PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, June 13, 2023

റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന കോപ്പിയടി സൂത്രം!

 റിവേഴ്സ് എഞ്ചിനീയറിങ്ങ് 

എന്ന കോപ്പിയടി സൂത്രം!


 

റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന കോപ്പിയടി സൂത്രം!
ഏതെങ്കിലും തലയുള്ളവൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സ്വന്തം കിടപ്പാടം വരെ പണയപ്പെടുത്തി എന്തെങ്കിലുമൊക്കെ സാധനങ്ങൾ കണ്ട് പിടിക്കും .
കാശ് കയ്യിലുണ്ട് അത് എങ്ങനെ ഇരട്ടിയാക്കാമെന്ന് വഴിക്കണ്ണും നോക്കിയിരിക്കുന്ന ചിലർ ആ പാവം കണ്ട് പിടിച്ച സൂത്രം പാലേ,തേനേ എന്നൊക്കെപ്പറഞ്ഞ് അടുത്തുകൂടി നയത്തിൽ അടിച്ച് മാറ്റി സ്വന്തമായി പുറത്തിറക്കി പേരും, പെരുമയും, കാശും സമ്പാദിക്കും.
നമ്മുടെ ചുറ്റും കാണുന്ന എന്തിലും ഏതിലും റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന മാന്യമായ കവർച്ചാ രീതി ,രക്തം പൊടിയാതെ ആളെക്കൊല്ലുന്ന ടെക്നോളജി കാണാം.
JC ബോസ് കണ്ട് പിടിച്ച് ആദ്യമായി പൊതു ജനസമക്ഷം അവതരിപ്പിച്ച റേഡിയോ തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
സമയവും പണവും ചിലവഴിച്ച് JC ബോസ് ആദ്യ റേഡിയോയുടെ പ്രഥമ രൂപം കണ്ടു പിടിച്ചു പൊതു ജന സമക്ഷം അവതരിപ്പിച്ചു.. ഇതിന് സാക്ഷിയായ മാർക്കോണി ആ ടെക്നോളജി അതേപടി കോപ്പി ചെയ്ത് പേറ്റൻ്റും ഒപ്പം പേരും പെരുമയും സ്വന്തമാക്കി.
റിവേഴ്സ് എഞ്ചിനീയറിങ്ങ്, കോപ്പിയടി എന്നെല്ലാം പറയുമ്പോൾ നിങ്ങളുടെ മനസിലേക്ക് ആദ്യമെത്തുന്നത് ചൈനാ പ്രൊഡക്റ്റുകളായിരിക്കുമല്ലോ?
വിലയേറിയ ജപ്പാൻ നിർമ്മിത ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിലയും , ഒപ്പം തന്നെ ക്വാളിറ്റിയും കുറഞ്ഞ വ്യാജ പകർപ്പുകൾ ഇറക്കി നമ്മുടെ മനം കവർന്ന അതേ ചൈന തന്നെ!.
ഈ ചൈനക്കാർ ഇല്ലായിരുന്നെങ്കിൽ സാധാരണക്കാരായ നമ്മളാരും നല്ല ഒരു TVയോ, മൊബൈൽ ഫോണോ, എന്തിന് ഒരു സിഗററ്റ് ലൈറ്റർ പോലും കണി കാണുമായിരുന്നില്ല.
നമ്മളെ കാളവണ്ടിയുഗത്തിൽ നിന്നും സാറ്റലൈറ്റ് യുഗത്തിലേക്ക് അതിവേഗം എത്തിച്ചത് ചൈനക്കാരുടെ ഈ റിവേഴ്സ് എഞ്ചിനീയറിങ്ങ് മികവാണെന്ന് കാണാം.
രണ്ടായിരാമാണ്ട് മുതലാണ് ചൈനാക്കാരുടെ കോപ്പി പ്രൊഡക്റ്റുകൾ നമ്മുടെ നാട്ടിലേക്ക് മലവെള്ളപ്പാച്ചിൽ പോലെ എത്തി ത്തുടങ്ങിയത്.
അതിന് മുൻപ് നമ്മുടെ വീട്ടിൽ നല്ല ഒരു കളർ TV വാങ്ങണമെങ്കിൽ 10 സെൻ്റ് സ്ഥലം വിൽക്കണമായിരുന്നു.
ചൈനാക്കാരുടെ കോപ്പിയടി മികവ് മൂലം ഏതൊരു പാമരനും ഒരു മാസത്തെ പൊറോട്ടയും ബീഫും കഴിക്കുന്ന കാശ് മാറ്റി വച്ചാൽ LED ടീവിയൊരെണ്ണം വീട്ടിലിരിക്കുമെന്ന നിലയിലായി കാര്യങ്ങൾ.
