CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, October 12, 2024

കറണ്ട് കള്ളൻ സർക്യൂട്ട്

 കറണ്ട് കള്ളൻ സർക്യൂട്ട്

 

 


ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹോബീ സർക്യൂട്ടുകളിൽ ഒന്നായ കറണ്ട് കള്ളൻ സർക്യൂട്ടിന് ( ജൂൾ തീഫ് ) 25 വയസ്.
ഉപയോഗ ശൂന്യമായ ബാറ്ററികൾ ഉപയോഗിച്ച് വീണ്ടും പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന ഒരു ടെക്നീഷ്യൻ്റെ നിരന്തര അന്വോഷണത്തിൻ്റെ ഉൽപ്പന്നമാണ് ഈ കറണ്ട് കള്ളൻ സർക്യൂട്ട്.
എവിടെ നിന്നും ഒന്നും കട്ടെടുക്കുന്നില്ല. പഴയ ബാറ്ററികളിൽ അവശേഷിക്കുന്ന ഊർജ്ജം ഊറ്റിയെടുക്കുന്നതേയുള്ളൂ എന്നതിനാൽ
കറണ്ട് കള്ളൻ (ജൂൾ തീഫ് )എന്ന പേര് ഈ സർക്യൂട്ടിന് അത്ര യോജിക്കുന്നില്ല എങ്കിലും ലോകമാകമാനം പ്രയോഗിച്ച് വരുന്നതിനാൽ നമ്മളായിട്ട് ഇനി മാറ്റമൊന്നും വരുത്തുന്നില്ല.
തുടക്കക്കാർക്ക് ഈ സർക്യൂട്ടിലെ ടൊറോയിഡ് കോർ വൈൻഡിങ്ങ് അൽപ്പം ബുദ്ധിമുട്ടായി തോന്നിയേക്കാമെങ്കിലും ഒന്ന് രണ്ട് പ്രാവശ്യം ശ്രമിച്ചാൽ പിന്നെ വളരെ ഈസിയായിരിക്കും.
വെറും 1.5 വോൾട്ട് കൊടുത്താൽ അനുയോജ്യമായ വൈൻഡിങ്ങും, ട്രാൻസിസ്റ്ററുകളും ഉപയോഗിച്ചാൽ 300 മടങ്ങ് ഇരട്ടി വോൾട്ടേജ് വരെ വളരെ സിമ്പിളായി ഈ കറണ്ട് കള്ളൻ സർക്യൂട്ട് നൽകും. 1.5 വോൾട്ട് കൊടുത്ത് 1531 വോൾട്ട് ഉൽപ്പാദിപ്പിച്ചതാണ് ജൂൾ തീഫ് സർക്യൂട്ടിൻ്റെ ലോക റിക്കോർഡ്.
നമ്മൾ ഇവിടെ ഉണ്ടാക്കുന്ന സർക്യൂട്ട് ഉപയോഗിച്ച് അത്ര ഉയർന്ന വോൾട്ടേജൊന്നും കിട്ടില്ല കേട്ടോ.മാക്സിമം ഒരു 25 വോൾട്ടൊക്കെ ലഭിച്ചേക്കാം.
LED ലോഡ് കൊടുക്കാതെ സർക്യൂട്ട് ഓൺ ചെയ്താൽ ട്രാൻസിസ്റ്റർ ചീത്തയായി പോകാൻ സാദ്ധ്യതയുണ്ട് എന്ന കാര്യം ഓർമ്മയിൽ വയ്ക്കണം.
1999 നവംബർ മാസം പുറത്തിറങ്ങിയ എവരിഡേ പ്രാക്റ്റിക്കൽ ഇലക്ട്രോണിക്സ് മാഗസിൻ എന്ന പ്രസിദ്ധീകരണത്തിലെ ഹോബി സർക്യൂട്ട് സെക്ഷനിൽ Z. Kaparnik എന്ന ഹോബിയിസ്റ്റാണ് ഈ സർക്യൂട്ട് ഡിസൈൻ ചെയ്ത് പ്രസിദ്ധീകരിച്ചത്.
പിന്നീട് നൂറു കണക്കിന് വ്യത്യസ്ത സർക്യൂട്ടുകൾ ഈ സർക്യൂട്ട് ബേസ് ചെയ്ത് ഡിസൈൻ ചെയ്യപ്പെട്ടു.
ഒരു 1.5 വോൾട്ട് സെൽ ഉപയോഗിച്ച് ഏതാണ്ട് ഒരു വർഷം വരെ ഒരു LED തെളിക്കാൻ ഈ സർക്യൂട്ടിന് കഴിയും. ഉയർന്ന വോൾട്ടേജ് ലഭിക്കുമെങ്കിലും 30 മില്ലി ആമ്പിയറിൽ കൂടുതൽ കറണ്ട് നൽകാൻ ഈ സർക്യൂട്ടിന് കെൽപ്പില്ല.അതിനാൽ മോട്ടോർ പോലുള്ളവ ഈ സർക്യൂട്ടിൽ ഓടില്ല.
സിലിക്കോൺ ട്രാൻസിസ്റ്ററിൻ്റെ ബേസ് കണ്ടക്ഷന് വേണ്ട മിനിമം വോൾട്ടേജായ 0.6 ബാറ്ററിയിൽ ഉണ്ടെങ്കിൽ ഈ സർക്യൂട്ട് പ്രവർത്തിക്കും.പ്രത്യേക തരം മോസ് ഫെറ്റുകൾ ഉപയോഗിച്ചാൽ 0.1 വോൾട്ടിൽ പോലും ജൂൾ തീഫ് സർക്യൂട്ട് പ്രവർത്തിക്കുന്നുണ്ട്.
കീഹോൾ ഫൈൻഡർ ,ഒറ്റ സെൽ ടോർച്ച്, സൈക്കിൾ ഹസാർഡ് ലൈറ്റ്, സോളാർ പവേർഡ് ഫ്ലാഷർ, ഹീറ്റ് എനർജി വൈദ്യുതിയാക്കുന്ന പെൽട്ടിയർ മോഡ്യൂളിനൊപ്പം, കാറ്റിൻ്റെ ഗതിയും, ശക്തിയും അളക്കുന്ന സെൻസറായി എന്നിങ്ങനെ വിവിധങ്ങളായ ധാരാളം ഉപയോഗങ്ങൾക്കായി ഈ ജൂൾ തീഫ് സർക്യൂട്ട് ഉപയോഗിക്കുന്നു.
ഹൈവേകളിലൂടെ പോകുമ്പോൾ അപകട മേഖലകളിൽ രാത്രി നേരം ഡ്രൈവർമാരുടെ ശ്രദ്ധ വേഗം ആകർഷിക്കുന്നതിനായി നിരത്തിൽ അടിച്ചുറപ്പിച്ചിരിക്കുന്ന സോളാർ പവേർഡ് LED ബ്ലിങ്കറുകൾ കണ്ടിട്ടില്ലേ ഇവയിൽ ജൂൾ തീഫ് സർക്യൂട്ട് ഉപയോഗിക്കുന്നുണ്ട്.
സർക്യൂട്ട് നോക്കുക വളരെ ലളിതമാണിത്. ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ചോക്ക്, SMPS എന്നിവയിൽ നിന്നും ഒരു ടോറോയിഡ് അഴിച്ചെടുക്കുക.
 
