PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Wednesday, June 7, 2023

കാസിയോ എന്ന കൊച്ചിക്കാരൻ!


 


 വളരെയേറെപ്പേർ ആവശ്യപ്പെട്ട കാസിയോ  കമ്പനിയേപ്പറ്റിത്തന്നെ ആകട്ടെ ഇന്നത്തെ കഥ എന്ന് എഴുതാൻ സ്റ്റൈലസ് എടുത്തപ്പോൾ തീരുമാനിച്ചു.

ഡിജിറ്റൽ വാച്ചുകൾ എന്നാൽ അത്  കാസിയോ എന്ന് തന്നെയാണ് ലോകം മുഴുവൻ കരുതുന്നത്...

1974 നവംബറിൽ    LCD ഡിസ്പ്ലേയോടു കൂടിയ  Casiotron QW 02 എന്ന മോഡൽ ജപ്പാനിൽ പുറത്തിറക്കി ആരംഭിച്ച CASIO കമ്പനിയുടെ ഡിജിറ്റൽ  വാച്ച് നിർമ്മാണ വിജയഗാഥ മൊബൈലുകൾ വാച്ചുകളെ അപ്രസക്തമാക്കുമെന്ന് നാം കരുതിയ ഈ നൂറ്റാണ്ടിലും അഭംഗുരം മുന്നോട്ട് പോവുകയാണ്.

1946 ഏപ്രിൽ മാസത്തിൽ ജപ്പാനിലെ ടോക്കിയോ നഗരത്തിൻ്റെ ചേരികളിലൊന്നിലെ ഒരു ചെറിയ വീടിൻ്റെ മുറ്റത്ത്
തട്ടിക്കൂട്ടിയ ഷെഡിൽ തുടങ്ങിയ കാസിയോ കമ്പ്യൂട്ടർ കമ്പനി ഇന്ന് ലോകത്തിലെ ആദ്യ 100 ൽ പെടുന്ന വമ്പൻ ഇലട്രോണിക്സ് കമ്പനികളിൽ ഒന്നായി മാറിയ ചരിത്രം വളരെ രസാവഹമാണ്.



കാസിയോ കമ്പനി സ്ഥാപകനായ തടാവോ ഖാഷിയോ (Tadao Kashio) 1917 നവംബർ മാസം 26ആം തീയതി ജപ്പാനിലെ കൊച്ചി പ്രൊവിൻസിലെ കുറേറ്റാമുറ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് ഷിഗേരു ഖാഷിയോ, അമ്മ കിയോനോ.

മൊത്തം നാല് ആൺമക്കളിൽ രണ്ടാമനായിരുന്നു തടാവോ ഖാഷിയോ.ചേട്ടൻ കൗസുവോ ഖാഷിയോ, അനിയന്മാർ തോഷിയോയും, യൂക്കിയോയും,കർഷകരായിരുന്നു മാതാപിതാക്കൾ.

 

1923 ൽ ടോക്കിയോ നഗരത്തെ മുച്ചൂടും നശിപ്പിച്ച ഒരു ലക്ഷത്തിലധികം പേർ മരണമടഞ്ഞ വമ്പൻ ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോ നഗരത്തിൻ്റെ  പുനർനിർമ്മാണത്തിനായി വൻതോതിൽ മനുഷ്യ പ്രയത്നം വേണ്ടിവന്നു. ഇതിനായി ജപ്പാനിലെ വിവിധ പ്രവിശ്യകളിൽ നിന്ന് ടോക്കിയോ നഗരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തിൽ തടാവോ ഖാഷിയോയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.

1931 ൽ തടാവോ ഖാഷിയോ തൻ്റെ സ്കൂൾ വിദ്യാഭ്യാസം സ്കൂൾ ടോപ്പറായി  പൂർത്തിയാക്കി.

ഒരു കൺസ്ട്രക്ഷൻ വർക്കറായ പിതാവിന് തൻ്റെ മകനേ ഉയർന്ന വിദ്യാഭ്യാസത്തിന് അയക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക നില അതിനനുവദിച്ചില്ല.

