CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, April 28, 2024

റഗുലേറ്റർ ഐസി ശരിയായി ഉപയോഗിക്കാൻ പഠിക്കാം

 റഗുലേറ്റർ ഐസി ശരിയായി

 ഉപയോഗിക്കാൻ പഠിക്കാം


 

നമ്മൾ അസംബിൾ ചെയ്യുന്ന ആംപ്ലിഫയറിൽ ഒരു ബ്ലൂടൂത്ത് ബോർഡ് അറ്റാച്ച് ചെയ്യണമെങ്കിൽ എന്ത് ചെയ്യും?
ബ്ലൂടൂത്ത് ബോർഡ് 5 വോൾട്ടിലാണ് പ്രവർത്തിക്കുന്നത് ആംപ്ലിഫയർ 27 വോൾട്ടിലും.
ഉടനെ തന്നെ ഒരു 7805 ഐ സി തപ്പിയെടുക്കും. ആമ്പിന്റെ പവർ സപ്ലേ 27 വോൾട്ടാണോ, അതോ 35 വോൾട്ടാണോ ഒന്നും നോക്കില്ല. നേരേ മെയിൻ പവർ സപ്ലേയിൽ നിന്നും ഒരു ലൈൻ വലിച്ച് റഗുലേറ്റർ ഐ സിയുടെ ഇൻപുട്ടിൽ കൊടുക്കും, മൾട്ടിമീറ്റർ വച്ച് റഗുലേറ്റർ ഐസി 5 വോൾട്ട് തരുന്നുണ്ടോയെന്ന് നോക്കും, സംഗതി OK.
ഇത് ശരിയായ മെത്തേഡാണോ? അല്ല.
പിന്നെ എങ്ങനെ റഗുലേറ്റഡ് ഐ സി കണക്റ്റ് ചെയ്യും .
റഗുലേറ്റർ ഐസി കൾ ശരിയായി ഉപയോഗിക്കാത്തത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ ടെക്നീഷ്യൻമാർക്ക് നേരിടാറുമുണ്ട്
അവയെപ്പറ്റി നമുക്ക് ഒന്ന് മനസിലാക്കാം.
തെറ്റായി ഉപയോഗിക്കുന്ന
റഗുലേറ്റർ ഐസികൾക്ക് പവർസപ്ലേയിലെ റിപ്പിൾസ് മൂലം ഇന്റേണൽ ഓസിലേഷൻ ഉണ്ടാകാൻ വളരെയധികം സാധ്യതയുണ്ട്.
തൻമൂലം ഐ സി നന്നായി ഹീറ്റാവുകയും അനിയന്ത്രിതമായ വോൾട്ടേജ് ഔട്ട്പുട്ടിൽ എത്തി നമ്മൾ കണക്റ്റ് ചെയ്തിരിക്കുന്ന സർക്യൂട്ട് ബോർഡ് തകരാറിലാവുകയും ചെയ്യും.
ഇങ്ങനെയുള്ള തകരാറുകൾ ഉണ്ടാവാതെ പരിഹരിക്കാൻ ചിത്രം 1 ൽ കാണുന്നത് പോലെ ഇൻപുട്ടിൽ ഒരു 0.33 uf കപ്പാസിറ്ററും ഔട്ട്പുട്ടിൽ 0.1 uf കപ്പാസിറ്ററും ഐസിയുടെ ഒന്നും, മൂന്നും പിന്നുകളോട് വളരെ ചേർന്ന വിധത്തിൽ സോൾഡർ ചെയ്താൽ മതിയാകും. സർക്യൂട്ടിൽ മറ്റ് കപ്പാസിറ്ററുകൾ ഉണ്ടോ ഇല്ലയോ എന്നത് ഈ കപ്പാസിറ്റുകൾ ഫിറ്റ് ചെയ്യുന്നതിന് തടസമാവരുത്.
ഈ നിർദ്ദേശിച്ച കപ്പാസിറ്ററുകൾ മസ്റ്റായും ഫിറ്റ് ചെയ്തിരിക്കണം.
റഗുലേറ്റർ ഐസി യുടെ ലീഡുകൾ പരമാവധി ചെറുതാക്കി PCB യോട് ചേർത്ത് സോൾഡർ ചെയ്യണം. ഇതും ഇന്റേണൽ ഓസിലേഷൻ
പ്രിവന്റ് ചെയ്യും.
റഗുലേറ്റർ ഐസിയിലേക്ക് കൊടുക്കുന്ന വോൾട്ടേജ് ആ ഐ സി യുടെ ഔട്ട് പുട്ട് വോൾട്ടേജ് റേറ്റിങ്ങിലും 3 വോൾട്ട് എങ്കിലും കൂടുതലായിരിക്കണം.
അതായത് 5 വോൾട്ട് റഗുലേറ്റർ
ഐസിയിലേക്ക് 5+ 3 വോൾട്ട് ചുരുങ്ങിയത് 8 വോൾട്ട് എങ്കിലും കൊടുക്കണം എന്നാലേ ശരിയായ വിധത്തിൽ റഗുലേഷൻ നടക്കൂ. എന്നാൽ കൊടുക്കുന്ന വോൾട്ടേജ് ആ റഗുലേറ്റർ ഐസിയുടെ ഔട്ട്പുട്ട് വോൾട്ടേജിലും 8 വോൾട്ടിൽ കൂടരുത്. ഉദാഹരണത്തിന് 5 വോൾട്ട് റഗുലേറ്റർ ഐസിയിൽ 5+ 8 = 13 വോൾട്ടിൽ അധികം നൽകരുത്.
നമ്മൾ അധികമായി നൽകുന്ന ഓരോ വോൾട്ടും റഗുലേറ്റർ ഐ സി താപോർജ്ജമായി മാറ്റി ഹീറ്റ് സിങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. കൂടുതൽ വോൾട്ട് ഇൻപുട്ടിൽ നൽകിയാൽ അതെല്ലാം താപമായി മാറി വേസ്റ്റ് ആയിക്കൊണ്ടിരിക്കും.
ഇങ്ങനെ അധികമായി റഗുലേറ്റർ ഐസിക്ക് ഉണ്ടാകുന്ന ചൂടിനെ കുറച്ച് വലിയ ഹീറ്റ്സിങ്ക് കൊടുത്ത് ട്രാൻസ്ഫർ ചെയ്യിക്കാം എന്ന് കരുതിയാലോ?.
പ്രാക്റ്റിക്കലായി ഇത് നടക്കണമെന്നില്ല. ഐ സി യുടെ
ജംക്ഷൻ ടെമ്പറേച്ചർ 70 ഡിഗ്രി ആകുമ്പോൾ തന്നെ റഗുലേഷനൊക്കെ ഒരു വകയാകും .ശരിയായി ഹീറ്റ്സിങ്ക് പേസ്റ്റ് ഒക്കെയിട്ട് കൊടുത്താൽ ഒരു പരിധി വരെ ഇതൊഴിവാക്കാൻ സാധിച്ചേക്കാം. എത്ര പേർ ഇതൊക്കെ ചെയ്യുന്നു എന്നതാണ് പ്രശ്നം.
ഡാറ്റാഷീറ്റിൽ 35 വോൾട്ട് ഇൻപുട്ട് എന്നൊക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും പ്രാക്റ്റിക്കൽ സൈഡിൽ മേൽ വിവരിച്ച 8 വോൾട്ട് തീയറി എല്ലായ്പ്പോഴും മനസിൽ കരുതണം. ഒന്നര ആമ്പിയർ വരെ കറണ്ട് കപ്പാസിറ്റി ചില റഗുലേറ്റർ ഐസികളുടെ ഡാറ്റാ ഷീറ്റിൽ കാണുന്നുവെങ്കിലും സാധാരണ പരിതസ്ഥിതിയിൽ പരമാവധി അതിനെക്കൊണ്ട് എടുപ്പിക്കാൻ സാധിക്കുന്ന കറണ്ട് 800 മില്ലി ആമ്പിയറാണ്, അതും നല്ല ഹീറ്റ് സിങ്ക് ഉണ്ടെങ്കിൽ മാത്രം.
കൂടിയ വോൾട്ടിൽ നിന്നും വളരെ കുറഞ്ഞ വോൾട്ട് റഗുലേറ്റർ ഐസി ഉപയോഗിച്ച് സോഴ്സ‌് ചെയ്യണമെങ്കിൽ ഒന്നിലധികം
റഗുലേറ്റർ ഐസി കൾ സീരീസ് ചെയ്യുന്നത് ശീലമാക്കുക (ചിത്രം 2 നോക്കുക. ) ഇതായിരിക്കും സേഫ് മെത്തേഡ് .
റഗുലേറ്റർ ഐസികൾ ധാരാളം സബ്സ്റ്റാൻഡേർഡ് ക്വാളിറ്റി ഷോപ്പുകളിൽ കിട്ടുന്നുണ്ട്. വെറും പാട്ട പോലുള്ള ഹീറ്റ്സിങ്ക് ടാബ് കണ്ട് ഇവയെ വേഗത്തിൽ തിരിച്ചറിയാം,നല്ല കട്ടിയുള്ള ഹീറ്റ്സിങ്ക് ടാബ് റഗുലേറ്റർ ഐസികളുടെ ഗുണമേൻമയെ സൂചിപ്പിക്കുന്നു.
വലിയ വോൾട്ടേജ് വ്യത്യാസം വരുന്ന സ്ഥലത്ത് ബക്ക് കൺവെർട്ടർ ( ഡൗൺ കൺവെർട്ടർ ) ഉപയോഗിച്ച് വോൾട്ടേജ് കുറയ്ക്കുക 35 വോൾട്ടിൽ നിന്നും 5 വോൾട്ട് എടുക്കണമെങ്കിൽ ഒരു ഡൗൺ കൺവെർട്ടറായിരിക്കും സൗകര്യപ്രദം.28.04.2024

കൊതുകു മെഷീനും സമയ നിയന്ത്രണം!

 കൊതുകു മെഷീനും സമയ നിയന്ത്രണം!


