PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Monday, July 17, 2023

JBL ൻ്റെ കഥ

JBL ൻ്റെ കഥ 


 

 അമേരിക്കയിലെ ഇല്ലിനോയിസിലുള്ള ഗ്രീൻ റിഡ്ജ് എന്ന ഖനിയുടെ സമീപമുള്ള ചെറു പട്ടണത്തിൽ  സാങ്കേതിക തൽപ്പരനും വികൃതിയുമായ ഒരു പത്ത് വയസുകാരൻ ഉണ്ടായിരുന്നു.ജയിംസ് മാർട്ടിനി ലാൻസിങ്ങ് എന്ന കുരുത്തം കെട്ട പയ്യനായിരുന്നു അത്.


 ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് വരുന്ന ചെറിയ പാട്ട ടിന്നുകൾ സംഘടിപ്പിച്ച് അത് കമ്പിളി വസ്ത്രങ്ങളിൽ ഉരസി ഈ ടിന്നുകളിൽ  സ്റ്റാറ്റിക് ഇലക്ട്രിസിറ്റി സംഭരിച്ച് അവൻ  വഴിയിൽ ഇടും! വഴിയിൽ കുടി പോകുന്ന മറ്റ് കുട്ടികൾ കൗതുകത്തിനായി ഈ ടിന്നുകൾ എടുത്തു നോക്കും. ടിന്നിൽ തൊട്ടാൽ ശക്തമായ ഒരു ഷോക്ക് കിട്ടും.

ഗ്രീൻ റിഡ്ജിലെ ഒരു മൈനിങ്ങ്‌ എഞ്ചിനീയറായ ഹെൻട്രി മാർട്ടിനിയുടെയും, ഗ്രേസ് മാർട്ടിനിയുടേയും ഒമ്പതാമത്തെ പുത്രനായിരുന്നു ഈ കുഴപ്പക്കാരൻ!

 കൂട്ടുകാരെ പേടിപ്പിക്കാൻ ലാൻസിങ്ങ് സാങ്കേതിക വിദ്യയെ കൂട്ട് പിടിച്ച് ഇലക്ട്രോണിക്സ് പണി പഠിച്ച് തുടങ്ങി.

കുട്ടികളെ പേടിപ്പിക്കുന്ന ഈ ഷോക്ക് സൂത്രം മുതിർന്നവരിൽ അത്ര കാര്യമായി എൽക്കുന്നില്ല എന്ന കാര്യം ലാൻസിങ്ങിൻ്റെ ശ്രദ്ധയിൽ പെട്ടു.

ഈ ഷോക്കിൻ്റെ പവർ കൂട്ടാൻ എന്താണ്ടൊരു മാർഗ്ഗം? കുട്ടി ശാസ്ത്രജ്ഞൻ്റെ തല പുകഞ്ഞു.  വീട്ടിലെ  സൈക്കിളിൽ ചെറിയ ഒരു  മാറ്റം വരുത്തി നോക്കി. ടയറിൽ കമ്പിളി ചുറ്റി ചക്രം കറങ്ങുമ്പോൾ ഈ  കമ്പിളിത്തുണി  ചാർജ് കയറ്റേണ്ട ടിന്നിൽ ഉരസി കറങ്ങുന്ന സംവിധാനം വികസിപ്പിച്ചു.

പരീക്ഷണം സക്സസ് ! സാധാരണ രീതിയിൽ കൈ കൊണ്ട് ഉരച്ച് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി സംഭരിക്കുന്നതിലും നൂറിരട്ടി വൈദ്യുതി ഇത്തരത്തിൽ സംഭരിക്കാൻ സാധിക്കുമെന്ന് ലാൻസിങ്ങ് മനസിലാക്കി. ടിന്നിൽ നിന്ന് എർത്താകുന്ന സ്പാർക്കിൻ്റെ പൊട്ടൽ കേട്ട് തന്നെ സംഗതി  അപകടകരമെന്ന് തോന്നിയ ലാൻസിങ്ങ് ആ പരീക്ഷണം അവിടെ നിറുത്തി.

പിന്നെ വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്ന ക്രിസ്റ്റൽറേഡിയോകളിലേക്കായി ലാൻസിങ്ങിൻ്റെ ശ്രദ്ധ. ഷേവിങ്ങ് ബ്ലേഡും, മൊട്ടുസൂചിയും ,ഫോണിൻ്റെ ഇയർ പീസും ഒക്കെ ഉപയോഗിച്ച്  ക്രിസ്റ്റൽ റേഡിയോകൾ നിർമ്മിച്ച് കൂട്ടുകാർക്കൊക്കെ വിതരണം ചെയ്തു തുടങ്ങി.

 1914 കളിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്, ലാൻസിങ്ങിന് അന്ന് കഷ്ടി  പത്ത് വയസ് പ്രായം വരും.
റേഡിയോ പ്രക്ഷേപണത്തിൻ്റെ പ്രാരംഭ കാലമാണ് ... കാലത്തും വൈകിട്ടും മാത്രമേ റേഡിയോ പ്രക്ഷേപണമുള്ളൂ. തൻ്റെ ക്രിസ്റ്റൽ റേഡിയോ ചെക്ക് ചെയ്യാൻ നേരം സ്റ്റേഷൻ ഇല്ല. ലാൻസിങ്ങ് വേറേ വഴിതേടി.

