തകർപ്പൻ ഓഫർ
Tuesday, June 13, 2023
തകർപ്പൻ ഓഫർ
റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന കോപ്പിയടി സൂത്രം!
റിവേഴ്സ് എഞ്ചിനീയറിങ്ങ്
എന്ന കോപ്പിയടി സൂത്രം!
#റിവേഴ്സ്_എഞ്ചിനീയറിങ്ങ്.പാർട്ട് -2. #ഈച്ചക്കോപ്പി.
#റിവേഴ്സ്_എഞ്ചിനീയറിങ്ങ്. #ഈച്ചക്കോപ്പി.
ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല
ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല
Saturday, June 10, 2023
കാർ സ്റ്റീരിയോ വന്ന വഴി!
കാർ സ്റ്റീരിയോ വന്ന വഴി!
ആദ്യകാല വാക്വം ട്യൂബ് റേഡിയോകൾ 95 വോൾട്ട് മുതൽ മുകളിലേക്കുള്ള ഉയർന്ന വോൾട്ടേജ് ഉണ്ടെങ്കിലേ പ്രവർത്തിക്കുമായിരുന്നുള്ളൂ. അന്നത്തെ കാറുകളിൽ മിക്കതിനും സെൽഫ് സ്റ്റാർട്ടർ ഇല്ലാത്തതിനാൽ ബാറ്ററി പോലുമില്ലാതെയാണ് ഓടിയിരുന്നത്.
അതിനാൽ കാറിൽ റേഡിയോ ഫിറ്റ് ചെയ്യുന്ന കാര്യം ആലോചിക്കുക പോലും വേണ്ടായിരുന്നു.
എന്നിരുന്നാലും ചില ഇലക്ട്രോണിക്സ് ഹോബിയിസ്റ്റുകൾ വീട്ടിൽ ഉപയോഗിച്ചിരുന്ന റേഡിയോകൾ വൈബ്രേറ്റർ എന്ന അദ്യകാല വാക്വം ട്യൂബ് ഇൻവെർട്ടർ ഉപയോഗിച്ച് കാറുകളിൽ ഫിറ്റ് ചെയ്ത് ഓടിക്കുമായിരുന്നു.
1922 ൽ അമേരിക്കൻ കമ്പനിയായ ഷവർലേ "റേഡിയോ സെഡാൻ" എന്ന പേരിൽ റേഡിയോ ഇൻ ബിൽറ്റ് ചെയ്ത ഒരു കാർ മോഡൽ ഇറക്കിയതോടെയാണ് ലോകത്ത് കാറിൽ സംഗീതം ഔദ്യോഗികമായി മുഴങ്ങിത്തുടങ്ങിയത്.
കാറിന് മുകളിൽ തോരണം തൂക്കാനെന്ന പോലെ രണ്ട് പോസ്റ്റുകൾ നാട്ടി അതിൽ ഏരിയലിനായി വലിച്ച് കെട്ടിയ കമ്പികളുമായി ഇറങ്ങിയ ആ മോഡൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും, വിലക്കൂടുതലും റോഡിൽ ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പുകളിൽ ഉടക്കി ആൻ്റിന വളഞ്ഞ് പോകുന്നതുൾപ്പടെയുള്ള പോരായ്മകൾ നിമിത്തം വന്നതു പോലെ തന്നെ വേഗത്തിൽ അരങ്ങൊഴിഞ്ഞു.
1927 ൽ അമേരിക്കക്കാരനായ വില്യം ഹെയ്ന "ആരംഭിച്ച ഹെയ്ന ഫോൺ കമ്പനി " ട്രാൻസിസ്റ്റ് ടോൺ എന്ന പേരിൽ ലോകത്തിലെ ആദ്യ കാർ റേഡിയോ നിർമ്മിക്കാൻ പേറ്റെൻ്റ് എടുത്തു.
ഓട്ടോമൊബൈൽ റേഡിയോ കോർപ്പറേഷൻ ARC എന്ന മറ്റൊരു അമേരിക്കൻ കമ്പനി ഹെയ്ന ഫോണിൽ മുതൽ മുടക്കുകയും റേഡിയോകൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തു.
കാറിൽ റേഡിയോ വയ്ക്കുന്ന പരിപാടിയുടെ ഭാവി വളരെ ശോഭനമായിരുക്കുമെന്ന് മുൻകൂട്ടി കണ്ട ഫിലാഡൽഫിയ സ്റ്റോറേജ് ബാറ്ററി കമ്പനി എന്ന വണ്ടികൾക്ക് വേണ്ടി ബാറ്ററി ഉണ്ടാക്കുന്ന കമ്പനി ARC യെ മൊത്തമായി വാങ്ങി ഈ കമ്പനിയുടെ ബ്രാൻഡ് നെയിം നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. PHILCO...ഫിൽകോയെ പിന്നീട് ഫിലിപ്സ് ഏറ്റെടുത്തു. ഫിലിപ്സിൻ്റെ മറ്റൊരു ബ്രാൻഡായാണ് ഫിൽകോ അറിയപ്പെടുന്നത്.
ഇതിന് സമാന്തരമായി വേറൊരാളും കാർ റേഡിയോ നിർമ്മാണത്തിൽ വ്യാപൃതനായിരുന്നു. വില്യം ലിയർ എന്ന അമേരിക്കൻ എഞ്ചിനീയറായിരുന്നു അത്.പോൾ ഗാൽവിൻ എന്ന അദ്ദേഹത്തിൻ്റെ സുഹൃത്ത് ഇതിന് വേണ്ട സാമ്പത്തിക പിൻതുണ നൽകിപ്പോന്നു. ഗാൽവിന് ബാറ്ററി എലിമിനേറ്റർ നിർമ്മിക്കുന്ന ഗാൽവിൻ മാനുഫാക്ചറിങ്ങ് എന്ന ഒരു കമ്പനി അന്നുണ്ടായിരുന്നു.
