CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Friday, May 26, 2023

സാനിയോയുടെ കഥ


 സാനിയോയുടെ കഥ

 സാനിയോയുടെ കഥ
ഒന്നാം നിര ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായിരുന്ന സാനിയോയേക്കുറിച്ച് എഴുതണമെന്ന് അനുവാചകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു.

എന്നാൽ പാനാസോണിക്കിൻ്റെ കഥയ്ക്ക് ശേഷം എഴുതി വച്ചിരുന്ന സാനിയോ കഥയിൽ ചില വിവരങ്ങൾ കൂടി ചേർക്കാനായി വച്ചിരുന്നത് മൂലം കഥ എഴുതി പൂർത്തിയാക്കൽ  അവിചാരിതമായി നീണ്ടു പോയി. തുടർന്ന് വായിക്കുക.

സെയിറ്ററോ ല്യൂ എന്ന ജപ്പാനീസ് നാവികൻ്റെ സീമന്തപുത്രനായി 1902 ഡിസംബർ 28ന് ജപ്പാനിലെ അവാജി സിറ്റിയിലാണ് സാനിയോ സ്ഥാപകൻ തോഷിയോ ല്യൂവിൻ്റെ ജനനം.

ജപ്പാൻ ദ്വീപസമൂഹങ്ങൾക്കിടയിൽ ഗതാഗതം നടത്തിയിരുന്ന സൈക്കോ മാറു എന്ന ചെറു കപ്പൽ തോഷിയോ ല്യൂവിൻ്റെ പിതാവിന് സ്വന്തമായി ഉണ്ടായിരുന്നു. അദ്ദേഹം സ്കൂൾ പഠനമൊന്നും മുഴുമിപ്പിക്കാതെ തൻ്റെ പത്താം വയസിൽ പിതാവിനൊപ്പം കപ്പലിൽ ജോലിക്കാരനായി കയറി.

 പിതാവ് സെയിറ്ററോ ല്യൂ  തോഷിയോയുടെ പതിമൂന്നാം വയസിൽ അപ്രതീക്ഷിതമായി അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ  അമ്മാവൻ കപ്പലിൻ്റെ ചുമതല ഏറ്റെടുത്തു. അപ്പോഴും അസിസ്റ്റൻ്റായി തോഷിയോ കപ്പലിൽ തന്നെ തുടർന്നു.

ഏതാനും വർഷങ്ങൾക്ക് ശേഷം കപ്പലിൽ ഉണ്ടായ അപ്രതീക്ഷിത സ്ഫോടനത്തെ തുടർന്ന് കപ്പൽ മുങ്ങുകയും വളരെ നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തു.

ഇതറിഞ്ഞ മൂത്ത സഹോദരി മുമിനോ ല്യൂ  തോഷിയോ ല്യൂവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മുമിനോ ല്യൂവിൻ്റെ ഭർത്താവിനെ പേര് പറഞ്ഞാൽ നിങ്ങൾ അറിയും ! സുപ്രസിദ്ധ ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ നാഷണൽ പാനാസോണിക്കിൻ്റെ സ്ഥാപകനും ഉടമയുമായിരുന്ന കോണോ സൂക്കേ മത് സുഷിതയാണ് തോഷിയോ ലൂവിൻ്റെ ആ പ്രസിദ്ധനായ  അളിയൻ.

എല്ലാം നഷ്ടപ്പെട്ട് വന്ന അളിയനെ വളരെ സ്നേഹത്തോടെ കോണേ സൂക്കേ സ്വീകരിച്ചു.

 മത്സുഷിത കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ മൂലധനം നൽകി സഹായിച്ച ആ കുഞ്ഞളിയനെ കോണേ സൂക്കേ ഒസാക്കയിലെ  തൻ്റെ വീട്ടിലേക്ക്  ഇരുകയ്യും നീട്ടി ആനയിച്ചു.

വെറുതെ ഇരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന തോഷിയോ ല്യൂ അളിയൻ്റെ നാഷണൽ കമ്പനിയിൽ ജോലിക്കാരനായി ചേർന്നു. 1933ൽ കോണേ സൂക്കേയ്ക്ക്  ഗുരുതര രോഗ ബാധ മൂലം  കുറച്ച് നാൾ കമ്പനിയിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നപ്പോൾ തോഷിയോ ല്യൂ നാഷണലിൻ്റെ പൂർണ്ണ ചുമതല യാതൊരു പരാതിക്കും ഇടനൽകാതെ  ഏറ്റെടുത്തു നടത്തി.