 അന്നത്തെ വാൽവ് റേഡിയോകളിൽ ഉപയോഗിക്കുന്ന വാൽവുകൾ വേഗം വീക്കാക്കുന്നത് മൂലം  മൂന്ന് നാല് മാസത്തിലൊരിക്കൽ മാറ്റണം ,അങ്ങനെ റേഡിയോ മെക്കാനിക്കുകൾ ഊരി മാറ്റുന്ന വാൽവുകൾ സംഘടിപ്പിച്ച് ഒരു റേഡിയോ ട്രാൻസ്മിറ്റർ തന്നെ അങ്ങ് നിർമ്മിച്ചു.

ഇതിൽ നിന്ന് പുറപ്പെട്ട റേഡിയോ സിഗ്നലുകൾ അൽപ്പം ദൂരെയുള്ള  അമേരിക്കൻ നേവൽ ബേസ് വരെയെത്തി .. ഏതോ ചാരൻമാർ രഹസ്യമായി റേഡിയോ ട്രാൻസ്മിറ്റർ പ്രവർത്തിപ്പിച്ച് സന്ദേശങ്ങൾ കൈമാറുന്നുവെന്ന് കരുതിയ പട്ടാളക്കാർ സിഗ്നൽ ട്രാക്ക് ചെയ്ത് വന്ന് ലാൻസിങ്ങിൻ്റെ വീട് വളഞ്ഞു.

ഒരു കൗമാരക്കാരൻ്റെ പരീക്ഷണങ്ങളാണ് ഗൗരവതരമൊന്നുമല്ല എന്ന് കണ്ട പട്ടാളം ലാൻസിങ്ങ് ഉണ്ടാക്കിയ റേഡിയോ  ട്രാൻസ്മിറ്റർ പിടിച്ചെടുത്ത് ഇനി ഈ പണി ആവർത്തിക്കരുതെന്ന് താക്കീത് നൽകി പോയി!

മകൻ്റെ സാങ്കേതിക താൽപ്പര്യം കണ്ടറിഞ്ഞ അമ്മ ഗ്രേസ് മാർട്ടിനി  മകനെ തൻ്റെ പരിചയക്കാരൻ്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ അപ്രൻ്റീസായി കയറ്റി.

വർക്ക്ഷോപ്പ് അവന് വളരെ ഇഷ്ടപ്പെട്ടു.സ്കൂൾ സമയം കഴിഞ്ഞാൽ പയ്യൻ വർക്ക്ഷോപ്പിൽ ഉണ്ടാകും. താമസിയാതെ  വണ്ടികളുടെ ഇലക്ട്രിക്കൽ പണികളിൽ ലാൻസിങ്ങ് ഒരു വിദഗ്ദ്ധനായി മാറി. വർക്ക്ഷോപ്പിൽ നിന്നും കിട്ടുന്ന പോക്കറ്റ് മണി കൊണ്ട് തൻ്റെ റേഡിയോ പണികൾക്കുള്ള സാമഗ്രികൾ യഥേഷ്ടം വാങ്ങാനുമൊത്തു.

തൻ്റെ 22 ആം വയസിൽ അദ്ദേഹത്തിൻ്റെ അമ്മ ഗ്രേസ് മരണപ്പെട്ടു. പിതാവുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന ലാൻസിങ്ങ് ഇതോടെ വിടുവിട്ടു,സാൾട്ട് ലേക്ക് സിറ്റി എന്ന നഗരത്തിലേക്ക് താമസം മാറി.

കോളേജ് പഠനം പൂർത്തിയാക്കുകയും  ഒപ്പം ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്  സാങ്കേതിക വിദ്യകളിൽ നിപുണനുമായിരുന്നതിനാൽ ആ നഗരത്തിലുള്ള  ഇലക്ട്രോണിക്സ്  പാർട്സുകൾ നിർമ്മിച്ചിരുന്ന  ബാൾഡ് വിൻ റേഡിയോ കമ്പനിയിൽ  ജോലി നേടാൻ ഒരു പ്രയാസവുമുണ്ടായില്ല.

സാൾട്ട് ലേക്ക് സിറ്റിയിൽ വച്ച് അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ തലവര തന്നെ  മാറ്റിയ മൂന്ന്  പ്രധാന സംഭവങ്ങൾ  ഉണ്ടായി..

 ഒന്ന്.താൻ ഇത്രയും നാൾ കൂടെ കൊണ്ട് നടന്ന പേര് അദ്ദേഹം ഉപേക്ഷിച്ചു.

രണ്ട്. ഗ്ലെന്ന പീറ്റേഴ്സണിന വിവാഹം കഴിച്ചു.

മൂന്ന് .കെൻ ഡെക്കർ എന്ന തൻ്റെ ആത്മാർത്ഥ സുഹൃത്തിനെ പരിചയപ്പെട്ടു.

