PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, June 13, 2023

തകർപ്പൻ ഓഫർ

 തകർപ്പൻ ഓഫർ


 

ഓണക്കാലം വരവായി! ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മറ്റ് ഗൃഹോപകരണ വിപണികൾ ഉണർന്ന് കഴിഞ്ഞു.
പതിവ് തട്ടിപ്പും, തരികിടകളുമായി വൻകിട ഗൃഹോപകരണ വിൽപ്പനശാലകൾ പത്രങ്ങളിലും, TV ചാനലുകളിലും വമ്പൻ ഓഫർ പരസ്യങ്ങളുമായി ഇറങ്ങിക്കഴിഞ്ഞു.
മനോരമയും, മാതൃഭൂമിയും വനിതയുമൊക്കെ ഇനി ദിവസം രണ്ടെണ്ണം വീതം ഇറക്കിത്തുടങ്ങും.
വാർത്തയുടെ 40 ശതമാനത്തിൽ അധികം പരസ്യങ്ങൾ കൊടുക്കരുത് എന്ന് ഏതോ ഇണ്ടാസ് മറികടക്കാനാണ് രണ്ടും മൂന്നും ഭാഗങ്ങൾ ഒരു ദിവസം തന്നെ ഇറക്കുന്നത്.
പത്രങ്ങളിലെ ഈ പരസ്യങ്ങളൊക്കെ വായിച്ചാൽ TV യും, ഫ്രിഡ്ജും, വാഷിങ്ങ് മെഷീനുമൊക്കെ വെറുതെ കൊടുക്കുന്നു ഒപ്പം ഓണം അടിച്ച് പൊളിക്കാൻ ഏതാനും ലക്ഷം രൂപയും കൂടെ നൽകുന്നു എന്ന തോന്നലാണ് ഉപഭോക്താക്കൾക്കുണ്ടാകുന്നത്.
ഗോഡൗണുകളിൽ ചിലവാകാതെ കെട്ടിക്കിടന്ന മോഡലുകളാണ് ഏറിയ പങ്കും ശരിയായ ഡിസ്ക്കൗണ്ട് നൽകി വിറ്റഴിക്കാറുള്ളത്.
പുതിയ മോഡൽ ടെലിവിഷനുകൾക്കും, മൊബൈലിനും ,കമ്പ്യൂട്ടറനുമെല്ലാം മിക്കവാറും എല്ലാ കടകളിലും ഏകദേശം ഒരേ വിലയായിരിക്കും.
സോണി, സാംസങ്ങ് പോലുള്ള വൻകിട കമ്പനികൾ കോടികളുടെ സമ്മാനം ഓഫർ ചെയ്യുന്നുണ്ടെങ്കിൽ ആർക്കെങ്കിലുമൊക്കെ അവ ലഭിക്കും. അവയോട് ക്ലബ്ബ് ചെയ്താണ് വൻകിട ഗൃഹോപകരണ ശാലക്കാർ അവരുടെ സ്വന്തം ഓഫറുകൾ പടച്ച് വിടുന്നതെന്ന് പരസ്യങ്ങൾ വരികൾക്കിടയിലൂടെ വായിച്ചാൽ മനസിലാകും. ആരെങ്കിലും പരാതിയുമായിപ്പോയാൽ തടി കേടാകാതെ ഊരിപ്പോരാനാണ് ഇങ്ങനെ ചെയ്യുന്നത്
മറ്റ് കേരളാ ബ്രാൻഡ് ഷോറൂമുകൾ സ്വന്തമായി അവതരിപ്പിക്കുന്ന കോടികളുടെ ഓണം സമ്മാന ഓഫറുകൾ പരസ്യങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ ഭൂരിഭാഗം ഉപഭോക്താക്കൾക്കും അവ ലഭിക്കാറില്ല എന്ന് ഇതുവരെയുള്ള അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആർക്കും മനസിലാക്കാവുന്നതാണ്.
പത്രങ്ങളിൽ കോടികളുടെ ഓഫറുകൾ കാണിച്ച്ഫുൾ പേജ് പരസ്യം നൽകി ആളുകളെ ആകർഷിച്ച് കച്ചവടം കൊഴുപ്പിക്കുന്ന ഡീലർമാർ ,ഓണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും സമ്മാനാർഹരെ പ്രഖ്യാപിക്കാറില്ല.
സംശയമുള്ളവർ കഴിഞ്ഞ ഓണം ഓഫറുകൾക്ക് സമ്മാനം അടിച്ചവരുടെ പേരും നമ്പരും ഈ വമ്പൻ ഓഫർ നൽകുന്ന ഡീലർമാരോട് ആവശ്യപ്പെടുക...
ഞാനങ്ങിനെ ഒന്ന് രണ്ട് പ്രമുഖ ഡീലർമാരോട് ആവശ്യപ്പെട്ടു... ബ.... ബ..... ബ..... എന്നായിരുന്നു ഉത്തരം.
അതിനാൽ പ്രീയ സുഹൃത്തുക്കളേ കഴിവതും വിപണിയിൽ ഗുണമേൻമ തെളിയിച്ച നല്ല സർവ്വീസ് കിട്ടുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ അൽപ്പം വില കൂടിയാലും വാങ്ങാൻ കഴിവതും ശ്രമിക്കുക...
ഒരു മൊബൈൽ നമ്പരിൻ്റെ പിൻബലത്തിൽ മാത്രം 📷പ്രവർത്തിക്കുന്ന ആറായിരം രൂപ വിലയിൽ 32 ഇഞ്ച് LED TV 3 വർഷം വാറൻ്റി എന്നൊക്കെ പരസ്യം ചെയ്ത് വിൽക്കുന്ന കമ്പനികളുടെ ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും വാങ്ങാതിരിക്കുക.