ഗാൽവിനും, ലിയറും ഗാൽവിൻ്റെ സ്റ്റഡി ബക്കർ കാറിൽ തങ്ങൾ സ്വന്തമായി നിർമ്മിച്ച റേഡിയോയും ഫിറ്റ് ചെയ്ത് അറ്റ്ലാൻ്റിക് സിറ്റിയിൽ 1930 ജൂണിൽ നടന്ന വേൾഡ് റേഡിയോ ഷോയിൽ പങ്കെടുക്കാൻ പോയി.
സ്റ്റാൾ കിട്ടാതെ വന്നതിനാൽ അവർക്ക് പാർക്കിങ്ങ് ഗ്രൗണ്ടിൽ കാറ് പാർക്ക് ചെയ്ത് ഡമോ കാണിക്കേണ്ടി വന്നു.
സ്റ്റാളില്ലാതിരുന്നതിനാൽ കറണ്ട് കിട്ടിയില്ല. അതിനാൽ ബാറ്ററി ഡൗണായി പ്പോകാതിരിക്കാൻ കാറിൻ്റെ എഞ്ചിൻ ഓഫാക്കാതെയാണ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്നത്.
PHILCO ഇറക്കിയിരുന്ന റേഡിയോകൾ എഞ്ചിൻ പ്രവർത്തിച്ചാൽ സ്പാർക്ക് പ്ലഗ്ഗിൽ നിന്നുള്ള ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ് ശബ്ദം സ്പീക്കറിലൂടെ വരുന്നത് മൂലം വല്ലാത്ത അലോരസമായിരുന്നു.
ഇതൊഴിവാക്കാൻ റേഡിയോ കാറിൻ്റെ ഡിക്കിയിൽ വച്ച് അതിനായി മറ്റൊരു ബാറ്ററിയും കൂടി കണക്റ്റ് ചെയ്തൊക്കെയാണ് ഫിൽകോ റേഡിയോകൾ പ്രവർത്തിപ്പിച്ചിരുന്നത്.
എന്നാലും കുറച്ചൊക്കെ നോയ്സ് ആസ്വാദനത്തെ തടസപ്പെടുത്തിയിരുന്നു.
ഗാൽവിൻ്റെയും, ലിയറിൻ്റെയും റേഡിയോ എഞ്ചിൻ പ്രവർത്തിച്ചാലും അനാവശ്യ ശബ്ദ ബഹളങ്ങളില്ലാതെ പ്രവർത്തിക്കുന്നത് കണ്ട് ജനം തടിച്ച് കൂടി.അവർ പോലും പ്രതീക്ഷിക്കാത്ത വിധം ധാരാളം ഓർഡറുകൾ അന്നത്തെ എക്സിബിഷനിൽ നിന്നും കിട്ടി.
ഓർഡറുകൾ കിട്ടിയതോടെ തങ്ങളുടെ റേഡിയോയ്ക്ക് ഒരു ബ്രാൻഡ് പേരിടണമെന്ന് ആ സുഹൃത്തുക്കൾ തീരുമാനിച്ചു.
അക്കാലത്ത് അമേരിക്കയിൽ ശബ്ദവ്യക്തതയിൽ കേമനായ ഗ്രാമഫോൺ പ്ലയറുകൾ ഇറക്കിയിരുന്ന ഒരു മുൻ നിര കമ്പനിയായിരുന്നു വിക്ടറോള.
ഈ പേരിനെ അനുകരിച്ച് മോട്ടോർ വണ്ടിയിൽ പാടിക്കാനുള്ള വിക്ടറോള എന്ന് ആളുകൾ തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതി അവർ മോട്ടറോള എന്ന ഒരു പേരങ്ങട് കാച്ചി.
സംഗതി അനുകരണമായിരുന്നെങ്കിലും ഒരു സംഭവമാകാൻ പോകുന്ന പേരായിരുന്നു അത് എന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല
5T-71 എന്ന ആദ്യ മോഡൽ കാർ റേഡിയോയ്ക്ക് ഫിറ്റിങ്ങ് ചാർജടക്കം 150 ഡോളറായിരുന്നു 1930 ലെ പ്രാരംഭ വില.
അത്രയും തന്നെ കാശ് കൂടി കൊടുത്താൽ ഫോർഡിൻ്റെ മോഡൽ Tകാറ് കിട്ടുന്ന കാലത്താണ് ഈ വമ്പൻ വിലയ്ക്ക് റേഡിയോ ഇറങ്ങുന്നത്. ഒരു പുതിയ സെഗ്മെൻ്റ് ആയതിനാൽ കാറിലെ സ്ഥലപരിമിതികൂടി കണക്കിലെടുത്ത് വാക്വം ട്യൂബുകൾ, ട്രാൻസ്ഫോർമറുകൾ എല്ലാം റീ ഡിസൈൻ ചെയ്യേണ്ടി വന്നത് മൂലമാണ് ഈ വൻ വില റേഡിയോയ്ക്ക് വന്നത്.
വലിപ്പവും ഭാരവും, പോരാത്തതിന് വിലയും വളരെ കൂടുതലായിരുന്നു അന്നത്തെ കാർ റേഡിയോകൾക്ക് .
കാറിലേക്കായി വാങ്ങുന്ന റേഡിയോ വീട്ടിലും ഉപയോഗിക്കാനായി കാറിൻ്റെ ഫുട് ബോർഡിൽ ഫിറ്റ് ചെയ്യുന്ന ഒരു മോഡലും മോട്ടറോള ഇറക്കിയിരുന്നു. ചിത്രത്തിൽ കാണുന്നത് അതാണ്.
