CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."
Showing posts with label #keltron. Show all posts
Showing posts with label #keltron. Show all posts

Thursday, June 22, 2023

#555 ൻ്റെ കഥ - #ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !

 #555 ൻ്റെ കഥ - 

#ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !


 
ഇലക്ട്രോണിക്സിൽ ഔപചാരികമായ  വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു യുവാവ് സ്വന്തമായ പരിശ്രമത്തിലൂടെ  അനലോഗ് ഇലക്ട്രോണിക്സിലെ മുടിചൂടാ മന്നനായ കഥയാണ് ഇത്തവണ..ഒപ്പം 555 എന്ന ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അന ലോഗ് ഐ. സി യുടെ കഥയും...

1934 ജനുവരി ഒന്നിന് സ്വിറ്റ്സർലാൻ്റിലെ സൂറിച്ചിൽ ജനിച്ച ഹാൻസ് റുഡോൾഫ്
കാമെൻസിൻ്റ് ,  തൻ്റെ കോളേജ്  പഠനം സ്വിറ്റ്സർലാൻ്റിൽ പൂർത്തീകരിച്ച ശേഷം 1960 ൽ ഇരുപത്തിയാറാമത്തെ വയസിൽ അമേരിക്കയിലേക്ക് കുടിയേറി.

അവിടെ ബോസ്റ്റണിലുള്ള നോർത്തേൺ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗ്രാജുവേഷൻ നേടി.

ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നെങ്കിലും ഇലക്ട്രോണിക്സ് അദ്ദേഹത്തിൻ്റെ പാഷനായിരുന്നു. സദാ സമയവും ചിന്ത ഇലക്ട്രോണിക്സിനെ കുറിച്ച് മാത്രം.

1968 കൾ ട്രാൻസിസ്റ്ററുകളുടെ ബാല്യകാലമാണ്, വിപണി ഭരിക്കുന്നത്  വാക്വം ട്യൂബുകളും.

വാക്വം ട്യൂബ് ടെക്നോളജിയുടെ കാലം കഴിഞ്ഞു.ഇനി ട്രാൻസിസ്റ്റർ യുഗമാണ് വരുന്നത് ഈ ട്രാൻസിസ്റ്ററുകളെ വീണ്ടും ചെറുതാക്കിയാൽ ഒരു ചെറിയ തീപ്പെട്ടി വലിപ്പത്തിൽ വളരെ ശക്തിയുള്ള ആംപ്ലിഫയറുകൾ നിർമ്മിക്കാൻ സാധിക്കില്ലേ? എന്നതായിരുന്നു കാം സിൻ്റിൻ്റെ അന്നത്തെ ചിന്ത.ലാസ് ഡി ആംപ്ലിഫയറുകളുടെ രൂപ രേഖയാണ് ഇങ്ങനെ
കാമെൻസിൻ്റിൻ്റെ മനസ്സിനെ മഥിച്ചത്!

ഇലക്ട്രോണിക്സ് ഡിസൈൻ  പഠിക്കാനായി വീട്ടിൽ പോലും പോകാതെ ആഴ്ചകളോളം യൂണിവേഴ്സിറ്റി ലൈബ്രറികളിലെ പുസ്തക ശേഖരം പരതിയിരിക്കാൻ
കാമെൻസിൻ്റിന് ഒരു മടിയുമില്ലായിരുന്നു.

അന്നത്തെ ചിപ്പ് നിർമ്മാതാക്കൾ എല്ലാം കമ്പ്യൂട്ടറുകൾക്ക് വേണ്ടിയുള്ള ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന തിരക്കിലായിരുന്നു.അനലോഗ് സർക്യൂട്ടുകൾ ചിപ്പിലൊതുക്കുന്ന കാര്യം ആരും ആലോചിച്ചിട്ട് പോലുമില്ല



അങ്ങനെയിരിക്കെ സിലിക്കോൺ വാലിയിലെ സിഗ്നെറ്റിക്സ് എന്ന ഇലക്ട്രോണിക്സ് കമ്പനിയിൽ അപ്രൻ്റീസായി ഹാൻസ്
കാമെൻസിൻ്റിന് ജോലി ലഭിച്ചു.

സ്ഥിരമായ ഒരു വരുമാനം ലഭിച്ച് തുടങ്ങിയതോടെ
സിഗ്നെറ്റിക്സ് ലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ചെറിയ  ടൈമർ സർക്യൂട്ടിനെ കാമെൻസിൻ്റ് 14 പിന്നുള്ള ഐസിയാക്കി മാറ്റാനുള്ള ഡിസൈൻ വരച്ചെടുത്തു അതിൻ്റെ ലിത്തോ പ്രിൻ്റ് തയ്യാറാക്കി..

ഐസി ചിപ്പുകൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യം സിഗ് നെറ്റിക്സിൽ ഉണ്ടായിരുന്നെങ്കിലും ആരുടെയും കണ്ണിൽ പെടാതെയായിരുന്നു കാമെൻ സിൻ്റിൻ്റെ പരിപാടികൾ..

തൻ്റെ ഡിസൈൻ പൂർണ്ണമായപ്പോൾ വലിയ കുഴപ്പക്കാരനല്ലാത്ത കമ്പനിയുടെ ഡിസൈൻ ഹെഡിന് മുന്നിൽ
കാമെൻസിൻ്റ് ,തൻ്റെ ഐഡിയ അവതരിപ്പിച്ചു.

 

കാമെൻ സിൻ്റിൻ്റെ നല്ല സമയം! സിഗ്നെറ്റിക്സ് കമ്പനി അന്ന് വലിയ വർക്ക് ഓർഡറുകൾ ഒന്നുമില്ലാതെ ഒരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന സമയമായിരുന്നു.

പേപ്പറുകളിലൂടെ കണ്ണോടിച്ച ഡിസൈൻ ഹെഡിൻ്റെ തലയിൽ ഒരു ബൾബ് കത്തി.
കാമെൻ സിൻ്റിൻ്റെ ഐഡിയ ബാങ്കുകാരുടെ മുന്നിൽ അവതരിപ്പിച്ച് കുറച്ച് ഫണ്ട് സംഘടിപ്പിച്ചാൽ തൽക്കാലം  ഒന്ന് പിടിച്ച് നിൽക്കാം...


അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ ,ഇലക്ട്രോണിക്സ് ഡിസൈൻ അറിയാത്ത ഒരു ജീവനക്കാരൻ മണ്ടൻ ഐഡിയയുമായി വന്നാൽ അപ്പോഴേ ഓടിക്കുമായിരുന്നു ഡിസൈൻ വിഭാഗം !


മൂന്ന് 5 K റസിസ്റ്റൻസുകൾ ചേർന്ന വോൾട്ടേജ് ഡിവൈഡർ നെറ്റ് വർക്കാണ് ഈ ടൈമർ ചിപ്പിൻ്റെ ഹൃദയം. അതിനാൽ
കാമെൻസിൻ്റ് ,ഇതിനെ 5x3 ടൈമർ  എന്ന കോഡ് നെയിമിലാണ് പരിചയപ്പെടുത്തിയത്.
 
കമ്പനി ഡിസൈൻ ടീം ചിലവ് കുറയ്ക്കാനായി 14 പിന്നിനെ  8 പിൻ ആക്കി  ഡിസൈൻ മാറ്റാൻ  നിർദ്ദേശിച്ചു. താമസിയാതെ പരിഷ്കരിച്ച് 555 ടൈമർ എന്ന പേരിൽ ഡാറ്റാഷീറ്റ് തയ്യാറാക്കി രജിസ്റ്റർ ചെയ്തു.

1971 അവസാനം ഡിസൈൻ അംഗീകരിച്ച് 1972 ജൂൺ മാസത്തോടെ 555 ടൈമർ ഐസി വിപണിയിലെത്തി.

കമ്പനിക്ക്  തൽക്കാലം പിടിച്ച് നിൽക്കാൻ ഒരുൽപ്പന്നം 

,കുറച്ച് ഹോബി പിള്ളേരല്ലാതെ ഇതൊക്കെ ആര് വാങ്ങാനാ എന്നായിരുന്നു 555 ടൈമർ ചിപ്പ് പുറത്തിറക്കിയ സിഗ്നറ്റിക്സ് കമ്പനിയുടെ മാനേജ്മെൻ്റിൻ്റെ ധാരണ.

അതിനാൽ ബാങ്കുകാരെപ്പറ്റിക്കാൻ ഏതാനും ആയിരം ചിപ്പുകൾ മാത്രമേ കമ്പനി നിർമ്മിച്ചുള്ളൂ.


 അവ ചിലവാക്കാനായി ഈ ഐസി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏതാനും ഹോബി സർക്യൂട്ടുകൾ ഡിസൈൻ ചെയ്ത് ആ മാസം ഇറങ്ങിയ ഇലക്ട്രോണിക്സ് മാസികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു കമ്പനി.

ഐസി ചിപ്പുകൾ ആര് കണ്ട് പിടിച്ചു എന്നത് സംബന്ധിച്ച് ഒരു വലിയ തർക്കം ടെക്സാസ് ഇൻസ്ട്രുമെൻ്റ്സ് എന്ന കമ്പനിയും, ഫെയർ ചൈൽഡ് എന്ന കമ്പനിയും തമ്മിൽ അന്ന് നടക്കുകയായിരുന്നു.

അതിനിടയിൽപ്പെട്ടാൽ തകർന്ന് പോകും എന്നതിനാൽ സിഗ് നെറ്റിക്സ് കമ്പനിയോ, അത് കണ്ട് പിടിച്ച  ഹാൻസ് കാമെൻസിൻ്റോ 555 ഐ സി ക്ക് പേറ്റൻ്റ് എടുക്കാനൊന്നും പോയില്ല.

തൻ്റെ ഒരുൽപ്പന്നം ആദ്യം പുറത്തിറങ്ങട്ടെ അതിൻ്റെ ചുവട് പിടിച്ച് വേണം മനസിലുള്ള മിനിയേച്ചർ ആംപ്ലിഫയർ പുറത്തിറക്കാനെന്നായിരുന്നു കാമെൻസിൻ്റിൻ്റെ മനസിലിരിപ്പ്.

വലിയ അവകാശവാദങ്ങളില്ലാതെ പുറത്തിറങ്ങിയ അനലോഗ് ടൈമർ ചിപ്പായ 555 കമ്പനിയെ ഞെട്ടിച്ചു. .. ലോകമെങ്ങും നിന്ന് ലക്ഷക്കണക്കിന്  ഓർഡറുകൾ കുമിഞ്ഞ് കൂടി .. വർഷങ്ങൾ രാപകൽ  ഉണ്ടാക്കിയാലും തീരാത്തത്ര ഓർഡറുകൾ..

ഇത് കണ്ട മറ്റ് കമ്പനികളും വെറുതെയിരുന്നില്ല. പേറ്റെൻ്റ് എടുക്കാതിരുന്നതിനാൽ 14 ൽ അധികം കമ്പനികൾ അമേരിക്കയിൽ തന്നെ  555 നിർമ്മിക്കാൻ തുടങ്ങി. 1974ൽ ഹോളണ്ട് ഫിലിപ്സ് കമ്പനി സിഗ് നെറ്റിക്സിനെ ഏറ്റെടുത്തു.ഇതോടെ ഏറ്റവുമധികം 555 നിർമ്മിക്കുന്നത് ഫിലിപ്സായി മാറി.

555 ടൈമർചിപ്പിൻ്റെ വൻ വിജയത്തോടെ  കാമെൻസിൻ്റ് ,സിഗ് നെറ്റിക്സിലെ ജോലി ഉപേക്ഷിച്ചു ,ഇൻ്റർ ഡിസൈൻ എന്ന ചിപ്പ് ഡിസൈൻ കമ്പനി സ്വന്തമായി സ്ഥാപിച്ച് വിവിധ കമ്പനികൾക്കായി അനലോഗ്  ഐസികൾ ഡിസൈൻ ചെയ്ത് നൽകാൻ തുടങ്ങി.

140 ൽ അധികം അന ലോഗ് ഐസികൾ കാമെൻസിൻ്റ് ഡിസൈൻ ചെയ്തിട്ടുണ്ട്.