 
 

 
അതിലേക്ക് ഒരു മീറ്റർ ഹുക്കപ്പ് വയർ അല്ലെങ്കിൽ 27 SWG ഇൻസുലേറ്റഡ് കോപ്പർ വയർ എടുത്ത് രണ്ടായി ഒപ്പം മടക്കി 20 ചുറ്റുകൾ ചുറ്റുക.
എളുപ്പത്തിന് വേണ്ടി രണ്ട് കളർ വയറുകൾ അര മീറ്റർ വീതം എടുക്കാം.
സർക്യൂട്ട് നോക്കുക, ചുവന്ന ഡോട്ട് വയറിൻ്റെ തുടക്കവും കറുത്ത ഡോട്ട് എൻഡും സൂചിപ്പിക്കുന്നു.
A എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പ്രൈമറി സെക്ഷൻ ചുവന്ന വയറും B എന്ന സെക്കൻഡറിയിലെ പച്ച വയറും ശ്രദ്ധിക്കുക .
ചുവന്ന വയറിൻ്റെ സ്റ്റാർട്ടും, പച്ച വയറിൻ്റെ എൻഡും തമ്മിൽ കൂട്ടി പിരിച്ച് അവിടെ ബാറ്ററിയുടെ പോസിറ്റീവ് കൊടുക്കണം.
ചുവന്ന വയറിൻ്റെ എൻഡിൽ ഒരു 1 K റസിസ്റ്റർ കൊടുത്ത് BC 547 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ കൊടുക്കുക. പച്ച വയറിൻ്റെ സ്റ്റാർട്ട് ട്രാൻസിസ്റ്ററിൻ്റെ കളക്റ്ററിൽ കൊടുക്കണം.
LED ട്രാൻസിസ്റ്ററിൻ്റെ കളക്റ്ററും, എമിറ്ററും തമ്മിൽ സോൾഡർ ചെയ്യുക.
LED ക്ക് സീരീസ് റസിസ്റ്റർ ആവശ്യമില്ല. വർക്കിങ്ങ് വോൾട്ടേജ് 3.2 ആയ നീല, വെള്ള LED കൾ 0.6 വോൾട്ടേജ് മാത്രമുള്ള ഉപയോഗശൂന്യമായ ബാറ്ററിയിൽ പോലും സുഗമമായി പ്രകാശിക്കും.
1.5 വോൾട്ട് റിമോട്ട് ബാറ്ററിയിൽ ആറ് മാസത്തിലധികം പ്രകാശത്തിൽ കാര്യമായ കുറവില്ലാതെ തുടർച്ചയായി ഈ സർക്യൂട്ട് ഞാൻ പ്രവർത്തിപ്പിച്ച് പരീക്ഷിച്ചിട്ടുണ്ട്..
ടോറോയിഡിൻ്റെ കാര്യത്തിൽ പ്രത്യേക തരം തന്നെ വേണമെന്നില്ല. നിങ്ങളുടെ കൈവശം ലഭ്യമായതുപയോഗിക്കാം.
ഞാൻ പഴയ കമ്പ്യൂട്ടർ SMPS ൽ നിന്നൂരിയ ടോറോയിഡാണു പയോഗിച്ചത്... പഴയ CFL ചോക്കിൽ നിന്നും. ഊരിയെടുത്ത ചെറിയ തരവും ഉപയോഗിച്ചു സക്സസായി..
ചെറിയ കോറുകൾ ഉപയോഗിക്കുമ്പോൾ വണ്ണം കുറഞ്ഞ കോപ്പർ വയർ കൂടുതൽ ചുറ്റുകൾ വേണ്ടിവരും. 30 SWG ഇൻസുലേറ്റഡ് കോപ്പർ വയർ 50 ടേൺസ് വീതം ഉപയോഗിച്ചാണ് CFL ടോറോയിഡ് വൈൻഡ് ചെയ്തത്.
ഒരു പഴയ 12 വോൾട്ട് 5 A ട്രാൻസ്ഫോർമർ. സെക്കൻഡറി പൊളിച്ചെടുത്ത ചെമ്പുകമ്പി ഉപയോഗിച്ചാണ് SMPS ൽ നിന്നെടുത്ത ടോറോയിഡ് വൈൻഡ് ചെയ്തെടുത്തത്.
വണ്ണം കൂടിയ കോപ്പർ വയർ ഉപയോഗിക്കുമ്പോൾ ടേൺസ് എണ്ണം 10+10 ഒക്കെ മതിയാകും.
നിങ്ങളുടെ കൈവശമുള്ള BC 546,BC 547, BC 548,2N 2222,2N 3904ഏത് ജനറൽ പർപ്പസ് NPN ട്രാൻസിസ്റ്റർ വേണമെങ്കിലും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം..ഒരു ചെറിയ കോമൺPCB യിൽ ഈ സർക്യൂട്ട് അസംബിൾ ചെയ്യാം
സമയം കിട്ടുമ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കൂ..രസകരമായിരിക്കും
ഒരിക്കൽ പ്രകാശിച്ച് കഴിഞ്ഞാൽ 0.6 വോൾട്ടിലും താഴെ ബാറ്ററി വോൾട്ട് കുറഞ്ഞാലും ഈ സർക്യൂട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കും എന്ന വിശദീകരിക്കാനാകാത്ത ശാസ്ത്ര തത്വവും ഈ സർക്യൂട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു.
ഞാനുണ്ടാക്കിയ കറണ്ട് കള്ളൻ 0.49 വോൾട്ട് മാത്രമുള്ള ബാറ്ററിയിൽ നിന്നും നീല LED പ്രകാശിപ്പിക്കുന്നത് ചിത്രത്തിൽ കാണാം!
.Ajith Kalamassery 12.10.2024

Sunday, September 29, 2024

ഓർമ്മക്കുറിപ്പുകൾ

 ഓർമ്മക്കുറിപ്പുകൾ

 


1980 കാലഘട്ടത്തിൽ ഏതാണ് 35- 40 വർഷം മുമ്പ്  കേരളത്തിലെ ഇലക്ട്രിസിറ്റി യുടെ ഈറ്റില്ലം ആയ ഇടുക്കി ജില്ലയിലെ ചേലച്ചുവടു, കഞ്ഞി ക്കുഴി, മുരുക്കാശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇലക്ട്രിസിറ്റി ഇല്ലാത്തതു കൊണ്ട്  6 voltil work ചെയ്യുന്ന ഒരു soldering iron വാങ്ങി  12 volt 60 ah
2  ഓട്ടോമൊബൈൽ ബാറ്ററിയും മേടിച്ചു  വെച്ച്  അതിൽ 6 volt ടെർമിനലിൽ  soldering iron connect ചെയ്തു ഒരു ദിവസ്സം iron ആവശ്യത്തിന് മാത്രം ഓൺ ചെയ്തത് 6 volt ഡൗൺ ആകുമ്പോൾ അടുത്ത 6 volt സൈഡിൽ കൊടുത്ത്  2,3 ദിവസ്സം ഒരു ബാറ്ററി ഉപയോഗിക്കും. അടുത്ത ബാറ്ററി ചാർജ് ചെയ്യാൻ 20,25 കിലോ മീറ്റർ ദൂരെ ബാറ്ററി ചാർജ്ജിംഗ് ഉളളടുത്ത് കൊടുത്തിട്ടുണ്ടാകും.അതു കിട്ടിയാൽ മാത്രമേ പണി നടക്കൂ.


