PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Wednesday, June 14, 2023

FM റേഡിയോ ഒരു ചതിയുടെ കഥ!

 FM റേഡിയോ ഒരു ചതിയുടെ കഥ!


 FM റേഡിയോ ഒരു ചതിയുടെ കഥ!

 ശബ്ദ സൗകുമാര്യത്തിന് കേൾവികേട്ട FM റേഡിയോയുടെ ടെക്നോളജി നമ്മൾക്കായി വികസിപ്പിച്ച് നൽകിയ എഡ്വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ശാസ്ത്രജ്ഞനാണ്.


ശാസ്ത്രലോകത്തിലെ  കുതികാൽ വെട്ടും, പാരവയ്പും, ചതിയും നിമിത്തം മനം മടുത്ത അദ്ദേഹം 1954 ജനുവരി 31 അർദ്ധരാത്രിയിൽ ന്യൂയോർക്ക് സിറ്റിയിലെ  ഒരു റേഡിയോ ടവറിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

ഇന്ന് നാം കേൾക്കുന്ന FM പ്രക്ഷേപണത്തിന് പിന്നിൽ ആ വഞ്ചനയുടെ നീറുന്ന കഥയുണ്ട്.


റേഡിയോ പ്രക്ഷേപണത്തിൻ്റെ തുടക്കകാലത്ത് AM ബാൻഡിലായിരുന്നു പ്രക്ഷേപണം.

AM പ്രക്ഷേപണത്തിൻ്റെ പ്രധാന പോരായ്മ അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ റേഡിയോ സ്വീകരണത്തെ വികലമാക്കും എന്നതായിരുന്നു.

ഇടിവെട്ട്, അയണോസ്ഫിയറിലെ  മാറ്റങ്ങൾ, സൂര്യ കളങ്കങ്ങൾ എന്നിവയെല്ലാം റേഡിയോയിൽ ലഭിക്കുന്ന സിഗ്നലുകളെ വക്രീകരിച്ച് പൊട്ടലും ചീറ്റലുമായി  ശ്രോതാക്കളുടെ മനം മടുപ്പിച്ചു. പക്ഷേ റേഡിയോയ്ക്ക്  വേറൊരു പകരക്കാരൻ ഇല്ലാത്തതിനാൽ ജനങ്ങൾ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു കൂടി.


 വാക്വം ട്രയോഡ് വാൽവ് കണ്ട് പിടിച്ച ലീ ഡേ ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞൻ്റെ സഹായിയായി തൻ്റെ കോളേജ് പഠനകാലാത്ത് തന്നെ  ആംസ്ട്രോങ്ങ്‌ കൂടി.

ഫോറസ്റ്റിൻ്റെ ലാബിൽ സഹായിയായി നിന്ന് വാക്വം ട്യൂബുകളുടെ സാങ്കേതിക രഹസ്യങ്ങൾ ആംസ്ട്രോങ്ങ് പഠിച്ചെടുത്തു.

1912 ൽ വാക്വം ട്യൂബുകൾ ഉപയോഗിച്ച് റീ ജനറേറ്റീവ് റിസീവറുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തു.

FM റേഡിയോ റിസീവറുകളുടെ കണ്ട് പിടിത്തത്തിന് വഴിമരുന്നിട്ട കണ്ടുപിടുത്തമായിരുന്നു അത്. 1914 ൽ അദ്ദേഹത്തിന് ഈ ടെക്നോളജിക്ക് പേറ്റെൻ്റ് ലഭിച്ചു.

അതുവരെ തൻ്റെ ശിഷ്യൻ്റെ കണ്ട് പിടുത്തങ്ങള വളരെ നിസാരമായി കണ്ടിരുന്ന ആശാനായ ലീ ഡേ ഫോറസ്റ്റ് ഇതിൽ അസൂയാലുവാകയും തൻ്റെ കണ്ട് പിടുത്തങ്ങൾ കോപ്പിയടിച്ചാണ് ആംസ്ട്രോങ്ങ് പേറ്റെൻ്റ് എടുത്തതെന്ന് കാട്ടി കേസ് കൊടുക്കുകയും ചെയ്തു. FM റേഡിയോ ചരിത്രത്തിലെ ആദ്യ വഞ്ചന ഇവിടെ തുടങ്ങി.