ഇന്ന് വളരെ പോപ്പുലറായ ക്ലാസ് D  ഇൻ്റഗ്രേറ്റഡ് ചിപ്പുകൾ കണ്ടു പിടിച്ചതും ഹാൻസ് കാമെൻസിൻ്റ് തന്നെ. തൻ്റെ കൗമാരകാല  സ്വപ്നമായ  പവർഫുൾ ആംപ്ലിഫയറിനെ തീപ്പെട്ടി വലുപ്പത്തിലേക്ക് ചുരുക്കുക എന്ന ആഗ്രഹം ക്ലാസ് D ആംപ്ലിഫയർ ചിപ്പുകളുടെ  കണ്ടുപിടുത്തത്തിലൂടെ നിറവേറ്റാൻ  അദ്ദേഹത്തിനായി.

ലോകത്ത് ഇന്നേ വരെ ഏറ്റവും വിറ്റഴിക്കപ്പെട്ടിട്ടുള്ള അന ലോഗ് ചിപ്പ് 555 ആണ്.ഇന്നും ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ചിപ്പുകളിൽ ഒന്നും ഇത് തന്നെയാണ്. ലക്ഷക്കണക്കിന് പേരെ ഹോബി ഇലക്ട്രോണിക്സ് സർക്യൂട്ടുകളിലൂടെ  ഇലക്ട്രോണിക്സിൻ്റെ മായിക ലോകത്തേക്ക് എത്തിക്കാൻ  ഹാൻസ് കാമെൻ സിൻ്റിന് 555 ടൈമർ ചിപ്പിൻ്റെ കണ്ടുപിടുത്തത്തിലൂടെ കഴിഞ്ഞു.

വെറുമൊരു ടൈമർ ചിപ്പ് എന്ന് കരുതി ആദ്യ കാലങ്ങളിൽ  ഡിസൈൻ പുലികൾ അവഗണിച്ചിരുന്ന 555 ടൈമർ ചിപ്പിനെ ഹോബി ഇലക്ട്രോണിക്സ് ലോകം ഏറ്റെടുക്കുകയും, പതിനായിരക്കണക്കിന് വ്യത്യസ്ത സർക്യൂട്ടുകൾ ഡിസൈൻ ചെയ്യപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു.


ഏതൊരു സാധാരണക്കാരൻ്റെ കയ്യിലുള്ള മൊബൈൽ ഫോണിൽ പോലും  ഉള്ളടങ്ങിയിട്ടുള്ള ക്ലാസ് D ആംപ്ലിഫയറിൻ്റെ കണ്ടുപിടുത്തത്തിലൂടെ സംഗീതപ്രേമികളും
ഹാൻസ് കാമെൻസിൻ്റെ സേവനങ്ങൾ ഉപയോഗിക്കുന്നു. 

2023 ൽ 555 ടൈമർചിപ്പിന് 51 വയസ് തികഞ്ഞു. 2012 ആഗസ്റ്റ് 12 ന് 89 ആം വയസിൽ ഹാൻസ് കാമെൻസിൻ്റ് ഇഹലോകവാസം വെടിഞ്ഞു..555 ടൈമർ ചിപ്പിൻ്റെയും, ക്ലാസ് D ആംപ്ലിഫയറിൻ്റെയും കണ്ട് പിടുത്തത്തിലൂടെ ഹാൻസ് കാമെന്സിൻ്റിനോട് ലോകം എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു.
എഴുതിയത് # അജിത്_ കളമശേരി, #ajith_kalamassery, 22 .06.2023

Thursday, June 15, 2023

റിപ്പയർ ചെയ്യാനുള്ള അവകാശം

 റിപ്പയർ ചെയ്യാനുള്ള അവകാശം


ക്കാലത്ത് ജനങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നില്ല, എല്ലാം യൂസ് & ത്രോയാണ്.എന്ന് ടെക്നീഷ്യൻമാർക്ക് പരാതി.

 

എന്നാൽ ഒരു ഉപകരണവും ഈട് നിൽക്കുന്നില്ല ചെറിയ തകരാർ പറ്റിയാൽ പോലും എവിടെയും ആരും റിപ്പയർ ചെയ്ത് തരുന്നില്ല, പട്ടി ചന്തയ്ക്ക് പോലെ
അതും കൊണ്ട് നടന്ന് ചെരുപ്പ് തേയുന്നത് മാത്രം മിച്ചം. അതിനാൽ അക്രിക്ക് കൊടുക്കുന്നു എന്ന് പൊതുജനം ..

എന്താണ് സത്യം?

നല്ല പണിയറിയാവുന്ന ടെക്നീഷ്യൻമാർ പോലും വാടക കൊടുക്കാൻ പോലും ഗതിയില്ലാത്തതിനാൽ വർഷങ്ങായി അവർ കൊണ്ടു നടന്നിരുന്ന സർവ്വീസ് സെൻ്ററുകൾ മനസില്ലാ മനസോടെ നിറുത്തി ഓട്ടോറിക്ഷ ഓടിക്കാനും, വയറിങ്ങിനും, പെയിൻ്റ് പണിക്കും പോവുകയാണ് എന്നത് കയ്പ്പേറിയ യാഥാർത്ഥ്യമാണ്.

ഉപഭോക്താവായ പൊതുജനത്തിന് ഈ ടെക്നീഷ്യൻമാരെ അവരുടെ ആവശ്യനേരത്ത് കണ്ടെത്താൻ ഒരു വഴിയുമില്ല എന്നത് വേറൊരു നഗ്ന സത്യം.

സ്ക്രാപ്പിൽ പോകുന്ന അധികം പഴക്കമില്ലാത്ത  ബ്ലൂടൂത്ത് സ്പീക്കറുകളും, ആംപ്ലിഫയർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, വാഷിങ്ങ് മെഷീൻ എന്നിവയ്ക്കെല്ലാം നന്നാക്കാൻ പറ്റുന്ന തകരാറുകൾ മാത്രമേയുള്ളൂ.

