PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, January 17, 2023

 ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ -4

 

 

 

 ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ -4


             റോഡ് എല്ലിയട്ട്.

ഓഡിയോ ഇലക്ട്രോണിക്സ് ഡിസൈൻ രംഗത്ത് നെൽസൺപാസ്, ജീൻഹിരാഗ,  മൈൽ സ്ലാവ്കോവിക് എന്നിവർക്കൊപ്പം ഇന്ന് ജീവിച്ചിരിക്കുന്ന പ്രതിഭകളിൽ എണ്ണം പറഞ്ഞ ഒരാളാണ്  റോഡ് എലിയട്ട്.

 ഓഡിയോ ഡിസൈൻ രംഗത്തെ പ്രാമാണികരെപ്പറ്റി എഴുതാനാരംഭിച്ചപ്പോൾ എന്തേ റോഡ് ഏലിയട്ടിനെപ്പറ്റി ആദ്യം എഴുതിയില്ല എന്ന് ധാരാളം സുഹൃത്തുക്കൾ പരിഭവം അറിയിച്ചിരുന്നു. പിണക്കം വേണ്ട ഇതാ ഇന്ത്യൻ ഭാഷകളിൽ ആദ്യമായി  അദ്ദേഹത്തെക്കുറിച്ചുള്ള ചെറു വിവരണം ...

1950ൽ ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഇടത്തരം കുടുംബമായ എലിയട്ട് ഫാമിലിയിലാണ്  റോഡിൻ്റെ ജനനം.

ഹൈസ്കൂൾ വിദ്യാഭ്യാസ സമയത്ത് തന്നെ  റോഡിന് കുത്തിത്തിരുപ്പ് പരിപാടികളിൽ വലിയ കമ്പമായിരുന്നു.


 റേഡിയോകളുടെ l.F.T എന്ന ഇൻ്റർമീഡിയറ്റ് ഫ്രീക്വൻസി ട്രാൻസ്ഫോർമർ ഒരു വട്ടമെങ്കിലും  കുടക്കമ്പി സ്ക്രൂ ഡ്രൈവറാക്കി തിരിച്ച് നോക്കുന്നതാണ്  റേഡിയോ എഞ്ചിനീയറിങ്ങിലേക്കുള്ള പണ്ട് കാലത്തെ ആദ്യ ചവിട്ട് പടി.

 ഇതിനെ കുത്തിത്തിരിപ്പെന്ന് വിളിച്ചാണ്  പണ്ടത്തെ  കാർന്നോമ്മാർ പുഛിച്ചിരുന്നത്!

അന്ന് വാൽവ് റേഡിയോകളുടെ സുവർണ്ണ കാലമായിരുന്നു. വീട്ടിലെയും, ബന്ധുവീടുകളിലെയും റേഡിയോകൾ റോഡിൻ്റെ കരപരിലാളനങ്ങളാൽ അകാല ചരമമടഞ്ഞതോടെ ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന് മനസിലാക്കിയ പിതാവ്, റോഡിനെ സിഡ്നിയിലെ TAFE എന്ന  വൊക്കേഷണൽ തൊഴിൽ പരിശീലന സ്കൂളിൽ ചേർത്തു.

ടെക്നിക്കൽ ആൻഡ് ഫർതർ എജ്യൂക്കേഷൻ ( TAFE )എന്ന പേരിൽ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം സാങ്കേതിക താൽപ്പര്യമുള്ള  കുട്ടികളെ എന്തെങ്കിലും കൈ തൊഴിലുകൾ പഠിപ്പിക്കാനായി  ഓസ്ട്രേലിയൻ ഗവൺമെൻ്റ് നമ്മുടെ നാട്ടിലെ ITI പോലെ അവിടെ നടത്തുന്ന സ്ഥാപനങ്ങളാണ് ഇവ.

ഇലക്ട്രീഷ്യൻ കോഴ്സിലാണ് പിതാവ് ചേർത്തതെങ്കിലും ഒരു വർഷത്തോളം അവിടെ പഠിച്ച് കഴിഞ്ഞപ്പോൾ. തൊട്ടടുത്ത മുറിയിലെ  റേഡിയോ മെക്കാനിക്ക് ക്ലാസിലേക്ക് റോഡ് തൻ്റെ  ഇരുപ്പ് മാറ്റി.

റോഡിൻ്റെ താൽപ്പര്യം മനസിലാക്കിയ പ്രിൻസിപ്പാൾ അദ്ദേഹത്തിന് റേഡിയോ മെക്കാനിക്ക് കോഴ്സിലേക്ക് നിരുപാധികം മാറ്റം അനുവദിച്ച് കൊടുത്തു.

1966 മുതൽ 71 വരെ അവിടെ പഠിച്ച് കോഴ്സ് വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങിയ റോഡിന് സിഡ്നിയിലെ ഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള, നമ്മുടെ വാട്ടർ അതോറിട്ടിക്ക് സമാനമായ MWS & DB യിൽ ( മെട്രോപോളിറ്റൻ വാട്ടർ, സ്വീവേജ് & ഡ്രെയിനേജ് ബോർഡിൽ )  മെക്കാനിക്കായി ജോലി കിട്ടി.

ജോലി സ്ഥലത്തെ ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളിൽ താൻ സ്വയം കണ്ട് പിടിച്ച  ഇലക്ട്രോണിക് സർക്യൂട്ടുകൾ ഉപയോഗിച്ച്  ഓട്ടോമേഷൻ ചെയ്ത് പമ്പുകളുടെ ഓൺ ഓഫ് ,ഓവർ വോൾട്ടേജ്, ഓവർ ഹീറ്റ് ഷട്ട് ഡൗൺ പോലുള്ള സൗകര്യങ്ങൾ   ഏർപ്പെടുത്തിയതോടെ ധാരാളം ഫ്രീ ടൈം കിട്ടിയ റോഡ്, അതെല്ലാം തൻ്റെ ഇലക്ട്രോണിക് സ്കില്ലുകൾ മൂർച്ച കൂട്ടാനുള്ള അവസരമാക്കി മാറ്റി.

ഇതോടൊപ്പം സംഗീതത്തിൽ താൽപ്പര്യമേറിയ റോഡ് ഗിത്താർ പഠിക്കാൻ ചേർന്നു.ഒപ്പം തൻ്റെ സംഗീത താൽപ്പര്യത്തിനിണങ്ങുന്ന വിധം  ഒരു റിക്കോഡിങ്ങ് സ്റ്റുഡിയോയിൽ പാർട്ട് ടൈം ജോലിക്കാരനുമായി.

അൽപ്പകാലത്തിന് ശേഷം സർക്കാർ ജോലി ഉപേക്ഷിച്ച്   ഒരു  സുഹൃത്തുമായി ചേർന്ന് ഫ്ലൈ - ബൈ നൈറ്റ്സ് എന്ന പേരിൽ ഒരു  റിക്കോഡിങ്ങ് സ്റ്റുഡിയോ തന്നെ സ്വന്തമായി ആരംഭിച്ചു.


 അൽപ്പം പൊലിപ്പിച്ച് പറഞ്ഞതാണ് സാധാരണ കാസറ്റ് കട തന്നെ!. വിപണിയിൽ ചൂടപ്പമായ കാസറ്റുകൾ ആവശ്യക്കാർക്ക്  പകർത്തി വിൽക്കുന്ന പരിപാടി . ഒപ്പം പരിമിതമായ എണ്ണത്തിൽ  താൻ ഗിത്താറിസ്റ്റായ ലോക്കൽ മ്യൂസിക് ബാൻഡുകളുടെ കാസറ്റുകളും ഇറക്കും.

കാലം 1975 കളാണ്, ഓഡിയോ കാസറ്റുകളുടെ പുഷ്കര കാലം ആരംഭിച്ചു തുടങ്ങിയിരുന്നു..   ശബ്ദ ഗുണമുള്ള ആംപ്ലിഫയറുകൾ സാധാരണക്കാരന് അപ്രാപ്യമായ കാലം.. വില കുറഞ്ഞ് ലഭിക്കുന്നതിന് ക്വാളിറ്റിയുമില്ല ,റോഡ് കാസറ്റ് കടയ്ക്കൊപ്പം ചെറിയ രീതിയിൽ ആംപ്ലിഫയർ അസംബ്ലിങ്ങും ആരംഭിച്ചു.

ആദ്യകാലങ്ങളിൽ വിപണിയിൽ ലഭ്യമായ വിലകുറഞ്ഞ ആംപ്ലിഫയറുകൾ വാങ്ങി റീ ഡിസൈൻ ചെയ്ത് മികച്ചതാക്കി വിൽക്കുന്ന പരിപാടിയായിരുന്നു.