റേഡിയോയിൽ നിന്നും സ്റ്റേഷൻ പ്രക്ഷേപണം ചെയ്യുന്ന പാട്ടുകളേ കേൾക്കാൻ പറ്റൂ.. നമ്മൾക്കിഷ്ടമുള്ള പാട്ട് കേൾക്കാൻ പറ്റില്ല.എന്നതായിരുന്നു റേഡിയോയുടെ പ്രധാന പോരായ്മ.
ഇതിനൊരു പരിഹാരമെന്ന നിലയിൽ കാറിൽ റെക്കോഡ് പ്ലയർ ഉൾക്കൊള്ളിക്കാൻ പല പല കമ്പനികളും നിതാന്ത ഗവേഷണത്തിൽ ഏർപ്പെട്ടു.
CBS ലാബോറട്ടറീസിലെ പീറ്റർ ഗോൾഡ്മാർക്ക് 1950ൽ കണ്ടു പിടിച്ച "ഹൈവേ ഹൈ ഫൈ" എന്ന മോഡൽ കാർ റിക്കോഡ് പ്ലയർ ക്രിസ് ലർ കാറുകളിൽ കമ്പനി ഫിറ്റ് ചെയ്ത് ലഭിച്ച് തുടങ്ങി .ഇതാണ് ലോകത്തിലെ ആദ്യ കാർ ഓഡിയോ സിസ്റ്റം
അത്യധികം സ്മൂത്തായ സസ്പെൻഷൻ ഉള്ള വിലകൂടിയ കാറുകളിലേ ഹൈവേ ഹൈ ഫൈ പ്രവർത്തിക്കുമായിരുന്നുള്ളൂ. അല്ലാത്തവയിൽ എഞ്ചിൽ വൈബ്രേഷനും റോഡിലെ കുഴികളും റിക്കോഡിൽ നിന്ന് സൂചിയെ ട്രാക്ക് മാറ്റി കളിപ്പിക്കും!
ട്രാൻസിസ്റ്ററുകളുടെ കണ്ട് പിടുത്തത്തോടെ ശബ്ദവ്യക്തതയും, ഫിഡിലിറ്റിയും കൂട്ടിയ FM കാർ റേഡിയോകൾ നിർമ്മാണമാരംഭിച്ചു. ബ്ലോപങ്ക് (BIaupunkt ) എന്ന ജർമ്മൻ കമ്പനി 1952 ആദ്യ കാർ FM റേഡിയോ വിപണിയിലെത്തിച്ചു.തുടർന്ന് മോട്ടറോള ഉൾപ്പടെയുള്ള , മറ്റ് കമ്പനികൾ FM കാർ റേഡിയോകളുടെ ചാകര തന്നെ സൃഷ്ടിച്ചു.
1960 ൽ അമേരിക്കൻ എഞ്ചിനീയർ ഏൾ മുണ്ട്സ് സ്റ്റീരിയോ പാക് എന്ന പേരിൽ സ്റ്റീരിയോ കാട്രിഡ്ജ് കാസറ്റും, അതിൻ്റെ കാർ പ്ലയറുകളും കണ്ട് പിടിച്ച് വിപണിയിലെത്തിച്ചതോടെ കാറുകളിൽ ആദ്യമായി സ്റ്റീരിയോ സംഗീതം മുഴങ്ങിത്തുടങ്ങി. ഇതാണ് ലോകത്തിലെ ആദ്യ ലക്ഷണമൊത്ത കാർ സ്റ്റീരിയോ.
4 ട്രാക്ക് കാർ സ്റ്റീരിയോക്ക് ബദലായി
1965 ൽ മോട്ടറോള 8 ട്രാക്ക് സ്റ്റീരിയോ കാർ പ്ലയർ അവതരിപ്പിച്ച് വീണ്ടും കാർ സ്റ്റീരിയോ വിപണിയിൽ താരമായി. പക്ഷേ മോട്ടറോളയുടെ മേൽക്കൈയും അധികകാലം നീണ്ട് നിന്നില്ല.
1968ൽ ഫിലിപ്സ് ലോകത്തിൽ ആദ്യമായി കോംപാക്റ്റ് കാസറ്റുകൾ ഉപയോഗിക്കുന്ന കാർ സ്റ്റീരിയോകൾ പുറത്തിറക്കിയതോടെ
ഏതൊരു കാറിലും കുറഞ്ഞ ചിലവിൽ സംഗീതം ആസ്വദിക്കാവുന്ന സ്ഥിതി സംജാതമായി.
1984 ൽ CDX- 1 എന്ന മോഡൽ നമ്പറിൽ ജപ്പാനിലെ പയനിയർ കാർ CD പ്ലയർ പുറത്തിറക്കിയതോടെ കാസറ്റ് കാർ സ്റ്റീരിയോ പ്രഭാവത്തിന് മങ്ങലേറ്റു.
2000 ൽ ട്രക്ക് എന്ന സിംഗപ്പൂർ കമ്പനി കൊണ്ട് നടക്കാൻ സൗകര്യപ്രദമായ USB ഫ്ലാഷ് ഡ്രൈവുകൾ വിപണിയിലെത്തിച്ചതോടെ കാർ സ്റ്റീരിയോ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഉൽപ്പന്നങ്ങളിൽ USB പോർട്ട് ഉൾപ്പെടുത്തി തുടങ്ങി.ഇതോടെ CD യുഗത്തിനും അന്ത്യമായിത്തുടങ്ങി.
