ELECTRONICS KERALAM

Thursday, September 7, 2017

CCTV ഇന്‍സ്റ്റലേഷന്‍

CCTV ഇന്‍സ്റ്റലേഷന്‍ 
 സുജിത് കുമാര്‍ 
CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ. ചെറിയ കടകളിൽ മുന്തൽ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ' എന്താ സി സി ടിവി വയ്ക്കാത്തതെന്ന്?' ചോദിച്ച് കടയുടമകളെ കുറ്റപ്പെടുത്തുന്നതും പതിവാണ്‌ . എവിടെയൊക്കെ സി സി ടി വി വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. സി സി ടി വിയും സ്വകാര്യതയും തമ്മിൽ വലിയ ബന്ധം ഉള്ളതിനാൽ പൊതു ഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒരു ചർച്ചാ വിഷയവുമാണ്‌. എനിക്ക് എന്റെ വീട്ടിലെ ടോയ്‌‌ലെറ്റിൽ വരെ സി സി ടിവി കാമറ വയ്ക്കുന്നതിൽ യാതൊരു നിയമ തടസ്സവും ഇല്ല. പക്ഷേ ഒരു പബ്ലിക് ടോയ്‌‌ലറ്റിൽ ആയാൽ അത് മറ്റ് പല നിയമ ലംഘനങ്ങളുടെയും പരിധിയിൽ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനായി പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവെ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ " You are under CCTV surveillance" തുടങ്ങിയ മുന്നറിയിപ്പ് ബോഡുകൾ കാണാം. ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്നതിൽ നിന്നും പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളവയല്ല. മറിച്ച് മറ്റാരും നിരിക്ഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ അറിയാതെയുണ്ടാകുന്ന സ്വകാര്യതാ ലംഘനങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌. സ്വകാര്യ ഭാഗങ്ങളിൽ ഒന്ന് ചൊറിയണമെന്ന് തോന്നിയാൽ സി സി ടി വി ഉള്ള ഇടങ്ങളിലാണെങ്കിൽ ആവശ്യമായ മറവോ മറ്റു മുൻകരുതലുകളോ എടുക്കാൻ ഇത്തരം മുന്നറിയിപ്പ് ബോഡുകൾ സഹായിക്കുമല്ലോ. മുഖം അന്യ പുരുഷർ കാണുന്നതിലൂടെ സ്വർഗ്ഗം നഷ്ടപ്പെടുമെന്ന ഭീതിയുള്ളവർക്കും ആവശ്യമായ മുൻകരുതലുകൾ ഇതിലൂടെ എടുക്കാൻ കഴിയുന്നു.
ഡിമാൻറ്റ് കൂടിയപ്പോൾ സി സി ടിവി ഫിറ്റ് ചെയ്ത് കൊടുക്കുന്ന ഏജൻസികളും കൂണുപോലെ മുളച്ച് പൊങ്ങിയിരിക്കുന്നു. ഉപഭോക്താക്കളൂടെ അജ്ഞതയും തെറ്റിദ്ധാരണയും മുതലെടുത്ത് വലിയ മാർജിൻ എടുക്കുന്നതിനാൽ ഇത് വലിയ ലാഭകരമായ ഒരു ബിസിനസ് ആയാണ്‌ വിലയിരുത്തപ്പെടുന്നത്. അതിനാൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ചെയ്ത് പഠിക്കാനും താല്പര്യമുള്ളവർക്കായി എങ്ങിനെ ചുരുങ്ങിയ ചെലവിൽ ഒരു സി സി ടി വി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാം എന്ന് മനസ്സിലാക്കിത്തരാൻ ശ്രമിക്കാം.
ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കൾ ക്ഷമിക്കുക. ഒരു ഫ്യൂസ് കെട്ടാൻ വരെ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നവരാണ്‌ നമ്മൂടെ നാട്ടിൽ കൂടൂതലും എന്നതിനാൽ ഇത് നിങ്ങളുടെ ബിസിനസ്സിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല.
നിലവിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതും വിപണിയിൽ സുലഭവുമായ വീഡിയോ സർവലൈൻസ് സംവിധാനങ്ങളെ ഒന്ന് പരിചയപ്പെടാം.
1. സ്റ്റാൻഡ് അലോൺ വയർലെസ് ഐ പി കാമറകൾ - ഇതിൽ ഓരോ ക്യാമറയും നേരിട്ടോ ഒരു നെറ്റ്‌‌വർക്ക് സ്വിച്ച് വഴിയോ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വയറോടു കൂടീയതൊ വയർ ലെസ്സോ ആകാം. ഇന്റർനെറ്റിലൂടെ ഇവ മൊബൈൽ ആപ്പുകളിലൂടെയോ കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയറുകൾ വഴിയോ വിദൂര വീക്ഷണവും റേക്കോഡിംഗും സാദ്ധ്യമാകുന്നു. പല തരത്തിൽ ഐ പി കാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണെങ്കിലും പൊതുവേ സർവ്വറുകളൊന്നും ഉപയോഗിക്കാത്ത പീർ ടു പീർ വ്യൂവിംഗ് സംവിധാനങ്ങളാണ്‌ ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തിക്കാണുന്നത്. പീർ ടു പീർ വ്യൂവിങ്ങ് എന്നാൽ നമ്മൂടെ ടോറന്റുകളുടെ അതേ സാങ്കേതിക വിദ്യ തന്നെ. ഓരോ കാമറയ്ക്കും ഒരു യുണീക് ഐഡി ഉണ്ടായിരിക്കും ഈ യുണീക് ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകളുമായോ കമ്പ്യൂട്ടറുകളുമായോ നേരിട്ട് ബന്ധം സ്ഥാപിക്കുന്നു. ഇതല്ലാതെ നേരിട്ട് കാമറയുടെ ഐ പി അഡ്രസ് ഉപയോഗിച്ചും വിദൂര വീക്ഷണം സാദ്ധ്യമാണ്‌. ഇതിനായി ഒന്നുകിൽ ഇന്റർനെറ്റ് കണക്ഷന് ഒരു സ്റ്റാറ്റിക് ഐപി അഡ്രസ് ആവശ്യമാണ്‌ (പൊതുവേ ഹോം യൂസർ കണക്ഷനുകൾക്ക് ഇത് കിട്ടാറില്ല. ) അല്ലെങ്കിൽ ഡൈനാമി ഐപി അഡ്രസ്സുകളെ സ്റ്റാറ്റിക് ഐപി അഡ്രസ് ആക്കി മാറ്റുന്ന No IP പോലെയുള്ള തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.
ചൈനീസ് ബ്രാൻഡുകൾ 3000-4000 റേഞ്ചിൽ റിമോട്ട് പാൻ ട്വിൽറ്റ് സൂം (PTZ) ഫംഗ്ഷനുകളോടുള്ളവ ലഭ്യമാകുമ്പോൾ തുല്ല്യമായ ഫീച്ചറുകൾ ഉള്ള ഡി ലിങ്ക്, സോണി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ കാമറകൾക്ക് ഇതിന്റെ അഞ്ചു മുതൽ പത്ത് മടങ്ങ് വരെ വില നൽകേണ്ടതായി വരുന്നു. അതിനാൽ വലിയ വിലക്കുറവുള്ള ചൈനീസ് ക്യാമറകൾ ഈ മേഖലയിൽ അരങ്ങ് വാഴുന്നു. പൊതുവേ ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും മറ്റുമാണ്‌ കൂടുതലായി ഐ പി കാമറകൾ ഉപയോഗപ്പെടുത്തുന്നത്. ഒരൊറ്റ മുറിയുള്ള കടകൾ, വീട്ടിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ, വീട്ടു ജോലിക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കുമായും ഇത്തരം ചെറിയ ഐ പി കാമറകൾ ഉപയോഗപ്പെടുത്താവുന്നതാണ്‌ . ഐപി കാമറകളുടെ ഡീഫോൾട്ട്‌ പാസ്വ‌‌വേഡുകളും യൂസർ ഐഡികളും മാറ്റിയില്ലെങ്കിൽ വളരെ എളുപ്പത്തിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ട്.

2. ലോക്കൽ മെമ്മറി കാർഡ് സ്റ്റൊറേജോടു കൂടിയ കാമറകൾ..
പ്രത്യേകിച്ച് നെറ്റ് വർക്ക് കാഡോ റിമോട്ട്‌ സ്റ്റോറേജ് സൗകര്യമോ ഒന്നുമില്ലാത്ത ലോക്കൽ സ്റ്റോറേജ് മാത്രം ഉള്ള സ്റ്റാൻഡ് അലോൺ ക്യാമറകളാണ്‌ ഇവ. ഇത്തരം കാമറകളിൽ 128 ജി ബി വരെയുള്ള മെമ്മറി കാഡ് പൊതുവേ സപ്പോർട്ട് ചെയ്യുന്നതായി കണ്ടു വരുന്നു. ഇവയിലും ഓഡിയോ‌ വീഡിയോ ഔട് പുട് ഉണ്ട്. ആവശ്യമാണെങ്കിൽ ടി വിയിലെ വീഡിയോ ഇൻ സോക്കറ്റിൽ കേബിളുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് ടിവിയിലും മറ്റും മോണിറ്റർ ചെയ്യാവുന്നതാണ്‌ . ചുരുങ്ങിയ വിലയിൽ ഇത്തരം കാമറകൾ ലഭ്യമാണ്‌.

3. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാമറകൾ കേബിളുകൾ വഴി ഡിജിറ്റൽ വീഡീയോ റെക്കോഡറുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധാരണ സി സി ടി വി സിസ്റ്റം ( ഇതാണ്‌ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ളത്).
4. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐ പി ക്യാമറകൾ കേബിളുകൾ വഴിയും നെറ്റ് വർക്ക് സ്വിച്ചുകൾ വഴിയും ഒരു നെറ്റ്‌‌വർക്ക് വീഡിയോ‌ റേക്കോർഡറുമായി (NVR) ബന്ധിപ്പിച്ചുകൊണ്ടുള്ള സംവിധാനം. ബഹുനില മന്ദിരങ്ങളിലും മറ്റും അനേകം ക്യാമറകൾ ഉള്ള വളരെ വിപുലമായ സംവിധാനം ആണെങ്കിൽ ഇതോ അല്ലെങ്കിൽ അനലോഗ് ക്യാമറകൾ കൂടി ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമോ ആയിരിക്കും കൂടുതൽ അനുയോജ്യം.
5. വയർലെസ് കാമറകൾ വൈഫൈ വഴി എൻ വി ആറുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന വൈഫൈ സി സി ടി വി സിസ്റ്റം
6. അനലോഗ് ക്യാമറകളും നെറ്റ് വർക്ക് ക്യാമറകളും ഒന്നിച്ചുള്ള ഹൈബ്രിഡ് സിസ്റ്റം.
ഒരു CCTV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ സ്വന്തം അവശ്യം എന്തെന്ന് മനസ്സിലാക്കുയും ലഭ്യമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറീവുണ്ടായിരിക്കുകയും നല്ലതാണ്‌. ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായ ഇടങ്ങളിൽ ഡി വി ആറും മറ്റു സംവിധാനങ്ങളുമെല്ലാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങളെക്കുറിച്ച് പറയാം.
CCTV Cameras:
പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ്‌ സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന് ഡോം ക്യാമറ രണ്ട് ബുള്ളറ്റ് ക്യാമറ. ഒരു ചിരട്ട മുറിയുടെ ആകൃതിയിൽ ചുവരിലോ സീലിംഗിലോ ഒക്കെ ഉറപ്പിച്ചു വയ്ക്കാവുന്ന കാമറകൾ ആണ്‌ ഡോം കാമറകൾ. കുഴൽ രൂപത്തിൽ പ്രത്യേകം ആക്സിസിൽ ഉറപ്പിച്ചു വച്ചിരിക്കുന്നവയാണ്‌ ബുള്ളറ്റ് ക്യാമറകൾ. വിലയുടെ കാര്യം പറയുമ്പോൾ ഡോം ക്യാമറകൾക്ക് ബുള്ളറ്റ് കാമറകളേക്കാൾ വിലക്കുറവാണ്‌. ഫോക്കസ് , കവറേജ് ഏരിയ തുടങ്ങിയവ പൊതുവേ ഡോം ക്യാമറകളേ അപേക്ഷിച്ച് ബുള്ളറ്റ് ക്യാമറകൾക്ക് കൂടുതൽ ആയിരിക്കും . സാധാരണയായി ഇൻഡോർ കവറേജിനു ഡോം കാമറയും ഔട് ഡോർ കവറേജിൻ ബുള്ളറ്റ് കാമറയും ആണ്‌ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ എല്ലാ ബുള്ളറ്റ് കാമറകളും മഴയും വെയിലുമൊക്കെ കൊള്ളാൻ പാകത്തിലുള്ള ഔട്‌ഡോർ ഉപയോഗത്തിനു പറ്റിയവ ആകണമെന്നില്ല. അതിനാൽ അത്തരം ഉപയോഗങ്ങൾക്ക് ഐപി68 സ്റ്റാൻഡേഡിലുള്ള ബുള്ളറ്റ് കാമറകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാധാരണ കൂടുതലായി ഉപയോഗിച്ച് കാണുന്നില്ലെങ്കിലും Pan Twilt Zoom (PTZ) സൗകര്യങ്ങളോടു കൂടിയ കാമറകളും ഉണ്ട്. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ സഹായിക്കുന്ന മൈക്രോഫോൺ കൂടിയുള്ള ക്യാമറകളും ലഭ്യമാണ്‌. മിക്കവാറും ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ക്യാമറകളിലെല്ലാം നൈറ്റ് വിഷൻ സൗകര്യം കൂടി ഉള്ളതാണ്‌. ഇതിലേക്കായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ക്യാമറകളുടെ മെഗാ പിക്സൽ റേറ്റിംഗിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടായിരിക്കും. പൊതുവേ 2 മെഗാ പിക്സൽ ക്യാമറകളാണ്‌ കൂടുതലായി ഇന്സ്റ്റാൾ ചെയ്ത് കണ്ടൂ വരുന്നത്.
DVR :
ഡിജിറ്റൽ വീഡിയോ‌ റേക്കോഡർ എന്ന ഡി. വി ആർ ആണ്‌ ഒരു സി സി ടി വി സിസ്റ്റത്തിന്റെ ഹൃദയഭാഗം . എല്ലാ കാമറകളും പ്രത്യേക കേബിളുകൾ മുഖേന ഡി വി ആറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി ചെറിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഒരു കൊച്ചു കമ്പ്യൂട്ടർ ആണ്‌ ഡി വി ആറുകൾ. ഇതിൽ മൗസും മോണിറ്ററും ഘടിപ്പിക്കാനുള്ള സൗകര്യവും ക്യാമറകൾ കണക്റ്റ് ചെയ്യാനുള്ള സോക്കറ്റുകളും ഉണ്ടായിരിക്കും . ചാനലുകളുടെ (ക്യാമറകളുടെ) എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡി വി ആറുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 4 ചാനൽ ഡി വി ആറുകൾ ആണ്‌ ഏറ്റവും അടിസ്ഥാനമായ മോഡൽ. ഇതിൽ പരമാവധി 4 കാമറകൾ കണക്റ്റ് ചെയ്യാവുന്നതാണ്‌. അഞ്ചു ക്യാമറകൾ കണക്റ്റ് ചെയ്യണമെങ്കിൽ 5 ചാനൽ ഡി വി ആറുകളോ 6 ചാനൽ ഡി വി ആറുകളോ വിപണിയിൽ ലഭ്യമല്ല. അതിനായി 8 ചാനൽ ഡി വി ആറുകൾ തന്നെ വാങ്ങേണ്ടി വരും. 8 ചാനൽ കഴിഞ്ഞാൽ പിന്നെ പൊതുവേ 16 ചാനൽ 32 ചാനൽ തുടങ്ങിയവയാണ്‌ കണ്ടു വരുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ള മോഡലുകളാണ്‌ Hikvision, CpPlus, Godrej, BPL, Sony, iBall തുടങ്ങിയവ. ഇതിൽ HikVision, CpPlus തുടങ്ങിയവ വളരെ കൂടുതലായി കണ്ടു വരുന്നു. 4 ചാനൽ ഡി വി ആറുകളും 8 ചാനൽ ഡി വി ആറുകളും തമ്മിൽ വിലയിൽ അതനുസരിച്ചുള്ള വലിയ വ്യത്യാസങ്ങൾ ഇല്ല എന്നറിയുക. ഓരോ ചാനലിലും എത്ര മെഗാപിക്സൽ ക്യാമറകളാണ്‌ കണക്റ്റ് ചെയ്യാനാവുക എന്നും ഏത് ഫോർമാറ്റിൽ ആണ്‌ റെക്കോഡിംഗ് സാദ്ധ്യമാകുന്നത് എന്നതിലും വ്യത്യാസമുണ്ടായിരിക്കും. 720P യിൽ റെക്കോഡ് ചെയ്യുന്ന ഡി വി ആറുകളേക്കാൾ വില കൂടുതലായിരിക്കും 1080P യിൽ റെക്കോഡ് ചെയ്യുന്നവയ്ക്ക്. വിപണിയിലുള്ള പ്രമുഖ കമ്പനികളുടെ ഡി വി ആർ മോഡലുകളിലെല്ലാം ഇന്റർനെറ്റുമായി ബന്ധിയ്ക്കാനുള്ള നെറ്റ്‌‌വർക്ക് പോർട്ടുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അതനുസരിച്ചുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.
വയർലെസ് ഡി വി ആറുകൾ എന്നൊരു വിഭാഗം കൂടി ഉണ്ട്. ഇതിൽ വയർലെസ് കാമറകൾ ആണ്‌ ഉപയോഗിക്കുന്നത്. ക്യാമറകളൂം ഡി വി ആറും തമ്മിലുള്ള ദൂരപരിധി പരിമിതമാണെന്നതിനാൽ ഇത്തരം ഡി വി ആറുകൾ അധികമായി ഉപയോഗിക്കാറില്ല എന്നുമാത്രമല്ല വിപണിയിൽ പ്രമുഖ കമ്പനികളുടേതായി ഇത്തരത്തിലുള്ളവ ലഭ്യവുമല്ല. പക്ഷേ ചൈനീസ് പോർട്ടലുകളിൽ ഇവ യഥേഷ്ടം ലഭ്യമാണ്‌ .
SMPS :
കാമറകൾ പ്രവർത്തിക്കുന്നതിനാവശ്യമായ 12 വോൾട്ട് ഡി സി പവർ സപ്ലെ നൽകുവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. എത്ര ചാനലുകൾ ഉപയോഗിക്കുന്നുവോ അതനുസരിച്ച് SMPS ന്റെ കറന്റ് റേറ്റിംഗിലും വ്യത്യാസം വരും .

Cable:
90 മീറ്ററിന്റെ ബണ്ടിൽ ആയാണ്‌ കേബിൾ ലഭ്യമാകുന്നത്. ലൂസ് ആയും കടകളിൽ നിന്നും മുറിച്ച് വാങ്ങാവുന്നതാണ്‌ . ക്യാമറ ഔട് പുട് കണക്റ്റ് ചെയ്യാനുള്ള ഒരു ഷീൽഡഡ് കേബിളും 12 വോൾട്ട് പവർ സപ്ലെയ്ക്കായുള്ള പോസിറ്റീവ് നെഗറ്റീവ് കേബിളും ഓഡിയോ കണക്റ്റ് ചെയ്യണമെങ്കിൽ അതിനായുള്ള ഒരു വയറും ഉൾപ്പെട്ട ഒരു ബഞ്ച് ആണ്‌ ഈ കേബിൾ. കേബിൾ ടിവി കേബിളിലേതുപോലെ വലയോടു കൂടിയ ഷീൽഡിംഗ് ഉള്ളതാണ്‌ വീഡിയോ കേബിൾ, പവർ സപ്ലെ പോസിറ്റിവ് ആയി ചുവന്ന വയറും നെഗറ്റീവ് ആയി കറുപ്പോ നീലയോ വയർ ആയിരിക്കും. കേബിളിന്റെ ഗുണനിലവാരം വീഡിയോയെ ബാധിക്കും എന്നതിനാൽ നല്ല നിലവാരമുള്ള കോപ്പർ കേബിളുകൾ ഉപയോഗിക്കുക.

Connectors:
പ്രധാനമായും രണ്ടു തരം കണക്റ്ററുകൾ ആണ്‌ സി സി ടി വി വയറിംഗിനായി ആവശ്യമായി വരുന്നത്. ഒന്ന് ക്യാമറ കണക്റ്റ് ചെയ്യാനുള്ള ബി എൻ സി / ആർ സി എ കണക്റ്ററുകളും പവർ സപ്ലെ കണക്റ്റ് ചെയ്യാനുള്ള ഡി സി പവർ കണക്റ്ററുകളും.