 ഇത് ക്ലിക്കായി ആവശ്യക്കാർ കൂടിയതോടെ സ്വന്തം സർക്യൂട്ടുകൾ അസംബിൾ ചെയ്ത് വിൽപ്പനയാരംഭിച്ചു.

റോഡിൻ്റെ കഴിവുകൾ മനസിലാക്കിയ SAE എന്ന ഓസ്ട്രേലിയയിലെ മികച്ച സ്കൂൾ ഓഫ് ഓഡിയോ എഞ്ചിനീയറിങ്ങ് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർ അദ്ദേഹത്തിൻ്റെ സേവനം ആവശ്യപ്പെടുകയും, തുടർന്ന് റോഡ്  അവിടുത്തെ വിദ്യാർത്ഥികളെ റെക്കോഡിങ്ങ് ,മിക്സിങ്ങ്, ബേസിക് റിപ്പയറിങ്ങ്, ഓഡിയോ എഞ്ചിനീയറിങ്ങ് ,ഗിത്താർ, ഡ്രം സെറ്റ്, പിയാനോ ഇത്യാദി സംഗീത ഉപകരണങ്ങളുടെ  ഇലക്ട്രിഫിക്കേഷൻ മുതലായ ക്ലാസുകൾ പഠിപ്പിക്കുന്ന അദ്ധ്യാപകനായി മാറി.

റോഡിൻ്റെ ടെക്നിക്കൽ ടീച്ചിങ്ങ്  സ്കില്ലുകൾ ഉപയോഗിക്കുന്നതിനായി സ്കൂൾ ഓഫ് ഓഡിയോ  ഇലക്ട്രോണിക്സ് എന്ന പ്രത്യേക വിഭാഗം തന്നെ  SAE യിൽ ആരംഭിച്ചു.

1988 മുതൽ 94 വരെ ഡാറ്റാ പോയിൻ്റ് എന്ന ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ കമ്പനിയിൽ ഡിസൈനറായി, 94 ൽ ആ ജോലി വിട്ട്  ലൂസൻ്റിലുള്ള AT & T ടെലികമ്യൂണിക്കേഷൻ  പ്ലാൻ്റിൽ  ഡിസൈൻ വിഭാഗത്തിൻ്റെ മേധാവിയായി.2002 ൽ ആ ജോലിയും ഉപേക്ഷിച്ചു.1998 ൽ സ്വന്തമായി തുടങ്ങിയ എലിയട്ട് സൗണ്ട് പ്രൊഡക്റ്റ്സ് എന്ന കമ്പനിയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചു.

ഒരിടത്തും സ്ഥിരമായി തങ്ങുകയോ, ഒരു തൊഴിൽ തന്നെ ചെയ്യുകയോ ബോറിങ്ങ് ആയി കരുതുന്നതിനാൽ ..ഇപ്പോൾ അതും ഉപേക്ഷിച്ച് ലോക സഞ്ചാരിയായി ഊരുചുറ്റൽ തുടരുകയാണ്. ശ്രി റോഡ് ഏലിയട്ട്.ESP എന്ന പേരിലുള്ള തൻ്റെ വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള ഏതാണ്ട്  ആയിരത്തോളം സർക്യൂട്ടുകളിൽ നിന്നുള്ള വരുമാനവും, ലോകമെമ്പാടുമുള്ള തൻ്റെ ശിഷ്യൻമാരും മാത്രം മതി തനിക്ക് എന്നാണ് റോഡ് എലിയട്ട് എന്ന നിഷ്കാമകർമ്മിയുടെ മനോഗതം!

ഇത്രമാത്രം മതിയല്ലോ  ഇലക്ട്രോണിക് ഗുരു എന്ന പേരിന് നൂറുശതമാനവും അർഹനായ റോഡ് എലിയട്ടിനെ ലോകം സ്മരിക്കാൻ.

മറ്റ് പ്രമുഖ ഓഡിയോ ഡിസൈനർമാരെപ്പോലെ എതെങ്കിലും ഇലക്ട്രോണിക്സ് മൾട്ടി നാഷണൽ കമ്പനികളുടെ കൺസൾട്ടൻ്റായോ ഡിസൈനറായോ ജോലി ചെയ്യുന്നത് ആലോചിക്കാൻ പോലും പറ്റില്ല എന്നാണ് റോഡിൻ്റെ പക്ഷം!

ഓഡിയോ ഡിസൈനറാണെങ്കിലും താനൊരു ഓഡിയോഫൈൽ അല്ല എന്നാണ് റോഡ് ഏലിട്ട് പറയുന്നത്. പക്ഷേ  തൻ്റെ സർക്യൂട്ടുകൾ ഓഡിയോഫൈലുകൾ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം!..

കുറഞ്ഞ ചിലവിൽ കൂടുതൽ ശബ്ദ ഗുണമേൻമയുള്ള സൗണ്ട് റീ പ്രൊഡക്ഷനു വേണ്ടിയാണ് തൻ്റെ ശ്രമം... പക്ഷേ ഗുണമേൻമയുള്ള ട്രാൻസിസ്റ്ററുകൾക്ക് അനുദിനം വില വർദ്ധനവ് നേരിടുന്നതിനാൽ ലോകമെമ്പാടുമുള്ള ഓഡിയോ പ്രേമികൾ കഷ്ടത്തിലായിരിക്കുന്നു, തനിക്ക് വരുന്ന മെയിലുകൾ 90 ശതമാനവും തൻ്റെ  പഴയ സർക്യൂട്ടുകൾ ചെയ്യാൻ സ്പെയറുകൾ കിട്ടുന്നില്ല പകരം ഏതു പയോഗിക്കണം എന്ന സംശയങ്ങളാണ് ഇതാണ്   തനിക്കാകെയുള്ള ഒരു വിഷമം എന്നാണദ്ദേഹം ഒരു സുഹൃദ് സംഭാഷണമദ്ധ്യേ പറഞ്ഞത്. കാര്യം സത്യവുമാണ്.

റോഡിൻ്റെ ലോ ഫ്രീക്വൻസി, മിഡ് ഫ്രീക്വൻസി, ഹൈ ഫ്രീക്വൻസി എന്നിവ പുറപ്പെടുവിക്കുന്നതിനായി  പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ട്രൈ ആമ്പ് കൺസെപ്റ്റ്  ലോകപ്രശസ്തമാണ്. പ്രമുഖ കമ്പനികൾ പോലും ആ രീതി പിൻതുടരുന്നുണ്ട്.ബൈ ആമ്പ്, ട്രൈ ആമ്പ് മുതലായ കൺസെപ്റ്റുകൾ റോഡ് ഏലിയട്ടിൻ്റെ സംഭാവനകളാണ്. മറ്റുള്ളവരെപോലെ തൻ്റെ കണ്ടുപിടുത്തങ്ങൾ പേറ്റൻ്റ് ചെയ്ത് സുരക്ഷിതമാക്കാൻ റോഡ് ഒരിക്കലും മുതിർന്നിട്ടില്ല. റോഡിൻ്റെ സർക്യൂട്ടുകൾ എല്ലാം ആർക്ക് വേണമെങ്കിലും  അമേച്വർ ആവശ്യങ്ങൾക്ക് വേണ്ടി ഫ്രീ ആയി ഉപയോഗിക്കാം.

തൻ്റെ തന്നെ ജനപ്രീതി നേടിയ P3A മോഡൽ സർക്യൂട്ടറിയിൽ അനുയോജ്യമായ Phase coherent Crossover network pre amplifier ചേർത്താണ് ആദ്യമായി ട്രൈ ആമ്പ് കൺസെപ്റ്റ് അദ്ദേഹം പ്രാവർത്തികമാക്കിയത്.

വാക്വം ട്യൂബുകൾ മുതൽ പുതുതലമുറ ക്ലാസ് D ആംപ്ലിഫയർ സർക്യൂട്ടുകൾ വരെ റോഡിൻ്റെ കയ്യൊപ്പ് പതിഞ്ഞവയായി പുറത്തിറങ്ങിയിട്ടുണ്ട്.

റോഡ് ഡിസൈൻ ചെയ്ത VP103 എന്ന  ഹൈഫൈ വാക്വം ട്യൂബ് പ്രീ ആംപ്ലിഫയറുകൾ ആഡിയോഫൈലുകളുടെ ഇഷ്ട തോഴനാണ്.

 ഡയറക്റ്റ് കപ്പിൾഡ് ക്ലാസ് AB സിമിട്രിയാണ് റോഡിന് ഏറ്റവും ഇഷ്ടം. അതിലാണ് അദ്ദേഹത്തിൻ്റെ ആംപ്ലിഫയർ സർക്യൂട്ടുകൾ അധികവും.



sound-au.com എന്ന സൈറ്റിൽ കയറിയാൽ റോഡ് എലിയട്ട് ഡിസൈൻ ചെയ്ത സർക്കൂട്ടുകൾ നമുക്ക് കാണാം, ഡൗൺലോഡ് ചെയ്യാം.

