CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, April 14, 2024

കുട്ടികൾ കാരണം നിറുത്തിപ്പോയ റേഡിയോ മോഡൽ.

 

കുട്ടികൾ കാരണം നിറുത്തിപ്പോയ
 റേഡിയോ മോഡൽ.

 
 
 
പല പല കാരണങ്ങൾ കൊണ്ട് ചില മോഡലുകളുടെ നിർമ്മാണം കമ്പനികൾ അവസാനിപ്പിക്കാറുണ്ട്. എന്നാൽ കുട്ടികളുടെ വികൃതി കാരണം പോപ്പുലറായിരുന്ന ഒരു മോഡലിൻ്റെ നിർമ്മാണം ഫിലിപ്സ് റേഡിയോ കമ്പനി ഇന്ത്യയിൽ അവസാനിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്താത്ത ആ കഥയാവട്ടെ ഇത്തവണ.
2002 ഫെബ്രുവരി രണ്ടിന് ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ ഒരു നവീന ഉൽപ്പന്നമായിരുന്നു RL 117 എന്ന ബാറ്ററി വേണ്ടാത്ത ഫ്രീ പവർ റേഡിയോ !
ഫിലിപ്സിൻ്റെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഡിവിഷൻ വൈസ് പ്രസിഡൻ്റ് രാജീവ് കർവാർ മുംബയിലാണ് ഈ ഉൽപ്പന്നം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്.
റേഡിയോയുടെ പുറക് വശത്ത് മടക്കി വച്ചിരിക്കുന്ന ഒരു ഹാൻഡിൽ നിവർത്തി ഏകദേശം 2 മിനിറ്റ് കറക്കിയാൽ ഒന്നര മണിക്കൂർ നേരം റേഡിയോ സാമാന്യം ശബദത്തിൽ പ്രവർത്തിക്കും.
ഹാൻഡിൽ തിരിക്കുമ്പോൾ ഉള്ളിലുള്ള ഡൈനാമോ കറങ്ങി അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന നിക്കൽ കാഡ്മിയം റീചാർജബിൾ ബാറ്ററികൾ ചാർജാവുകയും റേഡിയോ പ്രവർത്തിക്കാനാവശ്യമായ പവർ ലഭിക്കുകയും ചെയ്യും.
FM ,MW, SW ഉൾപ്പടെ മൂന്ന് ബാൻഡ് റേഡിയോ ആയിരുന്നു RL 117.
റേഡിയോയിൽ ഉപയോഗിക്കുന്ന ബാറ്ററി പോലും ആഡംബര വസ്തുവായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ജന സാമാന്യത്തിനുള്ള ഉപഹാരമായിട്ടായിരുന്നു ഫിലിപ്സ് ഈ റേഡിയോ 20 വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയത്.
995 രൂപ നൽകി റേഡിയോ വാങ്ങിയാൽ പിന്നെ ബാറ്ററി മാറ്റിയിടുന്ന പണച്ചിലവിനെപ്പറ്റി വേവലാതി വേണ്ട എന്നതിനാൽ ഈ മോഡൽ റേഡിയോ വളരെ വേഗം ജനപ്രീയമായി . ലക്ഷക്കണക്കിന് റേഡിയോകൾ ചൂടപ്പം പോലെ വിറ്റുപോയി.
നല്ല ശബ്ദ ശുദ്ധിയും ,ഒതുക്കവും ,ഭാരക്കുറവും 117 ൻ്റെ പ്രചാരം വർദ്ധിപ്പിച്ചു.
ചാർജിങ്ങ് സംവിധാനത്തിൻ്റെ ഹാൻഡിൽ അസംബ്ലി കറക്കുന്നത് രസകരമായ ഒരനുഭവമായിരുന്നു. ഇത് മൂലം കുട്ടികൾ കണ്ണ് തെറ്റിയാൽ ഈ റേഡിയോ എടുത്ത് കളിപ്പാട്ടമായി ഉപയോഗിച്ച് കറക്കി, കറക്കി റേഡിയോയുടെ ഹാൻഡിൽ ഒടിക്കും!.
ഏതാനും മിനിറ്റുകൾ തിരിക്കാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഡൈനാമോ അസംബ്ലിയെ കുട്ടികൾ ദീർഘനേരം കറക്കി തിരിക്കുമ്പോൾ ബാറ്ററി കട്ടോഫ് സംവിധാനം ഇല്ലാത്തതിനാൽ ഓവർ ചാർജ് കയറി ബാറ്ററി പോകും. അതിൻ്റെ പ്ലാസ്റ്റിക് ഗിയർ വീലുകൾ ചൂടായി പൊട്ടിപ്പോകും.
ഇങ്ങനെ കുട്ടികളുടെ ശല്യം മൂലം കേടായ റേഡിയോകളുടെ ഹാൻഡിൽ അസംബ്ലി മാറ്റിക്കൊടുത്ത് മടുത്ത ഫിലിപ്സ് കമ്പനി 2005 ൽ. ഇറക്കി 3 വർഷം കഴിഞ്ഞപ്പോൾ നല്ല ഡിമാൻഡ് ഉണ്ടായിട്ടും ഈ മോഡൽ റേഡിയോകളുടെ നിർമ്മാണം ഇന്ത്യയിൽ അവസാനിപ്പിച്ചു.
ടേപ്പ് റിക്കോർഡറുകളിൽ ഉപയോഗിക്കുന്ന ചെറിയ മോട്ടോറിനെ ഹാൻഡിൽ തിരിക്കുമ്പോൾ ഉണ്ടാകുന്ന കറക്കത്തെ ഗിയർ സംവിധാനം ഉപയോഗിച്ച് വേഗത കൂട്ടി മോട്ടോർ കോയിലിൽ ലഭ്യമാകുന്ന ആൾട്ടർനേറ്റിങ്ങ് കറണ്ടിനെ ഒരു ബ്രിഡ്ജ് റക്റ്റിഫയർ സംവിധാനം ഉപയോഗിച്ച് പൾസേറ്റിങ്ങ് DC വോൾട്ടാക്കി ബാറ്ററി ചാർജ് ചെയ്യുക എന്നതായിരുന്നു ഈ റേഡിയോയുടെ ടെക്നോളജി.
ചെറിയ DC മോട്ടോർ കറക്കി LED കത്തിക്കുന്നതിൻ്റെ പരിഷ്കൃത രൂപം എന്ന് കരുതിയാൽ മതി.
ഇക്കാലത്ത് വളരെ അപൂർവ്വമായ RL 117 free power മോഡൽ റേഡിയോ കളക്റ്റേഴ്സിൻ്റെ ഇടയിൽ ഒരു സൂപ്പർ സ്റ്റാറാണ്. എഴുതിയത് #അജിത്_കളമശേരി 14.12.2023,#ajithkalamassery

No comments:

Post a Comment