CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."
Showing posts with label electronics keralam. Show all posts
Showing posts with label electronics keralam. Show all posts

Friday, November 17, 2023

നാലാം ക്ലാസും ഗുസ്തിയും പിന്നെ പ്രോട്ടോ ടൈപ്പും!

 

നാലാം ക്ലാസും ഗുസ്തിയും 
പിന്നെ പ്രോട്ടോ ടൈപ്പും!
 അജിത് കളമശേരി

 
നമ്മളിൽ ചിലരൊക്കെ പുതിയ പുതിയ ഇലക്ട്രോണിക്സ് പ്രൊഡക്റ്റുകൾ ഡിസൈൻ ചെയ്യാനും, നിലവിലുള്ളവയിൽ മാറ്റം വരുത്താനും അറിവുള്ളവരാണ്.
ഇത്തരക്കാർ എണ്ണത്തിൽ വളരെക്കുറവാണ് ,
കാരണം, മിക്കവർക്കും പൊടിക്കൈകൾ ധാരാളം വശമുണ്ടെങ്കിലും അവയൊക്കെ എടുത്ത് പ്രയോഗിച്ചാൽ ഇത് കാണുന്ന മറ്റുള്ളവർ തന്നെ കളിയാക്കിയാലോ എന്ന ഒരുൾ ഭയം ഭൂരിഭാഗം പേരെയും ഡിസൈൻ മോഡിഫിക്കേഷൻ രംഗത്ത് പ്രവർത്തിക്കാനോ, അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനോ ധൈര്യമില്ലാതെ പിൻ വലിയാൻ പ്രേരിപ്പിക്കുന്നത്.
1980- 90 കളിലെ ഒരു കഥ പറയാം.
പണ്ടത്തെ ഫിലിപ്സ് റേഡിയോകൾ ഒന്ന് രണ്ട് വർഷം പഴയതായി കഴിയുമ്പോൾ പിന്നെ മഴക്കാലത്ത് മിണ്ടാട്ടം മുട്ടി നിന്ന് പോകും! അടുപ്പിൻ്റെ പാതിയാമ്പുറത്ത് കൊണ്ടുപോയി വച്ച് കുറച്ച് തീകായിച്ചാൽ അവൻ അതോ അവളോ പതിയെ പാടിത്തുടങ്ങും!
ചൂട് കാലാവസ്ഥയിൽ ഓസിലേറ്റർ കോയിലിൽ കൊടുത്തിരിക്കുന്ന വാക്സ് കോട്ടിങ്ങ് വേപ്പറൈസ് ചെയ്ത് നഷ്ടപ്പെട്ട് പോകും.
ഇങ്ങനെ കാലാന്തരത്തിൽ കോട്ടിങ്ങ് നഷ്ടപ്പെട്ടാൽ മഴക്കാലത്ത് റേഡിയോയുടെ മീഡിയം വേവ് പ്രവർത്തിക്കില്ല. ഓസിലേറ്റർ കോയിലിൽ തണുപ്പടിച്ച് ഓസിലേറ്റിങ്ങ് ഫ്രീക്വൻസി മാറിപ്പോകുന്നതാണ് കാരണം.
ഇത്തരം സെറ്റുകളെ റിപ്പയറിങ്ങിനായി സർവ്വീസ് സെൻ്ററിൽ എത്തിച്ചാൽ ചിലർ അന്ന് 17 രൂപ വിലവരുന്ന ഒറിജിനൽ ഫിലിപ്സ് ഓസിലേറ്റർ കോയിൽ മാറ്റിയിട്ട് നൽകും, അതിന് നല്ല ചാർജും ചെയ്യും.. പിന്നെയും 2 വർഷം കഴിഞ്ഞാൽ സംഗതി തഥൈവ !
നാലാം ക്ലാസും ഗുസ്തിയും കൈ മുതലായുള്ള പൊടിക്കൈ അറിയാവുന്ന നാടൻ മെക്കാനിക്ക് അന്ന് ഒന്നര രൂപ വിലയുള്ള റോസിയുടെ IFT പായ്ക്കറ്റിൽ നിന്ന് വെള്ള. lFT മാത്രം എടുത്ത് ഓസിലേറ്റർ കോയിലിന് പകരം മാറ്റിയിടും, ഒറിജിനലിൻ്റെ ചാർജും വാങ്ങും. (ഒരു പായ്ക്കറ്റിൽ വെള്ള, പച്ച, മഞ്ഞ എന്നിങ്ങനെ കളർകോഡുള്ള 3 ഇൻ്റർമീഡിയറ്റ് ഫ്രീക്വൻസി ട്രാൻൻസ്ഫോർമർ അഥവാ IFT ഉണ്ടാകും.)
പിന്നെ എന്തൊക്കെ പോയാലും ഈ മാറ്റിയിട്ട ഓസിലേറ്റർ കോയിൽ പോകില്ല. ( ഓ സോറി IFT ) പക്ഷേ വേറേയൊരു സർവ്വീസ് സെൻ്ററിൽ ഈ റേഡിയോ എത്തിയാൽ ഓസിലേറ്റർ കോയിലിന് പകരം IFT ഇട്ട മണ്ടൻ നാടൻ മെക്കാനിക്കിന് പിന്നെ തലയിൽ മുണ്ടിടാതെ നാട്ടിലിറങ്ങാൻ പറ്റാത്ത വിധം അവമതിപ്പും പുലഭ്യം പറച്ചിലും ആ ഒറിജിനൽ മെക്കാനിക്ക് നടത്തിയിരിക്കും.
ഇതു പോലെ സൂത്രപ്പണികൾ ഒന്നുമറിയാത്ത നേരേ വാ നേരേ പോ സ്വഭാവക്കാരായ ഒർജിനൽ മെക്കാനിക്കുകളും, ഡിസൈനർമാരുടെയും വംശം കുറ്റിയറ്റ് പോയിട്ടൊന്നുമില്ല. നമ്മുടെ ഇടയിലും ഇത്തരക്കാർ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ട്.
അതിനാലാണ് നമ്മുടെ ഗ്രൂപ്പിൽ നല്ലത് ഉദ്ദേശിച്ച് ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടിയായി സൂത്രപ്പണികൾ പലതുമുണ്ടെങ്കിലും അവ പരിഹരിക്കാൻ അറിയാവുന്ന പ്രായോഗിക പരിചയവും, അനുഭവപരിചയവും ധാരാളമുള്ള ഉടൻ കൊല്ലി മെക്കാനിക്കുകൾ മറുപടിയൊന്നും നൽകാത്തത്.
1980കളിൽ വ്യാപകമായി കാർ സ്റ്റീരിയോകളിൽ ഉപയോഗിച്ചിരുന്ന TDA 2030 എന്ന ഓഡിയോ ഐസിക്ക് പകരമായി TDA 2050, NTE 1380, LM 386 എന്നീ ഐസികൾ ഉപയോഗിക്കാമെന്ന വിവരം പോലുമറിയാതെ ലോകം മുഴുവൻ 2030 തപ്പി നടന്നിരുന്ന മെക്കാനിക്കുകൾ ഉള്ള കാലവും കടന്ന് പോയി. ഇൻ്റർനെറ്റ് ഇല്ലാതിരുന്ന അക്കാലത്ത് 2030ക്ക് പകരം 2050 ഇടാമെന്ന അറിവ് ആറ്റം ബോബിൻ്റെ രഹസ്യമായിരുന്നു!
ഇനി പ്രോട്ടോ ടൈപ്പിലേക്ക് വരാം.
പ്രോട്ടോ ടൈപ്പ് എന്ന് കേൾക്കാത്ത ഇലക്ട്രോണിക്സ് ഡിസൈനർമാരും, ഇനി കേട്ടിട്ടുണ്ടെങ്കിൽ തന്നെ സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് തൊടാത്ത പ്രൊഡക്റ്റ് ഡവലപ്പർമാരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്. കമ്പ്യൂട്ടറാണ് ഇവരുടെ പണിയായുധം.!
ഇലക്ട്രോണിക്സ് ഡിസൈൻ രംഗത്ത് നിങ്ങൾ മുന്നേറാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം പഠിക്കേണ്ടത് പ്രോട്ടോ ടൈപ്പുകളെപ്പറ്റിയാണ്. എന്ത് സർക്യൂട്ട് കിട്ടിയാലും അതൊന്ന് നിർമ്മിച്ച് നോക്കുക. അപ്പോൾ ചില പോരായ്മകൾ ശ്രദ്ധയിൽ പെടും. അറിവുള്ളവരോട് ചോദിച്ച് അതൊന്ന് പരിഹരിക്കുക ഇതാ നിങ്ങളും ഡിസൈൻ രംഗത്തേക്ക് കാൽ വച്ചിരിക്കുന്നു. ഇങ്ങനെ കുറച്ച് പ്രോട്ടോ ടൈപ്പുകൾ സ്വന്തമായി ചെയ്യുമ്പോൾ നിങ്ങളും മറ്റുള്ളവരുടെ സംശയങ്ങൾ പരിഹരിക്കാൻ തക്ക അറിവുള്ള ഒരു ഡിസൈനറായി മാറിത്തുടങ്ങിയിരിക്കും. അല്ലാതെ ആർക്കും നിങ്ങളെ ഡിസൈനിങ്ങ് പഠിപ്പിക്കാനൊന്നും സാദ്ധ്യമല്ല. സ്വയം പഠിക്കണം.!
എന്താണ് ഈ പ്രോട്ടോ ടൈപ്പ്?
പ്രോട്ടോ ടൈപ്പ് എന്നാൽ ഒരു ഉൽപ്പന്നത്തിൻ്റെ ഡിസൈനറുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ ഡിസൈനർ തന്നെ നേരിട്ട് അസംബിൾ ചെയ്യുന്ന വർക്കിങ്ങ് മോഡലാണ് എന്ന് ഒറ്റ വാക്യത്തിൽ പറയാം.
പക്ഷേ ആദ്യ പ്രോട്ടോ ടൈപ്പിന് ആ ഉൽപ്പന്നത്തിൻ്റെ വിപണിയിൽ ഇറക്കാൻ പോകുന്ന മോഡലുമായി ചിലപ്പോൾ വിദൂര സാമ്യം മാത്രമേ ഉണ്ടാകൂ താനും!
ഏതൊരു ഉൽപ്പന്നവും വൻതോതിൽ നിർമ്മിച്ച് വിപണിയിൽ ഇറക്കുന്നതിന് മുൻപ് അതിൻ്റെ പ്രവർത്തന ക്ഷമതയും, ദീർഘകാലാടിസ്ഥാനത്തിൽ ഓരോ പാർട്ടിനും ഉണ്ടാകുന്ന തകരാറുകൾ, തേയ്മാനം, വോൾട്ടേജ് ആമ്പിയർ, താപനില എന്നിവ നിശ്ചിത പരിധിയിലും ഉയർന്നാലോ, താഴ്ന്നാലോ സംഭവിക്കാവുന്ന തകരാറുകൾ,വൈബ്രേഷൻ, പൊടി, അന്തരീക്ഷ മലിനീകരണം ,ഹ്യുമിഡിറ്റി, സൂര്യപ്രകാശം പോലുള്ളവ ഉൽപ്പന്നത്തിൽ ഏൽപ്പിക്കുന്ന ആഘാതം മൂലമുള്ള തകരാറുകൾ എന്നിവയെല്ലാം പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെയാണ് പ്രൊഡക്റ്റ് ഡവലപ്പർമാർ കണ്ടെത്തുന്നത്.
അല്ലാതെ ചിലർ ചെയ്യുന്നത് പോലെ നേരിട്ട് കമ്പ്യൂട്ടറിൽ ഒരു സർക്യൂട്ട് ഡിസൈൻ ചെയ്ത് ,അത് സിമുലേറ്റ് ചെയ്ത് നോക്കി കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നത് കണ്ടാൽ ഉടനെ തന്നെ PCB അടിച്ച് ഉൽപ്പന്നമുണ്ടാക്കി മാർക്കറ്റിലേക്ക് വിടുകയല്ല ശരിയായ രീതി.
ഏതൊരു ഇലക്ടോണിക് ഉൽപ്പന്നവും വിപണിയിലിറക്കും മുൻപ് അതിൻ്റെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ സാധിക്കും.
ഒരു പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് സമയത്ത് പല വിധത്തിലുള്ള പ്രോട്ടോടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കേണ്ടി വരും.
അതിൽ ആദ്യത്തേത് . POC എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പ്രൂഫ് ഓഫ് കൺസെപ്റ്റ് പ്രോട്ടോ ടൈപ്പാണ്. നമ്മളുടെ ആശയം പ്രായോഗികമാണോ അതോ മണ്ടത്തരമാണോ എന്ന് കൈവശമുള്ള പാർട്സുകൾ ഉപയോഗിച്ച് വലിയ ചിലവില്ലാതെ നിർമ്മിച്ച് പരീക്ഷിക്കുന്നതിനെയാണ് POC എന്ന് വിളിക്കുന്നത്.
ഇലക്ട്രോണിക്സ് കമ്പനികൾ POC ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.. ഡിസൈനറുടെ കൈ എത്തും ദൂരത്ത് നാട്ടിൽ ലഭ്യമാകുന്ന പാർട്സുകളുടെ വലിയ ശേഖരം POC ലാബിൽ കമ്പനികൾ ശേഖരിച്ചിരിക്കും.
POC പ്രോട്ടോ ടൈപ്പ് നിർമ്മിച്ച് ഐഡിയ കൊള്ളാമെന്ന് നാല് പേർ പറഞ്ഞാൽ അടുത്തതായി ആൽഫാ പ്രോട്ടോ ടൈപ്പ് നിർമ്മാണത്തിലേക്ക് കടക്കും.
വെരിഫൈഡ് യൂസേഴ്സിൻ്റെ ഫീഡ്ബാക്ക് ലഭിക്കുന്നതിനായി കമ്പനികൾ നിർമ്മിച്ച് നൽകുന്നതാണ് ആൽഫാ പ്രോട്ടോ ടൈപ്പുകൾ.
ഓഡിയോ രംഗത്തെ മുൻനിര കമ്പനികൾക്കായി പ്രൊഡക്റ്റുകൾ വെരിഫൈ ചെയ്ത് കേട്ട് വിലയിരുത്തി വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ചിലരെപ്പറ്റി ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ജീൻ ഹിരാഗ, നെൽസൺ,പാസ്, ApEx ൻ്റെ മൈൽ സ്ലോവാനിക്, ഇവരെല്ലാം ഈ ആൽഫാ ടെസ്റ്റിങ്ങ് രംഗത്തെ മുൻനിരക്കാരാണ്.
കേരളത്തിലും ചില ഓഡിയോ ഇലക്ട്രോണിക്സ് ആൽഫാ ടെസ്റ്റർമാരുണ്ട് എന്ന കാര്യം ഇത്തരുണത്തിൽ പരാമർശിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. നമ്മുടെ ഗ്രൂപ്പ് അംഗങ്ങളായ ആദരണീയരായ ശ്രീ അച്ചുത വാര്യർ, ശ്രീ അജിത് കുമാർ തിരുവനന്തപുരം, ശ്രീ വറുഗീസ് തേവയ്ക്കൽ എന്നിവരാണവർ, ഇന്ത്യയിലെ പ്രഗത്ഭനായ മറ്റൊരു ഓഡിയോ ആൽഫാ ടെസ്റ്ററാണ് ശ്രീ വേദമിത്ര ശർമ്മ.
വെറുതെ ഓഡിയോ കേട്ട് വിലയിരുത്തുകയല്ല പോരായ്മകൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യും എന്നതാണ് ആൽഫാ ടെസ്റ്റർമാരുടെ കഴിവ്.. ഇവരുടെ വരുമാനത്തിൻ്റെ നല്ലൊരു പങ്ക് ഇത്തരം ടെസ്റ്റിങ്ങ് രംഗത്ത് നിന്നാണ് വരുന്നത്.
ആൽഫാ കഴിഞ്ഞാൽ അടുത്ത ഘട്ടം ബീറ്റാ പ്രോട്ടോ ടൈപ്പാണ് .ഫൈനൽ പ്രൊഡക്റ്റിനോട് ഏകദേശം അടുത്ത വരുന്ന നിർമ്മാണ രീതിയും രൂപഘടനയുമായിരിക്കും ബീറ്റാ പ്രോട്ടോ ടൈപ്പിന്.
യഥാർത്ഥ സാഹചര്യങ്ങളിൽ ആ ഉൽപ്പന്നം എങ്ങനെയൊക്കെ പ്രതികരിക്കുന്നു, എന്തൊക്കെ തകരാറുകൾ വരുന്നുണ്ട് എന്ന് മനസിലാക്കാനായി ഈ ബീറ്റാ പ്രോട്ടോ ടൈപ്പുകൾ ആ ഉൽപ്പന്നം വിൽക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൻ്റെ എല്ലാ കാലാവസ്ഥാ മാറ്റങ്ങളും മനസിലാക്കാൻ ഉതകുന്ന വിധം പരിക്ഷിക്കുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഇത് കടുത്ത മഞ്ഞുവീഴ്ചയുള്ള ലഡാക്ക്, കാശ്മീർ ഹിമാചൽ പ്രദേശുകളിലും, എക്സ്ട്രീം താപനിലയുള്ള രാജസ്ഥാനിലും, ഹ്യൂമിഡിറ്റിയും മഴയും കൂടിയ കേരളത്തിലും വരണ്ട കാലാവസ്ഥയുള്ള തമിഴ്നാട്ടിലും, പരീക്ഷിക്കപ്പെടുന്നു.നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിച്ച് പരീക്ഷിച്ച ശേഷം ഈ ഉപകരണങ്ങൾ തിരികെയെടുത്ത് ലാബിൽ എത്തിച്ച് ഗുണ, ദോഷ പരിശോധനകൾ നടത്തി വിലയിരുത്തി ഫൈനൽ പ്രൊഡക്റ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു.
വാഹനങ്ങളോട് അഭിനിവേശമുള്ളവർ ചില വാഹനങ്ങൾ ആകെ പൊതിഞ്ഞ് മൂടിയ നിലയിൽ റോഡിലൂടെ പോകുന്നത് അവിചാരിതമായി കണ്ടിട്ടുണ്ടാകും, എത് കമ്പനി, ഏത് ബ്രാൻഡ് എന്നൊന്നും മനസിലാകാതിരിക്കാനാണ് ആകെ മൂടിപ്പൊതിഞ്ഞ് ഇത്തരം ബീറ്റാ പ്രോട്ടോ ടൈപ്പ് വണ്ടികൾ റോഡ് ടെസ്റ്റ് നടത്തുന്നത്.
പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ പല വിധ നേട്ടങ്ങളാണ് കമ്പനികൾക്കുണ്ടാകുന്നത്.
ഏത് നാട്ടിൽ ഉപയോഗിക്കുമ്പോൾ എന്ത് തകരാറ് ഉൽപ്പന്നത്തിന് വരും എന്ന് മുൻകൂട്ടി മനസിലാക്കി ആ നാട്ടിലെ സർവ്വീസ് ടീമിന് പരിശീലനം നൽകാനും, സ്പെയറുകൾ കരുതി വയ്ക്കാനും സാധിക്കും ഇതുമൂലം കസ്റ്റമർ സാറ്റിസ് ഫാക്ഷൻ ഉയരും, ബ്രാൻഡ് വാല്യൂ കൂടും.
ശരിയായ ഫീഡ് ബാക്ക് ലഭിക്കുന്നത് മൂലം ഉൽപ്പന്നത്തിൻ്റെ വരും മോഡലുകളിൽ പുതിയ ഫീച്ചറുകൾ ചേർക്കാൻ സാധിക്കും.
 
