ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ -4
റോഡ് എല്ലിയട്ട്.
ഓഡിയോ ഇലക്ട്രോണിക്സ് ഡിസൈൻ രംഗത്ത് നെൽസൺപാസ്, ജീൻഹിരാഗ, മൈൽ സ്ലാവ്കോവിക് എന്നിവർക്കൊപ്പം ഇന്ന് ജീവിച്ചിരിക്കുന്ന പ്രതിഭകളിൽ എണ്ണം പറഞ്ഞ ഒരാളാണ് റോഡ് എലിയട്ട്.
ഓഡിയോ ഡിസൈൻ രംഗത്തെ പ്രാമാണികരെപ്പറ്റി എഴുതാനാരംഭിച്ചപ്പോൾ എന്തേ റോഡ് ഏലിയട്ടിനെപ്പറ്റി ആദ്യം എഴുതിയില്ല എന്ന് ധാരാളം സുഹൃത്തുക്കൾ പരിഭവം അറിയിച്ചിരുന്നു. പിണക്കം വേണ്ട ഇതാ ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അദ്ദേഹത്തെക്കുറിച്ചുള്ള ചെറു വിവരണം ...
1950ൽ ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഇടത്തരം കുടുംബമായ എലിയട്ട് ഫാമിലിയിലാണ് റോഡിൻ്റെ ജനനം.
ഹൈസ്കൂൾ വിദ്യാഭ്യാസ സമയത്ത് തന്നെ റോഡിന് കുത്തിത്തിരുപ്പ് പരിപാടികളിൽ വലിയ കമ്പമായിരുന്നു.
റേഡിയോകളുടെ l.F.T എന്ന ഇൻ്റർമീഡിയറ്റ് ഫ്രീക്വൻസി ട്രാൻസ്ഫോർമർ ഒരു വട്ടമെങ്കിലും കുടക്കമ്പി സ്ക്രൂ ഡ്രൈവറാക്കി തിരിച്ച് നോക്കുന്നതാണ് റേഡിയോ എഞ്ചിനീയറിങ്ങിലേക്കുള്ള പണ്ട് കാലത്തെ ആദ്യ ചവിട്ട് പടി.
ഇതിനെ കുത്തിത്തിരിപ്പെന്ന് വിളിച്ചാണ് പണ്ടത്തെ കാർന്നോമ്മാർ പുഛിച്ചിരുന്നത്!
അന്ന് വാൽവ് റേഡിയോകളുടെ സുവർണ്ണ കാലമായിരുന്നു. വീട്ടിലെയും, ബന്ധുവീടുകളിലെയും റേഡിയോകൾ റോഡിൻ്റെ കരപരിലാളനങ്ങളാൽ അകാല ചരമമടഞ്ഞതോടെ ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന് മനസിലാക്കിയ പിതാവ്, റോഡിനെ സിഡ്നിയിലെ TAFE എന്ന വൊക്കേഷണൽ തൊഴിൽ പരിശീലന സ്കൂളിൽ ചേർത്തു.
ടെക്നിക്കൽ ആൻഡ് ഫർതർ എജ്യൂക്കേഷൻ ( TAFE )എന്ന പേരിൽ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം സാങ്കേതിക താൽപ്പര്യമുള്ള കുട്ടികളെ എന്തെങ്കിലും കൈ തൊഴിലുകൾ പഠിപ്പിക്കാനായി ഓസ്ട്രേലിയൻ ഗവൺമെൻ്റ് നമ്മുടെ നാട്ടിലെ ITI പോലെ അവിടെ നടത്തുന്ന സ്ഥാപനങ്ങളാണ് ഇവ.
ഇലക്ട്രീഷ്യൻ കോഴ്സിലാണ് പിതാവ് ചേർത്തതെങ്കിലും ഒരു വർഷത്തോളം അവിടെ പഠിച്ച് കഴിഞ്ഞപ്പോൾ. തൊട്ടടുത്ത മുറിയിലെ റേഡിയോ മെക്കാനിക്ക് ക്ലാസിലേക്ക് റോഡ് തൻ്റെ ഇരുപ്പ് മാറ്റി.
റോഡിൻ്റെ താൽപ്പര്യം മനസിലാക്കിയ പ്രിൻസിപ്പാൾ അദ്ദേഹത്തിന് റേഡിയോ മെക്കാനിക്ക് കോഴ്സിലേക്ക് നിരുപാധികം മാറ്റം അനുവദിച്ച് കൊടുത്തു.
1966 മുതൽ 71 വരെ അവിടെ പഠിച്ച് കോഴ്സ് വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങിയ റോഡിന് സിഡ്നിയിലെ ഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള, നമ്മുടെ വാട്ടർ അതോറിട്ടിക്ക് സമാനമായ MWS & DB യിൽ ( മെട്രോപോളിറ്റൻ വാട്ടർ, സ്വീവേജ് & ഡ്രെയിനേജ് ബോർഡിൽ ) മെക്കാനിക്കായി ജോലി കിട്ടി.
ജോലി സ്ഥലത്തെ ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളിൽ താൻ സ്വയം കണ്ട് പിടിച്ച ഇലക്ട്രോണിക് സർക്യൂട്ടുകൾ ഉപയോഗിച്ച് ഓട്ടോമേഷൻ ചെയ്ത് പമ്പുകളുടെ ഓൺ ഓഫ് ,ഓവർ വോൾട്ടേജ്, ഓവർ ഹീറ്റ് ഷട്ട് ഡൗൺ പോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ ധാരാളം ഫ്രീ ടൈം കിട്ടിയ റോഡ്, അതെല്ലാം തൻ്റെ ഇലക്ട്രോണിക് സ്കില്ലുകൾ മൂർച്ച കൂട്ടാനുള്ള അവസരമാക്കി മാറ്റി.
ഇതോടൊപ്പം സംഗീതത്തിൽ താൽപ്പര്യമേറിയ റോഡ് ഗിത്താർ പഠിക്കാൻ ചേർന്നു.ഒപ്പം തൻ്റെ സംഗീത താൽപ്പര്യത്തിനിണങ്ങുന്ന വിധം ഒരു റിക്കോഡിങ്ങ് സ്റ്റുഡിയോയിൽ പാർട്ട് ടൈം ജോലിക്കാരനുമായി.
അൽപ്പകാലത്തിന് ശേഷം സർക്കാർ ജോലി ഉപേക്ഷിച്ച് ഒരു സുഹൃത്തുമായി ചേർന്ന് ഫ്ലൈ - ബൈ നൈറ്റ്സ് എന്ന പേരിൽ ഒരു റിക്കോഡിങ്ങ് സ്റ്റുഡിയോ തന്നെ സ്വന്തമായി ആരംഭിച്ചു.
അൽപ്പം പൊലിപ്പിച്ച് പറഞ്ഞതാണ് സാധാരണ കാസറ്റ് കട തന്നെ!. വിപണിയിൽ ചൂടപ്പമായ കാസറ്റുകൾ ആവശ്യക്കാർക്ക് പകർത്തി വിൽക്കുന്ന പരിപാടി . ഒപ്പം പരിമിതമായ എണ്ണത്തിൽ താൻ ഗിത്താറിസ്റ്റായ ലോക്കൽ മ്യൂസിക് ബാൻഡുകളുടെ കാസറ്റുകളും ഇറക്കും.
കാലം 1975 കളാണ്, ഓഡിയോ കാസറ്റുകളുടെ പുഷ്കര കാലം ആരംഭിച്ചു തുടങ്ങിയിരുന്നു.. ശബ്ദ ഗുണമുള്ള ആംപ്ലിഫയറുകൾ സാധാരണക്കാരന് അപ്രാപ്യമായ കാലം.. വില കുറഞ്ഞ് ലഭിക്കുന്നതിന് ക്വാളിറ്റിയുമില്ല ,റോഡ് കാസറ്റ് കടയ്ക്കൊപ്പം ചെറിയ രീതിയിൽ ആംപ്ലിഫയർ അസംബ്ലിങ്ങും ആരംഭിച്ചു.
ആദ്യകാലങ്ങളിൽ വിപണിയിൽ ലഭ്യമായ വിലകുറഞ്ഞ ആംപ്ലിഫയറുകൾ വാങ്ങി റീ ഡിസൈൻ ചെയ്ത് മികച്ചതാക്കി വിൽക്കുന്ന പരിപാടിയായിരുന്നു.
ഇത് ക്ലിക്കായി ആവശ്യക്കാർ കൂടിയതോടെ സ്വന്തം സർക്യൂട്ടുകൾ അസംബിൾ ചെയ്ത് വിൽപ്പനയാരംഭിച്ചു.
റോഡിൻ്റെ കഴിവുകൾ മനസിലാക്കിയ SAE എന്ന ഓസ്ട്രേലിയയിലെ മികച്ച സ്കൂൾ ഓഫ് ഓഡിയോ എഞ്ചിനീയറിങ്ങ് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർ അദ്ദേഹത്തിൻ്റെ സേവനം ആവശ്യപ്പെടുകയും, തുടർന്ന് റോഡ് അവിടുത്തെ വിദ്യാർത്ഥികളെ റെക്കോഡിങ്ങ് ,മിക്സിങ്ങ്, ബേസിക് റിപ്പയറിങ്ങ്, ഓഡിയോ എഞ്ചിനീയറിങ്ങ് ,ഗിത്താർ, ഡ്രം സെറ്റ്, പിയാനോ ഇത്യാദി സംഗീത ഉപകരണങ്ങളുടെ ഇലക്ട്രിഫിക്കേഷൻ മുതലായ ക്ലാസുകൾ പഠിപ്പിക്കുന്ന അദ്ധ്യാപകനായി മാറി.
റോഡിൻ്റെ ടെക്നിക്കൽ ടീച്ചിങ്ങ് സ്കില്ലുകൾ ഉപയോഗിക്കുന്നതിനായി സ്കൂൾ ഓഫ് ഓഡിയോ ഇലക്ട്രോണിക്സ് എന്ന പ്രത്യേക വിഭാഗം തന്നെ SAE യിൽ ആരംഭിച്ചു.
1988 മുതൽ 94 വരെ ഡാറ്റാ പോയിൻ്റ് എന്ന ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ കമ്പനിയിൽ ഡിസൈനറായി, 94 ൽ ആ ജോലി വിട്ട് ലൂസൻ്റിലുള്ള AT & T ടെലികമ്യൂണിക്കേഷൻ പ്ലാൻ്റിൽ ഡിസൈൻ വിഭാഗത്തിൻ്റെ മേധാവിയായി.2002 ൽ ആ ജോലിയും ഉപേക്ഷിച്ചു.1998 ൽ സ്വന്തമായി തുടങ്ങിയ എലിയട്ട് സൗണ്ട് പ്രൊഡക്റ്റ്സ് എന്ന കമ്പനിയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചു.
ഒരിടത്തും സ്ഥിരമായി തങ്ങുകയോ, ഒരു തൊഴിൽ തന്നെ ചെയ്യുകയോ ബോറിങ്ങ് ആയി കരുതുന്നതിനാൽ ..ഇപ്പോൾ അതും ഉപേക്ഷിച്ച് ലോക സഞ്ചാരിയായി ഊരുചുറ്റൽ തുടരുകയാണ്. ശ്രി റോഡ് ഏലിയട്ട്.ESP എന്ന പേരിലുള്ള തൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതാണ്ട് ആയിരത്തോളം സർക്യൂട്ടുകളിൽ നിന്നുള്ള വരുമാനവും, ലോകമെമ്പാടുമുള്ള തൻ്റെ ശിഷ്യൻമാരും മാത്രം മതി തനിക്ക് എന്നാണ് റോഡ് എലിയട്ട് എന്ന നിഷ്കാമകർമ്മിയുടെ മനോഗതം!
ഇത്രമാത്രം മതിയല്ലോ ഇലക്ട്രോണിക് ഗുരു എന്ന പേരിന് നൂറുശതമാനവും അർഹനായ റോഡ് എലിയട്ടിനെ ലോകം സ്മരിക്കാൻ.
മറ്റ് പ്രമുഖ ഓഡിയോ ഡിസൈനർമാരെപ്പോലെ എതെങ്കിലും ഇലക്ട്രോണിക്സ് മൾട്ടി നാഷണൽ കമ്പനികളുടെ കൺസൾട്ടൻ്റായോ ഡിസൈനറായോ ജോലി ചെയ്യുന്നത് ആലോചിക്കാൻ പോലും പറ്റില്ല എന്നാണ് റോഡിൻ്റെ പക്ഷം!
ഓഡിയോ ഡിസൈനറാണെങ്കിലും താനൊരു ഓഡിയോഫൈൽ അല്ല എന്നാണ് റോഡ് ഏലിട്ട് പറയുന്നത്. പക്ഷേ തൻ്റെ സർക്യൂട്ടുകൾ ഓഡിയോഫൈലുകൾ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം!..
കുറഞ്ഞ ചിലവിൽ കൂടുതൽ ശബ്ദ ഗുണമേൻമയുള്ള സൗണ്ട് റീ പ്രൊഡക്ഷനു വേണ്ടിയാണ് തൻ്റെ ശ്രമം... പക്ഷേ ഗുണമേൻമയുള്ള ട്രാൻസിസ്റ്ററുകൾക്ക് അനുദിനം വില വർദ്ധനവ് നേരിടുന്നതിനാൽ ലോകമെമ്പാടുമുള്ള ഓഡിയോ പ്രേമികൾ കഷ്ടത്തിലായിരിക്കുന്നു, തനിക്ക് വരുന്ന മെയിലുകൾ 90 ശതമാനവും തൻ്റെ പഴയ സർക്യൂട്ടുകൾ ചെയ്യാൻ സ്പെയറുകൾ കിട്ടുന്നില്ല പകരം ഏതു പയോഗിക്കണം എന്ന സംശയങ്ങളാണ് ഇതാണ് തനിക്കാകെയുള്ള ഒരു വിഷമം എന്നാണദ്ദേഹം ഒരു സുഹൃദ് സംഭാഷണമദ്ധ്യേ പറഞ്ഞത്. കാര്യം സത്യവുമാണ്.
