CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, April 28, 2024

ടെക്നീഷ്യൻ്റെ പട്ടി

(  ഫില്ലർ പുട്ടി ഉണ്ടാക്കുന്ന വിധം! )

 

 എഴുതിയത് അജിത് കളമശേരി


 

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻമാർക്ക് സവിശേഷമായ ചിലതരം പശകൾ പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായി വിപണിയിൽ വാങ്ങാൻ കിട്ടുന്നവിവിധ തരം റെഡി ടു യൂസ് പശകൾ വളരെ വിലയേറിയതാണ്.
വില കുറഞ്ഞവയും ലഭിക്കുമെങ്കിലും അവ ഉപയോഗിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന ഫിനിഷിങ്ങോ ഈട് നിൽപ്പോ ലഭിക്കുകയുമില്ല.
നമ്മൾ ഒരു വിന്റെജ് ടു ഇൻ വൺ റിപ്പയർ ചെയ്യാൻ ശ്രമിക്കുകയാണ്. കാലപ്പഴക്കത്താൽ അതിന്റെ സ്ക്രൂകളെല്ലാം തുരുമ്പെടുത്ത് ക്യാബിനെറ്റ് അഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അൽപ്പമൊന്ന് ബലം പിടിച്ചപ്പോൾ അതാ സ്ക്രൂ ഡ്രൈവർ സ്ലിപ്പായി ക്യാബി നെറ്റിൻ്റെ അൽപ്പ ഭാഗം അടർന്ന് പോയി. എന്ത് ചെയ്യും? കസ്റ്റമറോട് എന്ത് സമാധാനം പറയും?
പൊട്ടിപ്പോയ സാധനം തപ്പിപ്പിടിച്ച് എടുത്ത് ക്വിക് ഫിക്സ് വച്ച് ഒട്ടിക്കാൻ നോക്കിയപ്പോൾ കഷ്ടകാലം ആ കാലപ്പഴക്കം മൂലം പ്രോപ്പർട്ടി തന്നെ മാറിപ്പോയ പഴയ പ്ലാസ്റ്റിക്കിൽ സൂപ്പർ ഗ്ലൂ ഒട്ടുന്നുമില്ല
ഇനി വേറൊരാൾ ഒരു വാട്ടർ ടാങ്ക് ഫിക്സ് ചെയ്യുന്നു. ഔട്ട് ലെറ്റ് പൈപ്പ് കണക്റ്റ് ചെയ്യാൻ തുളച്ച തുള കുറച്ച് വലുതായിപ്പോയി എന്ത് ചെയ്യും?
TV ഫിറ്റ് ചെയ്യാൻ ചുമര് ഡ്രിൽ ചെയ്തപ്പോൾ കുറച്ച് ഭാഗം അടർന്ന് പോന്നു. മനോഹരമായി ഭിത്തിയാണ് എന്ത് ചെയ്യാം?
കഷ്ടകാലം പിടിക്കാൻ മുറ്റത്ത് വച്ചിരുന്ന ബൈക്കിന്റെ സ്റ്റാൻഡ് ശരിക്ക് വീണിരുന്നില്ലെന്ന് തോന്നുന്നു. അത് മറിഞ്ഞ് വീണു. ഹെഡ് ലൈറ്റ് ഫെയറിങ്ങ് പൊട്ടിപ്പോയി. കല്ലിലിടിച്ച് പെട്രോൾ ടാങ്കും ചളുങ്ങി ഇനി അത് മാറ്റാൻ കാശൊരു പാടാകും.
ഇങ്ങനെയുള്ള അവസരങ്ങളിലൂടെ നമ്മളിൽ പലരും കടന്ന് പോവാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ലളിതമായതും, ഗുണമേൻമയുള്ളതുമായ ഒരു മൾട്ടി പർപ്പോസ് പുട്ടി നമുക്ക് കുറഞ്ഞ ചിലവിൽ നിർമ്മിക്കാം.
ഇതിനായി നമുക്കാവശം രണ്ട്.. അല്ല മൂന്ന് അസം സ്‌കൃത വസ്‌തുക്കളാണ്. ഒന്ന്.പെയിൻ്റ് പണിക്കാർ ഉപയോഗിക്കുന്ന ഫെവിക്കോൾ DDL പശ കാൽ കിലോ പൗച്ച് വില വെറും 26 രൂപ മാത്രം. എല്ലാ ഹാർഡ് വെയർ ഷോപ്പിലും കിട്ടും, രണ്ട്, കുറച്ച് സിമന്റ് പൊടി, സിമന്റ് കടകളിൽ കിലോയ്ക്ക് 10 രൂപയ്ക്ക് ലൂസ് കിട്ടും. മൂന്ന്, പാത്രം ഉരച്ച് കഴുകുന്നതിനുള്ള് സ്റ്റീൽ സ്ക്രബർ.. എല്ലാ സ്റ്റേഷണറി കടയിലും കിട്ടും.