ലോക സഞ്ചാരിയായ അദ്ദേഹം ലോകത്തെവിടെയെങ്കിലുമൊക്കെ നടക്കുന്ന  ഓഡിയോ എക്സിബിഷനുകളിൽ മാനത്ത് നിന്നും പൊട്ടിവീണ പോലെ പ്രത്യക്ഷപ്പെടുമ്പോൾ അനുവാചക വൃന്ദം ആവേശഭരിതരാകാറുണ്ട്.  

ഹോം കൺസ്ട്രക്റ്റർമാരെ മുന്നിൽ കണ്ട് PCB ഡിസൈൻ സഹിതമാണ് അദ്ദേഹത്തിൻ്റെ സർക്യൂട്ടുകൾ എല്ലാം. അതിനാൽ PCB യും ,സർക്യൂട്ട് ലേ ഔട്ടുമെല്ലാം ഈ സൈറ്റിൽ നിന്ന് ലഭിക്കും.. ഇപ്പോഴും ഡിസൈൻ രംഗത്ത് സജീവമായ ഈ 73 വയസുകാരനായ ചെറുപ്പക്കാരൻ ഓഡിയോ ഗുരു ആയുരാരോഗ്യത്തോടെ ദീർഘനാൾ നമുക്കായി  പുതിയ പുതിയ ടോപ്പോളജികളും, കൺസെപ്റ്റ് ഡിസൈനുകളും നൽകും എന്ന് പ്രത്യാശിക്കുന്നു. എഴുതിയത് #അജിത് കളമശേരി, #ajith_kalamassery,17.01.2023'

Monday, January 16, 2023

ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ - 3



 ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ - 3

മൈൽ സ്ലാവ്കോവിക് 



APEX എന്ന പേര് ആംപ്ലിഫയർ, ഓഡിയോ സർക്യൂട്ടുകൾ ഫോളോ ചെയ്യുന്ന സാങ്കേതിക തൽപ്പരരിൽ വളരെ പ്രശ്സ്തമാണ്. പക്ഷേ ആരാണ് ഈ അപ്പെക്സിന് പിന്നിലെ ബുദ്ധികേന്ദ്രം എന്ന് ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല .


 ഇംഗ്ലീഷിന് അത്രയ്ക്ക് പ്രചാരമില്ലാത്ത സെർബിയയിൽ നിന്നാണ് അപ്പെക്സ് സർക്യൂട്ടുകൾ പിറവി കൊള്ളുന്നതെന്നാണ് ഈ അജ്ഞതയ്ക്ക്  ഒരു കാരണം.


തന്മൂലം APEX കമ്പനി ലോക പ്രശസ്തമാണെങ്കിലും  ലോക ജനസാമാന്യം വിവരങ്ങൾക്ക് പരതുന്ന ഇംഗ്ലീഷ് ഭാഷയിൽ ഈ കമ്പനി ഉടമയെപ്പറ്റി പരിമിതമായ വിവരങ്ങൾ പോലുമില്ല.അതിനാൽ ഡിസൈനർ ഇന്നും ഇൻ്റർനെറ്റിൽ പോലും അജ്ഞാതനായി തുടരുന്നു.


ആംപ്ലിഫയറുകൾ സ്വന്തമായി അസംബിൾ ചെയ്യുന്ന ആരും അവരുടെ തുടക്കകാലത്ത് കൈ വച്ചു നോക്കിയിട്ടുള്ള സിമ്പിൾ ഡയറക്റ്റ് കപ്പിൾഡ് ട്രാൻസിസ്റ്റർ ആമ്പുകളുടെ സർക്യൂട്ടുകൾ മിക്കവയും ഡിസൈൻ ചെയ്തിരിക്കുന്നത് APEXആണ്.


പറഞ്ഞ് പറഞ്ഞ് കാട്കയറിപ്പോകാതെ നേരേ വിഷയത്തിലേക്ക് വരണം മിസ്റ്റർ !


ഓ അത് മറന്നു, ഇതിന് പിന്നിലെ ഡിസൈനറുടെ പേര് പറയാൻ വിട്ടു പോയി! മൈൽ സ്ലാവ്കോവിക് Mile slavkovic എന്ന വായിക്കാനും പറയാനും ബുദ്ധിമുട്ടുള്ള പേരിന്നുടമയായ  സെർബിയൻ ഡിസൈനറാണ് Apex ന്  പിന്നിലെ ബുദ്ധികേന്ദ്രം. 


ഈ പേര് ഉഛരിക്കേണ്ടത് ഇങ്ങിനെയല്ല മിലേ സ്ലാക്ക് എന്നാണ് എന്ന തിരുത്തുമായി ചിലർ വന്നേക്കാം! ജീൻ ഹിരാഗയെ പ്പറ്റി ഇതിന് മുൻപ് എഴുതിയപ്പോൾ അങ്ങിനെയല്ല ആ ഫ്രഞ്ച് പേര് ഉഛരിക്കേണ്ടത് ജോണി ഹിർഗ എന്നാണെന്ന് ചിലർ 'കമൻ്റെഴുതിയത് കണ്ടു. പണ്ട് ചെറിയ ക്ലാസിൽ നോ ത്രദാമിലെ കൂനൻ പഠിച്ചപ്പോൾ ജീൻ വാൽ ജീനിൻ്റെ കഥയിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടാണ് ജീൻ ഹിരാഗ എന്നായിരിക്കാം അദ്ദേഹത്തിൻ്റെ പേരെന്ന് ഞാൻ കരുതിപ്പോയത്.


അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു നമുക്ക് കാര്യം മനസിലാകണം, നെറ്റിൽ ആ പേര് സെർച്ച് ചെയ്താൽ ഉദ്ദേശിച്ച വ്യക്തിയിലേക്ക് തിരച്ചിൽ എത്തണം.. അത്ര തന്നെ! 



 വിഷയത്തിലേക്ക് വരാം വേറിട്ട് നിൽക്കുന്ന, വളരെ ശക്തിമത്തായ എന്നൊക്കെയാണ് സ്ലാവ്കോവിക് എന്ന സെർബിയൻ ഭാഷയിലെ വാക്കിന്ന് അർത്ഥം. പേരിനെ അന്വർത്ഥമാക്കുന്ന വിധം ശക്തിമത്തായ ആംപ്ലിഫയറുകളാണ് Apex എന്ന ബ്രാൻഡിൽ പിറവിയെടുക്കുന്നത്. 500 വാട്ടിൽ കുറഞ്ഞ കളി അപ്പെക്സിനില്ല.


PA സിസ്റ്റം എന്ന കാറ്റഗറിയിൽ പെടുന്ന  വേരിയൻ്റിലാണ് Apexൻ്റെ ഏറിയ പങ്കും ആംപ്ലിഫയർ ഡിസൈനുകളും .


റഷ്യൻ സാമന്ത രാജ്യമായിരുന്ന യൂഗോ സ്ലാവിയയിൽ  പെട്ട സ്ഥലമായിരുന്നു പണ്ട് സെർബിയ എന്ന പ്രവിശ്യ.


 റഷ്യ (പണ്ടത്തെ USSR) പാശ്ചാത്യ ലോകവുമായി ഇരുമ്പുമറയ്ക്കുള്ളിൽ പെട്ടതു പോലെ വേർതിരിഞ്ഞു നിന്നിരുന്നതിനാൽ പാശ്ചാത്യ കണ്ടുപിടുത്തങ്ങളായ ട്രാൻസിസ്റ്ററുകൾ സെർബിയ പോലുള്ള നാടുകളിൽ കണി കാണാൻ കിട്ടുക വളരെ അപൂർവ്വമായിരുന്നു.


 1965 സെപ്റ്റംബറിൽ സതേൺ സെർബിയയിലെ മെഡ് വേജ എന്ന ചെറുനഗരത്തിലാണ്  മൈൽ സ്ലാവ് കോവിക്കിൻ്റെ ജനനം. മാതാവിൻ്റെ പേര് സ്റ്റാനിക്ക സ്ലാവ്കോ വിക്.


സെർബിയയുടെ തലസ്ഥാനമായ  ബൽഗ്രേഡിലെ ETF യൂണിവേഴ്സിറ്റിയിൽ നിന്നും 1980കളിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തു.


പഠന കാലത്ത് തന്നെ വളരെ അപൂർവ്വമായി കിട്ടിയിരുന്ന ട്രാൻസിസ്റ്ററുകൾ സ്ലാവ് കോവിക്കിനെ വളരെ ആകർഷിച്ചു.