പക്ഷേ വാങ്ങിയ കമ്പനിക്കാരെ സർവ്വീസിന് വിളിച്ചാൽ പുതിയ സാധനം വാങ്ങുന്ന കൂലി റിപ്പയർ ചാർജ് പറയുകയും ചെയ്യും.
 

ഗതികെട്ട പൊതു ജനം അവരുടെ മാറ്റിവയ്ക്കാനാകാത്ത  അവശ്യങ്ങൾ നിറവേറ്റാൻ  അവർക്കുള്ള ഒരേ ഒരു വഴിയായ പുതിയത് വാങ്ങാൻ നിർബന്ധിതരായിത്തീരുന്നു എന്ന് മാത്രം.


എന്താണിതിനൊരു പരിഹാരം പൊതുജനങ്ങൾക്ക് ആവശ്യനേരത്ത് അവരുടെ ഗൃഹോപകരണങ്ങൾ ന്യായമായ സർവ്വീസ് ചാർജിൽ തകരാറുകൾ  പരിഹരിച്ച് കിട്ടണം. ഇങ്ങനെ കിട്ടിയാൽ ഇല്ലാത്ത കാശ് മുടക്കി ആരും പുതിയത് വാങ്ങില്ല.. അഞ്ചാറ് വർഷമെങ്കിലും ഉപയോഗിച്ച് വാങ്ങിയ കാശ് മുതലാകാതെ കളയുകയുമില്ല.

ഇതിനൊരു പരിഹാരമെന്ന നിലയിൽ എറണാകുളം ജില്ലയിലെ 500 ൽ അധികം വരുന്ന  ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ കൂട്ടായ്മ ഒരു ആപ്പ് ഡവലപ്പ് ചെയ്ത് ട്രയൽ റൺ നടത്തുകയാണ്.

ഇത് ഒരു ക്ലൗഡ് സെർവ്വർ ആപ്ലിക്കേഷൻ മാത്രമായതിനാൽ ഒന്നും നമ്മുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല എന്നതാണ് ആകർഷകമായ സവിശേഷത.

വാഹനങ്ങളിലും, സ്ഥാപനങ്ങളിലും, ഈ ആപ്പിൻ്റെ QR കോഡ് ഒട്ടിച്ചും ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് അവയിൽ ഒട്ടിക്കുന്ന സ്റ്റിക്കറായും  വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്ന ചിത്രങ്ങളായും ഈ ക്ലൗഡ് സെർവ്വർ ആപ്ലിക്കേഷൻ്റെ ലിങ്ക് പൊതുജനങ്ങളിൽ എത്തും.

അത് ഒന്ന് സ്കാൻ ചെയ്യുകയോ, ക്ലിക്ക് ചെയ്യുകയോ മാത്രം മതി ഈ ടെക്നീഷ്യൻമാരുടെ സേവനം ആർക്കും ലഭിക്കാൻ!

എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 ടെക്നീഷ്യൻമാർ ഇപ്പോൾ ട്രയൽ റണ്ണിൻ്റെ ഭാഗമാണ്.

നിങ്ങൾ എത് തരത്തിലുള്ള ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണം റിപ്പയർ ചെയ്യുന്ന ടെക്നീഷ്യൻ ആണെങ്കിലും,

നിങ്ങൾക്ക് ആത്മാർത്ഥതയോടെ ഉപഭോക്താക്കളുടെ ഗൃഹോപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകാൻ ആത്മവിശ്വാസം ഉണ്ടെങ്കിലും  ഈ കൂട്ടായ്മയിൽ ഭാഗമായി ധാരാളം വർക്കുകൾ നേടാം.


സ്വന്തമായി കടകൾ വേണമെന്നില്ല, വീട്ടിൽ വച്ച് റിപ്പയർ ചെയ്യുന്നവർക്കും, കസ്റ്റമർമാരുടെ വീടുകളിൽ പോയി സർവ്വീസ്  ചെയ്തു കൊടുക്കുന്നവർക്കും
ഇതിൽ യോജിച്ച് പ്രവർത്തിക്കാം.

വർക്ക് പിടിക്കുന്നതിന് സുലേഖ ഡോട്ട് കോമിലും,
ജസ്റ്റ് ഡയലിലും എല്ലാം പരസ്യം ചെയ്യുന്നതിന് വർഷം പന്ത്രണ്ടായിരം രൂപയൊക്കെ ചിലവഴിക്കുക എന്നത് ചെറുകിട ടെക്നീഷ്യൻമാർക്കൊന്നും ആലോചിക്കാൻ പോലുമാവാത്ത സ്ഥിതിയിൽ ഈ ടെക്നീഷ്യൻമാരുടെ കൂട്ടായ്മയുടെ നിസ്വർത്ഥമായ  സേവനം വളരെ പ്രശംസനീയമാണ്.

ഫോണിലൂടെ ഇവരുടെ ഈ ആപ്ലിക്കേഷനിൽ കയറി നമുക്കാവശ്യമുള്ള ടെക്നീഷ്യൻ്റെ നമ്പരിൽ തൊട്ടാൽ അത് ഓട്ടോമാറ്റിക്കായി ഡയൽ ചെയ്യുന്നതും, അവരുടെ ഷോപ്പിൻ്റെ ലൊക്കേഷനും, വഴിയും  ഗൂഗിൾ മാപ്പിൽ കാണിക്കും എന്നതും വളരെ ആകർഷകമായി തോന്നി.


 ഏതൊരു ഇലക്ട്രോണിക്സ് ഉപകരണവും മിനിമം 5 വർഷമെങ്കിലും ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതിനവരെ സഹായിക്കാൻ ഇതിലൂടെ ടെക്നീഷ്യൻമാർക്ക് സാധിക്കും.

ഷോപ്പ് ഇല്ലാത്തവരും എന്നാൽ വാട്ടർ ലവൽ കൺട്രോളർ, LED ബൾബ്, ഇൻവെർട്ടർ,ആംപ്ലിഫയർ ബോർഡ് ,സോളാർ etc.... പോലുള്ള അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ ആപ്പിൽ പേര് പ്രദർശിപ്പിക്കാൻ അവസരം നൽകുമെന്ന്  ഈ കൂട്ടായ്മയുടെ ടെക്നിക്കൽ കോ ഓർഡിനേറ്ററും, സീനിയർ ടെക്നീഷ്യനുമായ  സാബു സാംസൺ പറഞ്ഞു.