 പിതാവിനൊരു തുണയാകാൻ സമീപത്തുള്ള ഒരു വർക്ക്ഷോപ്പിൽ
തടാവോ ഖാഷിയോ ഹെൽപ്പറായി കയറിക്കൂടി.

ഒരു പട്ടാളക്കാരൻ ആകണമെന്നായിരുന്നു തടാവോയുടെ ഏറ്റവും വലിയ ആഗ്രഹം, വർക്ക്ഷോപ്പിൽ ഹെൽപ്പറായി ജോലി നോക്കവേ പട്ടാളക്കാർക്കുള്ള മെഡലും, കത്തിയും, ബയണറ്റുമെല്ലാം നിർമ്മിക്കുന്ന ഒരു ചെറിയ ഫാക്ടറിയിൽ കുറച്ച് കൂടി ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടിയതിനാൽ അങ്ങോട്ടേയ്ക്ക് മാറി.


അവിടെയുണ്ടായിരുന്ന ലേത്ത്‌, ഡ്രില്ലിങ്ങ്‌ മെഷീൻ, മില്ലിങ്ങ് മെഷീൻ എന്നിവയെല്ലാം ചുരുങ്ങിയ നാളുകൾ കൊണ്ട് തടാവോയുടെ കൈകൾക്കിണങ്ങി.

ആ കമ്പനിയിൽ ഏറ്റവുമാദ്യം ജോലിക്കെത്തുന്നതും, ഏറ്റവും അവസാനം ജോലി കഴിഞ്ഞ് പോവുന്നതുമായ തടാവോ
ഖാഷിയോ കമ്പനി ഉടമയായ ഹീറോഷി ഇണോമോട്ടോയുടെ സവിശേഷ വാത്സല്യത്തിന്  പാത്രമായി.

അദ്ദേഹം അവനെ സ്വന്തം ചിലവിൽ ടോക്കിയോയിലെ വസീഡാ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർത്ത് പഠിപ്പിച്ചു.


യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റഡി ടൂറിനായി കൊണ്ടുപോയപ്പോൾ സന്ദർശിച്ച ഒരു വാക്വം ട്യൂബ് നിർമ്മാണ ഫാക്ടറി തടാവോയുടെ ജീവിതം മാറ്റിമറിച്ചു.

അന്നത്തെ ഏറ്റവും ആധുനിക ടെക്നോളജിയായ വാക്വം ട്യൂബുകൾ തീർക്കുന്ന ഇലക്ട്രോണിക്സിൻ്റെ മായിക ലോകം  തടവോയേ കാന്തം ഇരുമ്പിനെ എന്ന പോലെ ആകർഷിച്ചു.

ആ ആകർഷണത്തിൽ വശംവദനായി,  സ്വന്തം പരിശ്രമത്താൽ ആ ഇലക്ട്രോണിക്സ്  കമ്പനിയിൽ ജോലി നേടിയ  തടാവോ ചുരുങ്ങിയ കാലത്തിനുള്ളിൽ കമ്പനിയുടെ ഡിസൈൻ ടീമിൽ എത്തിച്ചേർന്നു.
ജീവിതം അങ്ങനെ മുന്നോട്ട് നീങ്ങവേ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ കെടുതികൾ ഖാസിയോ യുടെ കുടുംബത്തെയും ബാധിച്ചു. 

അദ്ദേഹത്തിൻ്റെ വീട് അമേരിക്കൻ ബോംബിങ്ങിൽ തവിട് പൊടിയായി .ഖാഷിയോയുടെ വിവാഹം കഴിഞ്ഞ് അധികം നാളുകളായിട്ടില്ല, അമ്മ കണ്ട് പിടിച്ച വധു ഷിഗേ  നൊഗുച്ചിയാണ് ഭാര്യ. 

1943 ലാണ് അദ്ദേഹത്തിൻ്റെ വീടും, സമ്പാദ്യവുമെല്ലാം അമേരിക്കൻ ബോംബറുകൾ തകർത്തെറിഞ്ഞത്. ബങ്കറുകളിൽ അഭയം തേടിയതിനാൽ ജീവൻ രക്ഷപെട്ടു കിട്ടി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം  ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമം ഖാഷിയോ തുടങ്ങി. ഒരു പഴയ ലേത്ത് സംഘടിപ്പിച്ച് വീടിന് മുന്നിൽ ഒരു ഷെഡ് പണിത് അതിന് ഖാഷിയോ കമ്പ്യൂട്ടർ കമ്പനി എന്ന് പേരുമിട്ടു.


