ഒറ്റ ദിവസം കൊണ്ട് റിപ്പയറിങ്ങ് പഠിക്കാം!
നമ്മുടെ
ഗ്രൂപ്പിൽ ജിൻസ് തോമസ് ഇട്ട ഒരു പോസ്റ്റും, അതിന് ശ്യാംലാൽ T പുഷ്പൻ സർ
ഇട്ട മറുപടിയുമാണ് എന്നെ ഈ കുറിപ്പ് എഴുതുന്നതിലേക്ക് എത്തിച്ചത്.
കഴിഞ്ഞൊരു ഓർമ്മക്കുറിപ്പിൽ ഞാൻ കാസറ്റ് ഡെക്ക് അസംബ്ലിങ്ങ് ആരംഭിച്ച കാര്യം സൂചിപ്പിച്ചിരുന്നു.
പക്ഷേ എനിക്ക് ഇലക്ട്രോണിക്സ് സർവ്വീസിങ്ങിൻ്റെ ബാലപാഠം പോലും അപ്പോൾ അറിയില്ലായിരുന്നു.
അകപ്പാടെ അറിയാവുന്നത് സ്ക്രൂ ഡ്രൈവർ ടെക്നോളജി മാത്രം!
ആരെങ്കിലും ഉണ്ടാക്കിയ അസംബിൾഡ് ബോർഡുകളും മറ്റ് സാമഗ്രികളും വാങ്ങുക, അത് പെട്ടിയിൽ ആക്കുക സ്ക്രൂ ഇട്ട് മുറുക്കുക തീർന്നു പണി..
ഇനി
ഒരു രഹസ്യം പറയാം ITIൽ ഇലക്ട്രോണിക്സ് പഠിച്ചാൽ ഒരു സർട്ടിഫിക്കറ്റ്
കിട്ടുമെന്നല്ലാതെ ഒരു കാര്യവുമില്ല. ഒരു പണിയും അവിടെ പഠിപ്പിക്കുന്നില്ല.
എന്നെ അവിടെ പഠിപ്പിച്ച ടീച്ചറിന് സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് തൊടുന്നത്
പോലും പേടിയായിരുന്നു. ഷോക്കടിച്ചാലോ!
പിന്നെ വീട്ടുകാരുടെ നിർബന്ധം
മൂലമോ, കഷ്ടകാലത്തിന് മാർക്ക് കൂടുതൽ കിട്ടിയത് മൂലമോ ഇലക്ട്രോണിക്സ്
ട്രേഡ് കിട്ടി അവിടെ പഠിക്കാൻ വന്നവരാണ് ക്ലാസിലെ ഏറിയ പങ്കും. അന്നെൻ്റെ
കൂടെ പഠിച്ച ഒരാൾ പോലും ഇലക്ട്രോണിക്സ് മേഘലയിൽ വർക്ക് ചെയ്യുന്നതായി
എനിക്കറിയില്ല.
സാങ്കേതിക പഠനം പൂർത്തിയായ ശേഷം തൊഴിലന്വോഷണം
തുടങ്ങിയപ്പോഴാണ് ഒരു സ്ഥാപനത്തിലും സർട്ടിഫിക്കറ്റ് ഉള്ള പണിക്കാരെ
എടുക്കുന്നില്ല എന്ന് മനസിലായത്.
കാരണം ഒരു പണിയും അറിയില്ല എന്നത്
തന്നെ ,എടുത്താൽ ആദ്യം മുതൽ പണി പഠിപ്പിക്കണം. എന്തിന് വെറുതേ വഴിയേ
പോകുന്ന വയ്യാവേലി എടുത്ത് തലയിൽ വയ്ക്കണം എന്നതായിരുന്നിരിക്കും സ്ഥാപന
ഉടമകളുടെ ചിന്ത.
ഞാൻ രണ്ടും കൽപ്പിച്ചായിരുന്നു. ഐ.ടി.ഐ പഠനകാലത്ത്
നൂറോളം കാസറ്റ് ഡക്കുകൾ അസംബിൾ ചെയ്ത് കാശുണ്ടാക്കിയതിൻ്റെ അഹങ്കാരം
അല്ലെന്ന് എന്ത് പറയാൻ!
നാട്ടിൽ ഒരു കടമുറി സംഘടിപ്പിച്ച് ഒരു സർവ്വീസ്
സെൻ്റർ ആരംഭിച്ചു. ഇലക്ട്രോ ഹെൽപ്പ്.വീട്ടിലെ റേഡിയോ തുറന്ന് IFTകൾ
തിരിച്ച് നോക്കിയ പരിചയം മാത്രമേ പ്രാക്റ്റിക്കലായി ഉള്ളൂ.റേഡിയോ, TV
പണിയൊന്നും അറിയില്ല .വരുന്നിടത്ത് വച്ച് കാണാം.പിന്നെ അറിയാവുന്ന കാസറ്റ്
ഡക്ക് അസംബ്ലിങ്ങ് അവിടെയിരുന്ന് സ്വസ്ഥമായി ചെയ്യാമല്ലോ.. കടമുറി വാടകയും
തുഛമായിരുന്നു.200 രൂപ മാത്രം.
