PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, June 22, 2023

#555 ൻ്റെ കഥ - #ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !

 #555 ൻ്റെ കഥ - 

#ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !


 
ഇലക്ട്രോണിക്സിൽ ഔപചാരികമായ  വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു യുവാവ് സ്വന്തമായ പരിശ്രമത്തിലൂടെ  അനലോഗ് ഇലക്ട്രോണിക്സിലെ മുടിചൂടാ മന്നനായ കഥയാണ് ഇത്തവണ..ഒപ്പം 555 എന്ന ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അന ലോഗ് ഐ. സി യുടെ കഥയും...

1934 ജനുവരി ഒന്നിന് സ്വിറ്റ്സർലാൻ്റിലെ സൂറിച്ചിൽ ജനിച്ച ഹാൻസ് റുഡോൾഫ്
കാമെൻസിൻ്റ് ,  തൻ്റെ കോളേജ്  പഠനം സ്വിറ്റ്സർലാൻ്റിൽ പൂർത്തീകരിച്ച ശേഷം 1960 ൽ ഇരുപത്തിയാറാമത്തെ വയസിൽ അമേരിക്കയിലേക്ക് കുടിയേറി.

അവിടെ ബോസ്റ്റണിലുള്ള നോർത്തേൺ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗ്രാജുവേഷൻ നേടി.

ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നെങ്കിലും ഇലക്ട്രോണിക്സ് അദ്ദേഹത്തിൻ്റെ പാഷനായിരുന്നു. സദാ സമയവും ചിന്ത ഇലക്ട്രോണിക്സിനെ കുറിച്ച് മാത്രം.

1968 കൾ ട്രാൻസിസ്റ്ററുകളുടെ ബാല്യകാലമാണ്, വിപണി ഭരിക്കുന്നത്  വാക്വം ട്യൂബുകളും.

വാക്വം ട്യൂബ് ടെക്നോളജിയുടെ കാലം കഴിഞ്ഞു.ഇനി ട്രാൻസിസ്റ്റർ യുഗമാണ് വരുന്നത് ഈ ട്രാൻസിസ്റ്ററുകളെ വീണ്ടും ചെറുതാക്കിയാൽ ഒരു ചെറിയ തീപ്പെട്ടി വലിപ്പത്തിൽ വളരെ ശക്തിയുള്ള ആംപ്ലിഫയറുകൾ നിർമ്മിക്കാൻ സാധിക്കില്ലേ? എന്നതായിരുന്നു കാം സിൻ്റിൻ്റെ അന്നത്തെ ചിന്ത.ലാസ് ഡി ആംപ്ലിഫയറുകളുടെ രൂപ രേഖയാണ് ഇങ്ങനെ
കാമെൻസിൻ്റിൻ്റെ മനസ്സിനെ മഥിച്ചത്!

ഇലക്ട്രോണിക്സ് ഡിസൈൻ  പഠിക്കാനായി വീട്ടിൽ പോലും പോകാതെ ആഴ്ചകളോളം യൂണിവേഴ്സിറ്റി ലൈബ്രറികളിലെ പുസ്തക ശേഖരം പരതിയിരിക്കാൻ
കാമെൻസിൻ്റിന് ഒരു മടിയുമില്ലായിരുന്നു.

അന്നത്തെ ചിപ്പ് നിർമ്മാതാക്കൾ എല്ലാം കമ്പ്യൂട്ടറുകൾക്ക് വേണ്ടിയുള്ള ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന തിരക്കിലായിരുന്നു.അനലോഗ് സർക്യൂട്ടുകൾ ചിപ്പിലൊതുക്കുന്ന കാര്യം ആരും ആലോചിച്ചിട്ട് പോലുമില്ല



അങ്ങനെയിരിക്കെ സിലിക്കോൺ വാലിയിലെ സിഗ്നെറ്റിക്സ് എന്ന ഇലക്ട്രോണിക്സ് കമ്പനിയിൽ അപ്രൻ്റീസായി ഹാൻസ്
കാമെൻസിൻ്റിന് ജോലി ലഭിച്ചു.