Cable Clips:
സി സി ടി വി ഇൻസ്റ്റാളേഷനിലെ ഏറ്റവും സമയമെടുക്കുന്നതും വിഷമമേറിയതുമായ ഘട്ടം ആണ്‌ വയറിംഗ്. വെറുതേ തലങ്ങും വിലങ്ങും കേബിളുകൾ വലിച്ച് കണക്റ്റ് ചെയ്താലും സംഗതി പ്രവർത്തിക്കുമെങ്കിലും അങ്ങനെ പോരല്ലോ. പ്ലാസ്റ്റിക് കേബിൾ ക്ലിപ്പുകൾ ഉപയോഗിച്ച് അധികം വൃത്തികേട് തോന്നാത്ത വിധം സീലിംഗിന്റെ മൂലകളിലൂടെയോ മറ്റു വയറിംഗുകൾക്ക് സമാന്തരമോ ഒക്കെയായി വയറിംഗ് ചെയ്യാവുന്നതാണ്‌.
Hard Disc:
ഡി വി ആറുകൾ ഹാർഡ് ഡിസ്ക് ഫിറ്റ് ചെയ്തല്ല ലഭിക്കുന്നത്. ഹാർഡ് ഡിസ്ക് ആവശ്യമായ കപ്പാസിറ്റിക്ക് അനുസരിച്ച് പ്രത്യേകമായി വാങ്ങേണ്ടതുണ്ട്. 1 TB, 2 TB അങ്ങനെ ഡാറ്റ എത്ര ദിവസം സൂക്ഷിക്കണം എന്നതിനനുസരിച്ച് ഹാർഡ് ഡിസ്കുകൾ വാങ്ങാവുന്നതാണ്‌. സാധാരണ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും സർവലൈൻസ് മീഡിയാ ഹാർഡ് ഡിസ്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും വലിയ വില വ്യത്യാസമുള്ളതിനാലും വിപണിയിലെ ലഭ്യതക്കുറവും കാരണം സാധാരണ ഹാർഡ് ഡിസ്കുകൾ തന്നെയാണ്‌ ഡി വി ആറുകളിൽ പൊതുവേ ഇൻസ്റ്റാൾ ചെയ്യുന്നതായി കണ്ടു വരുന്നത്. പല തരത്തിൽ റെക്കോഡിംഗുകൾ കോൺഫിഗർ ചെയ്യാനുള്ള സൗകര്യം ഡി വി ആറുകളിൽ ഉണ്ട്. 24 മണിക്കൂർ റെക്കോഡിംഗ്, ചില പ്രത്യേക സമയങ്ങളിൽ മാത്രം റെക്കോഡിംഗ്, എന്തെങ്കിലും ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രം റെക്കോഡ് ചെയ്യുക തുടങ്ങിയവയെല്ലാം പ്രത്യേകം ചാനലുകൾക്കായി കോൺഫിഗർ ചെയ്യാവുന്നതാണ്‌. ഇതിൽ മോഷൻ സെൻസർ റെക്കോഡിംഗ് ആണെങ്കിൽ ഹാർഡ് ഡിസ്കിൽ കൂടുതൽ ദിവസങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ ഡാറ്റയുടെ മുകളിൽ ഓവർ റൈറ്റ് ചെയ്യുന്ന രീതിയിൽ ആണ്‌ റെക്കോഡിംഗ്. അതായത് ഹാർഡ് ഡിസ്ക് ഫുൾ ആയാൽ ഏറ്റവും പഴയ ഡാറ്റയുടെ മുകളിൽ പുതിയ ഡാറ്റ റെക്കോഡ് ചെയ്യപ്പെടുന്നു. റേക്കോഡിംഗ് ഫോർമാറ്റ്, വീഡിയോ ക്വാളിറ്റി, ഫ്രേം പെർ സെക്കന്റ് തുടങ്ങിയവയെല്ലാം റെക്കോഡ് ചെയ്യപ്പെടുന്ന വീഡീയോയുടെ വലിപ്പം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്‌.
നാലു ക്യാമറകൾ മോഷൻ ഡിറ്റക്‌‌ഷനോടു കൂടി (ശരാശരി ആളനക്കമുള്ള ഇടങ്ങളിൽ)‌ഒരു ദിവസം 15 മുതൽ 25 ജി ബി വരെ മെമ്മറി എടുക്കും . 24 മണിക്കൂർ റെക്കോഡിംഗ് ആണെങ്കിൽ ഏകദേശം ഇതിന്റെ ഇരട്ടിയും. 30 ഫ്രേം പെർ സെക്കന്റ് ആണ്‌ പൊതുവേ റെക്കോഡ് ചെയ്യപ്പെടുന്നത്. റെസലൂഷൻ 1 മെഗാ പിക്സൽ കാമറ ആണെങ്കിൽ 720 P യും 2 മെഗാ പിക്സൽ ആണെങ്കിൽ 1080P യും ആയിരിക്കും . ധാരാളം ഓൺലൈൻ കാൽക്കുലേറ്ററുകൾ ലഭ്യമാണ്‌. അതിൽ ഈ പറഞ്ഞ വിവരങ്ങൾ നൽകിയാൽ ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്‌ .

Monitor:
സാധാരണ കമ്പ്യൂട്ടർ മോണിറ്ററോ എൽ ഇ ഡി ടിവിയോ ഒക്കെ മോണിറ്ററിംഗിനായി ഉപയോഗിക്കാവുന്നതാണ്‌. അനലോഗ് വീഡിയോ ഔട് പുട്ടീനായി വീഡിയോ ഔട് കണക്റ്ററുകൾ പൊതുവേ വിപണിയിലുള്ള ഡി വി ആർ മോഡലുകളിൽ കാണാറില്ല എന്നതിനാൽ ടി വിയിൽ VGA, HDMI പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ടി വി മോണിറ്റർ ആയി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതുള്ളൂ. അല്ലെങ്കിൽ ഒരു VGA to Video Converter കൂടി അധികമായി ഫിറ്റ് ചെയ്യേണ്ടി വരും.
Microphone
പൊതുവേ നമ്മൂടെ നാട്ടിൽ ഇൻസ്റ്റാൾ ചെയ്യുന്ന സി സി ടി വി സിസ്റ്റത്തിൽ മൈക്രോ ഫോൺ കണക്റ്റ് ചെയ്യാറില്ലെങ്കിലും ആവശ്യമുള്ളവർക്ക് മൈക്രോഫോണുകൾ പ്രത്യേകമായി വാങ്ങി ഓരോ ചാനലിലും ആവശ്യമായ ഇടങ്ങളിൽ കണക്റ്റ് ചെയ്യാവുന്നതാണ്‌. 300 മുതൽ 1000 രൂപ വരെയുള്ള റേഞ്ചിൽ മൈക്രോ ഫോണുകൾ ലഭ്യമാണ്‌. ഡി വി ആറിൽ ഓഡിയോ കാർഡ് ഉണ്ടായിരിക്കണം എന്ന് മാത്രം (ചില ഡി വി ആറുകളിൽ എല്ലാ ചാനലുകളും ഓഡിയോ സപ്പോർട്ടഡ് ആയിരിക്കണം എന്നില്ല)
ഇനി ഒരു സി സി ടി വി സിസ്റ്റം അസംബിൾ ചെയ്തു നോക്കാം
എത്ര ക്യാമറ വേണമെന്നും ഏത് തരം ക്യാമറ ഉപയോഗിക്കണമെന്നുമെല്ലാമുള്ള ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുമല്ലോ. ഒരു 4 ചാനൽ സിസ്റ്റം സ്വന്തമായി വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ വരുന്ന ഏകദേശ ചെലവ് ചുവടെ ചേർക്കുന്നു. (ഹൈക്ക് വിഷൻ എന്ന പ്രമുഖ മോഡൽ ആണ്‌ ഇവിടെ ഉദാഹരണമായി എടുക്കുന്നത്)
1. DVR (Hikvision DS-7204HQHI-F1)
2. Two Dom Camera (2 Mega Pixel) Hikvision Ds-2Ce56D0T-Irp Full Hd1080P
3. Two Bullet Camera (Hikvision DS-2CE16D0T-IRP 2MP )
4. Cable (CP Plus Copper 90 Mtr)
5. Connectors (BNC 8 Nos DC 4 nos)+Cable Clips
6. SMPS
7. Hard Disc - (1 TB)
8. Mouse.
9. Monitor (If required)

