റഗുലേറ്റർ ഐസി ശരിയായി
ഉപയോഗിക്കാൻ പഠിക്കാം
നമ്മൾ അസംബിൾ ചെയ്യുന്ന ആംപ്ലിഫയറിൽ ഒരു ബ്ലൂടൂത്ത് ബോർഡ് അറ്റാച്ച് ചെയ്യണമെങ്കിൽ എന്ത് ചെയ്യും?
ബ്ലൂടൂത്ത് ബോർഡ് 5 വോൾട്ടിലാണ് പ്രവർത്തിക്കുന്നത് ആംപ്ലിഫയർ 27 വോൾട്ടിലും.
ഉടനെ തന്നെ ഒരു 7805 ഐ സി തപ്പിയെടുക്കും. ആമ്പിന്റെ പവർ സപ്ലേ 27 വോൾട്ടാണോ, അതോ 35 വോൾട്ടാണോ ഒന്നും നോക്കില്ല. നേരേ മെയിൻ പവർ സപ്ലേയിൽ നിന്നും ഒരു ലൈൻ വലിച്ച് റഗുലേറ്റർ ഐ സിയുടെ ഇൻപുട്ടിൽ കൊടുക്കും, മൾട്ടിമീറ്റർ വച്ച് റഗുലേറ്റർ ഐസി 5 വോൾട്ട് തരുന്നുണ്ടോയെന്ന് നോക്കും, സംഗതി OK.
ഇത് ശരിയായ മെത്തേഡാണോ? അല്ല.
പിന്നെ എങ്ങനെ റഗുലേറ്റഡ് ഐ സി കണക്റ്റ് ചെയ്യും .
റഗുലേറ്റർ ഐസി കൾ ശരിയായി ഉപയോഗിക്കാത്തത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ ടെക്നീഷ്യൻമാർക്ക് നേരിടാറുമുണ്ട്
അവയെപ്പറ്റി നമുക്ക് ഒന്ന് മനസിലാക്കാം.
തെറ്റായി ഉപയോഗിക്കുന്ന
റഗുലേറ്റർ ഐസികൾക്ക് പവർസപ്ലേയിലെ റിപ്പിൾസ് മൂലം ഇന്റേണൽ ഓസിലേഷൻ ഉണ്ടാകാൻ വളരെയധികം സാധ്യതയുണ്ട്.
തൻമൂലം ഐ സി നന്നായി ഹീറ്റാവുകയും അനിയന്ത്രിതമായ വോൾട്ടേജ് ഔട്ട്പുട്ടിൽ എത്തി നമ്മൾ കണക്റ്റ് ചെയ്തിരിക്കുന്ന സർക്യൂട്ട് ബോർഡ് തകരാറിലാവുകയും ചെയ്യും.
ഇങ്ങനെയുള്ള തകരാറുകൾ ഉണ്ടാവാതെ പരിഹരിക്കാൻ ചിത്രം 1 ൽ കാണുന്നത് പോലെ ഇൻപുട്ടിൽ ഒരു 0.33 uf കപ്പാസിറ്ററും ഔട്ട്പുട്ടിൽ 0.1 uf കപ്പാസിറ്ററും ഐസിയുടെ ഒന്നും, മൂന്നും പിന്നുകളോട് വളരെ ചേർന്ന വിധത്തിൽ സോൾഡർ ചെയ്താൽ മതിയാകും. സർക്യൂട്ടിൽ മറ്റ് കപ്പാസിറ്ററുകൾ ഉണ്ടോ ഇല്ലയോ എന്നത് ഈ കപ്പാസിറ്റുകൾ ഫിറ്റ് ചെയ്യുന്നതിന് തടസമാവരുത്.
ഈ നിർദ്ദേശിച്ച കപ്പാസിറ്ററുകൾ മസ്റ്റായും ഫിറ്റ് ചെയ്തിരിക്കണം.
റഗുലേറ്റർ ഐസി യുടെ ലീഡുകൾ പരമാവധി ചെറുതാക്കി PCB യോട് ചേർത്ത് സോൾഡർ ചെയ്യണം. ഇതും ഇന്റേണൽ ഓസിലേഷൻ
പ്രിവന്റ് ചെയ്യും.
റഗുലേറ്റർ ഐസിയിലേക്ക് കൊടുക്കുന്ന വോൾട്ടേജ് ആ ഐ സി യുടെ ഔട്ട് പുട്ട് വോൾട്ടേജ് റേറ്റിങ്ങിലും 3 വോൾട്ട് എങ്കിലും കൂടുതലായിരിക്കണം.
