PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, November 30, 2023

ദോശയും ഫാനും തമ്മിൽ എന്ത് ബന്ധം?

 ദോശയും ഫാനും തമ്മിൽ എന്ത് ബന്ധം?



ഫാനിട്ടാൽ പറന്ന് പോകുന്ന ദോശയെപ്പി നമ്മൾക്കെല്ലാം അറിയാം എന്നാൽ ഇപ്പോൾ തരംഗമായിരിക്കുന്ന ന്യൂ ജനറേഷൻ BLDC ഫാനുകളുമായി ദോശക്ക് ഒരു വലിയ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ?

രാജസ്ഥാൻ ആഗ്ര ഹൈവേയിലെ ഒരു ചെറു പട്ടണമാണ് ദോശ എന്ന് സൗത്തിന്ത്യൻ ട്രക്ക് ഡൈവർമാർ വിളിക്കുന്ന ദൗസ.

ഈ ചെറുപട്ടണത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ഒരു സാധാരണ  കർഷക കുടുംബത്തിൽ മനോജ് മീണ എന്നൊരു ബാലനുണ്ടായിരുന്നു.

 

പനയോലയും, കടലാസും ,ഉജാലക്കുപ്പിയും, പഴയ ചെരുപ്പുകൾ മുറിച്ചുമെല്ലാം അവൻ പല തരത്തിലുള്ള കാറ്റാടികളും,വണ്ടികളുമടക്കമുള്ള കളിപ്പാട്ടങ്ങൾ നിർമ്മിച്ച് കൂട്ടുകാർക്കെല്ലാം നൽകുകയായിരുന്നു അവൻ്റെ  പഠനശേഷമുള്ള  ഹോബി.

സ്കൂൾ പഠനകാലത്തിന് ശേഷം ഗ്രാമത്തിൽ നിന്ന് ജയ്പ്പൂരിലെ വലിയ കോളേജിൽ പ്രവേശനം കിട്ടിയപ്പോൾ അവൻ്റെ കളിപ്പാട്ടങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങളായി.

കൂട്ടുകാരുടെ വീട്ടിൽ പ്രവർത്തനരഹിതമായി കിടക്കുന്ന റേഡിയോകളും, മ്യൂസിക് പ്ലയറുകളും, മൊബൈൽ ഫോണുകളുമെല്ലാം മനോജിൻ്റെ വീട്ടിൽ ജീവൻ വച്ചു.

നന്നായി പഠിക്കുമായിരുന്ന മനോജ് കോളേജ് പഠനത്തിന് ശേഷം ബോംബെ IIT യിൽ പ്രവേശനം നേടി.

തനിക്ക് താൽപ്പര്യമുള്ള ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ശാഖയിലായിരുന്നു പ്രവേശനം.

റോബോട്ടിക്സിൻ്റെ ഒരു പ്രധാന ശാഖയായ യാന്ത്രിക ചലനങ്ങളിലും, പ്രോഗ്രാം ഓട്ടോമേഷനിലും മനോജ് ഒരു വിദഗ്ദനായി മാറി.

ബോംബെ IIT യിലെ പഠന കാലയളവിൽ  സമയം കിട്ടുമ്പോഴെല്ലാം തൻ്റെ കൂട്ടുകാരെല്ലാം സിനിമാ കാണാനും, അടിച്ചു പൊളിക്കാനും സമയം ചിലവഴിക്കുമ്പോൾ , പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന ചോർ ബസാറുകളിൽ കറങ്ങുകയായിരുന്നു  മനോജിൻ്റെ  വിനോദം.


അവിടെ നിന്ന്  ഒതുക്കത്തിൽ കൈക്കിണങ്ങിയ വിലയ്ക്ക് കിട്ടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ  മുറിയിൽ കൊണ്ടുവന്ന് റിവേഴ്സ് എഞ്ചിനീയറിങ്ങ് നടത്തി അതിൻ്റെ ടെക്നോളജി മനസിലാക്കുന്നതിൽ മനോജ് വളരെ സംതൃപ്തി അനുഭവിച്ച് പോന്നു.

 

ഒരിക്കൽ അവിടെ നിന്ന്  അമേരിക്കൻ കമ്പനിയായ Emerson Electric ൻ്റെ ഒരു ഫാൻ കിട്ടി .ഫാനിൻ്റെ ഒപ്പം ഒരു PCBയൊക്കെ കണ്ട് കൗതുകം തോന്നിയാണ്  അതെടുത്തത് .റൂമിലെത്തി അഴിച്ച് പരിശോധിച്ചപ്പോൾ അതൊരു BLDC ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഫാനാണെന്ന് മനസിലായി. ഇങ്ങനെ SMPS പവർ സപ്ലേയൊക്കെ വച്ച് സീലിങ്ങ് ഫാനുണ്ടാക്കാമെന്ന ഐഡിയ അങ്ങനെ മനോജിന് കിട്ടി.

ഇതിനിടെ ഹോസ്റ്റലിൽ തനിക്കൊപ്പം ഉണ്ടായിരുന്ന ഒരു കൂട്ടുകാരനുമായി ചേർന്ന് 2012ൽ  ആറ്റംബർഗ് എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി മനോജ് ആരംഭിച്ചിരുന്നു.

ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർBARC, പ്രതിരോധ ഗവേഷണ കേന്ദ്രം DRDO, തുടങ്ങിയവ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് ഡാറ്റാ അക്വിസിഷൻ, വെഹിക്കിൾ ട്രാക്കിങ്ങ് ,പ്രൊഡക്റ്റ് ഓട്ടോമേഷൻ പോലുള്ള വർക്കുകൾ ചെയ്തു കൊടുത്ത് പോക്കറ്റ് മണിക്കും, പഠന ചിലവിനുമുള്ള പണം അവർ സമ്പാദിച്ചു പോന്നു.

llT യിലെ പഠനം കഴിഞ്ഞു കാമ്പസ് സെലക്ഷനിലൂടെ മനോജിന് ISROയിൽ ജോലി ലഭിച്ചു.ഇതറിഞ്ഞ വീട്ടുകാർക്ക് വലിയ സന്തോഷമായി.

പക്ഷേ മനോജിന് ജോലി കിട്ടിയതിൽ വലിയ സന്തോഷമൊന്നും തോന്നിയില്ല. തൻ്റെ ആറ്റം ബർഗ് കമ്പനി പ്രൊഡക്റ്റ് ഓട്ടോമേഷനിലും, റോബോട്ടിക്സിലും വൻ തരംഗമാകുന്നത് ദിവാസ്വപ്നം കണ്ടിരുന്ന അവൻ ജോലി സ്വീകരിക്കണ്ട എന്ന് തിരുമാനിച്ചു.


തട്ടിമുട്ടി നീങ്ങിയിരുന്ന  കമ്പനിക്ക് ഫണ്ട് ഇൻവെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്ന
അവനൊപ്പം ആറ്റംബർഗിൽ പങ്കാളിയായിരുന്ന കൂട്ടുകാരൻ IIT പഠനശേഷം വീട്ടുകാരുടെ നിർദ്ദേശാനുസരണം  സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പഠിക്കാൻ കമ്പനിയിൽ നിന്ന് പിരിഞ്ഞ് പോയതോടെ കമ്പനിയുടെ സാമ്പത്തിക നില പരിതാപകരമായി. കമ്പനി അടച്ചുപൂട്ടി.

ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു പകൽ
ബോംബെയിലെ ഒരു ഗല്ലിയിലെ ഒറ്റമുറി വാടക വീട്ടിൽ അതിൻ്റെ മച്ചിൽ കട കട ശബ്ദത്തോടെ കറങ്ങുന്ന പഴയ ഫാനിൽ നോക്കി  മനോജ് ചിന്താമഗ്നനായി കിടന്നു.

ISRO യിലെ നല്ല ശമ്പളമുള്ള ജോലി അന്ന് സ്വീകരിക്കാതിരുന്നത് മണ്ടത്തരമായിപ്പോയോ?


പെട്ടെന്നാണ് കഴിഞ്ഞ മാസത്തെ കറണ്ട് ചാർജ് ഹൗസ് ഓണർക്ക് നൽകിയില്ലല്ലോ എന്ന കാര്യം ഓർമ്മ വന്നത്. ഒരു LED ബൾബും ,ഈ ഫാനും മാത്രമേ  മുറിയിൽ  ഉള്ളൂ എന്നിട്ടും ഇത്ര വലിയ ചാർജ് എങ്ങിനെ വരുന്നു.?

 ഉടനെ ക്ലാമ്പ് മീറ്ററും, ടെസ്റ്ററുമെടുത്ത് അന്വോഷണമാരംഭിച്ചു. അവസാനം കറണ്ട് മോഷ്ടിക്കുന്ന വില്ലനെ കണ്ടെത്തി! തലക്ക് മുകളിൽ കറങ്ങുന്ന സീലിങ്ങ് ഫാൻ!.
ഏതാണ്ട് 100 വാട്ട് കറണ്ടാണ് അവൻ ഉപയോഗിക്കുന്നത്.ചിന്താമഗ്നനായി വീണ്ടും കിടന്ന മനോജിൻ്റെ തലയ്ക്കുള്ളിൽ ഒരുലഡു പൊട്ടി!



പിറ്റേ ദിവസം രാവിലെ തന്നെ റഡിയായി മനോജ് തൻ്റെ പഴയ IIT കാമ്പസിലേക്ക് പോയി. അവിടെ തൻ്റെ ജൂനിയർ ബാച്ചിൽ പഠിക്കുന്ന 
സിബബ്രതാ ദാസ് എന്ന കൂട്ടുകാരനെ കാണുകയാണ് ലക്ഷ്യം. അവൻ അവൻ്റെ അഛനെ ചാക്കിട്ട്  കുറച്ച് തുക സംഘടിപ്പിച്ച് മനോജിൻ്റെ  കമ്പനിയിലേക്ക് ഇൻവെസ്റ്റ് ചെയ്യിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

പുള്ളിക്കാരനും ഒരു സ്വയംതൊഴിൽ പ്രേമിയാണ് സൗന്ദര്യ സംവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ഓൺലൈൻ സ്ഥാപനം അവനും നടത്തുന്നുണ്ട്. പുള്ളിക്കാരൻ്റെ ബിസിനസും പൊളിഞ്ഞ് പാളീസായിരിക്കുകയാണ് .

ദാസിനോട് മനോജ് തൻ്റെ ഐഡിയ പറഞ്ഞു. പരമ്പരാഗത സീലിങ്ങ് ഫാനുകൾ 80 മുതൽ 100 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. നമുക്ക് അതിനെ പുതിയ BLDC ( Brush Less Direct Current )ടെക്നോളജിയിലേക്ക് മാറ്റി പുതിയ ഫാൻ ഇറക്കിയാലോ?
എന്തിനും കൂട്ടുകാരനൊപ്പം നിൽക്കുന്ന ദാസിന് മനോജിൻ്റെ ഐഡിയ ഇഷ്ടപ്പെട്ടു. ഇത് കലക്കും ഈ ഫാൻ നമുക്ക് എൻ്റെ സൈറ്റിൽ കൂടി ഓൺലൈനിൽ വിൽക്കാം ..

അങ്ങനെ 
സിബബ്രതാ ദാസ് ആറ്റംബർഗിൽ പങ്കാളിയായി. നാല് മാസം കൊണ്ട് അവർ പന്ത്രണ്ടോളം പ്രോട്ടോ ടൈപ്പുകൾ പരീക്ഷിച്ച്  നോക്കി അവസാനം വിജയകരമായ ഒന്ന് തയ്യാറാക്കി.

ഫാനിന് അടിപൊളി ഒരു പേരുമിട്ടു. ആര് കേട്ടാലും ഒന്ന് ഞെട്ടും!ഗോറില്ല ഫാൻ!

കുറച്ച് ഫോട്ടോകളൊക്കെ എടുത്ത് സ്വന്തം സൈറ്റിലിട്ടു.  അത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല ഓർഡർ ഒന്നും വരുന്നില്ല ഇനിയെന്ത് ചെയ്യും? നേരിട്ട് ഓർഡർ പിടിക്കാം .

ദാസിന് ക്ലാസിൽ പോകണം അതിനാൽ സാമ്പിളുമായി മനോജ്  തനിയെ ഇലക്ട്രിക്  ഷോപ്പുകളിൽ കയറിയിറങ്ങി.

ഫാൻ കണ്ട ഷോപ്പുകാർ നെറ്റി ചുളിച്ചു ഓറിയൻ്റ്, ഖയ്ത്താൻ, ഉഷാ, അൽ മൊണാർഡ്, റെമി, ഹാവേൽസ്, തുടങ്ങിയ വമ്പൻമാർ അരങ്ങ് വാഴുന്ന ഫാൻ വിപണിയിലേക്ക് ഇതാ ഇത്തിരിപ്പോന്ന ഒരുവൻ ആമസോൺ കാട്ടിലെങ്ങാണ്ട് കിടക്കുന്ന ഗോറില്ലയുടെ പേരുമിട്ട് ഒരു ഫാനുമായി വന്നിരിക്കുന്നു.  എന്നാൽ അതിനോ ലോകത്തില്ലാത്ത വിലയും! 4500 രൂപ.

നല്ല ഒന്നാം തരം ഖയ്ത്താൻ ഫാൻ 1500 രൂപയ്ക്ക് കിട്ടും അപ്പോഴാണ് മൂന്ന് ഫാനിൻ്റെ വിലയുള്ള ഫാനുമായി ആളെ കൊല്ലാൻ വന്നിരിക്കുന്നത് .


സർ ഇത് BLDC ടെക്നോളജി 35 വാട്ട് കറണ്ട് മതി. രണ്ട് വർഷം കൊണ്ട് ഫാനിൻ്റെ കാശ് മുതലാകും എന്നെല്ലാം പറയാൻ മനോജ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വാക്ക് പോലും കേൾക്കാൻ നിൽക്കാതെ കടക്കാരെല്ലാം മനോജിനെ ആട്ടിപ്പുറത്താക്കുന്നത് പോലെ ഓടിച്ച് വിട്ടു.

അപ്പോഴാണ് ഗുജറാത്തിലെ സാനന്ദിൽ ടാറ്റായുടെ പുതിയ നാനോ കാർ ഫാക്ടറി പണി തീർന്ന് വരുന്നത് അവിടെ ചെന്നാൽ ചിലപ്പോൾ ഓർഡർ കിട്ടിയേക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞത്.


 ഫാനിൻ്റെ സാമ്പിളും കയ്യിലെടുത്ത് ഉടൻ തന്നെ മനോജ് ഗുജറാത്തിലേക്കുള്ള വണ്ടി പിടിച്ചു, അവിടെ എത്തി തിരക്കിപ്പിടിച്ച് ടാറ്റ നാനോ ഫാക്ടറിയുടെ ഇലക്ട്രിക്കൽ വിഭാഗം ചീഫ് മാനേജരെ കാണാൻ ഒരപ്പോയ്മെൻ്റ് സംഘടിപ്പിച്ചു

പയ്യനായ മനോജിൻ്റെ വാഗ്ധോരണി അദ്ദേഹം സശ്രദ്ധം കേട്ടു. ഈ ഫാൻ ഫിറ്റ് ചെയ്താൽ  ടാറ്റാ കമ്പനിക്കെന്ത് മെച്ചം എന്ന് തൻ്റെ ലാപ്പ്ടോപ്പ് തുറന്ന് വച്ച് അവൻ വിശദീകരിച്ചു.