 

നമ്മുടെ ഉറക്കം കെടുത്തുന്ന കൊതുകുകളെ തുരത്താൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകു നിവാരണികൾ മിക്കവീട്ടിലും ഉപയോഗിക്കുന്നുണ്ട്.
കാര്യം ഉപകാരപ്രദമാണെങ്കിലും ലിക്വിഡ് മൊസ്കിറ്റോ വേപ്പറൈസർ മെഷീനുകളുടെ ഹീറ്ററുകളുടെ കാര്യക്ഷമത കുറവ് നിമിത്തം ഉപയോഗിക്കുന്ന ലിക്വിഡ് വളരെ വേഗം തീർന്ന് പോകുന്നു.
അതിനാണെങ്കിലോ ഇപ്പോൾ മുടിഞ്ഞ വിലയും !
ഇനി കമ്പനികൾ ഈ ലിക്വിഡ് വേഗം തീരാൻ വേണ്ടി ഹീറ്ററിൻ്റെ ടെമ്പറേച്ചർ ഉയർത്തി വച്ചിരിക്കുന്നതാണോ എന്ന സംശയവും ഉണ്ട്. എന്നാലല്ലേ ജനങ്ങൾ വീണ്ടും വീണ്ടും അത് വാങ്ങി കമ്പനികളുടെ ലാഭം കൂടുകയുള്ളൂ.
ഒരു പതിനഞ്ച്-20 മിനിറ്റ് ഇടവേളകളിൽ ഈ കൊതുകുതിരി മെഷീൻ ഓണും ഓഫും ആകുന്ന വിധത്തിൽ നിയന്ത്രിച്ചാൽ ഇവയുടെ പ്രവർത്തന ക്ഷമതയിൽ കാര്യമായ വ്യത്യാസം ഒന്നും തന്നെയില്ല എന്ന് നിരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്.
മെഷീൻ ഓഫായിരിക്കുന്ന 15 മിനിറ്റ് നേരം മുറിയിലെ വേപ്പറൈസർ ലിക്വിഡിന്റെ സാന്ദ്രത കൊതുകുകളെ അകറ്റി നിറുത്താൻ പര്യാപ്തമായിരിക്കും.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലളിതമായ സർക്യൂട്ട് ശ്രദ്ധിക്കുക BT136 എന്ന ട്രയാക്കാണ് ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റിനെ നിയന്ത്രിക്കുന്നത്.
സർക്യൂട്ട് നേരിട്ട് 230 വോൾട്ട് ACയിലാണ് പ്രവർത്തിക്കുന്നത് അതിനാൽ ടെസ്റ്റിങ്ങ് സമയത്ത് വേണ്ട മുൻ കരുതലുകൾ എടുക്കുക. പുറമേ നിന്ന് 12 വോൾട്ട് DC നൽകി ഈ സർക്യൂട്ട് സുരക്ഷിതമായി ടെസ്റ്റ് ചെയ്യാം.
വിശദമായ സർക്യൂട്ട് വിവരണം ഇതോടൊപ്പം ഇന്ന് (28.04.2024) പ്രസിദ്ധീകരിച്ചിട്ടുള്ള ലാപ്ടോപ്പ് ബാറ്ററി എക്സർ സൈസർ എന്ന സർക്യൂട്ടിനൊപ്പം വായിക്കാം. അതിൻ്റെ ലിങ്ക് ഇതാ https://www.facebook.com/photo/?fbid=7361208037307149&set=a.155391227888902

ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ

 ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ

 


 
ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ
ഡെസ്ക് ടോപ്പിന് പകരം ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉപയോഗിക്കുക പലരുടെയും പതിവാണ്. ഇങ്ങനെ തുടർച്ചയായി കുത്തിയിട്ട് ഉപയോഗിക്കുന്ന ലാപ്പ് ടോപ്പിൻ്റെ ബാറ്ററി എപ്പോഴും ഫുള്ളായിരിക്കും..
ഇങ്ങനെ എപ്പോഴും കുമ്പ നിറച്ച് മടിയനായി ഇരുന്നാൽ അറ്റാക്ക് വന്ന് തട്ടിപ്പോകാൻ ഇടയുണ്ട്. അതിനാൽ ഈ മടിയൻ ബാറ്ററികളെ കുറച്ച് വ്യായാമം ഒക്കെ ചെയ്യിച്ച് ഫിറ്റാക്കിയാൽ അവന് പ്രതീക്ഷിക്കുന്നതിലുമധികം ആരോഗ്യവും, അതുവഴി ദീർഘായുസും ലഭിക്കും!
ഇതിനായി ഇന്റർമിറ്റന്റായി പവർ ഓൺ ഓഫ് ചെയ്യിക്കുന്ന സർക്യൂട്ടിൽ ലാപ്പ് ചാർജർ കുത്തിയാൽ മതിയാകും. അതിന് വളരെ അനുയോജ്യമാണ് ഈ സർക്യൂട്ട് .
മഴക്കാലത്ത് സോളാർ പാനൽ കണക്റ്റ് ചെയ്ത ബാറ്ററികൾ ശരിയായി ചാർജായെന്ന് വരില്ല. അവിടെയും ചാർജർ കണക്റ്റ് ചെയ്യാൻ ഈ സർക്യൂട്ട് ഉപയോഗിക്കാം.
ഇങ്ങനെ പല സന്ദർഭങ്ങളിലും ചാർജർ ഓഫാക്കാൻ മറന്ന് ബാറ്ററി ഓവർ ചാർജ് കയറി ചീത്തയായി പോകുന്നത് ഒഴിവാക്കാൻ ഈ സർക്യൂട്ട് ഉപകരിക്കും.
വളരെ കുറഞ്ഞ വിലയിൽ നമ്മുടെ സമീപത്തെ ഇലക്ട്രോണിക്സ് സ്പെയർ ഷോപ്പുകളിൽ ഭിക്കുന്ന ഐ.സിയാണ് CD 4060.
ഇതൊരു CMOS ബൈനറി കൗണ്ടർ വിത്ത് ഇൻബിൽറ്റ് ഓസിലേറ്റർ ചിപ്പാണ്.
സെലക്റ്റീവ് ടൈം ഡിലേകൾ വിവിധ പിന്നുകളിലൂടെ ഔട്ട് പുട്ടായി ലഭിക്കുന്നു. ഐ സി നമ്പർ ഗൂഗിൾ ചെയ്താൽ ഫുൾ ഡീറ്റെയിൽസ് ലഭിക്കും.
ഐ സി യുടെ 9, 10, 11 കളിൽ കണക്റ്റ് ചെയ്തിട്ടുള്ള C2, R2, R3 എന്നിവയാണ് ടൈം ഡിലേ തീരുമാനിക്കുന്നത്. ഇവിടെ ഇത് ഏകദേശം 15 മിനിറ്റാണ്. വാല്യൂ വ്യത്യാസം വരുത്തി നിങ്ങളുടെ ആവശ്യങ്ങൾക്കനുയോജ്യമായ ടൈം ഔട്ട് ലഭ്യമാക്കാം.
സർക്യൂട്ടിൽ ഐ സി യുടെ പതിനൊന്നാമത്തെ പിന്നിൽ കണക്റ്റ് ചെയ്തിരിക്കുന്ന 1 മെഗ് റസിസ്റ്റൻസിന് സീരീസായി ഒരു 1 മെഗ് പൊട്ടൻഷ്യോ മീറ്റർ ( നമ്മുടെ വോളിയം കൺട്രോൾ തന്നെ ) കണക്റ്റ് ചെയ്താൽ അത് തിരിച്ച് ഡിലേ ടൈം വീണ്ടും കൂട്ടാം. ഡിലേ കുറയ്ക്കണമെങ്കിൽ ഐ സി യുടെ പിൻ കണക്ഷൻ ചിത്രം നോക്കുക ഔട്ട് 1 മുതൽ 9 വരെ എത് പിന്നിൽ നിന്നും റിലേ ഔട്ട് കൊടുക്കാം.
ഇവിടെ ഐ സി യുടെ ഒന്നാമത്തെ പിന്നിലൂടെ വരുന്ന സ്വിച്ചിങ്ങ് ഔട്ട്പുട്ട് ഒരു റസിസ്റ്റർ വഴി നേരേBC 547 ട്രാൻസിസ്റ്ററിലേക്ക് കൊടുത്തിരിക്കുന്നു. ഈ ട്രാൻസിസ്റ്ററിൻ്റെ കളക്റ്ററിലാണ് നമ്മൾ 12 വോൾട്ട് ക്യൂബ് റിലേ കൊടുത്തിരിക്കുന്നത്. ഈ റിലേയുടെ കോമൺ പിന്നിൽ ഫേസും, നോർമ്മലി ക്ലോസ്ഡ് പിന്നിൽ 3pin സോക്കറ്റും കൊടുത്തിരിക്കുന്നു.
കൊതുകുതിരിക്ക് സമയ നിയന്ത്രണം എന്ന സർക്യൂട്ടിൽ ( ലിങ്ക് ഇവിടെ ഇവിടെ https://www.facebook.com/photo/?fbid=7361174177310535&set=a.155391227888902 ) റിലേയ്ക്ക് പകരം BT 136 എന്ന ട്രയാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ ട്രയാക്കാണ് ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റിനെ നിയന്ത്രിക്കുന്നത്.
സർക്യൂട്ട് നേരിട്ട് 230 വോൾട്ട് ACയിലാണ് പ്രവർത്തിക്കുന്നത് അതിനാൽ ടെസ്റ്റിങ്ങ് സമയത്ത് വേണ്ട മുൻ കരുതലുകൾ എടുക്കുക.
പുറമേ നിന്ന് 12 വോൾട്ട് DC നൽകി ഈ സർക്യൂട്ട് സുരക്ഷിതമായി ടെസ്റ്റ് ചെയ്യാം.ഇലക്ട്രോണിക്സ് കേരളത്തിൻ്റെ ലാബിൽ ഈ സർക്യൂട്ട് ടെസ്റ്റ് ചെയ്തിട്ടുള്ളതാണ്. നന്നായി പ്രവർത്തിക്കുന്നുണ്ട്. ഒരു കോമൺ PCB യിൽ സർക്യൂട്ട് ചെയ്യാം. ഏകദേശം അമ്പത് രൂപയ്ക്കടുത്ത് നിർമ്മാണ ചിലവായി.28.04.2024

ടെക്നീഷ്യൻ്റെ പട്ടി

(  ഫില്ലർ പുട്ടി ഉണ്ടാക്കുന്ന വിധം! )

 

 എഴുതിയത് അജിത് കളമശേരി


 