കട തുടങ്ങി.. ഡക്ക് അസംബിൾ ചെയ്ത്
അത്യാവശ്യം പേരുണ്ടായിരുന്നതിനാലും, റിപ്പയർ ചെയ്താൽ ടെക്നീഷ്യൻ ഒരു
പയ്യനായതിനാൽ കാശ് കൊടുക്കാതെ പറ്റിക്കാം എന്നുള്ളതിനാലുമായിരിക്കാം, ആളുകൾ
തകരാറിലായ റേഡിയോകളുമായി വന്ന് തുടങ്ങി.
അവ തുറന്ന് നോക്കിയ എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.. ഇതെവിടെ നിന്ന് തുടങ്ങണം ഏത് ഭാഗം ചെക്ക് ചെയ്യണം ഒരറിവുമില്ല.
സ്പീക്കർ
പോയതും, സ്വിച്ച് പോയതും, വോളിയം കൺട്രോൾ ചീത്തയായതുമെല്ലാം ഒരു വിധം
ശരിയാക്കി.. മറ്റ് തകരാറുകൾ മൂലം റിപ്പയറിന് വന്ന സെറ്റുകൾ കൊണ്ട് കട
നിറഞ്ഞു.
അപ്പാഴാണ് എനിക്കൊരൈഡിയ തോന്നിയത് നാട്ടിലെ സൂപ്പർ
മെക്കാനിക്കായ വിജയൻ നായർ ചേട്ടൻ വീട്ടിലിരുന്നാണ് റേഡിയോ റിപ്പയറിങ്ങ്
നടത്തുന്നത്. അദ്ദേഹത്തെ പോയി കണ്ടു.
വിജയൻ ചേട്ടനോട് ഞാനൊരോഫർ
വച്ചു ചേട്ടൻ കടയിൽ വന്നിരുന്ന് റിപ്പയർ ചെയ്തോളു, റേഡിയോ റിപ്പയർ ചെയ്ത്
കിട്ടുന്ന കാശ് മുഴുവൻ എടുക്കാം, വാടക ഉൾപ്പടെ ഒന്നും മുടക്കേണ്ടതില്ല.
എൻ്റെ
ഓഫർ വിജയൻ ചേട്ടന് സ്വീകാര്യമായി.. അദ്ദേഹം ഷോപ്പിൽ വന്ന് റിപ്പയറിങ്ങ്
ആരംഭിച്ചു. എത്ര ഗുലുമാല് പിടിച്ച തകരാറും വിജയൻ ചേട്ടൻ പുഷ്പം പോലെ
ശരിയാക്കിത്തുടങ്ങി.ന്യായമായ ചാർജേ വാങ്ങൂ.
കടയിൽ ധാരാളം റിപ്പയറിങ്ങ് വന്ന് തുടങ്ങി.വിജയൻ ചേട്ടൻ ചെയ്യുന്നത് പുറകിൽ നിന്ന് നോക്കി നിന്ന് ഞാനും അവയെല്ലാം വശമാക്കി.
തലയോലപ്പറമ്പിൽ
ഷൈലാ റേഡിയോ കമ്പനി നടത്തിയിരുന്ന കരിമിക്കായുടെ സൗകര്യവും
സന്ദർഭവുമനുസരിച്ച് അദ്ദേഹത്തിൻ്റെ കാഞ്ഞിരമറ്റത്തെ വീട്ടിൽ പോയി TV
റിപ്പയറിങ്ങും പഠിച്ചു.പിന്നെ സുഹൃത്തും സൂപ്പർ TV മെക്കാനിക്കുമായ
തുണ്ടുപറമ്പിൽ ജോസഫിൻ്റെ കൂടെ അപ്രൻ്റീസായി നടന്ന് പ്രായോഗിക പരിശീലനവും
നേടി
അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഞാനും വാൽവ് റേഡിയോ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ റിപ്പയറിങ്ങ് ഒരു വിധം പഠിച്ചെടുത്തു.
ഇതുപോലുള്ള
ടെക്നോളജി ഉപയോഗിച്ചാൽ ആർക്കും ഇലക്ട്രോണിക്സ് വളരെ വേഗം പഠിച്ചെടുക്കാം.
ആദ്യമായി നല്ലൊരു ആശാനെ കണ്ട് പിടിക്കുക അദ്ദേഹത്തിൻ്റെ കീഴിൽ പ്രായോഗിക
പരിശീലനം നേടുക..
അല്ലാതെ ഏതെങ്കിലും പുസ്തകം വായിച്ചോ, യൂട്യൂബ്
കണ്ടോ ഒരാൾക്കും നല്ലൊരു ടെക്നീഷ്യനായി വളരെ വേഗം മാറാനൊക്കില്ല.പ്രായോഗിക
പരിശീലനം മുഖേന നേടുന്ന അറിവും,കൈവഴക്കവും മാത്രമേ നല്ലൊരു ടെക്നീഷ്യനെ
വാർത്തെടുക്കൂ എന്നാണെൻ്റെ അഭിപ്രായം.ഇലക്ട്രോണിക്സ് മലയാളം ഫേസ് ബുക്ക് പേജിൽഎഴുതിയത് #അജിത് കളമശേരി
No comments:
Post a Comment