രസകരമായ ഒരു കാര്യം ഈ റിവേഴ്സ് എഞ്ചിനീയറിങ്ങ് പരിപാടി ആദ്യമായി വൻതോതിൽ തുടങ്ങിയത് ഇന്ന് ചൈനാക്കാർ കോപ്പിയടിക്കുന്ന ജപ്പാൻ കാരായിരുന്നു എന്നതാണ്.
അമേരിക്ക 1945 ആഗസ്റ്റ് 6 ന് ലോകത്തിലെ ആദ്യ ആറ്റം ബോംമ്പ് "ലിറ്റിൽ ബോയി " ജപ്പാനിലെ ഹിരോഷിമയിൽ ഇട്ടതോടെ റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന മാന്യമായ കോപ്പിയടിയുടെ തുടക്കം ആരംഭിച്ചു.
അണുബോംമ്പ് വീണതോടെ സാമ്പത്തികമായി ആകെ തകർന്ന് തരിപ്പണമായ ജപ്പാൻകാർക്ക് അമേരിക്കയോടും ഇതിന് കൂട്ട് നിന്ന മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളോടും തീർത്താൽ തീരാത്ത വൈരാഗ്യമായി.
അവരെ സാമ്പത്തികമായി തകർത്താലെ ഇനിയൊരു യുദ്ധമുണ്ടാകാതെ രക്ഷപ്പെടാൻ പറ്റൂ എന്ന് കുഞ്ഞൻമാരും, ബുദ്ധിരാക്ഷസൻമാരുമായ ജപ്പാൻകാർ മനസിലാക്കി.
അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ സമ്പത്ത് നേടാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ അവർ തിരഞ്ഞു.
ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും, വാഹനങ്ങളുമാണ് അമേരിക്കക്കാർ പ്രധാനമായും കയറ്റുമതി ചെയ്യുന്നതെന്ന് അവർ മനസിലാക്കി.
കിട്ടാവുന്നത്ര പുതിയ ഉൽപ്പന്നങ്ങൾ ശേഖരിച്ച് അവർ ജപ്പാനിലെത്തിച്ച് അഴിച്ച് പണിതും, വീണ്ടും കൂട്ടിയോജിപ്പിച്ചും പണി തുടങ്ങി..
വ്യാജ ഉൽപ്പന്നങ്ങളാണ് ജപ്പാൻകാർ നിർമ്മിച്ചതെങ്കിലും എന്ത് ജോലിയും ആത്മാർത്ഥതയോടെ, ആസ്വദിച്ച് ചെയ്യുക എന്ന ജപ്പാൻകാരുടെ സ്ഥിരം ശൈലി ഈ വ്യാജ ഉൽപ്പന്ന നിർമ്മാണത്തിലും പ്രയോഗിച്ചതോടെ അമേരിക്കയും, ഹോളണ്ടും, ജർമ്മനിയുമൊക്കെ നിർമ്മിക്കുന്ന ഉപകരണങ്ങളേക്കാൾ ഗുണമേൻമയിൽ മികച്ചതായി ജപ്പാൻകാരുടെ ഡ്യൂപ്ലിക്കേറ്റുകൾ.!
കുറഞ്ഞ വിലയിൽ, മികച്ച ഉൽപ്പന്നങ്ങൾ ഗ്രേ മാർക്കറ്റിലൂടെ ( അനധികൃത വിപണി) ജപ്പാൻ വിൽപ്പന തുടങ്ങിയപ്പോൾ സ്വാഭാവികമായും പാശ്ചാത്യ രാജ്യങ്ങളുടെ നട്ടെല്ലൊടിഞ്ഞു. ലോക ഇലക്ട്രോണിക്സ്, വാഹന വിപണി ജപ്പാൻ കയ്യടക്കി.
യുദ്ധത്തിൻ്റെ ക്ഷീണം ഒട്ടൊന്ന് കുറഞ്ഞപ്പോൾ ലോകവ്യാപകമായി തങ്ങളുടെ കോപ്പി ക്യാറ്റ് ഉൽപ്പന്നങ്ങൾക്ക് ലഭിച്ച സ്വീകാര്യത മുതലെടുത്ത് ജപ്പാൻ കമ്പനികൾ സ്വന്തം ബ്രാൻഡ് നെയിമിൽ ഏഷ്യൻ വിപണിയിലേക്കിറങ്ങി.
ഇതാടെയാണ് നമ്മുടെ നാട്ടിലേക്ക് ജപ്പാൻ ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തുടങ്ങിയത്.
ജപ്പാൻ ഉൽപ്പന്നങ്ങൾ കോപ്പിയടിച്ച് കൊറിയക്കാരും രംഗത്തിറങ്ങി. അന്നത്തെ ഏറ്റവും വലിയ കൊറിയൻ കോപ്പി കമ്പനി നിങ്ങളറിയും ഗോൾഡ് സ്റ്റാർ........ ....മനസിലായില്ല അല്ലേ? ലക്കി ഗോൾഡ് സ്റ്റാർ അഥവാ LG...
. ബാക്കി അടുത്ത ദിവസം. എഴുതിയത് അജിത് കളമശേരി 30.08.2022 #Ajith_Kalamassery, #Rererse_enjineering,#കോപ്പിയടി

No comments:

Post a Comment