റോഡിൻ്റെ ലോ ഫ്രീക്വൻസി, മിഡ് ഫ്രീക്വൻസി, ഹൈ ഫ്രീക്വൻസി എന്നിവ പുറപ്പെടുവിക്കുന്നതിനായി പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ട്രൈ ആമ്പ് കൺസെപ്റ്റ് ലോകപ്രശസ്തമാണ്. പ്രമുഖ കമ്പനികൾ പോലും ആ രീതി പിൻതുടരുന്നുണ്ട്.ബൈ ആമ്പ്, ട്രൈ ആമ്പ് മുതലായ കൺസെപ്റ്റുകൾ റോഡ് ഏലിയട്ടിൻ്റെ സംഭാവനകളാണ്. മറ്റുള്ളവരെപോലെ തൻ്റെ കണ്ടുപിടുത്തങ്ങൾ പേറ്റൻ്റ് ചെയ്ത് സുരക്ഷിതമാക്കാൻ റോഡ് ഒരിക്കലും മുതിർന്നിട്ടില്ല. റോഡിൻ്റെ സർക്യൂട്ടുകൾ എല്ലാം ആർക്ക് വേണമെങ്കിലും അമേച്വർ ആവശ്യങ്ങൾക്ക് വേണ്ടി ഫ്രീ ആയി ഉപയോഗിക്കാം.
തൻ്റെ തന്നെ ജനപ്രീതി നേടിയ P3A മോഡൽ സർക്യൂട്ടറിയിൽ അനുയോജ്യമായ Phase coherent Crossover network pre amplifier ചേർത്താണ് ആദ്യമായി ട്രൈ ആമ്പ് കൺസെപ്റ്റ് അദ്ദേഹം പ്രാവർത്തികമാക്കിയത്.
വാക്വം ട്യൂബുകൾ മുതൽ പുതുതലമുറ ക്ലാസ് D ആംപ്ലിഫയർ സർക്യൂട്ടുകൾ വരെ റോഡിൻ്റെ കയ്യൊപ്പ് പതിഞ്ഞവയായി പുറത്തിറങ്ങിയിട്ടുണ്ട്.
റോഡ് ഡിസൈൻ ചെയ്ത VP103 എന്ന ഹൈഫൈ വാക്വം ട്യൂബ് പ്രീ ആംപ്ലിഫയറുകൾ ആഡിയോഫൈലുകളുടെ ഇഷ്ട തോഴനാണ്.
ഡയറക്റ്റ് കപ്പിൾഡ് ക്ലാസ് AB സിമിട്രിയാണ് റോഡിന് ഏറ്റവും ഇഷ്ടം. അതിലാണ് അദ്ദേഹത്തിൻ്റെ ആംപ്ലിഫയർ സർക്യൂട്ടുകൾ അധികവും.
sound-au.com എന്ന സൈറ്റിൽ കയറിയാൽ റോഡ് എലിയട്ട് ഡിസൈൻ ചെയ്ത സർക്കൂട്ടുകൾ നമുക്ക് കാണാം, ഡൗൺലോഡ് ചെയ്യാം.
ലോക സഞ്ചാരിയായ അദ്ദേഹം ലോകത്തെവിടെയെങ്കിലുമൊക്കെ നടക്കുന്ന ഓഡിയോ എക്സിബിഷനുകളിൽ മാനത്ത് നിന്നും പൊട്ടിവീണ പോലെ പ്രത്യക്ഷപ്പെടുമ്പോൾ അനുവാചക വൃന്ദം ആവേശഭരിതരാകാറുണ്ട്.
ഹോം കൺസ്ട്രക്റ്റർമാരെ മുന്നിൽ കണ്ട് PCB ഡിസൈൻ സഹിതമാണ് അദ്ദേഹത്തിൻ്റെ സർക്യൂട്ടുകൾ എല്ലാം. അതിനാൽ PCB യും ,സർക്യൂട്ട് ലേ ഔട്ടുമെല്ലാം ഈ സൈറ്റിൽ നിന്ന് ലഭിക്കും.. ഇപ്പോഴും ഡിസൈൻ രംഗത്ത് സജീവമായ ഈ 73 വയസുകാരനായ ചെറുപ്പക്കാരൻ ഓഡിയോ ഗുരു ആയുരാരോഗ്യത്തോടെ ദീർഘനാൾ നമുക്കായി പുതിയ പുതിയ ടോപ്പോളജികളും, കൺസെപ്റ്റ് ഡിസൈനുകളും നൽകും എന്ന് പ്രത്യാശിക്കുന്നു. എഴുതിയത് #അജിത് കളമശേരി, #ajith_kalamassery,17.01.2023'
No comments:
Post a Comment