ഇതിൽ വളരെ സന്തോഷവാനായ കോണേ സൂക്കേ കപ്പൽ ഭ്രാന്തനായ അളിയന് വേണ്ടി മത് സുഷിത ഷിപ്പ് ബിൽഡിങ്ങ് എന്ന ഒരു കമ്പനി തന്നെ തുടങ്ങി അതിൻ്റെ സീനിയർ മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1946 ൽ ജപ്പാനീസ് ഗവൺമെൻ്റിൻ്റെ പുതിയ വ്യവസായ നയപ്രകാരം വമ്പൻ കമ്പനികൾ വിഭജിച്ച് പുതിയ കമ്പനികൾ തുടങ്ങണമായിരിന്നു.

ഇതു മൂലം കോണേ സൂക്കേ മത് സുഷിത കമ്പനി വിഭജിക്കാൻ തീരുമാനിച്ചു.അങ്ങനെ 30 വർഷത്തെ മത്സുഷിത കമ്പനിയിലെ ജീവനക്കാരൻ എന്ന റോൾ അവസാനിപ്പിച്ച് തോഷിയോ ല്യൂ പുറത്ത് വന്നു. 43 വയസായിരുന്നു തോഷിയോയുടെ അന്നത്തെ പ്രായം.

 1947ൽ സാനിയോ ഇലക്ട്രിക് മാനുഫാക്ചറിങ്ങ് .എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു.

സാനിയോ എന്ന പേരിൻ്റെ അർത്ഥം മൂന്നു മഹാസമുദ്രങ്ങൾ എന്നാണ്.
കപ്പൽ ഭ്രാന്തൻ വളരെ ആലോചിച്ച് കണ്ടു പിടിച്ച പേര്.

അറ്റ്ലാൻ്റിക് ,പസഫിക്, ഇന്ത്യൻ ഈ മൂന്ന് സമുദ്രങ്ങളും താണ്ടി തൻ്റെ കമ്പനി ഉൽപ്പന്നങ്ങൾ ലോകമെങ്ങും എത്തണമെന്നായിരുന്നു ഈ പേരിടുമ്പോൾ തൻ്റെ മനസിലെ ആഗ്രഹമെന്ന് തോഷിയോ ല്യൂ പിന്നീട് പറഞ്ഞിട്ടുണ്ട്.

 മൂത്ത അളിയൻ കോണോ സൂക്കേ ഹോജോ ചോ നഗരത്തിലുള്ള നാഷണലിൻ്റെ ഒരു വമ്പൻ ഫാക്ടറി അളിയന് സമ്മാനമായി കൊടുത്തു. നാഷണലിൻ്റെ ബൾബുകളും, ഡൈനാമോകളും  നിർമ്മിക്കുന്ന ഫാക്ടറിയായിരുന്നു അത്.

താരതമ്യേന പുതുമുഖമായ സാനിയോ എന്ന പേരിന് വിശ്വാസ്യതയും സ്വീകാര്യതയും കിട്ടാൻ നാഷണൽ എന്ന സ്വന്തം കമ്പനി പേരുപയോഗിക്കാനുള്ള അനുമതിയും കോണേ സൂക്കേ അളിയന് നൽകി.

അങ്ങനെ നാഷണൽ സാനിയോ എന്ന പേരിൽ  തോഷിയോ ല്യൂവിൻ്റെ കമ്പനിയിൽ നിന്നും ഉൽപ്പന്നങ്ങൾ പുറത്ത് വന്ന് തുടങ്ങി.

ആശയസമ്പന്നനായ തോഷിയോ ല്യൂ ലോകത്തെ ആദ്യ പ്ലാസ്റ്റിക് ബോഡി നിർമ്മിത റേഡിയോ 1952ൽ പുറത്തിറക്കി. അതു വരെ തടിയും, പ്ലൈവുഡും ഉപയോഗിച്ചായിരുന്നു റേഡിയോ ക്യാബിനറ്റുകളുടെ നിർമ്മാണം.

