കെൽട്രോണും പീക്കേയും തമ്മിൽ
2014 ൽ ആമിർ ഖാൻ നായകനായി രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ PK പുറത്തിറങ്ങി. അതിൻ്റെ പോസ്റ്റർ ഡിസൈൻ വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
ആമീർ ഖാൻ ഒരു ടേപ്പ് റിക്കോർഡർ കൊണ്ട് തൻ്റെ പ്രൈവറ്റ് പാർട്ടുകൾ മറച്ച നിലയിലുള്ള ആ പോസ്റ്റർ സദാചാരവാദികളുടെ എതിർപ്പിനും വൻ വിവാദങ്ങൾക്കും അന്ന് വഴിവച്ചിരുന്നു.
നാഷണൽ പാനാസോണിക്കിൻ്റെ 1970 മുതൽ 1984 വരെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ജനപ്രീയ മോഡൽ RQ 565 D എന്ന ടു ഇൻ വണ്ണായിരുന്നു ആ വിവാദ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.
RQ 565 D ഒരു 3 ബാൻഡ് റേഡിയോ ഉള്ള മോഡലായിരുന്നു. FM ഉണ്ടായിരുന്നില്ല. കാസറ്റ് ഡോറിൻ്റെ താഴെ ഒരു കൗണ്ടർ, ഡയലിൽ ഒരു അനലോഗ് Vu മീറ്റർ, ഹെവി ഡ്യൂട്ടി മെക്കാനിസം, എന്നിവ ഈ മോഡലിൻ്റെ പ്രത്യേകതകളായിരുന്നു.
ഈ PK യും നമ്മുടെ കെൽട്രോണും തമ്മിൽ എന്ത് ബന്ധം? ആ വിഷയത്തിലേക്ക് കടക്കാം.
കേരളത്തിൻ്റെ അഭിമാനമായിരുന്ന കെൽട്രോൺ 1980 മുതൽ റേഡിയോകൾ നിർമ്മിച്ചിരുന്നു എന്ന് നിങ്ങൾക്കറിയാം.
1984 ൽ കെൽട്രോൺ ഏതാനും മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ ?.
അങ്ങനെയും സംഭവിച്ചിട്ടുണ്ട്. 1984 കാലഘട്ടത്തിൽ കെൽട്രോൺ 3 മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നു. ഒപ്പം ബ്ലാങ്ക് കാസറ്റുകളും.
.
കെൽട്രോൺ പുറത്തിറക്കിയ TR 634 എന്ന മോഡൽ PK ഫിലിമിൽ ആമിർ ഖാൻ നാണം മറച്ച അതേ RQ 565 D തന്നെയായിരുന്നു.
പാനാസോണിക്കിൻ്റെ മോഡലുമായി കെൽട്രോൺ സെറ്റിനുള്ള വ്യത്യാസം അനലോഗ് Vu മീറ്റർ ഇല്ല എന്നത് മാത്രമായിരുന്നു. പകരം ആ സ്ഥാനത്ത് രണ്ട് LED കൾ സ്ഥാപിച്ചിരുന്നു.
കെൽട്രോൺ 1983 ൽ ഏതാണ്ട് 500 ഓളം RQ 565 D യുടെ ക്യാബിനെറ്റ് വിത്ത് മെക്കാനിസം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് കെൽട്രോണിൻ്റെ തിരുവനന്തപുരം പ്ലാൻ്റിൽ അസംബിൾ ചെയ്തിരുന്നു.
PCB, സ്പീക്കർ, പവർ ട്രാൻസ്ഫോർമർ എന്നിവ കെൽട്രോണിൻ്റെ തന്നെ. വളരെ നല്ല ഗുണമേൻമ ഉണ്ടായിരുന്ന ഈ മോഡൽ ടേപ്പ് റിക്കോർഡറുകൾ ചൂടപ്പം പോലെ വിപണിയിൽ വിറ്റ് പോയി.
ഈ സെറ്റിൻ്റെ PCB യിൽ ഉൾക്കൊള്ളിച്ച ഭാരത് ഇലക്ട്രോണിക്സ് നിർമ്മിച്ചിരുന്ന ഹീറ്റ് സിങ്ക് ഇല്ലാത്ത BEL 1895 എന്ന ഐസി ഉപയോഗിച്ചുള്ള 1 വാട്ട് ക്ലാസ് AB ആംപ്ലിഫയർ അന്നത്തെ കാലത്ത് വലിയ പുതുമയായിരുന്നു.
