ലോകമാകമാനം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും തിന്നു തീർക്കുന്ന ബകൻമാരാണ് എയർ കണ്ടീഷനറുകൾ .ഇവൻമാരുടെ വൈദ്യുതിയോടുള്ള ഈ ആർത്തി കുറയ്ക്കാനായി തല പുകയ്ക്കുകയാണ് ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങൾ..
ഈ ഗവേഷണത്തിൽ ഉരുത്തുരിഞ്ഞ ഒരു കണ്ടുപിടുത്തമാണ് ഇൻവെർട്ടർ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന എയർ കണ്ടീഷനറുകൾ.
എന്നാൽ ഇതുകൊണ്ടൊന്നും തൃപ്തരാകാതെ കറണ്ട് തീറ്റ പ്രാന്ത് പിടിച്ച എയർ കണ്ടീഷനറിനെ വൈദ്യുതി നൽകാതെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമത്തിലാണ് കേംബ്രിഡ്ജിലെ MIT ഗവേഷകർ !
ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ തിളയ്ക്കുന്ന വെയിലിൽ സ്ഥാപിച്ച ടെസ്റ്റിങ്ങ് സെൻ്ററിൽ വെയിലിൻ്റെ ചൂട് 50 ഡിഗ്രി സെൻ്റീ ഗ്രേഡ് വരുന്ന നട്ടുച്ച നേരത്ത് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തമായ "പാസീവ് കൂളിങ്ങ് ഇവാപ്പൊറേറ്റർ" 13ഡിഗ്രി വരെ തണുപ്പിച്ച് തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
നമ്മുടെ നാട്ടിലെ അതിഭയങ്കര വെയിലിൻ്റെ ചൂടായ 37 ഡിഗ്രി താപത്തെ 9 ഡിഗ്രി വരെ തണുപ്പിക്കാനും ഈ പുതിയ ടെക്നോളജിക്ക് സാധിക്കുന്നുണ്ട്.
പറഞ്ഞ് വരുമ്പോൾ ഇത് പുതിയ കണ്ട് പിടുത്തമൊന്നുമല്ല ഞാനിത് പണ്ടേ കണ്ട് പിടിച്ചതാണല്ലോ എന്ന് നിങ്ങൾക്ക് പോലും തോന്നിപ്പോകും! സംഗതി സിമ്പിളാണ്.
വലിയ സോളാർ പാനലിൻ്റെ വലിപ്പത്തിൽ ഒരു ഗ്ലാസ് ഷീറ്റ്.. കനം പാനലിനെപ്പോലെ അല്ല ഒരു രണ്ടിഞ്ച് വരെ വരാം.ഇതിന് വ്യത്യസ്ഥ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന 3 ലയറുകൾ ഉണ്ടാകും.ഏറ്റവും മുകളിലുള്ള ലയർ എയറോജൽ എന്നറിയപ്പെടുന്നു.ഇത് പോളി എത്തിലിൻ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു സുതാര്യമായ സ്പോഞ്ച് പോലുള്ള ഷീറ്റാണ്.. വായു അറ കളാൽ സമൃദ്ധമായ ഒട്ടും ഭാരമില്ലാത്ത ഒരിഞ്ച് കനം വരുന്ന പാളി. വളരെയധികം താപ പ്രതിരോധ ശേഷിയുള്ളതാണ് ഈ എയറോജൽ.
ഇതിന് അടിയിൽ ഹൈഡ്രോ ജൽ എന്ന ലയറാണ്. ഇതും പ്രകാശം കടത്തിവിടുന്ന സുതാര്യമായ പോളി എത്തിലിൻ സ്പോഞ്ച് തന്നെ ,മുകൾ ലയറായ എയറോ ജല്ലിലും താപ പ്രതിരോധ ശേഷിയുമുണ്ട്.പക്ഷേ മുകളിലെ ലയർ പോലെ വായുവല്ല കാപ്പിലറികളിൽ ജലം നിറച്ച സ്പോഞ്ചാണിത് ..
ഈ ലയറിനും ഒരിഞ്ചിനടുത്ത് കനമുണ്ടാകും.
അതിനും താഴെ ഗ്ലാസ് ഷീറ്റാണ് .ഈ ഗ്ലാസ് ഷീറ്റ് ശരിക്കും കണ്ണാടി തന്നെ അതിലേക്കെത്തുന്ന അൾട്രാവയലറ്റ് ഉൾപ്പടെ എല്ലാ രശ്മികളെയും പൂർണ്ണമായും തിരിച്ച് അന്തരീക്ഷത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കും.
രണ്ടാമത്തെ ലയറായ ഹൈഡ്രോജൽ സ്പോഞ്ചിലെ കാപ്പിലറികളിലെ ജലം ചൂടു കൊണ്ട് ബാഷ്പീകരിക്കുമ്പോൾ താഴെ ഗ്ലാസിൽ നിന്നും ചൂട് വലിച്ചെടുക്കുന്നു. ഗ്ലാസ് പാനലുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭാഗം ഇതാടെ തണുക്കുന്നു. നമ്മുടെ മൺപാത്രം കൂജയുടെ ടെക്നോളജിയുടെ വിപുലീകൃത രൂപം എന്ന് മനസിൽ കണ്ടാൽ മതി.
പാസീവ് കൂളിങ് പാനലിൻ്റെപരീക്ഷണ നിരീക്ഷണങ്ങളിൽ നിന്ന് ടെസ്റ്റ് ചേമ്പറിലെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് ഗവേഷകർക്ക് ലഭ്യമാകുന്നുണ്ട്.