ജയിംസ് മാർട്ടിനി ലാൻസിങ്ങ് എന്നായിരുന്നു അതുവരെ അദ്ദേഹത്തിൻ്റെ പേര്.മാർട്ടിനി എന്ന ബ്രാൻഡിൽ  വളരെ പ്രശസ്തമായ ഒരു മദ്യം അന്ന് വിപണിയിൽ സുലഭമായിരുന്നു. തൻ്റെ പേര് പറയുമ്പോൾ തന്നെ എല്ലാവരുടെയും ചുണ്ടിൽ ഒരു ചെറു ചിരി വിരിയുന്നത് അതുവരെ ലാൻസിങ്ങ് കാര്യമാക്കിയിരുന്നില്ല. പക്ഷേ ഭാര്യ ഗ്ലെന്നയ്ക്ക്  ഈ പേര് ഇഷ്ടപ്പെട്ടില്ല ,അവരുടെ നിർബന്ധപ്രകാരം ജയിംസ് മാർട്ടിനി ലാൻസിങ്ങ്  എന്ന തൻ്റെ  പേര്, ജയിംസ് ബുള്ളോഗ് ലാൻസിങ്ങ് എന്നാക്കി മാറ്റി.. ഈ പേര് മാറ്റം വളരെ ഗുണം ചെയ്തു.
1927 ൽ ഭാര്യയുടെ നിർദ്ദേശാനുസരണം ലാൻസിങ്ങ് ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി, അവസരങ്ങളുടെ പൂക്കാലമായിരുന്നു ലാൻസിങ്ങിനെ ലോസാഞ്ചൽസിൽ കാത്തിരുന്നത്.അവിടെ ആത്മാർത്ഥ സുഹൃത്ത്.കെൻ ഡെക്കറിനൊപ്പം ചേർന്ന് ലാൻസിങ്ങ് മാനുഫാക്ചറിങ്ങ് കമ്പനി എന്ന പേരിൽ ഒരു ചെറിയ  ലൗഡ് സ്പീക്കർ നിർമ്മാണ ഫാക്ടറി ആരംഭിച്ചു.

അതു വരെ തകരപാട്ടയിൽ ചെറിയ കല്ലുകൾ ഇട്ട് കിലുക്കും പോലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകളായിരുന്നു റേഡിയോ സെറ്റുകളിലും, ആംപ്ലിഫയറുകളിലും ഉപയോഗിച്ചിരുന്നത്. പോപ് / ജാസ്
സംഗീത പ്രേമിയായ ലാൻസിങ്ങിന് അന്നത്തെ സ്പീക്കറുകളുടെ മ്യൂസിക് റീ പ്രൊഡക്ഷൻ കപ്പാസിറ്റിയിൽ യാതൊരു തൃപ്തിയും തോന്നിയില്ല.

യഥാതഥമായ സംഗീതാനുഭവം അനുഭവിപ്പിക്കുന്ന സ്പീക്കർ ബോക്സുകൾ  നിർമ്മിക്കുന്നതിനുള്ള ലാൻസിങ്ങ്  അദ്ദേഹം ആരംഭിച്ചു.

ഇതിന് തുനിഞ്ഞിറങ്ങിയപ്പോൾ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.സംഗീത ഉപകരണമായ ഡ്രം സെറ്റുകളുടെ ഡയമീറ്ററിൻ്റെ ശരാശരിയായ 12 ഇഞ്ച് വാവട്ടമുള്ള  സ്പീക്കറുകൾ ജാസ്/പോപ്പ് സംഗീത ഉപകരണങ്ങളുടെ ശബ്ദം യാഥാർത്ഥ്യബോധത്തോടെ പുനരാവിഷ്കരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി.

8 ഇഞ്ചിന് മുകളിലേക്ക് വലിപ്പമുള്ള സ്പീക്കറുകൾ അന്ന് നിർമ്മിച്ചിരുന്നില്ല. ഇതിനായി അദ്ദേഹം 12 ഇഞ്ച് സ്പീക്കറുകൾക്കായി ഹെവി ഡ്യൂട്ടി കാസ്റ്റ് അയേൺ ബാസ്ക്കറ്റ്  ഡിസൈൻ ചെയ്തു. എത്ര ശക്തമായ കമ്പനങ്ങളേയും താങ്ങുന്ന റബർ സറൗണ്ട്, സ്പൈഡർ എന്നിവ കണ്ടെത്തി, കൂടുതൽ വാട്സ് താങ്ങുന്നതിനായി അകത്തും പുറത്തും വൈൻഡിങ്ങുള്ള  വോയ്സ് കോയിൽ കണ്ടു പിടിച്ചു. കൂടുതൽ ലയറുകൾ ചുറ്റുന്നതിനായി ഫ്ലാറ്റ് കോപ്പർ വയർ ഉപയോഗിക്കാം എന്ന് കണ്ടെത്തി.
ശക്തമായ  സ്പീക്കർ പ്രവർത്തനത്തിൽ കോൺപേപ്പറും, സ്പൈഡറും ബാസ്ക്കറ്റുമായുള്ള ബന്ധം വിട്ട് ഇളകിത്തെറിക്കാത്ത പശക്കൂട്ട് കണ്ടെത്തി.