 പവർ ആംപ്ലിഫയറുകൾ നിർമ്മിക്കാനാവശ്യമായ  NPN ,PNP മാച്ച്ഡ് പെയർ ട്രാൻസിസ്റ്ററുകൾ അവിടെ കിട്ടുക വളരെ ബുദ്ധിമുട്ടായിരുന്നു.കിട്ടുന്നതിന് താങ്ങാനാകാത്ത വിലയും!

അതിനാൽ താങ്ങാവുന്ന വിലയിൽ ലഭ്യമായ  NPN ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചായി ആദ്യ കാല ആംപ്ലിഫയർ പരീക്ഷണങ്ങൾ.


NPN  പവർ ട്രാൻസിസ്റ്ററുകൾ മാത്രം ഔട്ട് പുട്ട് സ്റ്റേജിൽ ഉപയോഗിക്കുന്ന ക്വാസി കോംപ്ലിമെൻ്ററി സിമിട്രിയിലായിരുന്നു സ്ലാവ് കോവിക്കിൻ്റെ ആദ്യകാല സർക്യൂട്ടുകൾ എല്ലാം.


ഇന്നത്തെ ഡിസൈനർമാരിൽ ചിലർ പുഛത്തോടെ കാണുന്ന കപ്പാസിറ്റർ കപ്പിൾഡ് ക്വാസി കോംപ്ലിമെൻ്ററി സർക്യൂട്ടുകളുടെ തലതൊട്ടപ്പനാണ് അപ്പെക്സിൻ്റെ എല്ലാമെല്ലാമായ മൈൽ സ്ലാവ് കോവിക്.


തുടക്കക്കാരുടെ പരിചയക്കുറവ് മൂലം സ്പീക്കർ ലൈനുകൾ കൂട്ടിമുട്ടുന്ന പോലുള്ള അബദ്ധങ്ങൾ സംഭവിച്ചാൽ പവർ ട്രാൻസിസ്റ്ററുകൾ ഉടൻ അടിച്ച് പോവും.


 കപ്പാസിറ്റർ കപ്പിൾഡിൽ ഈ തകരാർ ഉണ്ടാവില്ല. കൂടാതെ ബയാസിങ്ങ് താരതമ്യേന എളുപ്പമാണ്.. NPN ട്രാൻസിസ്റ്ററുകൾ കുറഞ്ഞ വിലയിൽ ലഭിക്കും ,കോമ്പോണെൻ്റ് കൗണ്ട് കുറവായിരിക്കും, സിംഗിൾ പവർ മതിയാകും... ഇക്കാരണങ്ങളാൽ ഹോബി,DIY (ഡു ഇറ്റ് യുവേഴ്സെൽഫ്) തുടക്കക്കാർക്ക് വളരെ ഇഷ്ടമാണ് apex സർക്യൂട്ടുകൾ 


അതിനും പുറമേ

വാൽവ് ആംപ്ലിഫയറുകൾ പുറപ്പെടുവിച്ചിരുന്ന ഹാർമോണിക്സ് കലർന്ന വാം സൗണ്ടിന് ഏകദേശം തുല്യമായ ശബ്ദം പുറപ്പെടുവിക്കും എന്നതും  35  വർഷം മുൻപ്  സ്ലാവ് കോവിക് ക്വാസി കോംപ്ലിമെൻ്ററി സിമിട്രിയിൽ ഡിസൈൻ ചെയ്ത  ലോ വാട്ട് സർക്യൂട്ടുകൾ സംഗീതാസ്വദകരെ പിടിച്ചിരുത്താൻ ഇന്നും പര്യാപ്തമാണ്.



diy audio apex എന്ന് നെറ്റിൽ സെർച്ച് ചെയ്താൽ ഇദ്ദേഹം ഡിസൈൻ ചെയ്ത നൂറുകണക്കിന് ആംപ്ലിഫയർ സർക്യൂട്ടുകൾ നമുക്ക് കാണാം, ഡൗൺലോഡ് ചെയ്യാം. യാതൊരു റോയൽറ്റിയും കൊടുക്കാതെ ഫ്രീ ആയി നിർമ്മിക്കാം. ഉപയോഗിക്കാം. തൻ്റെ ഫോളോവേഴ്സിനായി എല്ലാ മാസവും പുതിയ പുതിയ ആംപ്ലിഫയർ സർക്യൂട്ടുകൾ അദ്ദേഹം ഈ വെബ്സൈറ്റിലൂടെ ചെയ്യുന്നുണ്ട്. താൽപ്പര്യമുള്ളവർ ഇദ്ദേഹത്തെ DIY audio ഫോറത്തിൽ ഫോളോ ചെയ്യുക.


ഹോബി, DIY രംഗത്ത് മാത്രമല്ല ലോക പ്രശസ്ത പ്രൊഫഷണൽ ആംപ്ലിഫയർ ബ്രാൻഡുകളായ ക്രൗൺ, NAD, കേംബ്രിഡ്ജ്, പാരാ സൗണ്ട് ,നൈൽസ് പോലുള്ള കമ്പനികളുടെ കൺസൾട്ടിങ്ങ് ഡിസൈനറും കൂടിയാണ് ശ്രീ മൈൽ.


ക്ലാസ് TD, ക്ലാസ് H, ക്ലാസ് D സിമിട്രികളിലും, കോംപ്ലിമെൻ്ററി, ഡ്യുവൽ സപ്ലേ റയിലുകളിലുകളിലുമുള്ള ശബ്ദ ശുദ്ധിയുള്ള വളരെ ജനപ്രീതി നേടിയ സർക്യൂട്ടുകൾ ഇദ്ദേഹം ഡിസൈൻ ചെയ്തിട്ടുണ്ട്.


ഓഡിയോ ഡിസൈൻ രംഗത്ത് ജീവിച്ചിരിക്കുന്ന പ്രതിഭകളിൽ താരതമ്യേന ചെറുപ്പമാണ് 58 വയസുകാരനായ മൈൽ സ്ലാവ് കോവിക്ക്.40 വർഷം എക്സ്പീരിയൻസുള്ള 18 വയസുകാരൻ എന്നാണ് സരസനായ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.


ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാൽ ഇംഗ്ലീഷ് മാദ്ധ്യമമായ  സോഷ്യൽ മീഡിയകളിൽ അത്ര സജീവമല്ല.


 കേരളത്തിലെ ഓഡിയോ തൽപ്പരരിലേക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്താൻ പ്രേരണ നൽകിയതും, വിവരങ്ങൾ നൽകി സഹായിച്ചതും കാലങ്ങളായി അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് സുഹൃത്തായ ശ്രീ അച്ചുതവാര്യർ സാറാണ്. 


ഇനി apex എന്ന പേര് കാണുമ്പോൾ അതിന് പിന്നിലെ മൈൽ സ്ലാവ് കോവിക്കിനെയും ഓർക്കുമല്ലോ.


 എഴുതിയത് #ajith_Kalamassery,16.01.2023, #അജിത്കളമശേരി,

#apex, #mile_slavkovic.

Thursday, January 5, 2023

ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ - 2

                     ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ - 2


                        ജീൻ ഹിരാഗ


 


ആംപ്ലിഫയർ  ഡിസൈൻ രംഗത്ത് നെൽസൺപാസിൻ്റെ സമകാലീനനും എന്നാൽ സാധാരണക്കാരായ ഓഡിയോ DIY അസംബ്ലർമാരുടെ  ഇടയിൽ അത്ര ജനപ്രീയൻ അല്ലാത്തയാളുമാണ് ജീൻ ഹിരാഗ എന്ന പ്രശസ്തനായ ഓഡിയോ സർക്യൂട്ട്  ഡിസൈനർ ..


ഹിരാഗ എന്ന ബ്രാൻഡിൽ അദ്ദേഹത്തിൻ്റെ ലൈസൻസിലും മേൽനോട്ടത്തിലും നിർമ്മിക്കപ്പെടുന്ന ആംപ്ലിഫയറുകളും, സ്പീക്കർ ബോക്സുകളും, ലോകമെങ്ങുമുള്ള ഓഡിയോഫൈലുകളായ ലക്ഷപ്രഭുക്കളുടെ സംഗീത മുറികളെ രാഗ സാന്ദ്രമാക്കിക്കൊണ്ടിരിക്കുന്നു.

 ഫ്രഞ്ച്കാരിയായ മാതാവിൻ്റെയും, ജപ്പാൻകാരനായ പിതാവിൻ്റെയും പുത്രനായി 1943 ൽ പാരീസിലാണ് ജീൻ ഹിരാഗയുടെ ജനനം.  

1965 ൽ  പിതാവിന്   ജപ്പാനിലേക്ക് മടങ്ങേണ്ടി വന്നതിനാൽ കുടുംബസമേതം ജീൻ ഹിരാഗയും ജപ്പാനിലേക്ക് പോന്നു.

നമ്മളിൽ മിക്കവരെയും പോലെ ജീൻ ഹിരാഗയ്ക്കും ഇലക്ട്രോണിക്സിൽ ഔപചാരികമായ വിദ്യാഭ്യാസം നേടാനായില്ല.