രജിസ്ട്രേഷന് വേണ്ടി വ്യവസായ വകുപ്പിൽ ചെന്നപ്പോൾ അവിടെയിരുന്ന ക്ലർക്കിനോട് താൻ തുടങ്ങാൻ പോകുന്ന കമ്പനിയുടെ പേര് ഖാഷിയോ കമ്പ്യൂട്ടർ കമ്പനി എന്നാണെന്ന്  തടാവോ ഖാഷിയോ പറഞ്ഞു കൊടുത്തു.

ക്ലർക്ക് അപേക്ഷാ ഫോറത്തിൽ നല്ല വൃത്തിയായി എഴുതി CASIO കമ്പ്യൂട്ടർ കമ്പനി ! ഖാഷിയോ എന്ന് പറഞ്ഞപ്പോൾ  ക്ലർക്ക്  കേട്ടത് കാസിയോ എന്ന്.

ആ സമയം  ഖാഷിയോയ്ക്ക് ഈ തെറ്റ് പിടികിട്ടിയില്ല, ഒരു മാസത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോഴാണ് പേര് മാറിയ വിവരം മനസിലായത്.

കമ്പനി ആരംഭിക്കുന്നതിൻ്റെ നൂറ് കൂട്ടം പ്രശ്‌നങ്ങൾ വേറേ ഉള്ളതിനാൽ പിന്നെ പേര് മാറ്റാൻ നടക്കാൻ നേരവുമില്ല. കാസിയോ എങ്കിൽ കാസിയോ... 1946 ഏപ്രിൽ മാസത്തിൽ കമ്പനി നിശ്ചയിച്ച പ്രകാരം പ്രവർത്തനമാരംഭിച്ചു.


ഇലക്ട്രോണിക്സ് പ്രാന്ത് തലയ്ക്ക് പിടിച്ച് വല്യ കമ്പ്യൂട്ടർ കമ്പനി എന്ന് പേരൊക്കെ ഇട്ടെങ്കിലും കമ്പനി ആദ്യമായി നിർമ്മിച്ച് പുറത്തിറക്കിയത് ഒരു മോതിരമായിരുന്നു!

അന്നത്തെ സാധാരണക്കാരൻ്റെ ഏക ആഡംബരമായിരുന്നു സിഗററ്റ് വലി. യുദ്ധാനന്തര കാലമായതിനാൽ സിഗററ്റിന് അൽപ്പം വില കൂടുതലും. നല്ലൊരു പുകവലിക്കരനായ ഖാഷിയോ സിഗററ്റിൻ്റെ കുറ്റി പോലുമില്ലാതെ അവസാന പഫ് വരെ വലിക്കാവുന്ന ഒരുപകരണം വികസിപ്പിച്ചെടുത്തു.

വലിപ്പം കുറഞ്ഞ ഈ ഉപകരണം ഒരു മോതിരത്തിൽ അറ്റാച്ച് ചെയ്ത് യുബിവ പൈപ്പ് എന്ന പേരിൽ കാസിയോ ബ്രാൻഡിൽ ആദ്യ ഉൽപ്പന്നമായി പുറത്തിറക്കി.


വൻ ജനപ്രീതി നേടിയ ഈ ഉൽപ്പന്നം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. തുടർന്ന് ബേക്കറികൾക്കായി ചില ചെറുകിട യന്ത്രങ്ങളും കാസിയോ പുറത്തിറക്കി.

1949 ൽ ടോക്കിയോയിൽ നടന്ന ഒരു വ്യവസായ പ്രദർശനത്തിൽ തൻ്റെ കമ്പനിയുടെ ഉൽപ്പന്നങ്ങളുമായി ഖാഷിയോ എത്തി.