 

 
ഡൈ മേക്കിങ്ങ് ,പ്രൊഡക്റ്റ് ക്യാബിനെറ്റ്, സ്പെയർ പാർട്സുകൾ ,പ്രൊഡക്റ്റ് ഫിനിഷിങ്ങ് ,വയറുകൾ, നോബുകൾ, സ്വിച്ചുകൾ, ഡയലുകൾ പോലുള്ളവയിൽ ഗുണമേൻമയുള്ള നിർമ്മാതാക്കളെ മുൻകൂട്ടി സോഴ്സ് ചെയ്യാം. ആവശ്യത്തിനനുസരിച്ച് മാത്രം വാങ്ങി ഇനിഷ്യൽ കോസ്റ്റ് കുറയ്ക്കാം.
തകരാറുകൾ വരാനുള്ള സാദ്ധ്യത കുറയ്ക്കാം..
വിദേശ കമ്പനികൾ പ്രോട്ടോ ടൈപ്പിങ്ങ് മേഘലയ്ക്ക് പ്രമുഖമായൊരു സ്ഥാനം നൽകുന്നുണ്ടെങ്കിലും, ഇന്ത്യൻ കമ്പനികൾ ഉപഭോക്താവിൻ്റെ തലയിൽ ബീറ്റാ ടെസ്റ്റിങ്ങ് പ്രോട്ടോ ടൈപ്പുകൾ ഫൈനൽ പ്രൊഡക്റ്റായി കെട്ടി വച്ച് അവരുടെ ചിലവിൽ പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് നടത്തുന്ന രീതി കുറച്ച് കാലം മുൻപ് വരെ അനുവർത്തിച്ചിരുന്നു.
മാറിയ ഉപഭോക്തൃ സംസ്കാരം മൂലം വില കുറച്ച് കൂടിയാലും നല്ല ഉൽപ്പന്നങ്ങൾക്കും വിപണിയിൽ നല്ല ഡിമാൻഡ് വന്ന് തുടങ്ങിയതിനാൽ ഇന്ത്യൻ കമ്പനികളും പ്രോട്ടോ ടൈപ്പിങ്ങിന് പ്രാമുഖ്യം നൽകിത്തുടങ്ങി എന്നതിനാൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കായി കാത്തിരിക്കുന്ന.ഇന്ത്യൻ ഉപഭോക്താക്കൾക്കും താൽപ്പര്യമുള്ള വാർത്തയാണ്.
ചിത്രത്തിൽ കാണുന്നത് ഡോൾബി ലാബോറട്ടറീസിലെ റേ ഡോൾബി 1984 ൽ അസംബിൾ ചെയ്ത ഡോൾബി SR നോയ്സ് റിഡക്ഷൻ സർക്യൂട്ടിൻ്റെ ആൽഫാ പ്രോട്ടോ ടൈപ്പ് ബോർഡാണ്.ഇതിൻ്റെ ടെസ്റ്റിങ്ങിന് ശേഷം തുടർന്ന് ഡിസൈൻ ചെയ്ത ഡോൾബിയുടെ ബീറ്റാ പ്രോട്ടോ ടൈപ്പ്ചിത്രം താഴെ കൊടുക്കുന്നു.
 
