ISI മാർക്കുണ്ടായിട്ടും സ്വിച്ചും, പ്ലഗ്ഗും വേഗം ചീത്തയാകുന്നു!
കേരളത്തിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവർ എപ്പോഴും കൈകാര്യം ചെയ്യുന്ന വൈദ്യുതി നിയന്ത്രണ ഉപകരണങ്ങളുടെ ഗുണമേൻമ ഇല്ലായ്മ.
ഒരു ഇലക്ട്രോണിക് / ഇലക്ട്രിക്കൽ ഷോപ്പിൽ സർവ്വീസിന് വരുന്ന നൂറ് കണക്കിന് ഉപകരണങ്ങൾ ഷോപ്പിലെ ടെസ്റ്റ് ബഞ്ചിൽ ഉപയോഗിക്കുന്ന സ്വിച്ച് ബോർഡിൽ കുത്തിയാണല്ലോ ചെക്ക് ചെയ്യുന്നത്.
പത്തോ ഇരുപതോ പ്രാവശ്യം ഊരിക്കുത്തുമ്പോൾ തന്നെ സ്വിച്ച് ബോർഡിലെ ത്രീ പിൻ സോക്കറ്റിൻ്റെ പണി ക്കുറ്റം തീരും!
പിന്നെ ആദ്യം സ്വന്തം സ്വിച്ച് ബോർഡ് നന്നാക്കിയിട്ട് വേണം കസ്റ്റമറുടെ ഉപകരണം നന്നാക്കാൻ.
ഇതിന് പരിഹാരമെന്ന നിലയിൽ തീവണ്ടി പോലെ നീളത്തിൽ സോക്കറ്റുകൾ ഫിറ്റ് ചെയ്ത സ്വിച്ച് ബോർഡുകൾ തയ്യാറാക്കിയാണ് ടെക്നീഷ്യൻമാർ ഒരു പരിധി വരെ രക്ഷപ്പെടുന്നത്.
അടുത്ത പ്രാവശ്യം സോക്കറ്റ് മേടിക്കുമ്പോൾ കുറച്ച് കൂടി നല്ലത് വാങ്ങിക്കാം എന്ന് കരുതും! പക്ഷേ നല്ലത് എന്ന് പറഞ്ഞാൽ വില കൂടുതൽ എന്ന് മാത്രമേയുള്ളൂ പ്രയോഗത്തിൽ വരുമ്പോൾ ഗുണമേൻമയിൽ മാറ്റമൊന്നുമില്ല
രാത്രി മുഴുവൻ തുഴഞ്ഞിട്ടും വഞ്ചി തിരുനക്കരെത്തന്നെ ! എന്ന പഴമൊഴിയിൽ മാറ്റമൊന്നുമുണ്ടാകില്ല.
പ്ലഗ് സോക്കറ്റിൻ്റെ പുറക് വശത്തായി ഒരു സ്ക്രൂ ഉണ്ട് ഇതാണ് സോക്കറ്റിൻ്റെ മെറ്റൽ പാർട്ടുകളെ ഫേസ്പ്ലേറ്റുമായി ദൃഡമായി അടുപ്പിച്ച് നിറുത്തുന്നത്.
ഏതാനും പ്രാവശ്യം ഒരു ഉപകരണം സോക്കറ്റിലേക്ക് ഊരിക്കുത്തുമ്പോൾ ഈ സ്ക്രൂ ഫേസ്പ്ലേറ്റുമായുള്ള ബന്ധം അവസാനിപ്പിച്ച് അതിൻ്റെ പാട്ടിന് പോകും. ഇതാണ് സോക്കറ്റുകൾക്ക് വന്ന് ഭവിക്കുന്ന പ്രധാന തകരാർ .. അടുത്തത്. പിച്ചള കോൺടാക്റ്റുകൾക്ക് പകരം പാട്ട കൊണ്ടുള്ള ലോഹ ഭാഗങ്ങളാണ്.
പിന്നെ സ്വിച്ചും, പ്ലഗ്ഗും സ്വിച്ച് ബോർഡിൽ ഉറപ്പിക്കുന്ന നട്ടും, ബോൾട്ടിൻ്റെയും കാര്യം അത് പറയാതിരിക്കുകയായിരിക്കും ഭേദം... ഒരു വർഷം കൊണ്ട് തന്നെ തുരുമ്പെടുത്ത് ഹെഡിലെ സ്ലോട്ട് പോകും ,കേടായ സ്വിച്ച് മാറ്റാൻ സ്ക്രൂ ഡ്രൈവർ ഇട്ട് പിടിക്കാൻ പോലും പറ്റില്ല കുത്തിപ്പൊളിക്കണം.. ഇതെല്ലാം പണ്ട് പിച്ചള ആയിരുന്നു. അല്ലെങ്കിൽ ഇവൻ മാർക്ക് ഇതെല്ലാം ഒന്ന് നന്നായി സിങ്ക് കോട്ട് ചെയ്തു കൂടേ?
പണ്ട് കാലങ്ങളിൽ ഇറങ്ങിയിരുന്ന സ്വിച്ചും, പ്ലഗ്ഗും, സോക്കറ്റുമെല്ലാം ഇന്നും യാതൊരു തകരാറുമില്ലാതെ പ്രവർത്തിക്കുന്നത് കാണാം..