1980 മുതൽക്ക് തന്നെ ബാംഗ്ലൂർ കണക്ഷൻ ഉണ്ടായിരുന്നതിനാൽ  ഇലക്ടർ മാസികയിൽ പരസ്യം കണ്ട ഉടൻ തന്നെ ഇത്തരമൊരെണ്ണം വാങ്ങാനായി.


അന്ന് വാങ്ങിയ അയേൺ കവർ ഉൾപ്പടെ സൂക്ഷിച്ചിരുന്നത് ഇന്ന് ഒരു പഴയ പെട്ടിയിൽ നിന്നും കിട്ടി.
അതിൻ്റെ ഫോട്ടോയാണ് ഇതോടൊപ്പം.

ഇന്നത്തെ യുവതലമുറയിലെ  ഭൂരിഭാഗം പേരും ഇത്തരം 6 Volt സോൾഡറിങ്ങ് അയേൺ കണ്ടിട്ടുപോലുമുണ്ടാവില്ല.


ഒരു സീനിയർ ടെക്നീഷ്യനായ അരവിന്ദാക്ഷൻ സാറിൻ്റെ ഓർമ്മക്കുറിപ്പുകൾ പകർത്തിയത്.29.09.2024

Tuesday, September 3, 2024

25 വാട്ടിൻ്റെ ഹൈ പവർ ക്ലാസ് A

               25 വാട്ടിൻ്റെ ഹൈ പവർ ക്ലാസ് A

 


 

കഴിഞ്ഞ ദിവസം ഗ്രൂപ്പിലിട്ട സിംഗിൾ എൻഡ് ക്ലാസ് A മോസ് ഫെറ്റ് ആംപ്ലിഫയറിലും പവർ കൂടിയ ഒരു സർക്യൂട്ട് ഇടാമോ എന്ന് ധാരാളം പേർ ആവശ്യപ്പെട്ടിരുന്നു. ഇതാ 25 വാട്ടിൻ്റെ ഹൈ പവർ ക്ലാസ് A അതും വില കുറഞ്ഞു TIP 3055 ട്രാൻസിസ്റ്റർ ഉപയോഗിച്ച്.
ഈ സൂപ്പർ സിമ്പിൾ സർക്യൂട്ട് അസംബിൾ ചെയ്ത് നോക്കൂ.. ട്രാൻസ് ഫോർമർ X 1 എന്നത് പഴയ 300 VA കമ്പ്യൂട്ടർ UPS ൻ്റെ പവർ ട്രാൻസ്ഫോർമറാണ്. അതിൻ്റെ 230 വോൾട്ട് സൈഡ് മാത്രം ഉപയോഗിക്കുക.. രണ്ടിലധികം വയറുകൾ കാണപ്പെടുന്നുണ്ടെങ്കിൽ അതിൽ മൾട്ടി മീറ്റർ വച്ച് നോക്കിയാൽ കൂടിയ റസിസ്റ്റൻസ് കാണിക്കുന്ന 2 വയറുകൾ നമ്മുടെ ആവശ്യത്തിന്ന് ഉപകരിക്കുന്നവയായിരിക്കും.
C5, C 7 എന്നിവ സർക്യൂട്ടിലെ ഹമ്മിങ്ങ് ,അനാവശ്യ ഓസിലേഷൻ മുതലായവ ഒഴിവാക്കുന്നതിനാണ്. Q1 BD 139 നും ഹിറ്റ് സിങ്ക് വേണം.
Q 2 വിൻ്റെ ബേസ് ബയാസ് 0.650 വോൾട്ടായി ക്രമ പ്പെടുത്തണം. ഇതിനായി P1 എന്ന 470 K പ്രീ സെറ്റ് പതിയെ തിരിച്ചാൽ മതി. മീറ്റർ കണക്റ്റ് ചെയ്ത് വച്ചിട്ട് വേണം പ്രീ സെറ്റ് അഡ്ജസ്റ്റ് ചെയ്യാൻ. സാമാന്യം തെറ്റില്ലാത്ത ഓഡിയോ ക്വാളിറ്റി ഈ സർക്യൂട്ടിനുണ്ട്. മുൻപ് പ്രസിദ്ധീകരിച്ച മോസ് ഫെറ്റ് ആമ്പിൻ്റെ ശബ്ദ ശുദ്ധി ഇതിന് പ്രതീക്ഷിക്കരുത്. ഉയർന്ന വോളിയത്തിൽ ഡിസ്ടോർഷൻ അനുഭവപ്പെടുന്നു എങ്കിൽ അത് നമ്മൾ ഉപയോഗിക്കുന്ന X 1 ട്രാൻസ്ഫോർമറിൻ്റെ പ്രശ്നമാണ്. ഇത് പരിഹരിക്കാൻ ബയാസ് വോൾട്ടേജ് ഏതാനും മില്ലി വോൾട്ട് കൂട്ടി നോക്കുക. ബയാസ് വോൾട്ടേജ് കൂടുന്തോറും ട്രാൻസിസ്റ്റർ അതിനനുസരണമായി ഹീറ്റാകും. നല്ല ഹീറ്റ് സിങ്കിൽ ട്രാൻസിസ്റ്റർ ഉറപ്പിക്കണം.
12 മുതൽ 50 വരെ വോൾട്ട് 5 ആമ്പിയർ DC നൽകാം. മോർ വോൾട്ട് മോർ വാട്ട്.
അപ്പോൾ ഹാപ്പി അസംബ്ലിങ്ങ്. ഓഡിയോ തൽപ്പരരായ ഹോബിയിസ്റ്റുകൾക്കായി കുറഞ്ഞ ചിലവിൽ ചെയ്തു നോക്കാനായി പ്രസിദ്ധീകരിക്കുന്ന സർക്യൂട്ടാണിത്. പ്രൊഫഷണൽ ക്വാളിറ്റിയൊന്നും പ്രതീക്ഷിക്കരുത്.
അൽപ്പം മിനക്കെട്ടാൽ ശബ്ദ ശുദ്ധി വരുത്താം.
അടുത്ത മാസം ഇറക്കുന്ന e ബുക്കിൽ ഈ സർക്യൂട്ടിൻ്റെ PCBഡിസൈനും, X 1 ട്രാൻസ്ഫോർമറിൻ്റെ വയൻ്റിങ്ങ് ഡീറ്റെയിൽസും ഉൾപ്പെടുത്തുന്നുണ്ട്.അജിത് കളമശ്ശേരി.
 