ഒരു പുതിയ  കൺവെൻഷണൽ സീലിങ്ങ്‌   ഫാൻ ഒരു മണിക്കൂറിൽ 70-80 വാട്ട് കറണ്ട് ഉപയോഗിക്കും പഴകുന്തോറും അത് 100-120 വാട്ട് വരെയാകാം. കമ്പനികളിലെ ഫാനാകുമ്പോൾ അത് ഒരിക്കലും നിറുത്താറില്ലല്ലോ അപ്പോൾ ഒരു ഫാൻ ദിവസം 2.4 യൂണിറ്റും  ഒരു മാസം 72 യൂണിറ്റും ഉപയോഗിക്കും, വർഷം 864 യൂണിറ്റ് 864X 6 രൂപ = 5184 രൂപ ഞങ്ങളുടെ ഫാനിന്  4500 രൂപയാണ് ഒരു വർഷം കൊണ്ട് സാറിന് ഫാനിൻ്റെ കാശ് മുതലാകും കൂടാതെ 10 എണ്ണം വാങ്ങിയാൽ 4000 രൂപയ്ക്ക് സാറിന് ഫാൻ തരാം!


രണ്ട് വർഷം ഗ്യാരണ്ടി തരാമോ?
മാനേജർ ചോദിച്ചു
തൻ്റെ ഫാനിൻ്റെ പ്രവർത്തനക്ഷമതയിൽ ഉറപ്പുണ്ടായിരുന്ന മനോജ്
ഒട്ടുമാലോചിക്കാതെ  പറഞ്ഞു.. തരാം സർ.
ഗ്യാരണ്ടി പീരിയഡിൽ തകരാറിലാകുന്ന ഫാനുകൾ ഉടനെ നന്നാക്കി തരുമോ?
തരാം സർ.


എന്നാൽ ഒരു 1500 എണ്ണം ബുക്ക് ചെയ്തിരിക്കുന്നു. മാനേജർ തൻ്റെ സ്റ്റെനോഗ്രാഫറെ വിളിച്ച് വർക്ക് ഓർഡർ അടിച്ച് കയ്യിൽ കൊടുത്തു.

വർക്കോർഡറും കയ്യിൽ പിടിച്ച് മനോജ് സ്തംഭിച്ചിരുന്നു. മാസങ്ങളോളം അലഞ്ഞിട്ടും ഒരു ഫാനിനുള്ള ഓർഡർ പോലും ലഭിക്കാതിരുന്നപ്പോഴാണ് ഈ വമ്പൻ ഓർഡർ വിശ്വസിക്കാനാകുന്നില്ല.

1500 ഫാനുകൾ ഉണ്ടാക്കാൻ മുപ്പത് ലക്ഷം രൂപ അസംസ്കൃത വസ്തുക്കൾക്ക് തന്നെ വേണം പിന്നെ അസംബിൾ ചെയ്യാൻ ഫാക്ടറി വേണം.തൻ്റെ കൊച്ചുമുറിയിലിരുന്ന് ഇത്രയും ഫാൻ ചെയ്യാൻ സാധിക്കില്ല.പിന്നെ ഫണ്ടും വേണം.


 എന്ത് ചെയ്യും?കൂട്ടുകാർ തല പുകഞ്ഞ് ആലോചിച്ചു. അവർ ഒരു പണമിടപാട് സ്ഥാപനത്തെ സമീപിച്ചു ടാറ്റായുടെ വർക്ക് ഓർഡർ കാണിച്ചു. ടാറ്റായുടെ പേരിൻ്റെ മഹത്വം അപ്പോഴാണ് അവർക്ക് പിടി കിട്ടിയത് .ആ വർക്ക് ഓർഡിൻ്റെ ബലത്തിൽ ഒരു കോടി രൂപ ലോൺ അപ്പോൾ തന്നെ അവർക്കനുവദിക്കപ്പെട്ടു.


നവി മുംബൈ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു ഫാക്ടറി ബിൽഡിങ്ങ് വാടകയ്‌ക്കെടുത്ത് ആവശ്യമായ വൈൻഡിങ്ങ് മെഷീനുകളും, ജോലിക്കാരെയും, സ്പെയർ പാർട്ടുകളും,PCB യും  മറ്റും സംഘടിപ്പിച്ച് കാലതാമസമില്ലാതെ 2015ൽ പുതിയ ടെക്നോളജിയിലുള്ള എനർജി എഫിഷ്യൻ്റ്   BLDC ഫാനുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കപ്പെട്ടു.


ടാറ്റയ്ക്ക് വേണ്ടി വൻ ഓർഡർ കിട്ടിയത് മുംബയിലെ ഇലക്ട്രിക് കച്ചവടക്കാർ മണത്തറിഞ്ഞു. ഒരു സാധാരണ ഫാൻ വിറ്റാൽ 200 രൂപ കിട്ടും അതേ സ്ഥാനത്ത് ഗോറില്ല ഫാൻ വിറ്റാൽ 600 രൂപ കിട്ടും. അതാണ് ലാഭം 3 സാധാരണ  ഫാൻ വിൽക്കുന്ന ബുദ്ധിമുട്ടും സ്റ്റോറേജ് സ്പേസും BLDC Fan വിൽക്കാൻ വിനിയോഗിച്ചാൽ 1800 രൂപ കിട്ടും .മാർവാഡികളായ കച്ചവടക്കാർ ലാഭത്തിൻ്റെ പക്ഷത്ത് നിൽക്കും.അവർ കാശുള്ള കസ്റ്റമേഴ്സിനെല്ലാം ഗോറില്ല ഫാൻ റക്കമൻ്റ് ചെയ്ത് വിൽക്കാൻ തുടങ്ങി.

ആമസോൺ, ഫ്ലിപ്പ്കാർട്ട് സൈറ്റുകളിലൂടെ കമ്പനി സഹസ്ഥാപകൻ സിബ്രാറ്റ ദാസ് ഓൺലൈൻ മാർക്കറ്റിങ്ങും ആരംഭിച്ചു.


 ആറ്റംബർഗ് സ്റ്റാർട്ടപ്പ് കമ്പനിയിലേക്ക് ഏഞ്ചൽ ഫണ്ടുകളിൽ നിന്ന് നിക്ഷേപം ഒഴുകിത്തുടങ്ങി.



2019 ൽ 19 കോടി രൂപ ഫാനുകൾ വിറ്റഴിച്ച്  നേടിയ കമ്പനി 2020ൽ 150 കോടിയും, 2021 ൽ 300 കോടിയും, 22 ൽ 600 കോടിയും, 23 ൽ 800 കോടിയും വിൽപ്പന ലക്ഷ്യം നേടി.

2022 ൽ പൂനയിൽ മൂന്നര ലക്ഷം ചതുരശ്ര അടിയിൽ ഏഴര ലക്ഷം ഫാനുകൾ നിർമ്മിക്കാൻ ശേഷിയുള്ള മെഗാ ഫാക്ടറി പ്രവർത്തനമാരംഭിക്കപ്പെട്ടു.

6 പേറ്റെൻ്റുകളും, 10 ഡിസൈൻ രജിസ്ട്രേഷനുകളും ആറ്റംബർഗ് ഫാനുകൾക്ക് കരുത്തേകുന്നു.

ലോകത്തിലാദ്യമായി പരമ്പരാഗത കാസ്റ്റ് അലൂമിനിയം ബോഡി ഉപേക്ഷിച്ച്  ABS പ്ലാസ്റ്റിക് ബോഡിയിലേക്കും, തുടർന്ന് ABS പ്ലാസ്റ്റിക് ലീഫുകളിലേക്കും മാറിയത് ആറ്റംബർഗ് ഫാനുകളാണ്. ഇതോടെ അവയുടെ ഫുൾ സ്പീഡിലുള്ള വൈദ്യുതി ഉപയോഗം 28 വാട്ടായി വീണ്ടും  കുറഞ്ഞു.

ചില മോഡലുകളുടെ ഗ്യാരണ്ടി 2 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തി.ഇന്ത്യയിൽ ഇപ്പോൾ പതിനായിരത്തിലധികം ഓഫ് ലൈൻ ഡീലർമാർ ആറ്റംബർഗിനുണ്ട്. കേരളത്തിൽ 800 ഡീലർമാരും 10 സർവ്വീസ് സെൻ്ററുകളും കമ്പനിക്കുണ്ട്.

PCB അടക്കം എല്ലാം ഇന്ത്യയിലെ സ്വന്തം ഫാക്ടറികളിലാണ് ആറ്റംബർഗ് നിർമ്മിക്കുന്നത്.

ലോകത്തിലെ ഏറ്റവുമധികം BLDC ഫാനുകൾ നിർമ്മിക്കുന്ന കമ്പനിയും ആറ്റംബർഗാണ്.

 ഏതാനും വർഷങ്ങളായി ഗോറില്ല ഫാൻ എന്ന തങ്ങളുടെ ആദ്യ ബ്രാൻഡ്  പേര് കമ്പനി അങ്ങനെ ഉപയോഗിക്കുന്നില്ല.

ഇപ്പോൾ  കുറഞ്ഞ കറണ്ടിൽ ഓടുന്ന BLDC ടെക്നോളജിയിലുള്ള മിക്സിയും, പെഡസ്റ്റൽ, വാൾ, എക്സ് ഹോസ്റ്റ് ഫാനുകളും ആറ്റംബർഗ്‌  കമ്പനി നിർമ്മിക്കുന്നുണ്ട്.

കറണ്ട് പോയാലും ഒരു മണിക്കൂർ ഇൻബിൽറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സീലിങ്ങ് ഫാനുകളും, മിക്സിയും ആറ്റംബർഗിൻ്റെ ഡവലപ്പ്മെൻ്റ് സെൻ്ററിൽ പരീക്ഷണ ഘട്ടം കഴിഞ്ഞ് വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്.

2024 ൽ കമ്പനിയിൽ നിന്ന് BLDC ടെക്നോളജിയിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പുകൾ പുറത്തിറങ്ങും.
എയർ കണ്ടീഷനുകൾ, വാഷിങ്ങ് മെഷീനുകൾ, വാക്വം ക്ലീനറുകൾ, എയർ കൂളർ തുടങ്ങി നിരവധി എനർജി എഫിഷ്യൻ്റ് കൺസ്യൂമർ ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ പരീക്ഷണ ഘട്ടത്തിലാണ്. സമീപ ഭാവിയിൽ  ഇവയെല്ലാം പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയാകാനുള്ള കുതിപ്പിലാണ് ആറ്റം ബർഗ്.

ഫാൻ നിർമ്മാണ രംഗത്തെ അതികായരായിരുന്ന ഖയ്ത്താനും, ഓറിയൻ്റും, ഉഷയും, ഹാവെൽസും, ക്രോംപ്ടനും, ബജാജുമെല്ലാം ഇന്ന്  നിൽക്കക്കള്ളിയില്ലാതെ ആറ്റംബർഗ് തെളിച്ച വഴിയേ BLDC ഫാനുകളുമായി രംഗത്തേക്കിറങ്ങിയിരിക്കുകയാണ്.

ആദ്യം കിട്ടിയ ഉയർന്ന ജോലി വേണ്ടെന്ന് വച്ച് റിസ് ക്കെടുത്ത് സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങിയ മനോജ് മീണയും, കൂട്ടുകാരൻ സിബബ്രതാ ദാസും അങ്ങനെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർന്നു വരുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനികളിലൊന്നിൻ്റെബുദ്ധികേന്ദ്രങ്ങളായി മാറുകയും ചെയ്തു.


ചിത്രത്തിൽ ഫാൻ പിടിച്ചിരിക്കുന്നത് സിബബ്രതാ ദാസ് ,ദോശ പോലെ പറക്കുന്നത് മനോജ് മീണ
എഴുതിയത് അജിത് കളമശേരി.30.11.2023.#ajithkalamassery,#ajith_kalamassery,#electronics_keralam,Electronics_malayalam



Friday, November 17, 2023

കാപ്പി ഗുളിക

 കാപ്പി ഗുളിക

 അജിത് കളമശേരി


 