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻമാർക്ക് സവിശേഷമായ ചിലതരം പശകൾ പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായി വിപണിയിൽ വാങ്ങാൻ കിട്ടുന്നവിവിധ തരം റെഡി ടു യൂസ് പശകൾ വളരെ വിലയേറിയതാണ്.
വില കുറഞ്ഞവയും ലഭിക്കുമെങ്കിലും അവ ഉപയോഗിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന ഫിനിഷിങ്ങോ ഈട് നിൽപ്പോ ലഭിക്കുകയുമില്ല.
നമ്മൾ ഒരു വിന്റെജ് ടു ഇൻ വൺ റിപ്പയർ ചെയ്യാൻ ശ്രമിക്കുകയാണ്. കാലപ്പഴക്കത്താൽ അതിന്റെ സ്ക്രൂകളെല്ലാം തുരുമ്പെടുത്ത് ക്യാബിനെറ്റ് അഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അൽപ്പമൊന്ന് ബലം പിടിച്ചപ്പോൾ അതാ സ്ക്രൂ ഡ്രൈവർ സ്ലിപ്പായി ക്യാബി നെറ്റിൻ്റെ അൽപ്പ ഭാഗം അടർന്ന് പോയി. എന്ത് ചെയ്യും? കസ്റ്റമറോട് എന്ത് സമാധാനം പറയും?
പൊട്ടിപ്പോയ സാധനം തപ്പിപ്പിടിച്ച് എടുത്ത് ക്വിക് ഫിക്സ് വച്ച് ഒട്ടിക്കാൻ നോക്കിയപ്പോൾ കഷ്ടകാലം ആ കാലപ്പഴക്കം മൂലം പ്രോപ്പർട്ടി തന്നെ മാറിപ്പോയ പഴയ പ്ലാസ്റ്റിക്കിൽ സൂപ്പർ ഗ്ലൂ ഒട്ടുന്നുമില്ല
ഇനി വേറൊരാൾ ഒരു വാട്ടർ ടാങ്ക് ഫിക്സ് ചെയ്യുന്നു. ഔട്ട് ലെറ്റ് പൈപ്പ് കണക്റ്റ് ചെയ്യാൻ തുളച്ച തുള കുറച്ച് വലുതായിപ്പോയി എന്ത് ചെയ്യും?
TV ഫിറ്റ് ചെയ്യാൻ ചുമര് ഡ്രിൽ ചെയ്തപ്പോൾ കുറച്ച് ഭാഗം അടർന്ന് പോന്നു. മനോഹരമായി ഭിത്തിയാണ് എന്ത് ചെയ്യാം?
കഷ്ടകാലം പിടിക്കാൻ മുറ്റത്ത് വച്ചിരുന്ന ബൈക്കിന്റെ സ്റ്റാൻഡ് ശരിക്ക് വീണിരുന്നില്ലെന്ന് തോന്നുന്നു. അത് മറിഞ്ഞ് വീണു. ഹെഡ് ലൈറ്റ് ഫെയറിങ്ങ് പൊട്ടിപ്പോയി. കല്ലിലിടിച്ച് പെട്രോൾ ടാങ്കും ചളുങ്ങി ഇനി അത് മാറ്റാൻ കാശൊരു പാടാകും.
ഇങ്ങനെയുള്ള അവസരങ്ങളിലൂടെ നമ്മളിൽ പലരും കടന്ന് പോവാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ലളിതമായതും, ഗുണമേൻമയുള്ളതുമായ ഒരു മൾട്ടി പർപ്പോസ് പുട്ടി നമുക്ക് കുറഞ്ഞ ചിലവിൽ നിർമ്മിക്കാം.
ഇതിനായി നമുക്കാവശം രണ്ട്.. അല്ല മൂന്ന് അസം സ്‌കൃത വസ്‌തുക്കളാണ്. ഒന്ന്.പെയിൻ്റ് പണിക്കാർ ഉപയോഗിക്കുന്ന ഫെവിക്കോൾ DDL പശ കാൽ കിലോ പൗച്ച് വില വെറും 26 രൂപ മാത്രം. എല്ലാ ഹാർഡ് വെയർ ഷോപ്പിലും കിട്ടും, രണ്ട്, കുറച്ച് സിമന്റ് പൊടി, സിമന്റ് കടകളിൽ കിലോയ്ക്ക് 10 രൂപയ്ക്ക് ലൂസ് കിട്ടും. മൂന്ന്, പാത്രം ഉരച്ച് കഴുകുന്നതിനുള്ള് സ്റ്റീൽ സ്ക്രബർ.. എല്ലാ സ്റ്റേഷണറി കടയിലും കിട്ടും.
ആദ്യമായി DDL ഒരു ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ അപ്പോഴത്തെ ആവശ്യത്തിന് മാത്രം എടുക്കുക. അതിലേക്ക് സിമൻ്റ് പൊടി അൽപ്പാൽപ്പമായി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. പുട്ടി തയ്യാർ ഇത് കൊണ്ട് ഏത് പൊട്ടിയ പ്ലാസ്റ്റിക് ക്യാബിനെറ്റുകളും റീ ക്രിയേറ്റ് ചെയ്യാം, പെട്രോൾ ടാങ്കുകളുടെ ഓട്ട അടയ്ക്കാം, വാട്ടർ ടാങ്കുകൾ റിപ്പയർ ചെയ്യാം, ബൈക്കുകളുടെ പ്ലാസ്റ്റിക് പാർട്ടുകൾ എങ്ങനെ പൊട്ടിക്കീറിപ്പോയാലും അൽപ്പം മിനക്കെട്ടാൽ പുതിയത് പോലെ റിപ്പയർ ചെയ്യാം.
ഒരു കാര്യം മറന്നു. സ്റ്റീൽ സ്ക്രബർ വാങ്ങുന്ന കാര്യം പറഞ്ഞു പക്ഷേ അത് പുട്ടിയുണ്ടാക്കുമ്പോൾ എന്തിനാണെന്ന് പറഞ്ഞില്ല. ബൈക്കിന്റെയും മറ്റും പൊട്ടിയ പ്ലാസ്റ്റിക് പാർട്ടുകൾ ഒട്ടിക്കാനായി പുട്ടി തയ്യാറാക്കുമ്പോൾ ഈ സ്റ്റീൽ സ്ക്രബർ ചെറിയ കഷ്ണങ്ങളായി മീൻ വെട്ടുന്ന തരം കത്രിക കൊണ്ട് മുറിച്ച് പുട്ടി നിർമ്മിക്കുമ്പോൾ അതിൽ നന്നായി ഇളക്കിച്ചേർക്കുക.
കോൺക്രീറ്റിൽ കമ്പി ഇടുന്ന അതേ തത്വം തന്നെയാണ് ഇതും. നമ്മുടെ പുട്ടിക്ക് ഇരട്ടി ബലം കിട്ടും. വാഹനം ഓടുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ മൂലം ഒട്ടിച്ചത് ഇളകി പറിഞ്ഞ് പോവുകയുമില്ല.
ബൈക്കിന്റെ ഫെയറിങ്ങിലും, കാറിന്റെ ബമ്പറിലുമെല്ലാം ചില കുറ്റിയും,കൊളുത്തുകളും കാണാം ഇവയെല്ലാം സ്റ്റീൽ വൂൾ മുറിച്ചിട്ട ഈ പുട്ടി കൊണ്ട് നല്ല ഭംഗിയായി ഒട്ടിക്കാം,റീ പെയിന്റിങ്ങിനായി കുഴിവും തടയും നികത്താം,
ഒന്ന് രണ്ട് മണിക്കൂർ വെയിറ്റ് ചെയ്താൽ ഈ പുട്ടി കരിങ്കല്ല് പോലെ ഉറയ്ക്കും. അതിന് ശേഷം സാൻഡ് പേപ്പർ പിടിച്ച് ഫിനിഷ് ചെയ്യാം .പെയിന്റ് റീ ടച്ച് ചെയ്യുകയോ, അഭംഗി ഒഴിവാക്കാൻ സ്റ്റിക്കർ വർക്ക് ചെയ്യുകയോ ആവാം.. പൊട്ടിയ പാട് പോലും കാണില്ല.
DDL ബാക്കിയുണ്ടെങ്കിൽ എയർ ടൈറ്റായി അടച്ച് വയ്ക്കണം. സിമന്റ്റ് പൊടി എയർടൈറ്റായി അടച്ച് വച്ചാലും രണ്ട് മാസം കഴിഞ്ഞാൽ പിന്നെ ഗുണം കുറഞ്ഞ് പോകും.
നിങ്ങളുടെ മനോധർമ്മം പോലെ ഇഷ്ടം പോലെ ഉപയോഗങ്ങൾ ഈ പുട്ടി കൊണ്ട് ചെയ്യാം. ഒരു കാര്യം പറയാൻ വിട്ടു പോയി ! പുട്ടിയിട്ട് അര മണിക്കൂറിനുള്ളിൽ ഒരു ചെറിയ കത്തിയോ, ഹാക്സോബ്ലേഡോ ഉപയോഗിച്ച് കൂടുതലായുള്ള പട്ടി വടിച്ച് കളഞ്ഞ് ഷേപ്പ് ചെയ്യണം. അതിന് ശേഷം സാൻഡ് പെപ്പർ പിടിക്കുകയോ, ഡ്രില്ല് ചെയ്യുകയോ ഒക്കെ ആവാം. ഒരു ദിവസം കൊണ്ട് പുട്ടിയിട്ട സ്ഥലം പാറപോലെ ഉറച്ച ബലം കിട്ടും. ടൈൽ വിടവിലൂടെ വെള്ളമിറങ്ങി ലീക്ക് വരുന്ന കിച്ചൺ സിങ്കിൻ്റെ ലീക്ക് മാറ്റാൻ സാധാരണ സിമിൻ്റിന് പകരം വൈറ്റ് സിമൻ്റു പയോഗിക്കാം.
ഒരിഞ്ച് വീതിയിൽ പഴയ കോട്ടൺ തുണിക്കഷ്ണങ്ങൾ ആവശ്യമായ നീളത്തിൽ റിബൺ പോലെ മുറിച്ചെടുത്ത് അതിൻ്റെ ഇരുവശവും നമ്മളുണ്ടാക്കിയ ഈ പുട്ടി തേച്ചതിന് ശേഷം പൈപ്പുകളിലെ ലീക്കോ തുളയോ ഉള്ള ഭാഗത്ത് ടൈറ്റായി ചുറ്റിയാൽ ഏത് കടുത്ത ലീക്കും പമ്പ കടക്കും. കിച്ചൺ സിങ്കി ൻ്റെ അടിവശം പോലെ പണിയാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ പൈപ്പുകളിൽ ഉണ്ടാക്കുന്ന ലീക്കു മാറ്റാൻ ഈ പൊടിക്കൈ അത്യുത്തമമാണ്. എഴുതിയത് അജിത് കളമശേരി,#ajith_kalamassery,28.04.2024

സിംഗിൾ സപ്ലേയിൽ നിന്നും ഡ്യുവൽ സപ്ലേ

 സിംഗിൾ സപ്ലേയിൽ നിന്നും

 ഡ്യുവൽ സപ്ലേ 

 


 

