആണിക്കല്ലായ രണ്ട് ലോഹങ്ങൾ തമ്മിലുള്ള വിളക്കിചേർക്കലും, ചൂടാക്കലും, ബ്ലോ ലാമ്പ് മുഖേന പൂ പറിക്കുന്നത് പോലെ ലളിതമായി ആർക്കും ചെയ്യാം എന്ന നിലയിലായി.
തട്ടലും മുട്ടലും മൂലം കേടാകുന്ന വാഹനങ്ങളുടെ റേഡിയേറ്റർ ,ചളുങ്ങിയ ബമ്പർ എന്നിവയെല്ലാം ബ്ലോ ലാമ്പിൻ്റെ കരസ്പർശത്താൽ പുതുജീവൻ ലഭിച്ചു പോന്നു.
പത്തൊമ്പതാം നൂറ്റാണ്ട് വാൽവ് റേഡിയോകളുടെ കാലമായിരുന്നു. അന്ന് വൈദ്യുതി അത്ര വ്യാപകവുമല്ല. 1930 കളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാൽവ് റേഡിയോകൾ രംഗപ്രവേശം ചെയ്തു.
വൈദ്യുതി എത്താത്ത വിദൂര നാടുകളിലൂ ബാറ്ററി വാൽവ് റേഡിയോകൾ ധാരാളമായി എത്തി. ഇവ റിപ്പയർ ചെയ്യാൻ സോൾഡറിങ്ങ് ടൂളായി ബ്ലോ ലാമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കടിയ എന്ന വിളിപ്പേരുള്ള ചെമ്പിൻ്റെ കട്ട ബ്ലോലാമ്പിന് മുന്നിലെ ജ്വാലയിൽ സദാ സമയവും ചൂടായി നിൽക്കും .ഒരു ചെറു ചുറ്റികയുടെ രൂപവും ഭാവമുള്ള ഉപകരണമാണ് കടിയ. ചിത്രം നോക്കുക. ബ്ലോ ലാമ്പിന് മുകളിൽ കടിയ സുരക്ഷിതമായി ഉറച്ചിരിക്കാൻ പാകത്തിന് രണ്ട് കടിയ ഹോൾഡറുകളും ഉണ്ടാകും. ആവശ്യാനുസരണം ചൂടാക്കിയ കടിയ എടുത്ത് റേഡിയോ പാർട്ടുകൾ ലെഡ് ഉപയോഗിച്ച് സോൾഡർ ചെയ്യും ,
ഒരു കടിയ ഉപയോഗിക്കുമ്പോൾ മറ്റൊരു കടിയ ലാമ്പിലെ സ്റ്റാൻഡിൽ ചൂടായിക്കൊണ്ടിരിക്കും. ഇതൊക്കെ ഉപയോഗിച്ച് സോൾഡർ ചെയ്യാൻ നല്ല സ്കിൽ ആവശ്യവുമായിരുന്നു. കറണ്ട് ആവശ്യമില്ല എന്നതൊഴിച്ചാൽ ഒരു പണിമുടക്ക് കേസായിരുന്നു ഇത്തരം സോൾഡറിങ്ങ്.
ശ്രദ്ധിച്ചില്ലെങ്കിൽ കടയടക്കം കത്തിപ്പോകും ,കയ്യും കാലും ഇതുകൊണ്ട് പൊള്ളാത്ത ഒരു ടെക്നീഷ്യനും അന്നുണ്ടായിരുന്നില്ല.
അന്നത്തെ ബ്ലോ ലാമ്പുകൾക്ക് കടിയ ഫിറ്റു ചെയ്യാനുള്ള സ്റ്റാൻഡ് സഹിതമാണ് വിൽപ്പനയ്ക്കെത്തിയിരുന്നത്.
വൈദ്യുതി വ്യാപകമായതോടെ ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്ക് മാത്രമായി ബ്ലോ ലാമ്പ് ഉപയോഗം ചുരുങ്ങി.
ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ ബ്ലോ ലാമ്പ് പണ്ടേ ഉപേക്ഷിച്ചു. ഇന്ന് 60 വയസിന് മേൽ പ്രായമുള്ള ടെക്നീഷ്യൻമാരിൽ അപൂർവ്വം ചിലർ ഇത് ഉപയോഗിച്ചിരിക്കാം.
2010 ഓടെ ഗ്യാസിൽ പ്രവർത്തിക്കുന്ന ലളിതവും ഭാരം കുറഞ്ഞതുമായ ഹാൻഡി ബ്ലോ ലാമ്പുകൾ നമ്മുടെ നാട്ടിലുമെത്തി.
ഇന്ന് അവനാണ് താരം. എന്തും ചൂടാക്കാനും, കത്തിക്കാനും, പെയിൻ്റ് ഇളക്കാനും, ഗ്യാസ് ബ്ലോ ലാമ്പ് തന്നെ വേണം. പഴയ മണ്ണെണ്ണ ബ്ലോ ലാമ്പുകൾ ചരിത്രത്തിന് വഴി മാറി .വല്ല പുരാവസ്തു ശേഖരക്കാരുടെ കയ്യിലും ഒന്നും ഒറ്റയുമായി ഇവനെ കണ്ടേക്കാം!. തുടരും
ചിത്രത്തിൽ കാണുന്നത് സീനിയർ ടെക്നീഷ്യൻ വർഗീസ് ഗാർഡിയൻ്റെ കൈവശമുള്ള 80 വർഷം പഴക്കമുള്ള സ്വീഡിഷ് നിർമ്മിത ബ്ലോലാമ്പ്.
ബാറ്ററി ടെർമിനലുകൾ പോലുള്ള ഹെവി ഡ്യൂട്ടി സോൾഡറിങ്ങിനായി വർഗീസ് ചേട്ടൻ ഇപ്പോഴും ഇവനെ ഉപയോഗിക്കുന്നുണ്ട്.
എഴുതിയത് #അജിത്_കളമശേരി, #ajith_Kalamassery,23.05.2023.
No comments:
Post a Comment