 
 

 
 
ചെറിയ ചെറിയ ഐസികൾ മാറ്റി ബീറ്റാ പ്രോട്ടോ ടൈപ്പിൽ കസ്റ്റം മേഡ് ചിപ്പുകൾ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാകും.ഏതാണ് അമ്പതോളം പ്രോട്ടോ ടൈപ്പുകളാണ് ഫൈനൽ പ്രൊഡക്റ്റിലേക്ക് എത്തിച്ചേരുന്നതിന് മുൻപായി റേ ഡോൾബി അസംബിൾ ചെയ്തത്. എത്ര കോംപ്ലിക്കേറ്റഡ് സർക്യൂട്ടാണ് അദ്ദേഹം ചെയ്തതെന്ന് സൂം ചെയ്ത് നോക്കിയാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും!
ലോകത്തിലെ ഏറ്റവും കോംപ്ലക്സ് ഇലക്ട്രോണിക്സ് പ്രോട്ടോ ടൈപ്പായി ഇത് കണക്കാക്കപ്പെടുന്നു. സാൻഫ്രാൻസിസ്ക്കോയിലെ എയർപോർട്ട് മ്യൂസിയത്തിൽ ഈ പ്രോട്ടോ ടൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.
ഇത്രയും വലിയ ഡിസൈനറായ റേ ഡോൾബി കമ്പനി എന്തിനാണ് ഇങ്ങനെ പോട്ടോ ടൈപ്പ് ഉണ്ടാക്കി കഷ്ടപ്പെട്ടത്? നേരേ കമ്പ്യൂട്ടറൽ ഡിസൈൻ ചെയ്യുക, സിമുലേറ്റ് ചെയ്യുക ,PCB അടിക്കുക പ്രൊഡക്റ്റ് വിൽക്കുക അതല്ലേ ചെയ്യേണ്ടത്? മണ്ടൻ ഡോൾബി.!..#Ajith_kalamassery

Tuesday, June 13, 2023

ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല

 ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല


 

ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല.!
സാങ്കേതിക വിഷയങ്ങളിൽ അൽപ്പം അറിവുള്ളവർ നേരിടുന്ന വലിയ ബൗദ്ധിക പ്രശ്നമാണ് ഇനി കണ്ടു പിടിക്കാൻ ഒന്നുമില്ല എന്ന കാര്യം.
മനുഷ്യർക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല ഉപകരണങ്ങളും കാലങ്ങൾക്ക് മുൻപേ ചിന്തിക്കുന്ന ബുദ്ധിമാൻമാർ കണ്ടു പിടിച്ചു പോയി അതിനാൽ ഒഴിവ് സമയം ചിലവഴിച്ച് വല്ലതും കണ്ട് പിടിക്കാമെന്ന ആശയേ നശിച്ചുപോയി!
ഇനി അറിയാവുന്ന പണി എടുക്കാം.. അല്ലെങ്കിൽ ആരുടെയെങ്കിലും കീഴിൽ വല്ല ജോലിയും ചെയ്ത് ജീവിക്കാം.
വല്ലപ്പോഴും കിട്ടുന്ന ഫ്രീ ടൈമിൽ മെബൈലിൽ കുത്തിക്കൊണ്ടിരിക്കാം കമ്പ്യൂട്ടർ നോക്കാം....... TV കാണാം...
എത്ര നേരമെന്ന് വച്ചാണ് മൊബൈലിൽ തോണ്ടുക?
കൈ വേദനിക്കുന്നു.
കഴുത്ത് വേദനിക്കുന്നു.
കണ്ണ് അടിച്ച് പോകുന്നു.
ആകെ വിരസത.
ഇങ്ങനെയാണ് എനിക്കറിയാവുന്ന പല ബുദ്ധിജീവി ടെക്നീഷ്യൻമാരുടെയും അവസ്ഥ...
പക്ഷേ ഇങ്ങനെയാണോ ലോകത്ത് നടക്കുന്നത് അല്ലേയല്ല...കണ്ടുപിടുത്തക്കാർ അനുനിമിഷം പുതിയ ടെക്നോളജികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു..
അത് ലളിതമാകാം... വള്ളിക്കെട്ടുള്ളതാകാം.
റിമോട്ട് താഴെ വീണപ്പോൾ അൽപ്പം ബ്രേക്കായി.. അതൊട്ടിക്കാർ സൂപ്പർ ഗ്ലൂ എടുത്തപ്പോൾ മുഴുവൻ എയർ കേറി കട്ടയായി പോയിരിക്കുന്നു.
ഇനി അത് വാങ്ങിയിട്ട് വേണം ഒട്ടിക്കാൻ!
നേരേ കടയിലേക്ക് വിട്ടു. അപ്പോഴാണ് ഗാർഡിയൻ വർഗീസ് ചേട്ടൻ്റെ വിളി.. ഇന്നവധി ദിവസമല്ലേ ഇങ്ങോട്ട് പോര് നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാം .. വണ്ടി വർഗീസ് ചേട്ടൻ്റെ വീട്ടിലേക്ക് തിരിച്ചു.
ജുഗാദ് എന്നറിയപ്പെടുന്ന നാടൻ കണ്ടുപിടുത്തങ്ങളുടെ കിങ്ങാണ് വർഗീസ് ചേട്ടൻ.. അദ്ദേഹത്തിൻ്റെ ചില കഥകൾ പിന്നാലെ എഴുതാം.
അവിടെയെത്തിയപ്പോൾ അൽപ്പം മാത്രം ഉപയോഗിച്ച സൂപ്പർ ഗ്ലൂ അടപ്പ് തെറിച്ച് പോയത് കാരണം എയർ കേറി കട്ടയായി പോയ കാര്യം സംസാരമദ്ധ്യേ ഞാൻ പറഞ്ഞു.ദാ അതു കണ്ടോ വർഗീസ് ചേട്ടൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞാൻ നോക്കി. ഒരു സൂപ്പർ ഗ്ലൂ ബോട്ടിലിൻ്റെ നെറുകന്തലയിൽ ഒരു സെൽഫ് ടാപ്പിങ്ങ് സ്ക്രൂ തിരിച്ച് കയറ്റിയിരിക്കുന്നു...
ഇത്തരം വലിയ ബോട്ടിൽ പശ വാങ്ങുന്നതാണ് ലാഭം പക്ഷേ വാങ്ങിയാൽ ഇതിൻ്റെ അടപ്പ് ആദ്യം തെറിച്ച് പോകും.. അടപ്പില്ലെങ്കിൽ എയർ കയറി മുഴുവൻ പശയും ഉപയോഗശൂന്യമാകും .. അതൊഴിവാക്കാൻ ഇങ്ങനെ ഒരു സ്ക്രൂ ഇട്ട് തിരിച്ച് വച്ചാൽ മതി! സിമ്പിൾ ബട്ട് പവർഫുൾ കണ്ട് പിടുത്തം. വലിയ സൂപ്പർ ഗ്ലൂ പശ വാങ്ങുന്നവർക്കെല്ലാം ഉപകാരപ്പെടുന്നത്. അപ്പോൾ തന്നെ ഒരു ഫോട്ടം പിടിച്ച് പോസ്റ്റാക്കി.വർഗീസ് ചേട്ടൻ സൂപ്പർ ഗ്ലൂ എടുത്തു ഒരു മജീഷ്യൻ്റെ കയ്യടക്കത്തോടെ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്ന് അതിൽ നിന്ന് അൽപ്പം വെളുത്ത പൊടി എടുത്ത് ഒരു അലുമിനിയം ഹീറ്റ്സിങ്കിലെ 5 mm ഹോൾ മറയത്തക്കവണ്ണം ആ പൊടി അവിടെ അമർത്തി വച്ചു.അതിന് മുകളിൽ ഒന്ന് രണ്ട് തുള്ളി സൂപ്പർ ഗ്ലൂ ഇറ്റിച്ചു. അത്ഭുതം ആ ഹോൾ പൂർണ്ണമായി അടഞ്ഞു.. പഴയ സോളിഡ് അവസ്ഥയിലേക്ക് മാറി.. ഞാനൊരു കമ്പി എടുത്ത് ആ തുളയിൽ പറ്റിയ പൊടി കുത്തിക്കളയാൻ ശ്രമിച്ചു ... സാധിക്കുന്നില്ല ഇരുമ്പ് പോലെ ഉറച്ചിരിക്കുന്നു.
എന്താണീ പൊടി.?
അതാണ് ബേക്കിങ്ങ് പൗഡർ അഥവാ സോഡിയം ബൈ കാർബണേറ്റ്.. സൂപ്പർ ഗ്ലൂവുമായി ചേർന്നാൽ ഇരുമ്പ് പോലെ ഉറയ്ക്കും.. പിന്നെ ഡ്രില്ല് ചെയ്യാം, സാൻഡ് പേപ്പർ പിടിക്കാം എന്തും ചെയ്യാം ... ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് എന്തിലും ഗ്യാപ്പ് ഫില്ലറായും, കോൾഡ് വെൽഡിങ്ങ് പോലെ തമ്മിലൊട്ടിക്കാനും ഈ സൂപ്പർ ഗ്ലൂ ബേക്കിങ്ങ് സോഡാ കോമ്പിനേഷന് കഴിയും. ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തുള വീണാൽ ഒട്ടിക്കാം, റേഡിയേറ്റർ ലീക്കായാൽ ഒട്ടിക്കാം, ബൈക്കിൻ്റെ പ്ലാസ്റ്റിക് പാർട്ടുകൾ പൊട്ടിയാൽ ഒട്ടിക്കാം ,ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സ്ക്രൂ ഉറപ്പിക്കുന്ന കുറ്റികൾ പൊട്ടിയാൽ ഉറപ്പിക്കാം.എന്തും ചെയ്യാം.
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം സൂപ്പർ ഗ്ലൂ ഫ്രിഡ്ജിൽ വയ്ക്കരുത് സാധാരണ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുക.ഫ്രിഡ്ജിൽ വയ്ക്കുകയും, എടുക്കുകയും ചെയ്യുന്നത് ആവർത്തിച്ചാൽ പശയുടെ ഒട്ടാനുള്ള കഴിവ് നഷ്ടപ്പെട്ട് അത് ഒരു ജെൽ പോലെ ആകുന്നുണ്ട് ....വർഗീസ് ചേട്ടൻ തൻ്റെ അനുഭവം പറഞ്ഞു.
ഞാൻ കുറച്ച് ബേക്കിങ്ങ് സോഡാപ്പൊടിയും, ഒരു സൂപ്പർ ഗ്ലൂവും വാങ്ങി വീട്ടിലേക്ക് വിട്ടു. കുറേ സാധനങ്ങൾ ഒട്ടിക്കാനു ണ്ട്.!
ചിത്രത്തിൽ കാണുന്നത്.വർഗീസ് ചേട്ടൻ ഒരു ഈ സ്കൂട്ടറിൻ്റെ പെർഫോമൻസ് പരിശോധിക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ പശക്കുപ്പിയുടെ നോസിലിൽ സ്ക്രൂ തിരിച്ച് വച്ചിരിക്കുന്നത് കാണാം എഴുതിയത് #അജിത്കളമശേരി,#ഗാർഡിയൻ_വർഗീസ്, #ജുഗാദ്.25.09.2022

Wednesday, February 16, 2022

ഇലക്ട്രോണിക്സ് കേരളം മാസികയുടെ 2022 ജനുവരി ലക്കം

 

  ഇലക്ട്രോണിക്സ് കേരളം 

  മാസികയുടെ 2022

  ജനുവരി ലക്കം

 

 


 https://drive.google.com/file/d/11WbwrraI2dg-Ucemkb0g8wUh-ivGS5-z/view?usp=sharing

 ഇലക്ട്രോണിക്സ് കേരളം മാസികയുടെ 2022 ജനുവരി ലക്കം വായിക്കാനും, ഡൗൺലോഡ് ചെയ്യാനും മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

ഇലക്ട്രോണിക്സ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും ,പുതിയ പുതിയ അപ്ഡേറ്റുകളും ലഭിക്കാൻ ഇലക്ട്രോണിക്സ് കേരളം ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക. ലിങ്ക് ഇതാ https://t.me/elxkeralam

 വാട് സാപ്പ് നമ്പർ 7012358500

Saturday, October 21, 2017

ടച്ച് സ്ക്രീനുകളുടെ രഹസ്യം

     ടച്ച് സ്ക്രീനുകളുടെ രഹസ്യം 

 സുജിത് കുമാര്‍ 

 

 

 

മൊബൈൽ ഫോണുകളുടെ ടച് സ്ക്രീൻ എന്തെല്ലാമോ പ്രത്യേക തരം ഗ്ലാസുകൊണ്ട് നിർമ്മിച്ചതാണെന്നും കപ്പാസിറ്റീവ് ടച് സ്ക്രീൻ ആണെന്നുമെല്ലാം കേട്ടിട്ടൂള്ളവരിൽ ചിലർക്കെങ്കിലും ഈ സ്ക്രീനിനു മുകളിൽ നമ്മൾ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും പിന്നെയും യാതൊരു പ്രശ്നവുമില്ലാതെ ടച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംശയം ഉണ്ടായിട്ടുണ്ടാകുമല്ലോ. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്ലാസ്റ്റിക് കടലാസിന് സ്പർശന ശക്തി എങ്ങിനെയാണ്‌ കിട്ടുന്നത്?