ഒരു 30 കൊല്ലം മുൻപ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തട്ട് മുട്ട് പണികളുമായി ഞാൻ നടന്നിരുന്ന സമയത്ത് ഒരു നാൾ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ ഒന്ന് പോയി.. ഇലക്ട്രോണിക്സ് ഫോർ യു എന്ന ഇലക്ട്രോണിക്സ് മാഗസിൻ ഒരു വിശേഷാൽ പതിപ്പ് ഇറക്കി അത് ലോക്കൽ വിപണിയിൽ ഒന്നും ലഭ്യമായിരുന്നില്ല.. വിതരണക്കാരായ പൈകോയിൽ എത്തി വിവരം തിരക്കിയപ്പോൾ പുസ്തകം റയിൽവേ സ്റ്റേഷനിലെ ഹിഗിൻബോതംസ് ബുക്ക്സ്റ്റാളിൽ കുറച്ച് കോപ്പി ഉണ്ടെന്നറിഞ്ഞു.
അവിടെ എത്തി പുസ്തകം വാങ്ങിക്കഴിഞ്ഞ് ചുറ്റും നോക്കിയപ്പോഴാണ് ബുക്ക് സ്റ്റാളിന് തൊട്ടടുത്തിരിക്കുന്ന ഒരു സവിശേഷ മെഷീൻ ശ്രദ്ധയിൽ പെട്ടത്.
ഒരു രൂപയുടെ രണ്ട് തുട്ട് ഇട്ടാൽ കോഫിയും, ഒരു തുട്ട് ഇട്ടാൽ ചായയും കിട്ടുന്ന ഒരു കുഞ്ഞൻ അലമാര ! അലമാരിയെന്ന് തോന്നാൻ കാരണം അതിൻ്റെ ഒരു വശത്തായി അലമാരി പോലെ ഒരു ഡോറും അതിൽ രണ്ട് കീസ്ലോട്ടുകളും ഉണ്ടെന്ന് കണ്ടതിനാലാണ്.
നെസ് ലേ യുടെ കോഫീ വെൻഡിങ്ങ് മെഷീനായിരുന്നു അത്. ആദ്യമായി കാണുന്ന ആ സംഭവം എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു.ഞാനാദ്യമായാണ് ഇത്തരമൊരു കാശിട്ടാൽ കാപ്പി കിട്ടുന്ന മെഷീൻ കാണുന്നത്. 3 രൂപ മുടക്കി ഒരു ചായയും, ഒരു കാപ്പിയും ഞാനും കുടിച്ച് നോക്കി.
ചായ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല... എന്നാൽ കാപ്പി സൂപ്പർ!
കാപ്പി കുടിച്ച് കഴിഞ്ഞ് കുറച്ച് നേരം അതിന് ചുറ്റിപ്പറ്റി ഞാൻ നിന്നു. എങ്ങനെയായിരിക്കും ഇതിൻ്റെ പ്രവർത്തനം ? അതറിയാതെ പിന്നെ സമാധാനമായി ഉറങ്ങാൻ കഴിയില്ല.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് മെഷീനിൻ്റെ ഒരു ഭാഗം താക്കോലിട്ട് തിരിച്ച് തുറന്നു. ഞാൻ അയാളുടെ തോളിന് മുകളിലൂടെ മെഷീനകത്തേത്ത് ഉളിഞ്ഞ് നോക്കി.
അകത്ത് വളഞ്ഞ് തിരിഞ്ഞ് പോകുന്ന ഏതാനും ചെറിയ പൈപ്പുകളും, വയറുകളും, ഹീറ്ററും,വെള്ളം വയ്ക്കുന്ന വലിയ ടാങ്കും, കാപ്പിപ്പൊടിയും,ചായക്കുള്ള ടീബാഗും ഇടുന്ന രണ്ട് മെറ്റൽ ബോക്സുകളും, പേപ്പർ കപ്പുകൾ ഇട്ട് വയ്ക്കുന്ന ഒരു മീറ്റർ നീളമുള്ള ഒരു ട്രാക്കും മാത്രം..
മറ്റൊരു സുതാര്യമായ പെട്ടിയിൽ ഒരു രൂപ നാണയം ഒരെണ്ണം ഇട്ടാൽ അതിൻ്റെ തൂക്കം തിരിച്ചറിഞ്ഞ് ചായയുടെ സ്വിച്ച് ഓണാക്കുന്നതും, രണ്ട് എണ്ണം ഇട്ടാൽ കാപ്പിയുടെ സ്വിച്ച് ഓണാക്കുന്ന മെക്കാനിസവും. അതിൻ്റെ ടെക്നോളജി ഇതിനോടകം ഞാൻ കണ്ട് മനസിലാക്കിയിരുന്നു.
അയാൾ കയ്യിൽ കരുതിയ ടിൻ തുറന്ന് കാപ്പിപ്പൊടി മെഷീനിൽ ഇട്ടു. മെഷീൻ അടച്ചു.
ചേട്ടാ പാലൊഴിക്കുന്നില്ലേ? ഞാൻ ചോദിച്ചു.
കയ്യിലിരുന്ന കാലിടിൻ എൻ്റെ കയ്യിലേക്ക് തന്ന് ആ നല്ല മനുഷ്യൻ പറഞ്ഞു ,എടാ കൊച്ചനേ ഇത് പാൽപ്പൊടിയും, പഞ്ചസാരയും, കാപ്പിപ്പൊടിയും ചേരുംപടി ചേർന്ന ഇൻസ്റ്റൻ്റ് കോഫീ പൗഡറാണ്.
ഈ മെഷീന് കാപ്പി ഉണ്ടാക്കാൻ ചൂടുവെള്ളം മാത്രം മതി! ഞാൻ ആ കാലിടിൻ തുറന്ന് നോക്കി അതിൻ്റെ ചുവട്ടിൽ കുറച്ച് പൗഡർ കിടക്കുന്നുണ്ട്.
വീട്ടിലെത്തി പരീക്ഷണം ആരംഭിച്ചു.അൽപ്പം പൊടിയെടുത്ത് ചൂടുവെള്ളത്തിൽ കലക്കി അതാ രുചികരമായ കാപ്പി തയ്യാർ.. കൊള്ളാമല്ലോ പരിപാടി!
എന്നിലെ സംരംഭകൻ ഉണർന്നു. അന്ന് വിപണിയിൽ സുലഭമായ അനിക്സ് പ്രേ എന്ന പാൽപ്പൊടിയും, നല്ല നാടൻ കാപ്പിപ്പൊടിയും, പഞ്ചസാരയും നന്നായി പൊടിച്ച് ഒന്നായി കലർത്തി ഇൻസ്റ്റൻ്റ് കാപ്പിപ്പൊടി ഉണ്ടാക്കാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു.
ഒന്ന് രണ്ട് ആഴ്ച എൻ്റെ ഹോം ലാബിൽ ( വീടിൻ്റെ ചായിപ്പ് ) നടത്തിയ പരീക്ഷണങ്ങളിലൂടെ എനിക്ക് രുചികരമെന്ന് തോന്നിയ ഒരു കാപ്പിക്കൂട്ടും, അതിൻ്റെ ഒരു ഗ്ലാസ് കാപ്പിക്കുള്ള അളവുംകണ്ട് പിടിച്ചു.
അന്നത്തെ മംഗളം വാരികയിലെ ജനപ്രീയ പംക്തിയായ വിധിയുടെ ബലിമൃഗങ്ങൾ അച്ചടിച്ചിരുന്ന കടലാസിൽ പൊതിഞ്ഞ് ഈ കാപ്പിക്കൂട്ട് പരിചയക്കാരുടെ വീടുകളിൽ ടെസ്റ്റ് മാർക്കറ്റിങ്ങ് നടത്തി.
ഒരു വീട്ടിലെ എക്സ് മിലിട്ടറി അപ്പൂപ്പൻ നല്ല ഒരു ഫീഡ്ബാക്ക് തന്നു.. പുള്ളി പണ്ട് ലോക മഹായുദ്ധകാലത്ത് പട്ടാളത്തിലായിരുന്നപ്പോൾ ഒരു ജ ലൂസിൽ ഗുളികയുടെ വലിപ്പമുള്ള കാപ്പിക്കട്ട അവർക്ക് റേഷനായി ലഭിച്ചിരുന്നു. ചൂടുവെള്ളത്തിൽ ഈ ഒരു കാപ്പി ഗുളിക ഇട്ടാൽ കാപ്പിറഡി.
കൊച്ചനേ നീ ഈ പൊടി ഒരു ഗുളിക പോലെ ഉണ്ടാക്കി വിൽക്ക്.. പിന്നെ പാൽ കാപ്പി വേണ്ട, അൽപ്പം ചുക്ക് കൂടി ചേർത്ത് ചുക്ക് കാപ്പി ഗുളിക ഉണ്ടാക്കി പനിക്കാര് കൂടുതൽ വരുന്ന വല്ല ആശുപത്രിയുടെ സമീപമുള്ള കടയിലും കൊടുത്ത് വിൽക്കാൻ നോക്ക്.
കാപ്പി അക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ഒരു ജനപ്രീയ പാനീയം ആയിരുന്നില്ല. അൽപ്പം സാമ്പത്തികം ഉള്ളവരേ അന്ന് പാൽകാപ്പി കുടിക്കാറുള്ളൂ..
ആ അപ്പൂപ്പൻ്റെ ഫീഡ്ബാക്ക് വളരെ മികച്ചതായിരുന്നു. ഞാൻ പുളിങ്കാതൽ സംഘടിപ്പിച്ച് അതിൽ സുഹൃത്തായ അശോകൻ്റെ പിതാവ് ബാലകൃഷ്ണപ്പണിക്കൻ്റെ സാങ്കേതിക സഹായത്തോടെ ജലൂസിൽ വലിപ്പത്തിൽ തുളകൾ ഡ്രില്ല് ചെയ്ത് ,ഈ തുളകളിൽ എൻ്റെ കാപ്പിപ്പൊടി നിറച്ച് കൊട്ടുവടി കൊണ്ട് അടിച്ച് വളരെ എളുപ്പം ഗുളിക ഷേപ്പിലാക്കി. നല്ല ഉറപ്പും, ഭംഗിയുള്ള ചുക്ക് കാപ്പി ഗുളിക.
ഒരെണ്ണം കൊണ്ട് ഒരു ഗ്ലാസ് കാപ്പി റഡി. ഒന്ന് രണ്ട് ദിവസം കൊണ്ട് 500ഓളം കാപ്പിക്കട്ടകൾ തയ്യാറായി.
പ്രസ് നടത്തുന്ന മറ്റൊരു സുഹൃത്ത് പൗലോസിൻ്റെ നയന പ്രിൻ്റേഴ്സിൽ പോയി ,വേറെ പരസ്യം ആവശ്യമില്ലാത്ത ആയുർവേദത്തിൻ്റെ നാടായ കോട്ടയ്ക്കൽ എന്ന പേര് കൂടി അടിച്ച് മാറ്റി ചേർത്ത് " കോട്ടയ്ക്കൽ ആയുർവേദ ചുക്ക് കാപ്പിക്കട്ട "എന്ന പേരിൽ കടകളിൽ മർമ്മാണി തൈലം വിൽക്കുന്നത് പോലെ തൂക്കിയിടുന്ന ലേബൽ ബോർഡും പ്രിൻ്റ് ചെയ്യിപ്പിച്ചു.
നേരേ കോട്ടയത്തേക്ക് വണ്ടി പിടിച്ചു. ജില്ലയിലെ മുഴുവൻ പനിക്കാരുടെയും സംസ്ഥാന സമ്മേളനം നടക്കുന്ന മെഡിക്കൽ കോളേജാണ് ലക്ഷ്യം.
ബസ് ഇറങ്ങി മാർക്കറ്റിങ്ങ് ആരംഭിച്ചു. സ്റ്റാൻഡിന് സമീപമുള്ള ചെറിയ ഹോട്ടലുകാരന് ഒരു ഗുളിക സാമ്പിൾ നൽകി .അങ്ങേര് ഉടൻ തന്നെ ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്ത് ടെസ്റ്റടിച്ചു. പരീക്ഷണം സക്സസ്..
ഇത് കണ്ട് നിന്ന ചില നാട്ടുകാരും ഓരോ ഗ്ലാസ് ചുക്ക് കാപ്പിക്ക് ഓർഡർ നൽകി. എല്ലാവർക്കും സംഗതി ഇഷ്ടപ്പെട്ടു. ഒരാൾ പറഞ്ഞു അൽപ്പം കുരുമുളകിൻ്റെ കുത്തൽ കൂടി ഉണ്ടെങ്കിൽ സംഭംവം ഒന്നുകൂടി ഉഷാറാകും.
ഞാൻ കൊണ്ടുപോയ 50 സ്ട്രിപ്പും ആ ഹോട്ടലുകാരൻ തന്നെ റഡി ക്യാഷിന് വാങ്ങി ...ഒറ്റ കണ്ടീഷൻ മാത്രം മെഡിക്കൽ കോളേജിന് സമീപം ആർക്കും കൊടുക്കരുത്.
അങ്ങനെ കുരുമുളകിൻ്റെ കുത്തലും, ചുക്കിൻ്റെ എരിവും സമാസമം ചേർന്ന കോട്ടയ്ക്കൽ ആയുർവേദ ചുക്ക് കാപ്പി ഗുളിക ജില്ലയിലെ ആശുപത്രി പരിസരങ്ങളിൽ ചൂടപ്പമായി.
ഞാൻ തുടങ്ങിയ എല്ലാ ബിസിനസും പോലെ ഇതും അൽപ്പം കഴിഞ്ഞപ്പോൾ മടുപ്പായി.. വിൽപ്പനയുണ്ടെങ്കിലും എന്നും ഇടതടവില്ലാതെ ഒരേ പണി. അത് എന്നെക്കൊണ്ട് പറ്റില്ല.
അങ്ങനെയിരിക്കെ ഒരാൾ എന്നോട് ചോദിച്ചു ഈ ടെക്നോളജിയും പേരും വിൽക്കുന്നോ? കമ്പനി പൂട്ടാൻ താഴ് മേടിക്കാൻ റഡിയായിരുന്ന ഞാൻ പുള്ളി പറഞ്ഞ വിലയ്ക്ക് കമ്പനിയും, ടെക്നോളജിയും കൈമാറി .. പ്രതീക്ഷിച്ചതിലും നല്ല ഒരു തുക കിട്ടിയ ഞാൻ പതിവ് പോലെപുതുമയുള്ള മറ്റൊരു ബിസിനസ് കണ്ട് പിടിക്കാനുള്ള ശ്രമങ്ങളിലേക്ക് തിരിഞ്ഞു.
നമ്മുടെ നാട്ടിൽ പ്രചാരമില്ലെങ്കിലും ഇപ്പോഴും കാപ്പിക്കട്ടകൾ ഇറങ്ങുന്നുണ്ടെന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ മനസിലായി.
ആർക്കും കുറഞ്ഞ ചിലവിൽ ഇതുപോലുള്ള കാപ്പി, ചായ ഗുളികകൾ ഇപ്പോഴും ഇറക്കാവുന്നതാണ്.#Ajith_kalamassery

കണ്ണാടി പരസ്യങ്ങൾ!

 

കണ്ണാടി പരസ്യങ്ങൾ!
 അജിത് കളമശേരി

 
 
