PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, June 13, 2023

ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല

 ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല


 

ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല.!
സാങ്കേതിക വിഷയങ്ങളിൽ അൽപ്പം അറിവുള്ളവർ നേരിടുന്ന വലിയ ബൗദ്ധിക പ്രശ്നമാണ് ഇനി കണ്ടു പിടിക്കാൻ ഒന്നുമില്ല എന്ന കാര്യം.
മനുഷ്യർക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല ഉപകരണങ്ങളും കാലങ്ങൾക്ക് മുൻപേ ചിന്തിക്കുന്ന ബുദ്ധിമാൻമാർ കണ്ടു പിടിച്ചു പോയി അതിനാൽ ഒഴിവ് സമയം ചിലവഴിച്ച് വല്ലതും കണ്ട് പിടിക്കാമെന്ന ആശയേ നശിച്ചുപോയി!
ഇനി അറിയാവുന്ന പണി എടുക്കാം.. അല്ലെങ്കിൽ ആരുടെയെങ്കിലും കീഴിൽ വല്ല ജോലിയും ചെയ്ത് ജീവിക്കാം.
വല്ലപ്പോഴും കിട്ടുന്ന ഫ്രീ ടൈമിൽ മെബൈലിൽ കുത്തിക്കൊണ്ടിരിക്കാം കമ്പ്യൂട്ടർ നോക്കാം....... TV കാണാം...
എത്ര നേരമെന്ന് വച്ചാണ് മൊബൈലിൽ തോണ്ടുക?
കൈ വേദനിക്കുന്നു.
കഴുത്ത് വേദനിക്കുന്നു.
കണ്ണ് അടിച്ച് പോകുന്നു.
ആകെ വിരസത.
ഇങ്ങനെയാണ് എനിക്കറിയാവുന്ന പല ബുദ്ധിജീവി ടെക്നീഷ്യൻമാരുടെയും അവസ്ഥ...
പക്ഷേ ഇങ്ങനെയാണോ ലോകത്ത് നടക്കുന്നത് അല്ലേയല്ല...കണ്ടുപിടുത്തക്കാർ അനുനിമിഷം പുതിയ ടെക്നോളജികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു..
അത് ലളിതമാകാം... വള്ളിക്കെട്ടുള്ളതാകാം.
റിമോട്ട് താഴെ വീണപ്പോൾ അൽപ്പം ബ്രേക്കായി.. അതൊട്ടിക്കാർ സൂപ്പർ ഗ്ലൂ എടുത്തപ്പോൾ മുഴുവൻ എയർ കേറി കട്ടയായി പോയിരിക്കുന്നു.
ഇനി അത് വാങ്ങിയിട്ട് വേണം ഒട്ടിക്കാൻ!
നേരേ കടയിലേക്ക് വിട്ടു. അപ്പോഴാണ് ഗാർഡിയൻ വർഗീസ് ചേട്ടൻ്റെ വിളി.. ഇന്നവധി ദിവസമല്ലേ ഇങ്ങോട്ട് പോര് നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാം .. വണ്ടി വർഗീസ് ചേട്ടൻ്റെ വീട്ടിലേക്ക് തിരിച്ചു.
ജുഗാദ് എന്നറിയപ്പെടുന്ന നാടൻ കണ്ടുപിടുത്തങ്ങളുടെ കിങ്ങാണ് വർഗീസ് ചേട്ടൻ.. അദ്ദേഹത്തിൻ്റെ ചില കഥകൾ പിന്നാലെ എഴുതാം.
അവിടെയെത്തിയപ്പോൾ അൽപ്പം മാത്രം ഉപയോഗിച്ച സൂപ്പർ ഗ്ലൂ അടപ്പ് തെറിച്ച് പോയത് കാരണം എയർ കേറി കട്ടയായി പോയ കാര്യം സംസാരമദ്ധ്യേ ഞാൻ പറഞ്ഞു.ദാ അതു കണ്ടോ വർഗീസ് ചേട്ടൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞാൻ നോക്കി. ഒരു സൂപ്പർ ഗ്ലൂ ബോട്ടിലിൻ്റെ നെറുകന്തലയിൽ ഒരു സെൽഫ് ടാപ്പിങ്ങ് സ്ക്രൂ തിരിച്ച് കയറ്റിയിരിക്കുന്നു...
