CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, July 9, 2023

പ്രഷർ പമ്പ് എന്ത് എന്തിന്?

 പ്രഷർ പമ്പ് എന്ത് എന്തിന്?

 


 നല്ല ഒരു ഹോട്ടലിൽ കയറിയാൽ അവിടുത്തെ വാഷ് റൂമിലെ ടാപ്പിൽ നിന്ന് വരുന്ന നുരഞ്ഞ് പതഞ്ഞ പാല് പോലുള്ള  വെള്ളം നമ്മളെ വല്ലാതാകർഷിക്കും!

എന്ത് കാശായാലും വേണ്ടില്ല അതൊരെണ്ണം വാങ്ങി വീട്ടിൽ ഫിറ്റ് ചെയ്യണമെന്ന് അപ്പോൾ തന്നെ കരുതും.

പല പ്രാവശ്യം മറക്കുമെങ്കിലും എപ്പോഴെങ്കിലും ഓർമ്മ വരുമ്പോൾ ഇല്ലാത്ത കാശ് കൊടുത്ത് ടാപ്പ്  ഒരെണ്ണം വാങ്ങി ചെയ്യാത്ത പണിയായതിനാൽ നടുവും തണ്ടക്കണ്ണിയും കളഞ്ഞ് മെനക്കെട്ടിരുന്ന് അങ്ങോട്ട് പിടിപ്പിക്കും.

ഭാര്യയും, പിള്ളാരും, അഛനും, അമ്മയും എല്ലാം പ്രതീക്ഷയോടെ നോക്കി നിൽക്കുമ്പോൾ ടാപ്പിൻ്റെ സ്വിച്ച് ഓൺ കർമ്മം തനിയെ അങ്ങ് അങ്ങാട്ട് നിർവ്വഹിക്കും!.

ഹാ അതാ വെള്ളം വരുന്നുണ്ട്... അമ്പേ! നേരത്തേ വന്നിരുന്നതിലും കഷ്ടമായിട്ടാണല്ലോ ഇപ്പോൾ വെള്ളം വരുന്നത്.

ജ്യോതിയും വന്നില്ല, തീയും വന്നില്ല.. നുരയുമില്ല, പതയുമില്ല..

ചിരി മനസിൽ ഒതുക്കി നമ്മളെ നോക്കുന്ന വീട്ടുകാരോട് ഉള്ളിലെ ചമ്മൽ മറച്ച് ... അയ്യോ
 കടക്കാരൻ പറ്റിച്ചു!  ടാപ്പ് വേറെയാ തന്നത് എന്ന് പറഞ്ഞ് തൽക്കാലം രക്ഷപെടാം...

പ്ലംമ്പിങ്ങിൻ്റെ മറുകര കണ്ട ആളാണ്.. കുറച്ച് സോൾവെൻ്റ് സിമൻ്റും, ഒരു ഒടിഞ്ഞ ഹാക് സോബ്ലേഡും, വാ പോയ ഒരു പൈപ്പ് റേഞ്ചുമുണ്ടെങ്കിൽ എന്ത് പ്ലമ്പിങ്ങും ചെയ്യാമെന്നുള്ള അഹങ്കാരം അങ്ങ് തീർന്ന് കിട്ടി.

അൽപ്പം വിവരമുള്ള ഒരു പ്ലമ്പറോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.. ഓ അത് ടാപ്പ് മോശമായിട്ടല്ല വെള്ളത്തിന് പ്രഷറില്ലാഞ്ഞിട്ടാണ് ഒരു പ്രഷർ പമ്പ് വാങ്ങി ഫിറ്റ് ചെയ്യ്.

അതെന്താ പ്രഷറില്ലാത്തത്? ഇന്നലെ വരെ പ്രഷർ ഉണ്ടായിരുന്നല്ലോ.. ഈ സാധനം വച്ചപ്പോൾ പ്രഷർ എവിടെപ്പോയി ? വല്യ  ഇലക്ട്രോണിക്സ് ടെക്നീഷ്യനെന്ന അഹംഭാവം ഉള്ളിൽ കിടക്കുന്നതിനാൽ ആരോടെങ്കിലും വിശദമായി ചോദിച്ച് മനസിലാക്കാനൊരുമടിയും...

 പ്രഷർ പമ്പ് എന്നാൽ പെയിൻ്റ് വരെ തെറിച്ച് പോകുന്ന പ്രഷറിൽ കാറ് കഴുകുന്ന പോർട്ടബിൾ പ്രഷർ വാഷറാണ് നമ്മുടെ മനസിലേക്ക് കടന്നു വരുന്നത്. എന്നാൽ  ഈ പേരിൽ മറ്റൊരു ചങ്ങാതി ഇപ്പോൾ ഇലക്ട്രിക് കടകളിൽ തൻ്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അവനാണ് വാട്ടർ പ്രഷർ ബൂസ്റ്റർ പമ്പ്.

