സീനിയർ_ടെക്നീഷ്യൻസ്,
കാളികാവ് അച്ചുതവാര്യർ
ഫേസ്ബുക്ക്, വാട്സ് ആപ്പ്
പോലുള്ള
നവ മാദ്ധ്യമങ്ങളിൽ അംഗങ്ങളായിട്ടുള്ള സാങ്കേതിക തൽപ്പരർക്ക് വളരെ
പരിചയമുള്ള പേരാണ് ശ്രീ കാളികാവ് അച്ചുതവാര്യർ സർ. എന്നാൽ എല്ലാ
ഗ്രൂപ്പുകളിലും എല്ലാവരും അംഗങ്ങൾ അല്ലാത്തത് കൊണ്ട് മലയാളികളായ ഭൂരിഭാഗം
ടെക്നീഷ്യൻമാർക്കും ഇദ്ദേഹത്തെ അത്ര പരിചയം പോര.
ഇന്ന് കേരളത്തിൽ
ജീവിച്ചിരിക്കുന്ന ഓഡിയോ ഇലക്ട്രോണിക്സ് മേഖലയിൽ സർവ്വീസിങ്ങും, ഒപ്പം
ഗവേഷണങ്ങളും നടത്തുന്ന സീനിയർ ടെക്നീഷ്യൻമാരിൽ എത്രയും പ്രധാനപ്പെട്ട
ഒരാളാണ് ശ്രീ അച്ചുത വാര്യർ സർ.
തന്നേക്കാളും വളരെ പ്രായം കുറഞ്ഞവരേയും സമഭാവനയോടെ കണ്ട് അവരുടെ സംശയങ്ങൾ തീർക്കാൽ ഈ എഴുപതാം വയസിലും ഊർജ്ജസ്വലതയോടെ രംഗത്തുണ്ട്.
വാക്വം
ട്യൂബ് കാലഘട്ടത്തിൽ ഇലക്ട്രോണിക്സ് മേഘലയിൽ എത്തപ്പെട്ട ശ്രീ വാര്യർ സർ
തുടർന്ന് വന്ന ട്രാൻസിസ്റ്റർ യുഗത്തിലും, ശേഷം വന്ന മോസ് ഫെറ്റ്
,ഇൻ്റഗ്രേറ്റഡ് ചിപ്പുകളുടെ കാലഘട്ടത്തിലും, ഇപ്പോൾ നാം കടന്ന് പോകുന്ന
ക്ലാസ്സ് D ആമ്പുകളുടെ ശ്രേണികളിലും, ക്ലാസ് H എന്ന അതിൻ്റെ
മറ്റൊരവാന്തരവിഭാഗത്തിലും ശ്രദ്ധേയമായ പഠന നിരീക്ഷണങ്ങൾ
നടത്തിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ പവർ ട്രാൻസ്ഫോർമർ, ഓഡിയോ ഔട്ട്പുട്ട്
ട്രാൻസ്ഫോർമർ കാൽകുലേഷൻ, അവയുടെ നിർമ്മാണം ഉപയോഗിക്കേണ്ട കോറുകൾ
എന്നിവയിലും ഉപദേശങ്ങൾ നൽകുവാൻ തക്ക അറിവും അദ്ദേഹം സ്വയം
ആർജ്ജിച്ചിട്ടുണ്ട്. തൻ്റെ ബാല്യകാലത്ത് ഇലക്ട്രോണിക്സ് സംബന്ധിയായ അറിവുകൾ
നേടാൻ അലഞ്ഞ് നടന്നപ്പോൾ ഉണ്ടായ തിക്താനുഭവങ്ങൾ ഇപ്പോഴത്തെ തലമുറയ്ക്ക്
ഉണ്ടാകരുതെന്ന് കരുതി തനിക്കറിയാവുന്ന എന്തും അദ്ദേഹം നമുക്കായി സമയ
കാലഭേദമന്യേ പങ്ക് വയ്ക്കാൻ മടിയില്ലാത്ത വ്യക്തിയാണ്.
