സീനിയർ ടെക്നീഷ്യൻമാർ-11മാത്യു പാമ്പാക്കുട
കേരളത്തിലെ വാക്വം ട്യൂബ് ടെക്നീഷ്യൻമാരുടെ കുലപതി മാത്യു പാമ്പാക്കുട
സർ ഇന്ന് 11.04. 23 പുലർച്ചെ അന്തരിച്ചു.അദ്ദേഹത്തിന് ആദരാഞ്ജലികൾ!
സീനിയർ ടെക്നീഷ്യൻമാർ-11
മാത്യു പാമ്പാക്കുട.
എറണാകുളം ജില്ലയിലെ മൂവാറ്റ് പുഴയ്ക്ക് സമീപസ്ഥമായ പാമ്പാക്കുട എന്ന അവികസിത ഗ്രാമത്തിലെ മുണ്ടിക്കുന്നേൽ കുടുംബത്തിൽ1940 കളുടെ മദ്ധ്യത്തിൽ കർഷകനായ വർക്കിയുടെ കനിഷ്ഠ പുത്രനായാണ് മാത്യുവിൻ്റെ ജനനം.
റേഡിയോയും, സംഗീതവും ഒരു ദൗർബല്യമായിരുന്ന മാത്യു എവിടെ പെട്ടിപ്പാട്ട് ഉണ്ടെന്നറിഞ്ഞാലും അവിടെ ഹാജരുണ്ടാകും.
അന്ന് പള്ളിപ്പെരുന്നാളിനും, വലിയ ജന്മിമാരുടെ കുടുംബങ്ങളിൽ നടക്കുന്ന വിശേഷ ചടങ്ങുകളിലും മാത്രമേ റേഡിയോ ഗ്രാം എന്ന അമൂല്യ വസ്തു കണി കാണാൻ കിട്ടുമായിരുന്നുള്ളൂ.
ഒരാൾ ആ പെട്ടിയുടെ വശത്തുള്ള ഹാൻഡിലിൽ പിടിച്ച് അൽപ്പം തിരിച്ച ശേഷം അതിന് മുകളിൽ പ്ലേറ്റ് എന്നറിയപ്പെടുന്ന കറുത്ത ഡിസ്ക് എടുത്ത് വയ്ക്കുന്നു. ഒരു ശാസ്ത്രജ്ഞൻ്റെ സൂക്ഷ്മതയോടെ പതിയെ ആകറങ്ങിക്കൊണ്ടിരിക്കുന്ന ഡിസ്ക്കിൻ്റെ മീതേ സൂചി എന്നറിയപ്പെടുന്ന സാധനം ഫിറ്റ് ചെയ്ത പ്ലാസ്റ്റിക് ഹാൻഡിൽ എടുത്ത് വയ്ക്കുന്നു.വട്ടത്തിൽ അങ്ങനെ കറങ്ങുന്ന ആ പെട്ടിയിൽ നിന്നും അതാ കടുക് വറക്കുന്ന ശബ്ദകോലാഹലങ്ങളോടെ സംഗീതം പൊഴിക്കാൻ ആരംഭിക്കുകയായി ..
കുട്ടികളെ ആ പാട്ട് പെട്ടിയുടെ ഏഴയലത്ത് അടുപ്പിക്കുകയില്ല. അവർ തൊട്ടും, പിടിച്ചും പാട്ട് പെട്ടി ചീത്തയാക്കിയാലോ?. കേടായാൽ നന്നാക്കാൻ ആ നാട്ടിലെങ്ങും റിപ്പയർ അറിയാവുന്ന ആരുമില്ല താനും, പാട്ട് പെട്ടി കേടായാൽ ആഘോഷത്തിൻ്റെ സർവ്വ പൊലിമയും പോകും.
ഘടാഘടിയന്മാരായ മല്ലൻമാരാണ് അതിൻ്റെ ഓപ്പറേറ്റർമാർ..
നല്ല ഭാരമുണ്ടായിരുന്ന അത് ഒരു സ്ഥലത്തേക്ക് എത്തിക്കണമെങ്കിൽ ചുമന്ന് തന്നെ കൊണ്ടു പോകണം.. അന്നത്തെ ഗതാഗത സംവിധാനമായ കാളവണ്ടിയിൽ കയറ്റിയാൽ ടാറിടാത്ത നിരത്തുകളിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ പാട്ടുപെട്ടിയുടെ പണിക്കുറ്റം തീർന്നിട്ടുണ്ടാകും, അതിനാലാണ് ആ റേഡിയോ ഗ്രാമിൻ്റെ ഉടമ ഓപ്പറേറ്ററായി സോറി ചുമട്ട് കാരായി മല്ലൻമാരെ തന്നെ നിയമിക്കുന്നത്.
