CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, June 10, 2023

കാർ സ്റ്റീരിയോ വന്ന വഴി!

 കാർ സ്റ്റീരിയോ വന്ന വഴി!

 

 




ആദ്യകാല വാക്വം ട്യൂബ് റേഡിയോകൾ 95 വോൾട്ട് മുതൽ മുകളിലേക്കുള്ള ഉയർന്ന വോൾട്ടേജ് ഉണ്ടെങ്കിലേ പ്രവർത്തിക്കുമായിരുന്നുള്ളൂ. അന്നത്തെ കാറുകളിൽ മിക്കതിനും സെൽഫ് സ്റ്റാർട്ടർ ഇല്ലാത്തതിനാൽ ബാറ്ററി പോലുമില്ലാതെയാണ് ഓടിയിരുന്നത്.

അതിനാൽ കാറിൽ  റേഡിയോ ഫിറ്റ് ചെയ്യുന്ന കാര്യം ആലോചിക്കുക പോലും വേണ്ടായിരുന്നു.


എന്നിരുന്നാലും ചില ഇലക്ട്രോണിക്സ് ഹോബിയിസ്റ്റുകൾ  വീട്ടിൽ ഉപയോഗിച്ചിരുന്ന റേഡിയോകൾ വൈബ്രേറ്റർ എന്ന അദ്യകാല വാക്വം ട്യൂബ് ഇൻവെർട്ടർ ഉപയോഗിച്ച് കാറുകളിൽ   ഫിറ്റ് ചെയ്ത് ഓടിക്കുമായിരുന്നു.

1922 ൽ അമേരിക്കൻ കമ്പനിയായ ഷവർലേ "റേഡിയോ സെഡാൻ" എന്ന പേരിൽ റേഡിയോ ഇൻ ബിൽറ്റ് ചെയ്ത ഒരു കാർ മോഡൽ ഇറക്കിയതോടെയാണ് ലോകത്ത് കാറിൽ സംഗീതം ഔദ്യോഗികമായി മുഴങ്ങിത്തുടങ്ങിയത്.

കാറിന് മുകളിൽ തോരണം തൂക്കാനെന്ന പോലെ രണ്ട് പോസ്റ്റുകൾ നാട്ടി അതിൽ  ഏരിയലിനായി വലിച്ച് കെട്ടിയ  കമ്പികളുമായി ഇറങ്ങിയ ആ മോഡൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും, വിലക്കൂടുതലും റോഡിൽ ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പുകളിൽ ഉടക്കി ആൻ്റിന വളഞ്ഞ് പോകുന്നതുൾപ്പടെയുള്ള പോരായ്മകൾ നിമിത്തം  വന്നതു പോലെ തന്നെ വേഗത്തിൽ അരങ്ങൊഴിഞ്ഞു.

1927 ൽ അമേരിക്കക്കാരനായ വില്യം ഹെയ്ന "ആരംഭിച്ച  ഹെയ്ന ഫോൺ  കമ്പനി " ട്രാൻസിസ്റ്റ് ടോൺ എന്ന പേരിൽ ലോകത്തിലെ ആദ്യ കാർ റേഡിയോ നിർമ്മിക്കാൻ പേറ്റെൻ്റ് എടുത്തു.

ഓട്ടോമൊബൈൽ റേഡിയോ  കോർപ്പറേഷൻ ARC എന്ന മറ്റൊരു അമേരിക്കൻ കമ്പനി ഹെയ്ന ഫോണിൽ മുതൽ മുടക്കുകയും റേഡിയോകൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തു.

കാറിൽ റേഡിയോ വയ്ക്കുന്ന പരിപാടിയുടെ ഭാവി വളരെ ശോഭനമായിരുക്കുമെന്ന് മുൻകൂട്ടി കണ്ട ഫിലാഡൽഫിയ സ്റ്റോറേജ് ബാറ്ററി കമ്പനി എന്ന വണ്ടികൾക്ക് വേണ്ടി ബാറ്ററി ഉണ്ടാക്കുന്ന കമ്പനി ARC യെ മൊത്തമായി വാങ്ങി ഈ കമ്പനിയുടെ ബ്രാൻഡ് നെയിം  നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. PHILCO...ഫിൽകോയെ പിന്നീട് ഫിലിപ്സ് ഏറ്റെടുത്തു. ഫിലിപ്സിൻ്റെ മറ്റൊരു ബ്രാൻഡായാണ് ഫിൽകോ അറിയപ്പെടുന്നത്.