27.11.1951
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള ഐരാപുരം എന്ന സ്ഥലത്ത്
,സ്വർഗ്ഗീയ ഐരാപുരത്ത് വാര്യത്ത് ശ്രീ കുഞ്ഞിക്കുട്ടൻ അച്ചുതവാര്യരുടെയും,
പാനായിക്കുളത്ത് വാര്യത്ത് ശ്രീമതി ശ്രീദേവി വാര്യസ്യാരുടെയും മകനായി
ജനിച്ചു.
സ്കൂൾ വിദ്യാഭ്യാസം NSS LP സ്കൂൾ ഐരാപുരം, NSS ഹൈസ്കൂൾ
വളയംചിറങ്ങര എന്നിവിടങ്ങളിൽ പൂർത്തിയാക്കി ഐരാപുരം ശ്രീ ശങ്കര
വിദ്യാപീഠത്തിൽ കോളേജ് പഠനം നടത്തി, അദ്ധ്യാപന കലയോട് ഒരു പ്രത്യേക ഇഷ്ടം
തോന്നിയതിനാൽ തുടർന്ന് ഗവ:ബേസിക് ട്രെയിനിങ്ങ് സ്കൂൾ കുറുപ്പംപടിയിൽ
ചേർന്നു.തുടർന്ന് പരിശീലനത്തിനായി എറണാകുളത്തിനടുത്തുള്ള മരട് ബേസിക്
ട്രെയിനിങ്ങ് സ്കൂളിൽ എത്തി. പഠനശേഷം താമസംവിനാ മലബാറിലെ
കൊണ്ടോട്ടിക്കടുത്തുള്ള ഒളവട്ടൂരിലെ മങ്ങാട്ട് മുറി സ്കൂളിൽ അദ്ധ്യാപകനായി
ജോലിയിൽ പ്രവേശിച്ചു. തുടർന്ന് പല സ്കൂളുകളിൽ മാറി മാറി ജോലി ചെയ്ത് 2007
മാർച്ച് 30ന് ഹെഡ്മാസ്റ്റർ പദവിയിൽ ഇരിക്കേ റിട്ടയർ ചെയ്തു.
വാര്യർ
സാറിന് ഓർമ്മ വച്ച നാൾ മുതൽ വീട്ടിൽ റേഡിയോ ഉണ്ടായിരുന്നു.GE യുടെ ഒരു
AC/DC വാൽവ് റേഡിയോ ! വീട്ടിൽ ആരെയും അത് തൊടാൻ പിതാവ്
സമ്മതിച്ചിരുന്നില്ല. പ്രത്യേകിച്ച് സാങ്കേതിക വിഷയങ്ങളിൽ തൽപ്പരനായ വാര്യർ
സാറിനെ.
കണ്ണ് തെറ്റിയാൽ ഓമന പുത്രൻ റേഡിയോ അഴിച്ച് പണിഞ്ഞ് നശിപ്പിക്കുമെന്ന് ദീർഘവീക്ഷണമുള്ള പിതാവിന് മനസിലായിരുന്നു.
ഇതോടെ
വാശി കയറിയ വാര്യർ സർ കഴിയാവുന്നത്ര അറിവുകൾ റേഡിയോയേ കുറിച്ച്
സമ്പാദിക്കാൻ ശ്രമിച്ച് തുടങ്ങി. സമീപ പ്രദേശങ്ങളിലെ റേഡിയോ റിപ്പയർ
ഷോപ്പുകളിലെ ഒരു നിത്യ ശല്യമായി വാര്യർ സർ മാറി.
പണ്ടത്തെ കാലത്ത് റേഡിയോ റിപ്പയറിങ്ങ് തൊഴിൽ ചെയ്യുന്നവർക്ക് ഇന്ന് ഡോക്ടർമാർക്ക് കിട്ടുന്നത് പോലെ ബഹുമാനം കിട്ടിയിരുന്നു.