പ്രതലത്തിൽ നമ്മൾ തൊടുമ്പോൾ തൊടുന്ന ഭാഗത്തെ കപ്പാസിറ്റൻസിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുന്ന വിദ്യയാണല്ലോ കപ്പാസിറ്റീവ് ടച് സ്ക്രീനുകളുടേത്. ഇൻഡിയം ടിൻ ഡയോക്സൈഡ് എന്ന വസ്തു ആണ്‌ ടച് സ്ക്രീൻ സാങ്കേതിക വിദ്യയിൽ പൊതുവേ ഉപയോഗിക്കുന്നത്. ഒരേ സമയം സുതാര്യമായതും എന്നാൽ വൈദ്യുതിയെ കടത്തി വിടുന്നതുമായ ഒരു പദാർത്ഥമാണ്‌ ഇൻഡിയം ടിൻ ഡയോക്സൈഡ്. ഇത് ഒരു സുതാര്യമായ പെയിന്റ് പോലെ ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ മുകളിൽ ആവരണമായി ഉപയോഗിക്കാൻ കഴിയും. കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ തന്നെ പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പാസിറ്റീവ് പ്രൊജൿഷൻ സ്ക്രീനുകൾ ആണ്‌ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ അതിനെക്കുറിച്ച് അല്പം കാര്യങ്ങൾ - ടച് സ്ക്രീൻ ആയി ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഇരു വശങ്ങളിലുമായി പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകൾ നെടുങ്ങെനെയും കുറുകെയും ഉള്ള ഒരു ഗ്രിഡ് ആയി നേരത്തേ സൂചിപ്പിച്ച ഇൻഡിയം ടിൻ ഡയോക്സൈഡ് പോലെയുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു. ഇതിൽ വൈദ്യുതി നൽകുമ്പോൾ സാധാരണഗതിയിൽ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ പോലെയുള്ള വൈദ്യുത മണ്ഡലം ആയിരിക്കും രൂപപ്പെടുക. വിരൽ കൊണ്ട് സ്ക്രീനിൽ തൊടുമ്പോൾ നമ്മൂടെ ശരീരത്തിലെ ചാർജുമായി പ്രതിപ്രവർത്തിച്ച് തൊടുന്ന ഭാഗത്തെ വൈദ്യുത മണ്ഡലത്തിൽ വ്യതിയാനം സംഭവിക്കുകയും ഗ്രിഡിലെ പ്രസ്തുത ബിന്ദുവിലെ കപ്പാസിറ്റീവ് ടെർമിനലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ സ്പർശ ബിന്ദു സ്ക്രിനിൽ ഏത് ഭാഗത്താണെന്ന് തിരിച്ചറീയാനാകുന്നു. ടച് സ്ക്രീനുകളിൽ നാം യഥാർത്ഥത്തിൽ തൊടുന്നത് നേരത്തെ സൂചിപ്പിച്ച ഗ്രിഡിൽ നേരിട്ടല്ല. മറിച്ച് അതിനു മുകളിലായും ഒരു ഗ്ലാസിന്റെ ഒരു പാളി ഉണ്ടായിരിക്കും. ടച് സ്ക്രീൻ പ്ലേറ്റുകളിലെ വൈദ്യുത മണ്ഡലം സ്ക്രീനുകളുടെ ഉപരിതലത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നുണ്ട്. ഇതിന്റെ തീവ്രത സ്ക്രീനിൽ നിന്നുമുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു വിപരീതാനുപാതത്തിലുമാണ്‌. അതിനാൽ യഥാർത്ഥ ടച് സ്ക്രീൻ പ്ലേറ്റുകളിൽ ഉള്ള വൈദ്യുത മണ്ഡലം അതേ പോലെത്തന്നെ വലിയ വ്യത്യാസങ്ങളില്ലാതെ ഗ്ലാസ്, പോളിത്തീൻ തുടങ്ങിയ പദാർത്ഥങ്ങളുടെ നേർത്ത പാളികളിലൂടെ സുഗമമായി പ്രസരിപ്പിക്കാൻ കഴിയുന്നു. വളരെ ശക്തമായ വൈദ്യുത മണ്ഡലം ആണെങ്കിൽ സ്ക്രീനിൽ തൊടാതെ തന്നെ വായുവിൽ സ്ക്രീനിന്റെ ഉപരിതലത്തിനടുത്ത് വിരലുകൾ കോണ്ടു ചെന്നാൽ തന്നെ അതിനെ സ്പർശമായി തിരിച്ചറിയാനാകും.

ചോദ്യത്തിലേക്ക് തിരിച്ചു വരാം. ടാമ്പേഡ് ഗ്ലാസുകളും സ്ക്രീൻ പ്രൊട്ടക്ഷൻ ഫിലിമുകളുമെല്ലാം വളരെ കനം കുറഞ്ഞവ ആയതിനാൽ ടച് സ്ക്രീനുകളുടെ പ്രതലത്തിലുള്ള വൈദ്യുത മണ്ഡലത്തെ അതേ പോലെത്തന്നെ ഇവയുടെ പ്രതലത്തിലേയ്ക്കും വ്യാപിപ്പിക്കുവാൻ ഇവയ്ക്ക് കഴിയുന്നതുകൊണ്ടാണ്‌ ഇവ ഉപയോഗിക്കുമ്പോഴും ടച് സ്ക്രീനുകൾ പ്രവർത്തിക്കുന്നത്. ഗ്ലാസ് മാത്രമല്ല ഒരു കടലാസു കഷണം സ്ക്രീനിന്റെ മുകളിൽ വച്ച് തൊട്ടു നോക്കൂ. അപ്പോഴും ടച് സ്ക്രീൻ പ്രവർത്തിക്കുന്നത് കാണാം. ഇത്തരത്തിൽ കടലാസുകൾ ഒന്നിനു പിറകിൽ ഒന്നായി അടുക്കി വച്ച് പരിശോധിച്ച് നോക്കുക. രണ്ടോ മൂന്നോ‌ വയ്ക്കുമ്പോഴേയ്ക്കും സ്പർശം തിരിച്ചറീയാതാകുന്നു. ചില ഫോണുകളിൽ ചില ടാമ്പേഡ് ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ സെൻസിറ്റിവിറ്റി കുറയുന്നതായി കണ്ടിട്ടീല്ലേ ഇതിനു കാരണം പ്രസ്തുത ഗ്ലാസ് കനം കൂടിയതായതുകൊണ്ടോ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ടച് സ്ക്രീൻ കൂടുതൽ കാര്യക്ഷമമല്ലാത്തതുകൊണ്ടോ ആകാം. ചില ഫോണുകളിൽ കയ്യുറകൾ ഇട്ട് സ്പർശിച്ചാലും പ്രവർത്തിക്കുന്ന രീതിയിൽ ' ഗ്ലൗ മോഡ് ' എന്നൊരു ഫീച്ചർ കാണാം. ഇതിൽ യഥാർത്ഥത്തിൽ ചെയ്യുന്നത് കട്ടിയുള്ള ഗ്ലൗ ഉപയോഗിച്ചാലും സ്പർശം തിരിച്ചറിയത്തക്ക രീതിയിൽ ടച് സ്ക്രീനിന്റെ വൈദ്യുത മണ്ഡലത്തിന്റെ തിവ്രത കൂട്ടുകയാണ്‌.

കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ ഒരു പരിധിയിൽ കൂടുതൽ സെൻസിറ്റീവ് ആക്കുന്നത് ഉപയോഗത്തിനെ ദോഷകരമായി ബാധിക്കുന്നതിനാൽ സ്ക്രീനുകളെല്ലാം ഇലക്ട്രിക് ഫീൽഡ് ഒരു നിശ്ചിത പരിധിയിൽ നിർത്തിക്കൊണ്ട് കൃത്യത ലഭിക്കാനായി സ്വയം കാലിബറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

ടച് സ്ക്രീൻ വെള്ളം നനഞ്ഞാൽ അത് ശരിയായി പ്രവർത്തിക്കാതാകുന്നതും എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. വെള്ളം വൈദ്യുതിയെ കടത്തി വിടുന്നതാണല്ലോ.. ഇത്തരത്തിൽ സ്ക്രീനിനു മുകളിൽ വെള്ളം വീഴുമ്പോഴും സ്ക്രീൻ കപ്പാസിറ്റൻസിൽ വ്യത്യാസം വരുന്നു. അതോടെ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ ഇലക്ട്രിക് ഫീൽഡ് അല്ലാതെ വരികയും സ്പർശം ഇതിലൂടെ തിരിച്ചറിയാനുള്ള സംവിധാനം താറുമാറാവുകയും ചെയ്യുന്നു.