ഇന്നത്തെ ഇടത്തരക്കാരുടെ വീടുകളിൽ പോലും സ്പായും, ജാകൂസിയും, ബോഡി ജെറ്റും, പാനൽ ഷവറും, മിസ്സി റയിനും, വാട്ടർ ഫിൽറ്ററും, നുരയും പതയും വരുന്ന ആധുനിക ഷവറുകളും, ടാപ്പുകളും, ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനും, ഡിഷ് വാഷറുമെല്ലാം ഉപയോഗത്തിലായതോടെ പ്രഷറില്ലായ്മ ഒരു പ്രശ്നമായത്.

ഇത്തരം ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ മിനിമം ഒന്നര ,രണ്ട്  ബാർ പ്രഷർ വേണം ( പ്രഷറിൻ്റെ അളവ് കോലാണ് ബാർ.. PSI എന്ന അളവുമുണ്ട് 2 ബാർ എന്നാൽ 29 PSI ) വീട്ടിലെ വാട്ടർ ടാങ്ക് ടാപ്പിൽ നിന്നും 20 മീറ്റർ ഉയരത്തിൽ വച്ചിരുന്നാലേ 2 ബാർ പ്രഷർലഭിക്കൂ.

സാധാരണ ഗതിയിൽ ഇത് സാദ്ധ്യമല്ല. അതിനാലാണ് നമ്മൾ വീട്ടിൽ പുതിയ വാഷിങ്ങ് മെഷീനോ, നുരയും പതയും വരുന്ന ടാപ്പോ എല്ലാം വാങ്ങിച്ച് വച്ചാൽ  പ്രഷറില്ലായ്മ മൂലം അവയുടെ ശരിയായ പെർഫോമൻസ് ലഭിക്കാത്തത്.

വാട്ടർ പ്രഷർ 20 PSIക്ക് ( പൗണ്ട് പെർ സ്ക്വയർ ഇഞ്ച് PSI ) താഴെപ്പോയാൽ ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകൾ പണിമുടക്കും.

ഇത്തരം ആവശ്യങ്ങൾക്ക്  കൃത്രിമമായി വാട്ടർ പ്രഷർ ഉയർത്തുന്നതിന്  നമുക്ക് ഒരു പ്രഷർ പമ്പ്  ഉപയോഗിക്കാം..

 നമ്മുടെ ആവശ്യാനുസരണം ഇത്തരം പമ്പുകളുടെ പ്രഷർ സെറ്റ് ചെയ്യാൻ സാധിക്കും.ഏതെങ്കിലും ടാപ്പ് തുറന്നാൽ പൈപ്പ് ലൈനിലെ പ്രഷർ വേരിയേഷൻ മനസിലാക്കി പ്രഷർ പമ്പ് തനിയെ ഓണായിക്കോളും. അതിനാൽ ഈ പമ്പിൻ്റെ സ്വിച്ച് എപ്പോഴും ഓണാക്കിയിട്ടാലും ആവശ്യ നേരത്ത് മാത്രമേ ഓണാകൂ വൈദ്യുതി പാഴാകില്ല.

ചെറിയ വാട്ട്സിൽ വർക്ക് ചെയ്യുന്ന പമ്പുകൾ ലഭ്യമാണ് അതിനാൽ ഇൻവെർട്ടറിലും പ്രവർത്തിക്കും.DC യിൽ പ്രവർത്തിക്കുന്ന മോഡലുകളും ലഭ്യമാണ്.

സാധാരണ വാട്ടർ ടാങ്കിൻ്റെ ഔട്ട് ലെറ്റിലാണ് ഇത്തരം പമ്പുകൾ ഫിറ്റ് ചെയ്യുന്നത്..  



പ്രഷറില്ലായ്മ മൂലം വലയുന്ന ഏവർക്കും ഈ ബൂസ്റ്റർ പമ്പ് ഒരു ഉപകാരിയാണ്.

ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ഇതില്ലാതെ പറ്റില്ല എന്നാകും കാര്യങ്ങൾ...പ്രഷർ പമ്പ് ഫിറ്റു ചെയ്യുന്നതിന്നു മുൻപു വീട്ടിലെ P V C പൈപ്പിന്റെ കപ്പാസിറ്റി കൂടി ,ഒന്ന് ചെക്ക് ചെയ്യണം..ഇത്രയും പ്രഷർ താങ്ങാത്ത ഉള്ളിത്തൊലി പോലുള്ള പൈപ്പുകൾ ചില കരാറ് പണിക്കാർ ഉപയോഗിക്കും..

അതിനാൽ സൂക്ഷിച്ചും കണ്ടും വാങ്ങുക. ഇതുപോലുള്ള  പ്രലോഭനങ്ങളിൽ വീഴരുത്


 വാട്ടർ പ്രഷർ പമ്പിനെ ഒന്ന് പരിചയപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശം .. കൂടുതൽ ടെക്നിക്കൽ വിവരങ്ങൾ ഇഷ്ടം പോലെ യൂ ട്യൂബിൽ ലഭ്യമാണ്. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 09.07.2023.


No comments:

Post a Comment