അതിനൊത്ത
തലക്കനവും അവരുടെ കൂടെപ്പിറപ്പായിരുന്നു. ഒരു റേഡിയോ പണി ക്കെടുത്താൽ
അതെന്താ? ഇതെന്താ എന്ന് ചോദിച്ച് നിത്യ ശല്യമായ അന്ന് എട്ടാം ക്ലാസിൽ
പഠിക്കുന്ന ബാലകനായ വാര്യർ സാറിനെ ഈ റിപ്പയർകാരെല്ലാം ആട്ടിയോടിച്ചു.
മലയാളത്തിൽ
ഇലക്ട്രോണിക്സ് പുസ്തകങ്ങൾ ഒന്നും ഇറങ്ങാതിരുന്ന 1965 കളിൽ അറിവ് തേടി
നടന്ന വാര്യർ സാറിന് നിരാശയായിരുന്നു ഫലം. പിന്നീട് അദ്ധ്യാപക
പരിശീലനത്തിനായി എറണാകുളത്തിനടുത്തുള്ള മരട്ടിലെ ബേസിക് ട്രെയിനിങ്ങ്
സ്കൂളിൽ എത്തിയപ്പോഴാണ് അതിനവസരം ലഭിച്ചത്.
ക്ലാസ് കഴിഞ്ഞാൽ ഉടൻ
എറണാകുളത്തിന് വണ്ടി കയറും അവിടെ അന്ന് റേഡിയോ ഫോൺസ് എന്ന വലിയ ഒരു
സർവ്വീസ് സെൻ്റർ ഉണ്ടായിരുന്നു.അഹൂജ, മർഫി തുടങ്ങിയ കമ്പനികളുടെ സെയിൽസ്
& സർവ്വീസ് ചെയ്തിരുന്ന സ്ഥാനം. അവിടുത്തെ സീനിയർ മെക്കാനിക്കായ
മിലിട്ടറി എഞ്ചിനീയറിങ്ങിൽ നിന്ന് റിട്ടയറായ രാമചന്ദ്രൻ പിള്ള സാറിനെ
പരിചയമായതോടെയാണ് റേഡിയോ റിപ്പയറിങ്ങിൻ്റെ യാർത്ഥവശം വാര്യർ സർ മനസിലാക്കി
തുടങ്ങിയത്. നല്ലൊരു മനുഷ്യനായ അദ്ദേഹം ജിജ്ഞാസാ പടുവായ വാര്യർ സാറിനെ
മടുപ്പില്ലാതെ ലളിതമായി കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് മനസിലാക്കി.കൂടാതെ
കോയമ്പത്തൂരിലെ മോഹൻ റേഡിയോ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരു മിസ്റ്റർ
ജാനകീ രാമൻ റേഡിയോ സംബന്ധിയായി ഒരു പുസ്തകം ഇറക്കിയിട്ടുണ്ടെന്ന് പറയുകയും
അത് തപാലിൽ വരുത്തിക്കൊടുക്കുകയും ചെയ്തു.
നിങ്ങൾക്കും സ്വന്തമായി ഒരു
ട്രാൻസിസ്റ്റർ റേഡിയോ നിർമ്മിക്കാം എന്ന ആ പുസ്തകത്തിൽ നിന്ന് റേഡിയോയുടെ
എല്ലാ പാർട്സുകളും അവയുടെ ഉപയോഗവും മനസിലായി.. തുടർന്ന് ഐരാപുരത്ത്
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് പഠനത്തിന് ചേർന്ന ആത്മസുഹൃത്തായ സുകുമാരൻ
നായർ തൻ്റെ പഴയ സെമസ്റ്റർ പുസ്തകങ്ങൾ വാര്യർ സാറിന് നൽകി തുടങ്ങി.