സിംഗിൾ സപ്ലേയിൽ നിന്നും ഡ്യുവൽ സപ്ലേ ഉണ്ടാക്കിയെടുക്കേണ്ട ആവശ്യം ടെക്ന‌ീഷ്യൻമാർക്ക് പലപ്പോഴും നേരിടാറുണ്ട്. ഉദാഹരണത്തിന് ഒരു കാർ സ്റ്റീരിയോ ഒന്ന് അപ്ഗ്രേഡ് ചെയ്ത് ഒരു സബ് വൂഫർ വയ്ക്കണം. വാങ്ങിയ സബ് വൂഫർ ഫിൽറ്റർ ഡ്യുവൽ സപ്ലേയുടെതായിപ്പോയി. എന്ത് ചെയ്യും?
ഇങ്ങനെയുള്ള അവസരങ്ങളിൽ
നമ്മുടെ കൈവശം തന്നെയുള്ള ചില കോമ്പോണെന്റുകൾ ഉപയോഗിച്ച് സിമ്പിളായി ഡ്യുവൽ സപ്ലേ നിർമ്മിക്കുന്നതിനുള്ള ഒരു സർക്യൂട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. എത്ര വോൾട്ട് ഇൻപുട്ടും നമുക്ക് കൊടുക്കാം അതിനനുയോജ്യമായ വോൾട്ടേജ് റേറ്റിങ്ങുള്ള ഇലക്ട്രോലിറ്റിക് കപ്പാസിറ്റുകൾ ഉപയോഗിച്ചാൽ മതി.കൊടുക്കുന്ന ഇൻപുട്ട് വോൾട്ടേജിലും ഉയർന്ന വോൾട്ടേജ് റേറ്റിങ്ങ് ഉള്ള കപ്പാസിറ്റുകൾ ഉപയോഗിക്കുക.
ഒരു കാര്യം മനസിൽ വയ്ക്കണേ.ഡ്യുവൽ സപ്ലേ. ഉപയോഗിക്കുന്ന വാട്ടേജ് കൂടിയ ആമ്പൊന്നും ഈ സർക്യൂട്ടിൽ പ്രവർത്തിക്കില്ല കേട്ടോ! മാക്സിമം ഒരു 100 മില്ലി ആമ്പിയർ ബേസിക് സർക്യൂട്ടിൽ നിന്ന് ലഭിക്കും.ചെറിയ കറണ്ടെടുക്കുന്ന സർക്യൂട്ടുകൾക്ക് ഇത് മതിയാകുമല്ലോ. ചിത്രത്തിലെ ബേസിക് സർക്യൂട്ട് നോക്കുക.
ഇനി അൽപ്പം കൂടുതൽ കറണ്ട് വേണ്ട സർക്യൂട്ടുകൾ പരീക്ഷിക്കണമെങ്കിൽ കൂടുതൽ ഔട്ട്പുട്ട് ശേഷിയുള്ള സർക്യൂട്ട് വേണമല്ലോ അതിനും വഴിയുണ്ട്.
ചിത്രത്തിലെ സർക്യൂട്ട് 2 നോക്കുക. Q1-BD139, Q2-BD140 എന്നിങ്ങനെ രണ്ട് ലോ പവർ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് സിംഗിൾ റയിൽ DC വോൾട്ടിനെ ഡ്യുവൽ സപ്ലേക്കായി സ്പ്ളിറ്റ് ചെയ്തിരിക്കുന്നു. മാക്സിമം 2 ആമ്പിയർ വരെ സേഫായി ഈ സർക്യൂട്ട് വിട്ട് തരും. ട്രാൻസിസ്റ്ററുകൾ ഹീറ്റ് സിങ്കിൽ ഉറപ്പിക്കണം.
ഇൻപുട്ട് കൊടുക്കുന്ന DC വോൾട്ട് സ്പ്ലിറ്റ് ചെയ്ത് പകുതി വീതം പോസിറ്റീവും, നെഗറ്റീവുമായാണ് തിരികെ കിട്ടുക. 36 Vകൊടുക്കുമ്പോൾ
പോസിറ്റീവ് 18 V - 0V - നെഗറ്റീവ് 18 V ലഭിക്കും, 48 V കൊടുത്താൽ 24 Vലഭിക്കും
ഇതിലും കൂടിയ ആമ്പിയർ വേണമെങ്കിൽ Q1, Q2 ആയി TIP 2955, 3055 ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കാം.28.04.2024

Sunday, April 14, 2024

നിങ്ങളറിയാത്ത ഒരു സ്പീക്കർ നിർമ്മാതാവ്

 നിങ്ങളറിയാത്ത
 ഒരു സ്പീക്കർ നിർമ്മാതാവ്

 
 