 

താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തെ ബന്ധപ്പെടാം. ആപ്പിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചെല്ലുമ്പോൾ കടവന്ത്ര എന്ന സ്ഥലപ്പേരിനടിയിൽ അദ്ദേഹത്തിൻ്റെ നമ്പരുണ്ട്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഈ ലേഖനത്തോടൊപ്പമുള്ള QRകോഡ് സ്കാൻ ചെയ്തോ, ലിങ്കിൽ അമർത്തിയോ ആപ്പിൽ കയറാം.

 

ഒന്ന് കയറി നോക്കി ഈ   നവ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും, പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് അവർക്കൊരു പ്രചോദനമായിരിക്കും.

 ഇപ്പോൾ എറണാകുളത്താരംഭിച്ച ഈ സംരംഭത്തിൽ  അധികം വൈകാതെ കേരളത്തിൽ ഉടനീളമുള്ള മറ്റ് സർവ്വീസ്  ടെക്നീഷ്യൻമാരും ഭാഗമായിത്തീരും എന്ന് കരുതുന്നു.

 സർവ്വീസ് നെറ്റ് വർക്കിൽ കയറാൻ ഇവിടെ ക്ലിക്ക് ചെയ്താൽ മതി.

 


                                         അല്ലെങ്കിൽ ഈ QR സ്കാൻ ചെയ്യുക.


Tuesday, June 13, 2023

കെൽട്രോണും പീക്കേയും തമ്മിൽ

 കെൽട്രോണും പീക്കേയും തമ്മിൽ


 

2014 ൽ ആമിർ ഖാൻ നായകനായി രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ PK പുറത്തിറങ്ങി. അതിൻ്റെ പോസ്റ്റർ ഡിസൈൻ വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
ആമീർ ഖാൻ ഒരു ടേപ്പ് റിക്കോർഡർ കൊണ്ട് തൻ്റെ പ്രൈവറ്റ് പാർട്ടുകൾ മറച്ച നിലയിലുള്ള ആ പോസ്റ്റർ സദാചാരവാദികളുടെ എതിർപ്പിനും വൻ വിവാദങ്ങൾക്കും അന്ന് വഴിവച്ചിരുന്നു.
നാഷണൽ പാനാസോണിക്കിൻ്റെ 1970 മുതൽ 1984 വരെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ജനപ്രീയ മോഡൽ RQ 565 D എന്ന ടു ഇൻ വണ്ണായിരുന്നു ആ വിവാദ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.
RQ 565 D ഒരു 3 ബാൻഡ് റേഡിയോ ഉള്ള മോഡലായിരുന്നു. FM ഉണ്ടായിരുന്നില്ല. കാസറ്റ് ഡോറിൻ്റെ താഴെ ഒരു കൗണ്ടർ, ഡയലിൽ ഒരു അനലോഗ് Vu മീറ്റർ, ഹെവി ഡ്യൂട്ടി മെക്കാനിസം, എന്നിവ ഈ മോഡലിൻ്റെ പ്രത്യേകതകളായിരുന്നു.
ഈ PK യും നമ്മുടെ കെൽട്രോണും തമ്മിൽ എന്ത് ബന്ധം? ആ വിഷയത്തിലേക്ക് കടക്കാം.
കേരളത്തിൻ്റെ അഭിമാനമായിരുന്ന കെൽട്രോൺ 1980 മുതൽ റേഡിയോകൾ നിർമ്മിച്ചിരുന്നു എന്ന് നിങ്ങൾക്കറിയാം.
1984 ൽ കെൽട്രോൺ ഏതാനും മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ ?.
അങ്ങനെയും സംഭവിച്ചിട്ടുണ്ട്. 1984 കാലഘട്ടത്തിൽ കെൽട്രോൺ 3 മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നു. ഒപ്പം ബ്ലാങ്ക് കാസറ്റുകളും.
.
കെൽട്രോൺ പുറത്തിറക്കിയ TR 634 എന്ന മോഡൽ PK ഫിലിമിൽ ആമിർ ഖാൻ നാണം മറച്ച അതേ RQ 565 D തന്നെയായിരുന്നു.
പാനാസോണിക്കിൻ്റെ മോഡലുമായി കെൽട്രോൺ സെറ്റിനുള്ള വ്യത്യാസം അനലോഗ് Vu മീറ്റർ ഇല്ല എന്നത് മാത്രമായിരുന്നു. പകരം ആ സ്ഥാനത്ത് രണ്ട് LED കൾ സ്ഥാപിച്ചിരുന്നു.