സംഗീതത്തിൽ വളരെ കമ്പമുണ്ടായിരുന്ന ജീൻ വീട്ടിൽ പിതാവ് വാങ്ങി വച്ചിരുന്ന വാക്വം ട്യൂബ് ആംപ്ലിഫയർ എടുത്ത് പൊളിച്ച് പണിതു കൊണ്ട് തൻ്റെ ഇലക്ട്രോണിക്സ് പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു.

1965 കൾ ജപ്പാനിൽ വാക്വം ട്യൂബുകളുടെ പുഷ്കര കാലമായിരുന്നു...ഏത് തരത്തിലുമുള്ള വാക്വം ട്യൂബുകൾ അന്ന് വിപണിയിൽ സുലഭമായിരുന്നു.

പാരീസിൽ ജനിച്ച് വളർന്നതിനാൽ ഹിരാഗയ്ക്ക് ഫ്രഞ്ചും, ഇംഗ്ലീഷും നല്ല പോലെ വശമായിരുന്നു. അതിനാൽ വാക്വം ട്യൂബുകളെപ്പറ്റിയും, ട്രാൻസിസ്റ്ററുകളെപ്പറ്റിയും വിദേശങ്ങളിൽ ഇറങ്ങുന്ന സർക്യൂട്ട് ബുക്കുകൾ എഴുതി വരുത്തി അവയിലെ സർക്യൂട്ടുകൾ ചെയ്തു നോക്കുക എന്ന പണം ചിലവാകുന്ന ഇലക്ട്രോണിക്സ് ഭ്രാന്തൻമാരുടെ  വട്ട്  ഹിരാഗയുടെ തലയ്ക്കും പിടിച്ചു.

പഠിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാൽ വീട്ടിൽ നിന്നും ഇതിനായി അധികം പണം ലഭിക്കുകയുമില്ല എന്താണൊരു വഴി?ഹിരാഗ  പല വഴിയും ആലോചിച്ചു.

അപ്പോഴാണ് ഫ്രാൻസിൽ നിന്നും ഇലക്ട്രോണിക്സ് പുസ്തകം കൊരിയറിൽ വന്നപ്പോൾ അത് പൊതിഞ്ഞിരുന്ന ഫ്രഞ്ച് പത്രത്തിൽ  വന്ന ഒരു ക്ലാസിഫൈഡ് പരസ്യം ജീൻ ഹിരാഗയുടെ ശ്രദ്ധയിൽ പെട്ടത്.

വിവിധ രാജ്യങ്ങളിൽ നിന്ന് ലോക വാർത്തകൾ അയച്ച് തരുന്നതിനായി ലേഖകരെ ആവശ്യമുണ്ട്! പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് പ്രതിഫലം നൽകുന്നതാണ്.

പഴയ പത്രമാണ് എങ്കിലും ഒരു കൈ നോക്കാം..ഹിരാഗ ജപ്പാനിലെ സുമോ ഗുസ്തി മൽസരങ്ങളെപ്പറ്റിയും, ഇലക്ട്രോണിക്സ് രംഗത്തെ കുതിച്ച് ചാട്ടത്തെപ്പറ്റിയും, ജപ്പാനിലെ  പാരമ്പര്യ മരപ്പണിയെപ്പറ്റിയുമെല്ലാം ഏതാനും ലേഖനങ്ങൾ തയ്യാറാക്കി പാരീസിലെ "ഫ്രഞ്ച് റിവ്യൂ ഡു സൺ "എന്ന പത്രത്തിലേക്കയച്ച് കൊടുത്തു.

ഹിരാഗയുടെ ഭാഗ്യത്തിന് പത്രത്തിന് ജപ്പാനിൽ ലേഖകർ ഉണ്ടായിരുന്നില്ല. അയച്ച് കൊടുത്ത ലേഖനങ്ങൾ പത്രാധിപർക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.

ഇന്നത്തെപ്പോലെ തന്നെയാണ് 1968 കളും! ജപ്പാനീസ് ഭാഷ ആർക്കും അങ്ങനെ പെട്ടെന്ന് വഴങ്ങില്ല. അതുപോലെ തന്നെ ജപ്പാൻകാർക്ക് മറ്റു ഭാഷകളും വഴങ്ങില്ല. ഇംഗ്ലീഷും, ഫ്രഞ്ചും, ജപ്പാനീസും ഒരേ പോലെ വഴങ്ങുന്ന ജീൻ ഹിരാഗയുടെ ഭാഗ്യ നക്ഷത്രം അവിടെ ഉദിക്കുകയായിരുന്നു.

ജപ്പാനിൽ നിന്നുള്ള ലേഖകനെ തിരക്കി മറ്റ് പത്രങ്ങളും എത്തിത്തുടങ്ങി.

ഹൈ ഫൈ വേൾഡ് എന്ന ഇംഗ്ലീഷ് മാസിക ജപ്പാനിൽ ഇറങ്ങുന്ന  ഇലക്ട്രോണിക്സ് ,ഓഡിയോ പ്രൊഡക്റ്റുകളെപ്പറ്റിയുള്ള പുതിയ പുതിയ വാർത്തകൾ നിരന്തരം ആവശ്യപ്പെട്ടു തുടങ്ങി.

രോഗി ഇഛിച്ചതും, വൈദ്യൻ കൽപ്പിച്ചതും ഒരേ മരുന്ന് എന്ന പോലെയായി കാര്യങ്ങൾ. ഹൈ - ഫൈ വേൾഡിൻ്റെ ലേഖകൻ എന്ന ലേബലിൽ ഏത്  ഓഡിയോ,ഇലക്ട്രോണിക്സ് കമ്പനിയിലും കയറിച്ചെല്ലാൻ ലൈസൻസ് കിട്ടിയതോടെ അവിടെ നടക്കുന്ന കാര്യങ്ങൾ മനസിലാകണമെങ്കിൽ താനും കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും; അല്ലെങ്കിൽ ആ കമ്പനികളിലെ പ്രതിഭകളായ ഡിസൈൻ എഞ്ചിനീയർമാരുടെ മുന്നിൽ മണ്ടൻ ചോദ്യങ്ങൾ ചോദിച്ച് സ്വയം അപഹാസ്യനാകുമെന്ന് ഹിരാഗയ്ക്ക് സ്വയം മനസിലായി.

കയ്യിൽ സ്വന്തം അദ്ധ്വാനത്തിലൂടെ പണം പണം വന്ന് തുടങ്ങിയതിനാൽ വാക്വം ട്യൂബുകൾക്കൊപ്പം, ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള ഡിസൈനിങ്ങിലും ഹിരാഗ കൈ വച്ച് തുടങ്ങി.

"ആംപ്ലിഫയറുകളിലെ ഹാർമോണിക് ഡിസ്റ്റോർഷൻ ഗുണമോ ദോഷമോ?", സ്പീക്കർ വയറുകൾ ശരിയാംവണ്ണം ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ അവ ഇൻഡക്ഷൻ മൂലം സ്പീക്കർ പോലെ പ്രവർത്തിക്കും ശബദ ഗുണമേൻമ കുറയ്ക്കും എന്നതിനെപ്പറ്റി "സ്പീക്കർ വയറുകളെ കാണാൻ മാത്രമല്ല  കേൾക്കാനും സാധിക്കുമോ?" എന്നീ ലേഖനങ്ങൾ വളരെ ശ്രദ്ധ നേടുകയും ഓഡിയോഫൈലുകളുടെ ഇടയിൽ  ജീൻ ഹിരാഗയുടെ ലേഖനങ്ങൾക്കായുള്ള കാത്തിരിപ്പിനും തുടക്കമായി.

2A3, WE 300 B,4300 B, 2 11,845,6C 33 C തുടങ്ങിയ ഡയറക്റ്റ് ഹീറ്റഡ് വാൽവുകൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിൻ്റെ ക്ലാസ് A ആംപ്ലിഫയർ സർക്യൂട്ടുകൾ വളരെ വേഗം അനുവാചക ശ്രദ്ധ നേടി.