സാനിയോ പ്ലാസ്റ്റിക് റേഡിയോ ക്യാബി നെറ്റുകൾ  പുതുമയും,ഫിനിഷിങ്ങും കൊണ്ട് വൻ ജനപ്രീതി നേടി.

1953 ൽ ലോകത്തിലെ ആദ്യ പൾസേറ്റിങ്ങ്  അജിറ്റേറ്റർ ഉള്ള വാഷിങ്ങ് മെഷീൻ സാനിയോ പുറത്തിറക്കി.ഇതും വൻ ജനപ്രീതി നേടി.

 1963 ൽ സാനിയോ കളർ TV നിർമ്മാണം ആരംഭിച്ചു. അമേരിക്കയിൽ ഏറ്റവും വിറ്റഴിയുന്ന കളർ ടെലിവിഷൻ എന്ന പേര് 20 വർഷത്തോളം സാനിയോ നിലനിറുത്തി.
1962 ൽ ലോകത്തിലെ ആദ്യ വൻകിട നിക്കൽ കാഡ്മിയം ബാറ്ററി പ്ലാൻ്റ് സ്ഥാപിച്ച് കൊണ്ട് റീചാർജബിൾ ബാറ്ററികളുടെ നിർമ്മാണത്തിലേക്ക് സാനിയോ കാലെടുത്തു വച്ചു. കാഡ് നിക്ക എന്നതായിരുന്നു സാനിയോയുടെ ബാറ്ററി ബ്രാൻഡ്.

കാഡ് നിക്ക എന്ന ബ്രാൻഡിൽ റീ ചാർജ് ചെയ്യാവുന്ന  ഒടിച്ച് മടക്കുന്ന ചുവന്ന ടോർച്ചും, ചെറിയ മഞ്ഞ ടോർച്ചും ഇറക്കിയത് ലോകമെങ്ങും വൻ ജനപ്രീതി നേടി. 

 

നമ്മുടെ നാട്ടിലും ഇതിന് വൻ ഡിമാൻഡായിരുന്നു. നാട്ടിലെത്തുന്ന ഓരോ ഗൾഫ് കാരനും പത്തും പന്ത്രണ്ടും എണ്ണം വീതം  വേണ്ടപ്പെട്ടവർക്ക് കൊടുക്കാനായി  കൊണ്ടു വരുമായിരുന്നു.
1963 മുതൽ ട്രാൻസിസ്റ്റർ റേഡിയോകൾ വൻതോതിൽ നിർമ്മിച്ച് തുടങ്ങി.
 ഒതുക്കവും, ഗുണമേൻമയുമുള്ള അവ വൻ ജനപ്രീതി നേടി.


1967ൽ കമ്പനി സ്ഥാപകനായ തോഷിയോ ലൂ കമ്പനി പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു. അനിയൻ യൂറോ ല്യൂ സ്ഥാനം ഏറ്റെടുത്തു.

1968 മുതൽ കാസറ്റ് പ്ലയറുകളും, സ്റ്റീരിയോ സെറ്റുകളും, ആംപ്ലിഫയറുകളും സാനിയോയുടെ ഫാക്ടറികളിൽ നിർമ്മാണമാരംഭിച്ചു.

അധികം വൈകാതെ 67ആം വയസിൽ 1969 ജൂലൈ 16ന് സാനിയോ സ്ഥാപകൻ തോഷിയോ ല്യൂ അന്തരിച്ചു.

1970 ൽ യൂറിലൂ തൻ്റെ സ്ഥാനം വേറൊരു സഹോദരനായ കൗറു ല്യൂവിന് കൈമാറി

1973 ൽ വൻകിട അമേരിക്കൻ ഇലക്ട്രോണിക്സ് കമ്പനിയായ ഫിഷറിനെ സാനിയോ ഏറ്റെടുത്തു.

1975 ൽ ചരിത്രപരമായ ഒരു മണ്ടത്തരത്തിൽ ഏർപ്പെട്ട് സാനിയോ അതിൻ്റെ ആദ്യ തകർച്ച നേരിട്ടു.


ഹോം വീഡിയോ രംഗത്തെ അതികായരായ സോണി കമ്പനിയോട് അവരുടെ കുത്തകയായ ബെറ്റാ മാക്സ് VCRകൾ നിർമ്മിക്കാനുള്ള അവകാശം വൻതുക കൊടുത്തു വാങ്ങി എന്നതാണ് ആ മണ്ടത്തരം കമ്പനി സ്ഥാപകനായ സഹോദരൻ്റെ അളിയൻ്റെ കമ്പനിയായ നാഷണൽ പാനാസോണിക്  ഈ കരാറിനെഎതിർത്തുവെങ്കിലും കടുംപിടുത്തക്കാരനായ പുതിയ ഉടമ വൻ തുക നൽകി സോണിയുമായി കരാറിൽ ഒപ്പിട്ടു.

നാഷണലിൻ്റെ സബ്സിഡയറി കമ്പനിയായ JVC ഇതിനോടകം പുതിയ ഫോർമാറ്റായ VHS ഡവലപ്പ് ചെയ്തു കഴിഞ്ഞിരുന്നു. ഈ ടെക്നോളജി വലിയ മുതൽ മുടക്കില്ലാതെ സാനിയോക്കും ലഭിക്കുമായിരുന്നു. എന്നാൽ VHS ന് ഭാവി ഇല്ല ബെറ്റാ മാക്സ് ലോകം കീഴടക്കും എന്ന തെറ്റായ ബോദ്ധ്യം സാനിയോ മാനേജ്മെൻ്റിനെ കുഴിയിൽ ചാടിച്ചു.


ബെറ്റാ മാക്സിൻ്റെ കുത്തക തകർക്കാനായി പാനാസോണിക്, JVC പോലുള്ള VHS നിർമ്മാതാക്കൾ  പുതിയ സിനിമകളുടെ കോപ്പിറൈറ്റ് വാങ്ങി VHS കാസറ്റുകളിൽ പകർത്തി ലോകമെങ്ങുമുള്ള അവരുടെ ഷോറൂമുകളിലൂടെ  ഫ്രീ ആയി വിതരണം ചെയ്തു.

ഗ്രേ മാർക്കറ്റുകളിലൂടെ  ബ്ലൂ ഫിലിമുകൾ VHS ഫോർമാറ്റിൽ  സൗജന്യമായി വിതരണം ചെയ്താണ് ഹോം വീഡിയോ സെഗ്മെൻ്റിൽ സോണിയുടെയും, സാനിയോയുടെയും ബീറ്റാ മാക്സിൻ്റെ കുത്തക തകർത്തതെന്ന് പാപ്പരാസികൾ പറയുന്നുണ്ട് അത് വിശ്വസിക്കേണ്ട കേട്ടോ!

ഈ സിനിമകൾ കാണാനായി ആളുകൾ VHS പ്ലേയറുകൾ ധാരാളമായി വാങ്ങിത്തുടങ്ങി. ബെറ്റാ മാക്സ് കാസ്റ്റിൽ ഒരു മണിക്കൂർ മാത്രം റിക്കോഡിങ്ങ് ഉള്ളതിനാൽ 3 കാസറ്റ് ഉണ്ടെങ്കിലേ ഒരു സിനിമ കാണാൻ പറ്റുമായിരുന്നുള്ളൂ. VHS ടേപ്പിൽ 3 മണിക്കൂർ റിക്കോഡിങ്ങ് സാദ്ധ്യമായതിനാൽ ഒറ്റ കാസറ്റിൽ ഒരു സിനിമ ഓടും.

താമസിയാതെ ബെറ്റാ മാക്സ് മാർക്കറ്റിൽ നിന്ന് ഔട്ടായി VHS തരംഗം ആഞ്ഞടിക്കാൻ തുടങ്ങി
..സാനിയോ ബെറ്റാമാക്സ് പ്ലാൻ്റിനായും സോണിക്ക് റോയൽറ്റിയായും മുടക്കിയ കോടിക്കണക്കിന് ഡോളർ ആവിയായി പോയി!' ഓഹരി വില ആദ്യമായി കൂപ്പുകുത്തി.

ഈ  തകർച്ചയിലും പതറാതെ 1976 ൽ  സെമികണ്ടക്റ്ററുകൾ നിർമ്മിക്കുന്ന ഒരു വമ്പൻ ഫാക്ടറിയായി സാനിയോ ആ ഫാക്ടറിയെ രൂപാന്തരം വരുത്തി. വിവിധ തരം ട്രാൻസിസ്റ്ററുകളും, ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകളും അവിടെ നിർമ്മാണമാരംഭിച്ചു.

അവിടെ നിർമ്മിച്ച STK സീരീസിലും, LA സീരീസിലുമുള്ള ഓഡിയോ ഐസികൾ ലോകമെങ്ങും മുള്ള ഓഡിയോ കമ്പനികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഫിലിപ്സിൻ്റെ സിമെട്രിക്കൽ പവർ ഉപയോഗിക്കുന്ന NPN-PNP push-pull ട്രാൻസിസ്റ്റർ ആംപ്ലിഫയർ സർക്യൂട്ടിൻ്റെ ഹൈബ്രിഡ് രൂപമായിരുന്നു ആദ്യ STK ഐ സി ക്കുള്ളിൽ!


1986 ൽ കൗറു ല്യൂ സാനിയോ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു കമ്പനി പുറത്തിറക്കിയ മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റൂം ഹീറ്ററിൻ്റെ ചില തകരാറുകൾ മൂലം കാർബൺ മോണോക്സൈഡ് ശ്വസിച്ച് അമേരിക്കയിൽ ചിലർ മരണപ്പെട്ടതിനേ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. ഇതു മൂലം കമ്പനി രണ്ടാമത്തെ വൻ തകർച്ച നേരിട്ടു. ഓഹരി വില വീണ്ടും 'കൂപ്പുകുത്തി..

 

 സ്ഥാപകൻ തോഷിയോ ല്യൂവിൻ്റെ മകൻ സതോഷി ല്യൂ കമ്പനി  പ്രസിഡണ്ടായി .
1990 ൽ LCD പ്രൊജക്റ്ററുകൾ വിപണിയിലെത്തിച്ചു.ആദ്യത്തെ ഫ്ലാറ്റ് സ്ക്രീൻ TVകളും സാനിയോ തന്നെയാണ് വിപണിയിലെത്തിച്ചത്.ഉയർന്ന എഫിഷ്യൻസിയുള്ള സോളാർ പാനലുകളുടെ നിർമ്മാണത്തിലും സാ നിയോ അതിൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


1995 ൽ കൊഡാക്കുമായി ചേർന്ന് ലോകത്തിലെ ആദ്യ കൊമേഴ്സ്യൽ ഡിജിറ്റൽ  സ്റ്റിൽ ക്യാമറ സാനിയോ വിപണിയിലെത്തിച്ചു.ഇതിന് വൻ ജനപ്രീതി ലഭിച്ചു. നിരവധി കമ്പനികൾക്ക് വേണ്ടി അവരുടെ ബ്രാൻഡിൽ ഡിജിറ്റൽ ക്യാമറകൾ നിർമ്മിച്ചിരുന്നത് സാനിയോയാണ്.

1995 ൽ  ഇൻവെർട്ടർ ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന എനർജി എഫിഷ്യൻ്റ് എയർ കണ്ടീഷണറുകളും, ഫ്രിഡ്ജുകളും സാനിയോ മാർക്കറ്റിലിറക്കി.



1995 ൽ സാനിയോ അതിൻ്റെ തകർച്ചക്ക് കാരണമായ മൂന്നാമത്തെ മണ്ടത്തരം കാണിച്ചു. നോക്കിയയുമായി ചേർന്ന് മൊബൈൽ ഫോൺ നിർമ്മാണം ആരംഭിച്ചു.2005 ഓടെ നോക്കിയ ടെക്നോളജി കാലഹരണപ്പെടുകയും സാനിയോ മൊബൈൽ ഫോൺ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.


രണ്ടായിരാമാണ്ടോടെ ലോകവ്യാപകമായി ഉച്ചത്തിൽ പാട്ട് വയ്ക്കുന്ന ട്രെൻഡ് ഏറെക്കുറെ  അവസാനിച്ചതോടെ സാനിയോയുടെ പ്രധാന വരുമാന മാർഗ്ഗമായ ഓഡിയോ ഡിവിഷനും, സെമികണ്ടക്ടർ ഡിവിഷനും നഷ്ടത്തിലായി. വിൽപ്പന കുറഞ്ഞതിനാൽ STK, സീരീസിലും ,LA സീരീസിലുമുള്ള lCകളുടെ നിർമ്മാണം അവസാനിപ്പിച്ചു.

ഇതോടെ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ ആകെ.കുഴപ്പത്തിലായി ഇതറിഞ്ഞ  സ്ഥാപക ഉടമയുടെ അളിയൻ്റെ കമ്പനിയും തുടക്കകാലത്തെ സഹകാരിയുമായ നാഷണൽ എന്ന ഇപ്പോഴത്തെ പാനാസോണിക് കമ്പനി
സാനിയോയുടെ ആസ്തി ബാദ്ധ്യതകൾ അടക്കം 2009 ൽ ഏറ്റെടുത്തു.2010 ൽ സാനിയോയുടെ സെമികണ്ടക്റ്റർ നിർമ്മാണ ഡിവിഷൻ അമേരിക്കൻ കമ്പനിയായ ഓൺ സെമിക്ക് പാനാസോണിക്ക് വിറ്റൊഴിവാക്കി.

1947 മുതൽ 2009 വരെ 62 വർഷം ലോകമെങ്ങും ജനപ്രീതി നേടിയ സാനിയോ എന്ന ബ്രാൻഡ് പാനാസോണിക് ഏറ്റെടുത്ത് ഡിസോൾവ് ചെയ്തു പൂട്ടിക്കെട്ടി.. ഇതോടെ സാനിയോ എന്ന വമ്പൻ ഇലക്ട്രോണിക്സ് കമ്പനി ചരിത്രത്തിൻ്റെ ഭാഗമായി മാറി.


ഇന്ത്യൻ കമ്പനിയായ BPLമായി ചേർന്ന് ഭാരതത്തിലും  സാനിയോ നിറസാന്നിദ്ധ്യമായിരുന്നു. അതിനെക്കുറിച്ച് പിന്നീട് എഴുതാം. ഓഡിയോ വീഡിയോ രംഗത്തെ ഗുണമേൻമ കൊണ്ട് വിപണി പിടിച്ച സാനിയോ ഉൽപ്പന്നങ്ങക്ക് വിൻ്റേജ് വിപണിയിൽ ഇപ്പോഴും വൻ പ്രീയമാണ്.

സാനിയോ കമ്പനി  STK സീരീസും, LA സീരീസും IC കളുടെ നിർമ്മാണം അവസാനിപ്പിച്ച് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒറിജിനൽ STK ഐ സി കൾ വിപണിയിൽ സുലഭമാണ്. ഇതെല്ലാം ആര് ഉണ്ടാക്കി വിടുന്നോ എന്തോ ? അഭ്യസ്ഥവിദ്യരായ സൂപ്പർ ടെക്നീഷ്യൻമാർ  ഇതെല്ലാം വാങ്ങി സാനിയോ ബ്രാൻഡിനെ മരണമില്ലാത്തവനാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.


ജനമനസുകളിൽ നിറഞ്ഞ് നിന്ന സാനിയോ എന്ന പേര്  ചൈനീസ് വ്യാജൻമാർ ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെ 2016ൽ പാനാസോണിക് വീണ്ടും ആ ബ്രാൻഡ് നെയിം റിവൈവ് ചെയ്തു. സാനിയോ ബ്രാൻഡിൽ TV യും ,AC യും ഫ്രിഡ്ജുമെല്ലാം വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലാണ് ഉത്പാദനം..

സാനിയോയുടെ ബ്രാൻഡ് നെയിം ശൈലി നോക്കി അവരുടെ ഉൽപ്പന്നങ്ങളുടെ കാലഗണന സാദ്ധ്യമാണ്. ചിത്രം നോക്കുക. സാനിയോയുടെ തകർച്ചക്ക് വഴിമരുന്നിട്ട 3 ഉൽപ്പന്നങ്ങളാണ് ഒപ്പം ചേർത്തിരിക്കുന്നത്.

 ഇടത് വശം കാണുന്നത് മണ്ണെണ്ണ റൂം ഹീറ്റർ ,

നടുക്ക് സാനിയോ ബീറ്റാ മാക്സ് VCR, 

വലതുവശം സാനിയോ നോക്കിയ മൊബൈൽ ഫോൺ .എഴുതിയത് #അജിത്_കളമശേരി ,#ajith_kalamassery, 26.05.2023.

 

No comments:

Post a Comment