ഈ ഗ്ലാസ് ഷീറ്റിന് പകരം സോളാർ പാനൽ വച്ചും പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ കാശ് മുടക്കില്ലാതെ കൂളിങ്ങ് ലഭ്യമാവുകയും ഒപ്പം കറണ്ടും ഉത്പ്പാദിപ്പിക്കുവാൻ സാധിക്കുമല്ലോ..
പാസീവ് കൂളർ പാനലിൻ്റെ തിക്ക്നെസ് കുറയ്ക്കുവാനും തണുപ്പ് പൂജ്യത്തിൽ താഴെ എത്തിക്കുവാനുമുള്ള ശ്രമത്തിലുമാണ് ഗവേഷകർ ഇപ്പോൾ.. രണ്ടാമത്തെ ലയ റായ ഹൈഡ്രോ ജല്ലിൽ നിന്ന് വേപ്പറായി പോകുന്ന ജലം ഇടയ്ക്കിടെ റീഫില്ല് ചെയ്തു കൊടുക്കണമെന്ന ബുദ്ധിമുട്ട് ഇപ്പോഴുണ്ട്. അതിനായി സോളാർ പാനൽ ഉപയോഗിച്ച് ഒരു ഡീ ഹ്യുമിഡിഫയർ പ്രവർത്തിപ്പിച്ച് അന്തരീക്ഷത്തിൽ നിന്ന് ജലമുണ്ടാക്കി ഉപയോഗക്കാമെന്നും ഗവേഷകർ കരുതുന്നു.
മുറിക്കുള്ളിലെ തണുപ്പ് നിലവിൽ ലഭിച്ച ഏറ്റവും കുറഞ്ഞ താപനിലയായ 9 ഡിഗ്രി സെൻ്റീ ഗ്രേഡിൽ നിന്നും കുറയ്ക്കാൻ ഹൈഡ്രോജൽ ലയറിൽ ജലത്തിന് പകരം തീപിടുത്ത സാദ്ധ്യതയില്ലാത്തതും, വില കുറവിൽ ലഭിക്കുന്നതുമായ മറ്റൊരു ദ്രാവകത്തിനായുള്ള അന്വോഷണത്തിലാണ് ഗവേഷകർ.
2019 ൽ വികസിപ്പിക്കാൻ ആരംഭിച്ച ഈ പുതിയ ടെക്നോളജിയുടെ ഇതുവരെയുള്ള ഗവേഷണ പുരോഗതി വിലയിരുത്തി അതിനനുസരണമായി വിവിധയിനം റൂഫിങ്ങ് ഷീറ്റുകൾ ചില കമ്പനികൾ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്.
താപനില പൂജ്യത്തിലും താഴെ വേണ്ട സ്ഥലങ്ങളിൽ 9 ഡിഗ്രി വരെ പാസീവ് കൂളിങ്ങ് ഉപയോഗിച്ച് കുറച്ചശേഷം ബാക്കി തണുപ്പിക്കാൻ വൈദ്യുതി ഉപയോഗിച്ച് ശരിക്കുമുള്ള റഫ്രിജറേഷൻ സിസ്റ്റം ഉപയോഗിച്ചാൽ തന്നെ നല്ല അളവിൽ വൈദ്യുതി ലാഭിക്കാനാകുമെന്നതിനാൽ ആ വഴിക്കും ഗവേഷണം നടക്കുന്നുണ്ട്.
ചിലി ഗ്ലോബൽ സീഡ് ഫണ്ട്, US എനർജി ഡിപ്പാർട്ട്മെൻ്റ് ,സോളിഡ് സ്റ്റേറ്റ് സോളാർ തെർമൽ എനർജി കൺസർവേഷൻ സെൻ്റർ എന്നീ സ്ഥാപനങ്ങളുടെ ഫണ്ടിങ്ങിൽ MIT ഗ്രാജുവേറ്റ് ആർണി ലിറോയി, എവലിൻ വാങ്ങ്, അബ്ദുൾ ലത്തീഫ് ജമീൽ, സെങ്ങ്മോ ലു, ലെനൻ സാങ്ങ്, ജതിൻ ജെ പാട്ടീൽ, ജഫ്രി ഗ്രോസ് മാൻ എന്നീ ഗവേഷകരാണ് ഈ പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ.
സൂര്യൻ്റെ ശക്തമായ അൾട്രാവയലറ്റ് രശ്മികളെ ചെറുത്ത് ദീർഘനാൾ ഈടു നിൽക്കുന്ന പ്ലാസ്റ്റിക് സ്പോഞ്ചും ഈ ഗവേഷണത്തിൻ്റെ ഉപോൽപ്പന്നമാണ്.
തന്നിലടിക്കുന്ന പ്രകാശത്തെയും, ചൂടിനെയും പൂർണ്ണമായും പ്രതിഫലിപ്പിക്കുന്ന ഇത്തരം പാനലുകൾ വച്ചാൽ ആ കെട്ടിടത്തിനകത്തിരിക്കുന്ന സുഖം പരിസരവാസികൾക്ക് ഉണ്ടാകില്ല.
സമീപസ്ഥമായ കെട്ടിടങ്ങളിലെ താമസക്കാരുടെ കണ്ണടിച്ച് പോകാതിരിക്കാനുള്ള സംവിധാനവും കൂടി ഗവേഷകർ കണ്ട് പിടിക്കേണ്ടതായുണ്ട്.
എഴുതിയത് അജിത് കളമശേരി 08.04.2023.
No comments:
Post a Comment