PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, June 13, 2023

ജൂനിയർ മാൻഡ്രേക്ക്

 ജൂനിയർ മാൻഡ്രേക്ക്


 

ഇവനാണ് ഷാർപ്പ് GF 555. 1979ൽ പ്രൊഡക്ഷൻ ആരംഭിച്ച ഈ മോഡലാണ് ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ഡബിൾ കാസറ്റ് ഡക്ക്.
GF 555 H, GF 555 E എന്നിങ്ങനെ രണ്ട് മോഡലിൽ ഇദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്.
110 മുതൽ 240 വരെയുള്ള വിവിധ വോൾട്ടേജുകളിൽ പ്രവർത്തിക്കുന്ന വിധം ടാപ്പിങ്ങുകൾ ഉള്ളതാണ് ഇതിൻ്റെ ട്രാൻസ്ഫോർമർ .
GF 555 H ന് 7+7 വാട്ട് RMS പവറും
GF 555 Eയ്ക്ക് 11 + 11 വാട്ട് RMS പവറുമാണുള്ളത്.
പോർട്ടബിൾ കൺസെപ്റ്റിൽ പുറത്തിറക്കിയിരിക്കുന്നതിനാൽ ബാറ്ററിയിലും പ്രവർത്തിക്കും.
10 വലിയ 1.5 വോൾട്ട് ബാറ്ററികളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഉണ്ടെങ്കിലേ ഈ ഭയങ്കരൻ പ്രവർത്തിക്കുകയുള്ളൂ.
ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ രണ്ട് മോഡലിൻ്റെയും മാക്സിമം ഔട്ട് പുട്ട് പവർ RMS വാട്ട് 6 + 6 ആയി ലിമിറ്റ് ചെയ്തിരിക്കുന്നു.
11ഐസികളും, 32 ട്രാൻസിസ്റ്ററുകളും, 2 FET കളും ,1SCRഉം 41 ഡയോഡുകളും 26 LED കളും ഇവനിൽ അടങ്ങിയിരിക്കുന്നു.
പോർട്ടബിൾ മോഡലാണെന്ന് ഷാർപ്പ് പറയുന്നുണ്ടെങ്കിലും ഇവനെ തോളിൽ വച്ച് വേണം ചുമന്ന് കൊണ്ട് നടക്കാൻ .
അതിന് ഒരു ചുമട്ട്കാരൻ അത്യാവശ്യമാണ്.
കാരണം ബാറ്ററി ഉൾപ്പടെ 10.5 കിലോഗ്രാം വെയിറ്റ് ഇവനുണ്ട്.
ഇറങ്ങിയ കാലത്ത് 1979ൽ 645.66 ഡോളറായിരുന്നു ഇവൻ്റെ വില ഏകദേശം 50500 രൂപ..അന്നത്തെ ഏറ്റവും വില കൂടിയ പോർട്ടബിൾ ബൂം ബോക്സ് എന്ന പദവി .രണ്ട് വർഷം കഴിഞ്ഞപ്പോൾ ഷാർപ്പ് തന്നെ ഇവൻ്റെ അപ്പനായിട്ട് വരുന്ന GF 777 എന്ന മോഡൽ ഇറക്കിയതോടെ ഇവൻ്റെ ഈ പദവി നഷ്ടപ്പെട്ടു.
മെറ്റൽ കാസറ്റ്, ഓട്ടോമാറ്റിക് മ്യൂസിക് സെർച്ച്, സ്പീഡ് ഡബ്ബിങ്ങ് ,LED മ്യൂസിക്‌ ലവൽ , രണ്ട് ഹെഡ് ഫോൺ കുത്താനുള്ള പാർട്ടി മോഡ് തുടങ്ങി നിരവധി പ്രത്യേകതകൾ ഇദ്ദേഹത്തിനുണ്ടായിരുന്നു.
1984 ഓടെ ഈ മോഡലിൻ്റെ നിർമ്മാണം ഷാർപ്പ് അവസാനിപ്പിച്ചു. ഇതിനോടകം ഏതാണ്ട് പത്ത് ലക്ഷം സെറ്റുകൾ ഷാർപ്പ് ലോക വ്യാപകമായി വിറ്റഴിച്ചു. ഈ മോഡലിൻ്റെ ഏറ്റവും വലിയ ആരാധകർ റഷ്യക്കാരായിരുന്നു. ഇതും ചുമന്ന് കൊണ്ട് നടക്കാനുള്ള ആരോഗ്യം അവർക്കുണ്ടായിരുന്നു എന്നതായിരിക്കാം കാരണം.