ട്രാൻസിസ്റ്റർ ഉപയോഗിച്ച് അര വാട്ട് ശബ്ദം ഉണ്ടാക്കുമ്പോൾ തന്നെ നല്ല ഹീറ്റ് സിങ്ക് വേണ്ടിയിരുന്ന കാലത്താണ് ,ഹീറ്റ് സിങ്കില്ലാതെ വൺവാട്ട്.
കുറഞ്ഞ ബാറ്ററി ചിലവിൽ ക്ലീൻ സൗണ്ടായിരിന്നു ഈ ഐസിയുടെ പ്രത്യേകത.
1983 ൽ കേരളത്തിൽ എല്ലായിടവും വൈദ്യുതി എത്തിയിട്ടില്ല എന്നതിനാൽ ബാറ്ററി ഇട്ടാലും ദീർഘനേരം പ്രവർത്തിക്കുമെന്ന ഗുണം വിൽപ്പനയെ വളരെ സഹായിച്ചു.
ഫിലിപ്സിൻ്റെ PV C ഗാങ്ങ് കപ്പാസിറ്ററും കെൽട്രോണിനായി ജവഹർ കമ്പനി നിർമ്മിച്ച lFTകളും കോയിലുകളും മികച്ച റേഡിയോ റിസപ്ഷൻ കിട്ടാൻ സഹായകമായിരുന്നു.
3 സ്റ്റേജ് സിലിക്കോൺ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള ഹെഡ് പ്രീ ആംപ്ലിഫയർ കാസറ്റ് പ്ലയറിന് നല്ല ശബ്ദ ഗുണം നൽകി.
500 എണ്ണം അസംബിൾ ചെയ്ത് വിപണിയിലെത്തിച്ചപ്പോൾ തന്നെ അറിയപ്പെടാത്ത കാരണങ്ങളാൽ കെൽട്രോണിൻ്റെ ടേപ്പ് റിക്കോർഡർ അസംബ്ലിങ്ങ് യൂണിറ്റിന് താഴ് വീണു.
ഒരു സ്റ്റീരിയോ മോഡലും, TR 634 എന്ന ചിത്രത്തിൽ കാണുന്ന മോഡലും, ഒരു കിടത്തിയിടുന്ന ബെഡ് ടൈപ്പ് മോഡലിലും കെൽട്രോൺ ടേപ്പ് റിക്കോർഡറുകൾ പരിമിത എണ്ണം അക്കാലത്ത് പുറത്തിറക്കിയതായി കേട്ട് കേൾവിയുണ്ട്.
മറ്റ് കെൽട്രോൺ ടേപ്പ് റിക്കോർഡർ മോഡലുകൾ ആരുടെയെങ്കിലും കൈവശം ഉള്ള പക്ഷം അതിൻ്റെ ചിത്രം കമൻ്റായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
TR 634 എന്ന 2 IN ONE മോഡൽ മാത്രമേ എൻ്റെ ദീർഘകാല അന്വോഷണത്തിനൊടുവിൽ കണ്ട് കിട്ടിയുള്ളൂ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്കാരനായ സനീഷ് മംഗലശേരിയുടെ കൈവശമാണ് അവനുള്ളത്. വളരെ അപൂർവ്വമായതിനാൽ വിൻ്റേജ് കളക്റ്റർമാർക്കിടയിൽ വൻ പ്രീയമാണിവന്.
അക്കാലത്ത് കെൽട്രോൺ പുറത്തിറക്കിയ കാസറ്റുകളും നല്ല ഗുണമേൻമ ഉള്ളവയായിരുന്നു. വളരെ അപൂർവ്വമായ അവ ചില കാസറ്റ് ശേഖരണക്കാരുടെ കൈവശമുണ്ട്. ചിത്രത്തിൽ കാസറ്റുകളും കാണാം.
ഈ മോഡലിൽ പെട്ട കുറേയെണ്ണം ഏതോ പദ്ധതി പ്രകാരം സർക്കാർ സ്കൂളുകളിലേക്ക് നൽകിയിരുന്നു. സർക്കാർ സ്കൂളുകളുടെ പഴയ അലമാരികളുടെ മുകളിൽ എവിടെയെങ്കിലും ഈ നിധി ഇപ്പോഴും പൊടിപിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ടാകണം. എഴുതിയത് അജിത് കളമശേരി.01.07.2022. #Ajith_Kalamassery, #keltron,
No comments:
Post a Comment