കോഫീ ടാബ്ലറ്റ് കമ്പനി വിറ്റൊഴിവാക്കിയ ശേഷം കുറച്ച് മാസങ്ങൾ ആ കാശു കൊണ്ട് ബാച്ചിലർ ലൈഫ് നന്നായി ആസ്വദിച്ച് അടിച്ചു പൊളിച്ചു നടന്നു.
അങ്ങനെയിരിക്കെ എറണാകുളം ജട്ടി മേനക വഴി ബസ്സിൽ കടന്നു പോയപ്പോഴാണ് മേനക തീയേറ്ററിന് മുൻപിലെ ബസ് സ്റ്റോപ്പിൽ ഗംഭീരനൊരു പോസ്റ്റർ ... ആദ്യപാപം! അതിൽ വലിയൊരു ഇംഗ്ലീഷ് അക്ഷരം A... ആ A യുടെ ഇടയിലൂടെ കഷ്ടപ്പെട്ട് വളഞ്ഞ് പുളഞ്ഞ് നിന്ന നഗ്ന സുന്ദരി എന്നെ തുറിച്ച് നോക്കി. പെട്ടെന്നാണ് ഞാനോർത്തത്... അയ്യോ ഇത് വരെ പുതിയ വരുമാനമാർഗ്ഗമൊന്നും കണ്ടെത്തിയില്ലല്ലോ, വീണ്ടും പഴയ വയറിങ്ങ് പണിക്ക് പോകേണ്ടി വരും എന്ന നഗ്ന സത്യം !.
ഉടനെ അവിടെ ചാടിയിറങ്ങി മാർക്കറ്റ് റോഡ് വഴി പദ്മ തീയേറ്റർ ജംങ്ങ്ഷനിലേക്കുള്ള ഷോർട്ട് കട്ട് വഴി നടന്ന് പദ്മ തീയേറ്ററിന് സമീപമുള്ള റോണി ഇലക്ട്രോണിക്സിൽ എത്തി.
അന്നത്തെ കേരളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക് ഷോറൂമാണത്. ഇന്നും അങ്ങനെ തന്നെ.ഇന്ത്യയിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ടെക്നോളജിയിൽ ഉപയോഗിക്കുന്ന എന്ത് സ്പെയർ പാർട്സുകളും അവിടെ കിട്ടും.
ആയിടെ ഇറങ്ങിയ ഇലക്ട്രോണിക്സ് ഫോർ യു മാഗസിനിൽ ടെലിഫോൺ ലൈനിലൂടെ പ്രവഹിക്കുന്ന ഇടിമിന്നൽ മൂലമുള്ള സർജ് എർത്ത് ചെയ്തു കളയുന്ന GD ട്യൂബ് ,MOV എന്നീ സ്പെയറുകളെപ്പറ്റിയും, ഇവ ഉപയോഗിച്ച് ടെലിഫോൺ ഇടിമിന്നൽ രക്ഷാചാലകം ഉണ്ടാക്കുന്ന വിധവും വായിച്ചത് ,അത് അവിടെ കിട്ടുമോ എന്നറിയണം അതാണ് ഉദ്ദേശം.
ഭാഗ്യം അവ ഉണ്ട്. ഒരു പത്ത് സെറ്റ് ഉണ്ടാക്കാനുള്ള സാമഗ്രികളും വാങ്ങി വീട്ടിലേക്ക് മടങ്ങി. ഒരാഴ്ചകൊണ്ട് പുതിയ ഉൽപ്പന്നം തയ്യാർ.
ഫാൻ്റം ജീ ഫൈവ് ടെലിഫോൺ ലൈറ്റ്നിങ്ങ് അറസ്റ്റർ ! Phantom G5.... പേര് എനിക്കങ്ങ് ഇഷ്ടപ്പെട്ടു. മനോരമ പത്രത്തിൻ്റെ സൺഡേ സപ്ലിമെൻ്റിൽ തുടർച്ചയായി വന്നിരുന്ന ഫാൻ്റം ചിത്രകഥയിൽ നിന്ന് അടിച്ച് മാറ്റിയ എല്ലാവരും കേട്ടിട്ടുള്ള പേര്‌.
സാധനം ഉണ്ടാക്കി കൂടും, സ്റ്റിക്കറും, ലേബലും എല്ലാം ഉൾപ്പടെ 35 രൂപ ഒരെണ്ണത്തിന് വില വന്നു. എൻ്റെ ലാഭം 65 രൂപ + ഏജൻ്റ് കമ്മീഷൻ + വണ്ടിക്കൂലി 50 രൂപയും ചേർത്ത് 150 രൂപ വിലയിട്ടു.
ഒരു ദിവസം ഒരെണ്ണം വിറ്റ് കിട്ടുന്ന ലാഭം 65 രൂപ കൊണ്ട് ലാവിഷായി കഴിയണം അതാണെൻ്റെ ചിന്താഗതി. വയറിങ്ങിന് പോയാൽ അന്ന് ഒരു ദിവസം 50 രൂപയേ കിട്ടു!.
ലാൻഡ് ഫോൺ അന്ന് ഒരാഡംബര വസ്തുവാണ് അത്യാവശ്യം കാശുള്ളവരുടെ വീട്ടിലേ അത് കാണൂ.
ഞാൻ ഉൽപ്പന്നവുമായി പല ഫോണുള്ള വീട്ടിലും പോയി.. ആരും സാധനം മേടിക്കുന്നില്ല.. നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞു.. മുടിയും താടിയും വളർന്നു.
ഈ പരിപാടി നിറുത്തി പഴയ വയറിങ്ങിന് തന്നെ പോകാം. ഞാൻ തീരുമാനമെടുത്തു. ആദ്യം തേഞ്ഞ ചെരുപ്പ് മാറ്റി പുതിയ ഒരു ജോഡി വാങ്ങി. ഇനി മുടിയും താടിയും വെട്ടിക്കണം ബാർബർ ഷോപ്പിലേക്ക് നടന്നു.
നാട്ടിലെ അത്യാവശ്യം ക്ലാസ് ബാർബർ ഷോപ്പാണത്. നല്ല വൃത്തിയും വെടിപ്പുമുള്ള കട. കൂടാതെ കാസറ്റ് പാട്ടുമുണ്ട്..അവിടെ നാലഞ്ച് പേർ വെയിറ്റിങ്ങിലാണ് ഒഴിഞ്ഞുകിടന്ന കസേരയിൽ ഞാനും ക്യൂ പോലിരുന്നു. നാനയും, സിനിമാമംഗളവും, ഫിലിം മാഗസിനുമെല്ലാം വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ ഊഴമെത്തി.
ഒരു പതിനഞ്ച് മിനിറ്റ് വേണം മുടി വെട്ടാൻ.കഴുത്തനക്കാതെ നേരേ മുന്നിലുള്ള കണ്ണാടിയിൽ സ്വന്തം പ്രതിരൂപം മാത്രം നോക്കി 15 മിനിറ്റ്.ആർക്കായാലും ബോറടിക്കും.
പെട്ടെന്ന് ആ ഐഡിയ എന്നിലേക്ക് കടന്ന് വന്നു. ഈ കണ്ണാടിയിൽ എൻ്റെ phantom G5 പരസ്യം ഒട്ടിച്ചാൽ ഈ കസേരയിൽ ഇരിക്കുന്നവൻ ആ പതിനഞ്ച് മിനിറ്റും. അതിൽ തന്നെ നോക്കില്ലേ? ഷോപ്പ് ഓണറോട് ഒന്ന് ചോദിച്ച് നോക്കാം.. അടുത്ത ഏതാനും മിനിറ്റ് കൊണ്ട് ഞാൻ ഭാവി പരിപാടികൾ സെറ്റ് ചെയ്തു.
ഈ ബാർബർ ഷോപ്പുകാരന് ഒരു ലാംമ്പി സ്കൂട്ടറുണ്ട് പരസ്യം കണ്ണാടിയിൽ ഒട്ടിച്ചാൽ എല്ലാ മാസവും ഒരു ലിറ്റർ പെട്രോൾ അടുത്തുള്ള പമ്പിൽ നിന്നും ഫ്രീ അടിക്കാനുള്ള കൂപ്പൺകൊടുക്കാം എന്ന ഓഫർ വച്ചു.അന്ന് ഒരു ലിറ്റർ പെട്രോളിന് 15 രൂപയോ മറ്റോ ആണ്.
ഭാഗ്യം എൻ്റെ ഓഫർ ബാർബർ ഷോപ്പുകാരൻ സ്വീകരിച്ചു. ഉടൻ തന്നെ ഞാൻ എൻ്റെ പരസ്യം വളരെ ചെറുതും മനോഹരവുമായി ഒരു ആർട്ടിസ്റ്റിനെക്കൊണ്ട് വരപ്പിച്ച് ബാർബർഷോപ്പുടമയെ ഏൽപ്പിച്ചു. അദ്ദേഹം കാഴ്ചക്ക് തടസം വരാത്ത വിധം ആ വലിയ കണ്ണാടിയുടെ ഒരു മൂലയിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വച്ചു.
എൻ്റെ ടെലിഫോൺ പ്രൊട്ടക്റ്റർ ഫ്രീ ആയി ഞങ്ങളുടെ ചെറുനഗരത്തിലെ ധാരാളം ആളുകൾ വരുന്നസഹകരണ ബാങ്കിലും, ഇലക്ട്രിക് കടയിലും ഒരു റഫറൻസിന് വേണ്ടി ഫ്രീ ആയി നൽകുകയും ചെയ്തു.ആരെങ്കിലും ചോദിച്ചാൽ ഈ സ്ഥലത്തൊക്കെ വാങ്ങിയിട്ടുണ്ട് എന്ന് പറയണമല്ലോ.
എനിക്ക് ഫോൺ ഇല്ലാത്തതിനാൽ ഡീലറായ ഇലക്ട്രിക് ഷോപ്പിൻ്റെ നമ്പരാണ് പരസ്യത്തിൽ വച്ചിരുന്നത്.
സംഗതി ക്ലിക്കായി ഞാൻ പരസ്യം ഒട്ടിച്ചിരുന്ന ബാർബർ ഷോപ്പിൽ ഫോൺ വീട്ടിലുള്ള ധാരാളം കാശുകാർ സ്ഥിരമായി മുടി വെട്ടിക്കാൻ വന്നിരുന്നു. തലയനക്കാതെ 15 മിനിറ്റ് ഇരിക്കുന്ന അവരുടെ ഓരോരുത്തരുടെയും കണ്ണിൽ എൻ്റെ പരസ്യം പെട്ടു. കൂടാതെ ബാർബർ ഷോപ്പുടമയുടെ നല്ല വാക്കുകളും.
രണ്ടോ മൂന്നോ ദിവസത്തിൽ ഒരെണ്ണം എന്ന വിധം വിൽപ്പന വന്നു.ഞാൻ സമീപ ചെറുനഗരങ്ങളിലും പോയി അവിടുത്തെ ഏറ്റവും നല്ല ബാർബർ ഷോപ്പിൽ ഇതേ നമ്പർ പ്രയോഗിച്ചു, ആദ്യം നിരസിച്ചെങ്കിലും റഫറൻസിനായി ആദ്യം പരസ്യം വച്ച ബാർബർ ഷോപ്പുടമയുടെ നമ്പർ കൊടുത്തപ്പോൾ അവരും സഹകരിച്ചു.
അങ്ങനെ കച്ചവടം കൂടി ദിവസം 'രണ്ട് മുന്നെണ്ണമെന്ന നിലയിലേക്ക് കച്ചവടം ഉയർന്നു.ഇതിനിടെ TV ലൈറ്റ് നിങ്ങ് പ്രൊട്ടക്റ്റർ എന്ന ഒരുൽപ്പന്നം കൂടി ഞാൻ പുറത്തിറക്കി. അതും നന്നായി വിറ്റു പോയി.
ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കൂണുകൾ പോലെ മുളച്ച ധാരാളം കമ്പനികൾ വളരെ വില കുറച്ച് ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ തുടങ്ങി.
അതോടെ ഞാൻ എൻ്റെ ഈ കമ്പനി നിറുത്തി.
ബിസിനസ് ഞാൻ തുടക്കമിട്ട കണ്ണാടി പരസ്യമേഖലയിലേക്ക് മാറ്റിപ്പിടിച്ചു.
സിമ്പിൾ ബിസിനാസാണ് A4 വലിപ്പത്തിൽ സുതാര്യമായ അക്രിലിക്കിൽ ചെയ്ത ഒരു സ്റ്റാൻഡ്. ഇതിനിടയിലേക്ക് 20 വിസിറ്റിങ്ങ് കാർഡുകൾ കയറ്റി വയ്ക്കാം.
1992 ,93 കാലഘട്ടത്തിൽ ഏതാണ്ട് 500 ൽ അധികം ഷോപ്പുകളുടെ മേശപ്പുറത്ത് എൻ്റെ ഈ ചെറിയ പരസ്യ ബോർഡ് വച്ചിരുന്നു.ചെറിയ ജൂവലറികൾ, തുണിക്കടകൾ,തയ്യൽ കടകൾ, കല്യാണ ഓട്ടം പോകുന്ന കാറുകൾ, ടൂറിസ്റ്റ് ബസുകൾ, തുടങ്ങി ഇഷ്ടം പോലെ പരസ്യങ്ങൾ എനിക്ക് ലഭിച്ചിരുന്നു. ഇതിൽ നി'ന്ന് മോശമില്ലാത്ത ഒരു വരുമാനവും .
അതിലൊരു പങ്ക് എൻ്റെ പരസ്യ സ്റ്റാൻഡ് വച്ചിരുന്ന കടകൾക്കും കൃത്യമായി ഞാൻ കൊടുത്തിരുന്നു.
ഓരോ ഏരിയയിലും വേറേ, വേറേ പരസ്യങ്ങൾ.ഈ ചെറു പരസ്യങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചു. പരസ്യദാതാക്കൾക്ക് നല്ല ബിസിനസ് കിട്ടി. അവർ വീണ്ടും വീണ്ടും പരസ്യങ്ങൾ തന്നു.
പതിവ് പോലെ ഒന്ന് രണ്ട് വർഷം കൊണ്ടു നടന്നപ്പോൾ ഈ ബിസിനസും എനിക്ക് മടുത്തു. നല്ലൊരു തുക ഓഫർ ചെയ്ത ഒരു സുഹൃത്തിന് പരസ്യക്കമ്പനി കൈമാറി .അടുത്ത ഐഡിയക്കായി കാത്തിരുന്നു.
കാല പ്രവാഹത്തിൽ അന്യം നിന്നുപോയ ഈ പരസ്യ മോഡൽ ഇന്നും പൊടി തട്ടിയെടുക്കാവുന്നതാണ്.
അക്രിലിക്ക് സ്റ്റാൻഡുകൾക്ക് പകരം ടാബ് ലെറ്റുകൾ മതിയാകും.. ഷോപ്പുകളുടെ ടേബിളിൽ ഒതുങ്ങിയിരിക്കുന്ന ടാബുകളിലേക്ക് ഇൻ്റർനെറ്റ് വഴി പരസ്യം സ്ട്രീം ചെയ്യണം.
ഒരോ ഷോപ്പിനും അവരുടെ ബിസിനസിനെ ബാധിക്കാത്ത വിധമുള്ള പരസ്യങ്ങൾ കൊടുക്കാം. ഇന്ന് മാളുകളിൽ ഇരിക്കുന്ന വലിയ TV പരസ്യ ബോർഡുകളുടെ ഒരു ചെറു പതിപ്പ്. വലിയ TV യിലും ശ്രദ്ധ ചിലപ്പോൾ ഈ കുഞ്ഞൻ പരസ്യ ബോർഡിന് കിട്ടിയേക്കും. കടകൾക്ക് പുറമേ ഓട്ടോറിക്ഷയിലും, യൂബറിലുമൊക്കെ ഫിറ്റു ചെയ്യുകയുമാകാം.ഐഡിയ കൊള്ളാമെന്ന് തോന്നുന്നുവെങ്കിൽ ആരെങ്കിലുമൊക്കെ ശ്രമിച്ച് നോക്കൂ [#Ajith_kalamassery]

ഒരു കാസറ്റ് കടയുടെ തിരുശേഷിപ്പ്

 ഒരു കാസറ്റ് കടയുടെ തിരുശേഷിപ്പ്

 അജിത് കളമശേരി


 

 