6 മാസത്തെ ശമ്പളമുണ്ടെങ്കിലേ ഇവനെ വാങ്ങാനൊക്കൂ എന്നതിനാൽ മലയാളികളിൽ പൂത്ത പണമുള്ളവർ മാത്രമേ ഈ മോഡൽ സ്വന്തമാക്കിയിരുന്നുള്ളൂ. അതിനാൽ കേരളത്തിൽ വളരെ അപൂർവ്വമാണീ സെറ്റ്.
അപൂർവ്വമായതിനാൽ വിൻ്റേജ് കളക്റ്റർമാരുടെ ഇടയിൽ വൻ പ്രീയ മാണിവന്.കേരളത്തിൽ ഇവൻ 5 എണ്ണത്തിൽ കൂടുതലില്ല.
ഇന്ന് ഇത് കൈവശമുള്ളവർ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ രാജൻ P ദേവ് മൊട്ടത്തലയൻ്റെ പ്രതിമ സന്തോഷത്തോടെ ആർക്കെങ്കിലും കൈമാറാൻ കാത്തിരിക്കുന്നത് പോലെയാണ് കൈവശം സൂക്ഷിക്കുന്നത്.
കാരണം ഇതിൻ്റെ സ്പെയർ പാർട്ടുകൾക്ക് അത്ര വിലയാണ്. ഒരു സെറ്റ് ബൽറ്റ് മാറ്റണമെങ്കിൽ 2000 രൂപ വേണം. മോട്ടോറുകൾ രണ്ടെണ്ണമുണ്ട്. ഒരു മോട്ടോർ മാറിയാൽ കാസറ്റ്‌ സ്പീഡ് സിംക്രണൈസ് ചെയ്യണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണം. ഇത് നന്നാക്കാൻ കഴിവുള്ളവർ വളരെ ചുരുക്കവും.
പക്ഷേ ഇവനിൽ നിന്നും പുറത്ത് വരുന്ന ക്ലാസ് AB ആംപ്ലിഫയറിൻ്റെ മനം മയക്കുന്ന ശബ്ദം ഏതൊരു സംഗീതാസ്വാദകൻ്റെയും മനം മയക്കും.
രണ്ട് 5 ഇഞ്ച് 8 ഓംസ് ഫുൾ റേഞ്ച് സ്പീക്കറുകളും, 2 ഒന്നരയിഞ്ച് ട്യൂട്ടറുകളുമാണ് ഈ ശബ്ദം പുറപ്പെടുവിക്കുന്നത്.
40 മുതൽ 12000 ഹെർട്സ് വരെയുള്ള ഫ്രീക്വൻസിയിലാണ് ഇവൻ്റെ ഫ്രീക്വൻസി റസ്പോൺസ്.
ഇന്നത്തെ ആംപ്ലിഫയറുകൾ 20 to 20000 ഹെർട്സിലാണ് ട്യൂൺ ചെയ്യുന്നത്. പക്ഷേ പണ്ടത്തെ സൗണ്ടിൻ്റെ ഡൈനമിക്സ് ഇന്നത്തെ സെറ്റുകളിൽ നിന്ന് കിട്ടുന്നില്ല എന്നാണ് മ്യൂസിക് ലവേഴ്സ് പറയുന്നത്.
എൻ്റെ കളക്ഷനിൽ ഉണ്ടായിരുന്ന ഈ ജൂനിയർ മാൻഡ്രേക്കിനെ ഞാൻ സന്തോഷപൂർവ്വം തൊടുപുഴക്കാരനായ സുഹൃത്ത് പ്രേംരാജീവിന് കൈമാറി.. അദ്ദേഹം അത് സന്തോഷപൂർവ്വം കൈപ്പറ്റി, ചുമന്ന് പെട്ടി ഓട്ടോർഷയിൽ. കയറ്റിക്കൊണ്ട് പോയി.
പാവം ജീവിച്ചിരുപ്പുണ്ടോ എന്തോ ഇപ്പോൾ ഫോണിൽ വിളിച്ചിട്ട് പോലും കിട്ടുന്നില്ല.
ചിത്രം GF 555 എൻ്റെ കൈവശമിരുന്നപ്പോൾ.അജിത് കളമശേരി .23.06.2022, #vintage_audio,#ajith_kalamassery

No comments:

Post a Comment