അതീവ ബുദ്ധിമാനായിരുന്ന ആംസ്ട്രോങ്ങ് തൻ്റെ കണ്ട് പിടുത്തങ്ങളിലേക്ക് എത്താൻ എടുത്ത  വഴികൾ പന്ത്രണ്ടോളം നോട്ട് ബുക്കുകളിൽ വളരെ വിശദമായി എഴുതി സൂക്ഷിച്ചിരുന്നു.

തൻമൂലം  നീണ്ട നിയമയുദ്ധത്തിൽ ആശാൻ തോറ്റു ശിഷ്യൻ ജയിച്ചു.

ഇതോടെ അമേരിക്കയിലെ അന്നത്തെ  വൻകിട റേഡിയോ നിർമ്മാണ  കമ്പനികളായ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്ക എന്ന RCA, വെസ്റ്റേൺ ഇലക്ട്രിക് എന്നിവർ ലക്ഷക്കണക്കിന് ഡോളർ  നൽകി ആംസ്ട്രോങ്ങിനോട് ഈ  പേറ്റെൻ്റ് വാങ്ങാൻ തയ്യാറായി.

എന്നാൽ RCA തൻ്റെ പേറ്റെൻ്റ് കേസിൽ ആശാനൊപ്പം നിന്നതിനാൽ  തൻ്റെ കണ്ട് പിടുത്തം വെസ്റ്റേൺ ഇലക്ട്രിക്കിന് ആംസ്ട്രോങ്ങ്  കൈമാറി.

ഈ ടെക്നോളജി പുർണ്ണമായും FM എന്ന സാങ്കേതിക വിദ്യ ആയിരുന്നില്ല. അന്തരീക്ഷ വ്യതിയാനങ്ങൾ ഈ പ്രക്ഷേപണത്തെയും ബാധിച്ചിരുന്നു.

സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആംസ്ട്രോങ്ങ് പരീക്ഷണങ്ങൾ തുടർന്നു.

 അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ വിജയം കണ്ടു. 1933 ഫെബ്രുവരിയിൽ  ആംസ്ട്രോങ്ങിന് FM റേഡിയോ ട്രാൻസ്മിറ്ററിൻ്റെയും, റിസീവറിൻ്റെയും പേറ്റെൻ്റ് അവകാശം ലഭിച്ചു.

ജനറൽ ഇലക്ട്രിക് കമ്പനിക്ക് സ്വന്തം പണം നൽകി ഒരു FM ട്രാൻസ്മിറ്ററും, 25 FM റേഡിയോകളും ആംസ്ട്രോങ് നിർമ്മിച്ചെടുത്തു.

അങ്ങനെ ലോകത്തിലെ ആദ്യ FM റേഡിയോ നിർമ്മാതാക്കളായി ജനറൽ ഇലക്ട്രിക് മാറി.

ഇന്നത്തെപ്പോലെ 88 MHz മുതൽ 108 MHz വരെയായിരുന്നില്ല ആംസ്ട്രോങ്ങിൻ്റെ ഫ്രീക്വൻസി. 41 മുതൽ 44 MHz വരെയായിരുന്നു.

ടെസ്ല കോയിലുകൾ ഉപയോഗിച്ച് ഇടിമിന്നൽ കൃത്രിമമായി നിർമ്മിച്ച് അതിൻ്റെ ചുവട്ടിൽ തൻ്റെ FM റേഡിയോ ട്യൂൺ ചെയ്താണ് ആംസ്ട്രോങ്ങ് FM ൻ്റെ ശബ്ദ ശുദ്ധി തെളിയിച്ചത്.


1937ൽ നടന്ന ഒരു ഇലക്ട്രോണിക് പ്രദർശനത്തിൽ FM റേഡിയോയിലൂടെ  ബിഥോവൻ്റെ സിംഫണി പ്രക്ഷേപണം ചെയ്തപ്പോൾ   അത് റേഡിയോയിൽ നിന്നല്ല തൊട്ടടുത്ത മുറിയിൽ ഒളിപ്പിച്ച് നിറുത്തിയ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ് ബഹളം പോലുമുണ്ടാക്കി ചിലർ!

1937 മുതലാണ് FM റേഡിയോ വ്യാവസായികമായി നിർമ്മിച്ച് GE വിപണിയിലെത്തിച്ച് തുടങ്ങിയത്.

വെറും 4 വർഷം കൊണ്ട് ,നാല് ലക്ഷത്തിലധികം FM റേഡിയോകൾ GE വിറ്റഴിച്ചിരുന്നു.