 
 

സിമ്പിൾ ഡൗൺ കൺവെർട്ടർ

              സിമ്പിൾ ഡൗൺ കൺവെർട്ടർ

 



 
ഹോബിയിസ്റ്റുകൾ സാധാരണ അഭിമുഖീകരിക്കാറുള്ള ഒരു പ്രശ്നമാണ് ഉയർന്ന വോൾട്ടേജിൽ നിന്നും താഴ്ന്ന വോൾട്ടേജിലേക്കുള്ള കൺവെർഷൻ.

60 വോൾട്ട് ആംപ്ലിഫയർ സപ്ലേ മാത്രം ലഭ്യമാണ് പക്ഷേ വാങ്ങിക്കൊണ്ടു വന്ന സബ് ഫിൽറ്റർ PCB 18 വോൾട്ടിൻ്റെ യാണ് എന്ത് ചെയ്യും? സാധാരണ വിപണിയിൽ ലഭ്യമായ ഡൗൺ കൺവെർട്ടർ PCB മാക്സിമം 45 വോൾട്ടിൽ നിന്നും അതിന് താഴെയുള്ള വോൾട്ടിലേക്ക് കുറയ്ക്കാനേ സാധിക്കൂ.. 60 വോൾട്ട് കൊടുത്താൽ ഡൗൺ കൺവെർട്ടർ PCB അടിച്ച് പോകും.

ഇതിനൊരു ചെറിയ പരിഹാരമാണ് ഈ സർക്യൂട്ട്  R1,2,3,4 എന്നിവയെല്ലാം 1K5 വൺവാട്ട് റസിസ്റ്റൻസാണ്

 ഈ റസിസ്റ്ററുകൾ നന്നായി ചൂടാകും ,ഈ ചൂട് വേഗം അന്തരീക്ഷത്തിലേക്ക് ലയിപ്പിക്കാനാണ് 2 എണ്ണം സീരീസായി കൊടുത്തിരിക്കുന്നത്.സെനർ ഡയോഡുകൾ ആവശ്യമുള്ള ഔട്ട്പുട്ട്  വോൾട്ടിനനുസരണമായി ഉപയോഗിക്കാം. വൺവാട്ടിൽ താഴെയുള്ളത് ഉപയോഗിക്കരുത്. 

 DC മോട്ടോർ പോലെ അധികം ആമ്പിയർ എടുക്കുന്ന സാമഗ്രികൾ ഒന്നും ഇതുപയോഗിച്ച് ഓടില്ല.


100 മില്ലി ആമ്പിയറിൽ താഴെ കറണ്ടെടുക്കുന്ന സബ് ഫിൽറ്റർ, ബാസ് & ട്രബിൾ, ഒക്കെ സുഗമമായി പ്രവർത്തിക്കും.

60 വോൾട്ടിലും ഉയർന്ന വോൾട്ടിനെ കുറയ്ക്കേണ്ടി വരുമ്പോൾ R1, R2 റസിസ്റ്റൻസുകളുടെ ഇടയിൽ നിന്നും R3, R4 റസിസ്റ്റൻസുകളുടെ മദ്ധ്യഭാഗത്തേക്ക് ഓരോ സെനർ ഡയോഡുകൾ കണക്റ്റ് ചെയ്യണം ചിത്രം 2 നോക്കുക.ഈ സെനറുകളുടെ വോൾട്ടേജ് അൽപ്പം ഉയർന്നതായിരിക്കണം.

 100 വോൾട്ട് കുറയ്ക്കുവാനായി 48 V വൺ വാട്ട് സെനറുകൾ ഉപയോഗിക്കുക.R1, R3 വാല്യൂ 3K3 വൺ വാട്ട് വീതമായി ഉയർത്തുക


ഉയർന്ന വോൾട്ടുകൾ ഡൗൺ കൺവെർട്ട് ചെയ്യുമ്പോൾ സിസ്റ്ററുകൾ നന്നായി ചൂടാകുന്നുവെങ്കിൽ അവയുടെ വാല്യൂ അൽപ്പം കൂട്ടികൊടുക്കുക .. ട്രയൽ & എറർ മെത്തേഡ് എന്ന് ഇതിനെ പറയും.







Saturday, July 6, 2024

മറുനാട്ടിൽ ഒരു ഇലക്ട്രോണിക്സ് മലയാളി

 






 മറുനാട്ടിൽ ഒരു ഇലക്ട്രോണിക്സ് മലയാളി

കേരളത്തിൽ നിന്നും മുംബൈ മഹാനഗരത്തിൽ എത്തി ഇലക്ട്രോണിക്സ് രംഗത്ത് സ്വയം ഒരു ജീവിത പന്ഥാവ് വെട്ടിത്തുറന്ന് വിജയകരമായി മുന്നേറുന്ന ഒരു പ്രവാസി മലയാളിയെയാണ് ഇത്തവണ നിങ്ങൾക്കായി  പരിചയപ്പെടുത്തുന്നത്.


ശശിധരൻ ദാമോദരൻ എന്ന പേര് ഫേസ് ബുക്കിലും, ഇൻസ്റ്റയിലുമെല്ലാം ഇലക്ട്രോണിക്സ് പേജുകൾ പിൻ തുടരുന്നവർ ശ്രദ്ധിക്കാറുണ്ട്.

കണ്ണൂരിലെ നാലാംപീടികയിൽ നിന്ന് 
1992 ൽ കേരളം വിട്ട ശശിധരൻ സർ 92 മുതൽ 98 വരെ സൗദിയിൽ ജോലി ചെയ്തു.

 2000 ആണ്ടിൽ ഫെവിക്കോൾ നിർമ്മാതാക്കളായ പിഡിലൈറ്റ് ഇൻഡസ്ട്രീസിൽ  കോർപ്പറേറ്റ് കമ്യൂണിക്കേഷൻ & ഐ റ്റി സെക്ഷൻ മാനേജരായി ജോലിയിൽ പ്രവേശിച്ചതോടെ മുംബൈയിൽ എത്തി.

12 വർഷം അവിടെ ജോലി ചെയ്ത ശേഷം റിസൈൻ ചെയ്തു, തൻ്റെ പാഷനായ ഫോട്ടോഗ്രാഫിയും, ചിത്രകലയും  പരിപോഷിപ്പിക്കാനും ഒപ്പം ഒരു ജീവിതമാർഗ്ഗമായും ലെൻസ് മാജിക് എന്ന പ്രൊഫഷണൽ ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫി ഡിസൈൻ സ്റ്റുഡിയോ 2012 ൽ  മുംബൈ കല്യാണിൽ ആരംഭിച്ചു.