ഇതിന് സമാന്തരമായി വേറൊരാളും കാർ റേഡിയോ നിർമ്മാണത്തിൽ വ്യാപൃതനായിരുന്നു. വില്യം ലിയർ എന്ന  അമേരിക്കൻ എഞ്ചിനീയറായിരുന്നു അത്.പോൾ ഗാൽവിൻ എന്ന അദ്ദേഹത്തിൻ്റെ സുഹൃത്ത് ഇതിന് വേണ്ട സാമ്പത്തിക പിൻതുണ നൽകിപ്പോന്നു. ഗാൽവിന് ബാറ്ററി എലിമിനേറ്റർ നിർമ്മിക്കുന്ന ഗാൽവിൻ മാനുഫാക്ചറിങ്ങ് എന്ന ഒരു കമ്പനി അന്നുണ്ടായിരുന്നു.

ഗാൽവിനും, ലിയറും ഗാൽവിൻ്റെ  സ്റ്റഡി ബക്കർ കാറിൽ തങ്ങൾ  സ്വന്തമായി നിർമ്മിച്ച റേഡിയോയും ഫിറ്റ് ചെയ്ത്  അറ്റ്ലാൻ്റിക് സിറ്റിയിൽ 1930 ജൂണിൽ  നടന്ന വേൾഡ് റേഡിയോ ഷോയിൽ പങ്കെടുക്കാൻ പോയി.

സ്റ്റാൾ കിട്ടാതെ വന്നതിനാൽ അവർക്ക്  പാർക്കിങ്ങ് ഗ്രൗണ്ടിൽ കാറ് പാർക്ക് ചെയ്ത് ഡമോ കാണിക്കേണ്ടി വന്നു.

സ്റ്റാളില്ലാതിരുന്നതിനാൽ കറണ്ട് കിട്ടിയില്ല. അതിനാൽ   ബാറ്ററി ഡൗണായി പ്പോകാതിരിക്കാൻ കാറിൻ്റെ എഞ്ചിൻ ഓഫാക്കാതെയാണ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്നത്.

PHILCO ഇറക്കിയിരുന്ന റേഡിയോകൾ എഞ്ചിൻ പ്രവർത്തിച്ചാൽ സ്പാർക്ക് പ്ലഗ്ഗിൽ നിന്നുള്ള ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ് ശബ്ദം സ്പീക്കറിലൂടെ വരുന്നത് മൂലം വല്ലാത്ത അലോരസമായിരുന്നു.

 ഇതൊഴിവാക്കാൻ റേഡിയോ കാറിൻ്റെ ഡിക്കിയിൽ വച്ച് അതിനായി  മറ്റൊരു ബാറ്ററിയും കൂടി കണക്റ്റ് ചെയ്തൊക്കെയാണ് ഫിൽകോ റേഡിയോകൾ പ്രവർത്തിപ്പിച്ചിരുന്നത്.

 എന്നാലും കുറച്ചൊക്കെ നോയ്സ് ആസ്വാദനത്തെ തടസപ്പെടുത്തിയിരുന്നു.

ഗാൽവിൻ്റെയും, ലിയറിൻ്റെയും റേഡിയോ എഞ്ചിൻ പ്രവർത്തിച്ചാലും അനാവശ്യ ശബ്ദ ബഹളങ്ങളില്ലാതെ പ്രവർത്തിക്കുന്നത് കണ്ട് ജനം തടിച്ച് കൂടി.അവർ പോലും പ്രതീക്ഷിക്കാത്ത വിധം  ധാരാളം ഓർഡറുകൾ അന്നത്തെ എക്സിബിഷനിൽ നിന്നും കിട്ടി.


ഓർഡറുകൾ കിട്ടിയതോടെ തങ്ങളുടെ റേഡിയോയ്ക്ക് ഒരു ബ്രാൻഡ് പേരിടണമെന്ന് ആ സുഹൃത്തുക്കൾ തീരുമാനിച്ചു.