Saturday, October 14, 2017

ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍


 ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍
1

Indian Standard Mark for Registration: ഇന്ത്യയിൽ നിർമ്മിക്കുകയോ വിപണനം ചെയ്യപ്പെടുകയോ ചെയ്യുന്ന ഇലക്ട്രൊണിക് / ഐടി ഉപകരണങ്ങളിൽ അവശ്യം നിഷ്കർഷിച്ചിട്ടുള്ള ചിഹ്നമാണ്‌ ഇത്. 01 ഡിസംബർ 2015 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമാണ്‌ ഇത് നിലവിൽ വന്നത്. ചിഹ്നത്തിനു മുകളിലുള്ള IS നമ്പർ ഉല്പന്നം ഏത് വിഭാഗത്തിൽ പെടുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ IS-302-2-25 മൈക്രോ വേവ് ഓവനെ സൂചിപ്പിക്കുന്നു. IS 616/IEC 60065 പ്ലാസ്മ / എൽ ഇ ഡി ടെലിവിഷനുകളെ സൂചിപ്പിക്കുന്നു. ചിഹ്നത്തിനു താഴെയുള്ളത് രജിസ്റ്റ്രേഷൻ നമ്പർ ആണ്‌

 2


ഒരുപക്ഷേ നമ്മൾ എറ്റവും കൂടുതലായി ഇലക്ട്രോണിൿ ഉപകരണങ്ങളിൽ കാണുന്ന ചിഹ്നം ഇതായിരിക്കും. യൂറോപ്യൻ നിബന്ധനകൾക്ക് വിധേയമായത് എന്നർത്ഥം വരുന്ന Conformité Européenne എന്ന ഫ്രഞ്ച് വാചകം ആണ് സി ഇ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ EC മാർക്ക് എന്ന് വിളിയ്ക്കപ്പെട്ടിരുന്ന ഇത് പിന്നീട് 1993 ൽ CE ആക്കി മാറ്റുകയായിരുന്നു. ഒരു ഉല്പന്നത്തിൽ സി ഇ മാർക്ക് പതിക്കുന്നതിലൂടെ പ്രസ്തുത ഉൽപ്പന്നം യൂറോപ്യൻ ആരോഗ്യ- പരിസ്ഥിതി- ഗുണനിലവാര നിബന്ധനകൾ പൂർണ്ണമായും പാലിക്കുന്നു എന്ന ഉറപ്പ് ആണ്‌ നിർമ്മാതാക്കൾ നൽകുന്നത്. CE മാർക്ക് ഉള്ളതുകൊണ്ട് മാത്രം ആ ഉൽപ്പന്നം ഉന്നത ഗുണനിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പ് പറയാനാകില്ല. ഇത് നിർമ്മാതാവ് നൽകുന്ന വാഗ്ദാനം മാത്രമാണ്. പക്ഷേ ഇത്തരത്തിലുള്ള ഒരു ഉപകരണം നിർദ്ദിഷ്ട ഗുണനിലവാരം പാലിക്കാത്തതായി തെളിഞ്ഞാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള പിഴകൾ ഏറ്റു വാങ്ങ്ങ്ങേണ്ടതായിട്ടുണ്ട്.
3
ചൈനയിൽ നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ വിപണനം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട മുദ്ര ആണ് ചൈനീസ് കമ്പൽസറി സർട്ടിഫിക്കറ്റ് . Certification and Accreditation Administration of the People's Republic of China ആണ്‌ ഇതിന്റെ നിബന്ധനകൾ നിഷ്കർഷിക്കുന്നത്. ഇന്ത്യയിലെ ഐ എസ് ഐ മാർക്കിന്റെ ഒരു ചൈനീസ് രൂപമായി ഇതിനെ കണക്കിലാക്കാം.
4


ഇലക്ട്രോണിൿ മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട യൂറോപ്യൻ രാജ്യങ്ങളുടേതായ നിബന്ധനകളാണ് Waste Electrical and Electronic Equipment Directive ലൂടെ ലക്ഷ്യമിടുന്നത്. ലോഗോ പ്രസ്തുത ഉൽപ്പന്നം സാധാരണ ഗാർഹിക മാലിന്യ സംസ്കരണ പ്രക്രിയകളിലൂടെ സംസ്കരിക്കാൻ കഴിയാത്തതാണെന്ന മുന്നറിയിപ്പ് നൽകുന്നതാണ്‌. അതായത് ഈ ലോഗോ പതിയ്ക്കപ്പെട്ട ഉൽപ്പന്നങ്ങൾ വെറുതേ വേസ്റ്റ് ബിന്നിൽ കൊണ്ടുപോയി ഇടരുത് എന്നർത്ഥം. ഇത്തരം ഉല്പന്നങ്ങൾ ഇതിനായി പ്രത്യേകം നിഷ്കർഷിക്കപ്പെട്ട ഈ- മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേ നൽകാവൂ. നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ ഇതൊനൊന്നും യാതൊരു പ്രാധാന്യവും നൽകിക്കാണുന്നില്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം മാലിന്യങ്ങൾക്കായി പ്രത്യേകം അടയാളപ്പെടുത്തിയ വലിയ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു കാണപ്പെടുന്നു. ഈ ലോഗൊ‌ രണ്ടു തരത്തിൽ ഉണ്ട്. വേസ്റ്റ് ബിന്നിന്റെ അടിയിൽ കറുത്ത വര ഉള്ളത് 2005 നു ശേഷം വിപണിയിൽ ഇറക്കിയതും അല്ലാത്തത് 2002 നും 2005 നും ഇടയിൽ വിപണിയിൽ ഇറക്കിയതുമാണ്‌.
5

അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻ കണ്ഫോമിറ്റി നിഷ്കർഷിക്കുന്ന പരിധിക്കകത്താണ്‌ ഒരു ഇലക്ട്രോണിക് ഉപകരണം പുറപ്പെടുവിക്കുന്ന അനാവശ്യ വൈദ്യുത കാന്തിക വികിരണങ്ങൾ എന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ ലോഗോ ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിർമ്മിക്കുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന ഉപകരണങ്ങളിൽ ഇത് നിർബന്ധമായിരിക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടൂവിക്കുന്ന അനാവശ്യ തരംഗങ്ങളുടെ പരിധി ഇതിലൂടെ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. കോഡ് ഓഫ് ഫെഡറൽ റഗുലേഷന്റെ പതിനഞ്ചാം ഖണ്ഡത്തിൽ പറയുന്ന ഉപകരണങ്ങൾ ആണ്‌ ഈ പരിധിയിൽ വരുന്നത്. അതിൽ നമ്മൾ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളൂം വരുന്നുണ്ട്.
6



ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ വസ്തുക്കൾക്കുള്ള പരിധി നിശ്ചയിച്ചുകൊണ്ടുള്ള ചൈനീസ് നിബന്ധനകളാണ്‌ ചൈനീസ് RoHS എന്ന പേരിൽ അറിയപ്പെടുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ചൈനീസ് വിപണിയിലുള്ള ഉപകരണങ്ങളിലും നിർദ്ദിഷ്ട ആർ ഓ എച് എസ് ലേബൽ നിർബന്ധമാണ്‌. ലെഡ്, മെർക്കുറി, കാഡ്മിയം,, ഹെക്സാവാലന്റ് ക്രോമിയം, പോളി ബ്രോമിനേറ്റഡ് ബൈഫിനൈൽ, പോളി ബ്രോമിനേറ്റഡ് ഡൈഫിനൈൽ ഈതർ എന്നിങ്ങനെ ആറു പദാർത്ഥങ്ങൾ ചൈനീസ് ആർ ഓ എച് എസ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സൗഹൃദ ഉപയോഗ കാലയളവ് (വർഷത്തിൽ) രേഖപ്പെടുത്തിയ പ്രത്യേക ചിഹ്നമാണ്‌ ആർ ഓ എച് എസ് ലേബൽ. 10 എന്ന് ആലേഖനം ചെയ്യപ്പെട്ട ആർ ഒ എച് എസ് ലേബൽ ഉള്ള ഒരു ഉപകരണം പരിസ്ഥിതി സൗഹൃദമായി പത്തു വർഷക്കാലം ഉപയോഗിക്കാമെന്ന് അർത്ഥമാക്കുന്നു. അതായത് പത്തു വർഷങ്ങൾക്ക് ശേഷം അത് ശിഥിലമാകാൻ തുടങ്ങുകയും ഹാനികരമായ വസ്തുക്കൾ വിഘടിച്ച് പരിസ്ഥിതിക്ക് ദോഷകമരായി പ്രവർത്തിക്കുകയും ചെയ്യുന്നു. e എന്ന് രേഖപ്പെടുത്തിയ ചിഹ്നം പ്രസ്തുത ഉപകരണം എത്ര കാലം ഉപയോഗിച്ചാലും ഹാനികാരകങ്ങളായ വസ്തുക്കൾ ദോഷകരമായ അളവിൽ പുറപ്പെടുവിക്കില്ല എന്ന് അർത്ഥമാക്കുന്നു.
7




Underwriters Laboratories എന്ന അമേരിക്കൻ സേഫ്റ്റി ആൻഡ് സർട്ടിഫിക്കേഷൻ കമ്പനി ഉപകരണങ്ങളുടെ സുരക്ഷാപരമായ കാര്യങ്ങൾ ആഴത്തിൽ പഠിക്കുകയും ഓഡിറ്റ് ചെയ്യുകയും അതിനുസരിച്ചുള്ള സർട്ടിഫിക്കേഷനുകൾ നൽകുന്നതുമായ ഒരു സ്ഥാപനമാണ്‌. അന്താരാഷ്ട്ര തലത്തിൽ ഈ മേഖലയിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ UL സ്റ്റാൻഡേർഡ് എന്ന പേരിൽ അറിയപ്പെടുന്നു. UL സ്റ്റാൻഡേഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉല്പന്നങ്ങളുടെ ഘടക ഭാഗങ്ങളുടെ നിലവാരത്തെ R തിരിച്ചിട്ടീരിക്കുന്നതുപോലെയുള്ളതും U വും ചേർന്ന Recognized Component Mark ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. ഉപകരണങ്ങളിൽ യു എൽ മാർക്ക് ഉണ്ടാകുന്നത് പ്രസ്തുത ഉപകരണം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നതിനാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ സ്ഥാപനങ്ങൾ പലപ്പോഴും യു എൽ മാർക്ക് ഉള്ള ഉപകരണങ്ങളുടെ ഉപയോഗം നിഷ്കർഷിക്കപ്പെടാറുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ ആയതിനാൽ യു എൽ മാർക്കിനു യാതൊരു നിയമപരമായ യാതൊരു വിധ പരിഗണനയും ഇല്ല.
8


CE മുദ്രയോടൊപ്പം ഒരു മുന്നറിയിപ്പ് ചിഹ്നം കൂടി ഉണ്ടെങ്കിൽ അത് യൂറോപ്യൻ യൂണിയനിൽ ഉള്ള ഒന്നോ അതിലധികമോ രാജ്യങ്ങളിലെ വയർലെസ് നിബന്ധനകൾ പാലിക്കാത്തതാണെങ്കിൽ അതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഐഫോണിന്റെ പിറകിൽ ഇത്തരം ഒരു ചിഹ്നം കാണാം. ഇത് ഫ്രാൻസിലെ വയർലെസ് സ്റ്റാൻഡേഡും ഐഫോണിന്റെ സ്റ്റാൻഡേഡും തമ്മിൽ ഒത്തുപോകാത്തതുകൊണ്ടാണ്
9


ഒരു സമ ചതുരത്തിനകത്ത് മറ്റൊരു സമ ചതുരം ഉള്ള ചിഹ്നം ഇരട്ട ലയർ ഇൻസുലേഷനേ സൂചിപ്പിക്കുന്നു. International Electrotechnical Commission ന്റെ ക്ലാസ് -2 വിഭാഗത്തിൽ പെടുന്ന ഡബിൾ ഇൻസുലേറ്റഡ് ആയ ഉപകരണങ്ങളിൽ മറ്റു ഇലക്ട്രിക് ഉപകരണങ്ങളിലേതുപോലെ മൂന്നാമത്തെ പിൻ ആയ എർത്ത് ആവശ്യമില്ല. മൊബൈൽ ചാർജ്ജറുകൾ ഉദാഹരണം.
10


ഇന്റർനാഷണൽ സ്റ്റാൻഡേഡ് ഓർഗനൈസേഷൻ മുറിയ്ക്കകത്ത് മാത്രം സുരക്ഷിതമായി ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതാണോ ഒരു ഉപകരണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ധാരണ നൽകുന്നതിനായി ഈ ചിഹ്നം നിഷ്കർഷിക്കുന്നു.