മിസ് നവി മുംബൈ പോലുള്ള ഫാഷൻ ഷോകളുടെ കണ്ടക്റ്റിങ്ങ് ഫോട്ടോഗ്രാഫറായും, ഇന്ത്യയിലെ തന്നെ പ്രമുഖ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടായ JD ഫാഷൻ ടെക്നോളജിയിൽ മറ്റ് ഫോട്ടോഗ്രാഫർമാരെ ഫാഷൻ ലോകത്തെ നവീന ആശയങ്ങളും ,ട്രെൻഡുകളും പഠിപ്പിക്കുന്ന ട്രെയിനറായും മറ്റും പ്രവർത്തിച്ച് അങ്ങനെ ജീവിത യാനം സുഗമമായി നീങ്ങവേയാണ് 2000 ത്തിൽ കോവിഡ് മഹാമാരി വെള്ളിടി പോലെ പ്രത്യക്ഷപ്പെട്ടത്.

ഇതോടെ തൻ്റെ പാഷനും ജീവിതമാർഗ്ഗമായ സ്റ്റുഡിയോയും, ക്യാമറകളെയും വിട്ട്  സ്വന്തം ഫ്ലാറ്റിലെ ഏതാനും സ്ക്വയർ ഫീറ്റുകളിലേക്ക് മാസങ്ങളോളം ഒതുങ്ങാൻ നിർബന്ധിതനായി ശശിധരൻ.


കോവിഡ് സമയത്ത് നിരാശനായി നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങാതെ ചെറുപ്പകാലം മുതൽ തൻ്റെ മറ്റൊരു പാഷനായിരുന്ന ഇലക്ട്രോണിക്സും ,സംഗീതവും പൊടി തട്ടി പുറത്തെടുത്തു ശശിധരൻ.

അങ്ങനെ  ഇലക്ട്രോണിക്സ് മഹാരഥൻമാരായ ജീൻ ഹിരാഗ, നെൽസൺ പാസ്, റോഡ് എലിയട്ട്, മൈൽ സ്ലാവ് കോവിക് തുടങ്ങിയ ആംപ്ലിഫയർ സർക്യൂട്ടുകൾ ഉണ്ടാക്കി പരീക്ഷണങ്ങൾ തുടങ്ങി.

കോവിഡ് കാലമായതിനാൽ സ്പെയറുകൾ സുലഭമായി ലഭ്യമല്ലാതിരിന്നിട്ടും അവയ്ക്കായി അടഞ്ഞ് കിടന്ന കടകൾ തൻ്റെ സൗഹൃദ വലയം ഉപയോഗിച്ച് തുറപ്പിച്ചും, PCB ഡിസൈൻ മുതൽ ,പ്രോട്ടോ ടൈപ്പിങ്ങ് വരെ സ്വന്തമായി കണ്ടും കേട്ടും, വായിച്ചും പഠിച്ച് സ്വായത്തമാക്കിയും ഇലക്ട്രോണിക്സ് ഓഡിയോ ആംപ്ലിഫയർ നിർമ്മാണ രംഗത്തേക്ക് പതിയെ കാലെടുത്ത് വച്ച് നടന്ന് തുടങ്ങി.

ആദ്യമാദ്യം ഉണ്ടാക്കിയവയൊന്നും വിൽപ്പന ഉദ്ദേശിച്ചല്ല ശശിധരൻ നിർമ്മിച്ചത്. വെറുതേ TV യും, കമ്പ്യൂട്ടറും നോക്കിയിരിക്കാതെ സർഗ്ഗാൽമകമായി തൻ്റെ ബോറടി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.


ഉണ്ടാക്കി വച്ച ആംപ്ലിഫയറുകളിലും, സ്പീക്കർ ബോക്സുകളിലും  തൻ്റെ ആർട്ടിസ്റ്റിക് മൈൻഡ് ശശിധരൻ പ്രയോഗിച്ചതിലൂടെ അവ കൂടുതൽ ജീവസുറ്റവയായി മാറി.

പാട്ട് പാടാത്തപ്പോഴും, സ്വീകരണമുറിക്കൊരലങ്കാരമായി അവ സ്ഥാനം പിടിച്ചു.

ശശിധരൻ്റെ ഈ കലാവാസനകൾ പതിയെ പതിയെ പുറം ലോകം അറിഞ്ഞു തുടങ്ങി.

ശബ്ദ സൗകുമാര്യത്തിനൊപ്പം, നയനാനന്ദം നൽകുന്നതുമായ ഇദ്ദേഹത്തിൻ്റെ ഈ മാസ്റ്റർ പീസുകൾ  അദ്ദേഹത്തിൻ്റെ മുംബൈക്കാരായ മാർവാഡി സുഹൃത്തുകൾ ചോദിച്ച വില നൽകി സ്വന്തമാക്കിത്തുടങ്ങി.


വിദേശിയും, സ്വദേശിയുമായ ഓഡിയോ സിസ്റ്റങ്ങൾ ഏത് വേണമെങ്കിലും വാങ്ങാൻ സാമ്പത്തികം അനുവദിക്കുന്ന അവർക്ക് തൻ്റെ വീട്ടിലുള്ള ഓഡിയോ സിസ്റ്റം മറ്റൊരു വീട്ടിലും കാണരുത് എന്ന സ്വാർത്ഥത ഉണ്ടാവുന്നത് സ്വാഭാവികം.

അതിനായി തൻ്റെ ഓരോ ഓഡിയോ സിസ്റ്റവും കസ്റ്റമറുടെ ആവശ്യം അനുസരിച്ച് ടെയിലർ മേഡായി നിർമ്മിച്ച് അതിൽ തൻ്റെ കലാവാസനയുടെ കയ്യൊപ്പുകൂടി ചാർത്തി നിർമ്മിച്ചത് ക്ലിക്കായി.

വിദേശങ്ങളിൽ പോപ്പുലറായ ഹൈ എൻഡ് നേക്കഡ് ഓഡിയോ സിസ്റ്റങ്ങൾ ഇന്ത്യയിൽ ആദ്യമായെന്ന് തന്നെ പറയാം  ശശിധരനാണ് നിർമ്മിച്ച് വിൽപ്പന ആരംഭിച്ചത്.

കറുപ്പിലും ചാരക്കളറിലും മാത്രം പുറത്തിറങ്ങിയിരുന്ന ആംപ്ലിഫയറുകളും ബോക്സുകളും മാരിവിൽ നിറങ്ങൾ ചാർത്തി  ഇദ്ദേഹം നമ്മെ വിസ്മയിപ്പിക്കുന്നു.

 

ക്ലാസ്സ് A ക്ലാസിഫിക്കേഷനിൽ ഇന്ത്യയിൽ ഏറ്റവും പ്രചാരവും ക്വാളിറ്റിയുമുള്ള ആപ്ലിഫയറുകൾ ഇലക്ട്രോമാജിക്സിൻ്റേതാണ് എന്ന് നിസംശയം ഓഡിയോ പ്രേമികൾ അഭിപ്രായപ്പെടുന്നു.