ഇതെല്ലാം പ്രത്യേകമായും കിറ്റ് ആയും ഓൺലൈനിൽ ലഭ്യമാണ്‌ . മേൽ സൂചിപ്പിച്ചവയെല്ലാം കൂടി ഒരു കിറ്റ് ആയി 12000 - 13000 രൂപയ്ക്ക് ലഭ്യമാണ്‌. (HD വേണ്ടെങ്കിൽ , 1 മെഗാപിക്സൽ ക്യാമറ മതി എങ്കിൽ വില ഇതിലും വളരെ കുറയും). ഹാർഡ്‌ ഡിസ്കിനായി 3500 രൂപ അധികമായി ചെലവുണ്ടാകും. മോണിറ്റർ ആയി നിങ്ങൾ നിലവിൽ ഒന്നുകിൽ നിലവിൽ ഉപയോഗിക്കുന്ന ടി വിയോ അല്ലെങ്കിൽ പ്രത്യേകം കമ്പ്യൂട്ടർ മോണിറ്ററോ ഉപയോഗിക്കാവുന്നതാണ്‌.
സുരക്ഷിതമായ ഒരിടത്ത് ആയിരിക്കണം ഡി വി ആർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ആദ്യമായി ആവശ്യമായ ഇടങ്ങളിൽ ക്യാമറകൾ ഉറപ്പിക്കുക. ഡ്രിൽ മെഷീൻ, വാൾ പ്ലഗ്ഗുകൾ സ്ക്രൂ തുടങ്ങിയവയൊക്കെ ഇതിനായി ആവശ്യമായി വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഓരോ ക്യാമറകളിലേയും പവർ സപ്ലെ, വീഡിയോ കേബിളുകൾ കണക്റ്റ് ചെയ്ത് ഡി വി ആർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇടം വരെ റൂട്ട് ചെയ്യുക. ഡി വി ആറിൽ ഹാർഡ് ഡിസ്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. ഡി വി ആറിന്റെ കവർ തുറന്ന് സ്കൂ ഉപയോഗിച്ച് ഹാർഡ് ഡിസ്ക് നിർദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിച്ച് അതിലെ സാറ്റാ കേബിളും പവർ കേബിളും കണക്റ്റ് ചെയ്യുക (ധാരാളം യൂടൂബ് വീഡീയോകൾ റഫറൻസിനായി ലഭ്യമാണ്‌ ). അതിനു ശേഷം വീഡിയോ കേബിളുകൾ നിർദ്ദിഷ്ട വീഡിയോ ഇൻപുട് കണക്റ്ററുകളിലേക്കും ഓരോ ക്യാമറയുടേയും പവർ സപ്ലെ എസ് എം പി എസ്സിലേക്കും കണക്റ്റ് ചെയ്യുക . ചില എസ് എം പി എസ്സുകളിൽ ഓരോ ചാനലുകൾക്കും പ്രത്യേകം പ്രത്യേകം കണക്റ്റ് ചെയ്യാനായി പോസിറ്റീവ് നെഗറ്റീവ് ടെർമിനലുകളുള്ള കണക്റ്ററുകൾ ഉണ്ടായിരിക്കും . മറ്റു ചിലതിലാകട്ടെ പോസിറ്റീവ് നെഗറ്റീവ് ആയി ഒരൊറ്റ ഡി സി ടെർമിനൽ മാത്രമേ ഉണ്ടാകൂ. ഈ അവസരത്തിൽ എല്ലാ ക്യാമറകളുടേയ്യും പോസിറ്റീവ് വയറുകൾ ഒന്നിച്ച് ബന്ധിപ്പിച്ച് പോസിറ്റീവിലേക്കും നെഗറ്റീവ് വയറുകൾ ബന്ധിപ്പിച്ച് നെഗറ്റീവിലേക്കും കണക്റ്റ് ചെയ്യുക.
മൗസ്, മോണിറ്റർ എന്നിവ കണക്റ്റ് ചെയ്ത് ഡി വി ആർ പവർ ഓൺ ചെയ്യുക. അപ്പോൾ സ്ക്രീനിൽ യൂസർ നേം പാസ് വേഡ് എന്റർ ചെയ്യാനുള്ള ഒപ്ഷൻ കാണാം. മിക്കവാറും ഡി വി ആറുകളിൽ യൂസർ നേം admin ആകും പാസ് വേഡ് ഒന്നുകിൽ admin അല്ലെങ്കിൽ ബ്ലാങ്ക് പാസ് വേഡ് ആയിരിക്കും . യൂസർ മാന്വലിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും . ഇതിൽ കാണുന്ന എല്ലാ മെനു ഒപ്ഷനുകളും സെൽഫ് എക്പ്ലനേറ്ററി ആണ്‌. വളരെ പ്രചാരമുള്ള ഡി വി ആറുകളുടെ എല്ലാം കോൺഫിഗറേഷൻ വീഡീയോകൾ യൂടൂബിൽ ലഭ്യമായതിനാൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ആ വിഷയത്തിൽ ഉണ്ടാകില്ല.
ആദ്യ ഭാഗത്തു തന്നെ സൂചിപ്പിച്ചതുപോലെ മൊബൈൽ ഫോണുകളിൽ ക്യാമറ ലൈവ് കാണാനുള്ള P2P വ്യൂവിംഗ് സംവിധാനം എല്ലാ പ്രമുഖ ഡി വി ആറുകളിലും ഉണ്ട്. അതിനായി നിങ്ങളുടെ ഇന്റർ നെറ്റ് റൗട്ടർ ലാൻ കെബിൾ വഴി ഡി വി ആറിന്റെ നെറ്റ് ‌‌വർക്ക് പോർട്ടിൽ കണക്റ്റ് ചെയ്യുക. ഹൈക്ക് വിഷന്റെ ഉൾപ്പെടെ ധാരാളം p2p Camera viewing മൊബൈൽ ആപ്പുകളിൽ ഡി വി ആറിന്റെ യുണീക് ഐഡിയും യൂസർ നേമും പാസ് വേഡും നൽകി എളുപ്പത്തിൽ എല്ലാ ക്യാമറകളും വീക്ഷിക്കാവുന്നതാണ്‌. ഇതിനായുള്ള ക്രമീകരണങ്ങൾ ഡി വി ആറിന്റെ Network Setup മെനുവിൽ ആണ്‌ ലഭിക്കുന്നത്. ഇതിൽ P2P എനേബിൾ ചെയ്യുക എന്നതാണ്‌ പ്രധാന ഭാഗം. ഇത്തരം പീർടു പീർ വെബ് വ്യൂവിന്റെ പ്രധാന സുരക്ഷാ പ്രശ്നം എന്താണെന്ന് വച്ചാൽ റാൻഡം ആയി ഡി വി ആർ / കാമറ കോഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താൽ ആർക്കും ക്യാമറ കാണാനാകും എന്നതു തന്നെ. അതിനാൽ ഒരു പ്രാഥമിക സുരക്ഷ എന്ന നിലയിൽ ഡി വി ആറിന്റെ ഡീഫോൾട്ട് യൂസർ നേമും പാസ് വേഡും മാറ്റേണ്ടത് അത്യാവശ്യമാണ്‌. ഇത്തരത്തിൽ വെബ് ബ്രൗസറുകൾ വഴിയും പ്രത്യേക സോഫ്റ്റ്‌‌വെയറുകൾ വഴിയും ഒക്കെ ക്യാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണ്‌.

എല്ലായിടത്തും സി സി ടി വി സിസ്റ്റം സർവ്വസാധാരണമായപ്പോൾ കുറ്റവാളികളും അതിനനുസരിച്ച് അപ്ഡേറ്റഡ് ആയിട്ടുണ്ട്. അതിനാൽ മോഷണ വസ്തുക്കളോടൊപ്പം ഡി വി ആർ കൂടി അടിച്ചു മാറ്റിക്കൊണ്ടു പോകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്‌. അതിനാൽ ഡി വി ആറുകൾ അത്ര പെട്ടന്ന് കവർന്നെടുക്കാൻ പറ്റാത്ത വിധം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്‌. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച്വ വീഡിയോ ക്ലൗഡ് സെർവ്വറുകളിൽ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് ഏറെ സുരക്ഷിതമായ ഒരു മാർഗ്ഗം ആണെങ്കിലും വലിയ ആവർത്തനെച്ചെലവുകളും ഇന്റർനെറ്റ് കണൿഷന്റെ ബാൻഡ് വിഡ്ത് പരിമിതികളും പ്രായോഗിക തലത്തിൽ ഇത് അപ്രാപ്യമാക്കുന്നു. ധാരാളം ക്ലൗഡ് സ്റ്റോറേജ് സർവീസുകൾ വിവിധ കമ്പനികളുടേതായി ലഭ്യമാണെങ്കിലും അതിന്റെ ചെലവ് താങ്ങാനാകുന്നതാകണമെന്നില്ല. നല്ല ഇന്റർനെറ്റ് കണൿഷൻ ഉണ്ടെങ്കിൽ ഡി വി ആർ മോഷൻ ഡിറ്റക്ഷൻ അലാം ഇമേജുകളും വീഡീയോ ക്ലിപ്പുകളുമെല്ലാം മറ്റൊരു സ്ഥലത്ത് കണക്റ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ തന്നെ ഒരു കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്ന രീതിയിൽ ഡി വി ആറിനെ കോൺഫിഗർ ചെയ്യാനാകും . ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒരു FTP സർവ്വർ ആക്കി മാറ്റുകയും അതിന്റെ വിവരങ്ങൾ ഡി വി ആറിലെ നെറ്റ് വർക്ക് സെറ്റിംഗ്സിലെ നിർദ്ദിഷ്ട ഫീൽഡുകളിൽ നൽകിയാൽ മതി. ഇവിടെ നിങ്ങളുടെ ഇന്റർനെറ്റ് കണൿഷന് സ്റ്റാറ്റിക് ഐപി അഡ്രസ് ഇല്ലാത്തതിനാൽ ഡൈനാമിക് ഐപി അഡ്രസ്സിനെ സ്റ്റാറ്റിക് ആക്കി മാറ്റുവാനുള്ള No Ip തുടങ്ങിയ ഏതെങ്കിലും സർവീസുകൾ ഉപയോഗിക്കുകയും ഇന്റർനെറ്റ് റൗട്ടറിൽ FTP പോർട്ട് (21) ഫോർവേഡ് ചെയ്യുകയും വേണ്ടി വരും . സാങ്കേതികമായി അല്പം സങ്കീർണ്ണമാണെന്ന് തോന്നുമെങ്കിലും ധാരാളം സപ്പോർട്ടീംഗ് വീഡിയോകളും മറ്റു വിവരങ്ങളും ഇന്റർനെറ്റിൽ ലഭ്യമായതിനാൽ നിരാശരാകേണ്ടതില്ല. നല്ല അപ്‌‌ലോഡ് ബാൻഡ് വിഡ്ത് ഉള്ള ഇന്റർനെറ്റ് കണ‌‌ക്‌‌ഷൻ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വ്യൂവിംഗിനു മാത്രമാണെങ്കിൽ സാധാരണ ബ്രോഡ് ബാൻഡ്‌ കണ‌‌ൿഷൻ തന്നെ ധാരാളം.
എത്ര തന്നെ ശ്രദ്ധിച്ചാലും മിടുക്കന്മാരായ - സാങ്കേതിക പരിജ്ഞാനമുള്ള കള്ളന്മാരെ പറ്റിക്കുവാൻ ഒരു പടി കൂടി കടന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഡി വി ആറുകളും ക്യാമറകളും നശിപ്പിക്കുക, പവർ സപ്ലെ കട്ടാക്കുക, ഇന്റർനെറ്റ് കണൿഷൻ വിച്ഛേദിക്കുക തുടങ്ങി പല പണികളും കുറ്റവാളികൾ ചെയ്യുമെന്ന് മുൻകൂട്ടിക്കണ്ട് അതിനെ മറികടക്കുവാനായി അധികമായി ഡമ്മി ക്യാമറകൾ ഫിറ്റ് ചെയ്യുക, പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത ഇടങ്ങളിൽ ലോക്കൽ സ്റ്റോറേജോടു കൂടിയ പിൻ ഹോൾ സ്റ്റാൻഡ് അലോൺ ക്യാമറകൾ ഘടിപ്പിക്കുക, പവർ സപ്ലെ ബാക്കപ് ഉറപ്പു വരുത്തുക, തുടങ്ങിയവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Sunday, August 20, 2017

ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍ അപകടകാരിയോ

ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍ അപകടകാരിയോ 

 ആധുനിക മലയാളിയുടെ ചായ,കാപ്പികുടി ശീലങ്ങളെ നന്നായി സ്വാധീനിച്ച ഒരുപകരണമാണ് ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍. കൈകാര്യം ചെയ്യാനും,പരിപാലിക്കനുമുള്ള സൌകര്യം, വളരെ ചെറിയ സ്ഥലം മതി ഈ ഉപകരണത്തിന്,കുറഞ്ഞ വൈദ്യതി ചാര്‍ജ്,തുടങ്ങി നിരവധി അനുകൂല ഘടകങ്ങള്‍ മൂലം വളരെ വേഗത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഉപകരണം ഇപ്പോള്‍ ലാഭക്കൊതിയന്മാരുടെ പിടിയില്‍ പെട്ട്  നമ്മുടെ ആരോഗ്യത്തെ തകിടം മറിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.  മുകളിലെ ചിത്രത്തില്‍ കാണുന്ന തരം ഇമ്മെഴ്സിംഗ് ഇലക്ട്രിക് ഹീറ്റര്‍ ഒരു സ്റ്റീല്‍ ഡബ്ബയ്ക്കുള്ളില്‍ (കണ്ടെയ്നര്‍)അടച്ചു സീല്‍ ചെയ്ത് അതിനുള്ളിലേക്ക്‌ വെള്ളം ,ഇന്‍സ്റ്റന്റ് കോഫീ അല്ലെങ്കില്‍ ചായ മിക്സ് ഇടാനുള്ള വെന്റുകള്‍ പിടിപ്പിച്ചു അതിലേക്കു ഒരു എയര്‍ പമ്പില്‍ കൂടിഎയര്‍പ്രഷര്‍നല്‍കുമ്പോഴാണ്മറ്റൊരു ചെമ്പ്
പൈപ്പില്‍കൂടി നമുക്ക്  രുചികരമായ പാകത്തിന് ചൂടുള്ള കോഫി ലഭിക്കുന്നത്.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ചൂടുള്ള കാപ്പിയാണ്.അല്ലാതെ തിളച്ച വെള്ളത്തില്‍ ഉണ്ടാക്കിയ കാപ്പി അല്ല ലഭിക്കുന്നത്. ഈ കോഫീ മേക്കറുകളില്‍ അണുവിമുക്തമാക്കിയ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിക്കുക എന്ന് കമ്പനി അവയുടെ ഓപ്പറെറ്റിങ്ങ് മാനുവലില്‍  വെറുതെയല്ല  നിര്‍ദേശിക്കുന്നത് .ഇതില്‍ കാപ്പി ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കുന്നില്ല വെറും എഴുപതു അല്ലെങ്കില്‍ എണ്‍പത് ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കുക മാത്രമാണ് ചെയ്യുന്നത്.മിക്ക മെഷീനിലും ലാഭക്കൊതി മൂലംമിനറല്‍ വാട്ടറിന്‍റെ ജാറില്‍  മിനറല്‍ വാട്ടറിന് പകരം സാദാ പൈപ്പ്/കിണര്‍  വെള്ളം നിറച്ചു ഉപയോഗിക്കുന്നതിനാല്‍ നൂറു ഡിഗ്രിയില്‍ തിളയ്ക്കാതെ,ചാകാത്ത,കോളീഫോം,ബാക്ടീരിയകള്‍ പോലും നശിക്കാതെ വെറും വാടിയ വെള്ളത്തില്‍ ഉണ്ടാക്കിയ കോഫീ,ആണ്,നമ്മള്‍,കുടിക്കുന്നത്.ഈ വിഷയത്തില്‍,ഇനിയും,നമ്മുടെആരോഗ്യവകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരിക്കലും കഴുകാന്‍ സാധിക്കാത്ത വെള്ളം ചൂടാക്കുന്ന  സ്റ്റീല്‍ പാത്രം തകരാറിലായ ഹീറ്റര്‍ എലിമെന്‍റ് മാറ്റാനായി തുറന്നപ്പോള്‍ അതിലെ കാഴ്ചയാണ് മുകളിലെ ചിത്രത്തില്‍. ജല ജന്യ രോഗങ്ങള്‍ പരക്കാന്‍ ഇത്തരം സുരക്ഷിതമെന്ന്നമ്മള്‍,കരുതുന്ന,കോഫീ മേക്കറുകള്‍,വലിയൊരളവില്‍ കാരണമാകുന്നുണ്ടെന്ന് കരുതാം. 
ഐ.എസ്.ഐ നിലവാരമുള്ള മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാണ്,കോഫീ,ഉണ്ടാക്കുന്നതെങ്കില്‍,ഈ മെഷീന്‍,സുരക്ഷിതമാണ്,കേട്ടോ.ശുദ്ധജലം ഉപയോഗിക്കാത്ത,മെഷീനുകളാണ്,അപകടകാരികള്‍.


ഒരു കോഫീ മേക്കര്‍ എങ്ങനെ നിങ്ങള്‍ക്കും ഉണ്ടാക്കാം എന്ന് ലളിതമായി വിവരിക്കുന്ന ഒരു യൂ ട്യൂബ് വീഡിയോ ഇതാ https://youtu.be/Am6rpe_8p9c

Sunday, August 6, 2017

എര്‍ത്ത് ഇല്ലാത്ത ചാര്‍ജര്‍ അപകടകാരിയോ

എര്‍ത്ത് ഇല്ലാത്ത ചാര്‍ജര്‍ അപകടകാരിയോ 


നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈദ്യുത ഉപകരണം ആണല്ലോ മൊബൈൽ ചാർജറുകൾ. ഇവയിൽ എന്തുകൊണ്ട് സുരക്ഷാ മുൻകരുതൽ ആയ 3 പിൻ പ്ലഗ് ഇല്ല എന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ ഏറ്റവും കൂടുതൽ തൊട്ട് പെരുമാറുന്ന വൈദ്യുത ഉപകരണം ആകുമ്പോൾ ഷോക്ക് അടിക്കാതിരിക്കാൻ എർത്ത് പിൻ അത്യാവശ്യമല്ലേ ? ഇസ്തിരിപ്പെട്ടിയിലും മിക്സിയിലും ഒക്കെ അതുണ്ടല്ലോ ? ഇനി കൂടുതൽ കറന്റെടുക്കുന്ന ഹൈ പവർ ഉപകരണങ്ങൾക്ക് മാത്രം മതി എന്നതുകൊണ്ടാണോ? അങ്ങനെയാണെങ്കിൽ ചില വിദേശ നിർമ്മിത ഇസ്തിരിപ്പെട്ടികളിലും ഹെയർ ഡ്രൈയറുകളീലുമെല്ലാം 3 പിൻ വരാറില്ല. അതിലും 2 പിൻ മാത്രമാണ് ഉപയോഗിക്കുന്നത്. എന്തായിരിക്കാം ഇതിനു കാരണം?
International Electrotechnical Commission (IEC) ഉപകരണങ്ങളെ അവയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളായി തരം തിരിച്ചിട്ടുണ്ട്. ഇതിൽ Class -0 ഉപകരണങ്ങളിൽ ഒരൊറ്റ ലയർ ഇൻസുലേഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതായത് ഇൻസുലേഷൻ എന്തെങ്കിലും തരത്തിൽ തകരാറിയാലായാൽ ഉപയോഗിക്കുന്നവർക്ക് ഷോക്ക് ഉറപ്പ്. ഏറ്റവും സുരക്ഷ കുറഞ്ഞ തലത്തിലുള്ള ഇത്തരം ഉപകരണങ്ങൾ പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഇടങ്ങളിലും 110 വോൾട്ട് സപ്ലെ ഉപയോഗിക്കുന്ന രാജ്യങ്ങളിലും മാത്രമേ അനുവദനീയമായുള്ളൂ.
അടുത്ത വിഭാഗമായ Class -I ൽ 3 പിൻ കണക്റ്ററുകൾ നിർബന്ധമാണ് എന്നു മാത്രമല്ല ഉപകരണത്തിന്റെ ബോഡി ഇതുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം. ഇത്തരം ഉപകരണങ്ങളിൽ എർത്ത് ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്തെങ്കിലും തരത്തിലുള്ള ഇൻസുലേഷൻ ലീക്കേജ് ഉണ്ടായി ഉപകരണത്തിന്റെ ബോഡിയിലൂടെ വൈദ്യുത പ്രവാഹം ഉണ്ടായാൽ അതുമൂലം ഉപയോഗിക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കാതെ വൈദ്യുതി എർത്ത് ടെർമിനൽ വഴി ഭൂമിയിലേക്ക് പ്രവഹിക്കുകയും തുടർന്ന് സർക്കീട്ട്‌ ബ്രേക്കറുകൾ വഴിയോ ഫ്യൂസുകൾ വഴിയോ ഉപകരണത്തിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ക്ലാസ് -I ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. നമ്മുടെ സാധാരണ ഇസ്തിരിപ്പെട്ടിയും ഹീറ്ററുമെല്ലാം ഇതിന് ഉദാഹരണങ്ങൾ.
അടുത്തത് Class-II ഡബിൾ ഇൻസുലേറ്റഡ് ഉപകരണങ്ങൾ. നമ്മുടെ മൊബൈൽ ചാർജറുകളും പുതു തലമുറയിൽ പെട്ട ചില ഹൈ പവർ ഉപകരണങ്ങളുമെല്ലാം ഈ വിഭാഗത്തിലാണ് വരുന്നത്. അതായത് ഇത്തരം ഉപകരണങ്ങൾക്ക് എർത്ത് കണൿഷൻ ആവശ്യമില്ലാത്ത രീതിയിൽ ആണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഡബിൾ ലയർ ഇൻസുലേഷൻ ആണ്‌ ഇതിൽ എടുത്തു പറയേണ്ടത്. അതായത് ഉപയോക്താവും ഉയർന്ന വോൾട്ടേജിലുള്ള വൈദുതി പ്രവഹിക്കുന്ന ഭാഗങ്ങളും തമ്മിൽ രണ്ട് തലങ്ങളിലായുള്ള ഇൻസുലേഷൻ ആവരണങ്ങൾ നൽകിയിരിക്കുന്നു. ഇതു കൂടാതെ ഔട്പുട്ടിൽ ഉള്ള ലോ വോൾട്ടേജ് DC യും ഇൻപുട്ടിൽ ഉള്ള ഹൈവോൾട്ടേജ് AC യും തമ്മിൽ ഐസൊലേഷൻ ട്രാൻസ്ഫോർമറുകൾ ഉപയോഗിച്ച് നേരിട്ടുള്ള ബന്ധവും ഒഴിവാക്കപ്പെടുന്നു. ഡബിൾ ഇൻസുലേഷൻ ഉള്ള ഉപകരണങ്ങളിൽ അവ പ്രത്യേക ചിഹ്നത്താൽ രേഖപ്പെടുത്തണം എന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. ഒന്നിനകത്തുള്ള രണ്ട് ചതുരങ്ങളാണ് ഇതിന്റെ ചിഹ്നം (ഫോട്ടോ ശ്രദ്ധിക്കുക). 

മൂന്നാമത്തെ വിഭാഗമാണ് Class -III വളരെ കുറഞ്ഞ ഡി സി ഏ സി ഇൻപുട് വോൾട്ടേജിൽ പ്രവർത്തിക്കുന്ന ( 50 വോൾട്ട്‌ എ സി, 120 വോൾട്ട് ഡി സി ) separated extra-low voltage എന്ന വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളാണ്‌ ഇത്. താരതമ്യേന ഏറ്റവും അപകട സാദ്ധ്യത കുറഞ്ഞ വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളാണ് ഇവ. ക്രിസ്ത്മസ് ട്രീയിലും മറ്റും തൂക്കുന്ന ചില അലങ്കാര വിളക്കുകൾ, കോഡ് ലെസ് പവർ ടൂൾസ്, ക്ലാസ് II പവർ സപ്ലെ നൽകുന്ന ഉപകരണങ്ങളിൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ക്ലാസ് -III ചാർജറുകൾ എന്നിവ ഉദാഹരണങ്ങൾ. ക്ലാസ് - III ഉപകരണങ്ങളുടെ പുറത്ത് പ്രത്യേക ചിഹ്നത്താൽ അത് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
വാൽചോദ്യം : എങ്കിൽ എന്തിനാണ് ചില ചാർജറുകളിൽ പ്ലാസ്റ്റിക് കൊണ്ടുള്ള മൂന്നാം പിന്ന്? സുരക്ഷയെ മുൻനിർത്തിയും കീടങ്ങളും മറ്റും കൂട് കൂട്ടാതിരിക്കാനുമായി സാധാരണഗതിയിൽ അടഞ്ഞിരിക്കുകയും മൂന്നാം പിന്നുള്ള പ്ലഗ്ഗുകൾ കുത്തിയാൽ മാത്രം തുറക്കുകയും ചെയ്യുന്ന സോക്കറ്റുകൾ സർവസാധാരണമായപ്പോൾ ഇത്തരം ഒരു ഡമ്മി പ്ലാസ്റ്റിക് പിൻ ഇതിനായി ആവശ്യമായി വരുന്നു.