ആദ്യമായി DDL ഒരു ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ അപ്പോഴത്തെ ആവശ്യത്തിന് മാത്രം എടുക്കുക. അതിലേക്ക് സിമൻ്റ് പൊടി അൽപ്പാൽപ്പമായി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. പുട്ടി തയ്യാർ ഇത് കൊണ്ട് ഏത് പൊട്ടിയ പ്ലാസ്റ്റിക് ക്യാബിനെറ്റുകളും റീ ക്രിയേറ്റ് ചെയ്യാം, പെട്രോൾ ടാങ്കുകളുടെ ഓട്ട അടയ്ക്കാം, വാട്ടർ ടാങ്കുകൾ റിപ്പയർ ചെയ്യാം, ബൈക്കുകളുടെ പ്ലാസ്റ്റിക് പാർട്ടുകൾ എങ്ങനെ പൊട്ടിക്കീറിപ്പോയാലും അൽപ്പം മിനക്കെട്ടാൽ പുതിയത് പോലെ റിപ്പയർ ചെയ്യാം.
ഒരു കാര്യം മറന്നു. സ്റ്റീൽ സ്ക്രബർ വാങ്ങുന്ന കാര്യം പറഞ്ഞു പക്ഷേ അത് പുട്ടിയുണ്ടാക്കുമ്പോൾ എന്തിനാണെന്ന് പറഞ്ഞില്ല. ബൈക്കിന്റെയും മറ്റും പൊട്ടിയ പ്ലാസ്റ്റിക് പാർട്ടുകൾ ഒട്ടിക്കാനായി പുട്ടി തയ്യാറാക്കുമ്പോൾ ഈ സ്റ്റീൽ സ്ക്രബർ ചെറിയ കഷ്ണങ്ങളായി മീൻ വെട്ടുന്ന തരം കത്രിക കൊണ്ട് മുറിച്ച് പുട്ടി നിർമ്മിക്കുമ്പോൾ അതിൽ നന്നായി ഇളക്കിച്ചേർക്കുക.
കോൺക്രീറ്റിൽ കമ്പി ഇടുന്ന അതേ തത്വം തന്നെയാണ് ഇതും. നമ്മുടെ പുട്ടിക്ക് ഇരട്ടി ബലം കിട്ടും. വാഹനം ഓടുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ മൂലം ഒട്ടിച്ചത് ഇളകി പറിഞ്ഞ് പോവുകയുമില്ല.
ബൈക്കിന്റെ ഫെയറിങ്ങിലും, കാറിന്റെ ബമ്പറിലുമെല്ലാം ചില കുറ്റിയും,കൊളുത്തുകളും കാണാം ഇവയെല്ലാം സ്റ്റീൽ വൂൾ മുറിച്ചിട്ട ഈ പുട്ടി കൊണ്ട് നല്ല ഭംഗിയായി ഒട്ടിക്കാം,റീ പെയിന്റിങ്ങിനായി കുഴിവും തടയും നികത്താം,
ഒന്ന് രണ്ട് മണിക്കൂർ വെയിറ്റ് ചെയ്താൽ ഈ പുട്ടി കരിങ്കല്ല് പോലെ ഉറയ്ക്കും. അതിന് ശേഷം സാൻഡ് പേപ്പർ പിടിച്ച് ഫിനിഷ് ചെയ്യാം .പെയിന്റ് റീ ടച്ച് ചെയ്യുകയോ, അഭംഗി ഒഴിവാക്കാൻ സ്റ്റിക്കർ വർക്ക് ചെയ്യുകയോ ആവാം.. പൊട്ടിയ പാട് പോലും കാണില്ല.
DDL ബാക്കിയുണ്ടെങ്കിൽ എയർ ടൈറ്റായി അടച്ച് വയ്ക്കണം. സിമന്റ്റ് പൊടി എയർടൈറ്റായി അടച്ച് വച്ചാലും രണ്ട് മാസം കഴിഞ്ഞാൽ പിന്നെ ഗുണം കുറഞ്ഞ് പോകും.
നിങ്ങളുടെ മനോധർമ്മം പോലെ ഇഷ്ടം പോലെ ഉപയോഗങ്ങൾ ഈ പുട്ടി കൊണ്ട് ചെയ്യാം. ഒരു കാര്യം പറയാൻ വിട്ടു പോയി ! പുട്ടിയിട്ട് അര മണിക്കൂറിനുള്ളിൽ ഒരു ചെറിയ കത്തിയോ, ഹാക്സോബ്ലേഡോ ഉപയോഗിച്ച് കൂടുതലായുള്ള പട്ടി വടിച്ച് കളഞ്ഞ് ഷേപ്പ് ചെയ്യണം. അതിന് ശേഷം സാൻഡ് പെപ്പർ പിടിക്കുകയോ, ഡ്രില്ല് ചെയ്യുകയോ ഒക്കെ ആവാം. ഒരു ദിവസം കൊണ്ട് പുട്ടിയിട്ട സ്ഥലം പാറപോലെ ഉറച്ച ബലം കിട്ടും. ടൈൽ വിടവിലൂടെ വെള്ളമിറങ്ങി ലീക്ക് വരുന്ന കിച്ചൺ സിങ്കിൻ്റെ ലീക്ക് മാറ്റാൻ സാധാരണ സിമിൻ്റിന് പകരം വൈറ്റ് സിമൻ്റു പയോഗിക്കാം.
ഒരിഞ്ച് വീതിയിൽ പഴയ കോട്ടൺ തുണിക്കഷ്ണങ്ങൾ ആവശ്യമായ നീളത്തിൽ റിബൺ പോലെ മുറിച്ചെടുത്ത് അതിൻ്റെ ഇരുവശവും നമ്മളുണ്ടാക്കിയ ഈ പുട്ടി തേച്ചതിന് ശേഷം പൈപ്പുകളിലെ ലീക്കോ തുളയോ ഉള്ള ഭാഗത്ത് ടൈറ്റായി ചുറ്റിയാൽ ഏത് കടുത്ത ലീക്കും പമ്പ കടക്കും. കിച്ചൺ സിങ്കി ൻ്റെ അടിവശം പോലെ പണിയാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ പൈപ്പുകളിൽ ഉണ്ടാക്കുന്ന ലീക്കു മാറ്റാൻ ഈ പൊടിക്കൈ അത്യുത്തമമാണ്. എഴുതിയത് അജിത് കളമശേരി,#ajith_kalamassery,28.04.2024

No comments:

Post a Comment