അങ്ങനെ എല്ലാവരിലും ഡിപ്രഷൻ ഉണ്ടാക്കിയ കോവിഡ് കാലം തൻ്റെ  തൻ്റെ മുഖ്യ തൊഴിൽ മേഖലയായ  ഫോട്ടോഗ്രാഫി എന്ന   പ്രൊഫഷണിൽ നിന്നും മാറിച്ചിന്തിക്കാൻ ശശിധരനെ പ്രേരിപ്പിച്ചു.


ചെറുപ്പകാലത്ത് കൂടെ കൂട്ടായ ഇലക്ട്രോണിക്സ്  എന്ന ഹോബി അദ്ദേഹത്തെ
ഇപ്പോൾ  ഒരു മുഴുവൻ സമയ ഓഡിയോ എൻട്രെപ്രണർ ആയി മാറ്റിയെന്ന് തന്നെ പറയാം.

electromagix എന്ന ബ്രാൻഡിൽ
താൻ നിർമ്മിക്കുന്ന ആമ്പുകളുടെയും, PCBകളുടെയും, സൗണ്ട് ബോക്സുകളുടെയും മനോഹര ചിത്രങ്ങൾ സവിശേഷമായ ലൈറ്റിങ്ങിലൂടെയും, ക്യാമറ ആംഗിളുകളിലൂടെയും എടുത്ത്  അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്  അദ്ദേഹം നമ്മെ വിസ്മയിപ്പിക്കുന്നു.

ആംപ്ലിഫയറുകൾ ഉണ്ടാക്കുകമാത്രമല്ല അത് മനോഹരമായി പ്രസൻ്റ് ചെയ്യുന്നതിലും ശശിധരൻ വേറിട്ട് നിൽക്കുന്നു.


ഒരിടയ്ക്ക് മുരടിച്ച് പോയ ഓഡിയോ നിർമ്മാണ മേഖലയിലേക്ക് പുതു തലമുറ കടന്ന് വരാൻ കാരണക്കാരായവരിൽ ഒരാളായി ശശിധരൻ ദാമോദരനും അറിയപ്പെടും.


നല്ലൊരു ചിത്രകാരൻ കൂടിയായ ശശിധരൻ ദാമോദരൻ മുംബൈ കല്യാണിലാണ്  സകുടുംബം താമസം.
കണ്ണൂർ ബ്രണ്ണൻ കോളേജിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി എടുത്ത ശശിധരൻസർ
ഇലക്ട്രോണിക്സ് മേഖലയിലും  ബേസിക്കു മുതൽ വിവിധ കോഴ്സുകൾ പഠിച്ച് അതിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

ഭാര്യ ദീപശശിധരൻ മുംബൈയിൽ ഇൻകം ടാക്സ് ഓഫീസറാണ്, ഏക മകൾ റിയ ഡിഗ്രി വിദ്ധ്യാർത്ഥിനിയാണ്.

നമ്മളെ എല്ലാവരെയും പോലെ മറ്റുള്ളവർ ഉറങ്ങുമ്പോൾ ഉറക്കമില്ലാതെ സർക്യൂട്ടുകളുടെ ലോകത്ത് വ്യാപരിക്കുന്ന ശശിധരൻ സർ അതിനായി  വീട്ടുകാർക്കും മറ്റുള്ളവർക്കും  ശല്യമുണ്ടാകാത്ത വിധം സൗണ്ട് പ്രൂഫ് ചെയ്ത്  ഫ്ലാറ്റിൻ്റെ മുകൾ നില മുഴുവൻ തൻ്റെ പണിശാലയായി മാറ്റിയിരിക്കുകയാണ്.


വളർന്ന് വരുന്ന ഓഡിയോ അസംബ്ലർമാരുടെ പരിചയപ്പെടാനും, അവരുടെ ചെറിയ ,ചെറിയ സംശയങ്ങൾ പരിഹരിക്കാനും സമയമുള്ളപ്പോൾ അദ്ദേഹം ശ്രമിക്കാറുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തെ 9821368267 എന്ന വാട്ട്സാപ്പ് നമ്പരിൽ ബന്ധപ്പെടാം. വിളിച്ച് ശല്യപ്പെടുത്തരുത്. മെസേജ് മാത്രം. സമയലഭ്യതയനുസരിച്ച് മറുപടി ലഭിക്കും. അദ്ദേഹം നിർമ്മിക്കുന്ന ഹൈ ക്വാളിറ്റി ഓഡിയോ ബോർഡുകൾക്കും ഈ നമ്പരിൽ ബന്ധപ്പെടാം. ബോർഡുകളുടെ വിശദാംശങ്ങൾ സമയാസമയങ്ങളിൽ https://www.facebook.com/sasidharan.damodaran എന്ന ഫേസ്ബുക്ക് പേജിൽ കാണാം.എഴുതിയത് #അജിത് കളമശേരി, #Ajith_kalamassery,06.07.2024

Monday, June 24, 2024

ഒരു സിമ്പിൾ ക്ലാസ് A ആമ്പ് നിർമ്മിക്കാം

 ഒരു സിമ്പിൾ  ക്ലാസ് A ആമ്പ് നിർമ്മിക്കാം


 