സുജിത് കുമാർ    ഫേസ്ബുക്ക് പേജ് ലിങ്ക്

Friday, July 21, 2017


എല്‍ ഇ ഡി ബള്‍ബുകളുടെ രഹസ്യങ്ങള്‍ 


എസ്.നവനീത കൃഷ്ണന്‍

ഏറ്റവും കുറഞ്ഞ വൈദ്യുതിയില്‍ ഏറ്റവും കൂടുതല്‍ പ്രകാശം തരുന്ന ബള്‍ബേത്? ഈ ചോദ്യം പലരും ചോദിച്ചുതുടങ്ങിയിട്ട് കാലമേറെയായി. വിറകു കത്തിച്ചു തീയുണ്ടാക്കുന്ന ഇടം മുതല്‍ ഇപ്പോള്‍ എല്‍ ഇ ഡി വരെ എത്തിനില്‍ക്കുന്നു വെളിച്ചത്തിനായുള്ള മനുഷ്യരുടെ ശ്രമം. നമ്മള്‍ കൊടുക്കുന്ന ഊര്‍ജ്ജത്തെ എത്രത്തോളം മികവോടെ പ്രകാശമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് ഒരു ബള്‍ബിന്റെ കഴിവിനെ സൂചിപ്പിക്കുന്നത്. 

ലൂമന്‍/വാട്ട് എന്ന അളവുകോലുപയോഗിച്ചാണ് ഈ മികവിനെ അളക്കുന്നത്. ഇക്കാര്യത്തില്‍ ഒരു മെഴുകുതിരിയുടെ കഴിവ് വളരെയേറെ താഴെയാണ്. വെറും 0.3ലൂമന്‍/വാട്ട് മാത്രം. നാം ഉപേക്ഷിച്ചു തുടങ്ങിയ ടംങ്സ്റ്റന്‍ ഫിലമെന്റുള്ള ബള്‍ബ് (ഇന്‍കാന്‍ഡസന്റ് ബള്‍ബ്) മെഴുകുതിരിയെക്കാള്‍ ഇക്കാര്യത്തില്‍ മികവേറിയതാണ്. ഏതാണ്ട് 6ലൂമന്‍/വാട്ട് മുതല്‍ 15ലൂമന്‍/വാട്ട് വരെയൊക്കെ കൊടുക്കുന്ന ഊര്‍ജ്ജത്തെ നമുക്കു കാണാവുന്ന പ്രകാശമാക്കി അങ്ങേര്‍ മാറ്റിത്തരും. ഫ്ലൂറസന്റ് ബള്‍ബുകള്‍ (റ്റ്യൂബ്-ലൈറ്റുകള്‍) വന്നതോടെയാണ് ഇക്കാര്യത്തില്‍ ഏറെ മുന്നേറ്റമുണ്ടായത്. 

60ലൂമന്‍/വാട്ട് വരെയൊക്കെ ശേഷി പഴയ വലിപ്പംകൂടിയ റ്റ്യൂബ്‍ലൈറ്റുകള്‍ പ്രകടമാക്കിയിരുന്നു. വണ്ണംകുറഞ്ഞ റ്റ്യൂബ്‍ലൈറ്റുകളും ഇലക്ട്രോണിക് ബല്ലാസ്റ്റും (ഇലക്ട്രോണിക് ചോക്ക്) വന്നതോടെ ഈ ശേഷി 100ലൂമന്‍/വാട്ട് വരെയൊക്കെ ആവുകയും ചെയ്തു. T5 എന്ന പേരിലാണ് ഇത്തരം വണ്ണംകുറഞ്ഞ റ്റ്യൂബ്‍ലൈറ്റുകള്‍ അറിയപ്പെടുന്നത്.
ഇതേ കാലഘട്ടത്തിലാണ് ഫ്ലൂറസന്റ്ബള്‍ബുകളെ 'ചുരുട്ടിക്കെട്ടാ'നുള്ള ശ്രമങ്ങള്‍ അരങ്ങേറിയത്. അതോടെ കോംപാക്റ്റ് ഫ്ലൂറസന്റ് വിളക്കുകള്‍ എന്ന സി എഫ് എല്‍ രംഗപ്രവേശം ചെയ്തു. 40ലൂമന്‍/വാട്ട് മുതല്‍ 75ലൂമന്‍/വാട്ട് വരെയൊക്കെ പ്രകാശകാര്യശേഷി ഇവര്‍ പ്രകടിപ്പിച്ചു. വലിയ റ്റ്യൂബ്‍ലൈറ്റുകളെ സാധാരണ ബള്‍ബിടുന്ന ഇടങ്ങളിലേക്കു ചുരുക്കി എന്നതു മാത്രമാണ് സി എഫ് എല്‍ വിളക്കുകളുടെ ഗുണം. T5നിലവാരത്തിലുള്ള റ്റ്യുബ്‍ലൈറ്റുകളെ വെല്ലാന്‍ CFLകള്‍ക്കു സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.ഊര്‍ജ്ജത്തെ പ്രകാശമാക്കി മാറ്റുന്ന കാര്യത്തില്‍ ഏറെ മുന്നേറ്റം നടത്തിയ ഒരാള്‍ നമ്മുടെ റോഡുകളില്‍ പണ്ടേ നില്‍ക്കുന്നുണ്ട്. സോഡിയം വേപ്പര്‍ വിളക്കുകള്‍. അടിസ്ഥാനപരമായ് ഗ്യാസ് ഡിസ്ചാര്‍ജ് വിളക്കുകളുടെ ഗണത്തിലാണ് ഇവര്‍ വരിക. ഏതാണ്ട് 100ലൂമന്‍/വാട്ട് മുതല്‍ 200ലൂമന്‍/വാട്ട് വരെ പ്രകാശകാര്യശേഷി ഇവര്‍ പ്രകടിപ്പിക്കുന്നു. ഊര്‍ജ്ജത്തെ പ്രകാശമാക്കുന്നതില്‍ ഏറെ മികച്ചവരെങ്കിലും മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ ഒരു പ്രകാശമല്ല സോഡിയം വേപ്പര്‍ വിളക്കുകള്‍ തരുന്നത്. രണ്ടേ രണ്ടു നിറങ്ങളിലുള്ള പ്രകാശമാണ് ഇവയില്‍നിന്നും മുഖ്യമായും പുറത്തുവരിക. മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍കഴിയാത്തത്ര 'വ്യത്യാസ'മുള്ള രണ്ടു മഞ്ഞ നിറങ്ങള്‍! താഴെ നില്‍ക്കുന്ന ഏതെങ്കിലും വസ്തുവിന്റെ നിറം മനസ്സിലാക്കാന്‍ ഈ പ്രകാശം പര്യാപ്തമല്ല എന്നതാണ് ഇവയെ വഴിവിളക്കുകളില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയത്.


അങ്ങനെയിരിക്കുമ്പോഴാണ് എല്‍ ഇ ഡിയുടെ രംഗപ്രവേശം. വെളുത്തനിറത്തിലുള്ള പ്രകാശം തരുന്ന ആദ്യകാല എല്‍ ഇ ഡികള്‍ പ്രകാശം ഉണ്ടാക്കുന്ന കാര്യത്തില്‍ അത്ര മികവൊന്നും പ്രകടിപ്പിച്ചിരുന്നില്ല. 15 - 25ലൂമന്‍/വാട്ട് ഒക്കെയായിരുന്നു അവരുടെ കാര്യശേഷി. എന്നാല്‍ 2000ത്തിനു ശേഷം വെളുത്ത എല്‍ ഇ ഡികളുടെ ഗവേഷണം കാര്യമായി നടക്കുകയും 2010ഓടെ ഗണ്യമായ വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടാവുകയും ചെയ്തു. 150ലൂമന്‍/വാട്ട് ശേഷിയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ വരെ ഇക്കാലയളവില്‍ പല കമ്പനികളുടെയും ഗവേഷണശാലകളില്‍ പരീക്ഷിക്കപ്പെട്ടു. 100ലൂമന്‍/വാട്ട് ശേഷിയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ 2010നു ശേഷം ചില കമ്പനികള്‍ വിപണിയില്‍ ഇറക്കുകയും ചെയ്തു. തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു അക്കാലത്ത് ഇത്തരം ബള്‍ബുകള്‍ക്ക്.


എന്നാല്‍ 2015മുതല്‍ ഈ പൊള്ളല്‍ പതിയെ കുറഞ്ഞുതുടങ്ങുന്ന കാഴ്ച കണ്ടുതുടങ്ങിയിരിക്കുന്നു. Cree എന്ന കമ്പനിയാണ് എല്‍ ഇ ഡി ഗവേഷണങ്ങളില്‍ ഏറെ മുന്നോട്ടുപോയവര്‍. ഈയിടെ 300ലൂമന്‍/വാട്ട് ഉള്ള എല്‍ ഇ ഡി ഇവര്‍ ഗവേഷണശാലയില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഒരു എല്‍ ഇ ഡിക്ക് താത്വികമായി കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന പരിധിയോട് തൊട്ടടുത്താണ് ഈ കാര്യക്ഷമത. ഉയര്‍ന്ന പവര്‍ ഉള്ള എല്‍ ഇ ഡികളുടെ കാര്യത്തില്‍ പക്ഷേ പ്രായോഗികമായി 150ലൂമന്‍/വാട്ട് എന്ന നിലയില്‍നിന്നും ഒരു കമ്പനിയും ഇതുവരെ മുന്നോട്ടുപോയിട്ടില്ല. 100ലൂമന്‍/വാട്ട് മുതല്‍ 120ലൂമന്‍/വാട്ട് വരെ ഉള്ള എല്‍ ഇ ഡികള്‍ ഇപ്പോള്‍ വിപണിയില്‍ ഇഷ്ടംപോലെ ലഭ്യമാണ്.


 അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 150 - 200ലൂമന്‍/വാട്ട് ഒക്കെ പ്രകാശശേഷിയുള്ള എല്‍ ഇ ഡി വിളക്കുകള്‍ വിപണികളിലെത്തും എന്നു തന്നെ കരുതാം.
100ലൂമന്‍/വാട്ട് ശേഷിയുള്ള ഒരു 12വാട്ട് എല്‍ ഇ ഡി ബള്‍ബിന് ഇപ്പോള്‍ വിപണിയില്‍ 500 മുതല്‍ 1000രൂപ വരെ വില വരും. പ്രമുഖ കമ്പനികളുടെയെല്ലാം എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് 100ലൂമന്‍/വാട്ട് ശേഷിയുണ്ട്. മത്സരത്തിന്റെ പരകോടിയിലെത്തി നില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണി എല്‍ ഇ ഡികളുടെ വില കുറയ്ക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്നു പറയാം. 120ലൂമന്‍ പ്രകാശം നല്‍കുന്ന 12വാട്ട് എല്‍ ഇ ഡിക്ക് 150രൂപയില്‍ത്താഴെ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.
വാട്ടേജ് നോക്കി എല്‍ ഇ ഡി വാങ്ങുന്നതില്‍ വലിയ അര്‍ത്ഥമില്ല. പ്രകാശത്തിന്റെ കാര്യത്തില്‍ നോക്കേണ്ടത് ഒരു വാട്ട് വൈദ്യുതിയില്‍ എത്ര ലൂമന്‍ ലഭിക്കും എന്നതു തന്നെയാണ്. 100ലൂമന്‍/വാട്ട് മുതല്‍ 120ലൂമന്‍/വാട്ട് വരെയുള്ള എല്‍ ഇ ഡികള്‍ പ്രമുഖ കമ്പനികളെല്ലാം ഇറക്കുന്നുണ്ട്. ചൈനീസ് എല്‍ ഇ ഡി ബള്‍ബുകള്‍ പരാജയപ്പെടുന്നത് ഇവിടെയാണ്. അത്തരം റേറ്റിങുകള്‍ അത്തരം എല്‍ ഇ ഡികളുടെ കവറില്‍പ്പോലും ഉണ്ടാവില്ല. വില കുറവാണെന്നതുപോലെ തന്നെ പ്രകാശവും കുറവാണ്.


മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് CRI എന്ന Color Rendering Index. വസ്തുക്കളുടെ നിറം എത്ര നന്നായി കാണിക്കാന്‍ വെളിച്ചത്തിനു കഴിയുന്നു എന്ന സൂചകമാണിത്. CRI 100 ആണെങ്കില്‍ ഏറ്റവും മികച്ചത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നമുക്കു കിട്ടുന്ന മിക്ക എല്‍ ഇ ഡികളും CRI വളരെ താഴെയാണ്, പ്രത്യേകിച്ചും ചൈനീസ് എല്‍ ഇ ‍ഡികള്‍. CRI 80ല്‍ താഴെയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ നാം ഉദ്ദേശിച്ച ഫലം നല്‍കില്ല. 80നു മുകളിലുള്ളത് പെട്ടെന്നു കിട്ടാനുമില്ല. മിക്കവരും CRI 80 തന്നെയാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്. ചുരുങ്ങിയത് ഇത്രയെങ്കിലും CRI ഉള്ള എല്‍ ഇ ഡി ബള്‍ബുകള്‍തന്നെ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


കളര്‍ടെംപറേച്ചറും പ്രധാനമാണ്. ഇത് കെല്‍വിനിലാണ് പറയാറ്. പഴയ ഇന്‍കാന്‍ഡസന്റ് ബള്‍ബുകള്‍ ഒരു തരം മഞ്ഞവെളിച്ചം നല്‍കുന്നവയായിരുന്നു. അതേ തരത്തില്‍ പ്രകാശം നല്‍കുന്ന എല്‍ ഇ ഡികളും ലഭ്യമാണ്. റ്റ്യൂബ്‍ലൈറ്റുപോലെ പകല്‍വെളിച്ചം നല്‍കുന്ന എല്‍ ഇ ഡികളും ലഭ്യമാണ്. പകല്‍വെളിച്ചത്തോട് അടുത്തുനില്‍ക്കുന്ന വെളിച്ചം വേണമെങ്കില്‍ 5500K യോ അതിനു മുകളിലോ കളര്‍ടെംപറേച്ചര്‍ ഉള്ളവ തിരഞ്ഞെടുക്കണം. 6500K ഉള്ള എല്‍ ഇ ഡി ബള്‍ബുകളാണ് കൂടുതലായും ലഭ്യമായിട്ടുള്ളത്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു മുറിയില്‍ത്തന്നെ ഒന്നിലധികം എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോഴാണ്. ഒരേ കളര്‍ടെംപറേച്ചറും CRI റേറ്റിങും ഉള്ള എല്‍ ഇ ഡികള്‍ തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ഒരു ഇന്‍കാന്‍ഡസന്റ് ബള്‍ബും റ്റ്യൂബ്‍ലൈറ്റും ഒരു മുറിയില്‍ ഒരുമിച്ചുപയോഗിച്ചാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ഇവിടെയും ഉണ്ടാകും.


എല്‍ ഇ ഡി ബള്‍ബുകളുടെ വലിപ്പം വളരെ കുറവാണ്. എന്നാല്‍ അവ പുറത്തുവിടുന്നതോ വളരെക്കൂടുതല്‍ പ്രകാശവും. അതിനാല്‍ത്തന്നെ ബള്‍ബുകളിലേക്ക് നോക്കുക അത്ര സുഖകരമായ ഒരു കാര്യമല്ല. അതിതീവ്രമായ പ്രകാശംമൂലം മിക്ക ബള്‍ബുകളിലേക്കും നോക്കാനേ കഴിയില്ല. ഇതു പരിഹരിക്കാനുള്ള ഒരു മാര്‍ഗം എല്‍ ഇ ഡി റ്റ്യൂബ്‍ലൈറ്റുകള്‍ ഉപയോഗിക്കുകയെന്നതാണ്. കൂടുതല്‍ പ്രതലവിസ്തീര്‍ണമുണ്ട് റ്റ്യൂബ്‍ലൈറ്റുകള്‍ക്ക്. അതിനാല്‍ ലൈറ്റിലേക്കു നോക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. മാത്രമല്ല ചെറിയ വസ്തുക്കളുടെ നിഴലുകള്‍ ഒഴിവാക്കാനും കഴിയും. 

1800ലൂമന്‍ മുതല്‍ 2600ലൂമന്‍വരെ പ്രകാശമുള്ള റ്റ്യൂബ്‍ലൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 300രൂപ മുതല്‍ ഇവ ലഭ്യമാണിപ്പോള്‍.
ഇനി ഒരു കാര്യംകൂടി പറയാം. ഒരു വാട്ട് വൈദ്യുതിയില്‍ 100മുതല്‍ 120വരെ ലൂമനാണ് ഇപ്പോഴത്തെ എല്‍ ഇ ഡികളുടെ ശേഷി. ഈ ശേഷി നിരന്തരം കൂട്ടിക്കൊണ്ടിരിക്കുകയുമാണ് കമ്പനികള്‍. എന്നാല്‍ ഇങ്ങനെ പ്രകാശശേഷി കൂട്ടാന്‍ തുടങ്ങിയാല്‍ അതെവിടെ വരെ പോകും? 1000ലൂമന്‍/വാട്ട് ഒക്കെയുള്ള ബള്‍ബുകള്‍ ഉണ്ടാവുമോ? സ്വാഭാവികമായ സംശയം. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം . ഒരു വാട്ട് ഊര്‍ജ്ജം കൊണ്ട് ഉത്പാദിപ്പിക്കാവുന്ന, മനുഷ്യര്‍ക്ക് കാണാന്‍ പറ്റുന്ന പ്രകാശത്തിന്റെ അളവിന് ഒരതിരുണ്ട്. 683ലൂമനാണ് ഈ പരിധി. അതും പച്ച നിറത്തിലുള്ള പ്രകാശത്തിന്റെ ഉത്പാദനകാര്യത്തില്‍. ഈ അതിരിന്റെ പകുതിക്കരികിലേക്ക് നാം ഇപ്പോള്‍ത്തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രായോഗികമായി 350 - 450ലൂമന്‍/വാട്ട് വരെയൊക്കെ ഒരു പക്ഷേ എത്തിച്ചേര്‍ന്നേക്കാം. ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എല്‍ ഇ ഡികള്‍ ആയിരിക്കില്ല അതെന്നു മാത്രം.

Thursday, July 20, 2017

2017 ലെ ഓണം ഓഫറുകളുമായി     എല്‍ജി


കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോം അപ്ളയൻസസ് കമ്പനിയായ എൽജി ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. എൽജി ഇന്ത്യയിൽ 20 വർഷം കൂടി പിന്നിടുന്ന ഈ വേളയിൽ ഉത്‌പന്നങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട്, 20 രൂപ മാത്രം നൽകി എൽജി ഉത്‌പന്നങ്ങൾ വീട്ടിലെത്തിക്കാനുള്ള സൗകര്യം, 20 ശതമാനം തുക മുൻകൂർ നൽകി ഉത്‌പന്നം വാങ്ങാനും ബാക്കി തുക തവണകളായി നൽകാനും അവസരം, 20 ശതമാനം ക്യാഷ് ബാക്ക് ഓഫർ എന്നീ ഓഫറുകളാണ് എൽജി അവതരിപ്പിച്ചത്. എല്‍.ഈ.ഡി. ടിവി വാങ്ങുമ്പോൾ പാനലിനു ഒരു വർഷ അധിക വാറന്റി, എസ്.ബി.എസ് റഫ്രിജറേറ്ററിനൊപ്പം 50 ലിറ്റർ റഫ്രിജറേറ്റർ സൗജന്യം, ഫ്രണ്ട് വാഷിംഗ് മെഷീന് പത്ത് വർഷം വാറന്റി, മൈക്രോ‌വേവ് ഓവന്റെ മാഗ്‌നട്രോണിന് 4 വർഷ അധിക വാറന്റി തുടങ്ങിയ ഓഫറുകളും എൽജി പ്രഖ്യാപിച്ചു. ഇക്കുറി ഓണത്തിന് 550 കോടി രൂപയുടെ ബിസിനസാണ് എൽജി പ്രതീക്ഷിക്കുന്നത് 

