1970 ജനുവരി മാസത്തിൽ ജപ്പാനിലെ മത്സുഷിത ഇലക്ട്രിക്കിലെ ( നാഷണൽ ) ഗവേഷണ വിഭാഗത്തിലെ എഞ്ചിനിയർമാർ കമ്പനിയുടെ ഷോഗാക്വിൻ ട്രെയിനിങ്ങ് ഹാളിലെ അവരുടെ പതിവ് ഡിസൈൻ കോൺഫെറൻസിൽ പങ്കെടുക്കവേ അതിലൊരു ജൂനിയർ എഞ്ചിനീയർ പറഞ്ഞു.
സർ എനിക്കൊരൈഡിയ നമുക്കൊരു റാറ്റ് കേസ്(RATECASE) ഉണ്ടാക്കിയാലോ?
നാഷണലിൻ്റെ പ്രൊഡക്റ്റ് ഡിസൈൻ ചീഫ് സ്ഹുഇച്ചി ഒബാട്ട അത് പറഞ്ഞ എഞ്ചിനീയറെ നോക്കി ചോദിച്ചു "എന്താണ് മിസൂട്ട താൻ പറയുന്നത് എലിപ്പെട്ടി ഉണ്ടാക്കാനോ?
സർ റേഡിയോയുടെ RA യും, ടെലിവിഷൻ്റെ TE യും, കാസറ്റിൻ്റെ CASE ഉം ചേർത്ത് RATECASE എന്നാണ് ഞാൻ ഉദ്ദേശിച്ചത് എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല അങ്ങനെ ഒന്നിച്ച് പറഞ്ഞാൽ എലിപ്പെട്ടി എന്നാണോ അർത്ഥം? എനിക്കതറിയില്ലായിരുന്നു ചീഫ്.. ഇത് മൂന്നും ഒന്നിക്കുന്ന ഒരു പോർട്ടബിൾ ഹോം അപ്ലയൻസ് എന്നേ ഞാനുദ്ദേശിച്ചുള്ളൂ.
OK.. OK നെവർ മൈൻഡ് എനിക്ക് ആ എലിപ്പെട്ടി എപ്പോൾ കിട്ടും?.. സ്ഹുഇച്ചി ഒബാട്ട എഞ്ചിനീയറോട് ചോദിച്ചു.
സ്ഹുഇച്ചി ഒബാട്ട അധികം താമസിയാതെ മത്സുഷിത ഇലക്ട്രിക്കിൻ്റെ തന്നെ TECHNICS എന്ന ബ്രാൻഡിൻ്റെ ഹെഡ് ആയി നിയമിതനായി.
എപ്പോൾ കിട്ടും? എന്ന വാക്ക് ആ ജൂനിയർ എഞ്ചിനീയർ പറഞ്ഞ പ്രോജക്റ്റ് മത്സുഷിതയുടെ അന്നത്തെ ഡിസൈൻ ഹെഡായ. സ്ഹുഇച്ചി ഒബാട്ട അംഗീകരിച്ചു കഴിഞ്ഞു എന്നായിരുന്നു അർത്ഥം!
അത്ര വേഗത്തിലായിരുന്നു ജപ്പാനീസ് കമ്പനികളുടെ തീരുമാനമെടുക്കൽ.
ഏത് നവീന ഉൽപ്പന്നങ്ങളും അത് ആദ്യം കണ്ട് പിടിച്ച് വിപണിയിലെത്തിക്കുന്നവർക്ക് ഒരു പ്രത്യേക മുൻഗണനയും ശ്രദ്ധയും ഓട്ടോമാറ്റിക്കായി ലഭിക്കുമല്ലോ..
ആ മുൻതൂക്കം നേടുന്നതിനായി.... മറ്റ് കമ്പനികൾ തങ്ങളുടെ പുതിയ, പ്രൊഡക്റ്റുകളുടെ രഹസ്യം ചോർത്തിയെടുക്കാതിരിക്കാൻ ഡിസൈനർമാർ വളരെ കരുതലെടുക്കും.
അതിനാൽ നാഷണൽ ഡിസൈൻ ടീം എലിപ്പെട്ടി (RATECASE )എന്ന കോഡ് നെയിമിൽ തന്നെ പുതിയ പ്രൊഡക്റ്റിൻ്റെ നിർമ്മാണ നിർവ്വഹണവുമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചു.
ഒരു പുതിയ സെഗ്മെൻ്റിലെ താരോദയമായ പുതിയ കൺസ്യൂമർ പ്രൊഡക്റ്റിൻ്റെ ജനനമായി അന്നത്തെ ആ മീറ്റിങ്ങ് മാറി.
ഏതാണ്ട് 15 വർഷം വിപണി നിറഞ്ഞ് നിന്ന റേഡിയോ, പോർട്ടബിൾ ടെലിവിഷൻ, കാസറ്റ് പ്ലയർ THREE IN ONE മോഡലുകളിൽ ആദ്യജാതനായി നാഷണലിൻ്റെ Trans Am X 30 ,അങ്ങനെ 1972 ൽ പുറത്തിറങ്ങി.
AM, FM, റേഡിയോ, 6 ഇഞ്ച് കളർ TV, കാസറ്റ് പ്ലയർ എന്നിവയോട് കൂടി പുറത്തിറങ്ങിയ Trans Am X 30 വൻ പ്രതികരണമാണ് വിപണിയിൽ സൃഷ്ടിച്ചത്.
6 ഇഞ്ച് കളർ ടെലിവിഷനും FM റേഡിയോയും ,കാസറ്റ് പ്ലയറും ചേർന്ന
ഇതിൻ്റെ ജനപ്രീതി കണ്ട് അമ്പരന്ന മറ്റ് ജപ്പാനീസ് കമ്പനികൾ വെറുതെയിരുന്നില്ല.