ഇതിൻ്റെ സൂത്രം എങ്ങനെയെങ്കിലും പഠിച്ചെടുക്കണം എന്നായി മാത്യുവിൻ്റെ ചിന്ത
ചെറുപ്പത്തിലേ തന്നെ ടെക്നിക്കൽ വിഷയങ്ങളിൽ താൽപ്പര്യമുണ്ടായിരുന്ന മാത്യു കിട്ടാവുന്നത്ര അറിവുകൾ സമ്പാദിക്കാനായി ശ്രമിച്ച് തുടങ്ങി.
അയൽവാസിയും അൽപ്പം തലമുതിർന്ന സുഹൃത്തുമായ മാധവൻ ചേട്ടൻ ഇതിന് പറ്റിയ പുസ്തകങ്ങൾ വായനശാലകളിൽ നിന്ന് തേടി ക്കണ്ട് പിടിച്ച് മാത്യുവിനെ സഹായിച്ചു പോന്നു.
മൂവാറ്റ് പുഴ നിർമ്മലാ കോളേജിൽ പ്രീ ഡിഗ്രി പഠനത്തിന് ചേർന്നതോടെ കോളേജ് ലൈബ്രറിയിലെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിശാല ലോകം മാത്യുവിന് മുന്നിൽ തുറന്ന് കിട്ടി.ഇതോടെ പാർട്സുകളും, സർക്യൂട്ടുകളും ബോംബെയിൽ നിന്നും, കൽക്കട്ടയിൽ നിന്നും എഴുതി അയച്ച് വരുത്തി ഓരോരോ സാധനങ്ങൾ സ്വന്തമായി നിർമ്മിച്ച് തുടങ്ങി.
പഠിച്ച ടെക്നിക്കൽ അറിവുകൾ പ്രയോഗിച്ച് തുടങ്ങിയപ്പോൾ അറിഞ്ഞും കേട്ടും ധാരാളമാളുകൾ ഓരോരോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ മാത്യുവിനെ സമീപിച്ച് തുടങ്ങി.
നാല് കാശ് കയ്യിൽ വരാൻ തുടങ്ങിയതോടെ കോളേജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് മൂവാറ്റ് പുഴ നഗരത്തിൽ ഇൻ്റർനാഷണൽ ഇലക്ട്രോണിക്സ് എന്ന ഇലക്ട്രോണിക്സ് സർവ്വീസ് യൂണിറ്റ് ആരംഭിച്ചു.1965ലായിരുന്നു ഇത്.
പിന്നീട് മാത്യുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അന്നത്തെക്കാലത്തെ പോപ്പുലർ കമ്പനികളായ GEC, മർഫി, ഫിലിപ്സ് ബുഷ്, ടെലിഫങ്കൺ, ഗ്രണ്ടിക് തുടങ്ങിയവരുടെ റേഡിയോ ഗ്രാമുകളുടെയും, വാൽവ് റേഡിയോകളുടെയും എന്ത് തകരാറുകളും മാത്യു തൊട്ടാൽ നിസ്സാരമായി പരിഹരിക്കപ്പെട്ടു തുടങ്ങി..
കാലം കടന്ന് പോകവേ ട്രാൻസിസ്റ്റർ യുഗം കടന്ന് വരുകയും വാൽവ് റേഡിയോകൾ നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
ഇതോടെ വാൽവ് റേഡിയോയും ചുരണ്ടിക്കൊണ്ടിരിക്കുന്ന മാത്യുവിനെപ്പോലുള്ള പഴയ ടെക്നീഷ്യന്മാരുടെ യുഗം അവസാനിച്ചു.
ഭൂരിപക്ഷം പേരും രംഗം വിട്ടു.
എന്നാൽ മാത്യുവിൻ്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
വാൽവുകൾ അപ്രസക്തമായത് മൂലം പണിത്തിരക്കൊഴിഞ്ഞ ആ കാലത്ത് നവീന ടെക്നോളജികൾ സ്വായത്തമാക്കുന്നതിൽ ഒരു മടിയും കാട്ടാതിരുന്ന മാത്യു പുതിയ ട്രാൻസിസ്റ്ററുകളേപ്പറ്റിയും, മോസ് ഫെറ്റുകളേപ്പറ്റിയും വിശദമായി പഠിച്ചു.
ഇങ്ങനെ തുടരവേ കേരളത്തിലെ ജനസാമാന്യം വിദേശ രാജ്യങ്ങളിൽ തൊഴിലിനായി പോയിത്തുടങ്ങി. വിദേശ രാജ്യങ്ങളിൽ സ്വരമാധുരിയിൽ കൂടുതൽ താൽപ്പര്യം കാട്ടുന്നവർ ഇപ്പോഴും വാൽവ് ആംപ്ലിഫയറുകൾ ഉപയോഗിക്കുന്നത് വിദേശത്ത് പോകുന്ന മലയാളികൾ കണ്ട് മനസിലാക്കി.