ഹൈ എൻഡ് ലോ ഡിസ്റ്റോർഷൻ ട്രാൻസിസ്റ്ററൈസ്ഡ് ക്ലാസ് A സർക്യൂട്ടുകളുടെ ഡിസൈനിങ്ങ്  ഏറെക്കുറെ ജീൻ ഹിരാഗയുടെ കുത്തക പോലെയായി. ആൾട്ടെക് ലാൻസിങ്ങ് ,മക്കിൻ്റോഷ്, NAD, മാർട്ടിൻ ലോഗൻ, ജെൻസൻ, ടാനോയി, ഇലക്ട്രോവോയ്സ്, KIipsch, അക്കുഫേസ്, ക്വാഡ് പോലുള്ള വമ്പൻ കമ്പനികൾ ജീൻ ഹിരാഗയുടെ ഓഡിയോ സർക്യൂട്ടുകൾ അവരുടെ ഓഡിയോ പ്രൊഡക്റ്റുകളിലൂടെ  പുറത്തിറക്കുന്നതിൽ മൽസരിച്ചു. ജീൻ ഹിരാഗ ഡിസൈൻ എന്ന രണ്ട് വാക്കുകൾ ഓഡിയോഫൈലുകൾ കണ്ണുമടച്ച് വിശ്വാസമർപ്പിച്ചതിനാലാണ് ഈ ജനപ്രീതിയുണ്ടായത്.


1977 ൽ ലോകപ്രശസ്ത ഹൈ എൻഡ് ഓഡിയോ മാഗസിനായ " L Audiophile " ൻ്റെ ചീഫ് എഡിറ്ററായി ഹിരാഗ ചുമതലയേറ്റു.

ഹൈ എൻഡ് ഓഡിയോ സംബന്ധമായ ധാരാളം പുസ്തകങ്ങൾ ഹിരാഗ രചിച്ചിട്ടുണ്ട്.

1982ൽ അദ്ദേഹം ജപ്പാനിൽ നിന്ന് പാരീസിലേക്ക് താമസം മാറി. പണ്ട് അദ്ദേഹം വട്ടച്ചിലവിനായി  ലേഖനങ്ങൾ എഴുതിയിരുന്ന പത്രത്തിൻ്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റപ്പോഴായിരുന്നു ഇത്. 2007 വരെ അദ്ദേഹം ഈ ചുമതലയിൽ തുടർന്നു. ഇപ്പോൾ അദ്ദേഹം വൻകിട ഓഡിയോ ഇലക്ട്രോണിക്സ് കമ്പനികളുടെ പ്രൊഡക്റ്റ് റിവ്യൂവർ ,പ്രൊഡക്റ്റ് അനലിസ്റ്റ് എന്നീ ചുമതലകൾ നിർവ്വഹിച്ച് ഈ 80 ആം വയസിലും അദ്ദേഹം തൻ്റെ ജീവിതയാത്ര തുടരുന്നു.

ജീൻ ഹിരാഗയെപ്പോലെ ഇത്രയധികം ഓഡിയോ പ്രൊഡക്റ്റുകൾ റിവ്യൂ ചെയ്തിട്ടുള്ള വ്യക്തികൾ ലോകത്ത് വേറെയില്ല. വെറുതെ റിവ്യൂ ചെയ്യുകയല്ല ആ ഉൽപ്പന്നത്തിൻ്റെ പോരായ്മകൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യും എന്നതിനാൽ ഓഡിയോ കമ്പനികൾ ഹിരാഗയുടെ വാക്കുകൾ വേദ വാക്യം പോലെ കരുതുന്നു.

കമ്പ്രഷൻ ട്യൂട്ടറുകളും, പേപ്പർ കോൺ സ്പീക്കറുകളും, അവയുടെ തടികൊണ്ടുള്ള എൻക്ലോഷറുകളുമാണ് ജീൻ ഹിരാഗയുടെ മറ്റ് ഇഷ്ട ഗവേഷണ വിഷയങ്ങൾ. സബ് വൂഫറാണ് എൻ്റെ ശത്രു എന്നാണ് ഹിരാഗപറയാറുള്ളത്.

ജീൻ ഹിരാഗയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മിക്കുന്ന ലിമിറ്റഡ് എഡിഷൻ  ആംപ്ലിഫയറുകളുടെ ചുരുങ്ങിയ വില നാൽപ്പതിനായിരം പൗണ്ട് സ്റ്റെർലിങ് ( 39 ലക്ഷം രൂപ) വരും കോടീശ്വരൻമാർക്ക് മാത്രമേ അവയെല്ലാം ആഗ്രഹിക്കാൻ പോലും സാധിക്കൂ .ആംപ്ലിഫയറുകളിലെ റോൾസ് റോയ്സ് എന്നാണ് ഹിരാഗബ്രാൻഡ് സെറ്റുകൾ ഓഡിയോഫൈലുകൾക്കിടയിൽ അറിയപ്പെടുന്നത്.

ജീൻ ഹിരാഗ ആംപ്ലിഫയർ സർക്യൂട്ട്സ് എന്ന് നെറ്റിൽ സെർച്ച് ചെയ്താൽ നമുക്കും  ചെയ്ത് നോക്കാൻ പറ്റിയ ഏതാനും ക്ലാസ് A ട്രാൻസിസ്റ്റർ സർക്യൂട്ടുകൾ ലഭിക്കും.30 വാട്ടൊക്കെയേ കാണൂ. നൂറ് ശതമാനവും ആഡിയോ ഫൈലായതിനാലും, ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കേട്ട് മനസിലാക്കാനുള്ള തൻ്റെ ചെവിയുടെ ശേഷി നിലനിറുത്താനുമായി നിരന്തര ശ്രദ്ധ പുലർത്തുന്നതിനാൽ അദ്ദേഹത്തെ പുറം ലോകത്തും ,ഇൻ്റർനെറ്റിലും  അങ്ങനെ കാണാൻ കഴിയില്ല.

കുടുംബവും വ്യക്തി ജീവിതവും രഹസ്യത്മകമായി സൂക്ഷിക്കുന്നതിനാൽ അവയും ഇൻ്റർനെറ്റിൽ പോലും ലഭ്യമല്ല.  ഇക്കാര്യങ്ങളാൽ ജീൻ ഹിരാഗയും, അദ്ദേഹത്തിൻ്റെ സർക്യൂട്ടുകളും സാധാരണ ഇലക്ട്രോണിക്സ് പ്രേമികൾക്കിടയിൽ  ഓഡിയോ ഗുരു നെൽസൺപാസിനെ പോലെ അത്ര പോപ്പുലറല്ല. എഴുതിയത് #അജിത്കളമശേരി,
#Ajith_kalamassery, 05.01.2023

ചിത്രത്തിൽ തൻ്റെ ഒരു മോഡൽ പവേർഡ് സ്പീക്കറിനൊപ്പം ജീൻ ഹിരാഗ

Wednesday, January 4, 2023

ഓഡിയോ രംഗത്തെ മഹാരഥൻമാർ-1

 ഓഡിയോ രംഗത്തെ മഹാരഥൻമാർ-1

 നെൽസൺ. എസ്. പാസ്.

 


 ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ സംബന്ധിച്ച്  സുപ്രധാനമായ ഒരു വർഷമാണ് 1951. ആ വർഷമാണ് ലോകത്തിലാദ്യമായി കളർ ടെലിവിഷൻ പ്രക്ഷേപണം ന്യൂയോർക്കിൽ CBS ടെലിവിഷൻ നെറ്റ് വർക്ക് തങ്ങളുടെ 5 സ്റ്റേഷനുകളിൽ നിന്നും ആരംഭിച്ചത്.1951 ജൂൺ 25 നായിരുന്നു ഈ ചരിത്ര മുഹൂർത്തം.

 

അതുവരെ കറുപ്പിലും, വെളുപ്പിലും  സ്വീകരണമുറികളെ അലങ്കരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ്  ടെലിവിഷനുകൾ അരങ്ങൊഴിഞ്ഞുതുടങ്ങി.അതിവേഗം അമേരിക്കൻ ഭവനങ്ങളുടെ സ്വീകരണ മുറികൾ   വർണ്ണ വൈവിദ്ധ്യത്താൽ ദൃശ്യ സമ്പന്നമായിത്തുടങ്ങി.

 

ഇതോടെ കളർ ടെലിവിഷൻ വിൽപ്പന  കുതിച്ചുയരുകയും ധാരാളം കമ്പനികൾ കളർ ടെലിവിഷൻ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.ഇതോടെ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് ലോക വ്യാപകമായി ഒരു പുത്തനുണർവ്വ് ദൃശ്യമാവുകയും ചെയ്തു.

ഇലക്ട്രോണിക്സ് രംഗത്ത് മറ്റൊരു താരോദയത്തിനും അതിനടുത്ത ദിവസം തന്നെ ന്യൂയോർക്കിന് സമീപസ്ഥമായ മസാച്ചുസെറ്റ്സ് സാക്ഷ്യം വഹിച്ചു.

1951 ജൂൺ 27 ന് അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ലോക ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ അതികായരിൽ ഒരാളായ നെൽസൺ പാസ് ഭൂജാതനായി.

ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ ഓഡിയോ ആംപ്ലിഫയർ ഡിസൈനർമാരിൽ തലതൊട്ടപ്പനാണ് നെൽസൺ എസ് പാസ്



 1972 ൽ യൂണിവേഴ്സിറ്റി ഓഫ്  കാലിഫോർണിയയിൽ  ഫിസിക്സിൽ ബാച്ചിലർ ഡിഗ്രി ക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ  സുഹൃത്തായ മൈക്ക് മേഹറുമായി ചേർന്ന്  PMA എന്നൊരു ലൗഡ് സ്പീക്കർ കമ്പനി നെൽസൺപാസ് ആരംഭിച്ചിരുന്നു. പഠനത്തോടൊപ്പം വട്ടച്ചിലവിനായി തുടങ്ങിയ ഈ ചെറു സംരംഭം സാമാന്യം തരക്കേടില്ലാതെ ഓടിത്തുടങ്ങി.. ഇതോടെ തൻ്റെ പ്രവർത്തന മേഘല ഇലക്ട്രോണിക്സ് തന്നെ എന്ന് നെൽസൺ പാസിന് മനസിലായി.

ഇലക്ട്രോ സ്റ്റാറ്റിക് സൗണ്ട്  (ESS )എന്ന കമ്പനി നടത്തിയിരുന്ന ഡോക്ടർ ഓസ്കാർ ഹെയിൽ എന്ന സംരംഭകൻ്റെ ശ്രദ്ധയിൽ നെൽസൺപാസ് ഡിസൈൻ ചെയ്ത സ്പീക്കറുകൾ പെട്ടതോടെ ഓസ്കാർ നിർബന്ധപൂർവ്വം പാസിനെ തൻ്റെ ESS കമ്പനിയിൽ ഡിസൈനറായി നിയമിച്ചു.
ഇതിനിടയിൽ ലൗഡ് സ്പീക്കറുകൾ സംബന്ധമായി 6 പേറ്റൻ്റുകൾ നെൽസൺ പാസ് കരസ്ഥമാക്കി.

1974ൽ  ഫിസിക്സിൽ ബാച്ചിലർ ഡിഗ്രി കരസ്ഥമാക്കിയതോടെ നെൽസൺപാസ് ESS വിട്ട്  സുഹൃത്തുക്കളായ  റെനേ ബിസനും, ജോ സാമുറ്റുമായി ചേർന്ന് ത്രെഷോൾഡ്  എന്ന ഹൈ എൻഡ് ആംപ്ലിഫയർ നിർമ്മാണ കമ്പനി  ആരംഭിച്ചു.

ത്രെഷോൾഡിൻ്റെ സ്റ്റാസിസ് 800 A എന്ന 200 വാട്ട്സ് മോണോ ബ്ലോക്ക്  ആംപ്ലിഫയർ ക്ലാസ് A കോൺഫിഗറേഷനിലുള്ള ട്രിപ്പിൾ സീരീസ് ,ട്രിപ്പിൾ പാരലൽ ഫൈവ് സ്റ്റേജ് ഡയനമിക് ബയാസിങ്ങോടു കൂടിയ ലോകത്തിലെ ആദ്യ മോഡൽ എന്ന നിലയിൽ ഓഡിയോ റിവ്യൂവർമാരുടെയും, ഓഡിയോഫൈലുകളുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

 

1975 ലായിരുരുന്നു ഈ ഉൽപ്പന്നം വിപണിയിലെത്തിയത്.തുടർന്ന് 400 A എന്ന 100 വാട്ട്സ് മോഡലും പുറത്തിറക്കി. ഇവയുടെ സവിശേഷ സർക്യൂട്ടുകളുടെ പേറ്റൻ്റും നെൽസൺ പാസിന് തന്നെയായിരുന്നു.

അതു വരെയുള്ള ഹോം ഓഡിയോ ആംപ്ലിഫയറുകളുടെ മുഖമുദ്രയായ ക്യൂട്ട് ബോയി ലുക്ക് നെൽസൺപാസിൻ്റെ ത്രെഷോൾഡ് സ്റ്റാസിസ്  ബ്രാൻഡിൻ്റെ രംഗപ്രവേശത്തോടെ അസ്തപ്രഭമായി.

റഫ് ആൻഡ് ടഫ് ലുക്കായിരുന്നു പാസിൻ്റെ ആംപ്ലിഫയറുകളുടെ മുഖമുദ്ര! ഒറ്റനോട്ടത്തിൽ വിരൂപമെന്ന് തോന്നുന്ന വിധം ബ്രഷ് ഡ് അലൂമിനിയം ഫ്രണ്ട് പാനലുകളും, റോമൻ ശിൽപ്പങ്ങളുടേത് പോലെ  ഉരുണ്ടു കയറിയ മസിലുകളെന്ന് തോന്നത്തക്ക വിധമുള്ള  ഒളിപ്പിച്ച് വയ്ക്കാത്ത ഹീറ്റ്സിങ്കുകളോടും കൂടിയ ഇവ കറുപ്പിലും, വെള്ളി നിറത്തിലും, തിളക്കമില്ലാത്ത ഫിനിഷിൽ   ഓഫായിരിക്കുന്ന വേളയിലും   ശക്തി പ്രസരിപ്പിക്കുന്നുണ്ടെന്ന തോന്നൽ  അനുവാചകരിലുളവാക്കി.

ജാപ്പാനീസ് ബ്രാൻഡായ നക്കാമിച്ചി നെൽസൺപാസിൽ നിന്നും 1985 കളിൽ ത്രെഷോൾഡ് ബ്രാൻഡിൻ്റെ നിർമ്മാണ അവകാശം പേറ്റൻ്റുകൾ സഹിതം സ്വന്തമാക്കി.

ഹോം ഓഡിയോ വിപണിയിൽ ഹോം തീയേറ്റർ എന്ന പുതു സെഗ്മെൻ്റ് ഉരുത്തുരിഞ്ഞ 1990 കളോടെ ഹൈ എൻഡ് ആംപ്ലിഫയറുകളുടെ വിപണി കാര്യമായി ഇടിഞ്ഞു.ഇതോടെ നഷ്ടം മൂലം 1991 ൽ നെൽസൺപാസ് ത്രെഷോൾഡ് കമ്പനിയുടെ പ്രവർത്തനം നിറുത്തുകയും  പാസ് ലാബ്സ് എന്ന പുതിയ നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്തു.

ക്ലാസ് A കോൺഫിഗറേഷനിൽ സൂപ്പർ സിമെട്രി എന്ന ടോപ്പോളജി 1991 ൽ നെൽസൺപാസ് കണ്ടു പിടിക്കുകയും, "Aleph" എന്ന ബ്രാൻഡിൽ പാസ് ലാബിൻ്റെ ആദ്യ ഉൽപ്പന്നമായി പുറത്തിറക്കുകയും ചെയ്തു. സിംഗിൾ എൻഡഡ് ഉൽപ്പന്നങ്ങളിലാണ് പാസ് ലാബ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ത്. സൂപ്പർ സിമെട്രി ടോപ്പോളജിയിൽ എക്സ്ട്രീം ലോ ഡിസ്റ്റോർഷനുമായി പുറത്തിറങ്ങുന്ന Aleph X സീരീസ് ആംപ്ലിഫയറുകൾ സ്വന്തമാക്കുക എന്നത് ലോകത്താകമാനമുള്ള  ഓഡിയോഫൈലുകളുടെ സ്വപ്നമാണ്.

ആംപ്ലിഫയറുകൾക്കൊപ്പം തൻ്റെ ആദ്യ തട്ടകമായ സ്പീക്കർ നിർമ്മാണവും പാസ് ലാബ്സ് എന്ന കമ്പനിയിലൂടെ നെൽസൺപാസ് തുടരുന്നുണ്ട്.

 2000 ൽ ത്രെഷോൾഡ് കമ്പനി  പുതിയ ഉടമകൾക്ക് കൈമാറുകയും അവർ ഈ പേരിൽ പുതു തലമുറ ആംപ്ലിഫയറുകൾ നെൽസൺപാസിൻ്റെ സർക്യൂട്ടറി ഉപയോഗിച്ച് ഇപ്പോഴും നിർമ്മിച്ച് വരുകയും ചെയ്യുന്നുണ്ട്.

തൻ്റെ ഓഡിയോ ഭ്രാന്തിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്ന് പോയ നെൽസൺപാസ് ഓഡിയോ പ്രേമികളുടെ ഇടയിൽ പാപാ എന്നാണ് അറിയപ്പെടുന്നത്. DIYഫോറം എന്ന തൻ്റെ വെബ്സൈറ്റിലൂടെ ലോകത്താകമാനമുള്ള ഓഡിയോ പ്രേമികളുടെ സംശയങ്ങൾക്ക് മറുപടി പറയാനും അവർക്കായി പുതിയ പുതിയ സർക്യൂട്ടുകൾ ഡിസൈൻ ചെയ്യാനുമാണ് പാസ് തൻ്റെ സമയത്തിൽ ഏറിയ പങ്കും ഇപ്പോൾ ചിലവഴിക്കുന്നത്.