2000 ൽ തന്നെ എറിക്സൺ T36 എന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള മൊബൈൽ ഫോൺ പുറത്തിറക്കിയിരുന്നു.ഇതോടെ കാർ സ്റ്റീരിയോകളും ബ്ലൂടൂത്ത് സംഗീത യുഗത്തിലേക്ക് കാലെടുത്തു വച്ചു. ഫോണിലെ പാട്ടുകൾ കാർ സ്റ്റീരിയോയുമായി വയറുകളില്ലാതെ അയത്നലളിതമായി ബന്ധിപ്പിക്കാൻ ബ്ലൂടൂത്ത് മുഖേന സാദ്ധ്യമായതോടെ സംഗീതപ്രേമികൾ കാറിലെ CD സംഗീതവും ,പ്ലയറുകളും ഉപേക്ഷിച്ചു.
CD യുഗം അവസാനിച്ചതോടെ കാർ സ്റ്റീരിയോകളിൽ ചലിക്കുന്ന ഒരു വസ്തുവും ഇല്ലാതായി.കാറിലെ വൈബ്രേഷനും, പിഞ്ച് റോളറിൻ്റെ തേയ്മാനവും, മോട്ടോറിൻ്റെ തകരാറുകളും മൂലം കാസറ്റ് ,CD യുഗം 'സംഗീത പ്രേമികൾക്ക് വല്ലാത്ത അലോരസവും, കാസറ്റ് കുരുങ്ങുക, പോലുള്ള തലവേദകളും സൃഷ്ടിച്ചിരുന്നു.
സംഗീതലോകം മെമ്മറി കാർഡ്, USB, ബ്ലൂടൂത്തും കടന്ന് ഇൻ്റർനെറ്റ് സ്ട്രീമിങ്ങ് യുഗത്തിലേക്ക് കടന്നതോടെ കാസറ്റ് കുരുങ്ങലും, സ്പീഡ് വേരിയേഷനും, ട്രാക്ക് ചാട്ടവും എല്ലാം പഴങ്കഥയായി. സ്റ്റോറേജ് പ്രശ്നം ഒരു പ്രശ്നമല്ലാതായതോടെ ക്വാളിറ്റി കോംപ്രമൈസ് ചെയ്തിരുന്ന MP3 യെ ഉപേക്ഷിച്ച് ഹൈക്വാളിറ്റി വേവ്, ഫ്ലാക്ക് പോലുള്ള സ്റ്റുഡിയോ ക്വാളിറ്റി ,ലോസ് ലെസ് ഓഡിയോ സംഗീതം കുറഞ്ഞ ചിലവിൽ ഇപ്പോൾ നമുക്ക് പ്രാപ്യമാണ്.
ഇപ്പോൾ കാർ സ്റ്റീരിയോകളിൽ ഇൻ്റർനെറ്റ് സ്ട്രീമിങ്ങാണ് താരം. നമുക്ക് നേരിട്ട് നെറ്റിൽ നിന്നും ഇഷ്ടമുള്ള FM സ്റ്റീരിയോ റേഡിയോ സ്‌റ്റേഷനുകളോ ,സംഗീതമോ തിരഞ്ഞെടുത്ത് കേൾക്കാൻ ഒരു ശബ്ദ നിർദ്ദേശം മാത്രം മതിയാകും.
, ഇന്ത്യയിലും പണ്ട് മുതൽ തന്നെ കാർ റേഡിയോകൾ നിർമ്മിക്കുന്നുണ്ടായിരുന്നു.ഇന്ത്യയിലെ ആദ്യ കാർ റേഡിയോ നിർമ്മാതാക്കളെപ്പറ്റി അധികം താമസിയാതെ എഴുതാം.
ചിത്രത്തിൽ യാത്രയ്ക്ക് മുൻപ് കാർ റേഡിയോ ഓൺ ചെയ്യുന്ന ഗൃഹനാഥ.1931 ലെ ചിത്രം.
1922ൽ ആരംഭിച്ച് ഇപ്പോൾ 101 വർഷം പൂർത്തിയാക്കിയ കാർ റേഡിയോകൾ സംഗീത പ്രേമികളായ നമ്മളിൽ ഓരോരുത്തരുടെയും പാട്ടുകാരനും കൂട്ടുകാരനുമായി നമ്മുടെ യാത്രകൾക്ക് കൂട്ടായി എന്നെന്നും കൂടെയുണ്ടാകും.എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 10.06.2023.
Wednesday, June 7, 2023
കാസിയോ എന്ന കൊച്ചിക്കാരൻ!
വളരെയേറെപ്പേർ ആവശ്യപ്പെട്ട കാസിയോ കമ്പനിയേപ്പറ്റിത്തന്നെ ആകട്ടെ ഇന്നത്തെ കഥ എന്ന് എഴുതാൻ സ്റ്റൈലസ് എടുത്തപ്പോൾ തീരുമാനിച്ചു.
ഡിജിറ്റൽ വാച്ചുകൾ എന്നാൽ അത് കാസിയോ എന്ന് തന്നെയാണ് ലോകം മുഴുവൻ കരുതുന്നത്...
1974 നവംബറിൽ LCD ഡിസ്പ്ലേയോടു കൂടിയ Casiotron QW 02 എന്ന മോഡൽ ജപ്പാനിൽ പുറത്തിറക്കി ആരംഭിച്ച CASIO കമ്പനിയുടെ ഡിജിറ്റൽ വാച്ച് നിർമ്മാണ വിജയഗാഥ മൊബൈലുകൾ വാച്ചുകളെ അപ്രസക്തമാക്കുമെന്ന് നാം കരുതിയ ഈ നൂറ്റാണ്ടിലും അഭംഗുരം മുന്നോട്ട് പോവുകയാണ്.
1946 ഏപ്രിൽ മാസത്തിൽ ജപ്പാനിലെ ടോക്കിയോ നഗരത്തിൻ്റെ ചേരികളിലൊന്നിലെ ഒരു ചെറിയ വീടിൻ്റെ മുറ്റത്ത് തട്ടിക്കൂട്ടിയ ഷെഡിൽ തുടങ്ങിയ കാസിയോ കമ്പ്യൂട്ടർ കമ്പനി ഇന്ന് ലോകത്തിലെ ആദ്യ 100 ൽ പെടുന്ന വമ്പൻ ഇലട്രോണിക്സ് കമ്പനികളിൽ ഒന്നായി മാറിയ ചരിത്രം വളരെ രസാവഹമാണ്.
കാസിയോ കമ്പനി സ്ഥാപകനായ തടാവോ ഖാഷിയോ (Tadao Kashio) 1917 നവംബർ മാസം 26ആം തീയതി ജപ്പാനിലെ കൊച്ചി പ്രൊവിൻസിലെ കുറേറ്റാമുറ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് ഷിഗേരു ഖാഷിയോ, അമ്മ കിയോനോ.
മൊത്തം നാല് ആൺമക്കളിൽ രണ്ടാമനായിരുന്നു തടാവോ ഖാഷിയോ.ചേട്ടൻ കൗസുവോ ഖാഷിയോ, അനിയന്മാർ തോഷിയോയും, യൂക്കിയോയും,കർഷകരായിരുന്നു മാതാപിതാക്കൾ.
1923 ൽ ടോക്കിയോ നഗരത്തെ മുച്ചൂടും നശിപ്പിച്ച ഒരു ലക്ഷത്തിലധികം പേർ മരണമടഞ്ഞ വമ്പൻ ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോ നഗരത്തിൻ്റെ പുനർനിർമ്മാണത്തിനായി വൻതോതിൽ മനുഷ്യ പ്രയത്നം വേണ്ടിവന്നു. ഇതിനായി ജപ്പാനിലെ വിവിധ പ്രവിശ്യകളിൽ നിന്ന് ടോക്കിയോ നഗരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തിൽ തടാവോ ഖാഷിയോയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.
1931 ൽ തടാവോ ഖാഷിയോ തൻ്റെ സ്കൂൾ വിദ്യാഭ്യാസം സ്കൂൾ ടോപ്പറായി പൂർത്തിയാക്കി.
ഒരു കൺസ്ട്രക്ഷൻ വർക്കറായ പിതാവിന് തൻ്റെ മകനേ ഉയർന്ന വിദ്യാഭ്യാസത്തിന് അയക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക നില അതിനനുവദിച്ചില്ല.
പിതാവിനൊരു തുണയാകാൻ സമീപത്തുള്ള ഒരു വർക്ക്ഷോപ്പിൽ തടാവോ ഖാഷിയോ ഹെൽപ്പറായി കയറിക്കൂടി.
ഒരു പട്ടാളക്കാരൻ ആകണമെന്നായിരുന്നു തടാവോയുടെ ഏറ്റവും വലിയ ആഗ്രഹം, വർക്ക്ഷോപ്പിൽ ഹെൽപ്പറായി ജോലി നോക്കവേ പട്ടാളക്കാർക്കുള്ള മെഡലും, കത്തിയും, ബയണറ്റുമെല്ലാം നിർമ്മിക്കുന്ന ഒരു ചെറിയ ഫാക്ടറിയിൽ കുറച്ച് കൂടി ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടിയതിനാൽ അങ്ങോട്ടേയ്ക്ക് മാറി.
അവിടെയുണ്ടായിരുന്ന ലേത്ത്, ഡ്രില്ലിങ്ങ് മെഷീൻ, മില്ലിങ്ങ് മെഷീൻ എന്നിവയെല്ലാം ചുരുങ്ങിയ നാളുകൾ കൊണ്ട് തടാവോയുടെ കൈകൾക്കിണങ്ങി.
ആ കമ്പനിയിൽ ഏറ്റവുമാദ്യം ജോലിക്കെത്തുന്നതും, ഏറ്റവും അവസാനം ജോലി കഴിഞ്ഞ് പോവുന്നതുമായ തടാവോ ഖാഷിയോ കമ്പനി ഉടമയായ ഹീറോഷി ഇണോമോട്ടോയുടെ സവിശേഷ വാത്സല്യത്തിന് പാത്രമായി.
അദ്ദേഹം അവനെ സ്വന്തം ചിലവിൽ ടോക്കിയോയിലെ വസീഡാ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർത്ത് പഠിപ്പിച്ചു.
യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റഡി ടൂറിനായി കൊണ്ടുപോയപ്പോൾ സന്ദർശിച്ച ഒരു വാക്വം ട്യൂബ് നിർമ്മാണ ഫാക്ടറി തടാവോയുടെ ജീവിതം മാറ്റിമറിച്ചു.
അന്നത്തെ ഏറ്റവും ആധുനിക ടെക്നോളജിയായ വാക്വം ട്യൂബുകൾ തീർക്കുന്ന ഇലക്ട്രോണിക്സിൻ്റെ മായിക ലോകം തടവോയേ കാന്തം ഇരുമ്പിനെ എന്ന പോലെ ആകർഷിച്ചു.
ആ ആകർഷണത്തിൽ വശംവദനായി, സ്വന്തം പരിശ്രമത്താൽ ആ ഇലക്ട്രോണിക്സ് കമ്പനിയിൽ ജോലി നേടിയ തടാവോ ചുരുങ്ങിയ കാലത്തിനുള്ളിൽ കമ്പനിയുടെ ഡിസൈൻ ടീമിൽ എത്തിച്ചേർന്നു.
ജീവിതം അങ്ങനെ മുന്നോട്ട് നീങ്ങവേ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ കെടുതികൾ ഖാസിയോ യുടെ കുടുംബത്തെയും ബാധിച്ചു.
അദ്ദേഹത്തിൻ്റെ വീട് അമേരിക്കൻ ബോംബിങ്ങിൽ തവിട് പൊടിയായി .ഖാഷിയോയുടെ വിവാഹം കഴിഞ്ഞ് അധികം നാളുകളായിട്ടില്ല, അമ്മ കണ്ട് പിടിച്ച വധു ഷിഗേ നൊഗുച്ചിയാണ് ഭാര്യ.
1943 ലാണ് അദ്ദേഹത്തിൻ്റെ വീടും, സമ്പാദ്യവുമെല്ലാം അമേരിക്കൻ ബോംബറുകൾ തകർത്തെറിഞ്ഞത്. ബങ്കറുകളിൽ അഭയം തേടിയതിനാൽ ജീവൻ രക്ഷപെട്ടു കിട്ടി.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമം ഖാഷിയോ തുടങ്ങി. ഒരു പഴയ ലേത്ത് സംഘടിപ്പിച്ച് വീടിന് മുന്നിൽ ഒരു ഷെഡ് പണിത് അതിന് ഖാഷിയോ കമ്പ്യൂട്ടർ കമ്പനി എന്ന് പേരുമിട്ടു.
രജിസ്ട്രേഷന് വേണ്ടി വ്യവസായ വകുപ്പിൽ ചെന്നപ്പോൾ അവിടെയിരുന്ന ക്ലർക്കിനോട് താൻ തുടങ്ങാൻ പോകുന്ന കമ്പനിയുടെ പേര് ഖാഷിയോ കമ്പ്യൂട്ടർ കമ്പനി എന്നാണെന്ന് തടാവോ ഖാഷിയോ പറഞ്ഞു കൊടുത്തു.
ക്ലർക്ക് അപേക്ഷാ ഫോറത്തിൽ നല്ല വൃത്തിയായി എഴുതി CASIO കമ്പ്യൂട്ടർ കമ്പനി ! ഖാഷിയോ എന്ന് പറഞ്ഞപ്പോൾ ക്ലർക്ക് കേട്ടത് കാസിയോ എന്ന്.
ആ സമയം ഖാഷിയോയ്ക്ക് ഈ തെറ്റ് പിടികിട്ടിയില്ല, ഒരു മാസത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോഴാണ് പേര് മാറിയ വിവരം മനസിലായത്.
കമ്പനി ആരംഭിക്കുന്നതിൻ്റെ നൂറ് കൂട്ടം പ്രശ്‌നങ്ങൾ വേറേ ഉള്ളതിനാൽ പിന്നെ പേര് മാറ്റാൻ നടക്കാൻ നേരവുമില്ല. കാസിയോ എങ്കിൽ കാസിയോ... 1946 ഏപ്രിൽ മാസത്തിൽ കമ്പനി നിശ്ചയിച്ച പ്രകാരം പ്രവർത്തനമാരംഭിച്ചു.
ഇലക്ട്രോണിക്സ് പ്രാന്ത് തലയ്ക്ക് പിടിച്ച് വല്യ കമ്പ്യൂട്ടർ കമ്പനി എന്ന് പേരൊക്കെ ഇട്ടെങ്കിലും കമ്പനി ആദ്യമായി നിർമ്മിച്ച് പുറത്തിറക്കിയത് ഒരു മോതിരമായിരുന്നു!
അന്നത്തെ സാധാരണക്കാരൻ്റെ ഏക ആഡംബരമായിരുന്നു സിഗററ്റ് വലി. യുദ്ധാനന്തര കാലമായതിനാൽ സിഗററ്റിന് അൽപ്പം വില കൂടുതലും. നല്ലൊരു പുകവലിക്കരനായ ഖാഷിയോ സിഗററ്റിൻ്റെ കുറ്റി പോലുമില്ലാതെ അവസാന പഫ് വരെ വലിക്കാവുന്ന ഒരുപകരണം വികസിപ്പിച്ചെടുത്തു.
വലിപ്പം കുറഞ്ഞ ഈ ഉപകരണം ഒരു മോതിരത്തിൽ അറ്റാച്ച് ചെയ്ത് യുബിവ പൈപ്പ് എന്ന പേരിൽ കാസിയോ ബ്രാൻഡിൽ ആദ്യ ഉൽപ്പന്നമായി പുറത്തിറക്കി.
വൻ ജനപ്രീതി നേടിയ ഈ ഉൽപ്പന്നം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. തുടർന്ന് ബേക്കറികൾക്കായി ചില ചെറുകിട യന്ത്രങ്ങളും കാസിയോ പുറത്തിറക്കി.
1949 ൽ ടോക്കിയോയിൽ നടന്ന ഒരു വ്യവസായ പ്രദർശനത്തിൽ തൻ്റെ കമ്പനിയുടെ ഉൽപ്പന്നങ്ങളുമായി ഖാഷിയോ എത്തി.
അവിടെ ഒരു അമേരിക്കൻ കമ്പനി പ്രദർശിപ്പിച്ച കാൽകുലേറ്റർ ഖാഷിയോയുടെ മനസിൽ ഉടക്കി. ഒരു വലിയ മേശയുടെ വലിപ്പവും വലിയ വിലയും വരുന്ന ഈ കാൽക്കുലേറ്റർ ബാങ്കുകൾക്കും, വലിയ വ്യവസായ സ്ഥാപനങ്ങൾക്കും മാത്രമേ വാങ്ങാൻ സാധിക്കുമായിരുന്നുള്ളൂ.
വൈദ്യുത മോട്ടോറുകളും, ഗിയർ വീലുകളും,നിക്സി ട്യൂബുകളും ഉപയോഗിക്കുന്ന ഈ സെമി മെക്കാനിക്കൽ/ സെമി ഇലക്ട്രിക്കൽ കാൽകുലേറ്റർ ഉപയോഗിക്കുമ്പോൾ വലിയ കോലാഹലമായിരുന്നു ഉണ്ടായിരുന്നത്.
ഇതിനോടകം ടെക്നിക്കൽ സ്കില്ലുകൾ നേടി തടാവു ഖാഷിയോക്കൊപ്പം കമ്പനിയിൽ ചേർന്ന സഹോദരൻ തോഷിയോ ഖാഷിയോയും ഒത്ത് ചേർന്ന് ഉറക്കമില്ലാത്ത രാത്രികൾ ഒരുപാട് ചിലവഴിച്ച് ലോകത്തിലെ ആദ്യ ഇലക്ട്രോ മെക്കാനിക്കൽ കാൽകുലേറ്റർ വികസിപ്പിക്കാനാരംഭിച്ചു.
ആവശ്യമായ സാമ്പത്തിക പിൻതുണ ലഭിക്കാതിരുന്നതിനാൽ നീണ്ട നാല് വർഷമെടുത്താണ് ഖാഷിയോ സഹോദരൻമാർ പ്രോട്ടോ ടൈപ്പ് നിർമ്മാണം പൂർത്തിയാക്കിയത്.
ഇലക്ട്രോമാഗ്നെറ്റിക് റിലേകളും, നിക്സി ട്യൂബുമായിരുന്നു ഇതിൻ്റെ പ്രധാന ഭാഗങ്ങൾ 1954 ജനുവരിയിൽ അങ്ങനെ കാസിയോയുടെ ആദ്യ ഇലക്ട്രോണിക് ഉപകരണത്തിൻ്റെ വർക്കിങ്ങ് മോഡൽ പൂർത്തിയായി.
മേശയുടെ വലിപ്പമുള്ള അമേരിക്കൻ കാൽക്കുലേറ്ററിന് ഒരു പകരക്കാരൻ... സ്യൂട്ട് കേസിൻ്റെ വലിപ്പമുള്ള കാസിയോ കാൽകുലേറ്റർ..
റിലേകൾ ഉപയോഗിക്കുന്നതിനാൽ ഇതിനും പ്രവർത്തിക്കുമ്പോൾ കട..പടാ...ശബ്ദമുണ്ടായിരുന്നു.
കാൽക്കുലേറ്റർ വിൽപ്പന ആരംഭിച്ചുവെങ്കിലും ഇതിൻ്റെ പ്രവർത്തനത്തിൽ ഖാഷിയോ സഹോദരൻമാർ തൃപ്തരല്ലായിരുന്നു. ഇതിനോടകം ട്രാൻസിസ്റ്ററുകൾ ലഭ്യമായിത്തുടങ്ങിയിരുന്നു. അവയുടെ പ്രവർത്തനം പഠിച്ച് തങ്ങൾക്കനു രൂപമായ വിധത്തിൽ എങ്ങിനെ ഉപയോഗിക്കാം എന്നതിലായി പിന്നീടവരുടെ ശ്രദ്ധ.
1957 ജൂണിൽ ലോകത്തിലാദ്യമായി പൂർണ്ണമായും ഇലക്ട്രോണിക് സർക്യൂട്ടുകളിൽ പ്രവർത്തിക്കുന്ന ഒരു ഇടത്തരം റേഡിയോയുടെ വലിപ്പം മാത്രമുള്ള മേശപ്പുറത്ത് ഒതുങ്ങിയിരിക്കുന്ന ,ശബ്ദ ബഹളങ്ങൾ ഉണ്ടാക്കാത്ത കാൽക്കുലേറ്റർ പുറത്തിറങ്ങി.
അതു വരെയുള്ള കാൽ കുലേറ്ററുകളിൽ 125 ൽ അധികം ബട്ടണുകൾ ഉണ്ടായിരുന്നപ്പോൾ വെറും 31 കീകൾ മാത്രമേ കാസിയോ കാൽക്കുലേറ്ററിൽ ഉണ്ടായിരുന്നുള്ളൂ. യാതൊരു ട്രയിനിങ്ങും ഇല്ലാതെ ഉപയോഗിക്കാവുന്നത്ര ലളിതം.
ഈ ഉൽപ്പന്നം കാസിയോയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചു.വിൽപ്പന വൻതോതിൽ കുതിച്ച് കയറി.
ലോകത്തിലെ ആദ്യ സയൻ്റിഫിക് കാൽകുലേറ്റർ, മെമ്മറിയുള്ള കാൽകുലേറ്റർ, പ്രോഗ്രാം ചെയ്യാവുന്ന കാൽകുലേറ്റർ, പ്രിൻ്ററുള്ള കാൽകുലേറ്റർ എല്ലാം കാസിയോ ഒന്നിന് പുറകേ ഒന്നായി വിപണിയിലെത്തിച്ചു.
ലക്ഷങ്ങൾ വിലയുണ്ടായിരുന്ന കാൽകുലേറ്ററുകൾ വെറും നൂറ് രൂപക്ക് പോലും കിട്ടുന്ന വിധം ജനകീയനാക്കുന്നതിൽ വളരെ വലിയ പങ്കാണ് കാസിയോ കമ്പനി വഹിച്ചത്..
1968ൽ ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ കണ്ട് പിടിക്കപ്പെട്ടതോടെ അത് തങ്ങളുടെ ഉപകരണങ്ങളിൽ എങ്ങനെ ഉൾക്കൊള്ളിക്കാം എന്നതായി ഖാഷിയോ സഹോദരൻമാരുടെ ചിന്ത.. LCD ഉപയോഗിക്കുന്നതിനുള്ള അവകാശം അത് കണ്ട് പിടിച്ച ജോർജ് ഹെയിൽമറോട് വാങ്ങിയ കാസിയോ തങ്ങൾക്കനുരൂപമായ വിധത്തിൽ മാറ്റങ്ങൾ വരുത്തി 1974ൽ ഡിജിറ്റൽ വാച്ചുകൾ വിപണിയിലെത്തിച്ചു.
ഇതിനോടകം 1972 ൽ ജപ്പാൻ കമ്പനിയായ സൈക്കോ LCD വാച്ചുകൾ വിപണിയിലെത്തിച്ചിരുന്നു.
തങ്ങളുടെ വാച്ചുകളിൽ എന്തെങ്കിലും പുതുമ നിറച്ചാലേ രക്ഷയുള്ളൂ എന്ന് മനസിലാക്കിയ കാസിയോ ലോകത്തിലെ ആദ്യ കലണ്ടർ അടങ്ങിയ ഡിജിറ്റൽ വാച്ച് ഇറക്കി ലോകത്തെ ഞെട്ടിച്ചു.
അലാറം, ഗയിം, കാൽക്കുലേറ്റർ ,സ്റ്റോപ്പ് വാച്ച് എന്നിവ അടങ്ങിയ വിവിധ മോഡലുകൾ ഒന്നിന് പുറകേ മറ്റൊന്ന് എന്ന കണക്കിൽ മാസംതോറും പുറത്തിറക്കി മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി.
അത് വരെ കനം കൂടിയ ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വാച്ചുകളെ പ്ലാസ്റ്റിക് കെയിസിൽ വാട്ടർപ്രൂഫായി ഉൾക്കൊള്ളിച്ച് വീണ്ടും ലോകത്തെ ഞെട്ടിച്ചു.
1978ൽ ലോകത്തിലെ ഏറ്റവും കനവും വലിപ്പവും കുറഞ്ഞ വെറും ഒരു ATM കാർഡിൻ്റെ വലിപ്പവും, അളവുകളും മാത്രമുള്ള കാൽകുലേറ്റർ പുറത്തിറക്കി.
1980 ൽ ഇലക്ട്രോണിക് മ്യൂസിക് കീബോർഡുകളുടെ നിർമ്മാണം ആരംഭിച്ചു.80 ൽ തന്നെ ഡിജിറ്റൽ ഡയറി എന്ന ആയിരത്തിൽ കൂടുതൽ ഫോൺ നമ്പറുകൾ സ്റ്റോർ ചെയ്യാവുന്ന പോക്കറ്റിൽ ഇടാവുന്ന മിനി കമ്പ്യൂട്ടറുകളുടെ നിർമ്മാണം ആരംഭിച്ചു.
1981ൽ കൈക്കുള്ളിൽ ഒതുങ്ങുന്ന കാൽകുലേറ്റർ വലിപ്പത്തിൽ ഇംഗ്ലീഷ് ഡിക്ഷണറികളും, ഭാഷ തർജിമ ചെയ്യുന്ന ട്രാൻസ്ലേറ്ററുകളും വിപണിയിലെത്തിച്ചു.
1983 പോക്കറ്റിൽ ഇടാവുന്ന LCD ടെലിവിഷനുകൾ അവതരിപ്പിച്ചു.1983ൽ തന്നെ ബാറ്ററി വേണ്ടാത്ത സോളാർ കാൽക്കുലേറ്റർ പുറത്തിറക്കി.1987 ൽ ഡിജിറ്റൽ ക്യാമറകൾ പുറത്തിറക്കി.
1990 ൽ കയ്യിൽ കൊണ്ടു നടക്കാവുന്ന പ്രിൻ്റർ വിപണിയിലിറക്കി
ലോകത്തിൽ ഏറ്റവുമധികം ഇന്നോ വേറ്റീവ് പ്രൊഡക്റ്റുകൾ പുറത്തിറക്കിയ കമ്പനിയും കാസിയോ തന്നെയാണ് .കാസിയോ ബ്രാൻഡ് നെയിം വഹിക്കുന്ന പതിനായിരത്തിലധികം വ്യത്യസ്ത മോഡൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നു എന്നത് തന്നെ ഒരത്ഭുതമാണ്.
ഏറ്റവുമധികം വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലുള്ള കമ്പനിയും കാസിയോ തന്നെ!
കമ്പനി ഷോറൂമുകളിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക എന്നത് മാത്രമാണ് വ്യാജൻമാരെ തടയാനുള്ള ഒരേയൊരു വഴി.
ലോകത്തിൽ ഏറ്റവുമധികം കാൽകുലേറ്റർ, ഡിജിറ്റൽ വാച്ച് എന്നിവ വിപണിയിലെത്തിച്ച കമ്പനിയും കാസിയോയാണ്.
കുറഞ്ഞ വിലയിൽ കൂടുതൽ ഈടു നിൽക്കുന്ന പ്രൊഡക്റ്റുകൾ എന്നതാണ് കാസിയോ കമ്പനിയുടെ തുടക്കം മുതലുള്ള പോളിസി ..
തൻ്റെ ജന്മനഗരമായ ജപ്പാനിലെ കൊച്ചിയിൽ "കൊച്ചി കാസിയോ ലിമിറ്റഡ്" എന്ന വമ്പൻ ഫാക്ടറി കമ്പനി സ്ഥാപകനായ തടാവോ ഖാഷിയോ 1991 ൽ ഉത്ഘാടനം ചെയ്തു.
1993 മാർച്ച് 4 ന് തടാവോ ഖാഷിയോ ദിവംഗതനായി.
100 പേജ് എഴുതിയാലും തീരാത്തത്രയും വലിയ ഉൽപ്പന്ന നിരയുമായി കാസിയോ കമ്പനി ഇന്നും വളർച്ചയുടെ പാതയിൽ ഈ എഴുപത്തിയേഴാം വർഷത്തിലുംകുതിച്ചു കൊണ്ടിരിക്കുന്നു.
എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 07.06.2023
Tuesday, June 6, 2023
നാഷണലിൻ്റെ എലിപ്പെട്ടി














.jpeg)



