PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Wednesday, September 21, 2016

റിലയൻസ് ജിയോ :നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍

റിലയൻസ് ജിയോ :നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍
1996 ഒക്ടോബർ 31 ന് വൈകുന്നേരം 4:38 ന് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ നിന്ന് സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ ആർ ഠണ്ഡൻ കൊച്ചി രവിപുരത്തെ മേഴ്സി എസ്റ്റേറ്റ് ഹോട്ടലിന്റെ നാലാം നിലയിലെ എസ്കോട്ടെൽ മൊബൈൽ കമ്മ്യൂണിക്കേഷന്റെ ഓഫീസിലിരുന്ന നോവലിസ്റ്റും കഥാകാരനുമായ തകഴി ശിവശങ്കരപ്പിള്ളയെ മൊബൈൽ ഫോണിൽ വിളിച്ചാണ് കേരളത്തിലെ ആദ്യത്തെ സെല്ലുലാർ ടെലിഫോൺ സർവീസിനു തുടക്കം കുറിക്കുന്നത്. ആ മുഹൂർത്തത്തിന് ഞാനും സാക്ഷി. നോക്കിയയുടെ 1610 എന്ന ഫോൺ തകഴിയും ഫിലിപ്സ് ഫിസ് എന്ന ഫോൺ വൈസ് അഡ്മിറലും ഉപയോഗിച്ചു. അന്ന് വൈസ് അഡ്മിറലിന്റെ ഉപയോഗത്തിനു നൽകിയ ബാച്ചിൽപ്പെട്ട ഒരു ഫിലിപ്സ് ഫിസ് ആയിരുന്നു എന്റേയും ആദ്യത്തെ മൊബൈൽ. അതിനും ഒരു മാസം മുൻപ് തന്നെ ചാരവും നീലയും കലർന്ന ആ മൊബൈൽ സന്തത സഹചാരിയായി എന്റെ കൈവശമുണ്ടായിരുന്നു. ഒപ്പം 98470 35695 എന്ന നമ്പരും. എസ്കോട്ടൽ വിട്ട് മൊബൈൽ ഫോൺ ഡീലർഷിപ്പിലേക്ക് കുറച്ചു കാലം തിരിഞ്ഞു. സുഹൃത്ത് ദുബായിലെ എറിക്സൺ ഡീലറായ ജുമാ അൽ മജീദിൽ നിന്ന് വാങ്ങിക്കൊടുത്തു വിട്ട എറിക്സൺ ജിഎഫ്388 എന്ന ഫോണായിരുന്നു പിന്നെ രണ്ട് വർഷത്തോളം കയ്യിലെ താരം. പിന്നെ അവിടെ നിന്നിങ്ങോട്ട് കളർ ഡിസ്പ്ലേയുള്ള സീമെൻസും പോളിഫോണിക്ക് ശബ്ദമുള്ള പാനാസോണിക്കും മോട്ടറോളയും നോക്കിയയും എൽജിയും ഒക്കെ പലപ്പോഴായി കയ്യിലെത്തി. 2007 മുതൽ 2013 വരെ ആപ്പിൾ ഐഫോൺ കാലമായിരുന്നു. പിന്നെ ക്ഷ്വോമിയും പിന്നെ വൺപ്ലസും... ഇപ്പോൾ വൺപ്ലസ് ഒന്നും രണ്ടും കഴിഞ്ഞ് മൂന്നിലെത്തി നിൽക്കുമ്പോൾ മൊബൈൽ ഫോൺ ഒരു കമ്പ്യൂട്ടറിലും വളർന്നു. മിനിറ്റിന് പതിനാറു രൂപ എൺപത് പൈസ വീതം ഔട്ട്ഗോയിംഗ് ഇൻകമിംഗ് കോളുകൾക്ക് കൊടുത്തിടത്തു നിന്ന് ശബ്ദസന്ദേശങ്ങൾക്ക് പണം നൽകേണ്ടാത്ത സ്ഥിതി വരെയെത്തി...
മൊബൈൽ ഫോണുകൾ ജനകീയമാക്കിയത് റിലയൻസിന്റെ മുകേഷ് അംബാനിയാണെന്നതിൽ തർക്കമില്ല. നാടൊട്ടുക്കും ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ച് സ്വന്തമായി ടവറുകൾ സ്ഥാപിച്ച് കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സിസ് എന്ന സിഡിഎംഏ സാങ്കേതിക വിദ്യ വഴി സെക്കണ്ടറി സ്വിച്ചിംഗ് ഏരിയകളിൽ മാത്രം വയർലെസ് ഇൻ ലോക്കൽ ലൂപ്പ് എന്ന രീതിയിൽ ഫോൺ സർവീസ് നൽകാൻ ലൈസൻസ് നേടുകയും പിന്നെ സാങ്കേതിക വിദ്യയിലെ നുറുങ്ങുവിദ്യകൾ മുതലെടുത്ത് മൊബൈൽ ഫോൺ ആയിത്തന്നെ ആ ലൈസൻസിനെ മാറ്റിയെടുക്കുകയും ചെയ്തതോടെ ആ കളിക്ക് തുടക്കമായി. സർക്കാർ പോലും മുൻകൂട്ടി കാണാത്ത ഒരു സാങ്കേതിക പഴുത് മുതലെടുത്ത് സർവീസ് തുടങ്ങുകയും സർക്കാരിനെക്കൊണ്ട് നഷ്ടപരിഹാരമായി വൻതുക കെട്ടിവെക്കാൻ തീരുമാനമെടുപ്പിക്കുകയും തങ്ങളുടെ ലൈസൻസ് സാധൂകരിപ്പിക്കാനുള്ള കഴിവ് കാണിക്കുകയും വഴി ഓരോ സർക്കിളിലേയും അഞ്ചാം ഓപ്പറേറ്ററായി റിലയൻസ് കടന്നു കയറി. അഞ്ഞൂറ്റി ഒന്നു രൂപക്ക് മൊബൈൽ ഫോൺ നൽകാനും മിനിറ്റിന് നാൽപ്പത് പൈസക്ക് ഇന്ത്യയിലെവിടെയും ഒരു മിനിറ്റ് വിളിക്കാനും അവസരം വന്നതോടു കൂടി സാധാരണക്കാരന്റെ വിനിമയോപാധിയായി മൊബൈൽ ഫോൺ മാറി. അതുവരെ കൊള്ള ലാഭം വാങ്ങിയ കമ്പനികൾ റിലയൻസിനെതിരായി. പക്ഷേ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം അവർക്കും പിടിച്ചു നിൽക്കാനായി നിരക്കുകൾ കുറക്കേണ്ടി വന്നു.