വളരെ കുറഞ്ഞ കോമ്പോണെൻ്റ് കൗണ്ടിൽ കർണ്ണാനന്ദകരമായ ശബ്ദം പുറപ്പെടുവിക്കുന്ന ആംപ്ലിഫയർ ഡിസൈനുകളാണ് DIY ഫോറത്തിൽ കൂടുതലും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ലോകത്തിൽ ആദ്യമായി ഏറ്റവുമധികം ട്രാൻസിസ്റ്റുകൾ ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിച്ചയാൾ എന്ന റിക്കോഡും നെൽസൺ പാസിന് സ്വന്തം.

തോഷിബ ജപ്പാൻ നിർമ്മിക്കുന്ന 2SJ 74 എന്ന Pചാനൽ J ഫെറ്റും ,

2 SK 170 എന്ന N ചാനൽ J ഫെറ്റ് ട്രാൻസിറ്ററുകൾ   2352 എണ്ണം ഉപയോഗിച്ച് ക്ലാസ് A കോൺഫിഗറേഷനിൽ 4 ഓംസിൽ 50 വാട്ട്സ് കിട്ടുന്ന ആംപ്ലിഫയർ ഉണ്ടാക്കിയാണ് നെൽസൺപാസ് ഈ റിക്കോഡ് സൃഷ്ടിച്ചത്.

 6000 ൽ അധികം സൂക്ഷ്മ നേത്രങ്ങൾ അടങ്ങിയ തുമ്പിയുടെ കണ്ണാണ് തന്നെ ഈ ഭ്രാന്തൻ ആശയത്തിലേക്ക് നയിച്ചതെന്ന് നെൽസൺപാസ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ചെറിയ ട്രാൻസിസ്റ്റുകൾ കൂടുതലെണ്ണം കപ്പിൾ ചെയ്തുണ്ടാക്കുന്ന  ആംപ്ലിഫയറിൻ്റെ വാം സൗണ്ട് വളരെ ഹൃദയാവർജ്ജകമാണെന്നാണ് പാസിൻ്റെ അഭിപ്രായം!

ഒരു മനുഷ്യന് കേൾക്കാൻ ഒരു വാട്ട് ശബ്ദം മതിയെന്നാണ് നെൽസൺപാസിൻ്റെ പക്ഷം.മുറിയുടെ വലിപ്പം അനുസരിച്ച്  കൂടിപ്പോയാൽ അത്  5 വാട്ട്സ് വരെയാക്കാം... ഈ ശബ്ദത്തിൽ 24 മണിക്കൂറും പാട്ട് കേട്ടാലും ഉൻമേഷം വർദ്ധിക്കുകയല്ലാതെ  തല ചെകിടിച്ചു പോകുന്ന അനുഭവം ഉണ്ടാകില്ലെന്നും, അതിനും മേലോട്ട് ശബ് ദ തീവ്രത ഉയരുമ്പോൾ തലച്ചോറിൽ പാട്ടിനോടുള്ള വിരക്തി അനുഭവപ്പെടുകയും, തലവേദന, മനംമടുപ്പ് ,ആസ്ഥലത്ത് നിന്നും ഓടി രക്ഷപെടാനുള്ള ത്വര എന്നിവ ഉണ്ടാകുമെന്നാണ് പാസിൻ്റെ അഭിപ്രായം.

ആക്റ്റീവ് ബയാസിങ്ങ് ഫോർ പുഷ്പുൾ ക്ലാസ് AB ആംപ്ലിഫയറിന് 1976 ൽ 3995228 പേറ്റൻ്റ് നമ്പർ

കോൺസ്റ്റൻ്റ് വോൾട്ടേജ് ,കോൺസ്റ്റൻ്റ് കറണ്ട് ഹൈ ഫിഡിലിറ്റിക്ക് 1978ൽ 4107619 പേറ്റൻ്റ് നമ്പർ

ഒപ്റ്റോ ഐസോലേറ്റഡ് ബയാസിങ്ങ് പുഷ്പുൾ ക്ലാസ് ABആംപ്ലിഫയറിന് 1988ൽ 4752745  പേറ്റൻ്റ് നമ്പർ

ലോ ഫ്രീക്വൻസി അക്വാസ്റ്റിക് റിസോണൻസ് സംബന്ധമായി 1990 ൽ 4899387
പേറ്റൻ്റ് നമ്പർ


കാസ്കേഡഡ് എഫിഷ്യൻ്റ് ഗയിൻ കൺട്രോൾ സംബന്ധമായി 1993 ൽ 5343166    പേറ്റൻ്റ് നമ്പർ.

ആംപ്ലിഫയർ ഗയിൻ സ്റ്റേജുകളിൽ ഡിഫറൻഷ്യൽ എറർ കറക്ഷൻ ഉപയോഗിക്കുന്നത് സംബന്ധമായി 1994 ൽ 5376899  പേറ്റൻ്റ് നമ്പർ

ആംപ്ലിഫയറുകളിൽ ആക്റ്റീവ് കറണ്ട്സോഴ്സ് ഉപയോഗിക്കുന്നത് സംബന്ധിച്ച് 1998 ൽ 5710522 പേറ്റൻ്റ്  നമ്പർ.


എന്നിവയാണ് നെൽസൺപാസിൻ്റെ പേരിൽ ലോകവ്യാപകമായി ആംപ്ലിഫയർ സർക്യൂട്ടുകളിൽഉപയോഗിക്കപ്പെടുന്ന പ്രധാന കണ്ടുപിടുത്തങ്ങൾ

ഇതോടൊപ്പമുള്ള ചിത്രത്തിൽ നെൽസൺപാസിന് സമീപം സ്പീക്കർ ബോക്സ് പോലെ കാണുന്നത് അദ്ദേഹം 2352 +2352 എണ്ണം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ച 50 + 50 ആംപ്ലിഫയർ !.


നമ്മൾ നിർമ്മിക്കുന്ന പല പല  ആംപ്ലിഫയർ സർക്യൂട്ടുകളുടെയും മൂലരൂപം  നെൽസൺ പാസ് ഡിസൈൻ ചെയ്തതാണെന്ന് പലർക്കും അറിവില്ല. ഇൻ്റർനെറ്റിൽ പാസ് ലാബ്സ്, first watt എന്നോ DIY ഓഡിയോ കമ്യൂണിറ്റി എന്നോ നെൽസൺപാസ് ആംപ്ലിഫയർ സർക്യൂട്ടുകൾ എന്നെല്ലാം തിരഞ്ഞാൽ അദ്ദേഹം ഡിസൈൻ ചെയ്ത ധാരാളം ഒറിജിനൽ സർക്യൂട്ടുകൾ ലഭിക്കും.. 

 

 

ഒരു തുടക്കക്കാരന് പോലും   അദ്ദേഹത്തിൻ്റെ സർക്യൂട്ടുകൾ അസംബിൾ ചെയ്യാം ,അത്ര ലളിതമായ സർക്യൂട്ടുകളും അദ്ദേഹത്തിൻ്റേതായി ഉണ്ട്. എല്ലാ ക്ലാസിഫിക്കേഷനിലുമുള്ള ആംപ്ലിഫയറുകൾ അദ്ദേഹം ചെയ്യാറുണ്ട് എങ്കിലും തൻ്റെ മനം കവരുന്നത് ലോ വാട്ടേജ് ക്ലാസ് A ആംപ്ലിഫയറുകളാണെന്ന് അദ്ദേഹം എപ്പോഴും പറയും.


തൻ്റെ 72 ആം വയസിലും നവ മാദ്ധ്യമങ്ങളിലൂടെ ഓഡിയോ പ്രേമികളുടെ സംശയങ്ങൾ പരിഹരിച്ചു കൊണ്ട് വളരെ സജീവമാണ് നെൽസൺപാസ്.ഇന്ത്യയിലും അദ്ദേഹത്തിൻ്റെ സുഹൃദ് വലയം വ്യാപിച്ച് കിടക്കുന്നുണ്ട്.  നമ്മുടെ ആരാദ്ധ്യനും ഗുരുതുല്യനുമായ ശ്രീ അച്ചുതവാര്യർ കാളികാവ്, ആഗ്രയിലുള്ള വേദമിത്ര ശർമ്മ എന്നിവർ അദ്ദേഹത്തിൻ്റെ സജീവ ബന്ധമുള്ള ഇന്ത്യൻ സുഹൃത്തുക്കളാണ്.ഈ ലേഖനം എഴുതാനുള്ള പ്രേരണ ശ്രീ വാര്യർ സാറാണെന്ന വിവരം നന്ദിപൂർവ്വം അനുസ്മരിക്കുന്നു. എഴുതിയത് #അജിത്കളമശേരി #Ajith_kalamassery, 03.01.2023