അവിടെ ഒരു അമേരിക്കൻ കമ്പനി പ്രദർശിപ്പിച്ച കാൽകുലേറ്റർ ഖാഷിയോയുടെ മനസിൽ ഉടക്കി. ഒരു വലിയ മേശയുടെ വലിപ്പവും വലിയ വിലയും വരുന്ന  ഈ കാൽക്കുലേറ്റർ ബാങ്കുകൾക്കും, വലിയ വ്യവസായ സ്ഥാപനങ്ങൾക്കും മാത്രമേ വാങ്ങാൻ സാധിക്കുമായിരുന്നുള്ളൂ.

വൈദ്യുത മോട്ടോറുകളും, ഗിയർ വീലുകളും,നിക്സി ട്യൂബുകളും ഉപയോഗിക്കുന്ന ഈ സെമി  മെക്കാനിക്കൽ/ സെമി ഇലക്ട്രിക്കൽ  കാൽകുലേറ്റർ ഉപയോഗിക്കുമ്പോൾ വലിയ കോലാഹലമായിരുന്നു ഉണ്ടായിരുന്നത്.

ഇതിനോടകം ടെക്നിക്കൽ സ്കില്ലുകൾ നേടി തടാവു ഖാഷിയോക്കൊപ്പം കമ്പനിയിൽ ചേർന്ന സഹോദരൻ തോഷിയോ ഖാഷിയോയും ഒത്ത് ചേർന്ന് ഉറക്കമില്ലാത്ത രാത്രികൾ ഒരുപാട് ചിലവഴിച്ച് ലോകത്തിലെ ആദ്യ ഇലക്ട്രോ മെക്കാനിക്കൽ കാൽകുലേറ്റർ വികസിപ്പിക്കാനാരംഭിച്ചു.

ആവശ്യമായ സാമ്പത്തിക പിൻതുണ ലഭിക്കാതിരുന്നതിനാൽ നീണ്ട നാല് വർഷമെടുത്താണ് ഖാഷിയോ സഹോദരൻമാർ പ്രോട്ടോ ടൈപ്പ് നിർമ്മാണം പൂർത്തിയാക്കിയത്.


ഇലക്ട്രോമാഗ്നെറ്റിക് റിലേകളും, നിക്സി ട്യൂബുമായിരുന്നു ഇതിൻ്റെ പ്രധാന ഭാഗങ്ങൾ 1954 ജനുവരിയിൽ അങ്ങനെ കാസിയോയുടെ ആദ്യ ഇലക്ട്രോണിക് ഉപകരണത്തിൻ്റെ വർക്കിങ്ങ് മോഡൽ പൂർത്തിയായി.

മേശയുടെ വലിപ്പമുള്ള അമേരിക്കൻ കാൽക്കുലേറ്ററിന് ഒരു പകരക്കാരൻ... സ്യൂട്ട് കേസിൻ്റെ വലിപ്പമുള്ള കാസിയോ കാൽകുലേറ്റർ..


റിലേകൾ ഉപയോഗിക്കുന്നതിനാൽ ഇതിനും പ്രവർത്തിക്കുമ്പോൾ  കട..പടാ...ശബ്ദമുണ്ടായിരുന്നു.
കാൽക്കുലേറ്റർ വിൽപ്പന ആരംഭിച്ചുവെങ്കിലും ഇതിൻ്റെ പ്രവർത്തനത്തിൽ ഖാഷിയോ സഹോദരൻമാർ തൃപ്തരല്ലായിരുന്നു. ഇതിനോടകം ട്രാൻസിസ്റ്ററുകൾ ലഭ്യമായിത്തുടങ്ങിയിരുന്നു. അവയുടെ പ്രവർത്തനം പഠിച്ച് തങ്ങൾക്കനു രൂപമായ വിധത്തിൽ എങ്ങിനെ ഉപയോഗിക്കാം എന്നതിലായി പിന്നീടവരുടെ ശ്രദ്ധ.

1957 ജൂണിൽ ലോകത്തിലാദ്യമായി പൂർണ്ണമായും ഇലക്ട്രോണിക് സർക്യൂട്ടുകളിൽ പ്രവർത്തിക്കുന്ന ഒരു ഇടത്തരം  റേഡിയോയുടെ വലിപ്പം മാത്രമുള്ള മേശപ്പുറത്ത് ഒതുങ്ങിയിരിക്കുന്ന ,ശബ്ദ ബഹളങ്ങൾ ഉണ്ടാക്കാത്ത കാൽക്കുലേറ്റർ പുറത്തിറങ്ങി.