അന്നത്തെ വലിയ സ്പീക്കറുകൾ ഇലക്ട്രോമാഗ് നെറ്റ് ഉപയോഗിച്ചാണ് വോയ്സ് കോയിലിനെ ഡ്രൈവ് ചെയ്യിച്ചിരുന്നത് ,ചെറിയ സ്പീക്കറുകളിൽ മാത്രമേ പെർമനൻ്റ് മാഗ് നെറ്റ് ഉപയോഗിച്ചിരുന്നുള്ളൂ.

ഇലക്ട്രോമാഗ് നെറ്റ് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും കാരണത്താൽ സ്പീക്കർ മാഗ് നെറ്റിലേക്കുള്ള പവർ കട്ടായാൽ ആംപ്ലിഫയറും കത്തും, സ്പീക്കർ വോയ്സ് കോയിലും പുകയും.

ഇതിനൊരു പ്രതിവിധി പെർമനൻ്റ് മാഗ്‌നെറ്റാണ് പക്ഷേ 1927 ൽ വളരെ ശക്തി കൂടിയ ചെറിയ മാഗ്‌നെറ്റുകൾ ഉപയോഗത്തിലുണ്ടായിരുന്നില്ല.

ലാൻസിങ്ങിന്  കമ്പനി തുടങ്ങാൻ ധനസഹായം ചെയ്ത സുഹൃത്തായ കെൻ ഡക്കർ അമേരിക്കൻ പട്ടാളത്തിലെ യുദ്ധവിമാനങ്ങൾ പറത്തുന്ന പൈലറ്റായിരുന്നു. കെൻഡക്കർ അമേരിക്കൻ നേവി അന്തർവാഹിനികളിൽ യുദ്ധോപകരണങ്ങൾ ഒട്ടിച്ച് വയ്ക്കാൻ  ഉപയോഗിക്കുന്ന ഒരു തരം ശക്തിയേറിയ കാന്തങ്ങൾ ലാൻസിങ്ങിന് പരിചയപ്പെടുത്തി.

അലൂമിനിയവും, നിക്കലും പ്രത്യേക അനുപാതത്തിൽ ചേർന്ന അൽ നിക്കോ മാഗ്‌നെറ്റുകളായിരുന്നു അത്. ഇവ ഉപയോഗിച്ച് ലാൻസിങ്ങ് ഏതാനും മാസങ്ങൾ കൊണ്ട് നല്ല ശബ്ദ ഗുണമേൻമയുള്ള 12 ഇഞ്ച്  വൂഫറുകൾ ലോകത്തിൽ ആദ്യമായി നിർമ്മിച്ചു. ഇവ ജാസ്/പോപ്പ് സംഗീതത്താലെ ലോ, ലോ മിഡ് ഫ്രീക്വൻസികൾ നന്നായി റീ പ്രൊഡ്യൂസ് ചെയ്തു.

ഇതുകൊണ്ടും തൃപ്തിവരാതെ ഹൈ ഫ്രീക്വൻസി പുറപ്പെടുവിക്കുന്ന കമ്പ്രഷൻ ട്യൂട്ടർ ടെക്നോളജിയും, ഫ്രീക്വൻസി ഡിവൈഡിങ്ങ് നെറ്റ് വർക്കും, സ്പീക്കർ നിർമ്മിക്കാനുള്ള TS പാരാമീറ്റഴ്സിൻ്റെ കണക്കുകളും അദ്ദേഹം ഡവലപ്പ് ചെയ്തു.

ഇതേ സമയത്താണ് ലോകത്തിലെ ആദ്യ മ്യൂസിക്കൽ എൻ്റർടെയിനർ ഫിലിമായ ജാസ് സിംഗർ എന്ന സിനിമ MGM ഫിലിം സ്റ്റുഡിയോ നിർമ്മിക്കാനുള്ള ആലോചനകൾ നടത്തുന്നത്.

MGM സ്റ്റുഡിയോ ലാൻസിങ്ങിൻ്റെ സ്പീക്കർ കണ്ടുപിടുത്തത്തെക്കുറിച്ച്  കേട്ടറിഞ്ഞ് അദ്ദേഹത്തെ ഒരു പ്രസൻ്റേഷൻ അവതരിപ്പിക്കാൻ വിളിച്ചു.


അതേ വരെ സിനിമാ തീയേറ്ററുകളിൽ ലൈവ് സൗണ്ട് ടെക്നോളജി യായിരുന്നു!  ഒരു കഥ പറച്ചിലുകാരൻ സ്ക്രീന് സമീപമുള്ള തട്ടിൽ നിന്ന് കൊണ്ട് സിനിമാ കഥയും സംഭാഷണങ്ങളും ഉറക്കെ വിളിച്ച് പറയും. ഒപ്പം ഏതാനും സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും ഉണ്ടാകും. ഇവർ പശ്ചാത്തല സംഗീതം ഒരുക്കും.

സിനിമയിലെ സംഭാഷണവും, ഗാനങ്ങളും പൂർണ്ണമായും വിനൈൽ ഡിസ്ക്കിൽ റിക്കോഡ് ചെയ്ത് സിനിമ പ്രദർശിപ്പിക്കുന്നതിനൊപ്പം സ്ക്രീനിന് പിന്നിൽ വച്ച സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്യാനാണ് MGM സ്റ്റുഡിയോ തീരുമാനിച്ചത്. അതിനാവശ്യമായ സ്പീക്കർ സിസ്റ്റം തപ്പി നടക്കുമ്പോഴാണ് ലാൻസിങ്ങിനെപ്പറ്റി കേട്ടത്.