11



Restriction of Hazardous Substances Directive. ഇലക്ട്രോണിക് / ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഹാനികരമായ വസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് സൂചിപ്പിക്കാനുള്ള മുദ്ര. 2003 ൽ യൂറോപ്യൻ യൂണിയൻ ആണ്‌ ഇത്തരത്തിൽ ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ വസ്തുക്കളെ നിയന്ത്രിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2003 ജനുവരി 27 നു ഇത്തരത്തിൽ ഉല്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികാരകങ്ങളായ വസ്തുക്കളുടെ പരിധി നിഷ്കർഷിച്ചുകൊണ്ടുള്ള മാർഗ്ഗ രേഖ പുറത്തിറങ്ങി. ലെഡ്, മെർക്കുറീ, ആസ്ബസ്റ്റോസ് തുടങ്ങി മനുഷ്യർക്കും ജീവജാലങ്ങൾക്കും നേരിട്ടുള്ള ഉപയോഗത്തിലൂടെ അതീവ ഹാനികാരകങ്ങളാകുന്ന പദാർത്ഥങ്ങളുടെ പരമാവധി പരിധി നിർണ്ണയിച്ചുകൊണ്ടുള്ള ഈ നിബന്ധനകൾ നിർമ്മാതാക്കൾക്ക് അത്ര സ്വീകാര്യമായിരുന്നില്ല. കാരണം നിർമ്മാണച്ചെലവിലുള്ള വലിയ വർദ്ധനവും ആനുപാതികമായി ലാഭത്തിലുണ്ടാകുന്ന കുറവും തന്നെ. യൂറോപ്പിൽ വിപണനം ചെയ്യപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും RoHS നിബനന്ധനകൾ പാലിക്കുന്നതായിരിക്കണമെന്നുണ്ട്. RoHS നിബന്ധനകൾ പാലിക്കുന്ന ഉല്പന്നങ്ങളിൽ പ്രത്യേകിച്ച് അങ്ങനെ ഒരു ലേബൽ നിർബന്ധമാക്കിയിട്ടീല്ലെങ്കിലും പല നിർമ്മാതാക്കളും അനൗദ്യോഗികമായി ഇതിനെ സൂചിപ്പിക്കാൻ അവരുടേതായ RoHS ലോഗോകളും പരിസ്ഥിതി സൗഹൃദ ചിഹ്നങ്ങളുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഔദ്യോഗികമായി RoHS നിബന്ധനകൾ അനുസരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കേണ്ട ഔദ്യോഗിക ചിഹ്നം CE മുദ്രയാണ്‌. അതായത് CE മാർക്ക് ഉള്ള ഉല്പന്നങ്ങൾ RoHS കൂടീ ആണെന്ന് അർത്ഥം.










നോക്കിയ അറിയപ്പെടാത്ത രഹസ്യങ്ങള്‍

       നോക്കിയ അറിയപ്പെടാത്ത      രഹസ്യങ്ങള്‍ 



ലേഖകന്‍ ആനന്ദ് ബെനഡിക്റ്റ്
നോക്കിയ- ലോകത്തിലെ ഏറ്റവും അധികം തിരിച്ചറിയപ്പെടുന്ന ബ്രാൻഡ്‌. നോക്കിയ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് ഫോണ്‍ ആയിരിക്കും, അതിനോടൊപ്പം തന്നെ കുറെ അധികം ഓർമകളും. നമ്മളിൽ പലരുടെയും ആദ്യ ഫോണും നോക്കിയ തന്നെ ആയിരിക്കും. ഇത്രയും successful ആയിരുന്ന, ഇത്ര അധികം influential ആയിരുന്ന ഇത്ര അധികം pioneering ആയിരുന്ന ഒരു കമ്പനി ഇന്ന് മൈക്രോസോഫ്റ്റിന്റെ അധീനതയിൽ ആയതു എങ്ങനെ ? നോക്കിയയുടെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം.
മൈനിംഗ് എഞ്ചിനീയർ ആയിരുന്ന Fredrik Idestam 1865 ൽ തേക്കൻ ഫിൻ ലാൻഡിൽ ഒരു തടി മില്ൽ ആരംഭിച്ചതോട് കൂടി ആണ് നോക്കിയ കമ്പനിയുടെ തുടക്കം. ഏതാനും വർഷങ്ങൾക്ക് ശേഷം Nokianvirta നദിയുടെ തീരത്തു തന്റെ രണ്ടാമത്തെ മിൽ സ്ഥാപിക്കുകയും, നദിയുടെ പേരില് നിന്നും പ്രചോദനം ഉൾക്കൊണ്ട് തന്റെ കമ്പനിക്ക് നോക്കിയ എന്ന് പേരിടുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ റബ്ബർ, കേബിൾ, ടയർ, TV, ബൂട്ട്, തുടങ്ങിയ മേഘലകളിലെക്കും നോക്കിയാ തങ്ങളുടെ പ്രവര്ത്തനം വ്യാപിപിച്ചു. നമ്മൾ ഇന്ന് കാണുകയും അറിയുകയും ചെയ്യുന്ന നോക്കിയ ആയിരുന്നില്ല ആദ്യ കാല നോക്കിയാ.
ആധുനിക നോക്കിയയുടെ ചരിത്രം ആരംഭിക്കുന്നത് 1960 കളിൽ ആണ്. ശീത യുദ്ധം കൊടുബിരി കൊണ്ടിരിക്കുന്ന സമയം. സോവിയറ്റ് യുണിയനും അമേരിക്കയും തങ്ങളുടെ ശക്തമായ ബോംബുകൾ പലയിടത്തും പരീക്ഷിച്ചു. ലോകത്താകമാനം ഭീതി ജനകം ആയ അന്തരീക്ഷം . ഒരു നിഷ്പക്ഷ രാജ്യമായ ഫിൻ ലാണ്ടിലും ഇതു സ്വാധീനം ചെലുത്തി . റേഡിയോ ടെലിഫോണ്‍ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ ഫിന്നിഷ് ഗവണ്‍മെന്റ് തീരുമാനിച്ചു. അതിനുള്ള കോണ്ട്രാക്റ്റ് ലഭിച്ചതാകട്ടെ നോകിയക്കും. 1970 ഓടു കൂടി എല്ലാ കാറുകളേയും ബന്ധിപ്പിക്കുന്ന ഒരു civilian radio car telephone network അവർ വികസിപ്പിച്ചെടുത്തു . 1980 കളിൽ ഇവയുടെ ഉത്‌പാദനവും വില്പനയും വളരെ അധികം വർദ്ധിക്കുകയും ഉത്പാദനത്തിന്റെ 50% കയറ്റുമതി ചെയ്യാൻ നോക്കിയക്ക് സാധിക്കുകയും ചെയ്തു. 1985 ഇൽ അമേരിക്കയിൽ നോക്കിയ പ്രവര്ത്തനം ആരംഭിച്ചു . 1987 ഇൽ സോവിയറ്റ്‌ നേതാവ് ഗോർബച്ചേവ് നോക്കിയയുടെ Mobira Cityman ഫോണ്‍ ഉപയോഗിച്ച് ഹെൽസിങ്കിയിൽ നിന്നും മോസ്കോയിലേക്ക് ഫോണ്‍ ചെയ്തു ചരിത്രം സൃഷ്ടിച്ചു . അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ വാർത്ത വരികയും അത് നോക്കിയക്ക് വളരെ അധികം പ്രസിദ്ധി നേടി കൊടുക്കുകയും ചെയ്തു.
സോവിയെറ്റ് യുണിയന്റെ തകർച്ചയോടെ യൂറോപ്പിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നോക്കിയയുടെ വിവിധ ഉല്പന്നങ്ങളുടെ വില്പന ഇടിയുകയും കമ്പനിയുടെ top management ഇൽ ഒരു അഴിച്ചു പണി നടക്കുകയും ചെയ്തു . 1992 ഇൽ CEO ആയി തിരഞ്ഞെടുക്കപ്പെട്ട Jorma Ollila കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകം ആയ തീരുമാനം എടുത്തു - telecommunication രംഗത്ത് മാത്രം ശ്രദ്ധ ചെലുത്തുക . ആ തീരുമാനം ആയിരുന്നു അടുത്ത 15 വര്ഷത്തേക്ക് നോക്കിയയുടെ ഗതി നിർണയിച്ചത് . 1992 മുതൽ 2006 അവരെ ഉള്ള വർഷങ്ങൾ നോക്കിയയുടെ സുവർണ കാലഘട്ടം എന്ന് അറിയപ്പെടുന്നു
സുവർണ കാലഘട്ടം (1992-2006)
1990 കൾ മൊബൈൽ ടെക് നോളജിയുടെ തന്നെ സുവര്ണ കാലം ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി ദൂരെ ആയിരുന്നാൽ പോലും പ്രിയപ്പെട്ടവര്മായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ മൊബൈൽ ഫോണുകൾ വഴി സാധിച്ചു . ഇതിൽ നോകിയയുടെ വിവിധ ശ്രേണിയിൽ ഉള്ള ഫോണുകളുടെ സ്വാധീനം വളരെ അധികം ആയിരുന്നു. ആരംഭ ദശയിൽ ആയിരുന്ന മൊബൈൽ ഫോണ്‍ industry യെ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ industry കളിൽ ഒന്നാക്കി മാറ്റാൻ സഹായിച്ചത് ഭാവിയുടെ ടെക്നോളജി ഇതാണെന്ന് നേരത്തെ മനസിലാക്കിയ നോക്കിയയുടെ എഞ്ചിനീയർ മാർ ആയിരുന്നു .
മൊബൈൽ ഫോണുകളിലെ ഒരു നാഴിക കല്ലായിരുന്നു 1992 ഇൽ പുറത്തിറങ്ങിയ നോക്കിയാ 1011. ലോകത്തിലെ ആദ്യത്തെ GSM അഥവാ 2G ഫോണ്‍. ഇന്നും ഇതേ ടെക്നോളജി തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത് . 1994 ഇൽ പുറതിറങ്ങിയ നോക്കിയ 2110 മാർക്കറ്റിൽ വൻ ചലനം സൃഷ്ടിച്ചു . അതുവരെ ഉണ്ടായിരുന്ന ഫോണുകളെ അപേക്ഷിച്ച് വലിയ ഡിസ്പ്ലേ , phonebook , missed call and message notification എന്നിവ ഇതിന്റെ പ്രത്യേകത ആയിരുന്നു . അതോടൊപ്പം എല്ലാവര്ക്കും പരിചിതമായ നോക്കിയ ട്യുണ്‍ റിംഗ് ടോണ്‍ ആദ്യമായി എത്തിയതും ഈ ഫോണിൽ ആയിരുന്നു. ടെക്സ്റ്റ്‌ മെസ്സേജുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ആദ്യത്തെ ഫോണും ഇത് തന്നെ ആയിരുന്നു .ലോലത്തിൽ തടവും അധികം വിലക്കപ്പെട്ട ഫോണുകളിൽ ഒന്നാണ് നോക്കിയ 2110 . കാലത്തിനു മുമ്പേ നടന്ന ഫോണ്‍ ആയിരുന്നു 1997 ഇൽ പുറത്തിറങ്ങിയ നോക്കിയ 9000 communicator . qwerty കീബോർഡ് , വെബ്‌ ബ്രൌസിംഗ് , ഇമെയിൽ , ഫാക്സ്, വേർഡ്‌ പ്രോസിസ്സിംഗ് , സ്പ്രെഡ് ഷീറ്റ് എന്ന് വേണ്ട ആധുനിക ഫോണിൽ കാണുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ഈ ഫോണ്‍ വിപണിയിൽ എത്തിയ സമയം ശെരിയായില്ല എന്ന് വേണം കരുതാൻ . ഉയര്ന്ന വിലയും ഇതിന്റെ വിൽപനയെ ബാധിച്ചു. 1997 ഇൽ തന്നെ പുറത്തിറങ്ങിയ നോക്കിയ 6110 ഇൽ ആണ് ആദ്യമായി snake ഗേയിം പ്രത്യക്ഷ പെട്ടത് . 1998 ഇൽ മോട്ടോറോള യെ പിന്തള്ളി നോക്കിയാ ലോകത്തിൽ ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. ഇതേ കാല ഘട്ടത്തിൽ നോക്കിയ, എറിക്സണ്‍, മോട്ടോറോള , PSion എന്നീ കമ്പനികൾ ചേർന്ന് Symbian OS നു രൂപം നല്കി . ആ കാലത്ത് വളരെയധികം advanced ആയിരുന്ന OS ആയിരുന്നു Symbian. നോകിയക്ക്‌ പുറമേ LG , Samsung , Motorola , Sony Erricsson , Fujitsu , Sharp തുടങ്ങിയ കമ്പനികളും Symbian ഫോണുകൾ പുറത്തിറക്കി. ഇതേ symbian തന്നെ നോക്കിയയ്ടെ പതനത്തിനു ഒരു കാരണം ആയി എന്നത് വിരോധാഭാസം . 2002 ഇൽ ലോകത്തിലെ ആദ്യത്തെ 3G ഫോണ്‍ ആയ 6650 യും തങ്ങളുടെ ആദ്യത്തെ ക്യാമറ ഫോണ്‍ ആയ 7650 യും പുറത്തിറക്കി. നോക്കിയയുടെ ആദ്യത്തെ പ്രധാന പരാജയം എന്ന് പറയാൻ സാധിക്കുന്നത് 2003 ഇൽ പുറത്ത് ഇറങ്ങിയ N -Gage ആണ് . ഒരു gaming ഫോണ്‍ എന്നാ നിലയില പുറത്തിറങ്ങിയ ഇതിനു ഒരു ഫോണ്‍ എന്നാ നിലയിലോ gaming device എന്നാ നിലയിലോ ശോഭിക്കാൻ ആയില്ല.