കുടുംബഭാഗപത്രത്തിന്റെ കണക്കിൽ സ്വന്തമായി വളർത്തിയെടുത്ത റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനം അനുജനായ അനിൽ അംബാനിക്ക് കൈമാറേണ്ടി വന്നു. പിൽക്കാലത്ത് പിടിപ്പുകേട് കാരണം അനുജന് ചേട്ടനുണ്ടാക്കിയ വളർച്ച കാത്തു സൂക്ഷിക്കുവാനോ കൈമോശപ്പെടാതെ നോക്കുവാനോ കഴിയാതെ വന്നപ്പോൾ ആർകോം എന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് തളർന്നു. 2010ൽ ഇന്ത്യയൊട്ടാകെ 4ജി സേവനങ്ങൾക്കായി നടത്തിയ സ്പെക്ട്രം ലേലത്തിൽ 22 സർക്കിളിൽ ലേലം നേടിയ ഇൻഫോട്ടെൽ എന്ന കമ്പനിയിൽ മുകേഷ് അംബാനി കണ്ണു വെക്കുന്നത് ഇക്കാലത്താണ്. ഒറ്റയടിക്ക് ഇൻഫോട്ടെൽ എന്ന കമ്പനി അപ്പാടെ വാങ്ങി സ്വന്തമാക്കി വീണ്ടും ഒരു തിരിച്ചു വരവിനായി മുകേഷ് അംബാനി കാത്തിരുന്നു. തളർച്ചയുടെ ഘട്ടങ്ങൾ പിന്നിടുമ്പോൾ മുകേഷ് അനിയൻ അനിലിന്റെ ആർകോം എന്ന കമ്പനിയുടെ ഊടും പാവുമായ റിലയൻസ് ഇൻഫ്രാ എന്ന ഒപ്റ്റിക്കൽ / ടവർ ബിസിനസിൽ പിടുത്തമിട്ടുകൊണ്ടിരുന്നു. വൈകാതെ അതിന്റെ എൺപത് ശതമാനവും കൈക്കലാക്കി. പിന്നീട് നടന്ന സ്പെക്ട്രം ലേലങ്ങളിലൊക്കെ മുകേഷ് അംബാനിയും പങ്കെടുത്തു. 22 സർക്കിളുകളിൽ 2300 മെഗാ ഹെർട്സിൽ ഇൻഫോട്ടെൽ നേടിയ ലൈസൻസ് കൂടാതെ പത്ത് സർക്കിളിൽ 800 മെഗാ ഹെർട്സും ആറു സർക്കിളിൽ 1800 മെഗാ ഹെർട്സും. ഇക്കുറിയും ലേലത്തിന് മുകേഷ് രംഗത്തുണ്ട്.
2010 മുതൽ ആറു വർഷക്കാലം ഒരു ലക്ഷത്തി മുപ്പത്തി നാലായിരം കോടി രൂപ മുടക്കി വളർത്തിയെടുത്ത ഒരു കമ്പനിയുടെ ഉദയമാണ് 2016 സെപ്തംബർ ഒന്നാം തീയതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ ഒന്നാം കിട കമ്പനിയുടെ ഓഹരിയുടമകളുടെ പൊതുയോഗത്തിൽ വെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയൻസ് ജിയോ എന്ന 4ജി നെറ്റ്വർക്ക്. മറ്റു പല സേവനദാതാക്കളും 2ജി മുതൽ 3ജിയിലൂടെ വളർന്ന് 4ജി വരെയെത്തിയപ്പോൾ ഇന്ത്യയൊട്ടാകെ 800, 1800, 2300 മെഗാ ഹെർട്സിന്റെ മൂന്ന് ബാൻഡുകളിലായി 4ജി നെറ്റ്വർക്ക് മാത്രം നൽകി ഒരു വിജയഗാഥക്കായിട്ടാണ് ജിയോ വരുന്നത്. മുൻപ് മറ്റു നെറ്റ്വർക്കുകൾക്കായി മുതൽമുടക്കില്ലാത്തതിനാൽ ഏറ്റവും പുതിയ സർവ്വീസ് ഒരുക്കാൻ കഴിയും എന്നതും സ്പെക്ട്രം പല നെറ്റ്വർക്കിനായി പങ്കിടേണ്ടി വരില്ലെന്നതും ജിയോ എന്ന സർവീസിന് മികച്ച സർവീസ് നൽകാൻ കഴിയുന്നു.