കെൽട്രോൺ 1983 ൽ ഏതാണ്ട് 500 ഓളം RQ 565 D യുടെ ക്യാബിനെറ്റ് വിത്ത് മെക്കാനിസം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് കെൽട്രോണിൻ്റെ തിരുവനന്തപുരം പ്ലാൻ്റിൽ അസംബിൾ ചെയ്തിരുന്നു.
PCB, സ്പീക്കർ, പവർ ട്രാൻസ്ഫോർമർ എന്നിവ കെൽട്രോണിൻ്റെ തന്നെ. വളരെ നല്ല ഗുണമേൻമ ഉണ്ടായിരുന്ന ഈ മോഡൽ ടേപ്പ് റിക്കോർഡറുകൾ ചൂടപ്പം പോലെ വിപണിയിൽ വിറ്റ് പോയി.
ഈ സെറ്റിൻ്റെ PCB യിൽ ഉൾക്കൊള്ളിച്ച ഭാരത് ഇലക്ട്രോണിക്സ് നിർമ്മിച്ചിരുന്ന ഹീറ്റ് സിങ്ക് ഇല്ലാത്ത BEL 1895 എന്ന ഐസി ഉപയോഗിച്ചുള്ള 1 വാട്ട് ക്ലാസ് AB ആംപ്ലിഫയർ അന്നത്തെ കാലത്ത് വലിയ പുതുമയായിരുന്നു.
ട്രാൻസിസ്റ്റർ ഉപയോഗിച്ച് അര വാട്ട് ശബ്ദം ഉണ്ടാക്കുമ്പോൾ തന്നെ നല്ല ഹീറ്റ് സിങ്ക് വേണ്ടിയിരുന്ന കാലത്താണ് ,ഹീറ്റ് സിങ്കില്ലാതെ വൺവാട്ട്.
കുറഞ്ഞ ബാറ്ററി ചിലവിൽ ക്ലീൻ സൗണ്ടായിരിന്നു ഈ ഐസിയുടെ പ്രത്യേകത.
1983 ൽ കേരളത്തിൽ എല്ലായിടവും വൈദ്യുതി എത്തിയിട്ടില്ല എന്നതിനാൽ ബാറ്ററി ഇട്ടാലും ദീർഘനേരം പ്രവർത്തിക്കുമെന്ന ഗുണം വിൽപ്പനയെ വളരെ സഹായിച്ചു.
ഫിലിപ്സിൻ്റെ PV C ഗാങ്ങ് കപ്പാസിറ്ററും കെൽട്രോണിനായി ജവഹർ കമ്പനി നിർമ്മിച്ച lFTകളും കോയിലുകളും മികച്ച റേഡിയോ റിസപ്ഷൻ കിട്ടാൻ സഹായകമായിരുന്നു.
3 സ്റ്റേജ് സിലിക്കോൺ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള ഹെഡ് പ്രീ ആംപ്ലിഫയർ കാസറ്റ് പ്ലയറിന് നല്ല ശബ്ദ ഗുണം നൽകി.
500 എണ്ണം അസംബിൾ ചെയ്ത് വിപണിയിലെത്തിച്ചപ്പോൾ തന്നെ അറിയപ്പെടാത്ത കാരണങ്ങളാൽ കെൽട്രോണിൻ്റെ ടേപ്പ് റിക്കോർഡർ അസംബ്ലിങ്ങ്‌ യൂണിറ്റിന് താഴ് വീണു.
ഒരു സ്റ്റീരിയോ മോഡലും, TR 634 എന്ന ചിത്രത്തിൽ കാണുന്ന മോഡലും, ഒരു കിടത്തിയിടുന്ന ബെഡ് ടൈപ്പ് മോഡലിലും കെൽട്രോൺ ടേപ്പ് റിക്കോർഡറുകൾ പരിമിത എണ്ണം അക്കാലത്ത് പുറത്തിറക്കിയതായി കേട്ട് കേൾവിയുണ്ട്.
മറ്റ് കെൽട്രോൺ ടേപ്പ് റിക്കോർഡർ മോഡലുകൾ ആരുടെയെങ്കിലും കൈവശം ഉള്ള പക്ഷം അതിൻ്റെ ചിത്രം കമൻ്റായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
TR 634 എന്ന 2 IN ONE മോഡൽ മാത്രമേ എൻ്റെ ദീർഘകാല അന്വോഷണത്തിനൊടുവിൽ കണ്ട് കിട്ടിയുള്ളൂ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്കാരനായ സനീഷ് മംഗലശേരിയുടെ കൈവശമാണ് അവനുള്ളത്. വളരെ അപൂർവ്വമായതിനാൽ വിൻ്റേജ് കളക്റ്റർമാർക്കിടയിൽ വൻ പ്രീയമാണിവന്.
അക്കാലത്ത് കെൽട്രോൺ പുറത്തിറക്കിയ കാസറ്റുകളും നല്ല ഗുണമേൻമ ഉള്ളവയായിരുന്നു. വളരെ അപൂർവ്വമായ അവ ചില കാസറ്റ് ശേഖരണക്കാരുടെ കൈവശമുണ്ട്. ചിത്രത്തിൽ കാസറ്റുകളും കാണാം.
ഈ മോഡലിൽ പെട്ട കുറേയെണ്ണം ഏതോ പദ്ധതി പ്രകാരം സർക്കാർ സ്കൂളുകളിലേക്ക് നൽകിയിരുന്നു. സർക്കാർ സ്കൂളുകളുടെ പഴയ അലമാരികളുടെ മുകളിൽ എവിടെയെങ്കിലും ഈ നിധി ഇപ്പോഴും പൊടിപിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ടാകണം. എഴുതിയത് അജിത് കളമശേരി.01.07.2022. #Ajith_Kalamassery, #keltron,

കെൽട്രോൺ റേഡിയോകൾ

 കെൽട്രോൺ റേഡിയോകൾ

 


പണ്ടൊക്കെ നാട്ടിലെ ഏതൊരു അക്രി കടയിൽ ചെന്നാലും അവിടെ നിന്നും ഇലക്ട്രോണിക്സിൻ്റെ അസ്ക്യത പിടിച്ച നമ്മക്ക് പറ്റിയ എന്തെങ്കിലുമൊക്കെ ഉരുപ്പടികൾ പോക്കറ്റിന് ഇണങ്ങിയ വിലയ്ക്ക് കിട്ടുമായിരുന്നു.
വീട്ടുകാർ വിറ്റൊഴിവാക്കുന്ന വീട്ടിൽ സ്ഥലം മുടക്കിയായി ഇരിക്കുന്ന പഴയ കാസറ്റ് ഇട്ട് പാടിക്കുന്ന ടേപ്പ് റിക്കോർഡറുകൾ, അനുബന്ധമായി ചാക്കിൽ കെട്ടിയ കാസറ്റുകൾ, പത്തായം പോലുള്ള TVകൾ, കാറിൽ വച്ചിരുന്ന കുഞ്ഞൻ TVകൾ, FM റേഡിയോകളുടെ കുത്തൊഴുക്കിൽ ശബ്ദം നഷ്ടപ്പെട്ട പഴയ ഫിലിപ്സ്, മർഫി, ബുഷ്, നെൽകോ, കെൽട്രോൺ റേഡിയോകൾ… നിരാഹാര സമരപ്പന്തലിൽ പുട്ടും, ഏത്തപ്പഴവും എത്തിക്കാൻ ഉപയോഗിച്ചിരുന്ന പഴയ എവറെഡി പിച്ചള ടോർച്ചുകൾ! അങ്ങനെ എന്തെല്ലാമായിരുന്നു പത്തോ - അമ്പതോ രൂപ കൊടുത്താൽ കിട്ടിയിരുന്നത്. അതൊക്കെയൊരു കാലം!
ഇന്നതല്ല സ്ഥിതി. നാട് മുഴുവൻ ഗ്ലോറിഫൈഡ് അക്രി പെറുക്കൽകാരായ വിൻ്റേജ് കളക്റ്റർമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വലിയ വലിയ ഉദ്യോഗസ്ഥരും, കോളേജ് പ്രൊഫസർമാരും പോലീസ് ഉദ്യോഗസ്ഥരും, അദ്ധ്യാപകരും, ബിസിനസുകാരുമൊക്കെയാണ് ഈ രംഗത്തേക്ക് കടന്ന് വന്ന് കാണുന്നതിലെല്ലാം ഒന്ന് കടിച്ച് നോക്കുന്ന അഴിച്ച് വിട്ട ആടിനെപ്പോലെ എല്ലാ അക്രിക്കടകളിലും കയറി മേഞ്ഞു കൊണ്ടിരിക്കുന്നത്.
പണിയില്ലാത്ത ദിവസങ്ങളിൽ വെള്ളമടി കമ്പനിക്ക് പോകാതെ വല്ലതുമൊക്കെ അഴിച്ച് പണിയുമ്പോൾ കിട്ടുന്ന; ഒരു പൈൻ്റടിച്ചാൽ കിട്ടുന്നതിലും അധികം ലഹരി സ്വയം ആസ്വദിക്കുന്ന ഇലക്ട്രോണിക്സ് പ്രാന്തൻമാരുടെ വയറ്റത്താണ് ഇവരെല്ലാം കൂടി അടിച്ചിരിക്കുന്നത്.
പത്തും മുപ്പതും ലക്ഷം വിലയുള്ള കാറുകളിൽ എത്തി അക്രിക്കടയിൽ നിന്നും ഒരു സാധനം വാങ്ങുന്നതിൻ്റെ ടെക്നോളജി ലേശം പോലും വശമില്ലാതെ കാണുന്ന പൊട്ടിയതും, പൊളിഞ്ഞുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം കടക്കാരൻ ചോദിക്കുന്ന വില കൊടുത്ത് വാങ്ങി കാറിൽ കയറ്റിക്കൊണ്ട് പോകുന്ന ഇത്തരം ഗ്ലോറി ഫൈഡ് അക്രി പെറുക്കുകാരുടെ ബാഹുല്യം നിമിത്തം നമ്മളെപ്പോലുള്ള 100 രൂപ വില പറഞ്ഞാൽ അത് പേശി, പേശി 50 രൂപയാക്കുന്ന ഏഴാം കൂലികളെ സ്ക്രാപ്പ് കച്ചവടം ചെയ്യുന്നവർ തീരെ മൈൻഡ് ചെയ്യാതായി.
ഇത്തരക്കാർ മൂലം ശരിയായ ഇലക്ട്രോണിക്സ് പുരാവസ്തുക്കൾ ശേഖരിക്കുന്നവരും പല വിധ ബുദ്ധിമുട്ടുകൾക്ക് ഇരയായി മാറിയിരിക്കുകയാണ്. കൈവശമുള്ള ഒരു പഴയ മോഡൽ സെറ്റ് നന്നാക്കി വീണ്ടും പഴയ കണ്ടീഷനാക്കണമെങ്കിൽ അതേ മോഡൽ സെറ്റ് രണ്ടെണ്ണമെങ്കിലും വീണ്ടും തപ്പിക്കണ്ട് പിടിച്ചാലേ സ്പെയർ പാർട്സുകൾ ഊരിയെടുക്കാൻ പറ്റൂ! ഇപ്പോൾ അതിനുള്ള സാദ്ധ്യത തീരെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പഴയത് എന്ത് കണ്ടാലും അതിൻ്റെ വിപണി വിലയോ, പുരാവസ്തു മൂല്യമോ അറിയാത്ത പുതു തലമുറ അക്രി പെറുക്കുകാർ കൊള്ള വില കൊടുത്ത് അത് കൊത്തിക്കൊണ്ട് പറക്കും.
ആമുഖമായി ഇത്രയും വലിച്ച് വാരി പറഞ്ഞത് നമ്മുടെ നാട്ടിലെ പുരാവസ്തു കളക്റ്റർമാരും വിദേശികൾ ചെയ്യുന്നതു പോലുള്ള കളക്ഷൻ ടെക്നിക്കുകളിലേക്ക് മാറണമെന്ന കാര്യം അവതരിപ്പിക്കാനാണ്.
തൻമൂലം അവരുടെ കളക്ഷൻ്റെ മൂല്യം വർദ്ധിക്കുകയും, അത്യാവശ്യ ഘട്ടങ്ങളിൽ അവ വിറ്റഴിക്കേണ്ടി വന്നാൽ മുടക്കിയ പണത്തിനും, സമയത്തിനും തക്കതായ മൂല്യം ലഭിക്കുകയും ചെയ്യും.
ഇതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് തനിക്ക് ഏറ്റവും താൽപ്പര്യമുള്ള വിഷയം കണ്ടെത്തുക എന്നതാണ്. ഉദാഹരണത്തിന്: റെക്കാഡ് പ്ലയർ, ഇതിൽ തന്നെ കറണ്ട് വേണ്ടാത്തവയുണ്ട്, ഡയറക്റ്റ് ഡ്രൈവ് ഉണ്ട്‌, റെക്കാഡ്ചേഞ്ചർ ഉള്ളവയുണ്ട്, റേഡിയോയും ഒപ്പമുള്ളവ, എങ്ങും തൊടാതെ അന്തരീക്ഷത്തിൽ ഉയർന്ന് നിന്ന് കറങ്ങുന്ന മാഗ്‌നെറ്റിക് ലവിറ്റേഷൻ ടേൺ ടേബിൾ ഉള്ളവ…. ഇങ്ങനെ നൂറ് കണക്കിന് ഉപശാഖകൾ ഈ റെക്കാഡ് പ്ലയർ എന്ന ഒരു ശാഖയിൽ തന്നെയുണ്ട്.
ഇനി കാസറ്റ് പ്ലയർ എടുത്താൽ മോണോ, സ്റ്റീരിയോ, സിംഗിൾ കാസറ്റ്, ഡബിൾ കാസറ്റ്, ട്രിപ്പിൾ കാസറ്റ്, ഡക്കുകൾ, റാക്കുകൾ, ബൂം ബോക്സ്, വാക്ക്മാൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഡലുകൾ …
കയ്യിൽ കിട്ടുന്നതെല്ലാം ശേഖരിക്കാൻ പോയാൽ എവിടെയുമെത്തില്ല, നമ്മുടെ ശേഖരത്തിന് നമ്മൾ മുടക്കുന്ന പണത്തിനും സമയത്തിനും തുല്യമായ മൂല്യം പോലും കിട്ടില്ല. നമ്മുടെ കാലം കഴിഞ്ഞാൽ ഏതെങ്കിലും അക്രിക്കടയിൽ ഇവയെല്ലാം വിലയം പ്രാപിക്കുകയും ചെയ്യും. അതിനാൽ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങൾ മാത്രമായി ശേഖരണം ചുരുക്കാൻ കടുത്ത തീരുമാനം എടുക്കുക.
കാസ്റ്റുകൾ ശേഖരണമാണ് നമ്മുടെ ഇഷ്ട വിഷയമെങ്കിൽ തരംഗിണി, റാഫ, തോംസൺ, ജോണി സാഗരിക, HMV, മാഗ്നസൗണ്ട്, സത്യം തുടങ്ങി നൂറ് കണക്കിന് കമ്പനികൾ കാസറ്റുകൾ ഇറക്കിയിട്ടുണ്ട്. അവയിൽ ഒരു കമ്പനി തിരഞ്ഞെടുത്ത് അതിൽ സ്പെഷ്യലൈസ് ചെയ്യുക.
തരംഗിണിയാണ് നമ്മൾ തിരഞ്ഞെടുക്കുന്നതെങ്കിൽ കൈവശമുള്ള മറ്റ് കമ്പനി കാസറ്റുകൾ വേറേ ശേഖരണക്കാരുമായി പങ്ക് വച്ച് നമ്മുടെ കയ്യിലുള്ള തരംഗിണി കാസറ്റുകളുടെ ശേഖരം വർദ്ധിപ്പി തുക. ഓരോ കാസറ്റിനെപ്പറ്റിയും കഴിയാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് ഒപ്പം ഡോക്കുമെൻ്റ് ചെയ്യുക.
ഇനി ടേപ്പ് റിക്കേർഡറുകളാണ് നമ്മുടെ ശേഖരണമെങ്കിൽ ഒരു കമ്പനിയിൽ മാത്രമായി ഫോക്കസ് ചെയ്യുക .അത് തന്നെ നമ്മൾ വിചാരിക്കുന്നതിലും വലിയ ടാസ്ക്കാണ്. ഉദാഹരണത്തിന് വാക്ക് മാനാണ് നമ്മൾ ശേഖരിക്കാൻ ഫോക്കസ് ചെയ്യുന്നതെങ്കിൽ 100 കണക്കിന് കമ്പനികൾ വാക്ക്മാൻ വിപണിയിലെത്തിച്ചിട്ടുണ്ട്.
ഇതിൽ വാക്ക് മാൻ കണ്ട് പിടിച്ച് വിപണിയിലെത്തിച്ച സോണി കമ്പനി തന്നെ 650 ൽ അധികം മോഡൽ വാക്ക് മാനുകൾ പുറത്തിറക്കിയിട്ടുണ്ട്. നമ്മുടെ കൈവശമുള്ള മറ്റ് സെറ്റുകൾ വിറ്റൊഴിവാക്കി വാക്ക് മാൻ ശേഖരണത്തിലേക്ക് മാറിയാൽ തന്നെ അത് വളരെ മൂല്യമേറിയ ഒരു കളക്ഷനായിരിക്കും.
കേരളത്തിലുള്ള ആരെങ്കിലും തീർച്ചയായും ചെയ്യേണ്ട ഒരു കളക്ഷനാണ് കെൽട്രോൺ TVകൾ കൂടാതെ റേഡിയോകളുടെയും ടേപ്പ് റിക്കോർഡറുകളുടെയും കളക്ഷൻ.. ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിൽ പുറത്തിറങ്ങിയ റേഡിയോകളാണ് കെൽട്രോൺ.കെൽട്രോണിൻ്റെ ആംപ്ലിഫയറുകളും 16mm സിനിമാ പ്രൊജക്റ്ററുകളുമെല്ലാം ഗുണമേൻമയിൽ വളരെ മികച്ചതായിരുന്നു.
കെൽട്രോൺ സ്റ്റീരിയോ ഉൾപ്പടെ പല മോഡൽ കാസറ്റ് പ്ലേയറുകളും പുറത്തിറക്കിയിട്ടുണ്ട്.ഇവ വളരെ അപൂർവ്വമാണ്. കെൽട്രോൺ ഉൽപ്പന്നണളുടെ ശേഖരണം കേരളത്തിലെ പുതു തലമുറയ്ക്ക് അവ പരിചയപ്പെടാനുള്ള വഴിയും തുറക്കും.
അധികം വലിച്ച് നീട്ടുന്നില്ല ആയതിനാൽ പ്രീയ ഇലക്ട്രോണിക്സ് വിൻ്റേജ് ശേഖരണക്കാരെ… നിങ്ങൾ ഏതെങ്കിലുമൊരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ ശേഖരണത്തിൻ്റെ മൂല്യം വർദ്ധിപ്പിക്കുക.. കണ്ട കാടും പടലുമൊക്കെ വാങ്ങി വീട് നിറച്ചാൽ വീട്ടുകാർ നിങ്ങളെ ചവിട്ടിപ്പുറത്താക്കുന്ന ദിനം അത്ര വിദൂരത്തിലല്ല. എഴുതിയത് അജിത് കളമശേരി.29.07.2022.#Ajith_kalamassery, #Vintage, #keltron