സ്ഥിരമായ ഒരു വരുമാനം ലഭിച്ച് തുടങ്ങിയതോടെ
സിഗ്നെറ്റിക്സ് ലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ചെറിയ  ടൈമർ സർക്യൂട്ടിനെ കാമെൻസിൻ്റ് 14 പിന്നുള്ള ഐസിയാക്കി മാറ്റാനുള്ള ഡിസൈൻ വരച്ചെടുത്തു അതിൻ്റെ ലിത്തോ പ്രിൻ്റ് തയ്യാറാക്കി..

ഐസി ചിപ്പുകൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യം സിഗ് നെറ്റിക്സിൽ ഉണ്ടായിരുന്നെങ്കിലും ആരുടെയും കണ്ണിൽ പെടാതെയായിരുന്നു കാമെൻ സിൻ്റിൻ്റെ പരിപാടികൾ..

തൻ്റെ ഡിസൈൻ പൂർണ്ണമായപ്പോൾ വലിയ കുഴപ്പക്കാരനല്ലാത്ത കമ്പനിയുടെ ഡിസൈൻ ഹെഡിന് മുന്നിൽ
കാമെൻസിൻ്റ് ,തൻ്റെ ഐഡിയ അവതരിപ്പിച്ചു.

 

കാമെൻ സിൻ്റിൻ്റെ നല്ല സമയം! സിഗ്നെറ്റിക്സ് കമ്പനി അന്ന് വലിയ വർക്ക് ഓർഡറുകൾ ഒന്നുമില്ലാതെ ഒരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന സമയമായിരുന്നു.

പേപ്പറുകളിലൂടെ കണ്ണോടിച്ച ഡിസൈൻ ഹെഡിൻ്റെ തലയിൽ ഒരു ബൾബ് കത്തി.
കാമെൻ സിൻ്റിൻ്റെ ഐഡിയ ബാങ്കുകാരുടെ മുന്നിൽ അവതരിപ്പിച്ച് കുറച്ച് ഫണ്ട് സംഘടിപ്പിച്ചാൽ തൽക്കാലം  ഒന്ന് പിടിച്ച് നിൽക്കാം...


അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ ,ഇലക്ട്രോണിക്സ് ഡിസൈൻ അറിയാത്ത ഒരു ജീവനക്കാരൻ മണ്ടൻ ഐഡിയയുമായി വന്നാൽ അപ്പോഴേ ഓടിക്കുമായിരുന്നു ഡിസൈൻ വിഭാഗം !


മൂന്ന് 5 K റസിസ്റ്റൻസുകൾ ചേർന്ന വോൾട്ടേജ് ഡിവൈഡർ നെറ്റ് വർക്കാണ് ഈ ടൈമർ ചിപ്പിൻ്റെ ഹൃദയം. അതിനാൽ
കാമെൻസിൻ്റ് ,ഇതിനെ 5x3 ടൈമർ  എന്ന കോഡ് നെയിമിലാണ് പരിചയപ്പെടുത്തിയത്.
 
കമ്പനി ഡിസൈൻ ടീം ചിലവ് കുറയ്ക്കാനായി 14 പിന്നിനെ  8 പിൻ ആക്കി  ഡിസൈൻ മാറ്റാൻ  നിർദ്ദേശിച്ചു. താമസിയാതെ പരിഷ്കരിച്ച് 555 ടൈമർ എന്ന പേരിൽ ഡാറ്റാഷീറ്റ് തയ്യാറാക്കി രജിസ്റ്റർ ചെയ്തു.

1971 അവസാനം ഡിസൈൻ അംഗീകരിച്ച് 1972 ജൂൺ മാസത്തോടെ 555 ടൈമർ ഐസി വിപണിയിലെത്തി.

കമ്പനിക്ക്  തൽക്കാലം പിടിച്ച് നിൽക്കാൻ ഒരുൽപ്പന്നം 

,കുറച്ച് ഹോബി പിള്ളേരല്ലാതെ ഇതൊക്കെ ആര് വാങ്ങാനാ എന്നായിരുന്നു 555 ടൈമർ ചിപ്പ് പുറത്തിറക്കിയ സിഗ്നറ്റിക്സ് കമ്പനിയുടെ മാനേജ്മെൻ്റിൻ്റെ ധാരണ.

അതിനാൽ ബാങ്കുകാരെപ്പറ്റിക്കാൻ ഏതാനും ആയിരം ചിപ്പുകൾ മാത്രമേ കമ്പനി നിർമ്മിച്ചുള്ളൂ.


 അവ ചിലവാക്കാനായി ഈ ഐസി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏതാനും ഹോബി സർക്യൂട്ടുകൾ ഡിസൈൻ ചെയ്ത് ആ മാസം ഇറങ്ങിയ ഇലക്ട്രോണിക്സ് മാസികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു കമ്പനി.

ഐസി ചിപ്പുകൾ ആര് കണ്ട് പിടിച്ചു എന്നത് സംബന്ധിച്ച് ഒരു വലിയ തർക്കം ടെക്സാസ് ഇൻസ്ട്രുമെൻ്റ്സ് എന്ന കമ്പനിയും, ഫെയർ ചൈൽഡ് എന്ന കമ്പനിയും തമ്മിൽ അന്ന് നടക്കുകയായിരുന്നു.

അതിനിടയിൽപ്പെട്ടാൽ തകർന്ന് പോകും എന്നതിനാൽ സിഗ് നെറ്റിക്സ് കമ്പനിയോ, അത് കണ്ട് പിടിച്ച  ഹാൻസ് കാമെൻസിൻ്റോ 555 ഐ സി ക്ക് പേറ്റൻ്റ് എടുക്കാനൊന്നും പോയില്ല.

തൻ്റെ ഒരുൽപ്പന്നം ആദ്യം പുറത്തിറങ്ങട്ടെ അതിൻ്റെ ചുവട് പിടിച്ച് വേണം മനസിലുള്ള മിനിയേച്ചർ ആംപ്ലിഫയർ പുറത്തിറക്കാനെന്നായിരുന്നു കാമെൻസിൻ്റിൻ്റെ മനസിലിരിപ്പ്.

വലിയ അവകാശവാദങ്ങളില്ലാതെ പുറത്തിറങ്ങിയ അനലോഗ് ടൈമർ ചിപ്പായ 555 കമ്പനിയെ ഞെട്ടിച്ചു. .. ലോകമെങ്ങും നിന്ന് ലക്ഷക്കണക്കിന്  ഓർഡറുകൾ കുമിഞ്ഞ് കൂടി .. വർഷങ്ങൾ രാപകൽ  ഉണ്ടാക്കിയാലും തീരാത്തത്ര ഓർഡറുകൾ..

ഇത് കണ്ട മറ്റ് കമ്പനികളും വെറുതെയിരുന്നില്ല. പേറ്റെൻ്റ് എടുക്കാതിരുന്നതിനാൽ 14 ൽ അധികം കമ്പനികൾ അമേരിക്കയിൽ തന്നെ  555 നിർമ്മിക്കാൻ തുടങ്ങി. 1974ൽ ഹോളണ്ട് ഫിലിപ്സ് കമ്പനി സിഗ് നെറ്റിക്സിനെ ഏറ്റെടുത്തു.ഇതോടെ ഏറ്റവുമധികം 555 നിർമ്മിക്കുന്നത് ഫിലിപ്സായി മാറി.

555 ടൈമർചിപ്പിൻ്റെ വൻ വിജയത്തോടെ  കാമെൻസിൻ്റ് ,സിഗ് നെറ്റിക്സിലെ ജോലി ഉപേക്ഷിച്ചു ,ഇൻ്റർ ഡിസൈൻ എന്ന ചിപ്പ് ഡിസൈൻ കമ്പനി സ്വന്തമായി സ്ഥാപിച്ച് വിവിധ കമ്പനികൾക്കായി അനലോഗ്  ഐസികൾ ഡിസൈൻ ചെയ്ത് നൽകാൻ തുടങ്ങി.

140 ൽ അധികം അന ലോഗ് ഐസികൾ കാമെൻസിൻ്റ് ഡിസൈൻ ചെയ്തിട്ടുണ്ട്.

ഇന്ന് വളരെ പോപ്പുലറായ ക്ലാസ് D  ഇൻ്റഗ്രേറ്റഡ് ചിപ്പുകൾ കണ്ടു പിടിച്ചതും ഹാൻസ് കാമെൻസിൻ്റ് തന്നെ. തൻ്റെ കൗമാരകാല  സ്വപ്നമായ  പവർഫുൾ ആംപ്ലിഫയറിനെ തീപ്പെട്ടി വലുപ്പത്തിലേക്ക് ചുരുക്കുക എന്ന ആഗ്രഹം ക്ലാസ് D ആംപ്ലിഫയർ ചിപ്പുകളുടെ  കണ്ടുപിടുത്തത്തിലൂടെ നിറവേറ്റാൻ  അദ്ദേഹത്തിനായി.

ലോകത്ത് ഇന്നേ വരെ ഏറ്റവും വിറ്റഴിക്കപ്പെട്ടിട്ടുള്ള അന ലോഗ് ചിപ്പ് 555 ആണ്.ഇന്നും ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ചിപ്പുകളിൽ ഒന്നും ഇത് തന്നെയാണ്. ലക്ഷക്കണക്കിന് പേരെ ഹോബി ഇലക്ട്രോണിക്സ് സർക്യൂട്ടുകളിലൂടെ  ഇലക്ട്രോണിക്സിൻ്റെ മായിക ലോകത്തേക്ക് എത്തിക്കാൻ  ഹാൻസ് കാമെൻ സിൻ്റിന് 555 ടൈമർ ചിപ്പിൻ്റെ കണ്ടുപിടുത്തത്തിലൂടെ കഴിഞ്ഞു.

വെറുമൊരു ടൈമർ ചിപ്പ് എന്ന് കരുതി ആദ്യ കാലങ്ങളിൽ  ഡിസൈൻ പുലികൾ അവഗണിച്ചിരുന്ന 555 ടൈമർ ചിപ്പിനെ ഹോബി ഇലക്ട്രോണിക്സ് ലോകം ഏറ്റെടുക്കുകയും, പതിനായിരക്കണക്കിന് വ്യത്യസ്ത സർക്യൂട്ടുകൾ ഡിസൈൻ ചെയ്യപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു.


ഏതൊരു സാധാരണക്കാരൻ്റെ കയ്യിലുള്ള മൊബൈൽ ഫോണിൽ പോലും  ഉള്ളടങ്ങിയിട്ടുള്ള ക്ലാസ് D ആംപ്ലിഫയറിൻ്റെ കണ്ടുപിടുത്തത്തിലൂടെ സംഗീതപ്രേമികളും
ഹാൻസ് കാമെൻസിൻ്റെ സേവനങ്ങൾ ഉപയോഗിക്കുന്നു. 

2023 ൽ 555 ടൈമർചിപ്പിന് 51 വയസ് തികഞ്ഞു. 2012 ആഗസ്റ്റ് 12 ന് 89 ആം വയസിൽ ഹാൻസ് കാമെൻസിൻ്റ് ഇഹലോകവാസം വെടിഞ്ഞു..555 ടൈമർ ചിപ്പിൻ്റെയും, ക്ലാസ് D ആംപ്ലിഫയറിൻ്റെയും കണ്ട് പിടുത്തത്തിലൂടെ ഹാൻസ് കാമെന്സിൻ്റിനോട് ലോകം എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു.
എഴുതിയത് # അജിത്_ കളമശേരി, #ajith_kalamassery, 22 .06.2023

No comments:

Post a Comment