ഈ
പുസ്തകങ്ങളിലെ ഗഹനമായ തിയറിയും, ഇലക്ട്രോണിക് സർക്യൂട്ടുകളുടെ
പ്രവർത്തനങ്ങൾ വിവരിക്കുന്നതും മനസിലാക്കാൻ ആദ്യമാദ്യം ബുദ്ധിമുട്ട്
നേരിട്ടെങ്കിലും
പതിയെ ഇംഗ്ലീഷ് ഭാഷ കരതലാമലകമായതോടെ ഇവയെല്ലാം മനസിൽ
കയറിത്തുടങ്ങി.1972 ൽ അദ്ധ്യാപകനായതോടെ സ്വന്തമായി ഒരു വരുമാന മാർഗ്ഗം
തെളിഞ്ഞതോടെ കൂടുതൽ പുസ്തകങ്ങൾ വരുത്തി പഠനം തുടർന്നു.
കൂടാതെ സ്വന്തം നാട്ടുകാരനായ വാക്വം ട്യൂബുകളിൽ അവസാന വാക്കായ ശ്രീ മാത്യു സാറിനെ പരിചയപ്പെടാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി.
സ്കൂൾ
അവധിക്ക് നാട്ടിൽ പോകുമ്പോൾ പാമ്പാക്കുടയിലെ മാത്യു സാറിൻ്റെ വീട്ടിലെ
നിത്യ സന്ദർശകനായി. USA ,ജർമ്മനി, ഓസ്ട്രേലിയ എന്നിങ്ങനെയുള്ള വിദേശ
രാജ്യങ്ങളിലേക്ക് തൻ്റെ സ്വന്തം ബ്രാൻഡിൽ വാൽവ് ആമ്പുകൾ നിർമ്മിച്ച്
കയറ്റുമതി ചെയ്തിരുന്ന ആരെയും അങ്ങനെ അടുപ്പിക്കാത്ത മാത്യു സാർ ,വാര്യർ
സാറിനെ കൂടെ കൂട്ടി. തനിക്ക് ഇഷ്ടമില്ലാത്തത് ചെയ്താൽനല്ല വഴക്കുകൾ
പറയുമെങ്കിലും സംശയങ്ങൾ എല്ലാം തീർത്ത് കൊടുക്കും
ഒളവട്ടൂരിലെ താമസത്തിൽ
പരിസരവാസിയായ KC എന്ന് അറിയപ്പെടുന്ന ബിച്ചാപ്പുവിനെ പരിചയമായി .അദ്ധേഹം
മാവൂർ ടൗണിൽ റേഡിയോ റിപ്പയർ ഷോപ്പ് നടത്തുകയാണെന്നറിഞ്ഞ് അങ്ങോട്ട്
ഇടിച്ച് കയറി പരിചയപ്പെടുകയാണുണ്ടായത്.
വാൽവ് ,ട്രാൻസിസ്റ്റർ റേഡിയോ
റിപ്പയറിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് പാസായ അപൂർവ്വം ചിലരിൽ ഒരാളായ
ബിച്ചാപ്പു വാര്യർ സാറിനെ ഒരനിയനെ പോലെ പരിഗണിക്കുകയും സ്കൂൾ അവധി
ദിവസങ്ങളിൽ തൻ്റെ കടയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ നിന്നും
ഇക്ട്രോണിക്സ് റിപ്പയറിങ്ങിൽ കൈ തെളിഞ്ഞ വാര്യർ സർ പതിയെ സ്വന്തമായി
റിപ്പയറിങ്ങ് ആരംഭിച്ചു.
ഒരു അദ്ധ്യാപകൻ്റെ അന്നത്തെ പരിമിതമായ 245 രൂപ
ശമ്പളത്തിൽ കഴിഞ്ഞിരുന്ന വാര്യർ സാറിന് മറ്റൊരു ജീവിതോപാധി കൂടിയായി അത്.
ഒപ്പം തന്നെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്
മേഖലയിൽ ജോലി ചെയ്തിരുന്ന PT ഉണ്ണികൃഷ്ണൻ നായർ എന്ന മിലിട്ടറി
എഞ്ചിനീയറുമായി സൗഹൃദം നേടാനായതും മരൊരു ലഹരിയും ഇല്ലാത്ത ഇലക്ട്രോണിക്സ്
മാത്രം ലഹരിയായ ഇവർ രാത്രി വൈകുവോളം സാങ്കേതിക കാര്യങ്ങൾ ചർച്ച
ചെയ്തിരുന്നത് ലോകത്ത് നടക്കുന്ന പുതിയ സാങ്കേതിക മാറ്റങ്ങൾ അറിയാൻ
സഹായകരവുമായി.
2007 മാർച്ച് മാസത്തിൽ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്ത
ശ്രീ വാര്യർ സർ ഈ കഴിഞ്ഞ നവംബർ മാസത്തിൽ തൻ്റെ സപ്തതി ആഘോഷിച്ചു. (
എഴുപതാം പിറന്നാൾ)
റിട്ടയറായ അദ്ദേഹം കാളികാവിൽ രഞ്ജിനി ഇലക്ട്രോണിക്സ്
എന്ന സർവ്വീസ് സ്ഥാപനം ആരംഭിക്കുകയും ഇവിടെ പ്രൊഫഷണൽ ഓഡിയോ
ഉപകരണങ്ങളുടെയും, PA സിസ്റ്റങ്ങളുടെയും സർവ്വീസ് & മെയിൻ്റനൻസ് സപര്യ ഈ
എഴുപതാം വയസിലും അനിർഗളം തുടർന്ന് വരുകയുമാണ്.
ധാരാളം ശിഷ്യഗണങ്ങളുള്ള അദ്ദേഹത്തിൻ്റെ പ്രഥമ ശിഷ്യനായ ശ്രീ അച്ചു സർവ്വീസ് കാര്യങ്ങളിൽ ഇപ്പോഴും അദ്ദേഹത്തിന് തുണയായി എത്താറുണ്ട്.
ലോകപ്രശസ്തരായ
ഓഡിയോ ഗവേഷകരായ നെൽസൺ പാസ്, റോഡ് എല്ലിയട്ട്, വേദ മിത്ര ശർമ്മ പോലുള്ള
പലരുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീ വാര്യർ സർ ഇന്ന് കേരളത്തിൽ
ജീവിച്ചിരിക്കുന്ന ഓഡിയോ വിജ്ഞാനികളിൽ പ്രഥമസ്ഥാനം അർഹിക്കുന്നവരിൽ
ഒരാളാണ്.
കേരളത്തിലെ ഏറ്റവും ആദ്യത്തെയും, ആധികാരികവുമായ ഓഡിയോ റിസർച്ച്
ടെക്നീഷ്യൻമാർ അംഗങ്ങളായ ഓഡിയോ സിസ്റ്റം കേരള ഗ്രൂപ്പ് 2020 ഫെബ്രുവരി 9ന്
എറണാകുളത്ത് വച്ച് നടത്തിയ മീറ്റപ്പിൽ പൊന്നാടയും ഫലകവും നൽകി ഇദ്ദേഹത്തെ
ആദരിക്കുകയുണ്ടായി.
ഈ വരുന്ന 2022 ജൂൺ മാസം ആലുവയിൽ വച്ച് നടക്കുന്ന രണ്ടാമത് മീറ്റപ്പിലും അദ്ദേഹത്തിൻ്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
നിങ്ങളുടെ
ഏതൊരു വാക്വം ട്യൂബ് മുതൽ, മോസ്ഫെറ്റ്, ട്രാൻസിസ്റ്റർ,ഓഡിയോ & പവർ
ട്രാൻസ്ഫോർമർ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നതാണ്
ശ്രീ അച്ചുതവാര്യർ സർ നമ്മുടെ സംശയങ്ങൾക്ക് മറുപടികൾ നൽകാനായി ആയുരാരോഗ്യത്തോടെ ദീർഘനാൾ ഇനിയും തുടരട്ടെ എന്ന് ആശംസിക്കുന്നു.
വാര്യർ സാറിൻ്റെ ഫോൺ നമ്പർ
No comments:
Post a Comment