ആറു വർഷത്തെ കാത്തിരിപ്പും ലക്ഷം കോടിയിലേറെ മുടക്കുമുതലുമാണ് ഈയൊരു സർവീസിനായി റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയത്. തീർച്ചയായും ഇതിലേക്ക് ആളെയെത്തിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ആളെത്തുക എന്നതാണ് അതിലും വലിയ കടമ്പ. ഇന്ത്യയെപ്പോലെയൊരു രാജ്യത്ത് എല്ലാവരിലും പുതുപുത്തൻ സാങ്കേതിക വിദ്യയായ 4ജി ഉപയോഗപ്പെടുത്താവുന്ന മൊബൈൽ ഫോണുകൾ കാണുക അത്രയെളുപ്പമല്ല. അപ്പോൾ ആദ്യം ഉപയോഗപ്രദമായ ഫോൺ വിപണിയിൽ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി ഇന്റക്സ് എന്ന മൊബൈൽ കമ്പനിയുമായി ചേർന്ന് ചുരുങ്ങിയ വിലയിൽ 4 ജി സേവനങ്ങൾ നൽകാൻ കഴിയുന്ന ലൈഫ് എന്ന ഒരു പുതിയ മൊബൈൽ ബ്രാൻഡ് തന്നെ സൃഷ്ടിച്ചു. മൂവായിരം മുതൽ ഇരുപതിനായിരം വരെ വിലയിൽ പന്ത്രണ്ടോളം മൊബൈൽ ഫോൺ മോഡലുകൾ പുറത്തിറക്കി. ഒപ്പം സൗജന്യമായി പരിധിയില്ലാതെ മൂന്നുമാസക്കാലം ഉപയോഗിക്കാൻ കണക്ഷനുകളും നൽകി.
പൈസ കുറവാണെങ്കിൽ അതിന്റെ ഗുണവും കുറവാണെന്ന് കരുതിയ ഇന്ത്യക്കാർ തന്റെ പിടിയിൽ വീഴുന്നില്ലെന്ന് കണ്ടപ്പോൾ മുകേഷിലെ മാർവാഡി ഉണർന്നു. മുടക്കുമുതൽ തിരികെ കിട്ടാൻ തുടക്കം മുതൽ തന്നെ നല്ല പിന്തുണ വേണം. അപ്പോ എന്താ ചെയ്യുക. വിപണിയിലെ വമ്പനെ കക്ഷത്തിലാക്കുക. അങ്ങനെ ഓഫർ വച്ചു. സാംസങിന്റെ 4ജി ഫോണുകൾ വാങ്ങുന്നവർക്ക് / കൈവശമുള്ളവർക്ക് ജിയോ പ്രാരംഭ ഓഫർ. 3 മാസം പരിധിയില്ലാത്ത ഡേറ്റാ/വോയ്സ്/എസ്എംഎസ്. പൊതുജനത്തിന് മുഴുവൻ സൗജന്യമായി കൊടുക്കണമെന്നൊക്കെ മുകേഷിനുണ്ട്. പക്ഷേ ട്രായിയും മറ്റ് സേവനദാതാക്കളും സമ്മതിക്കില്ല. അപ്പോ ഇതേയുള്ളൂ മാർഗ്ഗം. പക്ഷേ എങ്ങനെ കൊടുക്കും. അതിനായി ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി. ആ ആപ്ലിക്കേഷൻ കൊണ്ട് ഒരു കോഡ് ഉണ്ടാക്കിയെടുക്കണം. ആ കോഡും തിരിച്ചറിയൽ രേഖയുമായി റിലയൻസ് സ്റ്റോറിൽ ചെന്നാൽ സൗജന്യമായി തന്നെ സിം കാർഡ് നൽകും. മൂന്നുമാസം സൗജന്യമായി ഉപയോഹിക്കാം. അതുകൊണ്ടും ഒന്നുമായില്ല. പടിപടിയായി സാംസങിനൊപ്പം മറ്റു കമ്പനികളുടെ 4ജി ഫോണുകൾക്കും സൗജന്യം നൽകി. അപ്പോഴാണ് മറ്റെല്ലാ മൊബൈൽ കമ്പനികളും കൂടി ഉടക്കിട്ടത്. കാരണം റിലയൻസ് എല്ലാവർക്കും സൗജന്യം കൊടുത്താൽ തങ്ങളുടെ കഞ്ഞികുടി മുട്ടും. അങ്ങനെ അവരെല്ലാം ബഹളം തുടങ്ങി. ട്രായി ഇടപെട്ടു. മുകേഷിനെ വിളിച്ചു. മുകേഷ് ചെന്നു. എല്ലാം കോമ്പ്ലിമെന്റ്സാക്കി. ഡിസംബർ 31 ന് ഞാൻ അങ്ങ് തുടങ്ങിയേക്കാമേ എന്ന് പറഞ്ഞു പോന്നു. ഒപ്പം ഒരു തിരിച്ചടി കൂടി കൊടുത്തു. ഇവരാരും എന്റെ നെറ്റ്വർക്കിലോട്ടും തിരിച്ചും വിളിക്കാൻ സമ്മതിക്കുന്നില്ല എന്ന്. അപ്പോൾ ഒരു സാങ്കേതികതയിൽ പിടിച്ച് നിന്ന നെറ്റ്വർക്കുകൾക്ക് എന്തെങ്കിലും ചെയ്യണമെന്നായി.