തിരികെ നാട്ടിൽ വന്ന അവരിൽ ചിലർ ഒറ്റയ്ക്കും, തെറ്റയ്ക്കും മാത്യുവിനെ സമീപിച്ച് ഇക്കാര്യം പറയുകയും തങ്ങൾക്കും വാൽവ് ആംപ്ലിഫയറുകൾ നിർമ്മിച്ച് തരണം എന്നാവശ്യപ്പെടുകയും ചെയ്തു തുടങ്ങി.
ഇതിനോടകം വാക്വം ട്യൂബുകൾ എന്ന വാൽവുകൾ ഒരു ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇന്ത്യയിൽ വാൽവുകൾ നിർമ്മിച്ചിരുന്ന BEL ഭാരത് ഇലക്ട്രോണിക്സ്, ഫിലിപ്സ് എന്നിങ്ങനെയുള്ള പ്രമുഖർ നിർമ്മാണം അവസാനിപ്പിച്ച് നിർമ്മാണ ഉപകരണങ്ങൾ തൂക്കി വിറ്റിരുന്നു.
വാൽവ് ആംപ്ലിഫയറുകൾ നിർമ്മിക്കണമെങ്കിൽ തെർമയോണിക് വാൽവുകൾ വിദേശത്ത് നിന്നും ഇറക്ക് മതി ചെയ്യേണ്ടി വരും എന്ന ഗതിയായി.
പവർ ആംപ്ലിഫയറുകൾ നിർമ്മിക്കുന്നതിനുള്ള വാൽവുകൾക്ക് ഒരെണ്ണത്തിന് 8000 രൂപ മുതൽ മേലോട്ട് വില കയറി.
അതോടെ മാത്യു ഒന്ന് രണ്ട് പേരുടെ സാമ്പത്തിക സഹായത്തോടെ BARL ബേസിക് ഓഡിയോ റിസർച്ച് ലാബ് എന്ന കമ്പനി മൂവാറ്റുപുഴയിൽ ആരംഭിക്കുകയും പരിമിതമായ എണ്ണത്തിൽ ആംപ്ലിഫയറുകൾ നിർമ്മിക്കാനാരംഭിക്കുകയും ചെയ്തു.
ഇവയിലൊരെണ്ണം എറണാകുളം കാക്കനാട് ഡിസൈൻ ബിൽഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ജേക്കബ് ജോർജിൻ്റെ കയ്യിലെത്തിയതോടെ മാത്യുവിൻ്റെ ജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു.
ഒരു തികഞ്ഞ സംഗീത പ്രേമിയായ ജേക്കബ് ജോർജ് പതിവായി വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഓഡിയോ എക്സിബിഷനുകൾ സന്ദർശിക്കുന്ന വ്യക്തിയായിരുന്നു.
അവിടങ്ങളിലെ സ്റ്റാളുകളിൽ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ഹൈ എൻഡ് സെറ്റുകളോട് കിടപിടിക്കുന്ന ഒരെണ്ണം ഇന്ത്യയിൽ നിർമ്മിച്ചത് കയ്യിൽ വന്ന ജേക്കബ് ജോർജ് USA യിൽ നടന്ന അടുത്ത ഇൻ്റർനാഷണൽ ഓഡിയോ എക്സിബിഷനിൽ മാത്യു നിർമ്മിച്ച ട്യൂബ് ആംപ്ലിഫയറുമായാണ് പോയത്.
ഒരു സ്റ്റാൾ വാടകയ്ക്കെടുത്ത് ജേക്കബ് ജോർജ്…. മാത്യു നിർമ്മിച്ച ട്യൂബ് ആംപ്ലിഫയർ അഭിമാനത്തോടെയും ഒപ്പം അഹങ്കാത്തോടെയും അവിടെ പ്രദർശിപ്പിച്ചു.
നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾ ഇന്ത്യാക്കാർക്കും ശബ്ദ ശുദ്ധിയും, ഗുണമേൻമയുമുള്ള ഹൈ എൻഡ് സെറ്റുകൾ ഉണ്ടാക്കാനറിയാം എന്ന് തെളിയിക്കുകയായിരുന്നു. ജേക്കബ് ജോർജിൻ്റെ ലക്ഷ്യം.