 
1954ൽ നീലക്കുയിൽ എന്ന മലയാള സിനിമ നിർമ്മിച്ച് രംഗ പ്രവേശം ചെയ്ത ആദ്യകാല സിനിമാ നിർമ്മാതാവായ TK പരീക്കുട്ടി സാഹിബിൻ്റെ ഉടമസ്ഥതയിൽ 1969ൽ കൊച്ചിയിൽ തുടങ്ങിയ സൈന തീയേറ്റർ അന്നത്തെ ഏറ്റവും ആധുനിക രീതിയിലുള്ള വെസ് ട്രെക്സ് 6 ട്രാക്ക് സ്റ്റീരിയോ സൗണ്ട് സിസ്റ്റം കൊണ്ടും, 70 mm ദൃശ്യ പ്പൊലിമ കൊണ്ടും കേരളത്തിലെ സിനിമയുടെയും, ഒപ്പം സംഗീതാസ്വാദകരെയും ദൃശ്യ ശ്രാവ്യ വിസ്മയത്തിൻ്റെ കൊടുമുടിയിലെത്തിച്ച ആദ്യ സംരംഭമായിരുന്നു.
ഈ സംരഭത്തിൽ ചെറിയ ഒരു പങ്ക് വഹിച്ച എന്നാൽ തൻ്റെ പരിചയവലയത്തിനപ്പുറം അറിയപ്പെടാത്ത ഒരാളുണ്ടായിരുന്നു... പരീക്കുട്ടി സാഹിബിൻ്റെ നൂറു കണക്കിന് തോണികളിൽ ഒന്നിൻ്റെ തുഴക്കാരനായിരുന്ന മാളിയേക്കൽ കാദർ...
സൈന തീയേറ്ററിൽ ഓരോ പടം മാറുമ്പോഴും അതിൻ്റെ പരസ്യം ഒരു ചെണ്ടക്കാരൻ്റെ അകമ്പടിയോടെ തോണിയിൽ വച്ച സിനിമാ പോസ്റ്റർ സഹിതം ജലഗതാഗത മാർഗ്ഗങ്ങളാൽ സമ്പന്നമായ കൊച്ചിയിലെ ഓരോ കടവിലുമെത്തി ചെണ്ടകൊട്ടി വിളംബരം ചെയ്യുന്ന അധിക ജോലി കൂടി കാദറിനുണ്ടായിരുന്നു.
താനും ഭാര്യയും ഒപ്പം 9 മക്കളും അടങ്ങിയ കുടുംബത്തിനെ പ്പോറ്റാൻ ഏത് അധിക ജോലിയും ചെയ്യാൻ കാദറിക്ക സന്നദ്ധനുമായിരുന്നു.
കാദറിൻ്റെ.മൂന്നാമത്തെ പുത്രനായിരുന്നു ഇസ്മായിൽ .ചെറുപ്പം മുതലേ തട്ട് മുട്ട് വിദ്യകളിലും ബാറ്ററി കൂട്ടിമുട്ടിച്ച് ബൾബ് കത്തിക്കുക പോലുള്ള അതിഭയങ്കര സാങ്കേതിക വിദ്യകളിലും നിപുണനായിരുന്നു ഇസ്മായിൽ.
കൂടാതെ വാപ്പായ്ക്ക് തീയേറ്ററിലുള്ള ഫ്രീ പാസ് കരസ്ഥമാക്കി സിനിമാ കാണലും പതിവാക്കി.സൈനാ തീയേറ്ററിൽ പോയി പടം കാണുക എന്നതിനേക്കാൾ പ്രൊജക്റ്റർ റൂമിൽ കയറി അവിടെയിരിക്കുന്ന ആംപ്ലിഫയറുകളും, റെക്കാഡ് പ്ലയറും, സ്പീക്കറുകളുമൊക്കെ തൊട്ടും പിടിച്ചും നോക്കുകയും, ഇവയുടെ സർവ്വീസിങ്ങിന് വരുന്ന എഞ്ചിനീയർമാരുമായി ചങ്ങാത്തം കൂടി അവർക്കൊപ്പം സഹായിയായി നിൽക്കുകയുമായിരുന്നു ഇസ്മായിലിൻ്റെ പ്രധാന ലക്ഷ്യം.
പത്താം ക്ലാസ് പാസായതോടെ ഇസ്മായിലിനെ വാപ്പാ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലേക്ക് നാട് കടത്തി. അവിടെ ഇസ്മായിലിൻ്റെ അളിയൻമാരിൽ ഒരാളായ കോയാക്കയുടെ വീട്ടിലേക്കായിരുന്നു ഈ നാട് കടത്തൽ.
അവിടെ കോയയുടെ സുഹൃത്തായ റാഫേലാശാൻ്റെ കീഴിൽ കറണ്ട് പണികളിൽ താൽപ്പര്യമുള്ള മോനെ വയറിങ്ങ് പഠിപ്പിക്കുക എന്ന മറ്റൊരുദ്ദേശവും കാദറിനുണ്ടായിരുന്നു.
കുറച്ച് നാൾ അവിടെ നിന്നപ്പോഴേക്കും ഇസ്മായിലിന് ബോറടിച്ചു. കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന ചൊല്ല് കേട്ടിട്ടില്ലേ... അപ്പോൾ കൊച്ചിക്കാരനായ ഇസ്മായിലിൻ്റെ കാര്യം പറയേണ്ടതുണ്ടോ..
ഇസ്മായിൽ വലിച്ച് വിട്ട റബർ ബാൻഡ് പോലെ തിരികെ കൊച്ചിയിലെത്തി.. വീണ്ടും സൈന തീയേറ്ററിലെ സ്ഥിരം സന്ദർശകനായി
അവിടെ സ്ഥിരമായി വരാറുണ്ടായിരുന്ന ഫോട്ടോ ഫോൺ പ്രൊജക്റ്റർ കമ്പനിയുടെ ചീഫ് എഞ്ചിനീയറായ മോഹൻ ബാലാജിയുമായും, സിനിമാ കാർബൺ അടക്കം തീയേറ്ററിലേക്ക് ആവശ്യമായ കൺസ്യൂമബിൾസ് സപ്ലേ ചെയ്യുന്ന എറണാകുളം പുല്ലേപ്പടിയിൽ കാർത്തിക് സിനി സെൻ്റർ നടത്തുന്ന രാധാകൃഷ്ണൻ ചേട്ടനുമായും ഇസ്മായിൽ വളരെ സൗഹൃദത്തിലായി.
ഇവരാണ് ഇസ്മായിലിനെ പള്ളുരുത്തിയിൽ മെലോഡീസ് എന്ന സ്പീക്കർ വൈൻഡിങ്ങ് സ്ഥാപനം നടത്തിയിരുന്ന മോഹനൻ ചേട്ടൻ്റെയടുത്തേക്ക് റക്കമൻ്റ് ചെയ്ത് വിട്ടത്.
അന്ന് കേരളത്തിലെ പ്രമുഖ ഫോട്ടോ ഫോൺ കമ്പനി അംഗീകൃത സിനിമാ തീയേറ്റർ സ്പീക്കർ റീ വൈൻഡർ മോഹനൻ ചേട്ടനാണ്.
അക്കാലങ്ങളിൽ സിനിമാ തീയേറ്ററുകളിൽ ഉപയോഗിച്ചിരുന്നത് 230 വോൾട്ട് കറണ്ട് കൊടുത്ത് സ്പീക്കറിൻ്റെ ഇലക്ട്രോമാഗ് നെറ്റ് ഓണാക്കിയ ശേഷം പ്രവർത്തിപ്പിക്കുന്ന സ്പീക്കറുകളായിരുന്നു.
കറണ്ട് കൊടുക്കാതെ ആംപ്ലിഫയർ ഓണാക്കിയാൽ സ്പീക്കർ കത്തിപ്പോകും. മനുഷ്യസഹജമായ മറവികൾ മൂലം സ്പീക്കറുകൾ കേടാകാനുള്ള സാദ്ധ്യത അന്ന് വളരെ കൂടുതലായിരുന്നു.
തമിഴൻമാരാണ് അന്നത്തെ സ്പീക്കർ വൈൻഡർമാർ ഇവർ ഓരോ തീയേറ്ററിലും കയറി ഇറങ്ങി സ്പീക്കറുകൾ നന്നാക്കിപ്പോകും.
പക്ഷേ ആധുനിക തീയേറ്ററുകൾ നഗരങ്ങളിൽ വന്നതോടെ കമ്പനി നിർദ്ദേശിക്കുന്ന വിധത്തിൽ വൈൻഡ് ചെയ്യേണ്ടി വന്നു. ഇതിന് പരിചയ സമ്പന്നനായ മോഹനൻ ചേട്ടൻ തന്നെ വേണം ..
അപ്രൻ്റീസുകളെ ഏഴയലത്ത് അടുപ്പിക്കാത്ത മോഹനൻ ചേട്ടന് ഫോട്ടോ ഫോൺ കമ്പനിയുടെ ചീഫ് എഞ്ചിനീയർ മോഹൻ ബാലാജിയുടെ റക്കമൻ്റേഷൻ തള്ളിക്കളയാനാകുമായിരുന്നില്ല.
അങ്ങനെ ഇസ്മായിൽ പള്ളുരുത്തിയിലെ മോഹനൻ ചേട്ടൻ്റെ മെലോഡീസ് സ്പീക്കർ വൈൻഡേഴ്സിൽ
പണി പഠിക്കാൻ കയറി.
ഇത് ഇസ്മായിലിൻ്റെ ജീവിതം മാറ്റിമറിച്ചു.. നീണ്ട പതിനൊന്ന് വർഷം മോഹനൻ ചേട്ടൻ്റെ കൂടെ നിന്ന ശേഷം ഗുരുവിൻ്റെ സർവ്വവിധ അനുഗ്രഹങ്ങളോടെയും കൂടി കൊച്ചിയിൽ MACK വൈൻഡേഴ്സ് എന്ന സ്ഥാപനം സ്വന്തമായി ആരംഭിച്ചു..
സ്പീക്കർ വൈൻഡിങ്ങ് രംഗത്ത് തനിക്കുള്ള നീണ്ട നാളത്തെ പരിചയം മുൻനിറുത്തി വെറും ഒരു സ്പീക്കർ റീ വൈൻഡർ എന്ന നിലയിൽ നിന്ന് മാറി ചിന്തിച്ച് സ്വന്തമായി സ്പീക്കർ നിർമ്മാണം കൂടി ഇതിനിടയിൽ ഇസ്മായിൽ ആരംഭിച്ചു.
അങ്ങനെ കേരളത്തിലെ ആദ്യ വലിയ സ്പീക്കറുകളുടെ നിർമ്മാതാവ് എന്ന പേര് ഇസ്മായിൽ സ്വന്തമാക്കി.
8 ഇഞ്ച്, 12 ഇഞ്ച്, 15 ഇഞ്ച് അളവുകളിൽ തീയേറ്റർ ഉപയോഗത്തിനാവശ്യമായ ഫുൾ റേഞ്ച്, വൂഫർ സ്പീക്കറുകളുടെ നിർമ്മാണത്തിലാണ് MACK ശ്രദ്ധ കേന്ദ്രീകരിച്ചത്.
സ്പീക്കർ നിർമ്മാണത്തിലെ ഏത് പുതിയ ടെക്നോളജിയും പഠിക്കുന്നതിൽ ഇസ്മയിൽ ബദ്ധശ്രദ്ധനായിരുന്നു.
വിദേശ നിർമ്മിത കോപ്പർ ക്ലാഡ് അലുമിനിയം വയർ (CCAW ) കോപ്പർ ക്ലാഡ് അലുമിനിയം റിബൺ (CCAR) മെറ്റീരിയലുകൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ ആദ്യമായി സ്പീക്കറുകൾ നിർമ്മിച്ച് തുടങ്ങിയത് MACK ആയിരുന്നു.
ഇപ്പോൾ സ്പീക്കറുകൾ കൂടാതെ സ്പീക്കറുകൾക്കും, വൂഫറുകൾക്കും അവശ്യ ഘടകമായ റബർ പെർഫോറേറ്റഡ് സറൗണ്ട് റിങ്ങുകളും, അവ നിർമ്മിക്കാനുള്ള മെറ്റൽ ഡൈകളും ബ്രിട്ടീഷ് ബ്രാൻഡായ ടാനോയിയുടെ സഹകരണത്തോടെ MACK. കേരളത്തിൽ നിർമ്മിക്കുന്നുണ്ട്.
കമ്പനിയുടെ തുടക്ക. കാലത്ത് സവിശേഷ തരത്തിലുള്ള ഹെവി ഡ്യൂട്ടി സ്പീക്കർ ബാസ്ക്കറ്റുകൾ ഇസ്മായിലിൻ്റെ ഡിസൈനിൽ എറണാകുളം ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള ജോസഫ് ആശാൻ ലേത്തിൽ നിർമ്മിച്ച് നൽകിയിരുന്നു. ഇപ്പോൾ അവ കൊറിയയിൽ നിന്നും ഇംപോർട്ട് ചെയ്യുകയാണ്.
ഇന്ത്യയിലെ മിക്കവാറും വൻകിട തീയേറ്ററുകളിൽ കേരളത്തിൽ നിർമ്മിക്കുന്ന MACK നിർമ്മിത സ്പീക്കറുകൾ ഉപയോഗിക്കുന്നു എന്നത് നമുക്കും അഭിമാനിക്കാവുന്ന ഒരു വാർത്തയാണ്.
ഹൈ വാട്ട് തീയേറ്റർ സ്പീക്കറുകളുടെ നിർമ്മാണത്തിലേക്ക് കടന്നപ്പോഴാണ് തീയേറ്ററുകളിൽ ഉപയോഗിക്കുന്ന ആംപ്ലിഫയറുകളുടെ ലിമിറ്റേഷൻസ് ഇസ്മായിലിൻ്റെ ശ്രദ്ധയിൽ പെട്ടത്. PAയ്ക്ക് ഉപയോഗിക്കുന്ന ആമ്പുകളാണ് അന്ന് തീയേറ്ററുകളിൽ ഉപയോഗിച്ച് പോന്നത്.
ശബ്ദ ഗുണം കൂടിയ വിദേശ നിർമ്മിത പ്രൊഫഷണൽ ആമ്പുകൾക്ക് വൻ വിലയുമായിരുന്നു.
ശബ്ദ സൗകുമാര്യം കൂടിയതും ,എന്നാൽ വിദേശ ആമ്പുകളുടെ വില വരാത്തതുമായ പ്രൊഫഷണൽ ആംപ്ലിഫയറുകളുടെ നിർമ്മാണത്തിലേക്ക് കൂടെ ഇസ്മായിൽ പതിയെ കാൽ വച്ചു.
MACKഎന്ന ബ്രാൻഡിലായിരുന്നു ആ തുടക്കം. ഡോൾബി യിലെ ജോസേട്ടൻ അടക്കമുള്ള സുഹൃത്തുക്കൾ ഇതിന് മാർഗ്ഗ നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ പ്രീയ സുഹുത്തായ രമേഷ് നമ്പ്യാർ ഈ സംരംഭത്തിനാവശ്യമായ നിർലോഭമായ പൂർണ്ണ സാമ്പത്തിക പിൻതുണയും നൽകി.
ഇപ്പോൾ ഇന്ത്യയിലെമ്പാടും ഡീലർനെറ്റ് വർക്കും, സർവ്വീസ് പിൻതുണയുമുള്ള പ്രമുഖ ആംപ്ലിഫയർ ബ്രാൻഡായി MACK മാറിയിരിക്കുകയാണ്.
MACKൻ്റെ ആസ്ഥാനം കൊച്ചിയിലും, ആംപ്ലിഫയർ ഷോറൂമും,MACK സ്പീക്കർ റീ വൈൻഡിങ്ങ്‌ യൂണിറ്റും എറണാകുളം പള്ളിമുക്കിലാണ്.
മാക്കിൻ്റെ സ്പീക്കർ നിർമ്മാണ ഫാക്ടറി ഫോർട്ട് കൊച്ചിയിലുമാണ്.
ഹൈ വാട്ട്സ്, ഹൈ എൻഡ് പ്രൊഫഷണൽ ആംപ്ലിഫയറുകൾ, മിക്സറുകൾ, ലൈൻ അറേ സ്പീക്കർ സിസ്റ്റം, ഹൈവാട്ട് നിയോഡൈമിയം വൂഫറുകൾ, ട്വീറ്ററുകൾ എന്നിങ്ങനെ വളരെ വിപുലമാണ് MACKൻ്റെ ഉൽപ്പന്ന നിര.
18 ഇഞ്ച് 1000 വാട്ട് ഫെറൈറ്റ് മാഗ് നെറ്റ് സ്പീക്കറിന് ഏകദേശം 14 കിലോ ഭാരം വരുമ്പോൾ തുല്യ വാട്ടുള്ള അതിലും പെർഫോമൻസ് ഉള്ള 18 ഇഞ്ച് വൂഫറിന് 4 കിലോ ഭാരമേയുള്ളൂ.
ഈ വരുന്ന ഓണത്തോടനുബന്ധമായി മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഹോം ഓഡിയോ എന്ന പുതിയ സെഗ്മെൻ്റിലേക്ക് കടക്കാൻ ഉദ്ദേശിക്കുകയാണ് MACK
വളരെ ഗുണമേൻമയേറിയ ഓഡിയോ ഉൽപ്പന്നങ്ങൾ താങ്ങാനാകുന്ന വിലയ്ക്ക് ഓരോ വീട്ടിലും എത്തിക്കുക എന്നതാണ് MACK ഹോം ഓഡിയോയുടെ ലക്ഷ്യം.
പുതുതലമുറയും ഓഡിയോ ബിസിനസിൽ സജീവമാണ്. ഇളയ മകനായ മഖ്ബൂലാണ് MACKൻ്റെയും MACK ൻ്റെയും ടെക്നിക്കൽ സൈഡും, പ്രൊഡക്ഷൻ യൂണിറ്റുകളും കൈകാര്യം ചെയ്യുന്നത്.
ഇതിനിടെ ഒരു രഹസ്യം ! തനിക്ക് നിർലോഭമായ പിൻതുണ നൽകിയ പിതാവിൻ്റെ സ്മരണാർത്ഥമാണ് മാളിയേക്കൽ കാദർ എന്നതിൻ്റെ ചുരുക്കമായ MACK എന്ന പേര് അദ്ദേഹം തൻ്റെ സ്ഥാപനത്തിന് നൽകിയിരിക്കുന്നത്.
അറുപത്തഞ്ചാം വയസിലേക്ക് കടക്കുന്ന ഇസ്മായിലിക്ക തൻ്റെ പുതിയ ലക്ഷ്യങ്ങളിലേക്ക് അവിരാമം, അവിശ്രമം കുതിച്ച് കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ നിർമ്മിക്കുന്ന പ്രൊഫഷണൽ PA സിസ്റ്റങ്ങളുടെ ബുദ്ധികേന്ദ്രമായ
ഇസ്മയിലിക്കയെ പരിചയപ്പെടാനും, സപീക്കർ നിർമ്മാണ യൂണിറ്റ് പോലുള്ളവ ആരംഭിക്കാനും, മാഗ് നെറ്റ് ചാർജർ ,ബാസ്ക്കറ്റ്, കോൺപേപ്പർ, റബർ ഗാസ്ക്കെറ്റുകൾ, ഇംപോർട്ടഡ് കോയിലുകൾ തുടങ്ങി എന്തും ഒപ്പം അദ്ദേഹത്തിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും നിങ്ങൾക്കും ലഭ്യമാകും..
കൂടുതൽ വിവരങ്ങൾക്ക് 7012068247 എന്ന വാട്സാപ്പ് നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെടാം.എഴുതിയത് #അജിത്കളമശേരി. #Ajithkalamassery, 22.03.2024

 20 വാട്ട് ക്ലാസ് 

AB ആംപ്ലിഫയർ സർക്യൂട്ട് . 