ഇത്തരം വലിയ ബോട്ടിൽ പശ വാങ്ങുന്നതാണ് ലാഭം പക്ഷേ വാങ്ങിയാൽ ഇതിൻ്റെ അടപ്പ് ആദ്യം തെറിച്ച് പോകും.. അടപ്പില്ലെങ്കിൽ എയർ കയറി മുഴുവൻ പശയും ഉപയോഗശൂന്യമാകും .. അതൊഴിവാക്കാൻ ഇങ്ങനെ ഒരു സ്ക്രൂ ഇട്ട് തിരിച്ച് വച്ചാൽ മതി! സിമ്പിൾ ബട്ട് പവർഫുൾ കണ്ട് പിടുത്തം. വലിയ സൂപ്പർ ഗ്ലൂ പശ വാങ്ങുന്നവർക്കെല്ലാം ഉപകാരപ്പെടുന്നത്. അപ്പോൾ തന്നെ ഒരു ഫോട്ടം പിടിച്ച് പോസ്റ്റാക്കി.വർഗീസ് ചേട്ടൻ സൂപ്പർ ഗ്ലൂ എടുത്തു ഒരു മജീഷ്യൻ്റെ കയ്യടക്കത്തോടെ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്ന് അതിൽ നിന്ന് അൽപ്പം വെളുത്ത പൊടി എടുത്ത് ഒരു അലുമിനിയം ഹീറ്റ്സിങ്കിലെ 5 mm ഹോൾ മറയത്തക്കവണ്ണം ആ പൊടി അവിടെ അമർത്തി വച്ചു.അതിന് മുകളിൽ ഒന്ന് രണ്ട് തുള്ളി സൂപ്പർ ഗ്ലൂ ഇറ്റിച്ചു. അത്ഭുതം ആ ഹോൾ പൂർണ്ണമായി അടഞ്ഞു.. പഴയ സോളിഡ് അവസ്ഥയിലേക്ക് മാറി.. ഞാനൊരു കമ്പി എടുത്ത് ആ തുളയിൽ പറ്റിയ പൊടി കുത്തിക്കളയാൻ ശ്രമിച്ചു ... സാധിക്കുന്നില്ല ഇരുമ്പ് പോലെ ഉറച്ചിരിക്കുന്നു.
എന്താണീ പൊടി.?
അതാണ് ബേക്കിങ്ങ് പൗഡർ അഥവാ സോഡിയം ബൈ കാർബണേറ്റ്.. സൂപ്പർ ഗ്ലൂവുമായി ചേർന്നാൽ ഇരുമ്പ് പോലെ ഉറയ്ക്കും.. പിന്നെ ഡ്രില്ല് ചെയ്യാം, സാൻഡ് പേപ്പർ പിടിക്കാം എന്തും ചെയ്യാം ... ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് എന്തിലും ഗ്യാപ്പ് ഫില്ലറായും, കോൾഡ് വെൽഡിങ്ങ് പോലെ തമ്മിലൊട്ടിക്കാനും ഈ സൂപ്പർ ഗ്ലൂ ബേക്കിങ്ങ് സോഡാ കോമ്പിനേഷന് കഴിയും. ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തുള വീണാൽ ഒട്ടിക്കാം, റേഡിയേറ്റർ ലീക്കായാൽ ഒട്ടിക്കാം, ബൈക്കിൻ്റെ പ്ലാസ്റ്റിക് പാർട്ടുകൾ പൊട്ടിയാൽ ഒട്ടിക്കാം ,ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സ്ക്രൂ ഉറപ്പിക്കുന്ന കുറ്റികൾ പൊട്ടിയാൽ ഉറപ്പിക്കാം.എന്തും ചെയ്യാം.
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം സൂപ്പർ ഗ്ലൂ ഫ്രിഡ്ജിൽ വയ്ക്കരുത് സാധാരണ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുക.ഫ്രിഡ്ജിൽ വയ്ക്കുകയും, എടുക്കുകയും ചെയ്യുന്നത് ആവർത്തിച്ചാൽ പശയുടെ ഒട്ടാനുള്ള കഴിവ് നഷ്ടപ്പെട്ട് അത് ഒരു ജെൽ പോലെ ആകുന്നുണ്ട് ....വർഗീസ് ചേട്ടൻ തൻ്റെ അനുഭവം പറഞ്ഞു.
ഞാൻ കുറച്ച് ബേക്കിങ്ങ് സോഡാപ്പൊടിയും, ഒരു സൂപ്പർ ഗ്ലൂവും വാങ്ങി വീട്ടിലേക്ക് വിട്ടു. കുറേ സാധനങ്ങൾ ഒട്ടിക്കാനു ണ്ട്.!
ചിത്രത്തിൽ കാണുന്നത്.വർഗീസ് ചേട്ടൻ ഒരു ഈ സ്കൂട്ടറിൻ്റെ പെർഫോമൻസ് പരിശോധിക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ പശക്കുപ്പിയുടെ നോസിലിൽ സ്ക്രൂ തിരിച്ച് വച്ചിരിക്കുന്നത് കാണാം എഴുതിയത് #അജിത്കളമശേരി,#ഗാർഡിയൻ_വർഗീസ്, #ജുഗാദ്.25.09.2022

No comments:

Post a Comment