പൊളിഞ്ഞ ബിസിനസ്സിൻ്റെ കഥകൾക്കായി കാത്തിരിക്കുന്നവർക്കായി ഇതാ എൻ്റെ ആദ്യ ബിസിനസിൻ്റെ കഥ. ഫോട്ടോ യഥാർത്ഥം
1987 ൽ ITI പാസായ ഉടൻ ബാങ്കിൽ നിന്നും ഒരു പതിനായിരം രൂപയുടെ IRDP ലോണും, വീട്ടിൽ നിരാഹാരമിരുന്ന് സംഘടിപ്പിച്ച 3000 രൂപയും ചേർത്ത് ഒരു കാസറ്റ് കട കം ഇലക്ട്രോണിക് സർവ്വീസ് സെൻ്റർ തുടങ്ങിയതാണ് എൻ്റെ ആദ്യ ബിസിനസ് സംരംഭം.
ഇന്നത്തെ പിള്ളാര് മേലും, കീഴും നോക്കാതെ, യാതൊരു വിധ മാർക്കറ്റ് സ്റ്റഡിയുമില്ലാതെ നാല് പേര് കൂടുന്ന ഏത് കവലയിലും മുട്ടിന്, മുട്ടിന് മൊബൈൽ ഷോപ്പും, കുഴി മന്തിയും, ഷവർമ്മ തട്ടും ,തുടങ്ങുന്നത് പോലെ 80 കളിലെ വസന്തങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളായിരുന്നു കാസറ്റ് കടകൾ.
ചില പുത്തൻ പണക്കാർ പണിയില്ലാതെ മൊബൈലും ചുരണ്ടിയിരിക്കുന്ന സ്വന്തം വീട്ടിലെ കെട്ട് പ്രായം തികഞ്ഞ തൊഴിൽ രഹിതരായ ചുള്ളൻ മാർക്ക് പെണ്ണ് വീട്ട് കാരുടെ മുന്നിൽ ഞെളിഞ്ഞ് നിന്ന് "മോൻ മൊബൈൽ ഷാപ്പ് നടത്തുവാ "എന്ന് പറയാൻ ഒരു തൊഴിലായും മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ തുടങ്ങിക്കൊടുക്കാറുണ്ടെന്നത് ഒരു പച്ച പരമാർത്ഥം മാത്രമാണ്.
1987 ൽ തരംഗിണിയും, നിസരിയും രഞ്ജിനി കാസറ്റ്സും, പോളിക്രോമും, പിരമിഡും, HMV യും ,Tസീരീസും, സത്യം ഓഡിയോസും, പോലുള്ള കാസറ്റ് കമ്പനികൾ ആഴ്ചയിൽ പത്ത് വീതം കാസറ്റുകൾ പുറത്തിറക്കിയിരുന്ന കാലം.
ഇറങ്ങുന്ന കാസറ്റുകൾ ചൂടപ്പം പോലെ വിറ്റ് പോയിരുന്നു.45 രൂപക്ക് തരംഗിണി കാസറ്റ് വിറ്റാൽ 5 രൂപ കിട്ടും, മറ്റ് കമ്പനികൾ 15 രൂപ വരെ തരും..
പ്രൈവറ്റ് ബസിൽ പാട്ട്, ചായക്കടയിൽ പാട്ട്, മുക്കിന് മുക്കിന് കാണുന്ന ബാർബർ ഷാപ്പിൽ പാട്ട്,കള്ള് ഷാപ്പിൽ VD രാജപ്പൻ്റെ ഹാസ്യകഥാപ്രസംഗം ഹെഡ് തേഞ്ഞ് തീരുന്നത് വരെ നിറുത്താതെ പാടിക്കുന്നു.
സാംബ ശിവൻ്റെ കറകറ ശബ്ദത്തിലുള്ള കഥാപ്രസംഗം പാടി പാടി എത്രയോ സ്പീക്കറ്റുകളുടെ കോൺപേപ്പർ തെറിച്ച് പോയിരിക്കുന്നു.
അങ്ങനെ കാസറ്റ് പാട്ടുകളുടെ പുഷ്കര കാലത്താണ് കാസറ്റ് കടയുമായി എൻ്റെ രംഗപ്രവേശം.
എറണാകുളം റേഡിയോ കമ്പനിയിൽ പോയി അക്കാലത്തെ ഏറ്റവും മികച്ച റെക്കോഡിങ്ങ് ഡെക്കുകളായ ഫിലിപ്സിൻ്റെ AW 529 ഉം AW 569 ഉം വാങ്ങുന്നു.
മാമ്പലക ബോക്സിന് ബെസ്റ്റാണെന്ന് ഏതോ കുരുട്ടു ബുദ്ധി പറഞ്ഞത് കേട്ട് വീട്ടിലെ കശുമാവ് വെട്ടിമറിച്ചിട്ട് മില്ലിൽ കൊണ്ടുപോയി അറപ്പിച്ച് മരപ്പണിക്കാരൻ രാജൻ ചേട്ടനെ ഇടവും വലവും തിരിയാൻ സമ്മതിക്കാതെ രണ്ട് ഘടാഘടിയൻ സ്പീക്കർ ബോക്സുകളും, കാസറ്റ് വയ്ക്കാൻ ചില്ലിട്ട അലമാരികളും ഉണ്ടാക്കുന്നു.
അന്ന് മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല സ്പീക്കറുകളായ ഫിലിപ്സിൻ്റെ 8 ഇഞ്ച് ഹൈ ക്യു സ്പീക്കറുകളും ഡോംട്വീറ്ററും, ബോൾട്ടൺ കമ്പനിയുടെ മിഡ് റേഞ്ചും വാങ്ങുന്നു. ആഘോഷപൂർവ്വം എൻ്റെ നാദം ഓഡിയോസിലെ സ്പീക്കറ്റുകൾ യേശുദാസിൻ്റെയും, ബപ്പി ലഹരിയുടെയും, RD ബർമ്മൻ്റെയും ശബ്ദത്തിൽ ചുറ്റുമുള്ള കടകളിൽ വരുന്നവരുടെ ചെവി പൊട്ടത്തക്കവണ്ണം അഹോരാത്രം അലറി വിളിക്കാൻ തുടങ്ങി.
പത്ത് പാട്ട് കൊള്ളുന്ന കാസറ്റിൽ പത്ത് സിനിമയിൽ നിന്നും ഇരുപത് പാട്ട് റിക്കോഡ് ചെയ്യണമെന്ന ആവശ്യത്തോടെ വരുന്നവർ ക്യൂ നിന്നു.
എല്ലാവരോടും 60 മിനിറ്റ് കാസറ്റിന് പത്ത് രൂപ 90 മിനിറ്റിന് 15 രൂപ മെറ്റൽ കാസറ്റിൽ പാട്ട് പിടിക്കാൻ 20 രൂപ കണക്കിൽ വാങ്ങിപ്പോന്നു. മെൽ ട്രാക്കിൻ്റെ സുതാര്യമായ ബ്ലാങ്ക് കാസറ്റുകൾ ലോഡ് കണക്കിന് വേണ്ടി വന്നിരുന്നു എല്ലാ പാട്ട് പ്രേമികളെയും തൃപ്തിപ്പെടുത്താൻ..
അതൊരു കാലം .. കാലക്രമേണ കാസറ്റ് എടുത്തവനെല്ലൊം വെളിച്ചപ്പാട് അല്ല കാസറ്റ് കട മുതലാളിമാർ ആയതോടെ പത്ത് മീറ്റർ നടന്നാൽ ഒരു കാസറ്റ് കട എന്ന നിലയിലേക്ക് നാട് മാറി.
പകലന്തിയോളം യേശുദാസിനെക്കൊണ്ട് തൊള്ള തുറപ്പിച്ച് പാടിച്ചാലും മാസം വാടക കൊടുക്കാൻ വയറിങ്ങ് പണിക്ക് പോകണമെന്ന ഗതിയിലായി.
കാസറ്റ് റിക്കോഡ് ചെയ്തും റേഡിയോ നന്നാക്കിയും കിട്ടിയ കാശ് മുഴുവൻ കൂട്ടുകാരുടെ ഇടയിലെ ഏക അംബാനിയായ ഞാൻ ശിവമയം ഹോട്ടലിലെ പൊറോട്ടയും, ബീഫും തട്ടിയും, സിനിമാ തീയേറ്ററിൽ കൊടുത്തും തീർത്തതിനാൽ ഒറ്റ പൈസ തിരിച്ചടയ്ക്കാതെ ബാങ്കിലെ കടം പെരുകി.
കോടതിയിൽ നിന്ന് ആമീൻ വന്ന് ജപ്തി നോട്ടീസ് തന്ന ദിവസം വൈകിട്ട് 5 വർഷം നടത്തിയ കാസറ്റ് കടയിലെ കാസറ്റുകളും, കാസറ്റ് ഡെക്കും ,ബോക്സുകളുമെല്ലാം ഒരു വണ്ടി വിളിച്ച് വീട്ടിലെ ചായ്പ്പിൽ കൊണ്ടെത്തട്ടി.
അന്ന് ഷട്ടർ പ്രചാരത്തിൽ ഇല്ലാതിരുന്നതിനാൽ നിരപ്പലക വച്ച് കട അടച്ച് പൂട്ടി താക്കോൽ കെട്ടിട ഉടമസ്ഥന് കൈമാറി.
കട പൊളിഞ്ഞ് കടം കയറിയതിനാൽ നാട്ട് നടപ്പ് പോലെ കള്ളവണ്ടി വരുന്നത് വരെ കാത്തിരുന്ന് അതിൽ കയറി T T R ൻ്റെ കണ്ണിൽ പെടാതെ ഒളിച്ചിരുന്ന് രായ്ക്ക് രാമാനം ബോബെയ്ക്ക് പുറപ്പെട്ടു.
ദശാബ്ദങ്ങൾ കടന്ന് പോയി കഴിഞ്ഞ ദിവസം യാദൃശ്ചികമായി തട്ടിൻ പുറത്ത് നിന്നും പണ്ടത്തെ കാസറ്റ് കടയുടെ ബാക്കിപത്രമായ ഇവൻമാരെ കണ്ട് കിട്ടി.രാജനാശാരി മാമ്പലകയിൽ കരവിരുത് കാണിച്ച് പണിതെടുത്ത എൻ്റെ രണ്ട് പാട്ട് പെട്ടികൾ.. കോൺപേപ്പർ അവിടവിടെ പാറ്റ തിന്നെങ്കിലും ഇപ്പോഴും നന്നായി പാടുന്നു... നിങ്ങൾക്കായി ഈ അനുഭവക്കുറിപ്പ് എഴുതിയത്#ajith_kalamassery,#business,#ksg

ഇലക്ട്രോണിക്സ് ബസർ നിർമ്മാണം

 ഇലക്ട്രോണിക്സ് ബസർ നിർമ്മാണം

 അജിത് കളമശേരി
 

 
ഞാൻ തുടങ്ങാനായി പ്ലാനും പദ്ധതിയുമെല്ലാം തയ്യാറാക്കി വച്ചിരുന്ന നൂറുകണക്കിന് ബിസിനസ് ഐഡിയകൾ ഉണ്ട് .പല പല കാരണങ്ങളാൽ അവയൊന്നും നടക്കാതെ പോയി.
അവയിൽ പലതും ടെക്നോളജി മാറിയപ്പോൾ കാലഹരണപ്പെട്ടു പോയി. മറ്റ് പലതും ആരും ഇത് വരെ തുടങ്ങിയുമില്ല.
അത്തരം ചില വ്യവസായം പദ്ധതികൾ ഓരോന്നായി സമയം കിട്ടിമ്പോലെ ഇവിടെ എഴുതാം. നിങ്ങളിൽ ആർക്കെങ്കിലും ഇവയിൽ നിന്നും ചില സ്പാർക്കുകൾ കിട്ടിയേക്കാം.
കുറഞ്ഞ ചിലവിൽ തുടങ്ങാൻ സാധിക്കുന്ന ഇലക്ട്രോണിക്സ് വ്യവസായങ്ങൾ.പാർട്ട്-1
ബസർ/ ബീപ്പർ നിർമാണം
വാഹനങ്ങളുടെ സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഇടുമ്പോൾ അത് പ്രവർത്തിക്കുന്നുണ്ടെന്ന് ഡ്രൈവറെ അറിയിക്കാനും, ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യാനുള്ള മുന്നറിയിപ്പ് നൽകാനുമായി വാഹനങ്ങളിൽ വിട്ട്, വിട്ട് ബീപ്പ്, ബീപ്പ് ശബ്ദം പുറപ്പെടുവിക്കാൻ ഈ ഉപകരണം കൂടുതലായി ഉപയോഗിക്കുന്നു.
ടൂ വീലറുകൾ അലക്ഷ്യമായി വാട്ടർ സർവ്വീസ് ചെയ്യുമ്പോഴും, മഴ നനഞ്ഞും ഇവ ഇടയ്ക്കിടെ തകരാറിലാകാറുണ്ട്. അതിനാൽ ഇരുചക്ര വാഹനപ്പെരുപ്പമുള്ള കേരളത്തിൽ ഇതിൻ്റെ നിർമ്മാണത്തിന് നല്ല സ്കോപ്പുണ്ട്.
ഇരട്ടിയിലധികം മാർജിൻ ലഭിക്കുന്ന ഒരുൽപ്പന്നമാണ് ഇത്തരം ഇലക്ട്രോണിക് ബസറുകൾ.
നിർമ്മാണ ചിലവ് വളരെ കുറവുമാണ്.
വാഹനങ്ങളിൽ കൂടാതെ, ഇൻവെർട്ടറുകൾ, UPS,തുടങ്ങിയവയിലും ഓവർ ലോഡ്, പവർ കണ്ടീഷൻ തുടങ്ങിയവയുടെ ഓഡിയോ ഇൻഡിക്കേറ്ററായി ബസറുകൾ ഉപയോഗിക്കുന്നു.
ഫിറ്റ് ചെയ്യുന്ന ക്യാമ്പിനെറ്റിൽ അൽപ്പം വ്യത്യാസങ്ങൾ വരുത്തിയാൽ ഈ ബസറിനെ 110 ഡസിബൽ ശബ്ദം പുറപ്പെടുവിക്കുന്ന അലാറമായി മാറ്റാനും സാധിക്കും.
ഇതുപയോഗിച്ച് ടിപ്പറുകൾ ,മറ്റ് വാഹനങ്ങൾ തുടങ്ങിയവയുടെ റിവേഴ്സ് ഹോണായും, ഹെവി എർത്ത് മൂവിങ്ങ് എക്യുപ്മെൻ്റുകൾ, ഫോർക്ക് ലിഫ്റ്റ്, ക്രയിനുകൾ തുടങ്ങിയവയുടെ റൊട്ടേഷൻ പെരിഫറൽ വാണിങ്ങ് ഡിവൈസായും ഉപയോഗിക്കാം.
പാനിക് സയറൺ,സെക്യൂരിറ്റി അലാം മേഖലയിലും നല്ല വിപണി ഉണ്ട്.
സൈക്കിൾ ഹോൺ, ഗ്ലാസ് ബ്രേക്ക് ഡിറ്റക്റ്റർ, വൈബ്രേഷൻ സെൻസർ, മെക്കാനിക്കൽ ഷോക്ക് സെൻസർ തുടങ്ങിയ മൂല്യവർദ്ധിത ഉപോൽപ്പന്നങ്ങളും ഇതിൻ്റെ ഭാഗമായി നിർമ്മിക്കാം.മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ചാൽ 10 ഇരട്ടി വരെ വരുമാനം ലഭിക്കാം
ഇതിനാവശ്യമായ അടിസ്ഥാന അസംസ്കൃത പദാർത്ഥം പീസോ ഇലക്ട്രിക് ബസർ പ്ലേറ്റാണ്.പിന്നെ ഇത് ഫിറ്റ് ചെയ്യാനുള്ള വിവിധ തരം ക്യാബി നെറ്റുകൾ ,PCB, ട്രാൻസിസ്റ്റർ മുതലായ ഇലക്ട്രോണിക് കോമ്പോണെൻ്റുകൾ തുടങ്ങിയവയാണ്.
കുറഞ്ഞ മാനുഷിക അധ്വാനത്തിൽ ചെയ്യാം, കുറഞ്ഞ വൈദ്യുതി ഉപയോഗം മൂലം പ്രത്യേക കണക്ഷൻ എടുക്കാതെ വിടുകളിൽ കുടിൽ വ്യവസായമായി ചെയ്യാം, മലിനീകരണ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ പരിസരവാസികളുടെ NOC വേണ്ട എന്നിങ്ങനെ നിരവധി പോസിറ്റീവ് സൈഡുകൾ ഉള്ളതിനാൽ, അംഗ പരിമിതർക്കും, സ്ത്രീകൾക്കും ഇതിൻ്റെ നിർമ്മാണം നല്ലൊരു ജീവന ഉപാധിയായിരിക്കും.
ഓട്ടോമൊബൈൽ കടകളിലും,വർക്ക്ഷോപ്പുകളും, ഇൻവെർട്ടർ, സെലൂരിറ്റി അലാറം പോലുള്ള ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളുമാണ് പ്രധാന ഉപഭോക്താക്കൾ. എൻഡ് കസ്റ്റമർ മാരെ നേരിട്ട് കണ്ടെത്താൻ സാധിച്ചാൽ വിപണനം വളരെ എളുപ്പമായിരിക്കും.
ഷോപ്പുകളിൽ വിൽപ്പനയ്ക്ക് ഏൽപ്പിച്ചാൽ പണം തിരികെ വരാൻ വളരെ ബുദ്ധിമുട്ടാണ്.
നല്ല ഒരു ബ്രാൻഡ് പേരും, ആകർഷകമായ പാക്കേജിങ്ങും ഇതിൻ്റെ വിപണനത്തിന് അത്ര പ്രാധാന്യമില്ല എങ്കിലും ഉണ്ടെങ്കിൽ വിപണി പിടിക്കാൻ എളുപ്പമായിരിക്കും. ഇലക്ട്രോണിക്സ് കേരളം പോലുള്ള ഫേസ്ബുക്ക് പേജുകളിൽ പരസ്യങ്ങൾ കൊടുക്കുന്നത് വേഗത്തിൽ ആവശ്യക്കാരിലേക്ക് ഉൽപ്പന്നത്തിൻ്റെ വിവരങ്ങൾ എത്താൻ സഹായകമാകും.