സെപ്തംബർ ഒന്നിനും അതിനു മുൻപായും ഒക്കെ പല തവണയായി ചെറുത്തു നിൽപ്പിന്റേയും ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്നതിന്റേയും ഭാഗമായി മൊബൈൽ കമ്പനികൾക്ക് തങ്ങളുടെ നിരക്കുകൾ താഴ്ത്തേണ്ടി വന്നു. അങ്ങനെ ജിയോയുടെ വരവോടെ മൊബൈൽ ഡേറ്റാ നിരക്കുകളിൽ കുത്തനെ കുറവ് മറ്റ് കമ്പനികളുടെ ഉപഭോക്താക്കൾക്കും ലഭിച്ചു. പരോക്ഷമായി ഉപഭോക്താക്കൾക്ക് മത്സരം നല്ലതു തന്നെയാണ് വരുത്തിയത്. സെപ്തംബർ ഒന്നിന് പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ മറ്റ് നെറ്റ്വർക്കുകൾ ഒന്നുകൂടി ഞെട്ടി. അതോടൊപ്പം വെൽകം ഓഫർ എന്ന നിലയിൽ റിലയൻസ് എല്ലാ 4ജി ഫോൺ ഉടമകൾക്കും സൗജന്യമായി ഡിസംബർ 31 വരെ പ്രതിദിനം 4 ജിബി ഡേറ്റാ പൂർണ്ണ സ്പീഡിലും അതിനു ശേഷം 128 കെബിപിഎസ് എന്ന കുറഞ്ഞ സ്പീഡിൽ പരിധിയില്ലാതെയും ഡേറ്റാ സേവനവും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാതെ വോയ്സ് കോളുകളും നൽകാൻ തുടങ്ങി. അതോടെ നട്ടാൽ കുരുക്കാത്ത നുണകളുടെ മാലപ്പടക്കവുമായി മറ്റ് കമ്പനികൾ സോഷ്യൽ മീഡിയയിൽ രംഗപ്രവേശം ചെയ്തു.
ആദ്യമൊക്കെ നീണ്ട സന്ദേശങ്ങൾ പല ഭാഷകളിലും പിന്നെ അവ ശബ്ദസന്ദേശമായും ഒക്കെയെത്തി. അതിന്റെ പിന്നിലെ ലക്ഷ്യം ജിയോ സിം കാർഡ് എടുക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കുക എന്നത് മാത്രമായിരുന്നു. ഫോണിൽ ജിയോ സിം കാർഡ് ഇടുന്നതോടെ ആ സ്ലോട്ട് മറ്റ് നെറ്റ്വർക്കുകൾ ഒന്നും ഉപയോഗിക്കാൻ കഴിയാത്ത വിധം റിലയൻസ് ലോക്ക് ചെയ്യും എന്നായിരുന്നു പ്രധാന സന്ദേശം. ഒരിക്കലും പ്രാവർത്തികമാക്കാൻ കഴിയാത്ത ഒരു കാര്യമെന്ന നിലയിൽ തന്നെ ഇതിനെ തള്ളിക്കളയാം. കാരണം മൊബൈൽ ഫോണിന് ഒരു അവകാശവും നെറ്റ്വർക്ക് സൗജന്യമായി ഉപയോഗിക്കുന്നതിന്റെ പേരിൽ ഉയർത്താൻ നിയമപരമായി കഴിയുകയില്ല. എന്നാൽ റിലയൻസ് ചുരുങ്ങിയ നിരക്കിൽ നൽകുന്ന ലൈഫ് ഫോണുകളിൽ അവർക്ക് അതു ചെയ്യാനും കഴിയും.
എങ്കിൽ പിന്നെ എന്തിന് ഐഎംഇഐ നമ്പർ ശേഖരിക്കുന്നു എന്നാണ് അടുത്ത ചോദ്യം. ആദ്യ കാലങ്ങളിൽ ജിയോ സിം കാർഡ് നൽകിയിരുന്നത് സാംസങ് ഫോണുകൾക്ക് മാത്രമായിരുന്നു. പിന്നീട് മറ്റ് ചില കമ്പനി ഫോണുകളും. അക്കാലത്ത് കോഡ് ജനറേറ്റ് ചെയ്ത് ഫോണിൽ കാണിക്കണം എന്നായിരുന്നു വെയ്പ്. കോഡ് മറ്റു ഫോണുകളിൽ ഉണ്ടാക്കിയെടുത്ത് സ്ക്രീൻ ഷോട്ട് ആക്കി ഫോണിലിട്ട് ഒരേ ഫോൺ കാണിച്ച് സിം കാർഡ് നേടിയെടുക്കുന്ന ഒരു പ്രവണത വ്യാപകമായതോടു കൂടി ചില സ്റ്റോറുകൾ തുടങ്ങിയ ഒരു പതിവാണ് ഈ ഐഎംഇഐ ശേഖരണം. റിലയൻസിനോ ഏതെങ്കിലും ഒരു മൊബൈൽ സേവന ദാതാവിനോ ഐഎംഇഐ ശേഖരിക്കണമെങ്കിൽ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. തങ്ങളുടെ മൊബൈൽ കണക്ഷൻ ഏതെങ്കിലും ഒരു ഫോണിൽ ഉപയോഗിക്കുമ്പോൾ ആ ഫോണിന്റെ ഐഎംഇഐ നമ്പർ സ്വാഭാവികമായിത്തന്നെ മൊബൈൽ സേവനദാതാവിന് ലഭിക്കും. സൈബർ സെൽ പല കുറ്റവാളികളേയും തിരയുമ്പോൾ ഒരു നമ്പർ മാറ്റി മറ്റൊരു നമ്പർ / മറ്റൊരു സേവന ദാതാവിന്റെ നമ്പർ ഇട്ടാലും ആ ഫോണും നമ്പരും കണ്ടെത്താനും കുറ്റവാളികളെ പിടിക്കാനും കഴിയുന്നത് ഇങ്ങനെയാണ്. ഫോൺ കളഞ്ഞു പോയാൽ പോലീസ് സ്റ്റേഷനിൽ നൽകുന്ന പരാതി വെച്ച് നമ്പർ / ഫോൺ കണ്ടെത്തുന്നതും ഐഎംഇഐ നമ്പർ സേവനദാതാവിന് കിട്ടും എന്നത് കൊണ്ടു മാത്രമാണ്.
പിന്നെ എന്താണ് ഈ ജനറേറ്റ് ചെയ്യുന്ന കോഡ്. അതും ഐഎംഇയുമായി ബന്ധം എന്താണ്. സത്യത്തിൽ ഒന്നുമില്ലെന്നതാണ് വാസ്തവം. 555 ൽ തുടങ്ങുന്ന ഒരു പതിനൊന്നക്ക നമ്പർ. അത് ക്രമമായി കിട്ടാനായി ഒരു സംവിധാനം മാത്രമാണ് ആ ആപ്ലിക്കേഷനിൽ ഉള്ളത്. ഒരിക്കൽ മാത്രം ആ നമ്പർ ലഭിക്കാനായി ഒരു നുറുങ്ങു കോഡ് കഷണം ഫോണിൽ അവശേഷിക്കുമെന്ന് മാത്രം. പൂർണ്ണമായി റൂട്ട് ചെയ്ത് ഫോർമാറ്റ് ചെയ്യാതെ അത് പോകില്ല. റൂട്ട് ലെവൽ ഫോർമാറ്റ് ചെയ്താൽ ആ ഫോണിൽ നിന്ന് അടുത്ത കോഡ് കിട്ടും. ഇനിയിപ്പോ ആ കോഡ് തന്നെ വേണം എന്നൊന്നുമില്ല. ഈ തരത്തിലെ ഒരു കോഡ് വേണം. യുപിസി 128 എൻക്രിപ്ഷൻ മുഖാന്തിരം ഏതെങ്കിലും ഒരു ബാർകോഡ് ജനറേറ്റർ ആപ്പ് വെച്ച് ഉണ്ടാക്കി ഒരു ഫോട്ടോ എഡിറ്റർ വഴി കൂട്ടിച്ചേർത്താലും കോഡാകും. ആ കോഡ് കാണിച്ചാലും സിം കാർഡ് കിട്ടും. ആ സിം കാർഡ് ഏത് 4ജി സെറ്റിലും വർക്കും ചെയ്യും.
പിന്നെന്താ ഇത് ഇട്ടാലുടൻ വർക്ക് ചെയ്യാത്തത്. മറ്റെല്ലാ സിമ്മും ഇട്ടാലുടൻ വിളിക്കാലോ... അത് കാര്യം. കാരണം റിലയൻസ് ജിയോ ഇതുവരെ കണ്ട തരത്തിലെ ഒരു നെറ്റ്വർക്കല്ല. അതെന്താ ജിയോക്ക് കൊമ്പുണ്ടോ? ഉണ്ട്... കൊമ്പല്ല തേറ്റ... ശരിക്കും പറഞ്ഞാൽ ഡേറ്റ. ലോങ് ടേം എവല്യൂഷൻ എന്ന ഡേറ്റാ അധിഷ്ഠിത നെറ്റ്വർക്കാണ് ജിയോയുടേത്. അതിൽ തന്നെ വോയ്സ് കോളുകൾ ചെയ്യാനായി വോയ്സ് ഓവർ ലോങ് ടേം എവല്യൂഷൻ എന്ന വോൾട്ടേ സാങ്കേതിക വിദ്യയാണ് ജിയോ ഉപയോഗപ്പെടുത്തുന്നത്. ഏതാണ്ട് രണ്ട് വർഷം മാത്രം പഴക്കമുള്ള ഒരു സാങ്കേതിക വിദ്യയാണിത്. ഇന്ത്യയിൽ ഇത്തരത്തിലെ ആദ്യ നെറ്റ്വർക്കും. എല്ലാ കോളുകളും മെസ്സേജും ഇന്റർനെറ്റും ഒക്കെ ഡേറ്റാ അധിഷ്ഠിതമായിട്ടാണ് പോകുക. അതുകൊണ്ട് ആദ്യം 4 ജി ഡേറ്റക്ക് പാകത്തിൽ ഫോണിനെ സജ്ജമാക്കണം. അതിനായി ഫോണിൽ സിം കാർഡ് ഇട്ട് ഓൺ ചെയ്താൽ മൊബൈൽ നെറ്റ്വർക്ക്സ് എന്ന സെറ്റിംഗ്സിൽ പോയി ആദ്യം 4ജി / എൽടിഇ എന്ന മോഡിലേക്ക് സെറ്റിനെ മാറ്റണം. അല്ലെങ്കിൽ അതിന് പ്രാമുഖ്യമുള്ള നിലയിലാക്കണം. പിന്നെ നെറ്റ്വർക്ക് അസസ് പോയിന്റ് എന്നൊരു കൂട്ടമുണ്ട്. പണ്ട് 2ജി യിലും 3ജി യിലും സെറ്റിംഗ്സ് ആയി മെസ്സേജ് വന്ന് സേവ് ചെയ്തിരുന്ന ആ സാധനം തന്നെ. ഇവിടെ കാര്യങ്ങൾ അതുപോലെ തന്നെ. പക്ഷേ മുൻപ് മറ്റ് നെറ്റ്വർക്കുകളുടെ സെറ്റിംഗ്സ് മൊബൈലിൽ പലർക്കും കിടപ്പുണ്ടാകും. അതൊക്കെ ഒന്ന് പെറുക്കി കളയണം. അസസ് പോയിന്റിനു കീഴിലുള്ള നിലവിലെ എല്ലാറ്റിനേയും എടുത്തു കളഞ്ഞിട്ട് പുതിയ ഒരു അസസ് പോയിന്റ് ആദ്യം ഉണ്ടാക്കണം. എല്ലാം കളഞ്ഞ് ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ താനേ കിട്ടും. ഇല്ലെങ്കിൽ ഇതു പോലൊരെണ്ണം അങ്ങട് ചെയ്യുക.