സോണി,സാനിയോ, ഷാർപ്പ്, JVC, ഹിറ്റാച്ചി, തുടങ്ങിയ ജാപ്പാനീസ് കമ്പനികളെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇവർക്കൊപ്പം ഹോളണ്ടിലെ ഫിലിപ്സും കൂടെ ചാടി.
അധികം താമസിയാതെ ഇവരെല്ലാം പുതിയ എലിപ്പെട്ടികളുമായി (RA.TE.CASE) രംഗത്തിറങ്ങി...
മത്സുഷിതയുടെ അളിയൻ്റെ കമ്പനി സാനിയോ ആദ്യ സ്റ്റീരിയോ മോഡൽ 3in 1 സ്ട്രേഞ്ചർ T400, 1978 ജനുവരിയിൽ പുറത്തിറക്കി.10 CM ബ്ലാക്ക് & വൈറ്റ് ടെലിവിഷൻ സഹിതം ഇതിൻ്റെ ഭാരം ഏഴരക്കിലോ ആയിരുന്നു.
1978ൽ തന്നെ മത്സുഷിത ഇലക്ട്രിക് പാനാസോണിക് ബ്രാൻഡിൽ TR - 1200 X എന്ന മോഡൽ നമ്പറിൽ 4 ബാൻഡ് റേഡിയോയും, 8 ഇഞ്ച് ബ്ലാക്ക് & TV യും സഹിതം സ്റ്റീരിയോ 3 in 1 പുറത്തിറക്കി.
ഹിറ്റാച്ചി CKP -110 എന്ന മോഡൽ നമ്പറിൽ കളർ TV സഹിതം 3 in one 1978ൽ പുറത്തിറക്കി 15 cm കളർ TV യായിരുന്നു ഇതിൽ.ഭാരം ബാറ്ററി ഇല്ലാതെ 8 കിലോ.
JVC യുടെ സ്റ്റീരിയോ ത്രീ ഇൻ വൺ M-8000 1978 നവംബറിൽ വിപണിയിലെത്തി.
4.5 ഇഞ്ച് ബ്ലാക്ക് & വൈറ്റ് TV ഉള്ള ഇതിൻ്റെ ഭാരം ഒമ്പതരക്കിലോ.
ഷാർപ്പ് 5 P - RTU സ്റ്റീരിയോ ,1979 ൽ വിപണിയിലെത്തിച്ചു. ഇതിൽ 14 സെൻ്റിമീറ്റർ ബ്ലാക്ക് & വൈറ്റ് ടെലിവിഷനായിരുന്നു. ഭാരം പത്തരക്കിലോ!
സോണിയുടെ സ്റ്റീരിയോ 3 In 1 fx 414, 1980 ൽ പുറത്തിറങ്ങി.10 സെൻ്റിമീറ്റർ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനായിരുന്നു ഇതിനകത്ത് തൂക്കം ആറരക്കിലോ.
ജപ്പാന് പുറമേ നിന്ന് ഫിലിപ്സ് ഫിലെറ്റിന സ്റ്റീരിയോ 1130 എന്ന പേരിൽ 3 ബാൻഡ് 3 in One 1980 ൽ പുറത്തിറക്കി. 25 സെൻ്റിമീറ്റർ കളർ പിക്ചർ ട്യൂബോടെ പുറത്തിറങ്ങിയ ഈ മോഡലോടെ ലോകത്തിലെ ഏറ്റവും വലിയ പോർട്ടബിൾ ത്രീ ഇൻ വൺ പുറത്തിറക്കിയ കമ്പനി എന്ന പേര് ഫിലിപ്സ് സ്വന്തമാക്കി.
ബാറ്ററി സഹിതം 18കിലോ തൂക്കമുള്ളതിനാൽ ജിമ്മൻമാർ മാത്രം ഇത് പൊക്കിക്കൊണ്ട് നടന്നു...
ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന പഴമൊഴി ഈ മോഡലിൻ്റെ കാര്യത്തിലും ശരിയായി വന്നു ഭവിച്ചു.1987 കളോടെ ആളുകൾക്ക് പോർട്ടബിൾ ടെലിവിഷനോടുകൂടിയ ഇത്തരം സെറ്റുകളിലുള്ള കൗതുകം അവസാനിച്ചു.
പോരാത്തതിന് ഇവയുടെ അതിഭയങ്കര വിലയും, കാസറ്റ് പ്ലയർ, TV, റേഡിയോ ഇവയിൽ ഏതെങ്കിലും ഒന്ന് പണിമുടക്കിയാലും മൂന്നിൻ്റെയും കാര്യം തീരുമാനമാകും.
കോംപ്ലക്സ് സർക്യൂട്ടുകളായതിനാൽ ഇവ റിപ്പയർ ചെയ്യാൻ വിദഗ്ദരായ ടെക്നീഷ്യൻമാരെത്തേടി നടന്ന് ചെരുപ്പ് തേയും എന്നത് വേറൊരു പ്രശ്നം!
കമ്പനികൾ പ്രൊഡക്ഷൻ നിറുത്തിയതോടെ സ്പെയറുകളുടെ അഭാവം നിമിത്തം ഇവയിൽ ഭൂരിഭാഗവും സ്ക്രാപ്പായി ഒടുങ്ങി. അപൂർവ്വം ചില സെറ്റുകൾ വിൻ്റെജ് കളക്റ്റർമാരുടെ കൈവശം തങ്ങളുടെ ആനച്ചന്തവും പ്രദർശിപ്പിച്ച് ഇന്നും സുരക്ഷിതമായി ഇരിക്കുന്നു. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery.06.06.2023.
No comments:
Post a Comment