Monday, July 17, 2017

                 ഓണ വിപണി 2017
പുതിയ ഉല്‍പ്പന്നങ്ങളുടെ     റിവ്യൂകള്‍     ഉടന്‍ 

 കൊച്ചി ∙ ഓണം ഒന്നര മാസം അകലെയാണെങ്കിലും ഗൃഹോപകരണങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങളുടെയും വിപണിയിൽ ഓണ വിൽപനയ്‌ക്കു തുടക്കമായി. ഉൽപന്നങ്ങളുടെ പുതുമോഡലുകളും വിൽപന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതുമയാർന്ന സമ്മാന പദ്ധതികളും മറ്റുമാണ് ഓണവിപണിയുടെ ഇത്തവണത്തെ ആകർഷണം. 
ചരക്ക്, സേവന നികുതി (ജിഎസ്‌ടി) നടപ്പായ പശ്‌ചാത്തലത്തിൽ വിലവർധന ഒഴിവാക്കാൻ വയ്യാത്ത അവസ്‌ഥയിലാണു നിർമാതാക്കൾ. എന്നാൽ രാജ്യത്തെ ഉത്സവ സീസണിനു തുടക്കം കുറിക്കുന്നത് ഓണക്കാലത്തായതിനാൽ വിലവർധന തൽക്കാലത്തേക്ക് ഒഴിവാക്കി വിൽപന വർധിപ്പിക്കാനാണു ശ്രമം. ഓണ വിൽപന കഴിയുന്നതോടെ വിലവർധന സംബന്ധിച്ച അറിയിപ്പുകൾ പ്രതീക്ഷിക്കാമെന്നു നിർമാതാക്കൾ പറയുന്നു. 
ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിൽ പരീക്ഷണ സ്വഭാവത്തോടെയാണ് ഓണക്കാലത്ത് പുതിയ മോഡലുകളും സമ്മാന പദ്ധതികളും അവതരിപ്പിക്കുന്നതെന്നാണു നിർമാതാക്കളുടെ അഭിപ്രായം. ഇതേ മോഡലുകളും പദ്ധതികളുമാണു പിന്നീടു മറ്റു വിപണികളിലെ ഉത്സവകാലത്തു ചില്ലറ മാറ്റങ്ങളോടെ അവതരിപ്പിക്കപ്പെടുക. ഗണേശ ചതുർഥി, ദുർഗാപൂജ, ദസറ, ദീപാവലി എന്നിവയാണു മറ്റു വിപണികളിൽ ഓണക്കാലത്തിനു സമാനമായ ആഘോഷ വേളകൾ. മലയാളികളുടെ അംഗീകാരം ലഭിച്ചാൽ മറ്റു വിപണികളിലും ഈ ഉൽപന്നങ്ങൾക്കു നല്ല വിൽപന ലഭിക്കുമെന്നാണു നിർമാതാക്കളുടെ പക്ഷം. 
കഴിഞ്ഞ നാലു വർഷങ്ങളിൽ ഓണക്കാല വിൽപനയിൽ മടുപ്പാണ് അനുഭവപ്പെട്ടതെങ്കിൽ ഇത്തവണ മികച്ച പ്രതീക്ഷയാണുള്ളതെന്നു വിപണന രംഗത്തുള്ളവർ പറയുന്നു. 800–900 കോടി രൂപയുടെ വ്യാപാരമാണു പൊതുവേ പ്രതീക്ഷിക്കുന്നത്. 
ഓണക്കാലം സെപ്‌റ്റംബർ പകുതി വരെ നീളുമെന്നതിനാൽ ഇത്തവണത്തെ ഓണ വിൽപനയ്‌ക്കു രണ്ടു മാസം ലഭിക്കുമെന്ന സന്തോഷത്തിലാണു വ്യാപാരികൾ. ചില വർഷങ്ങളിൽ ഓണ വിൽപന ഒരു മാസത്തിലൊതുങ്ങാറുണ്ട്. 
‘വൈറ്റ് ഗുഡ്‌സ്’ വിഭാഗത്തിൽപ്പെടുന്ന എയർ കണ്ടീഷനർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയവയ്‌ക്കും ‘ബ്രൗൺ ഗുഡ്‌സ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെലിവിഷൻ സെറ്റ്, ഡിജിറ്റൽ മീഡിയ പ്ലെയർ, കംപ്യൂട്ടർ, സ്‌മാർട്‌ഫോൺ തുടങ്ങിയവയ്‌ക്കും ഗ്രാമീണ മേഖലകളിൽ നിന്നുള്ള ഡിമാൻഡ് വൻതോതിൽ വർധിച്ചുവരികയാണ്. ഉത്സവകാല ഓഫറുകൾക്കായി കാത്തിരിക്കുന്ന ഉപഭോക്‌താക്കളാണു ഗ്രാമീണ മേഖലയിലുള്ളതെന്നാണു വിപണന രംഗത്തുള്ളവരുടെ അനുഭവസാക്ഷ്യം. 

Tuesday, May 30, 2017

ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 സുജിത്കുമാര്‍  സുജിത് കുമാർ
 
കൊതുക് ഒരു ഭീകര ജീവിയാണ്- ഇത്തിരിക്കുഞ്ഞന്മാരായ കൊതുകുകളെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ തലകുത്തി നിന്ന് ശ്രമിച്ചിട്ടും ഡെങ്കു, ചിക്കൻ ഗുനിയ, മലേറിയ, സിക്ക , മന്ത് ... എന്നു വേണ്ട അനേകം അസുഖങ്ങളുടെ നിയന്ത്രണം ഇപ്പോഴും സാദ്ധ്യമായിട്ടില്ല. കൊതുകുകളെ കൊല്ലുന്നതിലും ഫലപ്രദം അവയുടെ പ്രജനനം തടയുന്നതാണെന്ന് ധാരാളം പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾ എല്ലാം ആ വഴിക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്.
നമ്മുടെ നാട്ടിൽ ഇക്കാലത്ത് കൂടുതലായി പടർന്നു പിടിക്കുന്ന ചിക്കൻ ഗുനിയ, ഡെങ്കു തുടങ്ങിയ പകർച്ചവ്യാധികൾക്കെല്ലാം കാരണമാകുന്ന കൊതുകുകൾ പ്രജനനം നടത്തുന്നത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലൂടെയാണ്. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക , കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എണ്ണ ഒഴിക്കുക, വെള്ളം കമഴ്ത്തിക്കളയുക തുടങ്ങിയ പരമ്പരാഗത മാർഗ്ഗങ്ങളെല്ലാം ഇവയുടെ പ്രജനനം തടയാൻ ഉപകാരപ്രദമാണെങ്കിലും നമ്മുടെ അലസതയും മടിയ്കും അശ്രദ്ധയുമെല്ലാം കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാനുള്ള ഇടങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നു. ഇതിനൊരു പരിഹാരമായി വളരെ വിജയകരമായി പരീക്ഷിച്ചൊരു രീതിയുണ്ട്. നമ്മൾ സ്ഥിരമായി ഇടപെടുന്ന ഇടങ്ങളിൽ - എന്നും നമ്മുടെ ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ തുറന്ന പാത്രങ്ങളിലും മറ്റും വെള്ളം നിറച്ചു വച്ച് കൊതുകുകളെ ഇതിലേക്ക് ആകർഷിക്കുക. അതിനു ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞ് ഈ വെള്ളം ഊറ്റിക്കളയുക. അതൊടെ കൊതുകിന്റെ മുട്ടകൾ നശിപ്പിക്കപ്പെടും. ഇതല്ലെങ്കിൽ ഗപ്പി എന്ന മീനിനെ ഇത്തരം പാത്രങ്ങളിൽ വളർത്തിയാലും മതി. വെള്ളം നിറയ്ക്കലും ഊറ്റിക്കളയലും നേരത്തേ പറഞ്ഞ മനുഷ്യ സഹജമായ അലസത മൂലം പലപ്പോഴും നടക്കണം എന്നില്ല. അതിനാൽ അതിനെ ഒന്ന് ഓട്ടോമേറ്റ് ചെയ്താലോ (ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്- താൻ തന്റെ കമ്പനിയിലേക്ക് അലസരായവരെ ജോലിക്കെടുക്കാനാണ് താല്പര്യപ്പെടുന്നത് കാരണം അവർ തങ്ങളുടെ ജോലിഭാരം കുറയ്ക്കാനായി സൃഷ്ടിപരമായ എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കും )
രണ്ടു പാത്രങ്ങൾ ഉള്ള ഒരു സംവിധാനമാണിത്. മുകളിലേത് തുറന്ന പാത്രവും താഴെ അടഞ്ഞ ഒരു പാത്രവും. രണ്ടിന്റേയും ഇടയിലായി ഒരു ചെറിയ അരിപ്പയും. മുകളിലെ പാത്രത്തിൽ വെള്ളം നിറക്കുന്നു. തുറന്നു വച്ചിരിക്കുന്ന പാത്രത്തിൽ കൊതുകുകൾ മുട്ടയിടുന്നു. രണ്ടു ദിവസമാകുമ്പോൾ മുകളിലെ പാത്രത്തിന്റെ അടിവശത്തുള്ള ഒരു സോളിനോയ്ഡ് വാൽവ് തുറന്ന് വെള്ളം അരിപ്പയിലൂടെ താഴത്തെ ടാങ്കിലേക്ക് എത്തുന്നു. വെള്ളം മുഴുവനായും താഴത്തെ ടാങ്കിൽ എത്തിയാൽ ഒരു ചെറിയ പമ്പ് പ്രവർത്തിക്കുകയും താഴെയുള്ള വെള്ളം വീണ്ടും മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു. സിസ്റ്റം ഇതോടെ കൊതുകുകൾക്ക് മുട്ടയിടാനായി രണ്ടു ദിവസം കാത്തിരിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം സോളിനോയ്ഡ് വാൽവ് പ്രവർത്തിക്കുന്നു .. മേൽപ്പറഞ്ഞ ചക്രം പൂർണ്ണമാകുന്നു. ഇവിടെ സമയം ക്രമീകരിക്കാനും സോളിനോയ്ഡ് വാൽവിനേയും പമ്പിനേയും പ്രവർത്തിപ്പിക്കാനും ചെറിയ ഒരു ടൈമിംഗ് ആൻഡ് കണ്ട്രൊൾ സർക്കീട്ട് ഉണ്ട്. 12 വോൾട്ട് ഡി സിയിൽ മുഴുവൻ സിസ്റ്റവും പ്രവർത്തിപ്പിക്കാം. ആവശ്യമെങ്കിൽ ഒരു ചെറിയ സോളാർ പാനലും ഉപയോഗിക്കാം.
ഇപ്പറഞ്ഞ സിസ്റ്റം വിപണിയിൽ ലഭ്യമായ സാധനങ്ങൾ കൊണ്ട് തന്നെ നിർമ്മിച്ചെടുക്കാനാകും.ഒരു ലളിതമായ സര്‍ക്യൂട്ട് ഇതാ കൊടുക്കുന്നു.ടൈമിംഗ് ആൻഡ് കണ്ട്രോൾ സർക്കീട്ട് ആയി ഒരു മൈക്രോ കണ്ട്രോളറോ അല്ലെങ്കിൽ അർഡ്യുനോ/ റാസ്പ്‌ബെറി പൈ അങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ ഒരു ആശയം കുറേ കാലങ്ങൾക്ക് മുൻപ് മനസ്സിൽ വന്നതാണ്. ഏതെങ്കിലും ശാസ്ത്രമേളകൾക്ക് പ്രൊജക്റ്റ് ആയി ചെയ്യാൻ നിർദ്ദേശിക്കാം എന്നും കരുതിയതാണ്. പക്ഷേ നമ്മൾ മരത്തിൽ കാണുമ്പൊൾ അത് മാനത്ത് കണ്ട എത്രയോ പേർ ഈ ലോകത്തിന്റെ പല കൊണുകളിലുമായി ഇരിക്കുന്നുണ്ട്. ഇതേ തത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം വിപണിയിൽ നിലവിലുണ്ടെന്ന് അറിഞ്ഞത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ആശയത്തിന്റെ മുകളിലേക്ക് ഒരു കുടം വെള്ളമൊഴിച്ചതുപോലെ ആയിപ്പോയി
അതിന്‍റെ ലിങ്ക് ഇതാ.

https://green-strike.com/products/automatic-mosquito-preventer/