എന്നാൽ പണി പാളി. ഒരു ഇന്ത്യാക്കാരൻ ട്യൂബ് ആംപ്ലിഫയറുമായി വന്നിരിക്കുന്നു എന്ന കരക്കമ്പി കേട്ടറിഞ്ഞ സായിപ്പൻമാർ അതിൻ്റെ ഒച്ചയൊന്ന് കേട്ട് നാല് കുറ്റം പറയാമെന്ന് കരുതി ജേക്കബ് ജോർജിൻ്റെ സ്റ്റാളിലേക്ക് ഇടിച്ച് കയറി.
പിൻ ഡോപ്പ് സൈലൻസിൽ മാത്യു നിർമ്മിച്ച ട്യൂബ് ആമ്പിലൂടെ ഹോട്ടൽ കാലിഫോർണിയ എന്ന ഗാനം പ്ലേ ചെയ്യപ്പെട്ടു.
പിന്നീട് ഉണ്ടായത് ചരിത്രമാണ്. എല്ലാവർക്കും ഈ ആംപ്ലിഫയർ വേണം ,ഓർഡറുകളുടെ ബാഹുല്യം കൊണ്ട് ജേക്കബ് ജോർജ് അമ്പരന്നു..
ഈ അമ്പരപ്പിൽ നിന്നാണ് ലോകപ്രശസ്ത ഹൈ എൻഡ് ഇന്ത്യൻ ട്യൂബ് ആമ്പ് ബ്രാൻഡായ റിഥം ഓഡിയോ കമ്പനിയുടെ ജനനം ആ കഥ അടുത്ത ലക്കത്തിൽ.
പഴയ ടെക്നോളജിയായ വാക്വം ട്യൂബുകളും, പുതിയ ടെക്നോളജിയായ മോസ് ഫെറ്റുകളും സമന്വയിപ്പിച്ച ഹൈബ്രിഡ് ആംപ്ലിഫയറുകളുടെ ഡിസൈനിങ്ങിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പേരെടുത്ത വ്യക്തിത്വമാണ് മാത്യു സർ പാമ്പാക്കുട.ഇന്ത്യയിലെ വിരലിൽ എണ്ണാവുന്ന ഓഡിയോ ഡിസൈനർമാരിൽ ഒരാളായ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു അംഗീകാരമോ, എന്തിന് പരിമിതമായ സുഹൃദ് വലയങ്ങൾക്കപ്പുറ്റം അറിയപ്പെടുക പോലുമോ ചെയ്യുന്നില്ല.
മാത്യു സർ ഇപ്പോൾ വാർദ്ധക്യസഹജമായ 'അസുഖങ്ങളെ തുടർന്ന് പാമ്പാക്കുടയിലെ സ്വവസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ്. ചെവി തീരെ പതുക്കെ ആയതിനാൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽ കിട്ടുകയുമില്ല.85 വയസുള്ള മാത്യു സർ ഇപ്പോഴും പകൽനേരങ്ങളിൽ തൻ്റെ വർക്ക്ഷോപ്പിൽ വാൽവ് ആംപ്ലിഫയറുകൾ തുറന്നും, പരിശോധിച്ചുമാണ് സമയം ചിലവഴിക്കുന്നത്. ഇലക്ട്രോണിക്സ് തന്നെയാണ് അദ്ദേഹത്തിൻ്റെ ജീവ ശ്വാസം.
വലിയ തോതിൽ പഴയ കാല ഇലക്ടോണിക്സ് ഉപകരണങ്ങളുടെ കളക്ഷൻ മാത്യു സാറിനുണ്ട്. രണ്ട് വർഷം മുൻപ് ഞാനും,ഗാർഡിയൻ വർഗീസ് ചേട്ടനും (ബ്രൗൺ ഷർട്ട്),റോയിച്ചൻ മാവേലിക്കരയും ( വൈറ്റ് ഷർട്ട്,), കേരളാ ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് KSESTA സംഘടനയുടെ സം സ്ഥാന ടെക്നിക്കൽ ബോർഡ് മെമ്പർ സാബു കടവന്ത്രയും (ഗ്രേഷർട്ട്), മാത്യു സാറിനെ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി സന്ദർശിച്ച് ആദരം അർപ്പിച്ചപ്പോൾ എടുത്ത ചിത്രമാണ് ഒപ്പം ചേർത്തിരിക്കുന്നത്.എഴുതിയത് അജിത് കളമശേരി.. ഇന്ന് അദ്ദേഹത്തിൻ്റെ ചരമവാർത്ത അറിഞ്ഞതിനെ തുടർന്ന് 11.04.23 ൽ വീണ്ടും പുനപ്രസിദ്ധീകരിക്കുന്നു. 05.10.2022,#Ajith_kalamassery,#seniortechnician,#sabu_kadavanthra,#varghese_guardian,#royjohn_mavelikkara.
No comments:
Post a Comment