അക്കാലത്ത് അമേരിക്കയിൽ  ശബ്ദവ്യക്തതയിൽ കേമനായ ഗ്രാമഫോൺ പ്ലയറുകൾ ഇറക്കിയിരുന്ന ഒരു മുൻ നിര കമ്പനിയായിരുന്നു  വിക്ടറോള.

 ഈ പേരിനെ അനുകരിച്ച് മോട്ടോർ വണ്ടിയിൽ പാടിക്കാനുള്ള വിക്ടറോള എന്ന് ആളുകൾ തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതി അവർ  മോട്ടറോള എന്ന ഒരു പേരങ്ങട്  കാച്ചി.

സംഗതി അനുകരണമായിരുന്നെങ്കിലും ഒരു സംഭവമാകാൻ പോകുന്ന പേരായിരുന്നു അത് എന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല

5T-71 എന്ന ആദ്യ മോഡൽ കാർ റേഡിയോയ്ക്ക് ഫിറ്റിങ്ങ് ചാർജടക്കം 150 ഡോളറായിരുന്നു 1930 ലെ പ്രാരംഭ വില.

അത്രയും തന്നെ കാശ് കൂടി കൊടുത്താൽ  ഫോർഡിൻ്റെ മോഡൽ Tകാറ് കിട്ടുന്ന കാലത്താണ് ഈ വമ്പൻ വിലയ്ക്ക് റേഡിയോ ഇറങ്ങുന്നത്. ഒരു പുതിയ സെഗ്മെൻ്റ് ആയതിനാൽ കാറിലെ സ്ഥലപരിമിതികൂടി കണക്കിലെടുത്ത് വാക്വം ട്യൂബുകൾ, ട്രാൻസ്ഫോർമറുകൾ എല്ലാം റീ ഡിസൈൻ ചെയ്യേണ്ടി വന്നത് മൂലമാണ് ഈ വൻ വില റേഡിയോയ്ക്ക് വന്നത്.


വലിപ്പവും ഭാരവും, പോരാത്തതിന് വിലയും വളരെ കൂടുതലായിരുന്നു അന്നത്തെ കാർ റേഡിയോകൾക്ക് .

കാറിലേക്കായി വാങ്ങുന്ന റേഡിയോ വീട്ടിലും ഉപയോഗിക്കാനായി കാറിൻ്റെ ഫുട് ബോർഡിൽ ഫിറ്റ് ചെയ്യുന്ന ഒരു മോഡലും  മോട്ടറോള ഇറക്കിയിരുന്നു. ചിത്രത്തിൽ കാണുന്നത് അതാണ്.

 റേഡിയോയിൽ നിന്നും  സ്റ്റേഷൻ പ്രക്ഷേപണം ചെയ്യുന്ന പാട്ടുകളേ കേൾക്കാൻ പറ്റൂ.. നമ്മൾക്കിഷ്ടമുള്ള പാട്ട് കേൾക്കാൻ പറ്റില്ല.എന്നതായിരുന്നു റേഡിയോയുടെ പ്രധാന പോരായ്മ.

ഇതിനൊരു പരിഹാരമെന്ന നിലയിൽ കാറിൽ റെക്കോഡ് പ്ലയർ ഉൾക്കൊള്ളിക്കാൻ പല പല കമ്പനികളും നിതാന്ത ഗവേഷണത്തിൽ ഏർപ്പെട്ടു.

CBS ലാബോറട്ടറീസിലെ പീറ്റർ ഗോൾഡ്മാർക്ക് 1950ൽ കണ്ടു പിടിച്ച  "ഹൈവേ ഹൈ ഫൈ" എന്ന മോഡൽ കാർ റിക്കോഡ് പ്ലയർ  ക്രിസ് ലർ കാറുകളിൽ കമ്പനി ഫിറ്റ് ചെയ്ത് ലഭിച്ച് തുടങ്ങി .ഇതാണ് ലോകത്തിലെ ആദ്യ കാർ ഓഡിയോ സിസ്റ്റം

അത്യധികം സ്മൂത്തായ സസ്പെൻഷൻ ഉള്ള വിലകൂടിയ കാറുകളിലേ ഹൈവേ ഹൈ ഫൈ പ്രവർത്തിക്കുമായിരുന്നുള്ളൂ. അല്ലാത്തവയിൽ എഞ്ചിൽ വൈബ്രേഷനും റോഡിലെ കുഴികളും റിക്കോഡിൽ നിന്ന് സൂചിയെ ട്രാക്ക് മാറ്റി കളിപ്പിക്കും!