FM റേഡിയോ ഇങ്ങനെ അടിച്ച് കയറിയാൽ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് മനസിലാക്കിയ RCA മറ്റ് റേഡിയോ നിർമ്മാതാക്കളെ കൂട്ട് പിടിച്ച് FM റേഡിയോകൾക്കെതിരേ പല വിധ പാരകൾ വയ്ക്കാൻ ആരംഭിച്ചു.

TV പ്രക്ഷേപണത്തെ ബാധിക്കുന്നു എന്ന് പറഞ്ഞ് കള്ളത്തെളിവുകൾ ഉണ്ടാക്കി ഫ്രീക്വൻസി അലോട്ട് ചെയ്യുന്ന അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ച് കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി  FM ന് അലോട്ട് ചെയ്ത 41-44 MHz ഫ്രീക്വൻസി RCA പിൻ വലിപ്പിച്ചു.

TV യുടെ ശബ്ദ പ്രക്ഷേപണത്തിന്  FM സാങ്കേതിക വിദ്യ വികസിപ്പിച്ച്  ആംസ്ട്രോങ്ങ് ഇതിന് പരിഹാരം കണ്ടെത്തിയെങ്കിലും, എതിർ പക്ഷം ശക്തമായതിനാൽ FM ഫ്രീക്വൻസി ആംസ്ട്രോങ്ങ് വികസിപ്പിച്ചെടുത്ത 41-44 MHz ൽ നിന്നും ഒഴിവാക്കപ്പെട്ടു.

ഇതാടെ 4 ലക്ഷത്തിലധികം FM റേഡിയോകൾ വെറും എലിപ്പെട്ടികളായി മാറി. ഇതാണ്  ചരിത്രത്തിൽ FM ടെക്നോളജിക്ക് ഏതിരേ നടന്ന  രണ്ടാമത്തെ വൻ ചതിപ്രയോഗവും തിരിച്ചടിയും.



FM ന് പുതിയതായി അനുവദിക്കപ്പെട്ട 88-108 MHz ൽ നിന്ന് പഴയ ഫ്രീക്വൻസിയിലേക്ക് തിരികെ പോകാനായി വൻ തുക മുടക്കി വിവിധ കേസുകൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. വൻ കടബാദ്ധ്യതയിൽ മുങ്ങി ആംസ്ട്രോങ്ങ്.

ഇതിനിടയിലും തൻ്റെ 4 ലക്ഷത്തിലധികം വരുന്ന റേഡിയോ ശ്രോതാക്കൾക്കായി 41-44 MHz ട്യൂണർ 88-108 MHz ആയി മാറ്റുന്നതിനുള്ള കൺവെർട്ടർ അദ്ദേഹം ഡിസൈൻ ചെയ്തിരുന്നു.

100 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ ഉപയോഗിച്ചാൽ റേഡിയോ സിഗ്നൽ എത്തുന്നതിലും അധികം ദൂരം 10 കിലോവാട്ട് FM സിഗ്നലുകൾ എത്തുമെന്നതിനാൽ പുതിയ  റേഡിയോ ട്രാൻസ്മിറ്ററുകൾ FM ടെക്നോളജിയിലേക്ക് മാറാൻ കമ്പനികൾ തിരക്ക് കൂട്ടി.

100 KW മീഡിയം വേവ് ട്രാൻസ്മിറ്റർ ഒരു ചെറു നഗരത്തിന് വേണ്ട കറണ്ടും വൻതോതിൽ സ്ഥല സൗകര്യവും ഉപയോഗിക്കുമ്പോൾ ഒരു ബഹുനില മന്ദിരത്തിൽ ഉപയോഗിക്കുന്ന കറണ്ടും ഒരു മുറിയിൽ ഒതുങ്ങുന്ന ട്രാൻസ്മിറ്ററും FM പ്രക്ഷേപണം വൻതോതിൽ ചിലവ് കുറച്ചു..

FM ഫ്രീക്വൻസി നേർ രേഖയിലേ സഞ്ചരിക്കൂ കുന്നും മലയും FM താണ്ടില്ല എന്ന വ്യാപക പ്രചരണം മറ്റ് കമ്പനികൾ നടത്തിയെങ്കിലും അതൊന്നും ഏറ്റില്ല. FM വിദൂരതയിലും വ്യക്തമായി കിട്ടാനുള്ള ആൻ്റിന ഡിസൈൻ ചെയ്ത് ആംസ്ട്രോങ്ങ് ഈ പ്രചരണത്തിൻ്റെ വായടച്ചു. ന്യൂയോർക്കിൽ നിന്നുള്ള FM പ്രക്ഷേപണം 125 കിലോമീറ്റർ അകലെ വരെ വിജയകരമായി സ്വീകരിക്കുന്ന  പ്രദർശനങ്ങൾ ഇതിന് വേണ്ടി നടത്തി.