ലാൻസിങ്ങിൻ്റെ സ്പീക്കർ സിസ്റ്റം MGM സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയർമാർക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. യാഥാർത്ഥ്യബോധത്തോടെയുള്ള ശബ്ദ പുനരാവിഷ്കരണം.. വൻ ഓർഡറാണ് 'MGM നൽകിയത്.

ജാസ് സിങ്ങർ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിലെല്ലാം ലാൻസിങ്ങിൻ്റെ സ്പീക്കർ സിസ്റ്റം ഫിറ്റ് ചെയ്യപ്പെട്ടു.1927 ഒക്ടോബർ 6ന്   സിനിമ പുറത്തിറങ്ങി. ചിത്രം വൻ വിജയമായി.

ഇതോടെ ലാൻസിങ്ങിൻ്റെ കമ്പനി ലോക പ്രശസ്തമായി ഓർഡറുകൾ കുമിഞ്ഞ് കൂടി.

1939 വരെ കമ്പനി നല്ല നിലയിൽ മുന്നോട്ട് പോയി പെട്ടെന്ന് ഒരപ്രതീക്ഷിത അപകടം സംഭവിച്ചു. കമ്പനി സഹ സ്ഥാപകനായ കെൻ ഡക്കർ ഒരു വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടത്തിയിരുന്നത് ഡക്കറായിരുന്നു.

സാമ്പത്തിക ഇടപാടുകളിൽ യാതൊരു ശ്രദ്ധയുമില്ലാതിരുന്ന  ലാൻസിങ്ങിൻ്റെ ശ്രദ്ധക്കുറവ് മൂലം കമ്പനി തകർച്ചയിലേക്ക് പതിച്ചു. ലടിച്ച ഓർഡറുകൾ ഒന്നും സമയത്തിന് കൊടുക്കാനായില്ല.

ഇതു മൂലം 1941ൽ ലാൻസിങ്ങ് തൻ്റെ കമ്പനി മറ്റൊരു പ്രമുഖ ഓഡിയോ കമ്പനിയായ ആൾട്ടെക്കിന് കൈമാറി .ഇതോടെ കമ്പനിയുടെ പേര് ആൾട്ടെക്ക് ലാൻസിങ്ങ് എന്നായി മാറി.

5 വർഷം ആ കമ്പനിയിൽ ഡയറക്ടറായി തുടർന്ന ലാൻസിങ്ങിന് അവിടുത്തെ ചട്ടവട്ടങ്ങൾ ഇഷ്ടപ്പെട്ടില്ല. 1946ൽ അദ്ദേഹം ആൾട്ടെക് ലാൻസിങ്ങിലെ പാർട്ണർഷിപ്പ് ഉപേക്ഷിച്ച്  "ലാൻസിങ്ങ് സൗണ്ട് " എന്ന പേരിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങി.


 
ഇതോടെ തങ്ങളുടെ വിപണി നഷ്ടപ്പെടുമോ എന്ന് ഭയന്ന ആൾട്ടെക്ക് ലാൻസിങ്ങ് കമ്പനി -വേറൊരാൾ ലാൻസിങ്ങ് എന്ന ട്രേഡ് മാർക്ക് ഉപയോഗിച്ചു ഉൽപ്പന്നങ്ങൾ നിർമ്മിച്ച് തങ്ങൾക്ക് നഷ്ടം വരുത്തുന്നു എന്ന് കാണിച്ച് കൊണ്ട് കേസ് കൊടുത്തു.

ഇതോടെ ജയിംസ് ബുള്ളോഗ് ലാൻസിങ്ങിന് തൻ്റെ പേര് ഉപയോഗിക്കാൻ കോടതി അനുമതി നിഷേധിച്ചു. തൻ്റെ പേര് മാറ്റാൻ കാരണക്കാരിയായ ഭാര്യ തന്നെ ഇവിടെയും ലാൻസിങ്ങിൻ്റെ രക്ഷക്കെത്തി.
James Bullough Lansing. എന്ന ഭർത്താവിൻ്റെ പേരിൻ്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് JBLഎന്ന പേര് ഭാര്യയായ ഗ്ലെന്ന നിർദ്ദേശിച്ചു.ഈ പേരിൽ കോടതിക്കും ,ആൾട്ടെക്ക് ലാൻസിങ്ങിനും എതിർപ്പുണ്ടായില്ല .!

വില്യം തോമസ് എന്ന മറ്റാരു സുഹൃത്തിൻ്റെ സഹായത്തോടെ കമ്പനി വീണ്ടും പ്രവർത്തനമാരംഭിച്ചു. പക്ഷേ ഇതും അധികകാലം നടത്തിക്കൊണ്ടുപോകാൻ ലാൻസിങ്ങിനായില്ല. നല്ല ഒരു എഞ്ചിനീയറായ ലാൻസിങ്ങ് ഒരു മോശം ബിസിനസ് മാനായിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധികൾ മൂലവും ,ഒപ്പം കുടുംബ പ്രശ്നങ്ങളാലും  മനം മടുത്ത ജയിംസ് ബുള്ളോഗ് ലാൻസിങ്ങ് എന്ന മഹദ് വ്യക്തി  1949 സെപ്റ്റംബർ 29 ന് തൻ്റെ 47 ആം വയസിൽ സ്വയം ജീവനൊടുക്കി.