വാങ്ങിയ സാധനം കേടായാൽ വിളിച്ചാൽ ആ നമ്പർ നോട്ട് റീച്ചബിൾ ആയിരിക്കും. ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കണമെങ്കിൽ പോലും കമ്പനിയുടെ ഊരും പേരും അറിയണ്ടേ?
ഗ്യാസ് സ്റ്റൗ ,നോൺ സ്റ്റിക്ക് കുക്ക് പാനുകൾ, പ്രഷർകുക്കർ എന്നിവ വാങ്ങുമ്പോൾ ISI മാർക്ക് നോക്കുക. TV, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, ഫാനുകൾ, LED ബൾബുകൾ എന്നിവയ്ക്ക് സ്റ്റാർ റേറ്റിങ്ങ് നോക്കുക ചുരുങ്ങിയത് 3 സ്റ്റാർ എങ്കിലുമുള്ളത് വാങ്ങുക...
ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗകൾ വാങ്ങുമ്പോൾ ഗ്ലാസിൻ്റെ ഗുണമേൻമ പ്രത്യേകം ചോദിച്ചറിയുക. ചൂടായിരിക്കുന്ന ഗ്ലാസിൽ തണുത്ത വെള്ളം വീണാൽ പൊട്ടിച്ചിതറിപ്പോകും വില കുറഞ്ഞ ഗ്ലാസ്ടോപ്പുകൾ!
ഓണം ഓഫറുകൾ ഉപഭോക്താക്കൾക്ക് കൃത്യമായി കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഗവൺമെൻ്റിന് സംവിധാനം ഇല്ലാത്തത് മൂലം ഈ ഓണം ഓഫർ കബളിപ്പിക്കലുകൾ നിർബാധം കേരളത്തിൽ നടക്കും.
എന്നെപ്പറ്റിക്കൂ.... എന്നെപ്പറ്റിക്കൂ എന്ന് പറയാതെ പറഞ്ഞ് നടക്കുന്ന മലയാളികളെ പറ്റിക്കാൻ ഉത്തരേന്ത്യക്കാർ വരെ വണ്ടിയും പിടിച്ച് കേരളത്തിൽ എത്തി സ്റ്റാളുകൾ തുറന്ന് കഴിഞ്ഞു.
ദുരഭിമാനികളായ മലയാളികൾ കബളിപ്പിക്ക പ്പെട്ടാൽ ഒരു പരാതി പോലും പറയില്ല എന്ന് കോടികൾ ഓഫർ ചെയ്ത് വ്യാപാരം കൊഴുപ്പിക്കുന്ന കച്ചവടക്കാർക്ക് നന്നായറിയാം.
ആരും നഷ്ടത്തിന് കച്ചവടം നടത്തില്ല. ആരും ഒന്നും വെറുതെ കൊടുക്കുകയുമില്ല, വെറുതെ കൊടുക്കുന്നു എന്നവകാശപ്പെടുന്നതിൻ്റെ വില നമ്മുടെ പോക്കറ്റിൽ നിന്നും അറിയാതെ എടുക്കും എന്ന് വാങ്ങാൻ പോകുമ്പോൾ മനസിൽ ഉറപ്പിക്കുക.
മുൻപൊരു പ്രമുഖ ഹോം അപ്ലയൻസസ് ഡീലർ ഓണത്തിന് 25 കാറുകൾ സമ്മാനമായി പ്രഖ്യാപിച്ചു. സമ്മാനം കൊടുക്കാൻ കണ്ട സൂത്രപ്പണി കാറുകൾ സ്വന്തം ചിലവിൽ ബുക്ക് ചെയ്ത ഏതാനും പേരേ കണ്ടെത്തി അവരോട് ഒരു ഡീൽ ഉറപ്പിച്ചു.അമ്പതിനായിരം രൂപ ഞങ്ങളങ്ങോട്ട് തരും! നിങ്ങൾക്ക് കാറ് കിട്ടുമ്പോൾ ഞങ്ങൾ ഒരു ഫോട്ടം പിടിച്ച് ഞങ്ങളുടെ കടയിൽ നിന്ന് സാധനം വാങ്ങിയപ്പോൾ നൽകിയ കൂപ്പണിന് ലഭിച്ച സമ്മാനമെന്ന് പറയും ഓക്കെയാണോ?
ഓക്കെയാണ് ....അവർക്കെന്ത് കുഴപ്പം, അമ്പതിനായിരം രൂപയും കിട്ടും ഒപ്പം പത്രത്തിലൂടെ സൗജന്യ പ്രശസ്തിയും … പക്ഷേ പണി പാളി കാറ് കിട്ടിയപ്പോൾ ഫോട്ടോയൊക്കെ എടുത്തു.പത്രത്തിൽ പടവും വന്നു.അമ്പതിനായിരം രൂപ മാത്രം കൊടുത്തില്ല…. പണം കിട്ടാതെ വന്നവർ ഡോക്ടർമാരും, മറ്റ് പ്രമുഖ സർക്കാർ ഉദ്യോഗസ്ഥരുമായതിനാൽ നാണക്കേട് കരുതി ഇക്കാര്യം പുറത്ത് പറഞ്ഞതുമില്ല.
അതിനാൽ ഈ ഓണത്തിന് കബളിപ്പിക്കലുകളിൽ വീഴാതെ ബുദ്ധിപൂർവ്വമായി പർച്ചേസ് ചെയ്യുക. എഴുതിയത് #അജിത്_കളമശേരി, #Ajith_Kalamassery, #onam_offer

No comments:

Post a Comment