 

 

 വില കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതുമായ LA 4440 ഐസി വച്ചുള്ള ഒരു 20 വാട്ട് ക്ലാസ് AB ആംപ്ലിഫയർ സർക്യൂട്ട് . വളരെ ലളിതമായതും 12 വോൾട്ട് 2 ആമ്പിയർ പവർസപ്ലേയിൽ പ്രവർത്തിക്കുന്നതുമാണിത്. Ic യുടെ നാലാമത്തെ പിന്നിന് കണക്ഷൻ ഇല്ല. ic ഒരു അലുമിനിയം ഹിറ്റ് സിങ്കിൽ ഉറപ്പിക്കണം. 18 വോൾട്ടിൽ കൂടുതൽ കൊടുത്താൽ ic ചീത്തയാകും.സ്പീക്കർ 4 ഓംസ് ആറിഞ്ച് ഫുൾ റേഞ്ച് കൊടുക്കാം

എഫ്.എം സിഗ്നൽ ബൂസ്റ്റർ

 എഫ്.എം സിഗ്നൽ ബൂസ്റ്റർ


 

 

വളരെയധികം പേർ നിരന്തരം ആവശ്യപ്പെടുന്ന ഒരു സർക്യൂട്ടാണ് എഫ്.എം സിഗ്നൽ ബൂസ്റ്ററിൻ്റേത്.
ഇതാ ഇവിടെ റേഡിയോേ കേൾക്കാൻ താൽപ്പര്യമുള്ളവർക്കായി ഒരു ഹൈ ഗയിൻ സിഗ്നൽ എഫ് എം ബൂസ്റ്ററിൻ്റെ സർക്യൂട്ട് കൊടുക്കുന്നു.
വളരെ ലളിതമായി ചെറിയ ഒരു കോമൺ pcb യിൽ ഈ സർക്യൂട്ട് നിങ്ങൾക്ക് അസംബിൾ ചെയ്യാം.
Q1, Q 2 എന്ന രണ്ട് NPN സിലിക്കോൺ ട്രാൻസിസ്റ്ററുകളാണ് ഈ സർക്യൂട്ടിൻ്റെ ക്രിട്ടിക്കൽ കോമ്പോണെൻ്റുകൾ.
2 N3904 എന്ന നമ്പരാണ് ഇതിനായി ഉപയോഗിക്കുന്നത്
L1, L2 എന്നീ രണ്ട് കോയിലുകൾ നമ്മൾ സ്വന്തമായി നിർമ്മിച്ചെടുക്കണം ഇത് പുറത്ത് വാങ്ങാൻ കിട്ടില്ല.
22 SWG എന്ന ഗേജിലുള്ള ഇൻസുലേറ്റഡ് കോപ്പർ വയർ 5 മില്ലിമീറ്റർ ഡയ മീറ്ററുള്ള ഫോർമറിൽ 4 ചുറ്റ് വൈൻഡ് ചെയ്തെടുത്ത് ഇവ നിർമ്മിക്കാം.
ഒരു ജൽ പേനയുടെ റീഫില്ലറോ,5mm ഡ്രിൽ ബിറ്റോ ഫോർമറായി ഉപയോഗിക്കാം.
L1, L2 എന്നീ കോയിലുകളുടെ സമീപത്തായി സർക്യൂട്ടിൽ കാണുന്നത് 30 pfൻ്റെ ട്രിമ്മർ കപ്പാസിറ്ററുകളാണ്. ഇവയുടെ വാല്യു ക്രിട്ടിക്കൽ അല്ല. വിപണിയിൽ ലഭ്യമായത് ഉപയോഗിക്കാം.
സർക്യൂട്ട് നോക്കി ബൂസ്റ്റർ അസംബിൾ ചെയ്യുക. 6 വോൾട്ട് മുതൽ 12 വോൾട്ട് വരെ ഈ സർക്യൂട്ടിൽ നൽകാം.
റഗുലേറ്റഡ് വോൾട്ടേജ് കിട്ടിയാൽ സർക്യൂട്ട് സ്റ്റബിൾ ആയിരിക്കും. ഇതിന് വേണ്ടി 12 വോൾട്ട് കൊടുത്ത് അതിനെ ഒരു 9 വോൾട്ട് സെനർ ഡയോഡ് വഴി ഒരു 100uf കപ്പാസിറ്റർ ഉപയോഗിച്ച് സ്റ്റേബിൾ ചെയ്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.
സെനർ ഡയോഡിന് സമീപമുള്ള 150 ഓംസ് റസിസ്റ്റർ ഹാഫ് വാട്ട് ഉപയോഗിക്കണം.
സപ്ലേ കൊടുത്തതിന് ശേഷം Q1 ൻ്റെ ബേസിൽ 0.68 വോൾട്ടും ,കളക്റ്ററിൽ 3.85 വോൾട്ടും, Q 2 വിൻ്റെ ബേസിൽ 0.68 വോൾട്ട് വരുന്നുണ്ടെങ്കിൽ സർക്യൂട്ട് OKയാണ്.
കോമ്പോണെൻ്റുകളുടെ വാല്യൂ വേരിയേഷൻ മൂലവും, ട്രാൻസിസ്റ്ററിൻ്റെ Hfe വ്യത്യാസം മൂലവും ഈ വോൾട്ടിൽ ചെറിയ വ്യത്യാസങ്ങൾ വന്നാലും സാരമില്ല.സർക്യൂട്ട് പ്രവർത്തിക്കും.
അധികം വേരിയേഷനുണ്ടെങ്കിൽ അസംബിൾ ചെയ്ത സർക്യൂട്ട് ഒന്നുകൂടി ചെക്ക് ചെയ്യുക.
Q1 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ നിന്നും ഒരു കേബിൾ കണക്റ്റർ ഉപയോഗിച്ച് വീടിന് പുറത്ത് സ്ഥാപിച്ച എക്സ്ട്രേണൽ ആൻ്റിനയിലേക്ക് കണക്ഷൻ കൊടുക്കുക. Q2 വിൻ്റെ കളക്റ്ററിൽ കൊടുത്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ഒരു കണക്ഷൻ വയർ നമ്മുടെ FM റേഡിയോയുടെ ആൻ്റിനയിലേക്ക് കൊടുക്കുക..
വീക്കായ FM റേഡിയോ സ്റ്റേഷനുകൾ പോലും നല്ല സ്റ്റീരിയോ മോഡിൽ അടിപൊളിയായി പ്രവർത്തിക്കും.
ഗയിൻ കൂടുതലാണെങ്കിൽ Q2 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ കണക്റ്റ് ചെയ്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ആൻ്റിനാ ഔട്ട് എടുക്കാം.
നല്ല ക്വാളിറ്റിയിൽ വൈഡ് റേഞ്ച് FM സിഗ്നൽ ബൂസ്റ്റ് ചെയ്യുന്ന സർക്യൂട്ടാണിത്. ഫ്രിഞ്ച് ഏരിയയിൽ പോലും നന്നായി പ്രവർത്തിക്കും.
ബൂസ്റ്ററിലേക്ക് FM സിഗ്നൽ നൽകാൻ വീടിന് പുറത്തേക്കിട്ട വയറുകളോ. ഡൈ പോളോ ഉപയോഗിക്കാം.
വിദൂരതയിൽ നിന്നുള്ള FM സിഗ്നലുകൾ സ്റ്റീരിയോ മോഡിൽ ലഭിക്കണമെങ്കിൽ നല്ല ഒരു FM ആൻ്റിന ഈ ബൂസ്റ്ററിനൊപ്പം കണക്റ്റ് ചെയ്യണം.
പ്രിൻ്റ് എടുക്കുവാൻ വേണ്ടി കളറില്ലാത്ത സർക്യൂട്ട് ഫസ്റ്റ് കമൻ്റായി ചേർത്തിട്ടുണ്ട്.

കുട്ടികൾ കാരണം നിറുത്തിപ്പോയ റേഡിയോ മോഡൽ.

 

കുട്ടികൾ കാരണം നിറുത്തിപ്പോയ
 റേഡിയോ മോഡൽ.

 
 