അസസ് പോയിന്റിൽ മുകളിലോ താഴെയോ ഒരു + ചിഹ്നം കാണും. അതിലൊന്ന് ക്ലിക്ക് ചെയ്താൻ പുതിയൊരു അസസ് പോയിന്റ് സെറ്റിംഗ്സ് ഉണ്ടാക്കാം. നെറ്റ്വർക്ക് നെയിം എന്നയിടത്ത് JIO4G എന്നും അസസ് പോയിന്റ് നെയിം എന്നയിടത്ത് jionet എന്നും ടൈപ്പ് ചെയ്ത് സേവ് ചെയ്തോളൂ... എന്നിട്ട് സ്ഥിരമായി ഓഫ് ചെയ്ത് എംബി പോകാതെ സംരക്ഷിച്ച മൊബൈൽ ഡേറ്റാ അങ്ങട് ഓൺ ചെയ്യുക. ഇപ്പോൾ നെറ്റ്വർക്ക് സിഗ്നൽ വന്നിട്ടുണ്ടാകും. ഇനിയത് അങ്ങനെ കിടക്കട്ടെ.. വോൽട്ടേ / എൻഹാന്സ്ഡ് എൽടിഇ എന്ന് ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ അതു കൂടി ഓൺ ചെയ്യുക.

4ജി ഇല്ലാത്ത മൊബൈലിൽ ജിയോ സിം ഉപയോഗിക്കാൻ പറ്റില്ല. കാരണം ജിയോ 4ജി സേവനം മാത്രം നൽകുന്ന നെറ്റ്വർക്കാണ്. ജിയോക്ക് 2ജി 3ജി സേവനങ്ങൾ മറ്റ് മൊബൈൽ കമ്പനികളെപ്പോലെ നൽകാനുള്ള ലൈസൻസില്ല.
ഇനി മൊബൈലിൽ നിന്ന് 1977 വിളിച്ച ശേഷം കണക്ഷൻ എടുക്കാൻ നൽകിയ തിരിച്ചറിയൽ രേഖയുടെ നമ്പരിന്റെ അവസാന നാലക്കമോ അല്ലെങ്കിൽ രേഖ നൽകിയ തീയതിയോ എന്റർ ചെയ്താൽ കണക്ഷൻ ആക്ടീവാകും. കോൾ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ വോൾട്ടെ സേവനം ലഭ്യമല്ലെന്ന് ചുരുക്കം. ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്നും (ആപ്പിളിന് ആപ്പ് സ്റ്റോർ) മൈ ജിയോ എന്ന ആപ്പ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതോടൊപ്പം ജിയോ 4 ജി വോയ്സ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ജിയോ 4ജി വോയ്സ് എന്ന ആപ്പ് ഓൺലൈൻ കാണിച്ചാൽ നിങ്ങൾ കണക്ടഡ് ആയി. ഇനി അതിൽ നിന്ന് കോൾ ചെയ്യാം. ഡയലറായും മെസ്സേജ് ആപ്പ് ആയും അഡ്രസ് ബുക്കായും ഒക്കെ ഈ ആപ്പ് ഉപയോഗിക്കാം. ആക്റ്റിവേഷൻ ചെയ്താൽ പിന്നെ ഉപയോഗിച്ച് തുടങ്ങാം. ചിലപ്പോൾ നെറ്റ്വർക്ക് തിരക്ക് കാരണം ആക്ടിവേഷൻ പൂർത്തിയാകാൻ ഒന്നു രണ്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടതായി വരാം.
അപ്പോ ഒന്നും രണ്ടും സ്ലോട്ടിന്റെ കാര്യം... അതായതുത്തമാ... പ്രമുഖ ബ്രാൻഡുകൾ ഒക്കെ ഒറ്റ സിം കാർഡ് ഉപയോഗിക്കാവുന്ന ഫോണാണ് ഇറക്കുന്നത്. അതിൽ 4ജി / 4ജി എൽടിഇ എന്ന് ഒറ്റ സ്ലോട്ടിൽ മാത്രമേ ഉണ്ടാകൂ. ഇരട്ട സിം കാർഡ് ഫോണുകളിൽ രണ്ട് സിം സ്ലോട്ടുകളിൽ ഒരെണ്ണം 4ജി / 4ജി എൽടിഇ സൗകര്യം ഉള്ളതും (ഒന്നാം സ്ലോട്ട്) രണ്ടാമത്തെ സ്ലോട്ട് 3 ജി / 2 ജി മാത്രം ഉപയോഗിക്കാൻ കഴിയുന്നതുമായിരിക്കും. (ഉദാഹരണം സാംസങ് ഗ്യാലക്സി ജെ5) ഉയർന്ന സ്പെസിഫിക്കേഷനുള്ള ചില ഫോണുകളിൽ (ഉയർന്ന സ്പെസിഫിക്കേഷൻ എന്നാൽ ഉയർന്ന വിലയല്ലെന്ന് അറിയുക) രണ്ട് സ്ലോട്ടുകളും 4ജി / 4ജി എൽടിഇ സൗകര്യം ഉള്ളവയായിരിക്കും. (ഉദാഹരണം ക്ഷ്വോമി റെഡ്മി 3എസ് / റെഡ്മി 3എസ് പ്രൈം) രണ്ട് സ്ലോട്ടുകളിലും 4ജി / 4ജി എൽടിഇ സൗകര്യമുണ്ടെങ്കിൽ ഏതിൽ വേണമെങ്കിലും ജിയോ സിം ഉപയോഗിക്കാം. അല്ലെങ്കിൽ 4ജി / 4ജി എൽടിഇ സപ്പോർട്ട് ചെയ്യുന്ന സ്ലോട്ടിൽ മാത്രം ഉപയോഗിച്ചാൽ മാത്രമേ നെറ്റ്വർക്ക് ലഭിക്കൂ...
പിന്നെ വോയ്സ് കോൾ. ഔപചാരികമായി വ്യാവസായിക അടിസ്ഥാനത്തിൽ ജിയോ സേവനങ്ങൾ ലഭിക്കുക 2017 ജനുവരി 1 മുതലാണ്. ഡിസംബർ 31 രാത്രി 11:59 നു സൗജന്യ സേവനങ്ങൾ നിൽക്കും. അന്നു മുതൽ ഉപയോഗത്തിനു പണം നൽകണം. പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത് 28 ദിവസത്തേക്ക് വീതമാണ്. അതിൽ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയ്ക്കുള്ളതാണ്. ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വോയ്സ് കോളും റോമിംഗും നൽകുന്ന ഈ പ്ലാനിൽ പകൽ ഉപയോഗത്തിന് 300 എംബി ഡേറ്റയാണ് ലഭിക്കുക. രാത്രി ഉപയോഗം കേവലം 3 മണിക്കൂർ മാത്രം സൗജന്യം. അതും 2 മണി മുതൽ 5 മണിവരെ മാത്രം. 28 ദിവസത്തേക്ക് ഇന്ത്യക്കകത്ത് 100 എസ്എംഎസും ലഭിക്കും. കൂടാതെ റിലയൻസ് ജിയോ രാജ്യത്താകമാനം സ്ഥാപിച്ചു വരുന്ന ഹോട്ട്സ്പോട്ടുകളിൽ ഇക്കാലയളവിൽ 700 എംബി കൂടി വൈഫൈ ആയി ഉപയോഗിക്കാം. ഐഎസ്ഡി കോളുകൾക്കും ഇന്ത്യക്ക് പുറത്തേക്കുള്ള എസ്എംഎസിനും അക്കൗണ്ടിൽ പണം വേറേ കരുതണം. ഫോൺ കോളുകൾ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പറ്റിയ പ്ലാനാണിത്.
കുറച്ചു കൂടി ഉപയോഗമുള്ളവർക്ക് അനുയോജ്യമായതും ഏറ്റവും കൂടുതൽ സ്വീകാര്യത ഉള്ളതും അടുത്ത പ്ലാനായ 499 രൂപ / 28 ദിവസത്തേക്ക് എന്നതാകും. ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വോയ്സ് കോളും റോമിംഗും നൽകുന്ന ഈ പ്ലാനിൽ പകൽ ഉപയോഗത്തിന് 4 ജിബി ഡേറ്റയാണ് ലഭിക്കുക. രാത്രി ഉപയോഗം 3 മണിക്കൂർ പുലർച്ചെ 2 മണി മുതൽ 5 മണിവരെ മാത്രം സൗജന്യം. 28 ദിവസത്തേക്ക് ഇന്ത്യക്കകത്ത് പരിധിയില്ലാത്ത എസ്എംഎസും ലഭിക്കും. റിലയൻസ് ജിയോ ഹോട്ട്സ്പോട്ടുകളിൽ ഇക്കാലയളവിൽ 8 ജിബി വൈഫൈ ഉപയോഗം ഇതോടൊപ്പമുണ്ട്. ഐഎസ്ഡി കോളുകൾക്കും ഇന്ത്യക്ക് പുറത്തേക്കുള്ള എസ്എംഎസിനും അക്കൗണ്ടിൽ പണം വേറേ കരുതണം. എന്നാൽ നിരക്കിൽ ഇളവ് ലഭിക്കും. ബാക്കി പ്ലാനൊക്കെ സൈറ്റിൽ നോക്കിക്കോളൂ...
അൻപത് രൂപക്ക് ഒരു ജിബി എന്ന് പറഞ്ഞിട്ട് കള്ളമല്ലേ... ഇതിപ്പോ 28 ദിവസത്തേക്ക് 4 ജിബിക്ക് 499 അല്ലേ... അല്ല. 4+8=12 ആണ്. 499 രൂപക്ക് കിട്ടുക 12 ജിബി ആണ്. അപ്പോ അൻപതിൽ താഴ്ന്നില്ലേ... ഇനി ഹോട്ട് സ്പോട്ട് ഉപയോഗത്തിന് ടോപ്പ് അപ്പ് പ്ലാനുമുണ്ട്. ജിബിക്ക് 50 രൂപ നിരക്കിൽ.
റിലയൻസ് ജിയോ ഹോട്ട് സ്പോട്ടുകൾ എന്നത് വീട്ടിലെ ചെറിയ മുറിക്കുള്ളിലൊതുങ്ങുന്ന ഇത്തിരിക്കുഞ്ഞൻ വൈഫൈ അല്ല. ശരിക്കും ഹൈസ്പീഡ് കണക്ഷനും നല്ല കവറേജും ലഭിക്കും. നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തും തൃശൂരുമൊക്കെ ഹോട്ട് സ്പോട്ടുകൾ ഉണ്ട്. വർഷാവസാനത്തോടെ കൂടുതൽ സ്ഥലങ്ങളിൽ ഇത് വ്യാപിക്കും. കൊച്ചിയിൽ മറൈൻ ഡ്രൈവിലെ ബേപ്രൈഡ് മാളിലും തേവര കോളേജിലും ഒക്കെ ഇപ്പോ കിട്ടുന്നുണ്ട്. പത്ത് ലക്ഷം ഹോട്ട് സ്പോട്ടുകളാണ് ഇന്ത്യയൊട്ടാകെ നിറയാൻ പോകുന്നതത്രെ.
സത്യത്തിൽ റിലയൻസ് ജിയോ കുറഞ്ഞ ചെലവിൽ നൽകുന്നത് ഊറ്റി വാങ്ങാനുള്ള ഏർപ്പാട് മൈ ജിയോയിൽ നൽകുന്ന വിവിധ ആപ്പ്ലിക്കേഷനുകളാണ്. 2017 ഡിസംബർ വരെ ഈ ആപ്ലിക്കേഷനുകൾ വരിസംഖ്യ കൂടാതെ ഉപയോഗിക്കാം. പക്ഷേ ഡേറ്റാ കാർന്നു തിന്നും. അവിടെയാണ് ജിയോ കാശുണ്ടാക്കുന്നത്. പ്രതിമാസം 60ൽപ്പരം എച്ച് ഡി ചാനലുകൾ ഉൾപ്പടെ 300നു മുകളിൽ ചാനലുകളും വിവിധ ഭാഷകളിലായി 600ൽപ്പരം മാസികകളും വാരികകളും, ലോകമെമ്പാടുമുള്ള 3000 ൽപ്പരം പത്രങ്ങളും ലക്ഷക്കണക്കിന് സിനിമകളും പാട്ടുകളുമായി ഓൺ ഡിമാൻഡും മൊബൈൽ ആന്റിവൈറസും ക്ലൗഡ് സ്റ്റോറേജും ആദ്യമൊക്കെ സൗജന്യമായിത്തരുമ്പോൾ സ്വാഭാവികമായും സൗജന്യ കാലയളവ് കഴിഞ്ഞും ഒരു ലഹരി പോലെ അതിനടിമപ്പെടും എന്നതാണ് റിലയൻസിന്റെ ബിസിനസ് തന്ത്രം. അല്ലാതെ മൊബൈൽ ലോക്ക് ചെയ്ത് വെച്ചിട്ട് കഴുത്തിനു കത്തി വെക്കുന്ന ഇടപാടൊന്നും ഇതിലില്ല. ഒട്ട് നടക്കുകയുമില്ല.
ഇന്ത്യയൊട്ടാകെ ഏതെങ്കിലും നെറ്റ്വർക്കിന് മൊബൈൽ കവറേജ് ഉള്ളത് 80% ഭൂപ്രദേശത്ത് മാത്രമാണെന്നാണ് കണക്ക്. റിലയൻസ് ജിയോ ഒറ്റക്ക് അതിന്റെ 80% കയ്യടക്കുന്നു. അതായത് ഇന്ത്യയുടെ 64% സ്ഥലത്തും റിലയൻസിന് നിലവിൽ ഒറ്റക്ക് കവറേജ് ഉണ്ടെന്നർത്ഥം. മറ്റേതൊരു സർവീസ് പ്രൊവൈഡർക്കും ഇല്ലാത്തതും അതു തന്നെയാണ്. ബിഎസ്എൻഎല്ലുമായും എയർടെൽ, ഐഡിയ, വോഡാഫോൺ നെറ്റ്വർക്കുകളുടെ ടവർ സംരംഭമായ ഇൻഡസുമായും കരാർ ഒപ്പിടുക വഴി റിലയൻസ് ഇൻഫ്ര എന്ന സ്വന്തം കമ്പനിയുടെ ടവറുകളും രണ്ടര ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ശൃംഘലയും വഴി ഇന്ത്യയൊട്ടാകെ കടന്നു ചെല്ലുവാൻ റിലയൻസിനു കഴിയുമ്പോൾ ജിയോ കവറേജിന്റെ കാര്യത്തിൽ ഒന്നാമതാകുമെന്നതിൽ സംശയമില്ല. മറ്റുള്ളവരെപ്പോലെ 2ജി, 3ജി, 4ജി എന്നിവയ്ക്ക് സ്പെക്ട്രം പങ്കിടേണ്ടെന്ന ലാഭവും ഒറ്റയടിക്ക് 4ജി നെറ്റ്വർക്കിനായി സ്പെക്ട്രം ഉപയോഗപ്പെടുത്താമെന്നും പുതിയ നെറ്റ്വർക്കായതിനാൽ രാജ്യമൊട്ടാകെ ഒറ്റയടിക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ തന്നെ നൽകാമെന്നതും ജിയോയ്ക്ക് ആഹ്ലാദിക്കാൻ വക നൽകുന്നു.