അതായത് 5 വോൾട്ട് റഗുലേറ്റർ
ഐസിയിലേക്ക് 5+ 3 വോൾട്ട് ചുരുങ്ങിയത് 8 വോൾട്ട് എങ്കിലും കൊടുക്കണം എന്നാലേ ശരിയായ വിധത്തിൽ റഗുലേഷൻ നടക്കൂ. എന്നാൽ കൊടുക്കുന്ന വോൾട്ടേജ് ആ റഗുലേറ്റർ ഐസിയുടെ ഔട്ട്പുട്ട് വോൾട്ടേജിലും 8 വോൾട്ടിൽ കൂടരുത്. ഉദാഹരണത്തിന് 5 വോൾട്ട് റഗുലേറ്റർ ഐസിയിൽ 5+ 8 = 13 വോൾട്ടിൽ അധികം നൽകരുത്.
നമ്മൾ അധികമായി നൽകുന്ന ഓരോ വോൾട്ടും റഗുലേറ്റർ ഐ സി താപോർജ്ജമായി മാറ്റി ഹീറ്റ് സിങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. കൂടുതൽ വോൾട്ട് ഇൻപുട്ടിൽ നൽകിയാൽ അതെല്ലാം താപമായി മാറി വേസ്റ്റ് ആയിക്കൊണ്ടിരിക്കും.
ഇങ്ങനെ അധികമായി റഗുലേറ്റർ ഐസിക്ക് ഉണ്ടാകുന്ന ചൂടിനെ കുറച്ച് വലിയ ഹീറ്റ്സിങ്ക് കൊടുത്ത് ട്രാൻസ്ഫർ ചെയ്യിക്കാം എന്ന് കരുതിയാലോ?.
പ്രാക്റ്റിക്കലായി ഇത് നടക്കണമെന്നില്ല. ഐ സി യുടെ
ജംക്ഷൻ ടെമ്പറേച്ചർ 70 ഡിഗ്രി ആകുമ്പോൾ തന്നെ റഗുലേഷനൊക്കെ ഒരു വകയാകും .ശരിയായി ഹീറ്റ്സിങ്ക് പേസ്റ്റ് ഒക്കെയിട്ട് കൊടുത്താൽ ഒരു പരിധി വരെ ഇതൊഴിവാക്കാൻ സാധിച്ചേക്കാം. എത്ര പേർ ഇതൊക്കെ ചെയ്യുന്നു എന്നതാണ് പ്രശ്നം.
ഡാറ്റാഷീറ്റിൽ 35 വോൾട്ട് ഇൻപുട്ട് എന്നൊക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും പ്രാക്റ്റിക്കൽ സൈഡിൽ മേൽ വിവരിച്ച 8 വോൾട്ട് തീയറി എല്ലായ്പ്പോഴും മനസിൽ കരുതണം. ഒന്നര ആമ്പിയർ വരെ കറണ്ട് കപ്പാസിറ്റി ചില റഗുലേറ്റർ ഐസികളുടെ ഡാറ്റാ ഷീറ്റിൽ കാണുന്നുവെങ്കിലും സാധാരണ പരിതസ്ഥിതിയിൽ പരമാവധി അതിനെക്കൊണ്ട് എടുപ്പിക്കാൻ സാധിക്കുന്ന കറണ്ട് 800 മില്ലി ആമ്പിയറാണ്, അതും നല്ല ഹീറ്റ് സിങ്ക് ഉണ്ടെങ്കിൽ മാത്രം.
കൂടിയ വോൾട്ടിൽ നിന്നും വളരെ കുറഞ്ഞ വോൾട്ട് റഗുലേറ്റർ ഐസി ഉപയോഗിച്ച് സോഴ്സ‌് ചെയ്യണമെങ്കിൽ ഒന്നിലധികം
റഗുലേറ്റർ ഐസി കൾ സീരീസ് ചെയ്യുന്നത് ശീലമാക്കുക (ചിത്രം 2 നോക്കുക. ) ഇതായിരിക്കും സേഫ് മെത്തേഡ് .
റഗുലേറ്റർ ഐസികൾ ധാരാളം സബ്സ്റ്റാൻഡേർഡ് ക്വാളിറ്റി ഷോപ്പുകളിൽ കിട്ടുന്നുണ്ട്. വെറും പാട്ട പോലുള്ള ഹീറ്റ്സിങ്ക് ടാബ് കണ്ട് ഇവയെ വേഗത്തിൽ തിരിച്ചറിയാം,നല്ല കട്ടിയുള്ള ഹീറ്റ്സിങ്ക് ടാബ് റഗുലേറ്റർ ഐസികളുടെ ഗുണമേൻമയെ സൂചിപ്പിക്കുന്നു.
വലിയ വോൾട്ടേജ് വ്യത്യാസം വരുന്ന സ്ഥലത്ത് ബക്ക് കൺവെർട്ടർ ( ഡൗൺ കൺവെർട്ടർ ) ഉപയോഗിച്ച് വോൾട്ടേജ് കുറയ്ക്കുക 35 വോൾട്ടിൽ നിന്നും 5 വോൾട്ട് എടുക്കണമെങ്കിൽ ഒരു ഡൗൺ കൺവെർട്ടറായിരിക്കും സൗകര്യപ്രദം.28.04.2024
No comments:
Post a Comment