2004 ഇൽ പുറത്തിറങ്ങിയ Motorola Razr Flip ലോകത്താകെ ഒരു തരംഗം സൃഷ്ടിച്ചു. മറ്റു കമ്പനികൾ വിവിധ തരത്തിലുള്ള ഫോണുകൾ പുറത്തിറക്കി വിപണി കയ്യാളാൻ ശ്രമിക്കുമ്പോൾ നോക്കിയ ഹൈ എന്ഡ് ഫോണുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നൊരു വിമര്ശനം നിക്ഷേപകരിൽ നിന്നും ഉണ്ടായി. 2006 ഇൽ Jorma Ollila യിൽ നിന്നും CEO സ്ഥാനം ഏറ്റെടുത്ത Olli-Pekka Kallasvuo നോക്കിയയുടെ smartphone -feature ഫോണ്‍ വിഭാഗങ്ങൾ ഒന്നിപ്പിച്ചു. മാനേജ് മെന്റിൽ നടന്ന ഈ അഴിച്ചു പണി നോക്കിയയുടെ പതനത്തിനു തുടക്കം കുറിച്ചു.
പതനം
മൊബൈൽ ഫോണ്‍ വിപണിയെ അടക്കി വാണിരുന്ന നോകിയയുടെ പതനം എങ്ങനെ സംഭവിച്ചു എന്ന് നോക്കാം.
കഴിഞ്ഞ ദശബ്ദ്തത്തിന്റെ ആദ്യ പകുതിയിൽ ഇതൊരു ഫോണ്‍ പ്രേമിയും സ്വപ്നം കണ്ടിരുന്നവ ആയിരുന്നു നോകിയയുടെ N - Series ഫോണുകൾ. പ്രത്യേകിച്ചും, N 95. ഒരു ആധുനിക ഫോണിൽ കാണുന്ന എല്ലാ ഫീച്ചറുകളോടും കൂടിയ ഈ ഫോണിനു ഉണ്ടായിരുന്ന ഒരേ ഒരു പ്രശ്നം അതിന്റെ human - machine interaction ശെരിയല്ലായിരുന്നു എന്നതാണ്. എന്നാൽ അന്നത്തെ കാലത്ത് അതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലയിരുന്നു എന്നതാണ് സത്യം. എന്നാൽ 2007ഇൽ ആദ്യത്തെ ഐ ഫോണ്‍ വിപണിയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു . കപ്പസിറ്റിവ്‌ ടച്ച്‌ സ്ക്രീനോട് കൂടിയ ലോകത്തെ രണ്ടാമത്തെ ഫുൾ ടച്ച്‌ ഫോണ്‍ ആയിരുന്നു ഐ ഫോണ്‍( ആദ്യത്തേത് LG PRada ). നോക്കിയക്ക് ഏറ്റ ആദ്യ പ്രഹരം ഇവിടെ നിന്ന് ആയിരുന്നു. കാര്യം വഷളാക്കി കൊണ്ട് അടുത്ത വര്ഷം തന്നെ ലോകത്തിലെ ആദ്യത്തെ android ഫോണ്‍ അയ HTC Dream ഉം പുറത്തിറങ്ങി. ഇതിനു ബദൽ ആയി നോക്കിയാ ചില ഫുൾ ടച്ച്‌ ഫോണുകൾ പുറത്തിറക്കി എങ്കിലും സിംബിയനെക്കാളും ബഹുദൂരം മുമ്പിൽ എത്തിയിരുന്നു ഐ ഫോണും ആന്‍ഡ്രോയിടും.

നോക്കിയയുടെ പതനത്തെ പറ്റി മുൻ വൈസ് പ്രസിഡന്റും ഡിസൈൻ ചീഫും ആയിരുന്ന ഫ്രാങ്ക് ന്യൂ വർ പറഞ്ഞത് നോക്കിയയുടെ മാനേജ്മെന്റിന് ഒരു sense of urgency ഉണ്ടായിരുന്നില്ല എന്നാണ്. ഉദാഹരണത്തിന് ആദ്യത്തെ ipad ഇറങ്ങുന്നതിനു വര്ഷങ്ങള്ക്ക് മുമ്പേ ഒരു 8 ഇഞ്ച് tablet നോകിയ ഡിസൈൻ ചെയ്തിരുന്നു. എന്നാൽ അത് മാർക്കറ്റിൽ എത്തിക്കാൻ അവർ ശ്രമിച്ചില്ല. അതിനു പുറമേ ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങിയപ്പോൾ അവർ പറഞ്ഞത് ഐ ഫോണുകൾ നിർമ്മിക്കാൻ വളരെയധികം ചെലവു വരും, എന്നാലോ നോകിയയുടെ 3G ഫോണുകളെ അപേക്ഷിച്ച് പഴയ 2G ആണ് അവർ ഉപയോഗിക്കുന്നത്, തങ്ങളുടെ അപ്രമാദിത്വം തകർക്കാൻ ആർക്കും സാധിക്കില്ല എന്നൊക്കെ ആണ്. എങ്കിലും വൈകാതെ തന്നെ ഐ ഫോണിന്റെയും ആന്‍ഡ്രോയിടിന്‍റെയും വെല്ലുവിളി തിരിച്ചറിഞ്ഞ നോകിയ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. അതിനായി പഴയ സിംബിയൻ OS നെ അപ്ഡേറ്റ് ചെയ്യാനായി ഒരു ടീമും ഇതിനു ബദലായി പുതിയൊരു OS നിര്‍മ്മിക്കാൻ ആയി Meego ടീമും നോക്കിയക്ക് ഉള്ളിൽ തന്നെ ഉണ്ടായി. കംബനിക്കുള്ളിൽ തന്നെ ഒരു മത്സരത്തിനു ഇത് കാരണം ആയി. they were doing more fighting than designing. തീരുമാനങ്ങൾ എടുക്കാൻ വന്നിരുന്ന താമസവും നോകിയക്ക്‌ വിനയായി. androidലേക്ക് മാറുക എന്ന ഒരു എളുപ്പ വഴി ഉണ്ടായിരുന്നിട്ടും കൂടി അവർ അത് ചെയ്തില്ല. അതിനെപ്പറ്റി അവരുടെ നിലപാട് ഇങ്ങനെ ആയിരുന്നു -switching to android is like pissing in your pants for warmth.
2010 ഇൽ നോക്കിയയുടെ CEO ആയി Steven Elop സ്ഥാനമേറ്റു. 2011 ഫെബ്രുവരിയിൽ തങ്ങളുടെ സ്മാർട്ട്‌ ഫോണുകൾ ഇനി മുതൽ വിൻഡോസ്‌ OS ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് നോകിയ അനൌണ്സ് ചെയ്തു. 2012 ഏപ്രിലിൽ നോക്കിയയെ പിന്തള്ളി samsung ലോകത്തില ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന നോകിയയെ ഏറ്റെടുക്കും എന്ന് 2013 സെപ്റ്റെംബെരിൽ മൈക്രോസോഫ്ട്‌ പ്രഖ്യാപിച്ചു.

ചാരൻ???
steven elop ഒരു മൈക്രോസോഫ്റ്റ് ചാരൻ ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെ ഉണ്ട്. നോക്കിയ CEO ആയി ചാർജ് എടുക്കുന്നതിനു മുമ്പേ മൈക്രോസോഫ്റ്റിന്റെ ബിസിനസ്‌ ഡിവിഷൻ തലവൻ ആയിരുന്നു എലോപ് . നോകിയയെ മൈക്രോസോഫ്ട്‌ ഏറ്റെടുത്ത അന്ന് തന്നെ 18.8 മില്യണ്‍ ഡോളർ എലോപ് ഇന് മൈക്രോസോഫ്ട്‌ ബോണസ് ആയി നല്കി എന്നതും നോകിയയുടെ വിൻഡോസ്‌ ഫോണ്‍ ഉപയോഗിക്കാൻ ഉള്ള തീരുമാനങ്ങളും എല്ലാം ഈ സംശയത്തിന് ആക്കം കൂട്ടുന്നു...!!!

Sunday, August 20, 2017

ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍ അപകടകാരിയോ

ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍ അപകടകാരിയോ 

 ആധുനിക മലയാളിയുടെ ചായ,കാപ്പികുടി ശീലങ്ങളെ നന്നായി സ്വാധീനിച്ച ഒരുപകരണമാണ് ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍. കൈകാര്യം ചെയ്യാനും,പരിപാലിക്കനുമുള്ള സൌകര്യം, വളരെ ചെറിയ സ്ഥലം മതി ഈ ഉപകരണത്തിന്,കുറഞ്ഞ വൈദ്യതി ചാര്‍ജ്,തുടങ്ങി നിരവധി അനുകൂല ഘടകങ്ങള്‍ മൂലം വളരെ വേഗത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഉപകരണം ഇപ്പോള്‍ ലാഭക്കൊതിയന്മാരുടെ പിടിയില്‍ പെട്ട്  നമ്മുടെ ആരോഗ്യത്തെ തകിടം മറിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. 



 മുകളിലെ ചിത്രത്തില്‍ കാണുന്ന തരം ഇമ്മെഴ്സിംഗ് ഇലക്ട്രിക് ഹീറ്റര്‍ ഒരു സ്റ്റീല്‍ ഡബ്ബയ്ക്കുള്ളില്‍ (കണ്ടെയ്നര്‍)അടച്ചു സീല്‍ ചെയ്ത് അതിനുള്ളിലേക്ക്‌ വെള്ളം ,ഇന്‍സ്റ്റന്റ് കോഫീ അല്ലെങ്കില്‍ ചായ മിക്സ് ഇടാനുള്ള വെന്റുകള്‍ പിടിപ്പിച്ചു അതിലേക്കു ഒരു എയര്‍ പമ്പില്‍ കൂടിഎയര്‍പ്രഷര്‍നല്‍കുമ്പോഴാണ്മറ്റൊരു ചെമ്പ്
പൈപ്പില്‍കൂടി നമുക്ക്  രുചികരമായ പാകത്തിന് ചൂടുള്ള കോഫി ലഭിക്കുന്നത്.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ചൂടുള്ള കാപ്പിയാണ്.അല്ലാതെ തിളച്ച വെള്ളത്തില്‍ ഉണ്ടാക്കിയ കാപ്പി അല്ല ലഭിക്കുന്നത്. ഈ കോഫീ മേക്കറുകളില്‍ അണുവിമുക്തമാക്കിയ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിക്കുക എന്ന് കമ്പനി അവയുടെ ഓപ്പറെറ്റിങ്ങ് മാനുവലില്‍  വെറുതെയല്ല  നിര്‍ദേശിക്കുന്നത് .ഇതില്‍ കാപ്പി ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കുന്നില്ല വെറും എഴുപതു അല്ലെങ്കില്‍ എണ്‍പത് ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കുക മാത്രമാണ് ചെയ്യുന്നത്.മിക്ക മെഷീനിലും ലാഭക്കൊതി മൂലംമിനറല്‍ വാട്ടറിന്‍റെ ജാറില്‍  മിനറല്‍ വാട്ടറിന് പകരം സാദാ പൈപ്പ്/കിണര്‍  വെള്ളം നിറച്ചു ഉപയോഗിക്കുന്നതിനാല്‍ നൂറു ഡിഗ്രിയില്‍ തിളയ്ക്കാതെ,ചാകാത്ത,കോളീഫോം,ബാക്ടീരിയകള്‍ പോലും നശിക്കാതെ വെറും വാടിയ വെള്ളത്തില്‍ ഉണ്ടാക്കിയ കോഫീ,ആണ്,നമ്മള്‍,കുടിക്കുന്നത്.ഈ വിഷയത്തില്‍,ഇനിയും,നമ്മുടെആരോഗ്യവകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരിക്കലും കഴുകാന്‍ സാധിക്കാത്ത വെള്ളം ചൂടാക്കുന്ന  സ്റ്റീല്‍ പാത്രം തകരാറിലായ ഹീറ്റര്‍ എലിമെന്‍റ് മാറ്റാനായി തുറന്നപ്പോള്‍ അതിലെ കാഴ്ചയാണ് മുകളിലെ ചിത്രത്തില്‍. ജല ജന്യ രോഗങ്ങള്‍ പരക്കാന്‍ ഇത്തരം സുരക്ഷിതമെന്ന്നമ്മള്‍,കരുതുന്ന,കോഫീ മേക്കറുകള്‍,വലിയൊരളവില്‍ കാരണമാകുന്നുണ്ടെന്ന് കരുതാം. 
ഐ.എസ്.ഐ നിലവാരമുള്ള മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാണ്,കോഫീ,ഉണ്ടാക്കുന്നതെങ്കില്‍,ഈ മെഷീന്‍,സുരക്ഷിതമാണ്,കേട്ടോ.ശുദ്ധജലം ഉപയോഗിക്കാത്ത,മെഷീനുകളാണ്,അപകടകാരികള്‍.


ഒരു കോഫീ മേക്കര്‍ എങ്ങനെ നിങ്ങള്‍ക്കും ഉണ്ടാക്കാം എന്ന് ലളിതമായി വിവരിക്കുന്ന ഒരു യൂ ട്യൂബ് വീഡിയോ ഇതാ https://youtu.be/Am6rpe_8p9c

Sunday, August 6, 2017

എര്‍ത്ത് ഇല്ലാത്ത ചാര്‍ജര്‍ അപകടകാരിയോ

എര്‍ത്ത് ഇല്ലാത്ത ചാര്‍ജര്‍ അപകടകാരിയോ 


നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈദ്യുത ഉപകരണം ആണല്ലോ മൊബൈൽ ചാർജറുകൾ. ഇവയിൽ എന്തുകൊണ്ട് സുരക്ഷാ മുൻകരുതൽ ആയ 3 പിൻ പ്ലഗ് ഇല്ല എന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ ഏറ്റവും കൂടുതൽ തൊട്ട് പെരുമാറുന്ന വൈദ്യുത ഉപകരണം ആകുമ്പോൾ ഷോക്ക് അടിക്കാതിരിക്കാൻ എർത്ത് പിൻ അത്യാവശ്യമല്ലേ ? ഇസ്തിരിപ്പെട്ടിയിലും മിക്സിയിലും ഒക്കെ അതുണ്ടല്ലോ ? ഇനി കൂടുതൽ കറന്റെടുക്കുന്ന ഹൈ പവർ ഉപകരണങ്ങൾക്ക് മാത്രം മതി എന്നതുകൊണ്ടാണോ? അങ്ങനെയാണെങ്കിൽ ചില വിദേശ നിർമ്മിത ഇസ്തിരിപ്പെട്ടികളിലും ഹെയർ ഡ്രൈയറുകളീലുമെല്ലാം 3 പിൻ വരാറില്ല. അതിലും 2 പിൻ മാത്രമാണ് ഉപയോഗിക്കുന്നത്. എന്തായിരിക്കാം ഇതിനു കാരണം?
International Electrotechnical Commission (IEC) ഉപകരണങ്ങളെ അവയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളായി തരം തിരിച്ചിട്ടുണ്ട്. ഇതിൽ Class -0 ഉപകരണങ്ങളിൽ ഒരൊറ്റ ലയർ ഇൻസുലേഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതായത് ഇൻസുലേഷൻ എന്തെങ്കിലും തരത്തിൽ തകരാറിയാലായാൽ ഉപയോഗിക്കുന്നവർക്ക് ഷോക്ക് ഉറപ്പ്. ഏറ്റവും സുരക്ഷ കുറഞ്ഞ തലത്തിലുള്ള ഇത്തരം ഉപകരണങ്ങൾ പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഇടങ്ങളിലും 110 വോൾട്ട് സപ്ലെ ഉപയോഗിക്കുന്ന രാജ്യങ്ങളിലും മാത്രമേ അനുവദനീയമായുള്ളൂ.
അടുത്ത വിഭാഗമായ Class -I ൽ 3 പിൻ കണക്റ്ററുകൾ നിർബന്ധമാണ് എന്നു മാത്രമല്ല ഉപകരണത്തിന്റെ ബോഡി ഇതുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം. ഇത്തരം ഉപകരണങ്ങളിൽ എർത്ത് ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്തെങ്കിലും തരത്തിലുള്ള ഇൻസുലേഷൻ ലീക്കേജ് ഉണ്ടായി ഉപകരണത്തിന്റെ ബോഡിയിലൂടെ വൈദ്യുത പ്രവാഹം ഉണ്ടായാൽ അതുമൂലം ഉപയോഗിക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കാതെ വൈദ്യുതി എർത്ത് ടെർമിനൽ വഴി ഭൂമിയിലേക്ക് പ്രവഹിക്കുകയും തുടർന്ന് സർക്കീട്ട്‌ ബ്രേക്കറുകൾ വഴിയോ ഫ്യൂസുകൾ വഴിയോ ഉപകരണത്തിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ക്ലാസ് -I ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. നമ്മുടെ സാധാരണ ഇസ്തിരിപ്പെട്ടിയും ഹീറ്ററുമെല്ലാം ഇതിന് ഉദാഹരണങ്ങൾ.
അടുത്തത് Class-II ഡബിൾ ഇൻസുലേറ്റഡ് ഉപകരണങ്ങൾ. നമ്മുടെ മൊബൈൽ ചാർജറുകളും പുതു തലമുറയിൽ പെട്ട ചില ഹൈ പവർ ഉപകരണങ്ങളുമെല്ലാം ഈ വിഭാഗത്തിലാണ് വരുന്നത്. അതായത് ഇത്തരം ഉപകരണങ്ങൾക്ക് എർത്ത് കണൿഷൻ ആവശ്യമില്ലാത്ത രീതിയിൽ ആണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഡബിൾ ലയർ ഇൻസുലേഷൻ ആണ്‌ ഇതിൽ എടുത്തു പറയേണ്ടത്. അതായത് ഉപയോക്താവും ഉയർന്ന വോൾട്ടേജിലുള്ള വൈദുതി പ്രവഹിക്കുന്ന ഭാഗങ്ങളും തമ്മിൽ രണ്ട് തലങ്ങളിലായുള്ള ഇൻസുലേഷൻ ആവരണങ്ങൾ നൽകിയിരിക്കുന്നു. ഇതു കൂടാതെ ഔട്പുട്ടിൽ ഉള്ള ലോ വോൾട്ടേജ് DC യും ഇൻപുട്ടിൽ ഉള്ള ഹൈവോൾട്ടേജ് AC യും തമ്മിൽ ഐസൊലേഷൻ ട്രാൻസ്ഫോർമറുകൾ ഉപയോഗിച്ച് നേരിട്ടുള്ള ബന്ധവും ഒഴിവാക്കപ്പെടുന്നു. ഡബിൾ ഇൻസുലേഷൻ ഉള്ള ഉപകരണങ്ങളിൽ അവ പ്രത്യേക ചിഹ്നത്താൽ രേഖപ്പെടുത്തണം എന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. ഒന്നിനകത്തുള്ള രണ്ട് ചതുരങ്ങളാണ് ഇതിന്റെ ചിഹ്നം (ഫോട്ടോ ശ്രദ്ധിക്കുക). 

മൂന്നാമത്തെ വിഭാഗമാണ് Class -III വളരെ കുറഞ്ഞ ഡി സി ഏ സി ഇൻപുട് വോൾട്ടേജിൽ പ്രവർത്തിക്കുന്ന ( 50 വോൾട്ട്‌ എ സി, 120 വോൾട്ട് ഡി സി ) separated extra-low voltage എന്ന വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളാണ്‌ ഇത്. താരതമ്യേന ഏറ്റവും അപകട സാദ്ധ്യത കുറഞ്ഞ വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളാണ് ഇവ. ക്രിസ്ത്മസ് ട്രീയിലും മറ്റും തൂക്കുന്ന ചില അലങ്കാര വിളക്കുകൾ, കോഡ് ലെസ് പവർ ടൂൾസ്, ക്ലാസ് II പവർ സപ്ലെ നൽകുന്ന ഉപകരണങ്ങളിൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ക്ലാസ് -III ചാർജറുകൾ എന്നിവ ഉദാഹരണങ്ങൾ. ക്ലാസ് - III ഉപകരണങ്ങളുടെ പുറത്ത് പ്രത്യേക ചിഹ്നത്താൽ അത് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
വാൽചോദ്യം : എങ്കിൽ എന്തിനാണ് ചില ചാർജറുകളിൽ പ്ലാസ്റ്റിക് കൊണ്ടുള്ള മൂന്നാം പിന്ന്? സുരക്ഷയെ മുൻനിർത്തിയും കീടങ്ങളും മറ്റും കൂട് കൂട്ടാതിരിക്കാനുമായി സാധാരണഗതിയിൽ അടഞ്ഞിരിക്കുകയും മൂന്നാം പിന്നുള്ള പ്ലഗ്ഗുകൾ കുത്തിയാൽ മാത്രം തുറക്കുകയും ചെയ്യുന്ന സോക്കറ്റുകൾ സർവസാധാരണമായപ്പോൾ ഇത്തരം ഒരു ഡമ്മി പ്ലാസ്റ്റിക് പിൻ ഇതിനായി ആവശ്യമായി വരുന്നു.

സുജിത് കുമാർ    ഫേസ്ബുക്ക് പേജ് ലിങ്ക്