എന്നാൽ രണ്ടായിരാമാണ്ടിന് ശേഷം ഇന്ത്യയിൽ ഇറങ്ങുന്ന നൂറു രൂപയിൽ താഴെ വില വരുന്ന ഒറ്റ കമ്പനി സ്വിച്ചും സോക്കറ്റും ഗുണമേൻമ പുലർത്തുന്നതായി എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഇന്ത്യയിൽ വിൽക്കുന്ന ഓരോ ഇലക്ട്രിക്കൽ ഉൽപ്പന്നത്തിലും അതിൻ്റെ ഗുണമേന്മ സർക്കാർ ലാബിൽ പരിശോധിച്ച് ഉറപ്പ് വരുത്തിയ ഐ.എസ്.ഐ മുദ്ര വേണമെന്ന് നിയമം മൂലം അനുശാസിക്കുന്നുണ്ട്.
IS 1293 പ്രകാരം പ്ലഗ് സോക്കറ്റുകളുടെ ലോ ഇമ്പീഡിയൻസ് എർത്തിങ്ങ് പാത്തും, കറണ്ട് കാരിയിങ്ങ് കപ്പാസിറ്റിയും ,ഉപയോഗിക്കുന്നവരുടെ സുരക്ഷയും ഉറപ്പ് വരുത്തിയിരിക്കുന്നു.
lS 3854 പ്രകാരം സ്വിച്ചുകളുടെ വൈദ്യുതി പ്രതിരോധശേഷിയും ,സുരക്ഷിതത്വവും,വൈദ്യുത സംവഹനശേഷിയും നിർവചിക്കപ്പെട്ടിരിക്കുന്നു.
IS 1293, IS 3854 എന്നീ സർട്ടിഫിക്കേഷനുകൾ പ്രകാരം സോക്കറ്റുകൾ പതിനായിരം തവണ ഊരിക്കുത്തി അതിൻ്റെ മെക്കാനിക്കൽ സ്ട്രെങ്ങ്തും,സ്വിച്ചുകൾ പതിനായിരം തവണ ഓൺ ഓഫ് ചെയ്ത് അവയുടെ ഡ്യൂറബിലിറ്റിയും തെളിയിച്ചിരിക്കണം.
കൂടാതെ പ്ലഗ് സോക്കറ്റുകൾ ഇന്ത്യയിൽ വിൽക്കുന്ന ഏത് തരം പിന്നുകളുള്ള ഉപകരണങ്ങളും സുഗമമായും സുരക്ഷിതമായും കുത്തുവാനും, ഊരുവാനും കഴിവുള്ളവയുമായിരിക്കണം.
എന്നാൽ നമ്മൾ ഉപയോഗിക്കുന്ന സോക്കറ്റുകളോ ഇടത് കൈ കൊണ്ട് സ്വിച്ച് ബോർഡിൽ പിടിച്ച് വലത് കൈ കൊണ്ട് വലിച്ചില്ലെങ്കിൽ സ്വിച്ച് ബോർഡ് അടക്കം ഊരി കയ്യിലിരിക്കുന്ന തരമാണ്.
നമ്മുടെ നാട്ടിൽ വിൽക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ നിർമ്മാതാക്കൾ IS സർട്ടിഫിക്കറ്റ് നേടാൻ ചെയ്യുന്ന സൂത്രപ്പണി ആരോടും പറയില്ലെങ്കിൽ പറഞ്ഞ് തരാം.
വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ക്വാളിറ്റിയിൽ നിർമ്മിച്ച ഉപകരണങ്ങൾ ISI മാർക്ക് ലഭിക്കുന്നതിനായി സമർപ്പിക്കും എന്നിട്ട് ആ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ കച്ചറ സാധനം ഉണ്ടാക്കും.
അല്ലെങ്കിൽ ഒരു മോഡൽ സ്വിച്ചിന് ISI മാർക്ക് സമ്പാദിക്കും എന്നിട്ട് ആ നമ്പരിൽ ഇഷ്ടം പോലെ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.ഓരോ മോഡലും വെവ്വേറെ സമർപ്പിച്ച് IS മുദ്ര സമ്പാദിക്കണമെന്നാണ് ചട്ടം.
ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനറിയാഞ്ഞിട്ടൊന്നുമല്ല. ഇവിടുത്തെ നാട്ട്കാർക്ക് ഇത് മതി എന്ന് കരുതിയിട്ടാണ് ഈ സബ്സ്റ്റാൻഡേർഡ് വൈദ്യുതി ഉൽപ്പന്നക്കൾ ഉണ്ടാക്കി ഇവിടെ കൊണ്ടുവന്ന് ഡമ്പ് ചെയ്യുന്നത്.
ഇതിനൊരു പരിഹാരമുണ്ട് നിങ്ങൾ ഓരോരുത്തരും ഇങ്ങനെ പ്രശ്നം നേരിടുമ്പോൾ അപ്പോൾ തന്നെ മൊബൈൽ എടുക്കുക bis ഡോട്ട് ഇൻ എന്ന് സെർച്ച് ചെയ്യുക അതിൽ ഏറ്റവും മുകൾവശത്ത് കാണുന്ന കോൺടാക്റ്റ് അസ് എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ഒരു പരാതിയങ്ങ് കാച്ചുക.
പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഉറപ്പായും നടപടി ഉണ്ടാകും ..
ബില്ലും, പരാതിക്കിടയാക്കിയ ഉപകരണവും ഉൾപ്പടെ തെളിവ് സൂക്ഷിച്ച് വയ്ക്കാൻ മറക്കരുതേ .. എഴുതിയത് #അജിത്_കളമശേരി ,#ajith_kalamassery 16.05.2023.
No comments:
Post a Comment