FM Booster circuit FM ബൂസ്റ്റർ സർക്യൂട്ട്

 FM Booster circuit 

FM ബൂസ്റ്റർ സർക്യൂട്ട്

 അജിത് കളമശേരി


 


വളരെയധികം പേർ നിരന്തരം ആവശ്യപ്പെടുന്ന ഒരു സർക്യൂട്ടാണ് എഫ്.എം സിഗ്നൽ ബൂസ്റ്ററിൻ്റേത്.
ഇതാ ഇവിടെ റേഡിയോേ കേൾക്കാൻ താൽപ്പര്യമുള്ളവർക്കായി ഒരു ഹൈ ഗയിൻ സിഗ്നൽ എഫ് എം ബൂസ്റ്ററിൻ്റെ സർക്യൂട്ട് കൊടുക്കുന്നു.
വളരെ ലളിതമായി ചെറിയ ഒരു കോമൺ pcb യിൽ ഈ സർക്യൂട്ട് നിങ്ങൾക്ക് അസംബിൾ ചെയ്യാം.
Q1, Q 2 എന്ന രണ്ട് NPN സിലിക്കോൺ ട്രാൻസിസ്റ്ററുകളാണ് ഈ സർക്യൂട്ടിൻ്റെ ക്രിട്ടിക്കൽ കോമ്പോണെൻ്റുകൾ.
2 N3904 എന്ന നമ്പരാണ് ഇതിനായി ഉപയോഗിക്കുന്നത്
L1, L2 എന്നീ രണ്ട് കോയിലുകൾ നമ്മൾ സ്വന്തമായി നിർമ്മിച്ചെടുക്കണം ഇത് പുറത്ത് വാങ്ങാൻ കിട്ടില്ല.
22 SWG എന്ന ഗേജിലുള്ള ഇൻസുലേറ്റഡ് കോപ്പർ വയർ 5 മില്ലിമീറ്റർ ഡയ മീറ്ററുള്ള ഫോർമറിൽ 4 ചുറ്റ് വൈൻഡ് ചെയ്തെടുത്ത് ഇവ നിർമ്മിക്കാം.
ഒരു ജൽ പേനയുടെ റീഫില്ലറോ,5mm ഡ്രിൽ ബിറ്റോ ഫോർമറായി ഉപയോഗിക്കാം.
L1, L2 എന്നീ കോയിലുകളുടെ സമീപത്തായി സർക്യൂട്ടിൽ കാണുന്നത് 30 pfൻ്റെ ട്രിമ്മർ കപ്പാസിറ്ററുകളാണ്. ഇവയുടെ വാല്യു ക്രിട്ടിക്കൽ അല്ല. വിപണിയിൽ ലഭ്യമായത് ഉപയോഗിക്കാം.
സർക്യൂട്ട് നോക്കി ബൂസ്റ്റർ അസംബിൾ ചെയ്യുക. 6 വോൾട്ട് മുതൽ 12 വോൾട്ട് വരെ ഈ സർക്യൂട്ടിൽ നൽകാം.
റഗുലേറ്റഡ് വോൾട്ടേജ് കിട്ടിയാൽ സർക്യൂട്ട് സ്റ്റബിൾ ആയിരിക്കും. ഇതിന് വേണ്ടി 12 വോൾട്ട് കൊടുത്ത് അതിനെ ഒരു 9 വോൾട്ട് സെനർ ഡയോഡ് വഴി ഒരു 100uf കപ്പാസിറ്റർ ഉപയോഗിച്ച് സ്റ്റേബിൾ ചെയ്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.
സെനർ ഡയോഡിന് സമീപമുള്ള 150 ഓംസ് റസിസ്റ്റർ ഹാഫ് വാട്ട് ഉപയോഗിക്കണം.
സപ്ലേ കൊടുത്തതിന് ശേഷം Q1 ൻ്റെ ബേസിൽ 0.68 വോൾട്ടും ,കളക്റ്ററിൽ 3.85 വോൾട്ടും, Q 2 വിൻ്റെ ബേസിൽ 0.68 വോൾട്ട് വരുന്നുണ്ടെങ്കിൽ സർക്യൂട്ട് OKയാണ്.
കോമ്പോണെൻ്റുകളുടെ വാല്യൂ വേരിയേഷൻ മൂലവും, ട്രാൻസിസ്റ്ററിൻ്റെ Hfe വ്യത്യാസം മൂലവും ഈ വോൾട്ടിൽ ചെറിയ വ്യത്യാസങ്ങൾ വന്നാലും സാരമില്ല.സർക്യൂട്ട് പ്രവർത്തിക്കും.
അധികം വേരിയേഷനുണ്ടെങ്കിൽ അസംബിൾ ചെയ്ത സർക്യൂട്ട് ഒന്നുകൂടി ചെക്ക് ചെയ്യുക.
Q1 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ നിന്നും ഒരു കേബിൾ കണക്റ്റർ ഉപയോഗിച്ച് വീടിന് പുറത്ത് സ്ഥാപിച്ച എക്സ്ട്രേണൽ ആൻ്റിനയിലേക്ക് കണക്ഷൻ കൊടുക്കുക. Q2 വിൻ്റെ കളക്റ്ററിൽ കൊടുത്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ഒരു കണക്ഷൻ വയർ നമ്മുടെ FM റേഡിയോയുടെ ആൻ്റിനയിലേക്ക് കൊടുക്കുക..
വീക്കായ FM റേഡിയോ സ്റ്റേഷനുകൾ പോലും നല്ല സ്റ്റീരിയോ മോഡിൽ അടിപൊളിയായി പ്രവർത്തിക്കും.
ഗയിൻ കൂടുതലാണെങ്കിൽ Q2 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ കണക്റ്റ് ചെയ്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ആൻ്റിനാ ഔട്ട് എടുക്കാം.
നല്ല ക്വാളിറ്റിയിൽ വൈഡ് റേഞ്ച് FM സിഗ്നൽ ബൂസ്റ്റ് ചെയ്യുന്ന സർക്യൂട്ടാണിത്. ഫ്രിഞ്ച് ഏരിയയിൽ പോലും നന്നായി പ്രവർത്തിക്കും.
ബൂസ്റ്ററിലേക്ക് FM സിഗ്നൽ നൽകാൻ വീടിന് പുറത്തേക്കിട്ട വയറുകളോ. ഡൈ പോളോ ഉപയോഗിക്കാം.
ട്രിമ്മറുകൾ തിരിച്ചും, L1, L2 കോയിലുകളുടെ ചുറ്റുകൾ അകത്തിയും അടുപ്പിച്ചും FM ബൂസ്റ്റർ ഫൈൻ ട്യൂൺ ചെയ്യാം. ഏതെങ്കിലും വീക്ക് സിഗ്നൽ ആദ്യം റേഡിയോയുടെ ആൻ്റിന ഉപയോഗിച്ച് റിസീവ് ചെയ്യുക. അതിന് ശേഷം ബൂസ്റ്റർ ഓൺ ചെയ്ത് കൂടുതൽ വ്യക്തമായ റിസപ്ഷന് വേണ്ടി ശ്രമിക്കാം.
വിദൂരതയിൽ നിന്നുള്ള FM സിഗ്നലുകൾ സ്റ്റീരിയോ മോഡിൽ ലഭിക്കണമെങ്കിൽ നല്ല ഒരു FM ആൻ്റിന ഈ ബൂസ്റ്ററിനൊപ്പം കണക്റ്റ് ചെയ്യണം.നല്ല ഒരു സ്റ്റീരിയോ FM ആൻ്റിന എങ്ങനെ നിർമ്മിക്കാമെന്ന് അധികം താമസിയാതെ വിവരിക്കാം. ഈ സർക്യൂട്ട് ഞാൻ നിർമ്മിച്ച് പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. ധൈര്യമായി അസംബിൾ ചെയ്യാം പ്രവർത്തിക്കും.
റേഡിയോയുടെ സമീപം തന്നെ ഈ സർക്യൂട്ട് വയ്ക്കാം. ചെറിയ ഒരു പ്ലാസ്റ്റിക് ബോക്സിനുള്ളിൽ സുരക്ഷിതമാക്കിയാൽ ഉത്തമം. ട്രാൻസ്ഫോർമർ പവർ സപ്ലേ തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.SMPS കൊടുത്താൽ FM കിട്ടില്ല. ബൂസ്റ്റർ LED ട്യൂബ്, LED ബൾബ് എന്നിവയിൽ നിന്നും 2, 3 മീറ്റർ അകലം പാലിക്കുന്നത് അനാവശ്യ ഓസിലേഷനുകൾ ഒഴിവാക്കും! .#Ajithkalamassery

ടെലിവിഷൻ ഓഫ് ഓൾ സിസ്റ്റം ഓഫ് സർക്യൂട്ട്

 ടെലിവിഷൻ ഓഫ് 

ഓൾ സിസ്റ്റം ഓഫ് സർക്യൂട്ട്

 അജിത് കളമശേരി


 

കേരളത്തിൽ എന്തെങ്കിലും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആലോചിക്കുന്ന സംരംഭകർ കുറച്ച് കാശുമെടുത്ത് ചാടിയിറങ്ങും ഒന്നുകിൽ LED ഉപയോഗിക്കുന്ന ബൾബോ, ട്യൂബോ അല്ലെങ്കിൽ ഇൻവെർട്ടർ, UPS, സ്റ്റെബിലൈസർ !
പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തി വിപണിയിലെത്തിച്ചാൽ ചിലപ്പോൾ ക്ലിക്കാകും. ഇതാ ഒരു പുതിയ ഐഡിയ.
നമ്മളിൽ മിക്കവരും എഴുന്നേറ്റ് പോയി പവർ സ്വിച്ച് ഓഫ് ചെയ്യാനുള്ള മടി കൊണ്ട് നമ്മുടെ ടെലിവിഷൻ റിമോട്ടിൽ ഓഫ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ ചെയ്താൽ പല പല ദൂഷ്യങ്ങളുമുണ്ട്. ഒന്നാമത് റിമോട്ടിൽ ഓഫ് ചെയ്താലും ടെലിവിഷൻ്റെ പവർ സപ്ലേ സ്റ്റാൻഡ് ബൈ മോഡിലും കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്.
കൂടാതെ ടെലിവിഷൻ ഓഫായാലും ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന അനുബന്ധ ഉപകരണങ്ങളായ ഹോം തീയേറ്റർ, സൗണ്ട് ബാർ, സെറ്റ് ടോപ്പ് ബോക്സ് മുതലായവ ഓഫായിരിക്കില്ല. അവ തുടർന്നും വൈദ്യുതി ഉപയോഗിച്ചു കൊണ്ടിരിക്കും.
ഇങ്ങനെ നമ്മുടെ അശ്രദ്ധമൂലം ശ്രദ്ധയിൽ പെടാതെ ഓണായിരിക്കുന്ന ഉപകരണങ്ങൾ. ...ലൈനിൽ വല്ല തകരാർ മൂലമോ, അവിചാരിതമായ ഇടിമിന്നൽ ,സർജ് എന്നിവ മൂലവും അമിത വൈദ്യുതി പ്രവഹിച്ച് തകരാറിലാകാൻ സാദ്ധ്യത കൂടുതലാണ്.
ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ ഈ സർക്യൂട്ടിന് കഴിയും.
നമ്മുടെ ടെലിവിഷനുകൾ എല്ലാം ഒന്നിലധികം USBപോർട്ടുകളുമായാണ് വരുന്നത്. ഈ സർക്യൂട്ടിൽ ഓപ്റ്റോ കപ്ളറിനോട് ചേർന്ന് വരുന്ന USB കേബിൾ TV യുടെ ഏതെങ്കിലും USB പോർട്ടിൽ കുത്തുക.
നിങ്ങളുടെ കൈവശമുള്ള സാധാരണ ഷോപ്പുകളിൽ ലഭിക്കുന്ന 4 പിൻ ടൈപ്പോ, 6 പിൻ ടൈപ്പോ ഏത് ഓപ്റ്റോ കപ്ളറും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം. നമ്പർ നെറ്റിൽ അടിച്ച് നോക്കി ഇൻ്റേണൽ ഡയഗ്രം ഒന്ന് വെരിഫൈ ചെയ്യണം എന്ന് മാത്രം.
ഓട്ടോ പവർ ഓഫ് സർക്യൂട്ടിൻ്റെ ഔട്ട്പുട്ടിൽ കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റുകളിൽ നിന്ന് വേണം TV ഉൾപ്പടെയുള്ള എല്ലാ ഉപകരണങ്ങൾക്കും വൈദ്യുതി നൽകേണ്ടത്.
ഇനി റിമോട്ട് കൊണ്ട് TV ഓഫ് ചെയ്താൽ ഏതാണ്ട് 2 മിനിറ്റിന് ശേഷം നമ്മുടെ ഈ ഉപകരണം വഴി കണക്റ്റ് ചെയ്ത എല്ലാ ഉപകരണങ്ങളുടെയും വൈദ്യുതി പൂർണ്ണമായും ഡിസ്കണക്റ്റ് ആകുന്നതാണ്.
C 1 എന്ന 1000 uf കപ്പാസിറ്ററാണ് ഈ 2 മിനിറ്റ് എന്ന ഡിലേ ടൈം തീരുമാനിക്കുന്നത്.ഇതിൻ്റെ വാല്യൂ ഉയർത്തിയാൽ ഡിലേ കൂട്ടാം. D1,D2 1N 4007
വളരെ സിമ്പിളായ ഈ സർക്യൂട്ട് പഴയൊരു set top ബോക്സിൻ്റെ 12 വോൾട്ട് SMPS പവർസപ്ലേ കൊടുത്താണ് ഞാൻ ഉപയോഗിക്കുന്നത്.
ഡബിൾ കോൺടാക്റ്റ് റിലേ ഉപയോഗിച്ചാൽ ന്യൂട്രലും ഫേസും ഒരേ സമയം കട്ടാകും.ഇത് കൂടുതൽ സുരക്ഷിതത്വം നൽകും.
ഈ സർക്യൂട്ടിൽ നിന്ന് നമ്മൾ TV യിൽ കുത്താൻ ഉപയോഗിക്കുന്ന USB കേബിളിൻ്റെ ഡാറ്റാ ലൈൻ ( വെളുപ്പും, പച്ചയും വയർ ) തമ്മിൽ ഒരു 56 ഓംസ് റസിസ്റ്റർ ഉപയോഗിച്ച് ഷോർട്ട് ചെയ്യണം.
TV ഓണായിരിക്കുമ്പോൾ എല്ലാ USB പോർട്ടിലും 5 Vപവർ ഉണ്ടാകും. ഈ പവർ ഓപ്റ്റോ കപ്ളർ ഡിറ്റക്റ്റ് ചെയ്ത് Q1 ട്രാൻസിസ്റ്ററിനെ കണ്ടക്റ്റ് ചെയ്യിച്ച് റിലേ ഓണാക്കും.
റിമോട്ടിൽ TV യുടെ പവർ ഓഫ് ചെയ്താൽ ഓപ്റ്റോ കപ്ളറിലേക്കുള്ള പവർ ഓഫാകും ഇതുമൂലം ഓപ്റ്റോയ്ക്കുള്ളിലെ ട്രാൻസിസ്റ്റർ ഓഫാവുകയും D1 വഴി പോസിറ്റീവ് വോൾട്ട് പുറത്തേക്ക് വരുന്നത് നിൽക്കുകയും ചെയ്യും.
തുടർന്ന് C 1 കപ്പാസിറ്ററിൽ സ്റ്റോറായിരിക്കുന്ന വൈദ്യുതി ലഭ്യമാകുന്ന അത്രയും സമയം മാത്രം Q1 ഓണായിരിക്കും. ശേഷം Q1 ഓഫായി റിലേ കട്ടാകും സർക്യൂട്ടിലെ പ്ലഗ്ഗ് സോക്കറ്റിൽ കണക്റ്റ് ചെയ്ത എല്ലാ ഉപകരണങ്ങളും പൂർണ്ണമായും ഓഫാകും.
ഇങ്ങനെ ഓഫായാൽ വീണ്ടും എല്ലാ ഉപകരണങ്ങളുടെയും പവർ ഓൺ ചെയ്യണമെങ്കിൽ സർക്യൂട്ടിലെ പുഷ് ബട്ടൺ ഓൺ ചെയ്യണം.
ഈ സർക്യൂട്ട് പ്രൊഡക്റ്റായി പുറത്തിറക്കണമെങ്കിൽ അൽപ്പം ചില കൂട്ടിച്ചേർക്കലുകൾ കൂടി വേണ്ടി വരും. #Ajith_kalamassery

സർജ് പ്രൊട്ടക്റ്റർ ഫ്രം സ്ക്രാപ്പ്

 സർജ് പ്രൊട്ടക്റ്റർ ഫ്രം സ്ക്രാപ്പ്

 അജിത് കളമശേരി

 


വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ LED ബൾബിൻ്റെ പവർ സപ്ലേ ഉപയോഗിച്ച് ഒരു സർജ് പ്രൊട്ടക്റ്റർ എങ്ങനെ നിർമ്മിക്കാം എന്ന് പഠിക്കാം.
ഇത് ഇലക്ട്രോണിക്സിൽ താൽപ്പര്യമുള്ള കുട്ടികൾക്കായുള്ള ഒരു ഹോബി സർക്യൂട്ടാണ് .വായിച്ച ശേഷം ഇതെന്ത് പറ്റിക്കലാണ് എന്ന് മുതിർന്നവർ പറയരുതേ!
ഫിലിപ്സ്, സിസ്ക, ഹാവെൽസ്, ഓശ്രം, ബജാജ്, വിപ്രോ, വാട്ട്സ്, എവറെഡി തുടങ്ങിയ പോലുള്ള കമ്പനികളുടെ LED കൾ മാത്രം പോയ ബൾബുകൾ വേണം സർജ് പ്രൊട്ടക്റ്റർ ഉണ്ടാക്കാനായി എടുക്കേണ്ടത്.
ഇവയുടെ പവർ സപ്ലേ ബോർഡുകൾ അങ്ങനെ തകരാറിലാകാറില്ല. LED യാണ് പോകാറുള്ളത്. വീട്ടിൽ ഇല്ലെങ്കിൽ അടുത്തുള്ള സ്ക്രാപ്പിൽ തപ്പിയാൽ മതി. 10 രൂപയൊക്കെ കൊടുത്താൽ മതിയാകും.
ചിത്രത്തിൽ കൊടുത്തിരിക്കുന്നത് സിസ്കയുടെ 12 വാട്ട് LED സർക്യൂട്ടാണ്. മിക്ക കമ്പനിയുടേയും സർക്യൂട്ട് ഇതൊക്കെത്തന്നെയായിരിക്കും.
LED ബൾബ് പൊളിച്ച് ബോർഡ് വെളിയിലെടുക്കാൻ ഒരു സിമ്പിൾ പരിപാടിയുണ്ട്. അദ്യം ഒരു തുണി ഉപയോഗിച്ച് ബലമായി പിടിച്ച് ബൾബിൻ്റെ ലൈറ്റ് ഡിഫ്യൂസർ (വെളുത്ത ഡൂം ) ഊരിമാറ്റുക .ലാമ്പ് ബോഡിയും - ഡിഫ്യൂസറും വിപരീത ദിശയിൽ പുറത്തേക്ക് വളച്ച് ഒടിക്കുന്നത് പോലെ അൽപ്പം ബലം പ്രയോഗിച്ച് തിരിച്ചാൽ മതി.. ക്ലിപ്പിൽ നിന്നും വിട്ട് പോരും.
LED ഹീറ്റ് സിങ്കിൽ ഫിറ്റ് ചെയ്ത സ്ക്രൂ ഊരുക. അതിന് ശേഷം സോൾഡറിങ്ങ് അയേൺ ഉപയോഗിച്ച് ബൾബിന് പുറകിലെ ഹോൾഡറിൽ മുട്ടുന്ന ഭാഗത്തെ ലെഡ് ഉരുക്കുക. വയറുകൾ വിട്ട് അവിടെ ചെറിയ രണ്ട് ഹോൾ വരും. ആ ഹോളിലൂടെ ഒരു വണ്ണം കുറഞ്ഞ് നീളമുള്ള കമ്പിയോ, സ്ക്രൂ ഡ്രെവറോ കടത്തി രണ്ട് മുട്ട് മുട്ടിയാൽ ഹീറ്റ് സിങ്കും,PCB യും സുരക്ഷിതമായി കേടുപാടുകളില്ലാതെ ഊരിയെടുക്കാം.
LED പോയ ബൾബുകൾ വേറേ LED ആ സ്ഥാനത്ത് മാറ്റിയിട്ട് വീണ്ടും ഉപയോഗിക്കാം. പോയ LED ഷോർട്ട് ചെയ്യുന്ന രീതി പ്രയോഗിച്ചാൽ അത് പിന്നെയും വേഗം ചീത്തയാകും.
LED മാറ്റുന്ന ടെക്നോളജി യൂട്യൂബിൽ ഇഷ്ടം പോലെയുണ്ട്. അത് വേറേ വിഷയം. ഇവിടെ നമ്മൾ സർജ് പ്രൊട്ടക്റ്റർ ഉണ്ടാക്കുകയാണല്ലോ.
ഊരിയെടുത്ത PCB ഒന്ന് ഇൻസ്പെക്റ്റ് ചെയ്ത് ഇവിടെ തന്നിരിക്കുന്ന സർക്യൂട്ടുമായി കമ്പയർ ചെയ്ത് സർജ് പ്രൊട്ടക്ഷൻ സൈഡ് കണ്ടു പിടിക്കുക.ആ ഭാഗം കരിഞ്ഞ് പുകഞ്ഞ് ഇരിക്കുന്നുവെങ്കിൽ ആ pcb നമ്മുടെ ആവശ്യത്തിന് പറ്റിയതല്ല. വേറെ ഒരെണ്ണം എടുക്കുക. കൂടുതൽ സർക്യൂട്ടുകൾ ആദ്യ കമൻ്റായി ചേർത്തിട്ടുണ്ട്.
ബ്രിഡ്ജ് റക്റ്റിഫയർ മോഡ്യൂളിന് തൊട്ട് മുന്നിൽ വച്ച് PCB track കട്ട് ചെയ്ത് AC ഔട്ട് പുറത്തേക്കെടുക്കാം.
ഇനി ഈ സർജ് പ്രൊട്ടക്റ്റർ നിങ്ങളുടെ ആവശ്യാനുസരണം BLDC ഫാനിനോ, LED TVക്കോ പവർ പോകുന്ന പ്ലഗ് സോക്കറ്റിൽ കണക്റ്റ് ചെയ്ത് അവയ്ക്ക് ഒരു അഡീഷണൽ സേഫ്റ്റി ഉറപ്പ് വരുത്താം.
ഒരു കാര്യം ശ്രദ്ധിക്കണേ LED ബൾബിൻ്റെ PCB യിൽ R1, R2 എന്നിവ 10 ഓംസ് 1 വാട്ട് അല്ല കിടക്കുന്നതെങ്കിൽ LED TV വർക്ക് ചെയ്യാനുള്ള ആമ്പിയർ അവ വിട്ടുകൊടുക്കില്ല. ചൂടായി പുകയും. അതിനാൽ അവ 10 E 1 W ആക്കി മാറ്റുക. അല്ലെങ്കിൽ ഈ സർജ് പ്രൊട്ടക്റ്റർ ഭാഗം മാത്രം ഒരു കോമൺ PCBയിൽ ചെയ്തെടുക്കുക.
LED ബൾബുകൾ റിപ്പയർ ചെയ്ത് നോക്കാൻ താൽപ്പര്യമുള്ളവർക്കായി ആദ്യ കമൻ്റായി 7 വാട്ട്, 9 വാട്ട് LED ബൾബ് സർക്യൂട്ടുകളും കൊടുത്തിട്ടുണ്ട്.
പഴയ കമ്പ്യൂട്ടർ SMPS ൽ നല്ല അടിപൊളി സർജ് പ്രൊട്ടക്റ്റർ ഉണ്ടാകും പക്ഷേ അവ എർത്ത് കണക്ഷൻ ഉണ്ടെങ്കിലേ ശരിയായി പ്രവർത്തിക്കൂ.#Ajith - kalamassery

നാലാം ക്ലാസും ഗുസ്തിയും പിന്നെ പ്രോട്ടോ ടൈപ്പും!

 