 
പല പല കാരണങ്ങൾ കൊണ്ട് ചില മോഡലുകളുടെ നിർമ്മാണം കമ്പനികൾ അവസാനിപ്പിക്കാറുണ്ട്. എന്നാൽ കുട്ടികളുടെ വികൃതി കാരണം പോപ്പുലറായിരുന്ന ഒരു മോഡലിൻ്റെ നിർമ്മാണം ഫിലിപ്സ് റേഡിയോ കമ്പനി ഇന്ത്യയിൽ അവസാനിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്താത്ത ആ കഥയാവട്ടെ ഇത്തവണ.
2002 ഫെബ്രുവരി രണ്ടിന് ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ ഒരു നവീന ഉൽപ്പന്നമായിരുന്നു RL 117 എന്ന ബാറ്ററി വേണ്ടാത്ത ഫ്രീ പവർ റേഡിയോ !
ഫിലിപ്സിൻ്റെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഡിവിഷൻ വൈസ് പ്രസിഡൻ്റ് രാജീവ് കർവാർ മുംബയിലാണ് ഈ ഉൽപ്പന്നം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്.
റേഡിയോയുടെ പുറക് വശത്ത് മടക്കി വച്ചിരിക്കുന്ന ഒരു ഹാൻഡിൽ നിവർത്തി ഏകദേശം 2 മിനിറ്റ് കറക്കിയാൽ ഒന്നര മണിക്കൂർ നേരം റേഡിയോ സാമാന്യം ശബദത്തിൽ പ്രവർത്തിക്കും.
ഹാൻഡിൽ തിരിക്കുമ്പോൾ ഉള്ളിലുള്ള ഡൈനാമോ കറങ്ങി അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന നിക്കൽ കാഡ്മിയം റീചാർജബിൾ ബാറ്ററികൾ ചാർജാവുകയും റേഡിയോ പ്രവർത്തിക്കാനാവശ്യമായ പവർ ലഭിക്കുകയും ചെയ്യും.
FM ,MW, SW ഉൾപ്പടെ മൂന്ന് ബാൻഡ് റേഡിയോ ആയിരുന്നു RL 117.
റേഡിയോയിൽ ഉപയോഗിക്കുന്ന ബാറ്ററി പോലും ആഡംബര വസ്തുവായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ജന സാമാന്യത്തിനുള്ള ഉപഹാരമായിട്ടായിരുന്നു ഫിലിപ്സ് ഈ റേഡിയോ 20 വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയത്.
995 രൂപ നൽകി റേഡിയോ വാങ്ങിയാൽ പിന്നെ ബാറ്ററി മാറ്റിയിടുന്ന പണച്ചിലവിനെപ്പറ്റി വേവലാതി വേണ്ട എന്നതിനാൽ ഈ മോഡൽ റേഡിയോ വളരെ വേഗം ജനപ്രീയമായി . ലക്ഷക്കണക്കിന് റേഡിയോകൾ ചൂടപ്പം പോലെ വിറ്റുപോയി.
നല്ല ശബ്ദ ശുദ്ധിയും ,ഒതുക്കവും ,ഭാരക്കുറവും 117 ൻ്റെ പ്രചാരം വർദ്ധിപ്പിച്ചു.
ചാർജിങ്ങ് സംവിധാനത്തിൻ്റെ ഹാൻഡിൽ അസംബ്ലി കറക്കുന്നത് രസകരമായ ഒരനുഭവമായിരുന്നു. ഇത് മൂലം കുട്ടികൾ കണ്ണ് തെറ്റിയാൽ ഈ റേഡിയോ എടുത്ത് കളിപ്പാട്ടമായി ഉപയോഗിച്ച് കറക്കി, കറക്കി റേഡിയോയുടെ ഹാൻഡിൽ ഒടിക്കും!.
ഏതാനും മിനിറ്റുകൾ തിരിക്കാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഡൈനാമോ അസംബ്ലിയെ കുട്ടികൾ ദീർഘനേരം കറക്കി തിരിക്കുമ്പോൾ ബാറ്ററി കട്ടോഫ് സംവിധാനം ഇല്ലാത്തതിനാൽ ഓവർ ചാർജ് കയറി ബാറ്ററി പോകും. അതിൻ്റെ പ്ലാസ്റ്റിക് ഗിയർ വീലുകൾ ചൂടായി പൊട്ടിപ്പോകും.
ഇങ്ങനെ കുട്ടികളുടെ ശല്യം മൂലം കേടായ റേഡിയോകളുടെ ഹാൻഡിൽ അസംബ്ലി മാറ്റിക്കൊടുത്ത് മടുത്ത ഫിലിപ്സ് കമ്പനി 2005 ൽ. ഇറക്കി 3 വർഷം കഴിഞ്ഞപ്പോൾ നല്ല ഡിമാൻഡ് ഉണ്ടായിട്ടും ഈ മോഡൽ റേഡിയോകളുടെ നിർമ്മാണം ഇന്ത്യയിൽ അവസാനിപ്പിച്ചു.
ടേപ്പ് റിക്കോർഡറുകളിൽ ഉപയോഗിക്കുന്ന ചെറിയ മോട്ടോറിനെ ഹാൻഡിൽ തിരിക്കുമ്പോൾ ഉണ്ടാകുന്ന കറക്കത്തെ ഗിയർ സംവിധാനം ഉപയോഗിച്ച് വേഗത കൂട്ടി മോട്ടോർ കോയിലിൽ ലഭ്യമാകുന്ന ആൾട്ടർനേറ്റിങ്ങ് കറണ്ടിനെ ഒരു ബ്രിഡ്ജ് റക്റ്റിഫയർ സംവിധാനം ഉപയോഗിച്ച് പൾസേറ്റിങ്ങ് DC വോൾട്ടാക്കി ബാറ്ററി ചാർജ് ചെയ്യുക എന്നതായിരുന്നു ഈ റേഡിയോയുടെ ടെക്നോളജി.
ചെറിയ DC മോട്ടോർ കറക്കി LED കത്തിക്കുന്നതിൻ്റെ പരിഷ്കൃത രൂപം എന്ന് കരുതിയാൽ മതി.
ഇക്കാലത്ത് വളരെ അപൂർവ്വമായ RL 117 free power മോഡൽ റേഡിയോ കളക്റ്റേഴ്സിൻ്റെ ഇടയിൽ ഒരു സൂപ്പർ സ്റ്റാറാണ്. എഴുതിയത് #അജിത്_കളമശേരി 14.12.2023,#ajithkalamassery

12 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്.

 12 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്. കമ്പനി വ്യത്യാസം അനുസരിച്ച് ചില പാർട്സുകളുടെ വാല്യൂ വ്യത്യാസം ഉണ്ടാകും. ഈ സർക്യൂട്ട് നന്നാക്കി പഠിക്കുന്നവരുടെ റഫറൻസിന് വേണ്ടി മാത്രം.

 

 


 

7 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്.

 7 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്. കമ്പനി വ്യത്യാസം അനുസരിച്ച് ചില പാർട്സുകളുടെ വാല്യൂ വ്യത്യാസം ഉണ്ടാകും. ഈ സർക്യൂട്ട് നന്നാക്കി പഠിക്കുന്നവരുടെ റഫറൻസിന് വേണ്ടി മാത്രം.

 


 

9 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്

 9 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്. കമ്പനി വ്യത്യാസം അനുസരിച്ച് ചില പാർട്സുകളുടെ വാല്യൂ വ്യത്യാസം ഉണ്ടാകും. ഈ സർക്യൂട്ട് നന്നാക്കി പഠിക്കുന്നവരുടെ റഫറൻസിന് വേണ്ടി മാത്രം.


 

L M 317 വേരിയബിൾ പവർ സപ്ലേ സർക്യൂട്ട്

 L M 317 വേരിയബിൾ  പവർ സപ്ലേ സർക്യൂട്ട്


 

ഒന്നര വോൾട്ട് മുതൽ 35 വോൾട്ട് DC വരെ വളരെ സ്മൂത്തായി കൺട്രോൾ ചെയ്ത് ഔട്ട്പുട്ട് നൽകുന്ന റഗുലേറ്റർ ഐസിയാണ് LM 317. ഈ വേരിയബിൾ വോൾട്ടേജ് റഗുലേറ്റർ ഐസി സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കുന്നുണ്ട്. ഒറിജിനലിനേക്കാൾ കൂടുതൽ ഡൂപ്ലികളാണ് കിട്ടുന്നതെന്ന് മാത്രം! ഈ ഐസിയുടെ ഹീറ്റ് സിങ്ക് ടാബ് ഒറിജിനലിന് നല്ല കനമുണ്ടാകും ഇത് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നല്ലത് നോക്കി വാങ്ങാം. ചൈനീസ് ചാത്തൻ്റെ ഹീറ്റ് സിങ്ക് ടാബ് പാട്ട പോലെ കനം കുറഞ്ഞതായിരിക്കും.
ഈ ഐ സിക്ക് നല്ല ഒരു ഹീറ്റ് സിങ്ക് കൊടുക്കണമെന്നുള്ള കാര്യം മറക്കരുത്. 40 വോൾട്ടാണ് മാക്സിമം DC ഇൻപുട്ട് അതിൽ കൂടുതൽ ഈ ഐ.സി താങ്ങില്ല. 40 വോൾട്ട് കൊടുത്താൽ ഒന്നര മുതൽ 35 വോൾട്ട് വരെ റഗുലേറ്റഡ് DC ലഭിക്കും. വോൾട്ടേജ് കൺട്രോൾ ചെയ്യിക്കുന്ന പൊട്ടെൻഷ്യോ മീറ്റർ വേരിയബിൾ റസിസ്റ്റൻസിൻ്റെ ശാസ്ത്രീയ നാമം) നല്ല ക്വാളിറ്റിയുള്ളത് ഉപയോഗിക്കണം. കുറച്ച് വില കൂടിയാലും വയർ വൗണ്ട് ടൈപ്പ് കിട്ടിയാൽ ഉത്തമം. ക്വാളിറ്റിയുള്ളത് ഉപയോഗിച്ചാൽ പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ തനിയെ വോൾട്ട് മാറിപ്പോകില്ല.
ചെറിയ 5 V ബ്ലൂടൂത്ത് ബോർഡുകൾ ടെസ്റ്റ് ചെയ്യാനും, വീക്കായ ലിഥിയം അയോൺ ബാറ്ററികൾ ബൂസ്റ്റ് ചെയ്യാനും, ചാർജ് ചെയ്യാനുമെല്ലാം ഇതുപകരിക്കും.
മാക്സിമം വൺ ആമ്പിയറേ ഈ ഐ സി കൈകാര്യം ചെയ്യൂ.
കൂടുതൽ ആമ്പിയർ ലഭിക്കുന്ന വിധം മാറ്റം വരുത്തിയ LM 317 വച്ചുള്ള സർക്യൂട്ട് താമസിയാതെ ഇടാം.
D1, D2 എന്നിവ പ്രൊട്ടക്ഷൻ ഡയോഡുകളാണ്. ഐസിയുടെ മൂന്നാമത്തെയും, രണ്ടാമത്തെയും പിന്നുകളിൽ നിന്ന് എർത്ത് ചെയ്തിരിക്കുന്ന 0.1 കപ്പാസിറ്ററുകൾ വളരെ പ്രധാനപ്പെട്ടതാണ്.
ഇവയില്ലെങ്കിൽ ഇൻ്റേണൽ ഓസിലേഷൻ ഉണ്ടായി ഓഡിയോ സർക്യൂട്ടുകളിൽ നോയ്സും വരും,ഐസി കൂടുതൽ ചൂടാവുകയും ചെയ്യും.
ഈ 0. I കപ്പാസിറ്ററുകൾ ഐസിയോട് ഏറ്റവും ചേർന്നിരിക്കത്തക്കവിധം സോൾഡർ ചെയ്യുക.
ഇൻപുട്ടിലും, ഔട്ട്പുട്ടിലും നിങ്ങളുടെ ആവശ്യാനുസരണമുള്ള ഫിൽറ്റർ കപ്പാസിറ്റുകൾ കൊടുക്കാവുന്നതാണ്. അവ ഈ സർക്യൂട്ടിൽ കാണിച്ചിട്ടില്ല.
24.0 ട്രാൻസ്‌ഫോർമറിൽ നിന്ന് ബ്രിഡ്ജ് റക്റ്റിഫയർ ഉപയോഗിച്ച് റക്റ്റി ഫൈ ചെയ്ത DC വോൾട്ടേജ് ആവശ്യമായ ഫിൽറ്റർ കപ്പാസിറ്ററുകൾ കൊടുത്തതിന് ശേഷം ഈ റഗുലേറ്റർ സർക്യൂട്ടിലേക്ക് നൽകുക.
ഒരു DC വോൾട്ട് മീറ്റർ ഔട്ട് പുട്ടിൽ കണക്റ്റ് ചെയ്യുന്നത് വോൾട്ടേജ് കണ്ട് മനസിലാക്കാൻ ഉപകരിക്കും.
ടെസ്റ്റ് ബഞ്ച് പവർ സപ്ലേക്കായി ഒരെണ്ണം ചെയ്ത് നോക്കൂ.

ഫ്ലൈ വീൽ ബാറ്ററി .