ഓഡിയോ എഞ്ചിനീയറിങ്ങ് സംബന്ധമായി ധാരാളം പേറ്റൻ്റുകളും ,സ്പീക്കർ നിർമ്മാണ ഫാക്ടറിയും സ്വന്തമായി ഉണ്ടായിരുന്ന JBL കമ്പനിയിൽ ലാൻസിങ്ങിൻ്റെ ഭാര്യക്കുണ്ടായിരുന്ന അവകാശവും നിസാര തുക നൽകി സുഹൃത്ത് വില്യം തോമസ് കമ്പനി സ്വന്തമാക്കി.


 20 വർഷം ലാൻസിങ്ങിൻ്റെ പേര് ചീത്തയാക്കാതെ നല്ല രീതിയിൽ  കമ്പനി കൊണ്ടു നടന്ന വില്യം തോമസ് 1969 ൽ ഹർമൻ കാർഡൻ എന്ന മറ്റൊരു വമ്പൻ അമേരിക്കൻ ഓഡിയോ ബ്രാൻഡിന്
JBL വിറ്റ് കാശ് മേടിച്ച് സ്ഥലം കാലിയാക്കി.

ഹർമൻ കാർഡൻ കമ്പനി ഏറ്റെടുത്തതിന് ശേഷം അവർ JBLബ്രാൻഡിൽ ആംപ്ലിഫയറുകൾ, ഹെഡ് ഫോണുകൾ, തുടങ്ങി നിരവധി കൺസ്യൂമർ ഉൽപ്പന്നങ്ങൾ പുറത്തിറക്കിത്തുടങ്ങി. അവയും വിപണിയിൽ വൻ സ്വീകാര്യത നേടി.

ഹർമൻ കാർഡൻ കമ്പനിയെ 2016 മാർച്ചിൽ  സാംസങ്ങ് ഇലക്ട്രോണിക്സ് ഏറ്റെടുത്തു.ഇതോടെ JBLബ്രാൻഡും സാംസങ്ങിൻ്റേതായി മാറി.


പൊളിഞ്ഞ് കുത്തുപാളയെടുത്ത ആൾട്ടെക് ലാൻസിങ്ങിനെ 2012 ൽ ഇൻഫിനിറ്റി ഗ്രൂപ്പ് എന്ന ചൈനീസ് കമ്പനി ടേക്കോവർ ചെയ്തു.


JBLകമ്പനി സ്ഥാപകനായ ജയിംസ് ബുള്ളോഗ് ലാൻസിങ്ങ് വൂഫറുകളുടെയും, മിഡ് റേഞ്ച് സ്പീക്കറുകളുടെയും, കമ്പ്രഷൻ  ട്വീറ്ററുകളുടെയും, ഡിവൈഡിങ്ങ് നെറ്റുവർക്കുകളുടെയും ,ഹെവി ഡ്യൂട്ടി പേപ്പർ കോണുകളുടേയും, ഡസ്റ്റ് ക്യാപ്പിൻ്റെയും, സ്പീക്കർ കൂളിങ്ങ് വെൻ്റിലേഷൻ്റെയുമെല്ലാം കണ്ട് പിടുത്തത്തിലൂടെ സംഗീത, സിനിമാ, ലോകത്തിന് അദ്ദേഹം ചെയ്ത സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും.

ജീവിച്ചിരുന്നെങ്കിൽ ഇനിയും ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തിന് കനപ്പെട്ട സംഭാവനകൾ അദ്ദേഹത്തിൽ നിന്നും ലഭിക്കുമായിരുന്നു.

സാംസങ്ങ് JBL ബ്രാൻഡിൽ ലോകമെങ്ങും ഇന്നും ഗുണമേൻമയേറിയ ഓഡിയോ ഉൽപ്പന്നങ്ങൾ വിറ്റുവരുന്നു. ഈ പ്രശസ്തി മുതലാക്കി വ്യാജൻമാരും രംഗത്ത് ധാരാളമായി ഉണ്ട്. പേര് അനുകരിക്കാം പക്ഷേ JBL ൻ്റെ ക്വാളിറ്റി അനുകരിക്കാൻ സാധിക്കുന്നില്ല എന്നതാണ് വ്യാജൻമാർ നേരിടുന്ന വെല്ലുവിളി!

സ്പീക്കർ ടെക്നോളജിയിൽ അദ്ദേഹം ഡവലപ്പ് ചെയ്ത ടെക്നോളജികളിൽ ഇന്നും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. മറ്റുള്ളവരെല്ലാം അത് അനുകരിക്കുന്നുവെന്ന് മാത്രം.


അടുത്ത തവണ ചങ്ക് കലങ്ങുന്ന ഇടി ഏതെങ്കിലും സബ്‌ വൂഫറിൽ നിന്ന് കേൾക്കുമ്പോഴോ, സ്റ്റീൽ പാത്രം താഴെ വീണ പോലെ ചിൽ ചിൽ ശബ്ദം ഏതെങ്കിലും ട്വീറ്ററിൽ നിന്ന് കേൾക്കുമ്പോഴോ  അത് കണ്ട് പിടിച്ച JBLനെ ഒന്നോർത്തേക്കുക! എഴുതിയത്  #ajith_kalamassery.17.07.2023

Sunday, July 9, 2023

പ്രഷർ പമ്പ് എന്ത് എന്തിന്?

 പ്രഷർ പമ്പ് എന്ത് എന്തിന്?

 


 നല്ല ഒരു ഹോട്ടലിൽ കയറിയാൽ അവിടുത്തെ വാഷ് റൂമിലെ ടാപ്പിൽ നിന്ന് വരുന്ന നുരഞ്ഞ് പതഞ്ഞ പാല് പോലുള്ള  വെള്ളം നമ്മളെ വല്ലാതാകർഷിക്കും!

എന്ത് കാശായാലും വേണ്ടില്ല അതൊരെണ്ണം വാങ്ങി വീട്ടിൽ ഫിറ്റ് ചെയ്യണമെന്ന് അപ്പോൾ തന്നെ കരുതും.

പല പ്രാവശ്യം മറക്കുമെങ്കിലും എപ്പോഴെങ്കിലും ഓർമ്മ വരുമ്പോൾ ഇല്ലാത്ത കാശ് കൊടുത്ത് ടാപ്പ്  ഒരെണ്ണം വാങ്ങി ചെയ്യാത്ത പണിയായതിനാൽ നടുവും തണ്ടക്കണ്ണിയും കളഞ്ഞ് മെനക്കെട്ടിരുന്ന് അങ്ങോട്ട് പിടിപ്പിക്കും.

ഭാര്യയും, പിള്ളാരും, അഛനും, അമ്മയും എല്ലാം പ്രതീക്ഷയോടെ നോക്കി നിൽക്കുമ്പോൾ ടാപ്പിൻ്റെ സ്വിച്ച് ഓൺ കർമ്മം തനിയെ അങ്ങ് അങ്ങാട്ട് നിർവ്വഹിക്കും!.

ഹാ അതാ വെള്ളം വരുന്നുണ്ട്... അമ്പേ! നേരത്തേ വന്നിരുന്നതിലും കഷ്ടമായിട്ടാണല്ലോ ഇപ്പോൾ വെള്ളം വരുന്നത്.

ജ്യോതിയും വന്നില്ല, തീയും വന്നില്ല.. നുരയുമില്ല, പതയുമില്ല..

ചിരി മനസിൽ ഒതുക്കി നമ്മളെ നോക്കുന്ന വീട്ടുകാരോട് ഉള്ളിലെ ചമ്മൽ മറച്ച് ... അയ്യോ
 കടക്കാരൻ പറ്റിച്ചു!  ടാപ്പ് വേറെയാ തന്നത് എന്ന് പറഞ്ഞ് തൽക്കാലം രക്ഷപെടാം...

പ്ലംമ്പിങ്ങിൻ്റെ മറുകര കണ്ട ആളാണ്.. കുറച്ച് സോൾവെൻ്റ് സിമൻ്റും, ഒരു ഒടിഞ്ഞ ഹാക് സോബ്ലേഡും, വാ പോയ ഒരു പൈപ്പ് റേഞ്ചുമുണ്ടെങ്കിൽ എന്ത് പ്ലമ്പിങ്ങും ചെയ്യാമെന്നുള്ള അഹങ്കാരം അങ്ങ് തീർന്ന് കിട്ടി.

അൽപ്പം വിവരമുള്ള ഒരു പ്ലമ്പറോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.. ഓ അത് ടാപ്പ് മോശമായിട്ടല്ല വെള്ളത്തിന് പ്രഷറില്ലാഞ്ഞിട്ടാണ് ഒരു പ്രഷർ പമ്പ് വാങ്ങി ഫിറ്റ് ചെയ്യ്.

അതെന്താ പ്രഷറില്ലാത്തത്? ഇന്നലെ വരെ പ്രഷർ ഉണ്ടായിരുന്നല്ലോ.. ഈ സാധനം വച്ചപ്പോൾ പ്രഷർ എവിടെപ്പോയി ? വല്യ  ഇലക്ട്രോണിക്സ് ടെക്നീഷ്യനെന്ന അഹംഭാവം ഉള്ളിൽ കിടക്കുന്നതിനാൽ ആരോടെങ്കിലും വിശദമായി ചോദിച്ച് മനസിലാക്കാനൊരുമടിയും...

 പ്രഷർ പമ്പ് എന്നാൽ പെയിൻ്റ് വരെ തെറിച്ച് പോകുന്ന പ്രഷറിൽ കാറ് കഴുകുന്ന പോർട്ടബിൾ പ്രഷർ വാഷറാണ് നമ്മുടെ മനസിലേക്ക് കടന്നു വരുന്നത്. എന്നാൽ  ഈ പേരിൽ മറ്റൊരു ചങ്ങാതി ഇപ്പോൾ ഇലക്ട്രിക് കടകളിൽ തൻ്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അവനാണ് വാട്ടർ പ്രഷർ ബൂസ്റ്റർ പമ്പ്.

ഇന്നത്തെ ഇടത്തരക്കാരുടെ വീടുകളിൽ പോലും സ്പായും, ജാകൂസിയും, ബോഡി ജെറ്റും, പാനൽ ഷവറും, മിസ്സി റയിനും, വാട്ടർ ഫിൽറ്ററും, നുരയും പതയും വരുന്ന ആധുനിക ഷവറുകളും, ടാപ്പുകളും, ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനും, ഡിഷ് വാഷറുമെല്ലാം ഉപയോഗത്തിലായതോടെ പ്രഷറില്ലായ്മ ഒരു പ്രശ്നമായത്.

ഇത്തരം ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ മിനിമം ഒന്നര ,രണ്ട്  ബാർ പ്രഷർ വേണം ( പ്രഷറിൻ്റെ അളവ് കോലാണ് ബാർ.. PSI എന്ന അളവുമുണ്ട് 2 ബാർ എന്നാൽ 29 PSI ) വീട്ടിലെ വാട്ടർ ടാങ്ക് ടാപ്പിൽ നിന്നും 20 മീറ്റർ ഉയരത്തിൽ വച്ചിരുന്നാലേ 2 ബാർ പ്രഷർലഭിക്കൂ.

സാധാരണ ഗതിയിൽ ഇത് സാദ്ധ്യമല്ല. അതിനാലാണ് നമ്മൾ വീട്ടിൽ പുതിയ വാഷിങ്ങ് മെഷീനോ, നുരയും പതയും വരുന്ന ടാപ്പോ എല്ലാം വാങ്ങിച്ച് വച്ചാൽ  പ്രഷറില്ലായ്മ മൂലം അവയുടെ ശരിയായ പെർഫോമൻസ് ലഭിക്കാത്തത്.

വാട്ടർ പ്രഷർ 20 PSIക്ക് ( പൗണ്ട് പെർ സ്ക്വയർ ഇഞ്ച് PSI ) താഴെപ്പോയാൽ ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകൾ പണിമുടക്കും.

ഇത്തരം ആവശ്യങ്ങൾക്ക്  കൃത്രിമമായി വാട്ടർ പ്രഷർ ഉയർത്തുന്നതിന്  നമുക്ക് ഒരു പ്രഷർ പമ്പ്  ഉപയോഗിക്കാം..

 നമ്മുടെ ആവശ്യാനുസരണം ഇത്തരം പമ്പുകളുടെ പ്രഷർ സെറ്റ് ചെയ്യാൻ സാധിക്കും.ഏതെങ്കിലും ടാപ്പ് തുറന്നാൽ പൈപ്പ് ലൈനിലെ പ്രഷർ വേരിയേഷൻ മനസിലാക്കി പ്രഷർ പമ്പ് തനിയെ ഓണായിക്കോളും. അതിനാൽ ഈ പമ്പിൻ്റെ സ്വിച്ച് എപ്പോഴും ഓണാക്കിയിട്ടാലും ആവശ്യ നേരത്ത് മാത്രമേ ഓണാകൂ വൈദ്യുതി പാഴാകില്ല.

ചെറിയ വാട്ട്സിൽ വർക്ക് ചെയ്യുന്ന പമ്പുകൾ ലഭ്യമാണ് അതിനാൽ ഇൻവെർട്ടറിലും പ്രവർത്തിക്കും.DC യിൽ പ്രവർത്തിക്കുന്ന മോഡലുകളും ലഭ്യമാണ്.

സാധാരണ വാട്ടർ ടാങ്കിൻ്റെ ഔട്ട് ലെറ്റിലാണ് ഇത്തരം പമ്പുകൾ ഫിറ്റ് ചെയ്യുന്നത്..  



പ്രഷറില്ലായ്മ മൂലം വലയുന്ന ഏവർക്കും ഈ ബൂസ്റ്റർ പമ്പ് ഒരു ഉപകാരിയാണ്.

ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ഇതില്ലാതെ പറ്റില്ല എന്നാകും കാര്യങ്ങൾ...പ്രഷർ പമ്പ് ഫിറ്റു ചെയ്യുന്നതിന്നു മുൻപു വീട്ടിലെ P V C പൈപ്പിന്റെ കപ്പാസിറ്റി കൂടി ,ഒന്ന് ചെക്ക് ചെയ്യണം..ഇത്രയും പ്രഷർ താങ്ങാത്ത ഉള്ളിത്തൊലി പോലുള്ള പൈപ്പുകൾ ചില കരാറ് പണിക്കാർ ഉപയോഗിക്കും..

അതിനാൽ സൂക്ഷിച്ചും കണ്ടും വാങ്ങുക. ഇതുപോലുള്ള  പ്രലോഭനങ്ങളിൽ വീഴരുത്


 വാട്ടർ പ്രഷർ പമ്പിനെ ഒന്ന് പരിചയപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശം .. കൂടുതൽ ടെക്നിക്കൽ വിവരങ്ങൾ ഇഷ്ടം പോലെ യൂ ട്യൂബിൽ ലഭ്യമാണ്. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 09.07.2023.