FM റേഡിയോ നിർമ്മിക്കാനുള്ള അവകാശം GEക്ക് മാത്രമായി ആംസ്ട്രോങ്ങ് നൽകിയിരുന്നതിനെ മറികടക്കാൻ നേരായ മാർഗ്ഗത്തിൽ പോയാൽ നടക്കില്ല എന്ന് കണ്ട്  അദ്ദേഹത്തിൻ്റെ FM ടെക്നോളജിൽ 5 മാറ്റങ്ങൾ വരുത്തി പുതിയ ടെക്നോളജിയായി പേറ്റെൻ്റ് എടുത്ത് RCA അടക്കമുള്ള കമ്പനികൾ  FM റേഡിയോകൾ വൻതോതിൽ പുറത്തിറക്കി.ഇത് FM ചരിത്രത്തിലെ മൂന്നാം വഞ്ചന!

ഈ തിരിച്ചടികൾക്കിടയിലും FM ഉപയോഗിച്ചുള്ള റഡാർ സിസ്റ്റവും സാറ്റലൈറ്റുകളിലേക്കും, ചന്ദനിലേക്കും വരെ റേഡിയോ സിഗ്നലുകൾ എത്തിക്കാനുള്ള ടെക്നോളജികളും അദ്ദേഹം വികസിപ്പിച്ചെടുത്തു.

FM ലൂടെ സ്റ്റീരിയോ ആയി ശബ് ദം പ്രക്ഷേപണം ചെയ്യാൻ പറ്റും എന്ന ഐഡിയയും ആംസ്ട്രോങ്ങ് തന്നെയാണ് കണ്ടെത്തിയത്. സ്റ്റീരിയോ പ്രക്ഷേപണത്തിനും എതിരാളികൾ പാര വച്ചതിനാൽ അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമേ കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി ആ ടെക്നോളജിക്ക് അനുമതി ലഭിച്ചുള്ളൂ. 1961 ജൂൺ 1 ന് ന്യൂയോർക്കിലും, ചിക്കാഗോയിലുമായി 2 റേഡിയോ സ്റ്റേഷനുകൾ FM സ്റ്റീരിയോ പ്രക്ഷേപണം ആരംഭിച്ചു. തുടർന്ന് TV ശബ് ദ പ്രക്ഷേപണവും സ്റ്റീരിയോ മോഡിലായി.

തൻ്റെ ടെക്നോളജിയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി മറ്റ് കമ്പനികൾ റേഡിയോകൾ നിർമ്മിക്കാനരംഭിച്ചത് FM പേറ്റെൻ്റിൽ നിന്നും ആംസ്ട്രോങ്ങിന് ലഭിച്ചു കൊണ്ടിരുന്ന വൻ തുകകൾ നഷ്ടപ്പെടുത്തി.


ഇതിനെതിരേ വീണ്ടും കേസുകൾ നൽകിയെങ്കിലും, സാമ്പത്തിക നില ആകെ പരിതാപകരമായി. മനസു മടുത്ത അദ്ദേഹം 1954 ജനുവരി 31ന് അർദ്ധരാത്രിയിൽ  ഗവേഷണത്തിനായി റേഡിയോ ടവർ സ്ഥാപിച്ചിരുന്ന മൻഹാട്ടൻ സിറ്റിയിലെ റിവർ ഹൗസ് എന്ന ബഹുനില മന്ദിരത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
64 വയസായിരുന്നു അപ്പോൾ പ്രായം


അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ കേസുകളെല്ലാം തുടർന്ന് നടത്തി.എല്ലാ കേസുകളും ജയിച്ച്  ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു.1955 ൽ നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നല്ലൊരു പങ്ക് ചിലവാക്കി ആംസ്ട്രോങ്ങ് മെമ്മോറിയൽ റിസർച്ച് ഫൗണ്ടേഷൻ ന്യൂയോർക്കിൽ  അവർ സ്ഥാപിച്ചു. റേഡിയോ, വയർലസ്  സംബന്ധമായ കണ്ട് പിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷൻ്റെ ഉദ്ദേശലക്ഷ്യം.