നാലാം ക്ലാസും ഗുസ്തിയും 
പിന്നെ പ്രോട്ടോ ടൈപ്പും!
 അജിത് കളമശേരി

 
നമ്മളിൽ ചിലരൊക്കെ പുതിയ പുതിയ ഇലക്ട്രോണിക്സ് പ്രൊഡക്റ്റുകൾ ഡിസൈൻ ചെയ്യാനും, നിലവിലുള്ളവയിൽ മാറ്റം വരുത്താനും അറിവുള്ളവരാണ്.
ഇത്തരക്കാർ എണ്ണത്തിൽ വളരെക്കുറവാണ് ,
കാരണം, മിക്കവർക്കും പൊടിക്കൈകൾ ധാരാളം വശമുണ്ടെങ്കിലും അവയൊക്കെ എടുത്ത് പ്രയോഗിച്ചാൽ ഇത് കാണുന്ന മറ്റുള്ളവർ തന്നെ കളിയാക്കിയാലോ എന്ന ഒരുൾ ഭയം ഭൂരിഭാഗം പേരെയും ഡിസൈൻ മോഡിഫിക്കേഷൻ രംഗത്ത് പ്രവർത്തിക്കാനോ, അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനോ ധൈര്യമില്ലാതെ പിൻ വലിയാൻ പ്രേരിപ്പിക്കുന്നത്.
1980- 90 കളിലെ ഒരു കഥ പറയാം.
പണ്ടത്തെ ഫിലിപ്സ് റേഡിയോകൾ ഒന്ന് രണ്ട് വർഷം പഴയതായി കഴിയുമ്പോൾ പിന്നെ മഴക്കാലത്ത് മിണ്ടാട്ടം മുട്ടി നിന്ന് പോകും! അടുപ്പിൻ്റെ പാതിയാമ്പുറത്ത് കൊണ്ടുപോയി വച്ച് കുറച്ച് തീകായിച്ചാൽ അവൻ അതോ അവളോ പതിയെ പാടിത്തുടങ്ങും!
ചൂട് കാലാവസ്ഥയിൽ ഓസിലേറ്റർ കോയിലിൽ കൊടുത്തിരിക്കുന്ന വാക്സ് കോട്ടിങ്ങ് വേപ്പറൈസ് ചെയ്ത് നഷ്ടപ്പെട്ട് പോകും.
ഇങ്ങനെ കാലാന്തരത്തിൽ കോട്ടിങ്ങ് നഷ്ടപ്പെട്ടാൽ മഴക്കാലത്ത് റേഡിയോയുടെ മീഡിയം വേവ് പ്രവർത്തിക്കില്ല. ഓസിലേറ്റർ കോയിലിൽ തണുപ്പടിച്ച് ഓസിലേറ്റിങ്ങ് ഫ്രീക്വൻസി മാറിപ്പോകുന്നതാണ് കാരണം.
ഇത്തരം സെറ്റുകളെ റിപ്പയറിങ്ങിനായി സർവ്വീസ് സെൻ്ററിൽ എത്തിച്ചാൽ ചിലർ അന്ന് 17 രൂപ വിലവരുന്ന ഒറിജിനൽ ഫിലിപ്സ് ഓസിലേറ്റർ കോയിൽ മാറ്റിയിട്ട് നൽകും, അതിന് നല്ല ചാർജും ചെയ്യും.. പിന്നെയും 2 വർഷം കഴിഞ്ഞാൽ സംഗതി തഥൈവ !
നാലാം ക്ലാസും ഗുസ്തിയും കൈ മുതലായുള്ള പൊടിക്കൈ അറിയാവുന്ന നാടൻ മെക്കാനിക്ക് അന്ന് ഒന്നര രൂപ വിലയുള്ള റോസിയുടെ IFT പായ്ക്കറ്റിൽ നിന്ന് വെള്ള. lFT മാത്രം എടുത്ത് ഓസിലേറ്റർ കോയിലിന് പകരം മാറ്റിയിടും, ഒറിജിനലിൻ്റെ ചാർജും വാങ്ങും. (ഒരു പായ്ക്കറ്റിൽ വെള്ള, പച്ച, മഞ്ഞ എന്നിങ്ങനെ കളർകോഡുള്ള 3 ഇൻ്റർമീഡിയറ്റ് ഫ്രീക്വൻസി ട്രാൻൻസ്ഫോർമർ അഥവാ IFT ഉണ്ടാകും.)
പിന്നെ എന്തൊക്കെ പോയാലും ഈ മാറ്റിയിട്ട ഓസിലേറ്റർ കോയിൽ പോകില്ല. ( ഓ സോറി IFT ) പക്ഷേ വേറേയൊരു സർവ്വീസ് സെൻ്ററിൽ ഈ റേഡിയോ എത്തിയാൽ ഓസിലേറ്റർ കോയിലിന് പകരം IFT ഇട്ട മണ്ടൻ നാടൻ മെക്കാനിക്കിന് പിന്നെ തലയിൽ മുണ്ടിടാതെ നാട്ടിലിറങ്ങാൻ പറ്റാത്ത വിധം അവമതിപ്പും പുലഭ്യം പറച്ചിലും ആ ഒറിജിനൽ മെക്കാനിക്ക് നടത്തിയിരിക്കും.
ഇതു പോലെ സൂത്രപ്പണികൾ ഒന്നുമറിയാത്ത നേരേ വാ നേരേ പോ സ്വഭാവക്കാരായ ഒർജിനൽ മെക്കാനിക്കുകളും, ഡിസൈനർമാരുടെയും വംശം കുറ്റിയറ്റ് പോയിട്ടൊന്നുമില്ല. നമ്മുടെ ഇടയിലും ഇത്തരക്കാർ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ട്.
അതിനാലാണ് നമ്മുടെ ഗ്രൂപ്പിൽ നല്ലത് ഉദ്ദേശിച്ച് ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടിയായി സൂത്രപ്പണികൾ പലതുമുണ്ടെങ്കിലും അവ പരിഹരിക്കാൻ അറിയാവുന്ന പ്രായോഗിക പരിചയവും, അനുഭവപരിചയവും ധാരാളമുള്ള ഉടൻ കൊല്ലി മെക്കാനിക്കുകൾ മറുപടിയൊന്നും നൽകാത്തത്.
1980കളിൽ വ്യാപകമായി കാർ സ്റ്റീരിയോകളിൽ ഉപയോഗിച്ചിരുന്ന TDA 2030 എന്ന ഓഡിയോ ഐസിക്ക് പകരമായി TDA 2050, NTE 1380, LM 386 എന്നീ ഐസികൾ ഉപയോഗിക്കാമെന്ന വിവരം പോലുമറിയാതെ ലോകം മുഴുവൻ 2030 തപ്പി നടന്നിരുന്ന മെക്കാനിക്കുകൾ ഉള്ള കാലവും കടന്ന് പോയി. ഇൻ്റർനെറ്റ് ഇല്ലാതിരുന്ന അക്കാലത്ത് 2030ക്ക് പകരം 2050 ഇടാമെന്ന അറിവ് ആറ്റം ബോബിൻ്റെ രഹസ്യമായിരുന്നു!
ഇനി പ്രോട്ടോ ടൈപ്പിലേക്ക് വരാം.
പ്രോട്ടോ ടൈപ്പ് എന്ന് കേൾക്കാത്ത ഇലക്ട്രോണിക്സ് ഡിസൈനർമാരും, ഇനി കേട്ടിട്ടുണ്ടെങ്കിൽ തന്നെ സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് തൊടാത്ത പ്രൊഡക്റ്റ് ഡവലപ്പർമാരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്. കമ്പ്യൂട്ടറാണ് ഇവരുടെ പണിയായുധം.!
ഇലക്ട്രോണിക്സ് ഡിസൈൻ രംഗത്ത് നിങ്ങൾ മുന്നേറാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം പഠിക്കേണ്ടത് പ്രോട്ടോ ടൈപ്പുകളെപ്പറ്റിയാണ്. എന്ത് സർക്യൂട്ട് കിട്ടിയാലും അതൊന്ന് നിർമ്മിച്ച് നോക്കുക. അപ്പോൾ ചില പോരായ്മകൾ ശ്രദ്ധയിൽ പെടും. അറിവുള്ളവരോട് ചോദിച്ച് അതൊന്ന് പരിഹരിക്കുക ഇതാ നിങ്ങളും ഡിസൈൻ രംഗത്തേക്ക് കാൽ വച്ചിരിക്കുന്നു. ഇങ്ങനെ കുറച്ച് പ്രോട്ടോ ടൈപ്പുകൾ സ്വന്തമായി ചെയ്യുമ്പോൾ നിങ്ങളും മറ്റുള്ളവരുടെ സംശയങ്ങൾ പരിഹരിക്കാൻ തക്ക അറിവുള്ള ഒരു ഡിസൈനറായി മാറിത്തുടങ്ങിയിരിക്കും. അല്ലാതെ ആർക്കും നിങ്ങളെ ഡിസൈനിങ്ങ് പഠിപ്പിക്കാനൊന്നും സാദ്ധ്യമല്ല. സ്വയം പഠിക്കണം.!
എന്താണ് ഈ പ്രോട്ടോ ടൈപ്പ്?
പ്രോട്ടോ ടൈപ്പ് എന്നാൽ ഒരു ഉൽപ്പന്നത്തിൻ്റെ ഡിസൈനറുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ ഡിസൈനർ തന്നെ നേരിട്ട് അസംബിൾ ചെയ്യുന്ന വർക്കിങ്ങ് മോഡലാണ് എന്ന് ഒറ്റ വാക്യത്തിൽ പറയാം.
പക്ഷേ ആദ്യ പ്രോട്ടോ ടൈപ്പിന് ആ ഉൽപ്പന്നത്തിൻ്റെ വിപണിയിൽ ഇറക്കാൻ പോകുന്ന മോഡലുമായി ചിലപ്പോൾ വിദൂര സാമ്യം മാത്രമേ ഉണ്ടാകൂ താനും!
ഏതൊരു ഉൽപ്പന്നവും വൻതോതിൽ നിർമ്മിച്ച് വിപണിയിൽ ഇറക്കുന്നതിന് മുൻപ് അതിൻ്റെ പ്രവർത്തന ക്ഷമതയും, ദീർഘകാലാടിസ്ഥാനത്തിൽ ഓരോ പാർട്ടിനും ഉണ്ടാകുന്ന തകരാറുകൾ, തേയ്മാനം, വോൾട്ടേജ് ആമ്പിയർ, താപനില എന്നിവ നിശ്ചിത പരിധിയിലും ഉയർന്നാലോ, താഴ്ന്നാലോ സംഭവിക്കാവുന്ന തകരാറുകൾ,വൈബ്രേഷൻ, പൊടി, അന്തരീക്ഷ മലിനീകരണം ,ഹ്യുമിഡിറ്റി, സൂര്യപ്രകാശം പോലുള്ളവ ഉൽപ്പന്നത്തിൽ ഏൽപ്പിക്കുന്ന ആഘാതം മൂലമുള്ള തകരാറുകൾ എന്നിവയെല്ലാം പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെയാണ് പ്രൊഡക്റ്റ് ഡവലപ്പർമാർ കണ്ടെത്തുന്നത്.
അല്ലാതെ ചിലർ ചെയ്യുന്നത് പോലെ നേരിട്ട് കമ്പ്യൂട്ടറിൽ ഒരു സർക്യൂട്ട് ഡിസൈൻ ചെയ്ത് ,അത് സിമുലേറ്റ് ചെയ്ത് നോക്കി കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നത് കണ്ടാൽ ഉടനെ തന്നെ PCB അടിച്ച് ഉൽപ്പന്നമുണ്ടാക്കി മാർക്കറ്റിലേക്ക് വിടുകയല്ല ശരിയായ രീതി.
ഏതൊരു ഇലക്ടോണിക് ഉൽപ്പന്നവും വിപണിയിലിറക്കും മുൻപ് അതിൻ്റെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ സാധിക്കും.
ഒരു പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് സമയത്ത് പല വിധത്തിലുള്ള പ്രോട്ടോടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കേണ്ടി വരും.
അതിൽ ആദ്യത്തേത് . POC എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പ്രൂഫ് ഓഫ് കൺസെപ്റ്റ് പ്രോട്ടോ ടൈപ്പാണ്. നമ്മളുടെ ആശയം പ്രായോഗികമാണോ അതോ മണ്ടത്തരമാണോ എന്ന് കൈവശമുള്ള പാർട്സുകൾ ഉപയോഗിച്ച് വലിയ ചിലവില്ലാതെ നിർമ്മിച്ച് പരീക്ഷിക്കുന്നതിനെയാണ് POC എന്ന് വിളിക്കുന്നത്.
ഇലക്ട്രോണിക്സ് കമ്പനികൾ POC ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.. ഡിസൈനറുടെ കൈ എത്തും ദൂരത്ത് നാട്ടിൽ ലഭ്യമാകുന്ന പാർട്സുകളുടെ വലിയ ശേഖരം POC ലാബിൽ കമ്പനികൾ ശേഖരിച്ചിരിക്കും.
POC പ്രോട്ടോ ടൈപ്പ് നിർമ്മിച്ച് ഐഡിയ കൊള്ളാമെന്ന് നാല് പേർ പറഞ്ഞാൽ അടുത്തതായി ആൽഫാ പ്രോട്ടോ ടൈപ്പ് നിർമ്മാണത്തിലേക്ക് കടക്കും.
വെരിഫൈഡ് യൂസേഴ്സിൻ്റെ ഫീഡ്ബാക്ക് ലഭിക്കുന്നതിനായി കമ്പനികൾ നിർമ്മിച്ച് നൽകുന്നതാണ് ആൽഫാ പ്രോട്ടോ ടൈപ്പുകൾ.
ഓഡിയോ രംഗത്തെ മുൻനിര കമ്പനികൾക്കായി പ്രൊഡക്റ്റുകൾ വെരിഫൈ ചെയ്ത് കേട്ട് വിലയിരുത്തി വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ചിലരെപ്പറ്റി ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ജീൻ ഹിരാഗ, നെൽസൺ,പാസ്, ApEx ൻ്റെ മൈൽ സ്ലോവാനിക്, ഇവരെല്ലാം ഈ ആൽഫാ ടെസ്റ്റിങ്ങ് രംഗത്തെ മുൻനിരക്കാരാണ്.
കേരളത്തിലും ചില ഓഡിയോ ഇലക്ട്രോണിക്സ് ആൽഫാ ടെസ്റ്റർമാരുണ്ട് എന്ന കാര്യം ഇത്തരുണത്തിൽ പരാമർശിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. നമ്മുടെ ഗ്രൂപ്പ് അംഗങ്ങളായ ആദരണീയരായ ശ്രീ അച്ചുത വാര്യർ, ശ്രീ അജിത് കുമാർ തിരുവനന്തപുരം, ശ്രീ വറുഗീസ് തേവയ്ക്കൽ എന്നിവരാണവർ, ഇന്ത്യയിലെ പ്രഗത്ഭനായ മറ്റൊരു ഓഡിയോ ആൽഫാ ടെസ്റ്ററാണ് ശ്രീ വേദമിത്ര ശർമ്മ.
വെറുതെ ഓഡിയോ കേട്ട് വിലയിരുത്തുകയല്ല പോരായ്മകൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യും എന്നതാണ് ആൽഫാ ടെസ്റ്റർമാരുടെ കഴിവ്.. ഇവരുടെ വരുമാനത്തിൻ്റെ നല്ലൊരു പങ്ക് ഇത്തരം ടെസ്റ്റിങ്ങ് രംഗത്ത് നിന്നാണ് വരുന്നത്.
ആൽഫാ കഴിഞ്ഞാൽ അടുത്ത ഘട്ടം ബീറ്റാ പ്രോട്ടോ ടൈപ്പാണ് .ഫൈനൽ പ്രൊഡക്റ്റിനോട് ഏകദേശം അടുത്ത വരുന്ന നിർമ്മാണ രീതിയും രൂപഘടനയുമായിരിക്കും ബീറ്റാ പ്രോട്ടോ ടൈപ്പിന്.
യഥാർത്ഥ സാഹചര്യങ്ങളിൽ ആ ഉൽപ്പന്നം എങ്ങനെയൊക്കെ പ്രതികരിക്കുന്നു, എന്തൊക്കെ തകരാറുകൾ വരുന്നുണ്ട് എന്ന് മനസിലാക്കാനായി ഈ ബീറ്റാ പ്രോട്ടോ ടൈപ്പുകൾ ആ ഉൽപ്പന്നം വിൽക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൻ്റെ എല്ലാ കാലാവസ്ഥാ മാറ്റങ്ങളും മനസിലാക്കാൻ ഉതകുന്ന വിധം പരിക്ഷിക്കുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഇത് കടുത്ത മഞ്ഞുവീഴ്ചയുള്ള ലഡാക്ക്, കാശ്മീർ ഹിമാചൽ പ്രദേശുകളിലും, എക്സ്ട്രീം താപനിലയുള്ള രാജസ്ഥാനിലും, ഹ്യൂമിഡിറ്റിയും മഴയും കൂടിയ കേരളത്തിലും വരണ്ട കാലാവസ്ഥയുള്ള തമിഴ്നാട്ടിലും, പരീക്ഷിക്കപ്പെടുന്നു.നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിച്ച് പരീക്ഷിച്ച ശേഷം ഈ ഉപകരണങ്ങൾ തിരികെയെടുത്ത് ലാബിൽ എത്തിച്ച് ഗുണ, ദോഷ പരിശോധനകൾ നടത്തി വിലയിരുത്തി ഫൈനൽ പ്രൊഡക്റ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു.
വാഹനങ്ങളോട് അഭിനിവേശമുള്ളവർ ചില വാഹനങ്ങൾ ആകെ പൊതിഞ്ഞ് മൂടിയ നിലയിൽ റോഡിലൂടെ പോകുന്നത് അവിചാരിതമായി കണ്ടിട്ടുണ്ടാകും, എത് കമ്പനി, ഏത് ബ്രാൻഡ് എന്നൊന്നും മനസിലാകാതിരിക്കാനാണ് ആകെ മൂടിപ്പൊതിഞ്ഞ് ഇത്തരം ബീറ്റാ പ്രോട്ടോ ടൈപ്പ് വണ്ടികൾ റോഡ് ടെസ്റ്റ് നടത്തുന്നത്.
പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ പല വിധ നേട്ടങ്ങളാണ് കമ്പനികൾക്കുണ്ടാകുന്നത്.
ഏത് നാട്ടിൽ ഉപയോഗിക്കുമ്പോൾ എന്ത് തകരാറ് ഉൽപ്പന്നത്തിന് വരും എന്ന് മുൻകൂട്ടി മനസിലാക്കി ആ നാട്ടിലെ സർവ്വീസ് ടീമിന് പരിശീലനം നൽകാനും, സ്പെയറുകൾ കരുതി വയ്ക്കാനും സാധിക്കും ഇതുമൂലം കസ്റ്റമർ സാറ്റിസ് ഫാക്ഷൻ ഉയരും, ബ്രാൻഡ് വാല്യൂ കൂടും.
ശരിയായ ഫീഡ് ബാക്ക് ലഭിക്കുന്നത് മൂലം ഉൽപ്പന്നത്തിൻ്റെ വരും മോഡലുകളിൽ പുതിയ ഫീച്ചറുകൾ ചേർക്കാൻ സാധിക്കും.
 
 

 
ഡൈ മേക്കിങ്ങ് ,പ്രൊഡക്റ്റ് ക്യാബിനെറ്റ്, സ്പെയർ പാർട്സുകൾ ,പ്രൊഡക്റ്റ് ഫിനിഷിങ്ങ് ,വയറുകൾ, നോബുകൾ, സ്വിച്ചുകൾ, ഡയലുകൾ പോലുള്ളവയിൽ ഗുണമേൻമയുള്ള നിർമ്മാതാക്കളെ മുൻകൂട്ടി സോഴ്സ് ചെയ്യാം. ആവശ്യത്തിനനുസരിച്ച് മാത്രം വാങ്ങി ഇനിഷ്യൽ കോസ്റ്റ് കുറയ്ക്കാം.
തകരാറുകൾ വരാനുള്ള സാദ്ധ്യത കുറയ്ക്കാം..
വിദേശ കമ്പനികൾ പ്രോട്ടോ ടൈപ്പിങ്ങ് മേഘലയ്ക്ക് പ്രമുഖമായൊരു സ്ഥാനം നൽകുന്നുണ്ടെങ്കിലും, ഇന്ത്യൻ കമ്പനികൾ ഉപഭോക്താവിൻ്റെ തലയിൽ ബീറ്റാ ടെസ്റ്റിങ്ങ് പ്രോട്ടോ ടൈപ്പുകൾ ഫൈനൽ പ്രൊഡക്റ്റായി കെട്ടി വച്ച് അവരുടെ ചിലവിൽ പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് നടത്തുന്ന രീതി കുറച്ച് കാലം മുൻപ് വരെ അനുവർത്തിച്ചിരുന്നു.
മാറിയ ഉപഭോക്തൃ സംസ്കാരം മൂലം വില കുറച്ച് കൂടിയാലും നല്ല ഉൽപ്പന്നങ്ങൾക്കും വിപണിയിൽ നല്ല ഡിമാൻഡ് വന്ന് തുടങ്ങിയതിനാൽ ഇന്ത്യൻ കമ്പനികളും പ്രോട്ടോ ടൈപ്പിങ്ങിന് പ്രാമുഖ്യം നൽകിത്തുടങ്ങി എന്നതിനാൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കായി കാത്തിരിക്കുന്ന.ഇന്ത്യൻ ഉപഭോക്താക്കൾക്കും താൽപ്പര്യമുള്ള വാർത്തയാണ്.
ചിത്രത്തിൽ കാണുന്നത് ഡോൾബി ലാബോറട്ടറീസിലെ റേ ഡോൾബി 1984 ൽ അസംബിൾ ചെയ്ത ഡോൾബി SR നോയ്സ് റിഡക്ഷൻ സർക്യൂട്ടിൻ്റെ ആൽഫാ പ്രോട്ടോ ടൈപ്പ് ബോർഡാണ്.ഇതിൻ്റെ ടെസ്റ്റിങ്ങിന് ശേഷം തുടർന്ന് ഡിസൈൻ ചെയ്ത ഡോൾബിയുടെ ബീറ്റാ പ്രോട്ടോ ടൈപ്പ്ചിത്രം താഴെ കൊടുക്കുന്നു.
 
 
 

 
 
ചെറിയ ചെറിയ ഐസികൾ മാറ്റി ബീറ്റാ പ്രോട്ടോ ടൈപ്പിൽ കസ്റ്റം മേഡ് ചിപ്പുകൾ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാകും.ഏതാണ് അമ്പതോളം പ്രോട്ടോ ടൈപ്പുകളാണ് ഫൈനൽ പ്രൊഡക്റ്റിലേക്ക് എത്തിച്ചേരുന്നതിന് മുൻപായി റേ ഡോൾബി അസംബിൾ ചെയ്തത്. എത്ര കോംപ്ലിക്കേറ്റഡ് സർക്യൂട്ടാണ് അദ്ദേഹം ചെയ്തതെന്ന് സൂം ചെയ്ത് നോക്കിയാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും!
ലോകത്തിലെ ഏറ്റവും കോംപ്ലക്സ് ഇലക്ട്രോണിക്സ് പ്രോട്ടോ ടൈപ്പായി ഇത് കണക്കാക്കപ്പെടുന്നു. സാൻഫ്രാൻസിസ്ക്കോയിലെ എയർപോർട്ട് മ്യൂസിയത്തിൽ ഈ പ്രോട്ടോ ടൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.
ഇത്രയും വലിയ ഡിസൈനറായ റേ ഡോൾബി കമ്പനി എന്തിനാണ് ഇങ്ങനെ പോട്ടോ ടൈപ്പ് ഉണ്ടാക്കി കഷ്ടപ്പെട്ടത്? നേരേ കമ്പ്യൂട്ടറൽ ഡിസൈൻ ചെയ്യുക, സിമുലേറ്റ് ചെയ്യുക ,PCB അടിക്കുക പ്രൊഡക്റ്റ് വിൽക്കുക അതല്ലേ ചെയ്യേണ്ടത്? മണ്ടൻ ഡോൾബി.!..#Ajith_kalamassery