അതു വരെയുള്ള കാൽ കുലേറ്ററുകളിൽ 125 ൽ അധികം ബട്ടണുകൾ ഉണ്ടായിരുന്നപ്പോൾ വെറും 31 കീകൾ മാത്രമേ  കാസിയോ കാൽക്കുലേറ്ററിൽ ഉണ്ടായിരുന്നുള്ളൂ. യാതൊരു ട്രയിനിങ്ങും ഇല്ലാതെ ഉപയോഗിക്കാവുന്നത്ര ലളിതം.

ഈ ഉൽപ്പന്നം കാസിയോയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചു.വിൽപ്പന വൻതോതിൽ കുതിച്ച് കയറി.

ലോകത്തിലെ ആദ്യ സയൻ്റിഫിക് കാൽകുലേറ്റർ, മെമ്മറിയുള്ള കാൽകുലേറ്റർ, പ്രോഗ്രാം ചെയ്യാവുന്ന കാൽകുലേറ്റർ, പ്രിൻ്ററുള്ള കാൽകുലേറ്റർ എല്ലാം കാസിയോ ഒന്നിന് പുറകേ ഒന്നായി വിപണിയിലെത്തിച്ചു.


ലക്ഷങ്ങൾ വിലയുണ്ടായിരുന്ന കാൽകുലേറ്ററുകൾ വെറും നൂറ് രൂപക്ക് പോലും കിട്ടുന്ന വിധം  ജനകീയനാക്കുന്നതിൽ വളരെ വലിയ പങ്കാണ് കാസിയോ കമ്പനി വഹിച്ചത്..
1968ൽ ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ കണ്ട് പിടിക്കപ്പെട്ടതോടെ അത് തങ്ങളുടെ ഉപകരണങ്ങളിൽ എങ്ങനെ ഉൾക്കൊള്ളിക്കാം എന്നതായി ഖാഷിയോ സഹോദരൻമാരുടെ ചിന്ത.. LCD ഉപയോഗിക്കുന്നതിനുള്ള അവകാശം അത് കണ്ട് പിടിച്ച ജോർജ് ഹെയിൽമറോട് വാങ്ങിയ കാസിയോ തങ്ങൾക്കനുരൂപമായ വിധത്തിൽ മാറ്റങ്ങൾ വരുത്തി 1974ൽ ഡിജിറ്റൽ വാച്ചുകൾ വിപണിയിലെത്തിച്ചു.

ഇതിനോടകം 1972 ൽ ജപ്പാൻ കമ്പനിയായ സൈക്കോ LCD വാച്ചുകൾ വിപണിയിലെത്തിച്ചിരുന്നു.

തങ്ങളുടെ വാച്ചുകളിൽ എന്തെങ്കിലും പുതുമ നിറച്ചാലേ രക്ഷയുള്ളൂ എന്ന് മനസിലാക്കിയ കാസിയോ ലോകത്തിലെ ആദ്യ കലണ്ടർ അടങ്ങിയ ഡിജിറ്റൽ വാച്ച് ഇറക്കി ലോകത്തെ ഞെട്ടിച്ചു.

അലാറം, ഗയിം, കാൽക്കുലേറ്റർ ,സ്റ്റോപ്പ് വാച്ച് എന്നിവ അടങ്ങിയ വിവിധ മോഡലുകൾ  ഒന്നിന് പുറകേ മറ്റൊന്ന് എന്ന കണക്കിൽ മാസംതോറും പുറത്തിറക്കി മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി.


അത് വരെ കനം കൂടിയ ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വാച്ചുകളെ പ്ലാസ്റ്റിക് കെയിസിൽ വാട്ടർപ്രൂഫായി ഉൾക്കൊള്ളിച്ച് വീണ്ടും ലോകത്തെ ഞെട്ടിച്ചു.

1978ൽ ലോകത്തിലെ ഏറ്റവും കനവും വലിപ്പവും കുറഞ്ഞ വെറും ഒരു ATM കാർഡിൻ്റെ വലിപ്പവും, അളവുകളും മാത്രമുള്ള കാൽകുലേറ്റർ പുറത്തിറക്കി.

1980 ൽ ഇലക്ട്രോണിക് മ്യൂസിക്  കീബോർഡുകളുടെ നിർമ്മാണം ആരംഭിച്ചു.80 ൽ തന്നെ ഡിജിറ്റൽ ഡയറി എന്ന ആയിരത്തിൽ കൂടുതൽ ഫോൺ നമ്പറുകൾ സ്റ്റോർ ചെയ്യാവുന്ന പോക്കറ്റിൽ ഇടാവുന്ന മിനി കമ്പ്യൂട്ടറുകളുടെ നിർമ്മാണം ആരംഭിച്ചു.

1981ൽ കൈക്കുള്ളിൽ ഒതുങ്ങുന്ന കാൽകുലേറ്റർ  വലിപ്പത്തിൽ ഇംഗ്ലീഷ് ഡിക്ഷണറികളും, ഭാഷ തർജിമ ചെയ്യുന്ന ട്രാൻസ്ലേറ്ററുകളും വിപണിയിലെത്തിച്ചു.
1983 പോക്കറ്റിൽ ഇടാവുന്ന LCD ടെലിവിഷനുകൾ അവതരിപ്പിച്ചു.1983ൽ തന്നെ ബാറ്ററി വേണ്ടാത്ത സോളാർ കാൽക്കുലേറ്റർ പുറത്തിറക്കി.1987 ൽ ഡിജിറ്റൽ ക്യാമറകൾ പുറത്തിറക്കി.

1990 ൽ കയ്യിൽ കൊണ്ടു നടക്കാവുന്ന പ്രിൻ്റർ വിപണിയിലിറക്കി

ലോകത്തിൽ ഏറ്റവുമധികം ഇന്നോ വേറ്റീവ് പ്രൊഡക്റ്റുകൾ പുറത്തിറക്കിയ കമ്പനിയും കാസിയോ തന്നെയാണ് .കാസിയോ ബ്രാൻഡ് നെയിം വഹിക്കുന്ന പതിനായിരത്തിലധികം  വ്യത്യസ്ത മോഡൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നു എന്നത് തന്നെ ഒരത്ഭുതമാണ്.

ഏറ്റവുമധികം വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലുള്ള കമ്പനിയും കാസിയോ തന്നെ!

കമ്പനി ഷോറൂമുകളിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക എന്നത് മാത്രമാണ് വ്യാജൻമാരെ തടയാനുള്ള ഒരേയൊരു വഴി.


ലോകത്തിൽ ഏറ്റവുമധികം കാൽകുലേറ്റർ, ഡിജിറ്റൽ വാച്ച് എന്നിവ വിപണിയിലെത്തിച്ച കമ്പനിയും കാസിയോയാണ്.

കുറഞ്ഞ വിലയിൽ കൂടുതൽ ഈടു നിൽക്കുന്ന പ്രൊഡക്റ്റുകൾ എന്നതാണ് കാസിയോ കമ്പനിയുടെ തുടക്കം മുതലുള്ള പോളിസി ..

തൻ്റെ ജന്മനഗരമായ ജപ്പാനിലെ കൊച്ചിയിൽ "കൊച്ചി കാസിയോ ലിമിറ്റഡ്" എന്ന വമ്പൻ ഫാക്ടറി കമ്പനി സ്ഥാപകനായ തടാവോ ഖാഷിയോ  1991 ൽ ഉത്ഘാടനം ചെയ്തു.

1993 മാർച്ച് 4 ന് തടാവോ ഖാഷിയോ ദിവംഗതനായി.


100 പേജ് എഴുതിയാലും തീരാത്തത്രയും വലിയ ഉൽപ്പന്ന നിരയുമായി കാസിയോ കമ്പനി ഇന്നും വളർച്ചയുടെ പാതയിൽ ഈ എഴുപത്തിയേഴാം വർഷത്തിലുംകുതിച്ചു കൊണ്ടിരിക്കുന്നു.
എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 07.06.2023

 




 

No comments:

Post a Comment