ട്രാൻസിസ്റ്ററുകളുടെ കണ്ട് പിടുത്തത്തോടെ ശബ്ദവ്യക്തതയും, ഫിഡിലിറ്റിയും കൂട്ടിയ FM കാർ റേഡിയോകൾ  നിർമ്മാണമാരംഭിച്ചു. ബ്ലോപങ്ക് (BIaupunkt ) എന്ന ജർമ്മൻ കമ്പനി 1952 ആദ്യ കാർ FM റേഡിയോ വിപണിയിലെത്തിച്ചു.തുടർന്ന് മോട്ടറോള ഉൾപ്പടെയുള്ള , മറ്റ് കമ്പനികൾ  FM കാർ റേഡിയോകളുടെ ചാകര തന്നെ സൃഷ്ടിച്ചു.

1960 ൽ അമേരിക്കൻ എഞ്ചിനീയർ ഏൾ മുണ്ട്സ് സ്റ്റീരിയോ പാക് എന്ന പേരിൽ സ്റ്റീരിയോ കാട്രിഡ്ജ് കാസറ്റും, അതിൻ്റെ കാർ പ്ലയറുകളും കണ്ട് പിടിച്ച്  വിപണിയിലെത്തിച്ചതോടെ കാറുകളിൽ ആദ്യമായി സ്റ്റീരിയോ സംഗീതം മുഴങ്ങിത്തുടങ്ങി. ഇതാണ് ലോകത്തിലെ ആദ്യ ലക്ഷണമൊത്ത കാർ സ്റ്റീരിയോ.

4 ട്രാക്ക് കാർ സ്റ്റീരിയോക്ക് ബദലായി
1965 ൽ മോട്ടറോള 8 ട്രാക്ക് സ്റ്റീരിയോ കാർ പ്ലയർ അവതരിപ്പിച്ച്  വീണ്ടും കാർ സ്റ്റീരിയോ വിപണിയിൽ താരമായി. പക്ഷേ മോട്ടറോളയുടെ മേൽക്കൈയും അധികകാലം നീണ്ട് നിന്നില്ല.

1968ൽ ഫിലിപ്സ് ലോകത്തിൽ ആദ്യമായി കോംപാക്റ്റ് കാസറ്റുകൾ ഉപയോഗിക്കുന്ന കാർ സ്റ്റീരിയോകൾ പുറത്തിറക്കിയതോടെ
ഏതൊരു കാറിലും കുറഞ്ഞ ചിലവിൽ  സംഗീതം ആസ്വദിക്കാവുന്ന  സ്ഥിതി സംജാതമായി.

1984 ൽ CDX- 1 എന്ന മോഡൽ നമ്പറിൽ ജപ്പാനിലെ പയനിയർ കാർ CD പ്ലയർ പുറത്തിറക്കിയതോടെ കാസറ്റ് കാർ സ്റ്റീരിയോ പ്രഭാവത്തിന് മങ്ങലേറ്റു.

 2000 ൽ ട്രക്ക് എന്ന സിംഗപ്പൂർ കമ്പനി കൊണ്ട് നടക്കാൻ  സൗകര്യപ്രദമായ  USB ഫ്ലാഷ് ഡ്രൈവുകൾ വിപണിയിലെത്തിച്ചതോടെ  കാർ സ്റ്റീരിയോ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഉൽപ്പന്നങ്ങളിൽ USB പോർട്ട്   ഉൾപ്പെടുത്തി തുടങ്ങി.ഇതോടെ   CD യുഗത്തിനും അന്ത്യമായിത്തുടങ്ങി.


2000 ൽ തന്നെ എറിക്സൺ T36 എന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള  മൊബൈൽ ഫോൺ പുറത്തിറക്കിയിരുന്നു.ഇതോടെ കാർ സ്റ്റീരിയോകളും ബ്ലൂടൂത്ത് സംഗീത യുഗത്തിലേക്ക് കാലെടുത്തു വച്ചു. ഫോണിലെ പാട്ടുകൾ കാർ സ്റ്റീരിയോയുമായി വയറുകളില്ലാതെ അയത്നലളിതമായി ബന്ധിപ്പിക്കാൻ ബ്ലൂടൂത്ത് മുഖേന സാദ്ധ്യമായതോടെ സംഗീതപ്രേമികൾ കാറിലെ CD സംഗീതവും ,പ്ലയറുകളും ഉപേക്ഷിച്ചു.

CD യുഗം അവസാനിച്ചതോടെ കാർ സ്റ്റീരിയോകളിൽ ചലിക്കുന്ന ഒരു വസ്തുവും ഇല്ലാതായി.കാറിലെ വൈബ്രേഷനും, പിഞ്ച് റോളറിൻ്റെ തേയ്മാനവും, മോട്ടോറിൻ്റെ തകരാറുകളും  മൂലം കാസറ്റ് ,CD യുഗം 'സംഗീത പ്രേമികൾക്ക് വല്ലാത്ത അലോരസവും, കാസറ്റ് കുരുങ്ങുക, പോലുള്ള തലവേദകളും സൃഷ്ടിച്ചിരുന്നു.

 സംഗീതലോകം മെമ്മറി കാർഡ്, USB, ബ്ലൂടൂത്തും കടന്ന്  ഇൻ്റർനെറ്റ് സ്ട്രീമിങ്ങ് യുഗത്തിലേക്ക് കടന്നതോടെ കാസറ്റ് കുരുങ്ങലും, സ്പീഡ് വേരിയേഷനും, ട്രാക്ക് ചാട്ടവും എല്ലാം പഴങ്കഥയായി. സ്റ്റോറേജ് പ്രശ്നം ഒരു പ്രശ്നമല്ലാതായതോടെ ക്വാളിറ്റി കോംപ്രമൈസ് ചെയ്തിരുന്ന  MP3 യെ ഉപേക്ഷിച്ച്  ഹൈക്വാളിറ്റി വേവ്, ഫ്ലാക്ക് പോലുള്ള സ്റ്റുഡിയോ ക്വാളിറ്റി ,ലോസ് ലെസ് ഓഡിയോ സംഗീതം കുറഞ്ഞ ചിലവിൽ ഇപ്പോൾ നമുക്ക് പ്രാപ്യമാണ്.

ഇപ്പോൾ   കാർ സ്റ്റീരിയോകളിൽ ഇൻ്റർനെറ്റ് സ്ട്രീമിങ്ങാണ് താരം. നമുക്ക് നേരിട്ട് നെറ്റിൽ നിന്നും ഇഷ്ടമുള്ള FM സ്റ്റീരിയോ റേഡിയോ സ്‌റ്റേഷനുകളോ ,സംഗീതമോ തിരഞ്ഞെടുത്ത് കേൾക്കാൻ ഒരു ശബ്ദ നിർദ്ദേശം മാത്രം മതിയാകും.

, ഇന്ത്യയിലും പണ്ട് മുതൽ തന്നെ കാർ റേഡിയോകൾ നിർമ്മിക്കുന്നുണ്ടായിരുന്നു.ഇന്ത്യയിലെ  ആദ്യ കാർ റേഡിയോ നിർമ്മാതാക്കളെപ്പറ്റി  അധികം താമസിയാതെ എഴു
താം. 

ചിത്രത്തിൽ യാത്രയ്ക്ക് മുൻപ് കാർ റേഡിയോ ഓൺ ചെയ്യുന്ന ഗൃഹനാഥ.1931 ലെ ചിത്രം.

1922ൽ ആരംഭിച്ച് ഇപ്പോൾ 101 വർഷം പൂർത്തിയാക്കിയ  കാർ റേഡിയോകൾ സംഗീത പ്രേമികളായ നമ്മളിൽ ഓരോരുത്തരുടെയും പാട്ടുകാരനും കൂട്ടുകാരനുമായി നമ്മുടെ യാത്രകൾക്ക് കൂട്ടായി എന്നെന്നും കൂടെയുണ്ടാകും.എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 10.06.2023.


 

No comments:

Post a Comment