FM റേഡിയോ ട്രാൻസ്മിഷൻ സംബന്ധിയായ 55 ൽ അധികം പേറ്റെൻ്റുകൾ എഡ് വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ആ ശാസ്ത്രകാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

നമ്മൾ ഓരോ തവണ  FM റേഡിയോ ഓൺ ചെയ്യുമ്പോഴും ആ മഹാനായ ശാസ്ത്രകാരനുള്ള ആദരവാകട്ടെ.

മാർക്കോണിക്ക് ശേഷം  റേഡിയോ പ്രക്ഷേപണ സാങ്കേതിക വിദ്യയിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല.

സംഗീതലോകം എന്നെന്നും ആംസ്ട്രോങ്ങിനോട് കടപ്പെട്ടിരിക്കും.

1977 ജൂലൈ 23 ന് ഇന്ത്യയിലെ ആദ്യ  സ്റ്റേഷൻ മദ്രാസിൽ (ചെന്നൈ )ആരംഭിച്ചതോടെ ഇന്ത്യയും FM യുഗത്തിലേക്ക് കാൽ വച്ചു. 

 

ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റേഷൻ 2001 ൽ ബാംഗ്ലൂരിൽ ആരംഭിച്ച റേഡിയോ സിറ്റിയാണ്.ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റീരിയോ പ്രക്ഷേപണവും ഇവിടെ നിന്നായിരുന്നു.

കേരളത്തിലെ ആദ്യ FM ന് സ്റ്റേഷൻ 1989 നവംബർ 1 ന് എറണാകുളം ജില്ലയിലെ കാക്കനാട് ആരംഭിക്കപ്പെട്ടു.


കേരളത്തിലെ ആദ്യ സ്വകാര്യFM സ്റ്റേഷൻ 2007 നവംബർ 29 ന്   കോഴിക്കോട് നിന്നാരംഭിച്ച റേഡിയോ മാംഗോയാണ്.




വില കുറഞ്ഞ LED ബൾബുകളും- ട്യൂബുകളും ഇറക്കി ചൈനക്കാർ ലോകത്തിലെ FM റേഡിയോ പ്രക്ഷേപണത്തിൻ്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്നു എന്ന ദു:ഖവാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കണം.

LED ബൾബുകൾ ഉണ്ടാക്കുന്ന ഇൻ്റർഫിയറൻസ് മൂലം FM ഒട്ടും വ്യകതമല്ലാതെയാണ് ലഭിക്കുന്നത്. ഇത് FM ൻ്റെ കുഴപ്പമല്ല ഓരോ LED ബൾബും ഓരോ FM ട്രാൻസ്മിറ്റർ പോലെ പ്രവർത്തിച്ച് ഇലക്ട്രിക്കൽ ഓസിലേഷനുകൾ പുറപ്പെടുവിക്കുന്നതാണ്. വില കുറഞ്ഞ ക്ലാസ് D ആംപ്ലിഫയറുകളും FM സിഗ്നലുകളെ അപശ്രുതിയാക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്.

ഇത് മൂലം FM റേഡിയോ പ്രക്ഷേപണം പൂർണ്ണമായും വെറുത്ത് മൊബൈലും, ഇൻ്റർനെറ്റും ഉപയോഗിച്ച് FM സ്റ്റേഷനുകൾ കേൾക്കുന്ന അവസ്ഥയിലേക്ക് നമ്മളിൽ പലരും മാറിയിട്ടുണ്ട്.

ഇൻ്റർനെറ്റിലൂടെയുള്ള FM റേഡിയോ പ്രക്ഷേപണത്തിൻ്റെ പ്രചാരം വർദ്ധിച്ചതിനേത്തുടർന്ന് വിദേശ രാജ്യങ്ങളിൽ FM (ഫ്രീക്വൻസി മോഡുലേഷൻ)ട്രാൻസ്മിറ്ററുകൾ ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുകയാണ്.

നമ്മുടെ നാട്ടിൽ ഇപ്പോൾ കാലഹരണപ്പെട്ട AM ടെക്നോളജി  ഉപയോഗിക്കുന്ന MW (ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ) സ്റ്റേഷനുകളാണ് ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുന്നത്. 

RF ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ്.(നോയ് സ്) ഇല്ലാത്ത LED ബൾബുൾ സർക്കാർ പോത്സാഹിപ്പിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിലും FM റേഡിയോ സ്റ്റേഷനുകൾ പൂട്ടിപ്പോകുന്ന കാലം വിദൂരമല്ല. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, .14.06.2023

 

No comments:

Post a Comment