 

3, ഫ്ലൈ വീൽ ബാറ്ററി .
 ബാറ്ററികളുടെ പകരക്കാർ
 

 
വലിയ ഭാരമേറിയ ഫ്ലൈവീലുകൾ വായൂരഹിത വാക്വം ചേമ്പറുകളിൽ പകൽ സമയം ലഭിക്കുന്ന സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറുകളുടെ സഹായത്താൽ ഉയർന്ന വേഗതയിൽ കറക്കുകകയും, രാത്രി നേരം ഈ ഫ്ലൈവീലുകളുമായി ബന്ധിപ്പിച്ച ജനറേറ്ററുകൾ മുഖേന വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്ന സംവിധാനം.
പരമാവധി 4 മുതൽ 5 മണിക്കൂർ നേരം വരെയൊക്കെയേ ഈ ഫ്ലൈവീൽ ബാറ്ററിയിൽ സംഭരിക്കപ്പെട്ട കൈനറ്റിക് എനർജിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം സാദ്ധ്യമാകൂ. എന്നിരുന്നാലും പീക്ക് ലോഡ് കൈകാര്യം ചെയ്യാൻ ഈ സംവിധാനം ഉപകരിക്കും.
സഞ്ചരിക്കുന്ന മേഖങ്ങൾ സൂര്യനെ മറയ്ക്കുന്നത് മൂലം സോളാർ വൈദ്യുതി ഉൽപ്പാദനത്തിൽ ചില നേരങ്ങളിൽ അടിക്കടി ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാനാണ് ഫ്ലൈ വീൽ ബാറ്ററികൾ കൂടുതലായി വൻകിട സോളാർ പാടങ്ങളിൽ ഉപകരിക്കുന്നത്.
ഇരുപതിനായിരം മുതൽ അൻപതിനായിരം വരെയുള്ള ഉയർന്ന വേഗതയിലാണ് ഇൻഡസ്ട്രിയൽ ഫ്ലൈ വീൽ ബാറ്ററികൾ പ്രവർത്തിക്കുന്നത്.
തേയ്മാനം ഒഴിവാക്കാനായി മാഗ്നെറ്റിക് സസ്പെൻഷൻ ബയറിങ്ങുകളിലാണ് ഇവയുടെ കറക്കം. ഫ്ലൈ വീൽ ഷാഫ്റ്റിനോട് ബന്ധപ്പെട്ട ഒരു ജനറേറ്റർ വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്നു.
ഒരു ഹൈടോർക്ക് വേരിയബിൾ സ്പീഡ് മോട്ടോർ ഉപയോഗിച്ചാണ് ഇവയിലേക്ക് കറങ്ങുന്നതിനാവശ്യമായ പവർ നൽകുന്നത്.
1950 കളിൽ സ്വിറ്റ്സർലാണ്ടിൽ ഗൈറോ ബസുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫ്ലൈ വീൽ അസിസ്റ്റ്ഡ് ഇലക്ട്രിക്കൽ ബസുകൾ നിലവിലുണ്ടായിരുന്നു.
ഉന്തി വിട്ടാൽ തനിയെ കുറച്ച് നേരം ഓടുന്ന കളിപ്പാട്ട കാറുകളിൽ നമുക്ക് ഈ ഫ്ലൈ വീൽ ബാറ്ററിയുടെ പ്രാഗ്രൂപം പണ്ടേ പരിചിതമാണല്ലോ.എഴുതിയത് അജിത് കളമശേരി .14.04.2024

പമ്പ്ഡ് സ്റ്റോറേജ്.

 

2. പമ്പ്ഡ് സ്റ്റോറേജ്.
 
 ബാറ്ററികളുടെ പകരക്കാർ

 
 
 
വില കുറവിൽ വൈദ്യുതി ലഭിക്കുന്ന പകൽ നേരത്ത് ആ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വലിയ പമ്പ് സെറ്റുകൾ ഉപയോഗിച്ച് താഴെയുള്ള ജലസംഭരണിയിലെ ജലം മുകളിലെ വലിയ ഡാമുകളിലേക്കോ ,വലിയ സ്റ്റോറേജ് ടാങ്കുകളിലേക്കോ അടിച്ച് കയറ്റി, വൈദ്യുതിക്ക് വില കൂടുതലുള്ള രാത്രി നേരം മുകളിലെ സ്റ്റോറേജിലെ ജലം ഉപയോഗിച്ച് ടർബൈനുകൾ കറക്കി വീണ്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.
കൊടുക്കുന്ന കറണ്ട് ഒട്ടും പാഴാക്കാതെ ഉപയോഗിക്കുന്ന BLDC ടെക്നോളജിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ലഭ്യമായ ഇക്കാലത്ത് സോളാർ അസിസ്റ്റ്ഡ് പമ്പ്ഡ് സ്റ്റോറേജ് പവർ പ്ലാൻ്റുകൾ ഉപയോഗിച്ചാൽ ഇപ്പോൾ വെറുതെ പാഴാകുന്ന സൂര്യൻ്റെ ഓരോ വാട്ടും പ്രയോജനപ്പെടുത്താൻ നമുക്കാകും.
ഇവിടെ ചിലവേറിയ ദീർഘനാൾ ഈട് നിൽക്കാത്ത ,പരിസ്ഥിതി സൗഹാർദ്ദമല്ലാത്തകെമിക്കൽ ബാറ്ററികൾക്ക് പകരമായി വൈദ്യുതി സംഭരണത്തിന് ജലം ഉപയോഗിക്കുന്നു.
ഓപ്പൺ ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ്, ക്ലോസ്ഡ് ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് തരം സ്റ്റോറേജുകളാണ് സാധാരണ ഉപയോഗത്തിലുള്ളത്.
ആദ്യ പമ്പ്ഡ് സ്റ്റോറേജ് സ്വിറ്റ്സർലാൻ്റിൽ 1907 ൽ ആരംഭിച്ചു.
ഇന്ത്യയിലും വൻകിട പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റുകൾ നിലവിലുണ്ട്. പരുളിയ പമ്പ്ഡ് സ്റ്റോറേജ് പവർ പ്ലാൻ്റ് വെസ്റ്റ് ബംഗാൾ,900 MW ,മദ്ധ്യപ്രദേശിലെ ഗാന്ധി സാഗർ അടക്കം 13 ൽ അധികം വൻകിട പ്രൊജക്റ്റുകൾ നിലവിലുണ്ട്. പ്രൈവറ്റ് സെക്റ്ററിൽ JSW, ANDRITZ അടക്കം സ്വകാര്യ കമ്പനികളുടെ പ്രൊജക്റ്റുകൾ പണി തീർന്ന് വരുന്നു.
കേരളത്തിലും പമ്പ്ഡ് സ്റ്റോറേജ് പവർ പ്ലാൻ്റുകൾക്ക് അനന്തമായ സാദ്ധ്യതകളാണുള്ളത്.
അപ്പർ റിസർവോയറിൽ നിന്ന് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയുന്ന വിധം ഫ്ലോട്ടിങ്ങ് സോളാർ പാടങ്ങൾ സജ്ജീകരിക്കുന്നതിലൂടെ അതിൽ നിന്നുള്ള ചിലവ് കുറഞ്ഞ വൈദ്യുതിയും, പുരപ്പുറ സോളാർ പ്ലാൻ്റ് ഫിറ്റ് ചെയ്തിരിക്കുന്ന സാധാരണക്കാരുടെ ഗ്രിഡിലേക്കൊഴുകുന്ന മിച്ച വൈദ്യുതിയും ഉപയോഗിച്ച് KSEBക്ക് കുറഞ്ഞ ചിലവിൽ
ഡാമിൽ നിന്നും പകൽനേരം വൈദ്യുതി ഉപയോഗിച്ച ശേഷം ഒഴുക്കി കളയുന്ന വെള്ളത്തിൻ്റെ ഒരു ഭാഗം തിരികെ ഡാമിലേക്ക് പമ്പ് ചെയ്ത് കയറ്റി രാത്രിയിലെ പീക്ക് അവറുകളിൽ ധാരാളം വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്നതാണ്. പുരപ്പുറ സോളാർ ഫിറ്റ് ചെയ്തവർക്ക് സമയത്തിന് വല്ല കാശും കൊടുക്കുന്നെങ്കിൽ അതിനുള്ളതും ഇതിൽ നിന്ന് കിട്ടും.!
ചിത്രം ആൻഡ്രിറ്റ്സ് കമ്പനിയുടെ പമ്പ്ഡ് പവർ പ്ലാൻ്റ് അപ്പർ റിസർവോയർ. എഴുതിയത് അജിത് കളമശേരി .14.04.2024

ഗ്രാവിറ്റി ബാറ്ററി അഥവാ കോൺക്രീറ്റ് ബാറ്ററി.

 

1.ഗ്രാവിറ്റി ബാറ്ററി അഥവാ കോൺക്രീറ്റ് ബാറ്ററി.
 
 ബാറ്ററികളുടെ പകരക്കാർ

 
 
ടൺ കണക്കിന് ഭാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ പകൽ സുലഭമായി ലഭിക്കുന്ന സോളാർ എനർജി ഉപയോഗിച്ച് വലിയ മോട്ടോറുകളുടെ സഹായത്തോടെ ഉയരങ്ങളിലേക്ക് ഉയർത്തി അടുക്കി സൂക്ഷിക്കുന്നു.. വൈദുതി കൂടുതൽ ആവശ്യമായ രാത്രി സമയത്ത് ഈ ഉയർത്തി സൂക്ഷിച്ചിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ തിരികെ താഴേക്ക് കയറ്റാൻ സഹായിച്ച അതേ മോട്ടോറിൻ്റെ സഹായത്താൽ തിരികെ ഇറക്കുന്നു. ഈ സമയത്ത് കോൺക്രീറ്റ് ബ്ലോക്കുകളിൽ ലഭ്യമായ കൈനറ്റിക് എനർജിയുടെ സഹായത്താൽ തിരിഞ്ഞ് കറങ്ങുന്ന മോട്ടോർ ഒരു ഡൈനാമോ പോലെ പ്രവർത്തിച്ച് വൻതോതിൽ വൈദ്യുതി പുറത്തേക്ക് നൽകുന്നു.ഈ വൈദ്യുതി ഗ്രിഡിലേക്ക് നൽകി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. ഗ്രാവിറ്റിസിറ്റി, എനർജി വോൾട്ട് എന്നീ രണ്ട് സ്റ്റാർട്ടപ്പ് കമ്പനികളാണ് ഈ സാങ്കേതിക വിദ്യകളിലെ പ്രമുഖർ.ഇതിൽ ഗ്രാവിറ്റി സിറ്റി ഉപേക്ഷിക്കപ്പെട്ട വലിയ ഖനികളുടെ ആഴങ്ങളിൽ നിന്ന് വലിയ കോൺക്രീറ്റ് ഭാരങ്ങൾ പകൽ സമയം മുകളിലേക്ക് ഉയർത്തുന്ന അണ്ടർ ഗ്രൗണ്ട് ടെക്നോളജിയും, എനർജി വോൾട്ട് ഭുമിയിൽ സ്ഥാപിച്ച വലിയ ടവറുകളുടെ മുകളിലേക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ ഉയർത്തുന്ന ടെക്നോളജിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഏതാണ്ട് 50 വർഷമാണ് ഈ ബാറ്ററിയുടെ ആയുസ് കണക്കാക്കുന്നത്. സാങ്കേതിക വിദ്യ വളരുമ്പോൾ വൈദ്യുതി നിർമ്മിക്കുന്ന ടർബൈനുകളുടെ സാങ്കേതിക വിദ്യ പുതുക്കി വൈദ്യുതി ഉൽപ്പാദനം ഇരട്ടിയോ അതിലധികമോ ആയി വർദ്ധിപ്പിക്കാൻ അധികച്ചലവ് തുഛം എന്ന മേന്മയുമുണ്ട്. എഴുതിയത്.
ഗ്രാവിറ്റി ബാറ്ററിയെക്കുറിച്ചെഴുതിയ വിശദമായ ലേഖനം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം.