CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, May 30, 2023

സൈക്കിൾ ചവിട്ടി കറണ്ടുണ്ടാക്കാം!

 സൈക്കിൾ ചവിട്ടി കറണ്ടുണ്ടാക്കാം!

 


 

ചവിട്ടി കറണ്ടുണ്ടാക്കാം എന്നത് ഒരു പുതിയ ടെക്നോളജിയല്ല. 1926 ൽ ഓസ്ട്രേലിയൻ ഇൻവെൻ്ററായ ആൽഫ്രഡ് ട്രാഗറാണ് ആദ്യമായി ഒരു പെഡൽ പവർ ജനറേറ്റർ നിർമ്മിച്ച് വിപണിയിലിറക്കിയത്.
ഓസ്ട്രേലിയയിലെ വൈദ്യുതി എത്താത്ത വിദൂര ഗ്രാമങ്ങളിൽ റേഡിയോ സെറ്റുകൾ പ്രവർത്തിപ്പിക്കാനും മറ്റ് സൈനിക ആവശ്യങ്ങൾക്കുമായാണ് ആൽഫ്രഡ് ട്രാഗർ ഇത്തരം മനുഷ്യ ശക്തിയിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾ വികസിപ്പിച്ചെടുത്തത്.
ഒരു റേഡിയോ പ്രവർത്തിക്കാനാവശ്യമായ പത്തോ ഇരുപതോ വാട്ട് മാത്രമായിരുന്നു ആ ഉപകരണം ഉത്പാദിപ്പിച്ചിരുന്നത്. ബാറ്ററി ഒപ്പം ഇല്ലാതിരുന്നതിനാൽ ചവിട്ടിയാൽ മാത്രമേ റേഡിയോ പ്രവർത്തിക്കുമായിരുന്നുള്ളൂ.
ഇത്തരം പെഡൽ ജനറേറ്ററുകൾ പല വിധ വിപുലീകരണങ്ങളിലൂടെ കടന്ന് സോളാർ പാനലുകൾ വ്യാപകമായി നിർമ്മിക്കപ്പെട്ട് വില കുറഞ്ഞ് തുടങ്ങിയ രണ്ടായി രാമാണ്ട് വരെ ധാരാളമായി ഉപയോഗത്തിലുണ്ടായിരുന്നു.
വൈദ്യുതി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം പെഡൽ ജനറേറ്ററുകൾ ഒരിക്കലും ആദായകരമായിരുന്നില്ല.
എങ്കിലും വൈദ്യുതി എത്താത്ത ആഫ്രിക്കൻ വൻകരയിലെയും, ആമസോണിലെയും വിദൂര, അവികസിത ഗ്രാമങ്ങളിൽ ഇന്നും ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഫിലിപ്പൈൻസിലെയും, ബ്രസീലിലെയും ചില ജയിലുകളിൽ, വെറുതേ ഇരുന്ന് ഭക്ഷണം കഴിച്ച് ദുർമ്മേദസ് വരുന്ന തൊഴിവാക്കാൻ തടവുകാരെക്കൊണ്ട് സ്റ്റേഷണറി സൈക്കിളിൽ ഫിറ്റ് ചെയ്ത പെഡൽ ജനറേറ്ററുകൾ ചവിട്ടി കറണ്ട് ഉത്പ്പാദിപ്പിച്ച് ബാറ്ററിയിൽ സ്റ്റോർ ചെയ്ത് ജയിലിലെ ലൈറ്റിങ്ങ്, റേഡിയോ, ടെലിവിഷൻ ആവശ്യങ്ങൾ നിറവേറ്റുന്നതായി കേട്ടിട്ടുണ്ട്.
ഇങ്ങനെ മനുഷ്യ പ്രയത്നം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ലാഭകരമല്ലേ എന്ന് ആരും ചിന്തിച്ച് പോകും.
ഇന്നത്തെ വൈദ്യുതി വില വച്ച് നോക്കുമ്പോൾ സൈക്കിൾ ചവിട്ടി കറണ്ടുണ്ടാക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
യൂണിറ്റിന് 5 രൂപയ്ക്ക് നമുക്ക് ഇപ്പോൾ ഗാർഹിക വൈദ്യുതി ലഭിക്കുമ്പോൾ 30000 രൂപയ്ക്ക് മേൽ വിലവരുന്ന ഈ ഉപകരണം ഒരെണ്ണം വാങ്ങിയാൽ ദിവസം 8 മണിക്കൂർ ചവിട്ടിയാൽ മാത്രമേ ഒരു യൂണിറ്റ് കറണ്ട് ഉണ്ടാകൂ. ആ കണക്കിന് കാശ് മുതലാക്കാൻ 16 വർഷം ചവിട്ടേണ്ടി വരും!
സൈക്കിളിങ്ങ് വളരെ ആരോഗ്യദായകമായ ഒരു വ്യായാമമാണ്. ദീർഘനേരം ആസ്വദിച്ച് ചെയ്യാവുന്നതും, അതോടൊപ്പം ഏറ്റവുമധികം കലോറി കത്തിക്കുന്നതുമായ വ്യായാമങ്ങളിൽ രണ്ടാം സ്ഥാനം സൈക്കിളിങ്ങിനാണ്.
അപ്പോൾ വായനക്കാർക്ക് ഒന്നാം സ്ഥാനം ഏതിനെന്നറിയാൻ താൽപ്പര്യമുണ്ടാവുക സ്വാഭാവികം.!
നീന്തലാണ് ഏറ്റവുമധികം കലോറി എരിച്ച് കളയുന്നതും അതേ സമയം അസ്വാദ്യകരവുമായ വ്യായാമമുറ.
ഇന്നത്തെ നമ്മുടെ റോഡുകളിലെ ലക്കും ലഗാനുമില്ലാത്ത വാഹന ഗതാഗതം മൂലം സൈക്കിൾ ചവിട്ടാൻ ആഗ്രഹമുള്ള ഏറിയ പങ്ക് ആളുകളും സുരക്ഷാകാരണങ്ങളാൽ ആഗ്രഹം മനസിലൊതുക്കുകയാണ്.
നഗര വീഥികളിൽ സൈക്കിൾ ചവിട്ടുന്നതിൻ്റെ റിസ്ക് ഒഴിവാക്കി ,ഹെൽത്ത് കോൺഷ്യസായ, സ്വന്തം ആരോഗ്യത്തിനായി തനിക്കും, ഭാര്യക്കും ,കുട്ടികൾക്കുമായി അൽപ്പം കൂടുതൽ പണം മുടക്കാൻ താൽപ്പര്യമുള്ളവർക്കായി വ്യായാമത്തോടൊപ്പം കറണ്ടും ഉത്പ്പാദിപ്പിക്കുന്നതും.. വച്ചാൽ വച്ചിടത്ത് തന്നെ ഇരിക്കുന്ന എന്നാൽ ശരിക്കുമുള്ള സൈക്കിളിങ്ങിൻ്റെ അത്ര അസ്വാദ്യത ഇല്ലെങ്കിലും വ്യായാമത്തിനുതകുന്ന സ്റ്റേഷണറി സൈക്കിളുകൾക്ക് കേരളത്തിൽ വൻ വിപണിയാണ് തുറന്ന് കിടക്കുന്നത്.
വ്യായാമം ചെയ്യുന്ന നേരം ലാപ്ടോപ്പ് ഉപയോഗിക്കുകയോ, TV കാണുകയോ, സംഗീതം ആസ്വദിക്കുകയോ, പത്രം വായിക്കുകയോ ചെയ്യാം. ഒരു വെടിക്ക് അനവധി പക്ഷികൾ എന്ന ഈ കൺസെപ്റ്റ് ശരിയായി മാർക്കറ്റ് ചെയ്താൽ ക്ലിക്കാവാൻ സാദ്ധ്യതയുള്ളതാണ്.
ഒരു സാധാരണ ആരോഗ്യമുള്ള ശരാശരി മനുഷ്യന് എത്ര കറണ്ട് ഉത്പ്പാദിപ്പിക്കാൻ കഴിയും?
പെട്ടെന്ന് ക്ഷീണിക്കാത്ത വിധമുള്ള സാധാരണ ജോലികൾ ചെയ്യുമ്പോഴും, അൽപ്പം വേഗത്തിൽ നടക്കുമ്പോഴും മനുഷ്യ ശരീരം 100 മുതൽ 150 വാട്ട്സ് വരെ പവർ ഉത്പ്പാദിപ്പിക്കുന്നു എന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ ക്വിൻ്റൽ ചാക്ക് തലയിലേറ്റുമ്പോഴോ, വളരെ വേഗം ഓടുമ്പോഴോ ഒക്കെ ഇത് ആയിരം വാട്ടിന് മുകളിൽ പോകും. പക്ഷേ ദീർഘനേരം ഈ ക്ഷമത നിലനിറുത്താനാകില്ല.
ദീർഘദൂര സൈക്കിൾ മൽസരങ്ങളിൽ ശരാശരി വേഗത്തിൽ 8 മണിക്കൂർ വരെ തുടർച്ചയായി സൈക്കിൾ ചവിട്ടുന്നവർ അതിൽ പങ്കെടുക്കുന്നതിൻ്റെ 90 ശതമാനം വരും.
അതിനാൽ 100 മുതൽ 150 വാട്ട് വരെ വൈദ്യുതി ചവിട്ടിക്കറക്കുന്ന പെഡൽ ജനറേറ്ററുകളിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് ഉത്പാദിപ്പിക്കാൻ സാധിക്കുന്നുണ്ട്.
ഞങ്ങൾ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്വന്തമായി സവിശേഷ രീതിയിൽ വികസിപ്പിച്ചെടുത്ത പെഡൽ ജനറേറ്റർ ഉപയോഗിച്ച് സാധാരണ വേഗത്തിൽ ഒരു പതിനഞ്ച് വയസുകാരൻ 1000 വാട്ട് വൈദ്യുതി 6 മണിക്കൂർ കൊണ്ട് ചവിട്ടിക്കറക്കി ഉൽപ്പാദിപ്പിച്ച് അത് പ്രായോഗികമായി തെളിയിച്ചിട്ടുമുണ്ട്.
നിയോഡൈമിയം മാഗ് നെറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഏകദേശം 500 വാട്ട് പവർ വരുന്ന ജനറേറ്ററാണ് ഞങ്ങൾ ഇതിനായി ഉപയോഗിച്ചത്. (ചിത്രത്തിൽ ആർട്ടർനേറ്റർ എന്ന് കാണുന്നത്.)
എന്തും സ്വന്തമായി ചെയ്തു നോക്കാൻ ഇഷ്ടമുള്ള DIYക്കാർക്കായി ഒരു പെഡൽ ജനറേറ്റർ കുറഞ്ഞ ചിലവിൽ നിർമ്മിക്കാമെന്നു കൂടി വിവരിക്കാം.
ഇതിനാവശ്യമായ തട്ട് മുട്ട് സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനറേറ്ററായി ഉപയോഗിക്കാനുള്ള DC മോട്ടോറാണ്.ഇൻവെർട്ടർ ടെക്നോളജി ഉപയോഗിക്കുന്ന വാഷിങ്ങ് മെഷീനുകളുടെ 3ഫേസ് മോട്ടോറാണ് ഏറ്റവും അനുയോജ്യം. അടുത്തതായി ഒരു പഴയ സൈക്കിളും വേണം. MPPT ചാർജ് കൺട്രോളർ ,ജനറേറ്ററിൽ നിന്ന് വരുന്ന 3 ഫേസിനെ സിംഗിൾ ഫേസാക്കാൻ വേണ്ടി ഏതാനും ഹൈസ്പീഡ് സ്വിച്ചിങ്ങ് ഡയോഡുകൾ ,ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാൻ ബാറ്ററികൾ എന്നിവ വേണം.
സൈക്കിളും, വാഷിങ്ങ് മെഷീൻ മോട്ടോറും അക്രിക്കടകളിൽ കിട്ടും.കാറുകൾ പൊളിക്കുന്ന സ്ഥലത്ത് പോയാൽ കുറഞ്ഞ വിലയ്ക്ക് നമുക്ക് ജനറേറ്ററായി ഉപയോഗിക്കാൻ പറ്റിയ കാറിൻ്റെ ആൾട്ടർനേറ്ററുകളും ലഭിക്കും.
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടോറും പെഡൽ ജനറേറ്റർ നിർമ്മിക്കുന്നതിനായി ഉപയോഗിക്കാം.. .
ഇവ അനുയോജ്യമായ സംവിധാനം ഉപയോഗിച്ച് പെഡൽ ചവിട്ടിയാൽ ജനറേറ്റർ കറങ്ങുന്ന വിധത്തിൽ ഘടിപ്പിക്കുക. കുറഞ്ഞ വേഗതയിലും, കൂടിയ വേഗതയിലും ചവിട്ടുമ്പോൾ ഉണ്ടാവുന്ന വോൾട്ടേജി ന് വ്യതിയാനം ഉണ്ടാവുമല്ലോ.. ഇത് ക്രമീകരിക്കാനായി ആൾട്ടർനേറ്റർ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിയെ ഡയോഡുകളിലൂടെ കടത്തി സോളാർ ചാർജ് കൺട്രോളറിലേക്ക് കണക്റ്റ് ചെയ്യുക. ചാർജ് കൺട്രേളർ ബാറ്ററിയുമായും ബന്ധിപ്പിക്കണം. (ഡയഗ്രം അടുത്ത ഭാഗത്തിൽ.)
ബാറ്ററിയിൽ ശേഖരിക്കപ്പെടുന്ന വൈദ്യുതി നേരിട്ടോ, ഇൻവെർട്ടർ ഉപയോഗിച്ച് AC യാക്കിയോ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം.
നാടൻ സാങ്കേതിക വിദ്യയുടെ പ്രായോക്താവും എൻ്റെ പ്രീയ സുഹൃത്തുമായ കളമശേരി മെഡിക്കൽ കോളേജിന് സമീപമായി ഗാർഡിയൻ ടെക്‌നിക്കൽ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്ന ശ്രീ ഗാർഡിയൻ വർഗീസ് ചേട്ടനും ,ഞാനും, ശ്രീ ഷൈൻ കളമശേരിയും ചേർന്ന് ഒരു UK ബേയ് സ്ഡ് സ്റ്റാർട്ടപ്പ് കമ്പനിക്ക് വേണ്ടി, അവർക്ക് നൈജീരിയയിൽ മാർക്കറ്റ് ചെയ്യുന്നതിനായി ഉള്ള പ്രൊജക്റ്റിൻ്റെ ഭാഗമായി ഏതാണ്ട് പത്തോളം വിവിധ തരത്തിലുള്ള പെഡൽ ജനറേറ്ററുകളുടെ പ്രോട്ടോ ടൈപ്പുകൾ ഡവലപ്പ് ചെയ്തിരുന്നു. ഏതാണ്ട് 10 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു. മഹാപ്രളയവും കോവിഡും ഈ പദ്ധതിയുടെ നട്ടെല്ലൊടിച്ചതിനാൽ നിർമ്മിച്ച പ്രോട്ടോ ടൈപ്പുകൾ വർഗീസ് ചേട്ടൻ്റെ ഗവേഷണ ശാലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നു.
അവയിലൊരെണ്ണം തൂത്ത് തുടച്ചെടുത്ത് ഫോട്ടോ എടുത്തതാണ് ടൈറ്റിൽ പേജിൽ കാണുന്ന ചിത്രം.
ഇതു പോലൊരെണ്ണം ചുരുങ്ങിയ ചിലവിൽ നിങ്ങൾക്കും എങ്ങനെ നിർമ്മിക്കാമെന്ന് ഞായറാഴ്ച പ്രസിദ്ധീകരിക്കുന്ന അടുത്ത ഭാഗത്തിൽ വിശദീകരിക്കാം. നിങ്ങളുടെ സംശയങ്ങളും, അഭിപ്രായങ്ങളും കമൻ്റായി ഇടുക. മറുപടി അടുത്ത ഭാഗത്തിൽ തരാം. എഴുതിയത് #അജിത്കളമശേരി. 14.12.2022

കേരളത്തിലെ ഇലക്ട്രോണിക്സ് സംഘടനകളുടെ ചരിത്രം.1

കേരളത്തിലെ ഇലക്ട്രോണിക്സ് സംഘടനകളുടെ ചരിത്രം.1

 


 


KSESTA എന്ന വളരെ സജീവമായ ടെക്നീഷ്യൻമാരുടെ സംഘടനയെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട് .ഈ ഗ്രൂപ്പ് അംഗങ്ങളിൽ പലരും അതിലെ ആക്റ്റീവ് മെംബർമാരുമാണ്.

1999 ലാണ്‌ KSESTA സംഘടന രൂപീകൃതമായത്.

പക്ഷേ അതിനും വളരെ മുൻപേ തന്നെ ടെക്നീഷ്യൻമാരെ സംഘടിപ്പിക്കാൻ ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്.

ഒരിടത്തും ലിഖിത രൂപത്തിൽ രേഖപ്പെടുത്താത്ത ആ ചരിത്രം അത് അറിയാ താൽപ്പര്യമുള്ളവർക്കായി ഇവിടെ പങ്ക് വച്ച് തുടങ്ങുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഒപ്പം അടുത്ത ലേഖനങ്ങളിൽ ചേർക്കേണ്ട വിവരങ്ങളും കമൻ്റൊയി രേഖപ്പെടുത്താൻ ഉപേക്ഷ വിചാരിക്കരുതേ!.

1990 കളിൽ കേരളത്തിൻ്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്താണ് ഈ സംഭവം നടക്കുന്നത്. ഇടപ്പള്ളി പോസ്റ്റാഫീസിന് സമീപം ഡിപ്ളോമാറ്റ് ഇലക്ട്രോണിക്സ് എന്ന പേരിൽ ഒരു TV. VCR സർവ്വീസ് സെൻ്റർ നടത്തിയിരുന്ന സൂര്യൻ എന്ന ചെറുപ്പക്കാരൻ സ്പെയർ പാർട്സുകൾ വാങ്ങാനായി രാവിലെ തന്നെ എറണാകുളം പള്ളിമുക്കിലേക്കുള്ള ബസ്സ് പിടിച്ചു.

ഇന്നത്തെപ്പോലെ തന്നെ അന്നും എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപസ്ഥമായ പള്ളിമുക്കാണ് ഇലക്ട്രോണിക്സ് വ്യാപാര കേന്ദ്രം!.

സിസ്റ്റം സ്& ഡിവൈസസ്, കോമ്പോണൻ്റ് ഹൗസ്, എക്സ്പോ ഇലക്ട്രോണിക്സ്, കാസോ ഫോണിക്സ് ,MIP ഇലക്ട്രോണിക്സ്, മാതാ ഇലക്ട്രോണിക്സ്, ബാബു ഇലക്ട്രോണിക്സ് തുടങ്ങി ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ.

അന്നത്തെ ഒരു പ്രമുഖ ഇലക്ട്രോണിക്സ് കടയിൽ നിന്ന് നാഷണൽ പാനാസോണിക്കിൻ്റെ VCR ഹെഡ് വാങ്ങുകയായിരുന്നു സൂര്യൻ്റെ ഉദ്ദേശം.

സാധനം അവിടെയുണ്ട്, വില 600 രൂപ! തൊട്ട് തലേ ദിവസം അതേ മുതൽ 300 രൂപയ്ക്ക് അതേ ഷോപ്പിൽ നിന്ന് തന്നെ വാങ്ങിയതാണ് ! ഒരു ദിവസം കൊണ്ട് വില ഇരട്ടിയായിരിക്കുന്നു.

1990 കളിൽ ഒരു തൊഴിലാളിയുടെ ദിവസക്കൂലി 20 രൂപയാണ്.ഒരു സാദാ സർക്കാർ ജീവനക്കാരൻ്റെ മാസ ശമ്പളം 450 രൂപ.. ഒരു VCR ഉം TV യും വാങ്ങുന്ന കാശുണ്ടെങ്കിൽ 30 സെൻ്റ് സ്ഥലം വാങ്ങാം..ആ സമയത്ത് 300 രൂപ തന്നെ വളരെ വലിയൊരു തുകയാണ് ,അപ്പോൾ 300 ന് പകരം 600 രൂപ ഹെഡിന് വില വന്നത് സൂര്യനെ ഞെട്ടിച്ചു.

33 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവമെന്നോർക്കണം.

ചെറായിക്കാരനായ സൂര്യൻ കുവൈറ്റ് യുദ്ധത്തെ തുടർന്ന് അപ്രതീക്ഷിതമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോരേണ്ടി വന്നപ്പോൾ ,ആഹറിബറിയിൽ കൈവശം കൊണ്ടു പോന്ന പുതിയ പാനാസോണിക്കിൻ്റെ VCR വിറ്റ് ഇടപ്പള്ളിൽ ഒരു കടമുറി സ്വന്തമായി വാങ്ങി അതിൽ ഒരു സർവ്വീസ് സെൻ്റർ ആരംഭിച്ചിട്ടേയുള്ളൂ. കൈവശം അധികം പണമൊന്നുമില്ല.

ഗൾഫിൾ സർവ്വീസ് സെൻ്റർ നടത്തിയിരുന്നതിനാൽ പുതിയ പുതിയ മോഡൽ VCR ,TV എന്നിവയിൽ നല്ല പ്രവൃത്തി പരിചയം ഉണ്ടായിരുന്നു. അതിനാൽ ധാരാളം വർക്കുകളും കിട്ടിത്തുടങ്ങിയിരുന്നു.

അത്യാവശ്യം കാശുള്ളവർ മാത്രമേ അന്ന് കളർ TV യും VCRമൊക്കെ വാങ്ങൂ... റിപ്പയറിന് വരുന്ന സെറ്റുകൾക്ക് മോശമല്ലാത്ത തുക അഡ്വാൻസും കിട്ടും.

അങ്ങനെയുള്ള സൂര്യന് പോലും ഈ നഗ്നമായ കൊള്ളയും, ഒപ്പം മറ്റുള്ളവരുടെ മുന്നിൽ വച്ച് ; കടക്കാരൻ്റെ വേണമെങ്കിൽ കൊണ്ടു പോയാൽ മതി എന്ന അവജ്ഞയോടുള്ള വാക്കുകളും മാനസികമായ വളരെ ബുദ്ധിമുട്ടുളവാക്കി.

സൂര്യൻ്റെ മാത്രം അനുഭവമായിരുന്നില്ല ഇത്. അല്ലറ ചില്ലറ പാർട്സുകൾക്കായി എറണാകുളത്തെ കടകളിൽ ചെല്ലുന്ന ചെറുകിട ടെക്നീഷ്യൻമാർ എല്ലാവരും നേരിട്ടിരുന്ന അവഗണനകളിൽ ഒന്ന് മാത്രമായിരുന്നു ഈ സംഭവം.

അന്ന് എറണാകുളം പള്ളിമുക്കിലെ ടെക്നീഷ്യൻമാരുടെ ഒത്തുകൂടൽ കേന്ദ്രം ആൻ്റണി ചേട്ടൻ്റെ സിൻക്ലയർ എന്ന ഇലക്ട്രോണിക്സ് എന്ന സർവ്വീസ് സെൻ്ററായിരുന്നു. മർച്ചൻ്റ് നേവിയിൽ നിന്ന് പിരിഞ്ഞ ആൻ്റണിച്ചേട്ടനാണ് ഉടമയും, ടെക്നീഷ്യനും.

സൂര്യൻ വളരെ വിഷമത്തോടെ തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടുകൾ സിൻ ക്ലയർ ആൻ്റണിച്ചേട്ടനുമായി പങ്ക് വച്ചു.

ആൻറണിച്ചേട്ടൻ ഒരു നിർദ്ദേശം വച്ചു നീ ഒന്ന് പള്ളിമുക്കിൽ കറങ്ങി നോക്ക് പരിചയമുള്ള ടെക്നീഷ്യൻമാരോടൊക്കെ ഒന്നിവിടം വരെ വരാൻ പറയുക .. നമുക്കൊരു ആലോചനായോഗം കൂടി കടക്കാരുടെ ടെക്നീഷ്യൻമാരോടുള്ള സമീപനം ഒന്ന് ചർച്ച ചെയ്ത് എന്താണ് പരിഹാരം എന്നാലോചിക്കാം ..

സൂര്യനും ഈ നിർദ്ദേശം സ്വാഗതാർഹമായി തോന്നി. സൂര്യൻ പള്ളിമുക്കിലെ ഇലക്ട്രോണിക്സ് കടകളിലൊക്കെ ഒന്ന് കറങ്ങി.

അതാ കാസോ ഫോണിക്സിൽ നമ്മുടെ PRC വേണുച്ചേട്ടൻ നിൽക്കുന്നു. (ഇന്നത്തെ KSESTA എറണാകുളം ജില്ലാ പ്രസിഡണ്ട്.ഹോബി ഇലക്ട്രോണിക്സ് പറവൂർ) ബോണി ടോൺ ഇലക്ട്രോണിക്സ് ചേരാനല്ലൂരിലെ ജോർജും, ഈസ് റ്റേൺ ഇലക്ട്രോണിക്സ് വരാപ്പുഴയിലെ ഫ്രാൻസിസും, പാലാരിവട്ടം താജ് ഇലക്ട്രോണിക്സിലെ ജിയോപാട്രിക്കിനെയും, കൊച്ചി ചിരട്ടപ്പാലത്തെ സോന ഇലക്ട്രോണിക്സിലെ സുനിൽ രാജിനെയും, കച്ചേരിപ്പടി RX സർവ്വീസ് സെൻ്ററിലെ പീറ്ററിനെയും ,എക്സ്പോ ഇലക്ട്രോണിക് സിലെ രാജനെയും, മറ്റൊരു പ്രമുഖ ടെക്നീഷ്യനായ ഈസയേയും കയ്യിൽ കിട്ടി.

ഇവരെയും കൂട്ടി ആൻ്റണി ചേട്ടൻ്റെ ഷോപ്പിൽ എത്തി ചെറിയൊരു മീറ്റിങ്ങ് ആരംഭിച്ചു.

ഓൾ കേരളാ ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ എന്ന കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ സംഘടനയുടെ ബീജാവാപം കുറിച്ച് തങ്ങളും ചരിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു എന്ന് അന്നവിടെ കൂടിയ ആരും കരുതിയില്ല.

സൂര്യനും, വേണു ചേട്ടനും, സാബുവും, പീറ്ററും ,രാജനുമെല്ലാം കയ്യിലെ കാശും, സമയവും മുടക്കി എല്ലാ ജില്ലകളിലും അവിരാമം യാത്ര ചെയ്ത് ഏതാണ്ട് എട്ടോളം ജില്ലകളിൽ സംഘന കെട്ടിപ്പടുത്തു. തുടർന്ന് ഇടപ്പള്ളിയിലെ സൂര്യൻ്റെ സർവ്വീസ് സെൻ്റർ ആസ്ഥാനമാക്കി 1991 ൽ 778 ആം നമ്പരായി ആദ്യ ഇലക്ട്രോണിക്സ് ടെക്നീഷ്യൻ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു.

ആദ്യ തിരഞ്ഞെടുപ്പിൽ സൂര്യനെ സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറിയായും, സിൻക്ലയർ ആൻ്റണിച്ചേട്ടനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഏതാണ്ട് 5 വർഷത്തോളം സംഘടന വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചു.

കേരളത്തിൽ അതു വരെ അസംഘടിതരായിരുന്ന ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ അങ്ങനെ 33 വർഷം മുൻപ് ഒരു സംഘടനയുടെ തണലിൽ ഒത്തുകൂടി തങ്ങളുടെ ശബ്ദവും ഈ ആൾക്കൂട്ടത്തിനിടയിൽ വേറിട്ട് മുഴങ്ങും എന്ന് തിരിച്ചറിവ് നേടിയ ഒരു ചരിത്ര സംഭവമായിരുന്നു അത്.

സംഘടനയുടെ രക്ഷാധികാരി AB മാധവൻ നായർ MLA ആയിരുന്നു എന്നറിയുമ്പോൾ തന്നെ അന്നത്തെ ആ സംഘടനയുടെ ഇനിഷ്യൽ പുൾ ബോദ്ധ്യമാവുമല്ലോ.

സംഘടന രൂപീകരിക്കുന്നത് പോലെ എളുപ്പമല്ല അംഗങ്ങളെ ഒത്തൊരുമിച്ച് കൊണ്ട് പോവുക എന്നത് എന്ന് സ്ഥാപക അംഗങ്ങൾക്ക് ശേഷം ചുമതലയേറ്റെടുത്ത ഭരണ സമിതി അംഗങ്ങൾക്ക് മനസിലായിരുന്നില്ല. അതിനാൽ ഈ സംഘടന രൂപീകൃതമായി നാല് ,അഞ്ച് വർഷങ്ങൾക്ക് ശേഷം അത് പതിയെ നിർജ്ജീവമാവുകയും കാലയവനികയ്ക്കുളളിൽ മറയുകയും ചെയ്തു..

സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയായ സൂര്യൻ കാലത്തിൻ്റെ കുത്തൊഴുക്കിൽ CRT,TV യുടെയും, VCR ൻ്റെയും ടെക്നോളജികൾ മാറി മറിഞ്ഞ് DVD യും, LCD യും ആ സ്ഥാനം കയ്യടക്കിയപ്പോൾ...

ഇന്നത്തെപ്പോലെ സംഘടന വ്യാപകമായി പുതിയ പുതിയ ടെക്നോളജികൾ അംഗങ്ങളെ പഠിപ്പിക്കുന്ന ക്ലാസുകൾ തുടങ്ങിയിട്ടില്ലാതിരുന്നതിനാലും ഇലക്ട്രോണിക്സ് സർവ്വീസ് മേഘല വിട്ട് എറണാകുളം കച്ചേരിപ്പടിയിൽ ഒരു ആർക്കിടെക്ചറൽ കൺസ്ട്രക്ഷൻ & ഡിസൈൻ കമ്പനി തുടങ്ങി അതിൻ്റെ ചീഫ് ഡിസൈനറായി തൻ്റെ സർഗശേഷി അവിടെ വിനിയോഗിക്കാൻ തുടങ്ങി.

ഇപ്പോൾ കേരളത്തിലെ ആദ്യ ഇലക്ട്രോണിക്സ് സംഘടനയ്ക്ക് ബീജാവാപം കുറിക്കാൻ കാരണക്കാരിൽ ഒരാളായ സൂര്യൻ 35 ഓളം പേർക്ക് തൊഴിൽ നൽകുന്ന തൻ്റെ സ്ഥാപനം നോക്കി നടത്തി ഈ 65 ആം വയസിലും വളരെ ആക്റ്റീവായി സസന്തേഷം നല്ല നിലയിൽ ജീവിക്കുന്നു.

സൂര്യനെ ബന്ധപ്പെടാൻ താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തിൻ്റെ 94953 36467
എന്ന വാട്സാപ്പ് നമ്പരിൽ കോണ്ടാക്റ്റ് ചെയ്യാം.

ചിത്രത്തിൽ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയും ഐഡൻ്റി കാർഡും!

എഴുതിയത് അജിത് കളമശേരി #Ajith_Kalamassery

കളക്റ്റർ കപ്പാസിറ്റർ നിരോധിക്കുമോ?

 കളക്റ്റർ കപ്പാസിറ്റർ നിരോധിക്കുമോ?



വർക്കിങ്ങ് ടേബിളിൽ തൃശൂർ പൂരത്തിൻ്റെ പോലുള്ള സാമ്പിൾ വെടിക്കെട്ട് ഒരുക്കി ഇലക്ട്രോണിക്സ് ഹോബി യിസ്റ്റുകളുടെ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണല്ലോ ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകൾ!

ഞാൻ ഇലക്ട്രോണിക്സ് ഹോബി എന്ന നിലയില്ലാ കയത്തിലേക്ക് എടുത്ത് ചാടിയ ആദ്യ കാലങ്ങളിൽ ,എന്തെങ്കിലും അസംബിൾ ചെയ്തതിന് ശേഷം പവർ കൊടുക്കുന്നതിന് മുൻപ് വീടിന് പുറത്തിറങ്ങി ഒരു നീണ്ട തോട്ടി കൊണ്ട് ജനലിലൂടെ കുത്തി പവർ ഓൺ ചെയ്യുകയായിരുന്നു പതിവ്.

മിക്കവാറും വെടിയും, പുകയുമായിരിക്കും ആദ്യ പരീക്ഷണത്തിൽ സംഭവിക്കുക എന്ന എൻ്റെ പ്രതീക്ഷയ്ക്ക് അന്നും ഇന്നും എതിരഭിപ്രായമൊന്നും എനിക്കില്ല.!

അസംബിൾ ചെയ്യുന്ന സർക്യൂട്ടിലെ ചെറിയ ബാറ്ററി ഷേപ്പിലുള്ള ഭയങ്കരനെയായിരുന്നു എനിക്കേറ്റവും പേടി.

ട്രാൻസിസ്റ്ററുകളും, റസിസ്റ്ററുകളും കമ്പിത്തിരി കത്തുന്നത് പോലെയും മത്താപ്പ് കത്തുന്നത് പോലെയും കാഴ്ചവിരുന്നൊരുക്കി നിന്ന് കത്തുകയേ ഉള്ളൂ അവരെ എനിക്കത്ര പേടിയില്ല. പക്ഷേ ഇവൻ അങ്ങിനെയല്ല കൊടുംഭീകരനാണ്.

യാതൊരു ഭയപ്പാടും ഇല്ലാതെ ആദ്യ സർക്യൂട്ട് ഓൺ ചെയ്തപ്പോൾ ഉണ്ടായ പൊട്ടിത്തെറിയുടെ നടുക്കം എന്നിൽ നിന്നും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. ഒരു ഗുണ്ട് കയ്യിലിരുന്ന് പൊട്ടിയ പോലുള്ള ശബ്ദവും, മുറി നിറഞ്ഞ പുകയും,വൃത്തികെട്ട മണമുള്ള ഏതോ കെമിക്കൽ ദേഹത്താകെ തെറിച്ചതും, കഴുത്തിലും കയ്യിലും മാലപോലെ പേപ്പറും, അലൂമിനിയവും കൊണ്ടുള്ള തോരണങ്ങൾ തൂങ്ങിക്കിടന്നതും ഇന്നും ഓരോ പുതിയ പരീക്ഷണത്തിൻ്റെ സ്വിച്ച് ഓൺ ചെയ്യുമ്പോഴും എൻ്റെ മനസിലേക്ക് കടന്ന് വരും!

പക്ഷേ പണ്ടത്തെ പൊട്ടിത്തെറികൾക്കുണ്ടായിരുന്ന പഞ്ച് ഇപ്പോഴത്തെ ആദ്യ സ്വിച്ച് ഓണിന് ലഭിക്കുന്നില്ല എന്ന ദു:ഖസത്യം ഈയിടെയായി എന്നാൽ വലിയ മനോവിഷമം സൃഷ്ടിച്ചു.

ഇപ്പോഴത്തെ കപ്പാസിറ്ററുകൾ പൊട്ടിത്തെറിക്കുന്നത് വളരെ അപൂർവ്വം, എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ പ്രഷർകുക്കർ ചീറ്റുന്നത് പോലെ ഒരു ശബ്ദവും ,ഒരു ചീത്ത മണവും മാത്രം.

സൂക്ഷിച്ച് നോക്കിയാലേ ഏത് കപ്പാസിറ്ററാണ് അടിച്ച് പോയതെന്ന് കണ്ട് പിടിക്കാനാകൂ. ഇതിനാൽ പരീക്ഷണം നടത്താനുള്ള വൈബേ പോയി.

എന്താണ് ഇപ്പോഴത്തെ ഇലക്ട്രോലിറ്റിക് കപ്പാസിറ്റുകൾ പൊട്ടിത്തെറിക്കാത്തതിന് കാരണം?

ശരിയായ ഇടത്ത് ശരിയായ അളവിലുള്ള ഇലക്ട്രോലിറ്റിക് കപ്പാസിറ്റർ ഇട്ടില്ലെങ്കിലും, കാലപ്പഴക്കം കൊണ്ട് വോൾട്ടേജ് റേറ്റിങ്ങ് തനിയെ കുറയുന്നത് കൊണ്ടും, ഉള്ളിലെ ഇലക്ട്രോലൈറ്റ് ,ഡൈ ഇലക്ട്രിക് മെറ്റീരിയലുകളുടെ കാലപരിധി എത്തുമ്പോഴും ഓവർ ഹീറ്റായി കപ്പാസിറ്റർ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്. പഴയ കാല കപ്പാസിറ്ററുകളുടെ അലുമിനിയം ക്യാൻ കൂടുതൽ ബലമേറിയതായിരുന്നതിനാലും ടെക്നോളജി ഇന്നത്തേപ്പോലെ വളർന്നിട്ടില്ലാത്തതിനാലും അവയുടെ ലീഡുകൾ പുറത്തേക്ക് വരുന്ന ഭാഗത്ത് ഒരു വീക്ക് പോയൻ്റ് കൊടുത്ത് അത് ഒരു സേഫ്റ്റി വാൽവായി കരുതിയിരുന്നു.
പക്ഷേ കപ്പാസിറ്ററുകൾ PCB യിൽ സോൾഡർ ചെയ്യാൻ തുടങ്ങിയതോടെ തകരാറുകൾ വന്ന് ഭവിക്കുമ്പോൾ അവയുടെ അടിവശത്തുള്ള ഈ സേഫ്റ്റി വാൽവ് പ്രവർത്തിക്കാതെ സ്വയം പൊട്ടിത്തെറിച്ച് ശബ്ദ വിരുന്നൊരുക്കി പോന്നു.

ഈ പ്രശ്നത്തിന് പരിഹാരമായി ജപ്പാനിലെ നിച്ചിക്കോൺ കപ്പാസിറ്റർ കമ്പനിയിലെ ഗവേഷകർ കപ്പാസിറ്ററുകളുടെ മുകൾ വശത്ത് സ്റ്റാർ ആകൃതിയിൽ ഒരു പ്രീ കട്ട് കൊടുത്ത് പരീക്ഷിച്ചു നോക്കി. എന്തെങ്കിലും തകരാർ സംഭവിച്ചാൽ അകത്ത് പ്രഷർ വർദ്ധിക്കുംയും താരതമ്യേന വീക്കായ പ്രീ കട്ട് ഭാഗം പൊട്ടിത്തുറന്ന് അവിടെ കൂടി ആ പ്രഷർ റിലീസായി പൊട്ടിത്തെറി ഒഴിവാക്കുകയും ചെയ്യും. എന്നതായിരുന്നു ഉദ്ദേശം. പരീക്ഷണം വിജയിച്ചു. അവർ തങ്ങളുടെ ഇലക്ട്രോ ലിറ്റിക് കപ്പാസിറ്ററുകളിൽ ഈ സേഫ്റ്റി ഫീച്ചർ ഇംപ്ലിമെൻ്റ് ചെയ്തു തുടങ്ങി.
പുറമേ കാണാത്ത വിധം ക്യാനിനകത്ത് പ്രീ കട്ട് കൊടുത്തിട്ടുള്ള കപ്പാസിറ്ററുകളുമുണ്ട്. ഒപ്പമുള്ള ചിത്രത്തിൽ നോക്കുക.

കൊള്ളാമല്ലോ ഈ പരിപാടി എന്ന് തോന്നിയ മറ്റ് കപ്പാസിറ്റർനിർമ്മാതാക്കൾ അത് തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് പകർത്തുകയും ചെയ്തതോടെ ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്സ് പരീക്ഷണശാലകളിലെ തൃശൂർ പൂരം കളക്റ്റർ നിരോധിക്കാതെ തന്നെ ഒഴിവായി. എഴുതിയത് #അജിത്_കളമശേരി 09.04.2023


Monday, May 29, 2023

#വർഗീസ്_ഗാർഡിയൻ ,#സീനിയർ_ടെക്നീഷ്യൻസ്,

 #വർഗീസ്_ഗാർഡിയൻ ,#സീനിയർ_ടെക്നീഷ്യൻസ്,


 

1960 ലെ ജൂലൈ മാസം 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെട്ട എഴുപുന്നയിൽ പവേലിച്ചിറ തറവാട്ടിലാണ് വർഗീസ് ചേട്ടൻ്റെ ജനനം. ധാരാളം അംഗബലമുള്ള ഒരു കുടുംബത്തിലാണ് ജനനമെന്നത് ഒരേ പോലെ തന്നെ സൗഭാഗ്യവും, സന്താപവും വർഗീസ് ചേട്ടൻ്റെ ജീവിതത്തിൽ കൊണ്ടുവന്നു.
കുടുംബത്തിലെ കാരണവരായ പിതാവിൻ്റെ കൽപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അമ്മ ബുദ്ധിമുട്ടുന്നത് ചെറുപ്രായത്തിൽ തന്നെ കണ്ട് മനസിലാക്കിയതിനാൽ എന്തെങ്കിലും തൊഴിലുകൾ ചെയ്ത് കുടുംബത്തിന് ഒരു തണലാകണമെന്ന ചിന്ത വർഗീസ് ചേട്ടനിൽ ചെറുപ്രായത്തിൽ തന്നെ അംഗുരിച്ചു.
ഇത് മൂലം സ്കൂളിൽ പോയുള്ള വിദ്യാഭ്യാസം പരിമിതപ്പെട്ടു പോയി എങ്കിലും സ്വയം പഠിച്ച് ഒരു ടെക്നീഷ്യന് അറിവുകൾ വായിച്ചും കേട്ടും പഠിക്കാൻ ആവശ്യമായ ഇംഗ്ലീഷ്, കണക്ക് കംപ്യൂട്ടർ പരിജ്ഞാനം എന്നിവ കരഗതമാക്കി.
സൈക്കിൾ റിപ്പയറിംഗ്, പെട്രോമാക്സ് റിപ്പയറിങ്ങ് ,കൊല്ലപ്പണി, വാഹന വർക്ക്ഷോപ്പുകൾ, സ്റ്റവ് റിപ്പയറിങ്ങ് ,ഗ്യാസ് വെൽഡിങ്ങ് ,ഇലക്ട്രിക് വെൽഡിങ്ങ് ലേത്ത് വർക്ക്സ് തുടങ്ങിയ തൊഴിലുകൾ ചെയ്ത് ജീവിതവൃത്തി പുലർത്തി വന്നവരെ വിടാതെ പിൻതുടർന്ന് ചെറുപ്രായത്തിൽ തന്നെ ആ തൊഴിലുകളിലെല്ലാം എക്സ്പെർട്ട് ആവാൻ വർഗീസ് ചേട്ടന് സാധിച്ചു.
അക്കാലത്ത് നാട്ടിൽ റേഡിയോ ഉള്ള അപൂർവ്വം ചില വീടുകളിൽ ഒന്നിൽ വാൽവ് റേഡിയോ റിപ്പയർ ചെയ്യാൻ സൈക്കിളിൽ ചേർത്തലയിൽ നിന്നും വന്ന മാത്തപ്പൻ ചേട്ടനെ വർഗീസ് ചേട്ടൻ പിൻതുടരുകയും അദ്ദേഹം ആ വീട്ടിലെത്തി റേഡിയോ തുറക്കുന്നതടക്കമുള്ള പ്രവൃത്തികൾ ഏതോ മാന്ത്രികൻ്റെ കരവിരുത് പോലെ കുട്ടിയായ വർഗീസ് കണ്ട് നിന്നു.
താൻ കണ്ട ജോലികളിൽ ഏറ്റവും അത്ഭുതകരമായ വിദ്യയായി റേഡിയോ റിപ്പയറിങ്ങ് ഇതോടെ വർഗീസിന് തോന്നി. പിന്നീട് ഇലക്ട്രോണിക്സിൻ്റെ ഉള്ളുകള്ളികൾ തേടിയുള്ള യാത്രയിലായി വർഗീസ് ചേട്ടൻ.
പിന്നീട് പല വെൽഡിങ്ങ്,ലേത്ത് വർക്ക്ഷോപ്പുകളിലും, ഓട്ടോമൊബൈൽ റിപ്പയർ മേഘലകളിലും തൊഴിൽ ചെയ്തെങ്കിലും വർഗീസ് ചേട്ടൻ ഇലക്ട്രോണിക്സിൻ്റെ രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ ഒരിടത്താവളമായി മാത്രം അതിനെ കരുതിപ്പോന്നു.
വിവാഹത്തോടെ വർഗീസ് ചേട്ടൻ്റെ ജീവിതം മാറി മറിഞ്ഞു. അത് വരെ പല പല വർക്ക്ഷോപ്പുകളിൽ കൂലിക്കാരനായി ജോലി ചെയ്ത് അവിടങ്ങളിലെ മുതലാളിമാരുടെയും, ആശാൻമാരുടെയും ആട്ടും തുപ്പുമേറ്റ് ജീവിതം തിൽ ഒരു അർത്ഥവുമില്ല, സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന ചിന്ത മനസിൽ വളർന്നു.
ഇതിനെല്ലാം ഫുൾ സപ്പോർട്ടുമായി ഭാര്യ ലീലാമ്മ ചേച്ചിയും ഒപ്പം നിന്നു. കയ്യിൽ ഇതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം മുടക്കി കളമശേരിക്കും, കാക്കനാടിനും മദ്ധ്യേ കിടക്കുന്ന തേവയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ കുറച്ച് സ്ഥലം വാങ്ങി ഒരു ചെറിയ വീട് തല്ലിക്കൂട്ടി.
വീട്ടിൽ ഒരു ചെറിയ വർക്ക്ഷോപ്പ് തുടങ്ങാം എന്ന് കരുതിയ വർഗീസ് ചേട്ടന് പ്രതീക്ഷിച്ച ഒരിടത്ത് നിന്നും യാതൊരു സാമ്പത്തിക സഹായവും ലഭിച്ചില്ല.
അവിടെയും ഭാര്യ ലീലാമ്മ ചേച്ചി തുണയായി കയ്യിൽ ആകെയുണ്ടായിരുന്ന പൊട്ടും പൊടിയും പണയം വച്ച് 3000 രൂപ വർഗീസ് ചേട്ടനെ ഏൽപ്പിച്ചു.
ആ തുക കൊണ്ട് ഒരു ആർക്ക് വെൽഡിങ്ങ് മെഷീനും, ഡില്ലിങ്ങ് മെഷീനും, ഗ്രൈൻഡറും, ബഞ്ച് വൈസും വാങ്ങി വീട്ടിൽ തന്നെ ഒരു ചായ്പ്പ് കെട്ടി അതിൽ വർക്ക് ഷോപ്പ് ആരംഭിച്ചു.
അത് വരെ കേരളത്തിൽ ആരും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഒരു പുതിയ ഉൽപ്പന്നമാണ് വർഗീസ് ചേട്ടൻ്റെ പണിശാലയിൽ നിന്നും പുറത്ത് വന്നത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ മണ്ണെണ്ണ സ്റ്റവ്!
ഇന്ന് ഇത് വായിക്കുമ്പോൾ നിങ്ങൾക്കൽഭുതം തോന്നാം... 1980കളിൽ കേരളത്തിലെ മിക്കവാറും ഹോട്ടലുകളിൽ മണ്ണെണ്ണ സ്റ്റവിലും, വിറകടുപ്പിലുമായിരുന്നു പാചകം ചെയ്തിരുന്നത്.
കോയമ്പത്തൂരിലും, സേലത്തുമെല്ലാം ഉണ്ടാക്കിയിരുന്ന എടുത്താൽ പൊങ്ങാത്ത വലിയ കാസ്റ്റ് അയേൺ ബോഡിയുള്ള സ്റ്റവുകൾ പാചകക്കാരൻ്റെ ശ്രദ്ധ അൽപ്പമൊന്നു മാറിയാൽ ഭക്ഷണ പദാർത്ഥങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധം പടർത്തുന്നവയായിരുന്നു.
കൂടാതെ ബർണ്ണറിൽ മണ്ണെണ്ണയിലെ കരട് കുടുങ്ങിയുള്ള തകരാറുകളും. കൂടാതെ സ്റ്റവ് കത്തുമ്പോഴുള്ള അസഹനീയമായ ചീറ്റൽ ശബ്ദവും.
1984 മാർച്ച് മാസം പുലർച്ചേ 5.30ന് കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽ ഏവിയേഷൻ സ്പിരിറ്റ് സൂക്ഷിച്ചിരുന്ന ടാങ്കിൽ പൊട്ടിത്തെറി ഉണ്ടാവുകയും അതൊരു വമ്പൻ തീപിടുത്തമായി മാറുകയും ചെയ്തതോടെ റിഫൈനറിയുടെ പ്രവർത്തനം തടസപ്പെട്ടു കേരളത്തിൽ കുക്കിങ്ങ് ഗ്യാസിൻ്റെ ലഭ്യത നിലച്ചു.
അതോടെ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന ഉയർന്ന ശ്രേണിയിൽ പെട്ട ഫൈവ് സ്റ്റാർ ഹോട്ടലുകൾ അടക്കം പാചകശാലകൾ മറ്റൊരു സമാന്തര സംവിധാനം തേടി പരക്കം പാഞ്ഞു.
ഈ പ്രതിസന്ധി മുതലെടുത്ത്
മണ്ണെണ്ണ സ്റ്റവുകളുടെ പോരായ്മകൾ അറിയാവുന്ന വർഗീസ് ചേട്ടൻ ഈ കുറവുകൾ എല്ലാം പരിഹരിച്ചുകൊണ്ടുള്ള പുതിയൊരു ഡിസൈൻ ഡവലപ്പ് ചെയ്യുകയും
അതിന് മൂർത്തരൂപം നൽകി തൻ്റെ ആദ്യ പ്രൊഡക്റ്റായി വിപണിയിലെത്തിക്കുകയും ചെയ്തു.
വളരെ വേഗം വിപണി പിടിച്ച ഈ ഹോട്ടൽ സ്റ്റൗ തകരാറുകളില്ലാത്ത, ആയാസരഹിതമായ പ്രവർത്തനത്തിൻ്റെ പേരിൽ പാചകക്കാരുടെയും ഹോട്ടലുടമകളുടെയും മുക്തകണ്ഡ പ്രശംസക്ക് അർഹമായി.
ശബ്ദ ശല്യവും, മണ്ണെണ്ണ മണവും, ഇല്ലാത്തതും വേഗത്തിലുള്ള പാചകവും മൂലം വർഗീസ് ചേട്ടൻ്റെ സ്റ്റവ് വളരെ വേഗം പ്രചാരം നേടി.
തൻ്റെ കണ്ട് പിടുത്തത്തിന് പേറ്റെൻ്റ് എടുക്കാനൊന്നും വർഗീസ് ചേട്ടൻ തുനിയാതിരുന്നത് മൂലം മറ്റ് വർക്ക്ഷോപ്പുകാരും ഇതിൻ്റെ വികൃതമായ അനുകരണങ്ങൾ പുറത്തിറക്കി തുടങ്ങി.
ഇന്ന് നിങ്ങൾ ഏതൊരു വലിയ പാചകപ്പുരയിലും കാണുന്ന മുഴുത്ത ഹെവി ഡ്യൂട്ടി ഗ്യാസ് സ്റ്റവുകളുടെ കേരള മാതൃകയുടെ ഉപജ്ഞാതാവ് വർഗീസ് ചേട്ടനെന്നറിയുക
ഗ്യാസ് ഷോർട്ടേജ് പ്രശ്നം പരിഹരിക്കപ്പെട്ടതോടെ വർഗീസ് ചേട്ടൻ മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സ്റ്റവിൻ്റെ ഡിസൈൻ ചെറുതായി ഒന്ന് മോഡിഫൈ ചെയ്ത് അതിനെ ഗ്യാസ് സ്റ്റൗ ആയി കൺവെർട്ടു ചെയ്തു. ഇതും പെട്ടെന്ന് തന്നെ പോപ്പുലറായി..
വീഡിയോ കാസറ്റുകളുടെ പുഷ്കര കാലമായിരുന്നു. 1980കൾ. വീഡിയോ കാസറ്റുകൾക്കുണ്ടാകുന്ന ഒരു മാറാവ്യാധിയായിരുന്നു കാസറ്റിൻ്റെ റിബണിലെ ഫംഗസ് ബാധ. ഇത് മൂലം VCRൽ കാസറ്റുകൾ ഇട്ടാൽ വളരെ വേഗം ഹെഡിൽ ഒരിനം ഫംഗസ് പിടിച്ച് ചിത്രങ്ങൾ അവ്യക്തമാകും. ഒരു തവണ ഉപയോഗിച്ച കാസറ്റ് അൽപ്പ ദിവസം വെറുതേ വച്ചിരുന്നാൽ ഫംഗസിൻ്റെ ആക്രമണം ഉറപ്പായും ഉണ്ടാകും.കേരളത്തിലെ ഹ്യൂമിഡിറ്റി കൂടിയ കാലാവസ്ഥയിൽ കാസറ്റുകളിലെ ഈ പ്രശ്നം തരണം ചെയ്യാൻ കൂടെക്കൂടെ ഹെഡ് ക്ലീൻ ചെയ്യുക എന്നതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ..
വീഡിയോ കാസറ്റ് വാടകയ്ക്ക് കൊടുക്കുന്നവരെ ഈ പ്രശ്നം വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു അക്കാലങ്ങളിൽ .ഇതിനൊരു പരിഹാരവുമായി വർഗീസ് ചേട്ടൻ രംഗത്തെത്തി. ഓട്ടോമാറ്റിക് വീഡിയോ കാസറ്റ് ക്ലീനർ എന്ന ഉപകരണമായിരുന്നു അത്.
അതിൽ വീഡിയോ കാസറ്റുകൾ ഇട്ട് ഓൺ ചെയ്താൽ കാസറ്റിൻ്റെ റിബണിലെ ഫംഗസുകളെ പൂർണ്ണമായും നീക്കി കെമിക്കൽ ക്ലീൻ ചെയ്ത് കഴുകി ഉണക്കി പുത്തനായി പുറത്തേക്ക് തരുന്ന ഒരു പകരണം.
ഒരു കാസറ്റ് റീ വൈൻഡ് ചെയ്യുന്ന വേഗത്തിൽ കാസറ്റ് ക്ലീൻ ചെയ്യുന്ന ഉപകരണം വളരെ വേഗം കാസറ്റ് കടക്കാരുടെ ഇടയിൽ ഹിറ്റായി.
തുടർന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിലാദ്യമായി മെക്കാനിക്കൽ സൈൻ വേവ് ഇൻവെർട്ടറുകൾ ഡിസൈൻ ചെയ്ത് പുറത്തിറക്കി.
കേബിൾ TV യുടെ തുടക്കകാലത്ത് സിഗ്നൽ സ്ട്രെങ്ങത് കൂട്ടാൻ ഇടക്കിടെ ബൂസ്റ്റർ ആംപ്ലിഫയറുകൾ വയ്ക്കേണ്ടി വന്നിരുന്നു. പവർ കട്ടുകളുടെ ചാകരയായിരുന്നു അക്കാലത്ത്, വിപണിയിൽ ലഭിച്ചിരുന്നത് സ്ക്വയർ വേവ് ഇൻവെർട്ടറുകൾ മാത്രവും.
സ്ക്വയർ വേവിൽ സിഗ്നൽ ബൂസ്റ്റർ ആമ്പുകൾ ശരിയായി പ്രവർത്തിക്കില്ല. ഇത് വല്ലാത്തൊരു തലവേദനയയായിരുന്നു അക്കാലത്ത്.
ഇതിനൊരു പരിഹാരമായി ഒരു ചെറിയ DC മോട്ടോറിനെ മറ്റൊരു ചെറിയ DC മോട്ടോർ കൊണ്ട് കറക്കി ആദ്യ മോട്ടോറിൽ നിന്ന് AC പൾസുകൾ ജനറേറ്റ് ചെയ്ത് ആ പൾസുകളെ 2 N 3773 ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് ശക്തി കൂട്ടി നല്ല ഒന്നാന്തരം സൈൻവേവ് ഇൻവെർട്ടറുകൾ വർഗീസ് ചേട്ടൻ നിർമ്മിക്കാൻ തുടങ്ങി.ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒന്ന് ബൽറ്റ് മാറ്റണം അത്ര മാത്രമേ ഈ സൈൻ വേവ് ഇൻവെർട്ടറിന് തകരാർ വന്നിരുന്നുള്ളൂ.
1984 ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ അവരെ പൊതുദർശനത്തിന് വയ്ക്കാനായി വിദേശത്ത് നിന്നും മൊബൈൽ ഫ്രീസർ കൊണ്ട് വന്ന ദൃശ്യങ്ങൾ TV യിൽ കണ്ട വർഗീസ് ചേട്ടൻ ഇന്ത്യയിൽ ആദ്യമായി എന്ന് പറയാൻ തക്കവണ്ണം ഒരു മൊബൈൽ മോർച്ചറി A/C യുടെ കംപ്രസർ ഉപയോഗിച്ച് നിർമ്മിച്ചു.ഇത് കേട്ടറിഞ്ഞ് ധാരാളം പേർ ഇത് കാണുവാനെത്തിയപ്പോൾ ഇതിൻ്റെ നിർമ്മാണ രഹസ്യങ്ങൾ ഫ്രീയായി പങ്ക് വച്ച് താൽപ്പര്യമുള്ള ഏത് വർക്ക്ഷോപ്പുകാരനും ഈ മൊബൈൽ മോർച്ചറി നിർമ്മിക്കാനുള്ള സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതോടെ മൊബൈൽ മോർച്ചറി കേരളത്തിൽ വ്യാപകമായിത്തുടങ്ങി. അങ്ങനെ വർഗീസ് ചേട്ടൻ ഡിസൈൻ ചെയ്ത മറ്റൊരു പ്രൊഡക്റ്റും ജനോപകാരപ്രദമായി മാറി.
തുടർന്ന് ഇന്ന് എല്ലാ പൊതു ശ്മശാനങ്ങളിലും കാണുന്ന ഗ്യാസ് ഉപയോഗിച്ച് ശവശരീരങ്ങൾ ഭസ്മമാക്കുന്ന ക്രിമറ്റോറിയം എന്ന വമ്പൻ ഉപകരണം കണ്ടു പിടിച്ചു.
ഗ്യാസ് ക്രിമറ്റോറിയം മുൻപേ തന്നെ വിദേശങ്ങളിൽ ഉണ്ടെങ്കിലും ഒരാളെ ദഹിപ്പിക്കാൻ ഏതാണ്ട് പത്ത് കുറ്റി ഗ്യാസ് വേണ്ടി വന്നിരുന്നു.കൂടാതെ ധാരാളം സമയവും.
വർഗീസ് ചേട്ടൻ്റെ കണ്ട് പിടുത്തമായ ഗ്യാസ് ക്രിമറ്റോറിയം വെറും ഒരു കുറ്റി ഗ്യാസ് ഉപയോഗിച്ച് വെറും 25 മിനിറ്റ് കൊണ്ട് ഒരു മനുഷ്യനെ ദഹിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇതിൻ്റെ പേറ്റൻ്റ് വർഗീസ് ചേട്ടൻ ഒരു പ്രമുഖ കമ്പനിക്ക് കൈമാറുകയും കേരളത്തിലെ എല്ലാ നഗരസഭകളിലും, പഞ്ചായത്തുകളിലും സ്ഥാപനങ്ങളിലും അവ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇന്ന് നിങ്ങൾ കാണുന്ന ഓരോ ക്രിമറ്റോറിയത്തിൻ്റെ പിന്നണിയിലും വർഗീസ് ചേട്ടൻ്റെ കൈവിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്ന് ഓർക്കുക.
പരിസര മലിനീകരണത്തിന് വലിയ അളവിൽ സാദ്ധ്യതയുള്ള വാഹനങ്ങളിൽ നിന്നും നീക്കുന്ന കരി ഓയിലും, ഹോട്ടലുകൾ ഉപേക്ഷിക്കുന്ന.. പാചക ശേഷം ബാക്കി വരുന്ന എണ്ണയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന അശേഷം മലിനീകരണമില്ലാത്ത ഫർണ്ണസുകൾ കണ്ട് പിടിച്ചു. ഇവ പല വ്യവസായശാലകളിലും, ബോട്ട് യാർഡുകളിലും ചെമ്പ്, അലൂമിനിയം മുതലായവ കുറഞ്ഞ ചിലവിൽ ഉരുക്കാൻ ഉപയോഗിച്ച് വരുന്നു.
കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ എണ്ണക്കപ്പലുകൾ അടുക്കുന്ന ബർത്തിലെ അഗ്നി സുരക്ഷാ സംവിധാനത്തിൻ്റെ ഭാഗമായ ഫോം ഉപയോഗിച്ച് അഗ്നിബാധ തടയുന്ന ഫോം ഫയർ എക്സ്റ്റിങ്ങ്ഗ്യൂഷർ ടവർ… ഒരു കപ്പലിടിച്ച് തകർന്ന് പോയപ്പോൾ മറ്റ് പല പ്രമുഖ കമ്പനികളും ഉപേക്ഷിച്ച ആ ക്ലാസിഫൈഡ് ജോബ് അന്നത്തെ ചീഫ് ഫയർ ഓഫീസർ രാധാകൃഷ്ണൻ നായർ സാറിൻ്റെ നിർദ്ദേശത്താൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും ,ആ ടവറും ,അനുബന്ധ സാമഗ്രികളും സ്വന്തം ഡിസൈനിൽ നിർമ്മിച്ച് വർഗീസ് ചേട്ടൻ തൻ്റെ വൈദഗ്ദ്ധ്യം ഒന്ന് കൂടി തെളിയിച്ചു. 25 വർഷത്തിനിപ്പുറം ഇന്നും ആ അഗ്നിശമന ഉപാധി കൊച്ചിൻ പോർട്ടിൽ തല ഉയർത്തി നിന്ന് സേവനം നൽകുന്നതായി നിങ്ങൾക്ക് കാണാം.
ഇതിനോടൊപ്പം തന്നെ എണ്ണിയാൽ തീരാത്തത്ര കണ്ട് പിടുത്തങ്ങൾ വറുഗീസ് ചേട്ടൻ്റെതായി ഉണ്ട്.
സീലിങ്ങ് ഫാൻ വൈൻഡ് ചെയ്യുന്ന ഓട്ടോമാറ്റിക് മെഷീൻ, ഇലക്ട്രോണിക്സ് ആവശ്യങ്ങൾക്കുള്ള പവർ ട്രാൻസ്ഫോർമറുകൾ നിർമ്മിക്കുന്ന CNC വൈൻഡിങ്ങ് മെഷീൻ, കുറഞ്ഞ ഗ്യാസ് ചിലവിൽ കൂടുതൽ ചൂട് നൽകുന്ന ആജീവനാന്തം തകരാറുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ റോക്കറ്റ് ബർണ്ണർ.. തകരാറിലായാൽ ഉപേക്ഷിക്കേണ്ടി വന്നിരുന്ന വാഷിങ്ങ് മെഷീനുകളുടെ ഡ്രമ്മുകൾ റീ കണ്ടീഷൻ ചെയ്യുന്നതിനുള്ള ചിലവ് കുറഞ്ഞ ടെക്നോളജി..
വെള്ളയപ്പം ചുടുന്നതിനുള്ള ഫുള്ളി ഓട്ടോമാറ്റിക് മെഷീൻ, ഇരുമ്പ് ഷീറ്റുകൾ ഗ്യാസിൽ ഡിസൈൻ കട്ട് ചെയ്യുന്നതിനുള്ള മെഷീൻ, വീടുകളെ ഇടിമിന്നലിൽ നിന്നും സംരക്ഷിക്കുന്ന ലൈറ്റ്നിങ്ങ് അറസ്റ്റർ... വീടുകളുടെ സുരക്ഷ മൊത്തമായും കൈകാര്യം ചെയ്യുന്ന ഓവർ വോൾട്ടേജ്, ഷോക്ക്, സർജ് തുടങ്ങിയ എന്ത് ഉണ്ടായാലും ഓട്ടോമാറ്റിക് ആയി ഓഫായി വീട്ടുപകരണങ്ങളെ സംരക്ഷിക്കുന്ന ഓട്ടോമാറ്റിക് മെയിൻ സ്വിച്ച്, വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിനൊപ്പം കറണ്ടും ഉത്പ്പാദിപ്പിക്കുന്ന പെഡൽ ജനറേറ്റർ..ഒരു കട്ടിൽ മാത്രമായി എയർ കണ്ടീഷനിങ്ങ് ചെയ്യുന്നതിനുള്ള ബെഡ് ഏ.സീ.ഇലക്ട്രിക് പോസ്റ്റിൽ ഈസിയായി കയറാനുള്ള ചെരുപ്പ്, കരി ഓയിൽ ഇന്ധനമാക്കി അലൂമിനിയം ഉരുക്കുന്ന ഫർണ്ണസ്, വലിയ സ്പീക്കറുകളുടെ കോൺപേപ്പർ മോൾഡ് ചെയ്യുന്ന ടെക്നോളജി, കുറഞ്ഞ ചിലവിൽ ഹെവി ഡ്യൂട്ടി സ്പീക്കറുകളുടെ മാഗ്നെറ്റ് ചാർജ് ചെയ്യുന്ന മെഷീൻ, സാധാരണ പച്ചിരുമ്പ് കൊണ്ടുള്ള ആണിയെ നമ്മൾ ഇന്ന് ധാരാളമായി ഉപയോഗിക്കുന്ന കോൺക്രീറ്റ് ആണിയാക്കി മാറ്റുന്ന ടെക്നോളജി…
തുടങ്ങി നിരവധി അനവധി ഉൽപ്പന്നങ്ങളാണ് വർഗീസ് ചേട്ടൻ്റെ പണിശാലയിലൂടെ മൂർത്തരൂപം കൈവരിച്ച് പുറത്തേക്ക് എത്തിയത്.
തൻ്റെ കണ്ട് പിടുത്തങ്ങൾ ഒന്നും സ്വന്തമാക്കി വയ്ക്കാതെ സമീപിക്കുന്ന ആർക്കും അവ പകർന്ന് നൽകാൻ വർഗീസ് ചേട്ടൻ ഇന്നും മടികാണിക്കാറില്ല.
2016 ലെ ഏറ്റവും ഉപകാരപ്രദമായ നാടൻ കണ്ട് പിടുത്തത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച ഇലക്ട്രിക് പോസ്റ്റിൽ കയറാനുള്ള ഷൂസിൻ്റെ ഉപജ്ഞാതാവ് വർഗീസ് ചേട്ടനാണ്.. തെളിവായി ഇക്കാര്യം 2010ൽ തന്നെ വീഡിയോയായി യൂട്യൂബിൽ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് പോസ്റ്റില് കയറാനും ഷൂസ് എന്ന കീവേഡ് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ഡേറ്റ് സ്റ്റാമ്പടക്കം കാണാം.
കൊല്ലപ്പണി മുതൽ .. കരയിലും വെള്ളത്തിലും ഓടുന്ന ഏത് വാഹനവും റിപ്പയർ ചെയ്യുന്നതിനും, ഓടിക്കുന്നതിനുമുള്ള കഴിവ്, ഇല്‌ക്ട്രിക്കൽ, ഇലക്ട്രോണിക്സ്‌, കമ്പ്യൂട്ടർ തുടങ്ങി ഏത് ഉപകരണവും നിർമ്മിക്കുന്നതിനും തകരാറ് പരിഹരിക്കുന്നതിനുമുള്ള കഴിവ് തുടങ്ങി എല്ലാ വിഷയങ്ങളിലും ഇടപെടുകയും കഴിവ് തെളിയിക്കുയും ചെയ്തിട്ടുള്ളതിനാൽ മാസ്റ്റർ ഓഫ് ഓൾ ട്രേഡ്സ് എന്ന് വിളിക്കാൻ തികച്ചും യോഗ്യനായ വ്യക്തിയാണ് വർഗീസ് ചേട്ടൻ...
'
നല്ലൊരു ഗായകനും, അതോടൊപ്പം സൗണ്ട് റിക്കോഡിസ്റ്റും, സൗണ്ട് എഡിറ്ററുമാണ് വർഗീസ് ചേട്ടൻ
ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത് .വർഗീസ് ചേട്ടൻ്റെ കണ്ട് പിടുത്തമായ വ്യായാമത്തോടൊപ്പം കറണ്ടും ഉൽപ്പാദിപ്പിക്കുന്ന പെഡൽ ജനറേറ്റർ
കേരളത്തിലെമ്പാടുമുള്ള വാഷിങ്ങ് മെഷീൻ ടെക്നീഷ്യൻമാർ തങ്ങൾക്ക് തകരാറിലായി ലഭിക്കുന്ന മെഷീനിൻ്റെ വാഷ് ഡ്രമ്മുകൾ റീ കണ്ടീഷൻ ചെയ്യുന്നതിനായി വർഗീസ് ചേട്ടൻ്റെ പണി ശാലയിലേക്കാണ് അയക്കുന്നത്. കുറഞ്ഞ ചിലവിൽ അവ അദ്ദേഹം റീ കണ്ടീഷൻ ചെയ്ത് നൽകുന്നു.ഗാർഡിയൻ ടെക്നിക്കൽ ഷോപ്പ് എന്നാണ് അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൻ്റെ പേര്.. അതിനാൽ അദ്ദേഹം ഗാർഡിയൻ വർഗീസ് ചേട്ടൻ എന്ന പേരിൽ അറിയപ്പെടുന്നു.
വെൽഡിങ്ങും ലേത്ത് വർക്കിലും ,ഇലക്ട്രോണിക്സ് മേഘലകളിലും... വർഗീസ് ചേട്ടനെപ്പോലെ തന്നെ വിദഗ്ദ്ധയായ തൻ്റെ ഇളയ മകളായ നീനുവിനെ പണിശാലയുടെ ചുമതല ഏൽപ്പിച്ച് ഇപ്പോൾ ശബ്ദ ഗുണത്തിൽ മുന്നിട്ട് നിൽക്കുന്ന ഇഞ്ചക്ഷൻ ബയാസിങ്ങ് എന്ന് വർഗീസ് ചേട്ടൻ വിശേഷിപ്പിക്കുന്ന ടെക്നോളജിയിൽ ഡവലപ്പ് ചെയ്യുന്ന ഒരു ഹൈ എൻഡ് ലോ വാട്ടേജ് ഹൈ ഫിഡിലിറ്റി സ്റ്റീരിയോ ആമ്പിൻ്റെ പണിപ്പുരയിലാണ് ഈ 62 ആം വയസിലും കർമ്മനിരതനായ വർഗീസ് ചേട്ടൻ. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
നിങ്ങളുടെ സംശയങ്ങൾ വർഗിസ് ചേട്ടനോട് ചോദിക്കാം.. ഗവേഷണ കാര്യങ്ങളിൽ തിരക്കായിരിക്കും, വിളിച്ച് ശല്യം ചെയ്യേണ്ട. 9400710510 എന്ന വാട്സാപ്പ് നമ്പരിൽ, വോയ്സ് മെസേജ് അയക്കുന്നതാണ് സൗകര്യം.. തീർച്ചയായും മറുപടി പ്രതീക്ഷിക്കാം. അജിത് കളമശേരി .നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് ഇദ്ദേഹം. #സീനിയർ_ടെക്നീഷ്യൻസ്,#ajith_kalamassery.

ലിയാഡെൽ ജോഷി,സീനിയർ_ടെക്നീഷ്യൻസ്

 

 ലിയാഡെൽ ജോഷി
 സീനിയർ_ടെക്നീഷ്യൻസ്.
 

 
തൃശൂർ ജില്ലയുടെ ഒരവികസിത പ്രദേശമായ കൊമ്പൊടിഞ്ഞാൻ മാക്കൽ എന്ന ഗ്രാമത്തിൽ 25 വർഷം മുൻപ് ചെറിയ രീതിയിൽ ആരംഭിച്ച ഒരു ഇലക്ട്രോണിക്സ് റഡിമേഡ് അസംബിൾഡ് പി.സീ ബീ നിർമ്മാണ യൂണിറ്റാണ് ഇന്ന് LIYADEL എന്ന ഹൈപവർ പ്രൊഫഷണൽ ആംപ്ലിഫയർ നിർമ്മാണ ഫാക്ടറിയായി വളർന്നതിന് പിന്നിൽ ജോഷി എന്ന ചെറുപ്പക്കാരൻ്റെ കഠിന പ്രയത്നത്തിൻ്റെ കഥയുണ്ട്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജോഷിയിൽ ഇലക്ട്രോണിക്സ് എന്ന പ്രാന്ത് കയറിക്കൂടിയത്.ഇതോടെ സദാസമയവും നാട്ടിലെ ഇലക്ട്രോണിക്സ് കടകളുടെ വാതിൽക്കലെ നിത്യ സാന്നിധ്യമായി മാറി.
അന്നത്തെ ഈ കടകൾ നടത്തുന്ന ടെക്നീഷ്യൻമാർ ഈ ചെറുക്കൻ്റെ ശല്യം ഒഴിവാക്കാനായി നൽകുന്ന കപ്പാസിറ്ററിൻ്റെയും, ട്രാൻസിസ്റ്ററിൻ്റെയും പൊട്ടും പൊടിയും ശേഖരിക്കുന്നത് ജോഷിക്ക് വളരെ സന്തോഷം നൽകി.
ചെറിയ പെട്ടിക്കുള്ളിൽ നിന്നും വലിയ ശബ്ദം പുറപ്പെടുവിക്കുന്നത് എന്ത് മാജിക്കാണെന്നറിയാനായി ജോഷിയുടെ പിന്നത്തെ ശ്രമം... പറഞ്ഞ് തരാൻ ആരുമില്ല. അറിയാവുന്നവർ ഒട്ട് പറഞ്ഞ് കൊടുക്കുകയുമില്ല. അതിനാൽ സ്വന്തമായി കിട്ടാവുന്നത്ര ഇലക്ട്രോണിക്സ് പുസ്തകങ്ങൾ വാങ്ങി സ്വയം പഠനവും ,പരീക്ഷണങ്ങളും ആരംഭിച്ചു.
പത്താം ക്ലാസിന് ശേഷം ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ പ്രീ ഡിഗ്രിക്ക് ചേർന്നു. കോളേജ് പഠനകാലത്ത് ,സുഹൃത്തുക്കൾക്കും ,മറ്റ് പരിചയക്കാർക്കും കാസറ്റ് ഡക്കുകളും, ആംപ്ലിഫയറുകളും ഉണ്ടാക്കി നൽകിത്തുടങ്ങി.
പ്രീഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നതിനാൽ പോളിടെക്നിക്കിൽ അഡ്മിഷൻ കിട്ടി.
SNGIT പോളീടെക്നിക്ക് കോളേജ് കോയമ്പത്തൂരിൽ ഇഷ്ട വിഷയമായ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ പഠിക്കാനായി ചേർന്നു.
അവിടുത്തെ പഠനശേഷം നാട്ടിലെത്തി തൃപ്രയാറിലെ ശ്രീരാമവർമ്മ പോളിടെക്നിക്കിൽ വീണ്ടും ചേർന്ന് അന്നത്തെ ട്രൻഡിങ്ങ് വിഷയമായ കമ്പ്യൂട്ടർ ഹാർഡ് വെയർ പഠനം വിജയകരമായിപൂർത്തിയാക്കി.
പഠനത്തിനിടയിൽ തന്നെ സ്വന്തമായി വരുമാനത്തിനായി ഒരു അസംബിൾഡ് പീസീബീ നിർമ്മാണ യൂണിറ്റ് വീട്ടിൽ തന്നെ ആരംഭിച്ചു. ജോഷിയുടെ ഈ കുത്തിത്തിരിപ്പ് പണികൾ പഠനത്തിലുള്ള ശ്രദ്ധ കളയുമെന്ന് പറഞ്ഞ് അഛനുൾപ്പടെ എല്ലാവരും എതിർത്തപ്പോൾ ജോഷിയുടെ അമ്മ മകൻ്റെ ഈ ടെക്നിക്ക് പണികൾക്ക് എല്ലാം കൂട്ടായി നിന്നു.
വലപ്പാട് പോളിടെക്നിക്കിലെ അദ്ധ്യാപികയായ അമ്മ ചിന്നമ്മയുടെ സാമ്പത്തികം ഒഴിച്ചുള്ള എല്ലാ സഹായങ്ങളും ജോഷിക്ക് നിർലോഭം ലഭിച്ചു.
പഠിപ്പിനൊപ്പം നടത്തിയിരുന്ന അസംബ്ലിങ്ങ്‌ യൂണിറ്റിൽ നിന്നും സ്വന്തമായി സമ്പാദിക്കുന്ന തുക കൊണ്ടായിരുന്നു പത്താം ക്ലാസിന് ശേഷം ജോഷിയുടെ വിദ്യാഭ്യാസം മുഴുവൻ പൂർത്തിയാക്കിയത്.
സ്വന്തമായി നടത്തിവന്നിരുന്ന റഡിമേഡ് PCB അസംബ്ലിങ്ങ്‌ യൂണിറ്റിൽ നിന്നും കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല.
ഗുണമേൻമയ്ക്ക് ജോഷി മുൻഗണന നൽകിയിരുന്നതിനാൽ ഈ PCBകൾ കസ്റ്റമർമേഴ്സിനിടയിൽ നല്ല വിൽപ്പന നേടിയെങ്കിലും ഷോപ്പുടമകൾ കാശ് കൊടുക്കാതെ ഇട്ട് വലിപ്പിച്ചതിനാൽ കമ്പനി നഷ്ടത്തിലായി.
ഇങ്ങനെ വിഷമിച്ചിരുന്ന ജോഷിയെ സാങ്കേതിക കാര്യങ്ങളിൽ കുറച്ച് വിവരമുണ്ടായിരുന്ന അൽപ്പം മുതിർന്ന ഒരടുത്ത സുഹൃത്ത് ഉപദേശിച്ചു. എടാ നിൻ്റെ പ്രൊഡക്റ്റുകളുടെ ഗുണമേൻമയിൽ നിനക്ക് വിശ്വാസമുണ്ടെങ്കിൽ ഫിനിഷ്ഡ് പ്രൊഡക്റ്റുകൾ നിർമ്മിക്കൂ.. അല്ലാതെ ഇങ്ങനെ ചില്ലറപ്പൈസ ലാഭത്തിന് ബോർഡുകൾ ഉണ്ടാക്കി വിറ്റാൽ ഗതി പിടിക്കില്ല.
ഈ ഉപദേശം ശിരസാവഹിച്ച ജോഷി പഴയ ബിസിനസുകൾ എല്ലാം നിറുത്തി പവർ ആംപ്ലിഫയറുകളുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു.
ലീനിയർ ആംപ്ലിഫയർ ഡവലപ്പ്മെൻ്റ് ഇലക്ട്രോണിക്സ് ലാബോറട്ടറി LiADEL എന്ന പേരിൽ ഒരു ബ്രാൻഡ് രജിസ്റ്റർ ചെയ്തത് പവർ ആംപ്ലിഫയറുകളുടെ നിർമ്മാണം ആരംഭിച്ചു.
ഇതിനിടയിൽ അൽപ്പകാലം കേരളാ ഗവ: പദ്ധയുടെ കീഴിൽ ഇലക്ട്രോണിക്സ് മേഖലയിൽ യുവാക്കൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്ന കോഴ്സിൽ അദ്ധ്യാപകനായി ജോലി ചെയ്തു.
തൃശൂർ ചേതനാ സൗണ്ട് സ്റ്റുഡിയോയിൽ നിന്നും സൗണ്ട് എഞ്ചിനീയറിങ്ങിലും ലൈവ് സൗണ്ടിലും പ്രാവീണ്യം നേടി. എറണാകുളം റിയാൻ സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയറായി ഏതാനും വർഷം ജോലി നോക്കി.
സ്വദേശത്ത് തന്നെയുള്ള എഡ്ഡി കറണ്ട് കൺട്രോൾസിൽ ഡിസൈൻ എഞ്ചിനീയറായി ചേർന്ന് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറായ റേവ യുടെ ഡിസൈനിങ്ങിൽ പങ്കാളിയായി.. ഇതെല്ലാം സ്വന്തം സ്ഥാപനം നടത്തുന്നതിനിടെ ചെയ്ത ജോലികളാണ്.
മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുന്നതുമായി പൊരുത്തപ്പെടാനാകാതെ വന്നതിനാൽ നല്ല ശമ്പളമുണ്ടായിട്ടും ഈ ജോലികളെല്ലാം ജോഷി ഉപേക്ഷിച്ചു.
ആദ്യം നിർമ്മിച്ച ആംപ്ലിഫയറുകൾ വിൽക്കാൻ ഒത്തിരി കഷ്ടപ്പെട്ടു.
അഹൂജ പോലുള്ള കമ്പനികൾ വിഹരിക്കുന്ന പ്രൊഫഷണൽ രംഗത്ത് ഈ ചീള് പയ്യൻ്റെ കളിപ്പാട്ടം പോലുള്ള ആംപ്ലിഫയർ കൊണ്ട് എന്ത് കാണിക്കാൻ!
കയ്യും കാലും പിടിച്ച് ഒന്ന് രണ്ടെണ്ണം ഓരോരോ മൈക്ക് ഓപ്പറേറ്റർമാരെ കെട്ടിയേൽപ്പിച്ചു. അവയുടെ അസാദ്ധ്യ പെർഫോമൻസ് കണ്ട മറ്റ് ഓപ്പറേറ്റർമാരും പതിയെപ്പതിയെ ജോഷിയുടെ LiADEL ബ്രാൻഡിൻ്റെ ആരാധകരായി.
ഇന്ന് ഇന്ത്യയിലെ ഏറ്റവും പവർഫുൾ പ്രൊഫഷണൽ ആംപ്ലിഫയറുകളുടെ കൂട്ടത്തിൽ മുൻ നിരയിലാണ് LiADEL ബ്രാൻഡ്.
Htx 2600/4g എന്ന 850 + 850 വാട്ട് RMS മോഡലും, Htx 4400/4g എന്ന 1600 + 1600വാട്ട് RMS മോഡൽ സ്റ്റീരിയോ ആംപ്ലിഫയറുകളുമാണ് LiADEL ബ്രാൻഡിൻ്റെ ഫ്ലാഗ് ഷിപ്പ് മോഡലുകൾ.
HTX 9 K എന്ന 4500+ 4500 വാട്ട്സിൻ്റെ ലിയാഡെൽ സ്റ്റീരിയോ ആംപ്ലിഫയർ ഇന്ത്യയിലെത്തന്നെ ഏറ്റവും കരുത്തുറ്റ ആംപ്ലിഫയർ മോഡലുകളിൽ ഒന്നാണ്.
പവർ കൺസെംപ്ഷൻ ഓട്ടോമാറ്റിക്കായി മിനിമൈസ് ചെയ്യുന്ന ക്ലാസ് G/Hകോൺഫിഗറേഷനിലാണ് ആംപ്ലിഫയറുകൾ എല്ലാം നിർമ്മിക്കുന്നത്.
പ്രൊഫഷണൽ പവർ ആംപ്ലിഫയറുകളിൽ ഫുൾ റേഞ്ച് ഓഡിയോ സ്പെക്ട്രം ലഭിക്കുന്ന വിധത്തിൽ ശബ്ദ ശുദ്ധിക്ക് പ്രാമുഖ്യം നൽകി ട്യൂൺ ചെയ്യുന്നവയാണ് ജോഷിയുടെ ആംപ്ലിഫയറുകൾ..
സ്വന്തം ബ്രാൻഡിന് പുറമേ പ്രമുഖ കമ്പനികൾക്കായി OEM ആയി ആംപ്ലിഫയറുകൾ നിർമ്മിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട് ജോഷി.വിൻ ക്രൗൺ എന്നൊരു ആംപ്ലിഫയർ ബ്രാൻഡും ജോഷിയുടെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്നുണ്ട്.
ഇന്ത്യനും, വിദേശിയുമായ എല്ലാത്തരം ഹൈ എൻഡ് പ്രൊഫഷണൽ ആംപ്ലിഫയറുകൾ സർവ്വീസ് ചെയ്യുന്ന ഒരു സ്ഥാപനവും ലിയാഡെൽ നടത്തുന്നുണ്ട്.
2010 ൽ നടന്ന ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത ബിഷപ്പ് മാർ പോളീ കണ്ണൂക്കാരൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ 50000 വാട്ട്സിൻ്റെ ലൈൻ അറേ ആംപ്ലിഫയർ സിസ്റ്റം ഒരുക്കി ലിയാഡെൽ വിസ്മയം സൃഷ്ടിച്ചു.
കേരളത്തിനകത്തും പുറത്തുമായി 200ൽ അധികം പള്ളികളിൽ പതിനായിരം വാട്സിന് മേൽ വരുന്ന ലൈവ് സൗണ്ട് ചർച്ച് ക്വയർ സിസ്റ്റങ്ങൾ ലിയാഡെൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
എത്ര വലിയ എക്കോ ഉള്ള ഓഡിറ്റോറിയങ്ങളും പള്ളികളിലും അക്വോസ്റ്റിക് നോയിസ് ക്യാൻസലേഷൻ സൗണ്ട് എഞ്ചിനീയറായ ലിയാഡെൽ ജോഷിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ നടത്തിയാണ് സൗണ്ട് സിസ്റ്റങ്ങൾ ഫിറ്റ് ചെയ്യാറ് എന്നതിനാൽ പരാതിക്കിടവരാത്ത ശബ്ദവിന്യാസമാണ് ലിയാഡെല്ലിൻ്റേത്.
കൂടാതെ സിനിമാ തീയേറ്ററുകളിലെ ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം ഒരുക്കുന്നതിലും ലിയാ ഡെൽ ബ്രാൻഡ് ആംപ്ലിഫയറുകൾ ധാരാളമായി ഉപയോഗിക്കപ്പെടുത്തുന്നു.
ആംപ്ലിഫയർ നിർമ്മാണത്തിന് പുറമേ മറ്റുള്ളവർക്കായി പുതിയ ആംപ്ലിഫയർ, SMPS, സബ് ഫിൽറ്റർ, പ്രീ ആംമ്പ് ഡിസൈനുകൾ ചെയ്തു കൊടുക്കുകയും, തുടക്കക്കാർക്കായി ഓൺ ലൈൻ ആംപ്ലിഫയർ ഡിസൈൻ ക്ലാസുകൾ നടത്തുകയും ചെയ്യുന്നുണ്ട് ജോഷി സാർ.
കമ്പനിയുടെ പേര് സ്വന്തം പേരിനോട് ചേർത്ത് ലിയാഡെൽ ജോഷി എന്നാണ് ഇദ്ദേഹം സുഹൃദ് വലയങ്ങളിൽ അറിയപ്പെടുന്നത്.
നിങ്ങളുടെ ആംപ്ലിഫയർ സർക്യൂട്ടുകൾ സംബന്ധിച്ചോ,ഓഡിറ്റോറിയങ്ങളിലെയും ഹാളുകളിലെയും എക്കോ സംബന്ധിയായ ഏത് സംശയങ്ങളും പരിഹരിക്കുന്നതിനായി. അദ്ദേഹത്തിൻ്റെ വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഒപ്പമുള്ള ചിത്രത്തിൽ പച്ച ചെക്ക് ഷർട്ട് ഇട്ടിരിക്കുന്നത് ജോഷി സർ, ഒപ്പം സാബു സാംസൺ, അച്ചുതവാര്യർ സർ ...ആലുവയിൽ നടന്ന ഓഡിയോ ഡിസെനർമാരുടെ മീറ്റപ്പിൽ ലിയാഡെൽ ആംപ്ലിഫയർ പ്രദർശിപ്പിച്ചപ്പോൾ.
ബാങ്ക് മാനേജരായ പുന്നേലിപ്പറമ്പിൽ ജോസ് സാറിൻ്റെയും, പോളിടെക്നിക്ക് ലക്ചറർ ആയിരുന്ന ചിന്നമ്മ ടീച്ചറുടെയും 3 മക്കളിൽ രണ്ടാമനായി ജനിച്ച ജോഷി ഓഡിയോ ഗവേഷണങ്ങൾക്കൊപ്പം, സ്വിച്ച്ഡ് റിലക്റ്റൻസ് മോട്ടോറുകളുടെ ഇലക്ട്രോണിക് ഡ്രൈവർ സംബന്ധമായ ഗവേഷണങ്ങളിലും വ്യാപൃതനാണ്.
ലിയാഡെൽ ജോഷിയെ പരിചയപ്പെടാനും, സംശയങ്ങൾ പരിഹരിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ 9645593904 എന്ന നമ്പരിൽ Whatsapp ൽ മാത്രം ബന്ധപ്പെടുക.തീർച്ചയായും നിങ്ങൾക്ക് മറുപടി ലഭിക്കും..തിരക്കുള്ള വ്യക്തിയാണ് ഫോൺ വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക.. എഴുതിയത് അജിത് കളമശേരി.
പിൻ കുറിപ്പ്. ഞാൻ ഇലക്ട്രോണിക്സ് മേഖലയിലെ അധികം അറിയപ്പെടാത്ത ഇത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുമ്പോൾ ധാരാളം പേർ അഭിനന്ദങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിലും അപൂർവ്വം ചിലർ ഇതെന്താ പരസ്യമാണോ എന്ന് കമൻ്റ് ചെയ്യാറുണ്ട്.
ലിയാഡെൽ പോലുള്ള ഒരു ഹൈ എൻഡ് പ്രൊഫഷണൽ ആംപ്ലിഫയർ വീട്ടാവശ്യത്തിന് വാങ്ങാൻ ഇത് വായിക്കുന്ന 99 ശതമാനം പേർക്കും സാധിക്കില്ല. പക്ഷേ നിങ്ങളുടെ പല പല സംശയങ്ങളും പരിഹരിക്കാൻ ഇത്തരം അനുഭവ ജ്ഞാനമുള്ള സീനിയർ ടെക്നീഷ്യൻമാർക്കാകും.
സംശയങ്ങൾക്ക് മറുപടി പറയാൻ അറിവും, അതിനുള്ള ക്ഷമയും ഉള്ളവരുടെ നമ്പർ മാത്രമേ ഞാൻ ഷെയർ ചെയ്യാറുള്ളൂ.
ജാഡ ടീമിനെ ഞാൻ വിട്ട് കളയും നിങ്ങളും, അങ്ങനെ തന്നെ എന്ന് എനിക്കറിയാം.#സീനിയർ_ടെക്നീഷ്യൻസ്,
#ajith_kalamassery.

സീനിയർ_ടെക്നീഷ്യൻസ്, കാളികാവ് അച്ചുതവാര്യർ

 സീനിയർ_ടെക്നീഷ്യൻസ്, 

കാളികാവ് അച്ചുതവാര്യർ



 ഫേസ്ബുക്ക്, വാട്സ് ആപ്പ്
പോലുള്ള നവ മാദ്ധ്യമങ്ങളിൽ അംഗങ്ങളായിട്ടുള്ള സാങ്കേതിക തൽപ്പരർക്ക് വളരെ പരിചയമുള്ള പേരാണ് ശ്രീ കാളികാവ് അച്ചുതവാര്യർ സർ. എന്നാൽ എല്ലാ ഗ്രൂപ്പുകളിലും എല്ലാവരും അംഗങ്ങൾ അല്ലാത്തത് കൊണ്ട് മലയാളികളായ ഭൂരിഭാഗം ടെക്നീഷ്യൻമാർക്കും ഇദ്ദേഹത്തെ അത്ര പരിചയം പോര.
ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഓഡിയോ ഇലക്ട്രോണിക്സ് മേഖലയിൽ സർവ്വീസിങ്ങും, ഒപ്പം ഗവേഷണങ്ങളും നടത്തുന്ന സീനിയർ ടെക്നീഷ്യൻമാരിൽ എത്രയും പ്രധാനപ്പെട്ട ഒരാളാണ് ശ്രീ അച്ചുത വാര്യർ സർ.
തന്നേക്കാളും വളരെ പ്രായം കുറഞ്ഞവരേയും സമഭാവനയോടെ കണ്ട് അവരുടെ സംശയങ്ങൾ തീർക്കാൽ ഈ എഴുപതാം വയസിലും ഊർജ്ജസ്വലതയോടെ രംഗത്തുണ്ട്.
വാക്വം ട്യൂബ് കാലഘട്ടത്തിൽ ഇലക്ട്രോണിക്സ് മേഘലയിൽ എത്തപ്പെട്ട ശ്രീ വാര്യർ സർ തുടർന്ന് വന്ന ട്രാൻസിസ്റ്റർ യുഗത്തിലും, ശേഷം വന്ന മോസ് ഫെറ്റ് ,ഇൻ്റഗ്രേറ്റഡ് ചിപ്പുകളുടെ കാലഘട്ടത്തിലും, ഇപ്പോൾ നാം കടന്ന് പോകുന്ന ക്ലാസ്സ് D ആമ്പുകളുടെ ശ്രേണികളിലും, ക്ലാസ് H എന്ന അതിൻ്റെ മറ്റൊരവാന്തരവിഭാഗത്തിലും ശ്രദ്ധേയമായ പഠന നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ പവർ ട്രാൻസ്ഫോർമർ, ഓഡിയോ ഔട്ട്പുട്ട് ട്രാൻസ്ഫോർമർ കാൽകുലേഷൻ, അവയുടെ നിർമ്മാണം ഉപയോഗിക്കേണ്ട കോറുകൾ എന്നിവയിലും ഉപദേശങ്ങൾ നൽകുവാൻ തക്ക അറിവും അദ്ദേഹം സ്വയം ആർജ്ജിച്ചിട്ടുണ്ട്. തൻ്റെ ബാല്യകാലത്ത് ഇലക്ട്രോണിക്സ് സംബന്ധിയായ അറിവുകൾ നേടാൻ അലഞ്ഞ് നടന്നപ്പോൾ ഉണ്ടായ തിക്താനുഭവങ്ങൾ ഇപ്പോഴത്തെ തലമുറയ്ക്ക് ഉണ്ടാകരുതെന്ന് കരുതി തനിക്കറിയാവുന്ന എന്തും അദ്ദേഹം നമുക്കായി സമയ കാലഭേദമന്യേ പങ്ക് വയ്ക്കാൻ മടിയില്ലാത്ത വ്യക്തിയാണ്.
27.11.1951 എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള ഐരാപുരം എന്ന സ്ഥലത്ത് ,സ്വർഗ്ഗീയ ഐരാപുരത്ത് വാര്യത്ത് ശ്രീ കുഞ്ഞിക്കുട്ടൻ അച്ചുതവാര്യരുടെയും, പാനായിക്കുളത്ത് വാര്യത്ത് ശ്രീമതി ശ്രീദേവി വാര്യസ്യാരുടെയും മകനായി ജനിച്ചു.
സ്കൂൾ വിദ്യാഭ്യാസം NSS LP സ്കൂൾ ഐരാപുരം, NSS ഹൈസ്കൂൾ വളയംചിറങ്ങര എന്നിവിടങ്ങളിൽ പൂർത്തിയാക്കി ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠത്തിൽ കോളേജ് പഠനം നടത്തി, അദ്ധ്യാപന കലയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയതിനാൽ തുടർന്ന് ഗവ:ബേസിക് ട്രെയിനിങ്ങ് സ്കൂൾ കുറുപ്പംപടിയിൽ ചേർന്നു.തുടർന്ന് പരിശീലനത്തിനായി എറണാകുളത്തിനടുത്തുള്ള മരട് ബേസിക് ട്രെയിനിങ്ങ് സ്കൂളിൽ എത്തി. പഠനശേഷം താമസംവിനാ മലബാറിലെ കൊണ്ടോട്ടിക്കടുത്തുള്ള ഒളവട്ടൂരിലെ മങ്ങാട്ട് മുറി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് പല സ്കൂളുകളിൽ മാറി മാറി ജോലി ചെയ്ത് 2007 മാർച്ച് 30ന് ഹെഡ്മാസ്റ്റർ പദവിയിൽ ഇരിക്കേ റിട്ടയർ ചെയ്തു.
വാര്യർ സാറിന് ഓർമ്മ വച്ച നാൾ മുതൽ വീട്ടിൽ റേഡിയോ ഉണ്ടായിരുന്നു.GE യുടെ ഒരു AC/DC വാൽവ് റേഡിയോ ! വീട്ടിൽ ആരെയും അത് തൊടാൻ പിതാവ് സമ്മതിച്ചിരുന്നില്ല. പ്രത്യേകിച്ച് സാങ്കേതിക വിഷയങ്ങളിൽ തൽപ്പരനായ വാര്യർ സാറിനെ.
കണ്ണ് തെറ്റിയാൽ ഓമന പുത്രൻ റേഡിയോ അഴിച്ച് പണിഞ്ഞ് നശിപ്പിക്കുമെന്ന് ദീർഘവീക്ഷണമുള്ള പിതാവിന് മനസിലായിരുന്നു.
ഇതോടെ വാശി കയറിയ വാര്യർ സർ കഴിയാവുന്നത്ര അറിവുകൾ റേഡിയോയേ കുറിച്ച് സമ്പാദിക്കാൻ ശ്രമിച്ച് തുടങ്ങി. സമീപ പ്രദേശങ്ങളിലെ റേഡിയോ റിപ്പയർ ഷോപ്പുകളിലെ ഒരു നിത്യ ശല്യമായി വാര്യർ സർ മാറി.
പണ്ടത്തെ കാലത്ത് റേഡിയോ റിപ്പയറിങ്ങ് തൊഴിൽ ചെയ്യുന്നവർക്ക് ഇന്ന് ഡോക്ടർമാർക്ക് കിട്ടുന്നത് പോലെ ബഹുമാനം കിട്ടിയിരുന്നു.
അതിനൊത്ത തലക്കനവും അവരുടെ കൂടെപ്പിറപ്പായിരുന്നു. ഒരു റേഡിയോ പണി ക്കെടുത്താൽ അതെന്താ? ഇതെന്താ എന്ന് ചോദിച്ച് നിത്യ ശല്യമായ അന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന ബാലകനായ വാര്യർ സാറിനെ ഈ റിപ്പയർകാരെല്ലാം ആട്ടിയോടിച്ചു.
മലയാളത്തിൽ ഇലക്ട്രോണിക്സ് പുസ്തകങ്ങൾ ഒന്നും ഇറങ്ങാതിരുന്ന 1965 കളിൽ അറിവ് തേടി നടന്ന വാര്യർ സാറിന് നിരാശയായിരുന്നു ഫലം. പിന്നീട് അദ്ധ്യാപക പരിശീലനത്തിനായി എറണാകുളത്തിനടുത്തുള്ള മരട്ടിലെ ബേസിക് ട്രെയിനിങ്ങ് സ്കൂളിൽ എത്തിയപ്പോഴാണ് അതിനവസരം ലഭിച്ചത്.
ക്ലാസ് കഴിഞ്ഞാൽ ഉടൻ എറണാകുളത്തിന് വണ്ടി കയറും അവിടെ അന്ന് റേഡിയോ ഫോൺസ് എന്ന വലിയ ഒരു സർവ്വീസ് സെൻ്റർ ഉണ്ടായിരുന്നു.അഹൂജ, മർഫി തുടങ്ങിയ കമ്പനികളുടെ സെയിൽസ് & സർവ്വീസ് ചെയ്തിരുന്ന സ്ഥാനം. അവിടുത്തെ സീനിയർ മെക്കാനിക്കായ മിലിട്ടറി എഞ്ചിനീയറിങ്ങിൽ നിന്ന് റിട്ടയറായ രാമചന്ദ്രൻ പിള്ള സാറിനെ പരിചയമായതോടെയാണ് റേഡിയോ റിപ്പയറിങ്ങിൻ്റെ യാർത്ഥവശം വാര്യർ സർ മനസിലാക്കി തുടങ്ങിയത്. നല്ലൊരു മനുഷ്യനായ അദ്ദേഹം ജിജ്ഞാസാ പടുവായ വാര്യർ സാറിനെ മടുപ്പില്ലാതെ ലളിതമായി കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് മനസിലാക്കി.കൂടാതെ കോയമ്പത്തൂരിലെ മോഹൻ റേഡിയോ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരു മിസ്റ്റർ ജാനകീ രാമൻ റേഡിയോ സംബന്ധിയായി ഒരു പുസ്തകം ഇറക്കിയിട്ടുണ്ടെന്ന് പറയുകയും അത് തപാലിൽ വരുത്തിക്കൊടുക്കുകയും ചെയ്തു.
നിങ്ങൾക്കും സ്വന്തമായി ഒരു ട്രാൻസിസ്റ്റർ റേഡിയോ നിർമ്മിക്കാം എന്ന ആ പുസ്തകത്തിൽ നിന്ന് റേഡിയോയുടെ എല്ലാ പാർട്സുകളും അവയുടെ ഉപയോഗവും മനസിലായി.. തുടർന്ന് ഐരാപുരത്ത് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് പഠനത്തിന് ചേർന്ന ആത്മസുഹൃത്തായ സുകുമാരൻ നായർ തൻ്റെ പഴയ സെമസ്റ്റർ പുസ്തകങ്ങൾ വാര്യർ സാറിന് നൽകി തുടങ്ങി.
ഈ പുസ്തകങ്ങളിലെ ഗഹനമായ തിയറിയും, ഇലക്ട്രോണിക് സർക്യൂട്ടുകളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്നതും മനസിലാക്കാൻ ആദ്യമാദ്യം ബുദ്ധിമുട്ട് നേരിട്ടെങ്കിലും
പതിയെ ഇംഗ്ലീഷ് ഭാഷ കരതലാമലകമായതോടെ ഇവയെല്ലാം മനസിൽ കയറിത്തുടങ്ങി.1972 ൽ അദ്ധ്യാപകനായതോടെ സ്വന്തമായി ഒരു വരുമാന മാർഗ്ഗം തെളിഞ്ഞതോടെ കൂടുതൽ പുസ്തകങ്ങൾ വരുത്തി പഠനം തുടർന്നു.
കൂടാതെ സ്വന്തം നാട്ടുകാരനായ വാക്വം ട്യൂബുകളിൽ അവസാന വാക്കായ ശ്രീ മാത്യു സാറിനെ പരിചയപ്പെടാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി.
സ്കൂൾ അവധിക്ക് നാട്ടിൽ പോകുമ്പോൾ പാമ്പാക്കുടയിലെ മാത്യു സാറിൻ്റെ വീട്ടിലെ നിത്യ സന്ദർശകനായി. USA ,ജർമ്മനി, ഓസ്ട്രേലിയ എന്നിങ്ങനെയുള്ള വിദേശ രാജ്യങ്ങളിലേക്ക് തൻ്റെ സ്വന്തം ബ്രാൻഡിൽ വാൽവ് ആമ്പുകൾ നിർമ്മിച്ച് കയറ്റുമതി ചെയ്തിരുന്ന ആരെയും അങ്ങനെ അടുപ്പിക്കാത്ത മാത്യു സാർ ,വാര്യർ സാറിനെ കൂടെ കൂട്ടി. തനിക്ക് ഇഷ്ടമില്ലാത്തത് ചെയ്താൽനല്ല വഴക്കുകൾ പറയുമെങ്കിലും സംശയങ്ങൾ എല്ലാം തീർത്ത് കൊടുക്കും
ഒളവട്ടൂരിലെ താമസത്തിൽ പരിസരവാസിയായ KC എന്ന് അറിയപ്പെടുന്ന ബിച്ചാപ്പുവിനെ പരിചയമായി .അദ്ധേഹം മാവൂർ ടൗണിൽ റേഡിയോ റിപ്പയർ ഷോപ്പ് നടത്തുകയാണെന്നറിഞ്ഞ് അങ്ങോട്ട് ഇടിച്ച് കയറി പരിചയപ്പെടുകയാണുണ്ടായത്.
വാൽവ് ,ട്രാൻസിസ്റ്റർ റേഡിയോ റിപ്പയറിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് പാസായ അപൂർവ്വം ചിലരിൽ ഒരാളായ ബിച്ചാപ്പു വാര്യർ സാറിനെ ഒരനിയനെ പോലെ പരിഗണിക്കുകയും സ്കൂൾ അവധി ദിവസങ്ങളിൽ തൻ്റെ കടയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ നിന്നും ഇക്ട്രോണിക്സ് റിപ്പയറിങ്ങിൽ കൈ തെളിഞ്ഞ വാര്യർ സർ പതിയെ സ്വന്തമായി റിപ്പയറിങ്ങ് ആരംഭിച്ചു.
ഒരു അദ്ധ്യാപകൻ്റെ അന്നത്തെ പരിമിതമായ 245 രൂപ ശമ്പളത്തിൽ കഴിഞ്ഞിരുന്ന വാര്യർ സാറിന് മറ്റൊരു ജീവിതോപാധി കൂടിയായി അത്. ഒപ്പം തന്നെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് മേഖലയിൽ ജോലി ചെയ്തിരുന്ന PT ഉണ്ണികൃഷ്ണൻ നായർ എന്ന മിലിട്ടറി എഞ്ചിനീയറുമായി സൗഹൃദം നേടാനായതും മരൊരു ലഹരിയും ഇല്ലാത്ത ഇലക്ട്രോണിക്സ് മാത്രം ലഹരിയായ ഇവർ രാത്രി വൈകുവോളം സാങ്കേതിക കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത് ലോകത്ത് നടക്കുന്ന പുതിയ സാങ്കേതിക മാറ്റങ്ങൾ അറിയാൻ സഹായകരവുമായി.
2007 മാർച്ച് മാസത്തിൽ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്ത ശ്രീ വാര്യർ സർ ഈ കഴിഞ്ഞ നവംബർ മാസത്തിൽ തൻ്റെ സപ്തതി ആഘോഷിച്ചു. ( എഴുപതാം പിറന്നാൾ)
റിട്ടയറായ അദ്ദേഹം കാളികാവിൽ രഞ്ജിനി ഇലക്ട്രോണിക്സ് എന്ന സർവ്വീസ് സ്ഥാപനം ആരംഭിക്കുകയും ഇവിടെ പ്രൊഫഷണൽ ഓഡിയോ ഉപകരണങ്ങളുടെയും, PA സിസ്റ്റങ്ങളുടെയും സർവ്വീസ് & മെയിൻ്റനൻസ് സപര്യ ഈ എഴുപതാം വയസിലും അനിർഗളം തുടർന്ന് വരുകയുമാണ്.
ധാരാളം ശിഷ്യഗണങ്ങളുള്ള അദ്ദേഹത്തിൻ്റെ പ്രഥമ ശിഷ്യനായ ശ്രീ അച്ചു സർവ്വീസ് കാര്യങ്ങളിൽ ഇപ്പോഴും അദ്ദേഹത്തിന് തുണയായി എത്താറുണ്ട്.
ലോകപ്രശസ്തരായ ഓഡിയോ ഗവേഷകരായ നെൽസൺ പാസ്, റോഡ് എല്ലിയട്ട്, വേദ മിത്ര ശർമ്മ പോലുള്ള പലരുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീ വാര്യർ സർ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഓഡിയോ വിജ്ഞാനികളിൽ പ്രഥമസ്ഥാനം അർഹിക്കുന്നവരിൽ ഒരാളാണ്.
കേരളത്തിലെ ഏറ്റവും ആദ്യത്തെയും, ആധികാരികവുമായ ഓഡിയോ റിസർച്ച് ടെക്നീഷ്യൻമാർ അംഗങ്ങളായ ഓഡിയോ സിസ്റ്റം കേരള ഗ്രൂപ്പ് 2020 ഫെബ്രുവരി 9ന് എറണാകുളത്ത് വച്ച് നടത്തിയ മീറ്റപ്പിൽ പൊന്നാടയും ഫലകവും നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
ഈ വരുന്ന 2022 ജൂൺ മാസം ആലുവയിൽ വച്ച് നടക്കുന്ന രണ്ടാമത് മീറ്റപ്പിലും അദ്ദേഹത്തിൻ്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
നിങ്ങളുടെ ഏതൊരു വാക്വം ട്യൂബ് മുതൽ, മോസ്ഫെറ്റ്, ട്രാൻസിസ്റ്റർ,ഓഡിയോ & പവർ ട്രാൻസ്ഫോർമർ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നതാണ്
ശ്രീ അച്ചുതവാര്യർ സർ നമ്മുടെ സംശയങ്ങൾക്ക് മറുപടികൾ നൽകാനായി ആയുരാരോഗ്യത്തോടെ ദീർഘനാൾ ഇനിയും തുടരട്ടെ എന്ന് ആശംസിക്കുന്നു.
വാര്യർ സാറിൻ്റെ ഫോൺ നമ്പർ

94002 98498 അദ്ദേഹത്തോട് സംസാരിക്കണമെന്നുള്ളവർ വാട്സാപ്പിൽ മെസേജ് അയച്ച് അനുവാദം വാങ്ങിയ ശേഷം വിളിക്കുന്നതായിരിക്കും ഉത്തമം.എഴുതിയത്.

#അജിത്_കളമശേരി.

 #സീനിയർ_ടെക്നീഷ്യൻസ്

#കാളികാവ് അച്ചുതവാര്യർ

ഒറ്റ ദിവസം കൊണ്ട് റിപ്പയറിങ്ങ് പഠിക്കാം!

 

 ഒറ്റ ദിവസം കൊണ്ട് റിപ്പയറിങ്ങ് പഠിക്കാം!


 

 നമ്മുടെ ഗ്രൂപ്പിൽ ജിൻസ് തോമസ് ഇട്ട ഒരു പോസ്റ്റും, അതിന് ശ്യാംലാൽ T പുഷ്പൻ സർ ഇട്ട മറുപടിയുമാണ് എന്നെ ഈ കുറിപ്പ് എഴുതുന്നതിലേക്ക് എത്തിച്ചത്.

കഴിഞ്ഞൊരു ഓർമ്മക്കുറിപ്പിൽ ഞാൻ കാസറ്റ് ഡെക്ക് അസംബ്ലിങ്ങ് ആരംഭിച്ച കാര്യം സൂചിപ്പിച്ചിരുന്നു.

പക്ഷേ എനിക്ക് ഇലക്ട്രോണിക്സ് സർവ്വീസിങ്ങിൻ്റെ ബാലപാഠം പോലും അപ്പോൾ അറിയില്ലായിരുന്നു.

അകപ്പാടെ അറിയാവുന്നത് സ്ക്രൂ ഡ്രൈവർ ടെക്നോളജി മാത്രം!

ആരെങ്കിലും ഉണ്ടാക്കിയ അസംബിൾഡ് ബോർഡുകളും മറ്റ് സാമഗ്രികളും വാങ്ങുക, അത് പെട്ടിയിൽ ആക്കുക സ്ക്രൂ ഇട്ട് മുറുക്കുക തീർന്നു പണി..

ഇനി ഒരു രഹസ്യം പറയാം ITIൽ ഇലക്ട്രോണിക്സ് പഠിച്ചാൽ ഒരു സർട്ടിഫിക്കറ്റ് കിട്ടുമെന്നല്ലാതെ ഒരു കാര്യവുമില്ല. ഒരു പണിയും അവിടെ പഠിപ്പിക്കുന്നില്ല. എന്നെ അവിടെ പഠിപ്പിച്ച ടീച്ചറിന് സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് തൊടുന്നത് പോലും പേടിയായിരുന്നു. ഷോക്കടിച്ചാലോ!

പിന്നെ വീട്ടുകാരുടെ നിർബന്ധം മൂലമോ, കഷ്ടകാലത്തിന് മാർക്ക് കൂടുതൽ കിട്ടിയത് മൂലമോ ഇലക്ട്രോണിക്സ് ട്രേഡ് കിട്ടി അവിടെ പഠിക്കാൻ വന്നവരാണ് ക്ലാസിലെ ഏറിയ പങ്കും. അന്നെൻ്റെ കൂടെ പഠിച്ച ഒരാൾ പോലും ഇലക്ട്രോണിക്സ് മേഘലയിൽ വർക്ക് ചെയ്യുന്നതായി എനിക്കറിയില്ല.

സാങ്കേതിക പഠനം പൂർത്തിയായ ശേഷം തൊഴിലന്വോഷണം തുടങ്ങിയപ്പോഴാണ് ഒരു സ്ഥാപനത്തിലും സർട്ടിഫിക്കറ്റ് ഉള്ള പണിക്കാരെ എടുക്കുന്നില്ല എന്ന് മനസിലായത്.

കാരണം ഒരു പണിയും അറിയില്ല എന്നത് തന്നെ ,എടുത്താൽ ആദ്യം മുതൽ പണി പഠിപ്പിക്കണം. എന്തിന് വെറുതേ വഴിയേ പോകുന്ന വയ്യാവേലി എടുത്ത് തലയിൽ വയ്ക്കണം എന്നതായിരുന്നിരിക്കും സ്ഥാപന ഉടമകളുടെ ചിന്ത.

ഞാൻ രണ്ടും കൽപ്പിച്ചായിരുന്നു. ഐ.ടി.ഐ പഠനകാലത്ത് നൂറോളം കാസറ്റ് ഡക്കുകൾ അസംബിൾ ചെയ്ത് കാശുണ്ടാക്കിയതിൻ്റെ അഹങ്കാരം അല്ലെന്ന് എന്ത് പറയാൻ!
നാട്ടിൽ ഒരു കടമുറി സംഘടിപ്പിച്ച് ഒരു സർവ്വീസ് സെൻ്റർ ആരംഭിച്ചു. ഇലക്ട്രോ ഹെൽപ്പ്.വീട്ടിലെ റേഡിയോ തുറന്ന് IFTകൾ തിരിച്ച് നോക്കിയ പരിചയം മാത്രമേ പ്രാക്റ്റിക്കലായി ഉള്ളൂ.റേഡിയോ, TV പണിയൊന്നും അറിയില്ല .വരുന്നിടത്ത് വച്ച് കാണാം.പിന്നെ അറിയാവുന്ന കാസറ്റ് ഡക്ക് അസംബ്ലിങ്ങ്‌ അവിടെയിരുന്ന് സ്വസ്ഥമായി ചെയ്യാമല്ലോ.. കടമുറി വാടകയും തുഛമായിരുന്നു.200 രൂപ മാത്രം.

കട തുടങ്ങി.. ഡക്ക് അസംബിൾ ചെയ്ത് അത്യാവശ്യം പേരുണ്ടായിരുന്നതിനാലും, റിപ്പയർ ചെയ്താൽ ടെക്നീഷ്യൻ ഒരു പയ്യനായതിനാൽ കാശ് കൊടുക്കാതെ പറ്റിക്കാം എന്നുള്ളതിനാലുമായിരിക്കാം, ആളുകൾ തകരാറിലായ റേഡിയോകളുമായി വന്ന് തുടങ്ങി.

അവ തുറന്ന് നോക്കിയ എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.. ഇതെവിടെ നിന്ന് തുടങ്ങണം ഏത് ഭാഗം ചെക്ക് ചെയ്യണം ഒരറിവുമില്ല.

സ്പീക്കർ പോയതും, സ്വിച്ച് പോയതും, വോളിയം കൺട്രോൾ ചീത്തയായതുമെല്ലാം ഒരു വിധം ശരിയാക്കി.. മറ്റ് തകരാറുകൾ മൂലം റിപ്പയറിന് വന്ന സെറ്റുകൾ കൊണ്ട് കട നിറഞ്ഞു.

അപ്പാഴാണ് എനിക്കൊരൈഡിയ തോന്നിയത് നാട്ടിലെ സൂപ്പർ മെക്കാനിക്കായ വിജയൻ നായർ ചേട്ടൻ വീട്ടിലിരുന്നാണ് റേഡിയോ റിപ്പയറിങ്ങ് നടത്തുന്നത്. അദ്ദേഹത്തെ പോയി കണ്ടു.

വിജയൻ ചേട്ടനോട് ഞാനൊരോഫർ വച്ചു ചേട്ടൻ കടയിൽ വന്നിരുന്ന് റിപ്പയർ ചെയ്തോളു, റേഡിയോ റിപ്പയർ ചെയ്ത് കിട്ടുന്ന കാശ് മുഴുവൻ എടുക്കാം, വാടക ഉൾപ്പടെ ഒന്നും മുടക്കേണ്ടതില്ല.

എൻ്റെ ഓഫർ വിജയൻ ചേട്ടന് സ്വീകാര്യമായി.. അദ്ദേഹം ഷോപ്പിൽ വന്ന് റിപ്പയറിങ്ങ് ആരംഭിച്ചു. എത്ര ഗുലുമാല് പിടിച്ച തകരാറും വിജയൻ ചേട്ടൻ പുഷ്പം പോലെ ശരിയാക്കിത്തുടങ്ങി.ന്യായമായ ചാർജേ വാങ്ങൂ.

കടയിൽ ധാരാളം റിപ്പയറിങ്ങ് വന്ന് തുടങ്ങി.വിജയൻ ചേട്ടൻ ചെയ്യുന്നത് പുറകിൽ നിന്ന് നോക്കി നിന്ന് ഞാനും അവയെല്ലാം വശമാക്കി.
തലയോലപ്പറമ്പിൽ ഷൈലാ റേഡിയോ കമ്പനി നടത്തിയിരുന്ന കരിമിക്കായുടെ സൗകര്യവും സന്ദർഭവുമനുസരിച്ച് അദ്ദേഹത്തിൻ്റെ കാഞ്ഞിരമറ്റത്തെ വീട്ടിൽ പോയി TV റിപ്പയറിങ്ങും പഠിച്ചു.പിന്നെ സുഹൃത്തും സൂപ്പർ TV മെക്കാനിക്കുമായ തുണ്ടുപറമ്പിൽ ജോസഫിൻ്റെ കൂടെ അപ്രൻ്റീസായി നടന്ന് പ്രായോഗിക പരിശീലനവും നേടി
അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഞാനും വാൽവ് റേഡിയോ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ റിപ്പയറിങ്ങ് ഒരു വിധം പഠിച്ചെടുത്തു.

ഇതുപോലുള്ള ടെക്നോളജി ഉപയോഗിച്ചാൽ ആർക്കും ഇലക്ട്രോണിക്സ് വളരെ വേഗം പഠിച്ചെടുക്കാം. ആദ്യമായി നല്ലൊരു ആശാനെ കണ്ട് പിടിക്കുക അദ്ദേഹത്തിൻ്റെ കീഴിൽ പ്രായോഗിക പരിശീലനം നേടുക..

അല്ലാതെ ഏതെങ്കിലും പുസ്തകം വായിച്ചോ, യൂട്യൂബ് കണ്ടോ ഒരാൾക്കും നല്ലൊരു ടെക്നീഷ്യനായി വളരെ വേഗം മാറാനൊക്കില്ല.പ്രായോഗിക പരിശീലനം മുഖേന നേടുന്ന അറിവും,കൈവഴക്കവും മാത്രമേ നല്ലൊരു ടെക്നീഷ്യനെ വാർത്തെടുക്കൂ എന്നാണെൻ്റെ അഭിപ്രായം.ഇലക്ട്രോണിക്സ് മലയാളം ഫേസ് ബുക്ക് പേജിൽഎഴുതിയത് #അജിത് കളമശേരി

എലിൻ കാസറ്റ് മെക്കാനിസം

എലിൻ  കാസറ്റ് മെക്കാനിസം


 

1983-88 കാലഘട്ടം അന്ന് ഞാൻ കളമശേരി ഐ ടി ഐയിലും പോളിയിലുമായി സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ പടവുകൾ കയറുന്ന ആദ്യ കാലം.
അച്ചടക്കങ്ങളും, അടിച്ചമർത്തലുകളും മാത്രമുള്ള അടച്ചിട്ട കൂട് പോലെ വിരസമായ സ്കൂൾ ജീവിതത്തിൽ നിന്നും നേരേ പ്രൊഫഷണൽ കോളേജ് എന്ന സാങ്കേതിക വിദ്യാഭ്യാസ പഠനകേന്ദ്രം എന്ന ആകാശത്തിലേക്ക് തുറന്ന് വിട്ട കിളിയെ പോലെയായി ഞാൻ.
ഐ.ടി.ഐയിൽ ക്ലാസുകൾ രാവിലെ 7 മണിക്ക് ആരംഭിക്കും. നേരം പരാപരാ വെളുക്കുമ്പോൾ തന്നെ ക്ലാസിലെത്തണം. വെകിട്ട് 3 വരെയാണ് ക്ലാസ്.
ചോറും പൊതിഞ്ഞ് കെട്ടി എത്തുമ്പോഴാണ് അന്ന് സമരാമാണെന്ന് പിടികിട്ടുന്നത്.
അന്നേരം തന്നെ വീട്ടിലേക്ക് തിരിച്ച് പോകാൻ സാധിക്കില്ല. വീട്ടിലേക്ക് പത്ത് മുപ്പത് കിലോമീറ്റർ ദൂരമുണ്ട്.
എല്ലാവരും ക്ലാസിൽ പോകുന്ന സമയത്ത് തിരിച്ച് യാത്ര ചെയ്താൽ വിദ്യാർത്ഥിയാണെന്ന് കണ്ടക്റ്റർ സമ്മതിക്കില്ല. ID കാർഡ് കാണിച്ചാലൊന്നും രക്ഷയില്ല.അതിനാൽ ഉച്ചക്ക് മുൻപായി തിരിച്ച് പോയാൽ ST കിട്ടില്ല.
സമരങ്ങളുടെ അയ്യറു കളിയായിരുന്നു അക്കാലങ്ങളിൽ, ഉച്ചകഴിയുന്നത് വരെ ചിലവഴിക്കാൻ സിനിമ കാണൽ മാത്രമേ ഒരു വഴി ഉണ്ടായിരുന്നുള്ളൂ.
പത്ത് പന്ത്രണ്ട് തീയേറ്ററുകൾ അന്ന് എറണാകുളത്ത് ഉണ്ടായിരുന്നു. മിക്ക തീയേറ്ററിലും രാവിലെ മോണിങ്ങ് ഷോയുണ്ട്.
പക്ഷേ പടം കാണാൻ കാശില്ല. തീയേറ്ററിൽ ST കിട്ടുകയുമില്ല. വീട്ടിൽ നിന്ന് ആകപ്പാടെ കിട്ടുന്നത് വണ്ടിക്കൂലിക്കുള്ള ST കാശ് മാത്രം
ഇതിനൊരു പരിഹാര മാർഗ്ഗമായി.. സിനിമാ കാണാനും, പൊറോട്ടയും, ബീഫും തട്ടാനും മറ്റ് അല്ലറ ചില്ലറ അടിച്ച് പൊളിക്കുമായി, പഠനത്തൊടൊപ്പം സൈഡ് ബിസിനസായി കാസറ്റ് ഡെക്ക് അസംബ്ലിങ്ങ് തുടങ്ങി.
അതിന് ശേഷം സമര ദിവസങ്ങളിൽ മോർണിങ്ങും, നൂൺഷോയും ,മാറ്റിനിയും ഉൾപ്പടെ ദിവസവും രണ്ടും മൂന്നും സിനിമ കണ്ടിട്ടേ കോളേജ് വിട്ട് കൃത്യസമയത്ത് എത്തുന്നത് പോലെ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ.
ഞാൻ നാട്ടിൻ പുറത്ത് നിന്നും ഐ ടി ഐ പഠിക്കാൻ പോകുന്നതറിഞ്ഞ ഒരു ബാർബർഷാപ്പ് നടത്തുന്ന ചേട്ടൻ പുള്ളിക്കൊരു കാസറ്റ് ഡെക്ക് ഉണ്ടാക്കി കൊടുക്കാമോ എന്ന് ചോദിച്ചു.
ആശാൻമാർ ഒന്നുമില്ല. ഇതെങ്ങിനെ മൂളലും, ബഹളവുമില്ലാതെ ഉണ്ടാക്കിയെടുക്കും എന്ന് ഒരു പിടിയുമില്ല. എത്ര രൂപയാകും സാധനങ്ങൾക്ക് എന്നും അറിയില്ല.
ക്ലാസില്ലാത്ത ദിവസങ്ങളിൽ എറണാകുളത്തെ ഇലക്ട്രോണിക്സ് കടകളിലെല്ലാം തെണ്ടി നടക്കാൻ തുടങ്ങി.
അങ്ങനെ ചില സീനിയർ ടെക്നീഷ്യന്മാരെ പരിചയമായി. നാട്ടിൻ പുറത്ത് കാണുന്ന മുറി വൈദ്യൻമാരെപ്പോലെയായിരുന്നില്ല വല്ല്യ ഇക്ട്രോണിക്സ് ഷോപ്പുകളിലെ ടെക്നീഷ്യൻമാർ.
നിത്യവും ധാരാളം സെറ്റുകൾ കാണുന്നതും, കൈകാര്യം ചെയ്യുന്നതുമായ അവർക്ക് അതിൻ്റെ തലക്കനമൊന്നും ഇല്ലായിരുന്നു.
പദ്മജംങ്ങ്ഷനിലെ പയനിയർ ഇലക്ട്രോണിക്സിലെ മനോഹരൻ ചേട്ടൻ, ബിജ്റോണിക്സ് ഇലക്ട്രോണിക്സി ലെ മോഹനൻ ചേട്ടൻ ,പള്ളിമുക്കിലെ ഡിവൈസ് ആൻഡ് സിസ്റ്റംസിലെ വേറോരു മോഹനൻ ചേട്ടൻ (PCB മോഹനൻ) പള്ളിമുക്കിൽ റെഡി മേഡ് PCB അസംബിൾ ചെയ്യുന്ന ജൂഡ് വിൽസൺ, കടവന്ത്രയിൽ ഇലക്ട്രോ ടെക്ക് ഇലക്ട്രോണിക്സ് സർവ്വീസ് സെൻ്റർ നടത്തുന്ന സാബു സാംസൺ, വൈറ്റിലയിൽ പീറ്ററാശാൻ്റെ സർവ്വീസ് സെൻ്ററിൽ ജോലി ചെയ്തിരുന്ന ഗാർഡിയൻ വർഗീസ് ചേട്ടൻ.അങ്ങനെ നിരവധി പേർ. (ഇവരിൽ പലരും നമ്മുടെ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്)
ഇവരിൽ മനോഹരൻ ചേട്ടൻ എനിക്ക് അവരുടെ ഷോപ്പിൽ വിറ്റിരുന്ന ഡെല്ലി ഡക്കുകളിൽ ചെറിയ എന്തോ തകരാറ് മൂലം നന്നാക്കാൻ മാറ്റി വച്ചിരിന്ന ഒരെണ്ണം എനിക്ക് കുറഞ്ഞ വിലയ്ക്ക് തരാമെന്നേറ്റു.
തുകയും പറഞ്ഞു. ഞാൻ നാട്ടിലെത്തി ബാർബർ ഷോപ്പിലെ ചേട്ടനോട് ഇരട്ടി വില പറഞ്ഞു. അത് വളരെ കുറവായി തോന്നിയ ആ ചേട്ടൻ മുഴുവൻ തുകയും അന്നേരം തന്നെ അഡ്വാൻസായി തന്നു.
കാശ് കൊടുത്ത് മനോഹരൻ ചേട്ടനോട് പയനിയറിൻ്റെ ഡല്ലി ഡക്ക് വാങ്ങി അത് തുറന്ന് വയറിങ്ങും, കണക്ഷനുമെല്ലാം പഠിച്ചു.
അന്നാണ് ആദ്യമായി ഞാൻ എലിൻ എന്ന പേര് കാണുന്നത്. ആ ഡെക്കിലെ ഫ്രണ്ട് ലോഡിങ്ങ് മെക്കാനിസത്തിൽ എലിൻ എന്ന ലോഗോ ഒരു പ്രത്യേക തരം കൂട്ടക്ഷരത്തിൽ പ്രിൻ്റ് ചെയ്തിരിക്കുന്നു.
ബാർബർ ഷാപ്പിലെ ഡക്ക് നന്നായി പാടാൻ തുടങ്ങിയതോടെ റേഡിയോയിൽ പരസ്യം കൊടുത്തത് പോലെയായി.
എനിക്ക് നല്ല പേരായി. ധാരാളം അസംബ്ലിങ്ങ്‌ കിട്ടിത്തുടങ്ങി.
അപ്പോൾ റഡിമേഡ് ഡക്ക് വാങ്ങി വിൽക്കുന്ന പരിപാടി നിറുത്തി എറണാകുളം പള്ളിമുക്കിലെ കാസോ ഫോണിക്സിൽ നിന്നും എലിൻ്റെ FLD57 എന്ന ഫ്രണ്ട് ലോഡിങ്ങ് മെക്കാനിസവും, പവർ ട്രിക്കിൻ്റെ ഹെഡ് പ്രീ ആമ്പും, പവർ ആമ്പുകളും, നേരത്തേ എനിക്ക് ഡക്ക് തന്ന മനോഹരൻ ചേട്ടൻ വൈൻഡ് ചെയ്ത് തന്ന പവർ ട്രാൻസ്ഫോർമറും, ഹിന്ദിക്കാരൻ മാമാജിയുടെ കടയിൽ നിന്ന് വാങ്ങിയ ക്യാബി നെറ്റും ഒന്നിച്ച് ചേർത്ത് നൂറ് കണക്കിന് ഡക്കുകൾ ഉണ്ടാക്കി വിറ്റു.
അഞ്ച് വർഷത്തെ എൻ്റെ സാങ്കേതിക പഠനം മൊത്തമായും എലിൻ കമ്പനി സ്പോൺസർ ചെയ്ത പോലെയായി.
ഫ്രണ്ട് ലോഡ് മെക്കാനിസം കൂടാതെ, പല കളർ നോബുകൾ വച്ച മനോഹരമായ ഒരു ബെഡ് ടൈപ്പ് ഹൊറിസോണ്ടൽ മെക്കാനിസവും, കാർ സ്റ്റീരിയോകൾക്കുള്ള മെക്കാനിസവും വളരെ പോപ്പുലറായിരുന്നു.
ആദ്യകാലങ്ങളിൽ ജപ്പാൻ്റെ മാബുച്ചി മോട്ടോർ വച്ച് ഇറങ്ങിയിരുന്ന മെക്കാനിസം, പിന്നീട് എലിൻ കമ്പനി മാബുച്ചിയുടെ സഹകരണത്തോടെ നിർമ്മിച്ച സ്വന്തം മോട്ടോറുകളുമായാണ് വന്നത്.
കാസറ്റ് യുഗം അവസാനിച്ചെങ്കിലും എലിൻ കമ്പനി പൂട്ടിപ്പോയില്ല. നമ്മൾ ഇന്നു പയോഗിക്കുന്ന പ്രമുഖ ബ്രാൻഡ് കമ്പനികളുടെ മിക്സിക്കുള്ളിലെ യൂണിവേഴ്സൽ മോട്ടോറുകളും, ഇൻഡക്ഷൻ കുക്കർ മൈക്രോവേവ് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ഫാനുകളും, കാറുകളുടെ ആൾട്ടർനേറ്ററുകളും, കംപ്യൂട്ടറുകളുടെയും, UPS കളുടെയും മെറ്റൽ ,പ്ലാസ്റ്റിക് ക്യാബി നെറ്റുകളും, അയേൺ ബോക്സുകളും അങ്ങനെ നൂറ് കണക്കിന് പ്രൊഡക്റ്റുകൾ ഇപ്പോഴും നിർമ്മിച്ച് കൊണ്ടിരിക്കുന്ന വൻകിട കമ്പനിയായി മാറിയിരിക്കുന്നു.
ഗൂഗിളിൽ എലിൻ ഇലക്ട്രോണിക്സ് എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിവരങ്ങൾ കിട്ടും.
കഴിഞ്ഞ ദിവസം നമ്മുടെ ഗ്രൂപ്പിൽ ഡൽഹി റേഡിയോ എഴുതിയ കാസറ്റ് കടയുടെ ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ ഞാൻ എൻ്റെ അനുഭവം ഇവിടെ കുറിച്ചു എന്ന് മാത്രം.എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery,#elin_mechanisam,#cassette,#electronics_keralam,

Friday, May 26, 2023

സാനിയോയുടെ കഥ


 സാനിയോയുടെ കഥ

 സാനിയോയുടെ കഥ
ഒന്നാം നിര ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായിരുന്ന സാനിയോയേക്കുറിച്ച് എഴുതണമെന്ന് അനുവാചകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു.

എന്നാൽ പാനാസോണിക്കിൻ്റെ കഥയ്ക്ക് ശേഷം എഴുതി വച്ചിരുന്ന സാനിയോ കഥയിൽ ചില വിവരങ്ങൾ കൂടി ചേർക്കാനായി വച്ചിരുന്നത് മൂലം കഥ എഴുതി പൂർത്തിയാക്കൽ  അവിചാരിതമായി നീണ്ടു പോയി. തുടർന്ന് വായിക്കുക.

സെയിറ്ററോ ല്യൂ എന്ന ജപ്പാനീസ് നാവികൻ്റെ സീമന്തപുത്രനായി 1902 ഡിസംബർ 28ന് ജപ്പാനിലെ അവാജി സിറ്റിയിലാണ് സാനിയോ സ്ഥാപകൻ തോഷിയോ ല്യൂവിൻ്റെ ജനനം.

ജപ്പാൻ ദ്വീപസമൂഹങ്ങൾക്കിടയിൽ ഗതാഗതം നടത്തിയിരുന്ന സൈക്കോ മാറു എന്ന ചെറു കപ്പൽ തോഷിയോ ല്യൂവിൻ്റെ പിതാവിന് സ്വന്തമായി ഉണ്ടായിരുന്നു. അദ്ദേഹം സ്കൂൾ പഠനമൊന്നും മുഴുമിപ്പിക്കാതെ തൻ്റെ പത്താം വയസിൽ പിതാവിനൊപ്പം കപ്പലിൽ ജോലിക്കാരനായി കയറി.

 പിതാവ് സെയിറ്ററോ ല്യൂ  തോഷിയോയുടെ പതിമൂന്നാം വയസിൽ അപ്രതീക്ഷിതമായി അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ  അമ്മാവൻ കപ്പലിൻ്റെ ചുമതല ഏറ്റെടുത്തു. അപ്പോഴും അസിസ്റ്റൻ്റായി തോഷിയോ കപ്പലിൽ തന്നെ തുടർന്നു.

ഏതാനും വർഷങ്ങൾക്ക് ശേഷം കപ്പലിൽ ഉണ്ടായ അപ്രതീക്ഷിത സ്ഫോടനത്തെ തുടർന്ന് കപ്പൽ മുങ്ങുകയും വളരെ നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തു.

ഇതറിഞ്ഞ മൂത്ത സഹോദരി മുമിനോ ല്യൂ  തോഷിയോ ല്യൂവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മുമിനോ ല്യൂവിൻ്റെ ഭർത്താവിനെ പേര് പറഞ്ഞാൽ നിങ്ങൾ അറിയും ! സുപ്രസിദ്ധ ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ നാഷണൽ പാനാസോണിക്കിൻ്റെ സ്ഥാപകനും ഉടമയുമായിരുന്ന കോണോ സൂക്കേ മത് സുഷിതയാണ് തോഷിയോ ലൂവിൻ്റെ ആ പ്രസിദ്ധനായ  അളിയൻ.

എല്ലാം നഷ്ടപ്പെട്ട് വന്ന അളിയനെ വളരെ സ്നേഹത്തോടെ കോണേ സൂക്കേ സ്വീകരിച്ചു.

 മത്സുഷിത കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ മൂലധനം നൽകി സഹായിച്ച ആ കുഞ്ഞളിയനെ കോണേ സൂക്കേ ഒസാക്കയിലെ  തൻ്റെ വീട്ടിലേക്ക്  ഇരുകയ്യും നീട്ടി ആനയിച്ചു.

വെറുതെ ഇരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന തോഷിയോ ല്യൂ അളിയൻ്റെ നാഷണൽ കമ്പനിയിൽ ജോലിക്കാരനായി ചേർന്നു. 1933ൽ കോണേ സൂക്കേയ്ക്ക്  ഗുരുതര രോഗ ബാധ മൂലം  കുറച്ച് നാൾ കമ്പനിയിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നപ്പോൾ തോഷിയോ ല്യൂ നാഷണലിൻ്റെ പൂർണ്ണ ചുമതല യാതൊരു പരാതിക്കും ഇടനൽകാതെ  ഏറ്റെടുത്തു നടത്തി.


ഇതിൽ വളരെ സന്തോഷവാനായ കോണേ സൂക്കേ കപ്പൽ ഭ്രാന്തനായ അളിയന് വേണ്ടി മത് സുഷിത ഷിപ്പ് ബിൽഡിങ്ങ് എന്ന ഒരു കമ്പനി തന്നെ തുടങ്ങി അതിൻ്റെ സീനിയർ മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1946 ൽ ജപ്പാനീസ് ഗവൺമെൻ്റിൻ്റെ പുതിയ വ്യവസായ നയപ്രകാരം വമ്പൻ കമ്പനികൾ വിഭജിച്ച് പുതിയ കമ്പനികൾ തുടങ്ങണമായിരിന്നു.

ഇതു മൂലം കോണേ സൂക്കേ മത് സുഷിത കമ്പനി വിഭജിക്കാൻ തീരുമാനിച്ചു.അങ്ങനെ 30 വർഷത്തെ മത്സുഷിത കമ്പനിയിലെ ജീവനക്കാരൻ എന്ന റോൾ അവസാനിപ്പിച്ച് തോഷിയോ ല്യൂ പുറത്ത് വന്നു. 43 വയസായിരുന്നു തോഷിയോയുടെ അന്നത്തെ പ്രായം.

 1947ൽ സാനിയോ ഇലക്ട്രിക് മാനുഫാക്ചറിങ്ങ് .എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു.

സാനിയോ എന്ന പേരിൻ്റെ അർത്ഥം മൂന്നു മഹാസമുദ്രങ്ങൾ എന്നാണ്.
കപ്പൽ ഭ്രാന്തൻ വളരെ ആലോചിച്ച് കണ്ടു പിടിച്ച പേര്.

അറ്റ്ലാൻ്റിക് ,പസഫിക്, ഇന്ത്യൻ ഈ മൂന്ന് സമുദ്രങ്ങളും താണ്ടി തൻ്റെ കമ്പനി ഉൽപ്പന്നങ്ങൾ ലോകമെങ്ങും എത്തണമെന്നായിരുന്നു ഈ പേരിടുമ്പോൾ തൻ്റെ മനസിലെ ആഗ്രഹമെന്ന് തോഷിയോ ല്യൂ പിന്നീട് പറഞ്ഞിട്ടുണ്ട്.

 മൂത്ത അളിയൻ കോണോ സൂക്കേ ഹോജോ ചോ നഗരത്തിലുള്ള നാഷണലിൻ്റെ ഒരു വമ്പൻ ഫാക്ടറി അളിയന് സമ്മാനമായി കൊടുത്തു. നാഷണലിൻ്റെ ബൾബുകളും, ഡൈനാമോകളും  നിർമ്മിക്കുന്ന ഫാക്ടറിയായിരുന്നു അത്.

താരതമ്യേന പുതുമുഖമായ സാനിയോ എന്ന പേരിന് വിശ്വാസ്യതയും സ്വീകാര്യതയും കിട്ടാൻ നാഷണൽ എന്ന സ്വന്തം കമ്പനി പേരുപയോഗിക്കാനുള്ള അനുമതിയും കോണേ സൂക്കേ അളിയന് നൽകി.

അങ്ങനെ നാഷണൽ സാനിയോ എന്ന പേരിൽ  തോഷിയോ ല്യൂവിൻ്റെ കമ്പനിയിൽ നിന്നും ഉൽപ്പന്നങ്ങൾ പുറത്ത് വന്ന് തുടങ്ങി.

ആശയസമ്പന്നനായ തോഷിയോ ല്യൂ ലോകത്തെ ആദ്യ പ്ലാസ്റ്റിക് ബോഡി നിർമ്മിത റേഡിയോ 1952ൽ പുറത്തിറക്കി. അതു വരെ തടിയും, പ്ലൈവുഡും ഉപയോഗിച്ചായിരുന്നു റേഡിയോ ക്യാബിനറ്റുകളുടെ നിർമ്മാണം.

സാനിയോ പ്ലാസ്റ്റിക് റേഡിയോ ക്യാബി നെറ്റുകൾ  പുതുമയും,ഫിനിഷിങ്ങും കൊണ്ട് വൻ ജനപ്രീതി നേടി.

1953 ൽ ലോകത്തിലെ ആദ്യ പൾസേറ്റിങ്ങ്  അജിറ്റേറ്റർ ഉള്ള വാഷിങ്ങ് മെഷീൻ സാനിയോ പുറത്തിറക്കി.ഇതും വൻ ജനപ്രീതി നേടി.

 1963 ൽ സാനിയോ കളർ TV നിർമ്മാണം ആരംഭിച്ചു. അമേരിക്കയിൽ ഏറ്റവും വിറ്റഴിയുന്ന കളർ ടെലിവിഷൻ എന്ന പേര് 20 വർഷത്തോളം സാനിയോ നിലനിറുത്തി.
1962 ൽ ലോകത്തിലെ ആദ്യ വൻകിട നിക്കൽ കാഡ്മിയം ബാറ്ററി പ്ലാൻ്റ് സ്ഥാപിച്ച് കൊണ്ട് റീചാർജബിൾ ബാറ്ററികളുടെ നിർമ്മാണത്തിലേക്ക് സാനിയോ കാലെടുത്തു വച്ചു. കാഡ് നിക്ക എന്നതായിരുന്നു സാനിയോയുടെ ബാറ്ററി ബ്രാൻഡ്.

കാഡ് നിക്ക എന്ന ബ്രാൻഡിൽ റീ ചാർജ് ചെയ്യാവുന്ന  ഒടിച്ച് മടക്കുന്ന ചുവന്ന ടോർച്ചും, ചെറിയ മഞ്ഞ ടോർച്ചും ഇറക്കിയത് ലോകമെങ്ങും വൻ ജനപ്രീതി നേടി. 

 

നമ്മുടെ നാട്ടിലും ഇതിന് വൻ ഡിമാൻഡായിരുന്നു. നാട്ടിലെത്തുന്ന ഓരോ ഗൾഫ് കാരനും പത്തും പന്ത്രണ്ടും എണ്ണം വീതം  വേണ്ടപ്പെട്ടവർക്ക് കൊടുക്കാനായി  കൊണ്ടു വരുമായിരുന്നു.
1963 മുതൽ ട്രാൻസിസ്റ്റർ റേഡിയോകൾ വൻതോതിൽ നിർമ്മിച്ച് തുടങ്ങി.
 ഒതുക്കവും, ഗുണമേൻമയുമുള്ള അവ വൻ ജനപ്രീതി നേടി.


1967ൽ കമ്പനി സ്ഥാപകനായ തോഷിയോ ലൂ കമ്പനി പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു. അനിയൻ യൂറോ ല്യൂ സ്ഥാനം ഏറ്റെടുത്തു.

1968 മുതൽ കാസറ്റ് പ്ലയറുകളും, സ്റ്റീരിയോ സെറ്റുകളും, ആംപ്ലിഫയറുകളും സാനിയോയുടെ ഫാക്ടറികളിൽ നിർമ്മാണമാരംഭിച്ചു.

അധികം വൈകാതെ 67ആം വയസിൽ 1969 ജൂലൈ 16ന് സാനിയോ സ്ഥാപകൻ തോഷിയോ ല്യൂ അന്തരിച്ചു.

1970 ൽ യൂറിലൂ തൻ്റെ സ്ഥാനം വേറൊരു സഹോദരനായ കൗറു ല്യൂവിന് കൈമാറി

1973 ൽ വൻകിട അമേരിക്കൻ ഇലക്ട്രോണിക്സ് കമ്പനിയായ ഫിഷറിനെ സാനിയോ ഏറ്റെടുത്തു.

1975 ൽ ചരിത്രപരമായ ഒരു മണ്ടത്തരത്തിൽ ഏർപ്പെട്ട് സാനിയോ അതിൻ്റെ ആദ്യ തകർച്ച നേരിട്ടു.


ഹോം വീഡിയോ രംഗത്തെ അതികായരായ സോണി കമ്പനിയോട് അവരുടെ കുത്തകയായ ബെറ്റാ മാക്സ് VCRകൾ നിർമ്മിക്കാനുള്ള അവകാശം വൻതുക കൊടുത്തു വാങ്ങി എന്നതാണ് ആ മണ്ടത്തരം കമ്പനി സ്ഥാപകനായ സഹോദരൻ്റെ അളിയൻ്റെ കമ്പനിയായ നാഷണൽ പാനാസോണിക്  ഈ കരാറിനെഎതിർത്തുവെങ്കിലും കടുംപിടുത്തക്കാരനായ പുതിയ ഉടമ വൻ തുക നൽകി സോണിയുമായി കരാറിൽ ഒപ്പിട്ടു.

നാഷണലിൻ്റെ സബ്സിഡയറി കമ്പനിയായ JVC ഇതിനോടകം പുതിയ ഫോർമാറ്റായ VHS ഡവലപ്പ് ചെയ്തു കഴിഞ്ഞിരുന്നു. ഈ ടെക്നോളജി വലിയ മുതൽ മുടക്കില്ലാതെ സാനിയോക്കും ലഭിക്കുമായിരുന്നു. എന്നാൽ VHS ന് ഭാവി ഇല്ല ബെറ്റാ മാക്സ് ലോകം കീഴടക്കും എന്ന തെറ്റായ ബോദ്ധ്യം സാനിയോ മാനേജ്മെൻ്റിനെ കുഴിയിൽ ചാടിച്ചു.


ബെറ്റാ മാക്സിൻ്റെ കുത്തക തകർക്കാനായി പാനാസോണിക്, JVC പോലുള്ള VHS നിർമ്മാതാക്കൾ  പുതിയ സിനിമകളുടെ കോപ്പിറൈറ്റ് വാങ്ങി VHS കാസറ്റുകളിൽ പകർത്തി ലോകമെങ്ങുമുള്ള അവരുടെ ഷോറൂമുകളിലൂടെ  ഫ്രീ ആയി വിതരണം ചെയ്തു.

ഗ്രേ മാർക്കറ്റുകളിലൂടെ  ബ്ലൂ ഫിലിമുകൾ VHS ഫോർമാറ്റിൽ  സൗജന്യമായി വിതരണം ചെയ്താണ് ഹോം വീഡിയോ സെഗ്മെൻ്റിൽ സോണിയുടെയും, സാനിയോയുടെയും ബീറ്റാ മാക്സിൻ്റെ കുത്തക തകർത്തതെന്ന് പാപ്പരാസികൾ പറയുന്നുണ്ട് അത് വിശ്വസിക്കേണ്ട കേട്ടോ!

ഈ സിനിമകൾ കാണാനായി ആളുകൾ VHS പ്ലേയറുകൾ ധാരാളമായി വാങ്ങിത്തുടങ്ങി. ബെറ്റാ മാക്സ് കാസ്റ്റിൽ ഒരു മണിക്കൂർ മാത്രം റിക്കോഡിങ്ങ് ഉള്ളതിനാൽ 3 കാസറ്റ് ഉണ്ടെങ്കിലേ ഒരു സിനിമ കാണാൻ പറ്റുമായിരുന്നുള്ളൂ. VHS ടേപ്പിൽ 3 മണിക്കൂർ റിക്കോഡിങ്ങ് സാദ്ധ്യമായതിനാൽ ഒറ്റ കാസറ്റിൽ ഒരു സിനിമ ഓടും.

താമസിയാതെ ബെറ്റാ മാക്സ് മാർക്കറ്റിൽ നിന്ന് ഔട്ടായി VHS തരംഗം ആഞ്ഞടിക്കാൻ തുടങ്ങി
..സാനിയോ ബെറ്റാമാക്സ് പ്ലാൻ്റിനായും സോണിക്ക് റോയൽറ്റിയായും മുടക്കിയ കോടിക്കണക്കിന് ഡോളർ ആവിയായി പോയി!' ഓഹരി വില ആദ്യമായി കൂപ്പുകുത്തി.

ഈ  തകർച്ചയിലും പതറാതെ 1976 ൽ  സെമികണ്ടക്റ്ററുകൾ നിർമ്മിക്കുന്ന ഒരു വമ്പൻ ഫാക്ടറിയായി സാനിയോ ആ ഫാക്ടറിയെ രൂപാന്തരം വരുത്തി. വിവിധ തരം ട്രാൻസിസ്റ്ററുകളും, ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകളും അവിടെ നിർമ്മാണമാരംഭിച്ചു.

അവിടെ നിർമ്മിച്ച STK സീരീസിലും, LA സീരീസിലുമുള്ള ഓഡിയോ ഐസികൾ ലോകമെങ്ങും മുള്ള ഓഡിയോ കമ്പനികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഫിലിപ്സിൻ്റെ സിമെട്രിക്കൽ പവർ ഉപയോഗിക്കുന്ന NPN-PNP push-pull ട്രാൻസിസ്റ്റർ ആംപ്ലിഫയർ സർക്യൂട്ടിൻ്റെ ഹൈബ്രിഡ് രൂപമായിരുന്നു ആദ്യ STK ഐ സി ക്കുള്ളിൽ!


1986 ൽ കൗറു ല്യൂ സാനിയോ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു കമ്പനി പുറത്തിറക്കിയ മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റൂം ഹീറ്ററിൻ്റെ ചില തകരാറുകൾ മൂലം കാർബൺ മോണോക്സൈഡ് ശ്വസിച്ച് അമേരിക്കയിൽ ചിലർ മരണപ്പെട്ടതിനേ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. ഇതു മൂലം കമ്പനി രണ്ടാമത്തെ വൻ തകർച്ച നേരിട്ടു. ഓഹരി വില വീണ്ടും 'കൂപ്പുകുത്തി..

 

 സ്ഥാപകൻ തോഷിയോ ല്യൂവിൻ്റെ മകൻ സതോഷി ല്യൂ കമ്പനി  പ്രസിഡണ്ടായി .
1990 ൽ LCD പ്രൊജക്റ്ററുകൾ വിപണിയിലെത്തിച്ചു.ആദ്യത്തെ ഫ്ലാറ്റ് സ്ക്രീൻ TVകളും സാനിയോ തന്നെയാണ് വിപണിയിലെത്തിച്ചത്.ഉയർന്ന എഫിഷ്യൻസിയുള്ള സോളാർ പാനലുകളുടെ നിർമ്മാണത്തിലും സാ നിയോ അതിൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


1995 ൽ കൊഡാക്കുമായി ചേർന്ന് ലോകത്തിലെ ആദ്യ കൊമേഴ്സ്യൽ ഡിജിറ്റൽ  സ്റ്റിൽ ക്യാമറ സാനിയോ വിപണിയിലെത്തിച്ചു.ഇതിന് വൻ ജനപ്രീതി ലഭിച്ചു. നിരവധി കമ്പനികൾക്ക് വേണ്ടി അവരുടെ ബ്രാൻഡിൽ ഡിജിറ്റൽ ക്യാമറകൾ നിർമ്മിച്ചിരുന്നത് സാനിയോയാണ്.

1995 ൽ  ഇൻവെർട്ടർ ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന എനർജി എഫിഷ്യൻ്റ് എയർ കണ്ടീഷണറുകളും, ഫ്രിഡ്ജുകളും സാനിയോ മാർക്കറ്റിലിറക്കി.



1995 ൽ സാനിയോ അതിൻ്റെ തകർച്ചക്ക് കാരണമായ മൂന്നാമത്തെ മണ്ടത്തരം കാണിച്ചു. നോക്കിയയുമായി ചേർന്ന് മൊബൈൽ ഫോൺ നിർമ്മാണം ആരംഭിച്ചു.2005 ഓടെ നോക്കിയ ടെക്നോളജി കാലഹരണപ്പെടുകയും സാനിയോ മൊബൈൽ ഫോൺ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.


രണ്ടായിരാമാണ്ടോടെ ലോകവ്യാപകമായി ഉച്ചത്തിൽ പാട്ട് വയ്ക്കുന്ന ട്രെൻഡ് ഏറെക്കുറെ  അവസാനിച്ചതോടെ സാനിയോയുടെ പ്രധാന വരുമാന മാർഗ്ഗമായ ഓഡിയോ ഡിവിഷനും, സെമികണ്ടക്ടർ ഡിവിഷനും നഷ്ടത്തിലായി. വിൽപ്പന കുറഞ്ഞതിനാൽ STK, സീരീസിലും ,LA സീരീസിലുമുള്ള lCകളുടെ നിർമ്മാണം അവസാനിപ്പിച്ചു.

ഇതോടെ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ ആകെ.കുഴപ്പത്തിലായി ഇതറിഞ്ഞ  സ്ഥാപക ഉടമയുടെ അളിയൻ്റെ കമ്പനിയും തുടക്കകാലത്തെ സഹകാരിയുമായ നാഷണൽ എന്ന ഇപ്പോഴത്തെ പാനാസോണിക് കമ്പനി
സാനിയോയുടെ ആസ്തി ബാദ്ധ്യതകൾ അടക്കം 2009 ൽ ഏറ്റെടുത്തു.2010 ൽ സാനിയോയുടെ സെമികണ്ടക്റ്റർ നിർമ്മാണ ഡിവിഷൻ അമേരിക്കൻ കമ്പനിയായ ഓൺ സെമിക്ക് പാനാസോണിക്ക് വിറ്റൊഴിവാക്കി.

1947 മുതൽ 2009 വരെ 62 വർഷം ലോകമെങ്ങും ജനപ്രീതി നേടിയ സാനിയോ എന്ന ബ്രാൻഡ് പാനാസോണിക് ഏറ്റെടുത്ത് ഡിസോൾവ് ചെയ്തു പൂട്ടിക്കെട്ടി.. ഇതോടെ സാനിയോ എന്ന വമ്പൻ ഇലക്ട്രോണിക്സ് കമ്പനി ചരിത്രത്തിൻ്റെ ഭാഗമായി മാറി.


ഇന്ത്യൻ കമ്പനിയായ BPLമായി ചേർന്ന് ഭാരതത്തിലും  സാനിയോ നിറസാന്നിദ്ധ്യമായിരുന്നു. അതിനെക്കുറിച്ച് പിന്നീട് എഴുതാം. ഓഡിയോ വീഡിയോ രംഗത്തെ ഗുണമേൻമ കൊണ്ട് വിപണി പിടിച്ച സാനിയോ ഉൽപ്പന്നങ്ങക്ക് വിൻ്റേജ് വിപണിയിൽ ഇപ്പോഴും വൻ പ്രീയമാണ്.

സാനിയോ കമ്പനി  STK സീരീസും, LA സീരീസും IC കളുടെ നിർമ്മാണം അവസാനിപ്പിച്ച് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒറിജിനൽ STK ഐ സി കൾ വിപണിയിൽ സുലഭമാണ്. ഇതെല്ലാം ആര് ഉണ്ടാക്കി വിടുന്നോ എന്തോ ? അഭ്യസ്ഥവിദ്യരായ സൂപ്പർ ടെക്നീഷ്യൻമാർ  ഇതെല്ലാം വാങ്ങി സാനിയോ ബ്രാൻഡിനെ മരണമില്ലാത്തവനാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.


ജനമനസുകളിൽ നിറഞ്ഞ് നിന്ന സാനിയോ എന്ന പേര്  ചൈനീസ് വ്യാജൻമാർ ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെ 2016ൽ പാനാസോണിക് വീണ്ടും ആ ബ്രാൻഡ് നെയിം റിവൈവ് ചെയ്തു. സാനിയോ ബ്രാൻഡിൽ TV യും ,AC യും ഫ്രിഡ്ജുമെല്ലാം വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലാണ് ഉത്പാദനം..

സാനിയോയുടെ ബ്രാൻഡ് നെയിം ശൈലി നോക്കി അവരുടെ ഉൽപ്പന്നങ്ങളുടെ കാലഗണന സാദ്ധ്യമാണ്. ചിത്രം നോക്കുക. സാനിയോയുടെ തകർച്ചക്ക് വഴിമരുന്നിട്ട 3 ഉൽപ്പന്നങ്ങളാണ് ഒപ്പം ചേർത്തിരിക്കുന്നത്.

 ഇടത് വശം കാണുന്നത് മണ്ണെണ്ണ റൂം ഹീറ്റർ ,

നടുക്ക് സാനിയോ ബീറ്റാ മാക്സ് VCR, 

വലതുവശം സാനിയോ നോക്കിയ മൊബൈൽ ഫോൺ .എഴുതിയത് #അജിത്_കളമശേരി ,#ajith_kalamassery, 26.05.2023.