കയ്യിൽ കാശുള്ള സംഗീതാസ്വാദകർ ക്ലാസ്സ് A വിഭാഗത്തിൽ പെടുന്ന ആംപ്ലിഫയറുകൾ സ്വന്തമാക്കി സംഗീതം ആസ്വദിക്കുന്ന കൂട്ടരാണല്ലോ!
ഏറ്റവും സുഗമവും, സ്വഛന്ദവുമായി കാതിനിമ്പം നൽകുന്ന സംഗീതം ആസ്വദിക്കണമെങ്കിൽ ക്ലാസ്സ് A വിഭാഗത്തിൽപ്പെടുന്ന ആംപ്ലിഫയറുകൾ തന്നെ വേണം എന്ന കാര്യത്തിൽ തർക്കമില്ല.
സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് പിടിക്കാൻ അറിയാവുന്ന എല്ലാവരും ക്ലാസ് A സർക്യൂട്ടുകളിലെ കൊമ്പൻ സ്രാവുകളായ ജീൻ ഹീരാഗ ഡിസൈനും, നെൽസൺ പാസ് ഡിസൈനും എല്ലാം ഫോളോ ചെയ്ത് ആംപ്ലിഫയറുണ്ടാക്കി കൈ പൊള്ളി ഇരിക്കുമ്പോൾ! നമ്മൾക്കും ഒരു നത്തോലി ക്ലാസ് A ആംപ്ലിഫയറെങ്കിലും ഉണ്ടാക്കണ്ടേ എന്ന് കരുതി ഇതിന് വേണ്ടി ഒരു ശ്രമം തുടങ്ങിയത്.
ക്ലാസ്സ് A ആംപ്ലിഫയറുണ്ടാക്കിയാൽ കൈ പൊള്ളും എന്ന് പറഞ്ഞത് സാമ്പത്തികമായ അർത്ഥത്തിലും, ശാരീരികമായ അർത്ഥത്തിലും ശരിയാണ്.
വർക്ക് ചെയ്യുന്ന ഒരു ക്ലാസ് A ആംപ്ലിഫയറിൻ്റെ ഹീറ്റ്സിങ്കിൽ തൊട്ടാൽ കടുകു വറുക്കുന്ന ചീനച്ചട്ടിയിൽ തൊട്ട പോലുള്ള അനുഭവമായിരിക്കും. അത്രയ്ക്ക് ചൂടാണ് ഈ സാധനത്തിൽ നിന്നും പുറത്ത് വരുന്നത്.
കൊടുക്കുന്ന പവറിൽ ഏറിയ പങ്കും ഹീറ്റ്സിങ്ക് ചൂടാക്കാനായി ഉപയോഗിച്ച ശേഷം ബാക്കി വല്ലതുമുണ്ടെങ്കിൽ അത് ശുദ്ധസംഗീതമായി പുറത്ത് വിടുകയാണ് ക്ലാസ്സ് എ യുടെ ഒരു രീതി.
എന്നാലും കാശിറക്കി ക്ലാസ്സ് A സ്കീം ഫോളോ ചെയ്യുന്ന ആംപ്ലിഫയർ സർക്യൂട്ട് ഒരെണ്ണം നിർമ്മിച്ചാലോ ? മുടക്കുന്ന കാശിന് മുതലാണ്.
അത്രയ്ക്കുണ്ട് ഇതിൻ്റെ സൗണ്ട് ക്ലാരിറ്റിയും,ഫിഡിലിറ്റിയും.എത്ര പാട്ട് നേരം കേട്ടാലും തല പെരുക്കില്ല, പാട്ട് പെട്ടി തല്ലിപ്പൊട്ടിക്കാൻ തോന്നിക്കില്ല.
പക്ഷേ സാമ്പത്തികം അതിച്ചിരി പൊടിയും. നല്ല ഒരു ജീൻ ഹിരാഗ സ്കീം ഫോളോ ചെയ്ത് ഒരു മോണോ ബ്ലോക്ക് ക്ലാസ് A ഉണ്ടാക്കാൻ തന്നെ രൂപാ പതിനായിരം വേണം.സ്റ്റീരിയോ ആകുമ്പോൾ കാശ് പിന്നേയും കൂടും.
ഹോബിക്കായി തൽക്കാലം അത്രയ്ക്കൊന്നും കാശ് മുടക്കാൻ ഇല്ലാതിരുന്നതിനാൽ ക്ലാസ് A എന്ന മോഹം മനസിൽ അടക്കി വച്ചിരിക്കുകയായിരുന്നു.
കുറച്ച് കാലം മുൻപ് ഈ ക്ലാസ് A ആംപ്ലിഫയർ മോഹം സുഹൃത്തായ വർഗീസ് ചേട്ടനോട് പങ്ക് വച്ചപ്പോൾ അദ്ദേഹം അപ്പോൾ തന്നെ ഒരു സിംഗിൾ എൻഡ് ക്ലാസ്സ് A ആംപ്ലിഫയർ സർക്യൂട്ടിൻ്റെ രൂപരേഖ വരച്ച് കയ്യിൽ തന്നു.
അദ്ദേഹം വരച്ച് തന്ന സർക്യൂട്ടിൽ എൻ്റെതായ മാറ്റങ്ങൾ കൂട്ടി ച്ചേർത്ത് ആദ്യം ഒരു മോണോ ചെയ്തു നോക്കി. നല്ല ശബ്ദ സുഖം.
എന്നാൽ PCB യൊക്കെ വരച്ചുണ്ടാക്കി ശാസ്ത്രീയമായി സ്റ്റീരിയോ ആംപ്ലിഫയർ തന്നെ ഒരെണ്ണം ചെയ്യാമെന്ന് കരുതി പണി തുടങ്ങിയിട്ട് ഒരാഴ്ചയായി.
അവസാനം ഇന്ന് സംഗതി പണിത് പൂർത്തിയാക്കി.ഇപ്പോൾ നാലഞ്ച് മണിക്കൂറായി പാട്ട് കേൾക്കുന്നു. മനസിന് സുഖം സ്വസ്ഥം.
ഞാനുണ്ടാക്കിയത് കാശ് ഇത്തിരി പൊടിയുന്ന ജീൻ ഹിരാഗയും,, നെൽസൺ പാസുമൊന്നുമല്ല.
മ്മടെ വർഗീസ് ചേട്ടൻ്റെ സിംഗിൾ എൻഡഡ് ,സിംഗിൾ മോസ് ഫെറ്റ് ജീൻ വർഗീസാ ഡിസൈൻ !
ഞാനുണ്ടാക്കിയ സർക്യൂട്ട് രഹസ്യമായി പൂട്ടി വയ്ക്കുന്നില്ല ഇതാ നിങ്ങൾക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. എല്ലാവരും ഉണ്ടാക്കി നോക്കി ശുദ്ധസംഗീതം കുറഞ്ഞ ചിലവിൽ ആസ്വദിക്കൂ.!
ക്ലാസ്സ് A കുറഞ്ഞ ചിലവിലോ?
തമാശ പറഞ്ഞതാണോ?
അല്ല. ഇവിടെ നമ്മൾ നിർമ്മിക്കുന്ന ക്ലാസ്സ് A യുടെ
ഏറ്റവും വിലയേറിയ ഭാഗങ്ങളായ ട്രാൻസ്ഫോർമർ, ഹൈ വാട്ട് റസിസ്റ്റൻസ് ,മോസ് ഫെറ്റ് എന്നിവയെല്ലാം നമ്മുടെ ചുറ്റുവട്ടത്ത് ചുരുങ്ങിയ ചിലവിൽ കിട്ടുന്ന സാമഗ്രികൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് എന്നതിനാൽ വെറും 1000 രൂപയ്ക്കുള്ളിൽ ഒരു സൂപ്പർ ക്വാളിറ്റി സ്റ്റീരിയോ ക്ലാസ്സ് A ഉണ്ടാക്കാം എന്നതാണ് ഈ സർക്യൂട്ടിൻ്റെ ഹൈലൈറ്റ്.
എന്നാലോ സൗണ്ട് ക്വാളിറ്റിയിൽ ഒരു കോംപ്രമൈസൊട്ട് ഇല്ല താനും!
ഉപയോഗശൂന്യമായി തള്ളിക്കളഞ്ഞ കമ്പ്യൂട്ടർ UPS ൽ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമറാണ് നമ്മുടെ ആമ്പിൻ്റെ ഒരു പ്രധാന അസംസ്കൃത വസ്തു. ഇത് ഓഡിയോ ഗ്രേഡിൽ വൈൻഡ് ചെയ്യിച്ചെടുക്കണമെങ്കിൽ ഒരെണ്ണത്തിന് 3000 രൂപയ്ക്ക് മേൽ വില വരും.സ്റ്റീരിയോയ്ക്ക് 2 എണ്ണം വേണ്ടി വരുമല്ലോ അപ്പോൾ 6000 ഇതിന് മാത്രം വേണം.
പിന്നെ നല്ല വില വരുന്ന ഹൈ വാട്ട് റസിസ്റ്റൻസിന് പകരമായി ബൈക്കിൻ്റെ 20 രൂപ വില വരുന്ന ബ്രേക്ക് ലൈറ്റ് ബൾബ് ഉപയോഗിക്കുന്നു.
പിന്നെ ഈ സർക്യൂട്ടിൽ ഇൻവെർട്ടറുകളിൽ ഉപയോഗിക്കുന്ന വില കുറഞ്ഞ ഏതെങ്കിലും N ചാനൽ മോസ് ഫെറ്റ് മതിയാകുംഹീറ്റ് സിങ്ക് കിലോക്കണക്കിന് ഒന്നും വേണ്ട. വെറും 200 രൂപയിൽ താഴെ വില വരുന്ന 95 mm X 60mm മതി.
അത്യാവശ്യം ഇലക്ട്രോണിക് സിൽ അറിവുള്ളവർക്ക് ഇതോടൊപ്പമുള്ള സർക്യൂട്ട് നോക്കി ആംപ്ലിഫയർ അസംബിൾ ചെയ്യാൻ സാധിക്കും.
ഒരു മൊബൈലിൽ നിന്ന് ഇൻപുട്ട് കൊടുക്കാം. 12 വോൾട്ട് മുതൽ 40 വോൾട്ട് വരെ എത്ര വോൾട്ടിലും ഈ സർക്യൂട്ട് അയത്നലളിതമായി വർക്ക് ചെയ്യും. 24 വോൾട്ട് കൊടുക്കുന്നതാണ് സേഫ്.
സർക്യൂട്ടിൽ ഇൻപുട്ടിൽ ലെഫ്റ്റ് ചാനലും, റൈറ്റ് ചാനലും ഒന്നിച്ച് കൊടുക്കുന്ന വിധമാണ് വരച്ചിരിക്കുന്നത്.സ്റ്റീരിയോ ഉണ്ടാക്കുമ്പോൾ അതിനനുയോജ്യമായി കണക്ഷൻ കൊടുക്കണം. അപ്പോൾ C. 10 ആവശ്യമില്ല.
എത്ര വോൾട്ട് പവർ സപ്ലേ കൊടുത്താലും മോസ് ഫെറ്റിൻ്റെ ഡ്രയിൻ പിന്നിൽ ആ കൊടുക്കുന്ന വോൾട്ടിൻ്റെ പകുതി വരുന്ന വിധം 100 K പ്രീ സെറ്റ് തിരിച്ച് കാലിബ്രേറ്റ് ചെയ്യണം എന്ന കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. 24 വോൾട്ട് വോൾട്ട് 5 ആമ്പിയറാണ് പവർ സപ്ലേ.സ്പീക്കർ 8 ഓംസോ, 4 ഓംസോ ഉപയോഗിക്കാം.

Sunday, April 28, 2024

റഗുലേറ്റർ ഐസി ശരിയായി ഉപയോഗിക്കാൻ പഠിക്കാം

 റഗുലേറ്റർ ഐസി ശരിയായി

 ഉപയോഗിക്കാൻ പഠിക്കാം


 

നമ്മൾ അസംബിൾ ചെയ്യുന്ന ആംപ്ലിഫയറിൽ ഒരു ബ്ലൂടൂത്ത് ബോർഡ് അറ്റാച്ച് ചെയ്യണമെങ്കിൽ എന്ത് ചെയ്യും?
ബ്ലൂടൂത്ത് ബോർഡ് 5 വോൾട്ടിലാണ് പ്രവർത്തിക്കുന്നത് ആംപ്ലിഫയർ 27 വോൾട്ടിലും.
ഉടനെ തന്നെ ഒരു 7805 ഐ സി തപ്പിയെടുക്കും. ആമ്പിന്റെ പവർ സപ്ലേ 27 വോൾട്ടാണോ, അതോ 35 വോൾട്ടാണോ ഒന്നും നോക്കില്ല. നേരേ മെയിൻ പവർ സപ്ലേയിൽ നിന്നും ഒരു ലൈൻ വലിച്ച് റഗുലേറ്റർ ഐ സിയുടെ ഇൻപുട്ടിൽ കൊടുക്കും, മൾട്ടിമീറ്റർ വച്ച് റഗുലേറ്റർ ഐസി 5 വോൾട്ട് തരുന്നുണ്ടോയെന്ന് നോക്കും, സംഗതി OK.
ഇത് ശരിയായ മെത്തേഡാണോ? അല്ല.
പിന്നെ എങ്ങനെ റഗുലേറ്റഡ് ഐ സി കണക്റ്റ് ചെയ്യും .
റഗുലേറ്റർ ഐസി കൾ ശരിയായി ഉപയോഗിക്കാത്തത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ ടെക്നീഷ്യൻമാർക്ക് നേരിടാറുമുണ്ട്
അവയെപ്പറ്റി നമുക്ക് ഒന്ന് മനസിലാക്കാം.
തെറ്റായി ഉപയോഗിക്കുന്ന
റഗുലേറ്റർ ഐസികൾക്ക് പവർസപ്ലേയിലെ റിപ്പിൾസ് മൂലം ഇന്റേണൽ ഓസിലേഷൻ ഉണ്ടാകാൻ വളരെയധികം സാധ്യതയുണ്ട്.
തൻമൂലം ഐ സി നന്നായി ഹീറ്റാവുകയും അനിയന്ത്രിതമായ വോൾട്ടേജ് ഔട്ട്പുട്ടിൽ എത്തി നമ്മൾ കണക്റ്റ് ചെയ്തിരിക്കുന്ന സർക്യൂട്ട് ബോർഡ് തകരാറിലാവുകയും ചെയ്യും.
ഇങ്ങനെയുള്ള തകരാറുകൾ ഉണ്ടാവാതെ പരിഹരിക്കാൻ ചിത്രം 1 ൽ കാണുന്നത് പോലെ ഇൻപുട്ടിൽ ഒരു 0.33 uf കപ്പാസിറ്ററും ഔട്ട്പുട്ടിൽ 0.1 uf കപ്പാസിറ്ററും ഐസിയുടെ ഒന്നും, മൂന്നും പിന്നുകളോട് വളരെ ചേർന്ന വിധത്തിൽ സോൾഡർ ചെയ്താൽ മതിയാകും. സർക്യൂട്ടിൽ മറ്റ് കപ്പാസിറ്ററുകൾ ഉണ്ടോ ഇല്ലയോ എന്നത് ഈ കപ്പാസിറ്റുകൾ ഫിറ്റ് ചെയ്യുന്നതിന് തടസമാവരുത്.
ഈ നിർദ്ദേശിച്ച കപ്പാസിറ്ററുകൾ മസ്റ്റായും ഫിറ്റ് ചെയ്തിരിക്കണം.
റഗുലേറ്റർ ഐസി യുടെ ലീഡുകൾ പരമാവധി ചെറുതാക്കി PCB യോട് ചേർത്ത് സോൾഡർ ചെയ്യണം. ഇതും ഇന്റേണൽ ഓസിലേഷൻ
പ്രിവന്റ് ചെയ്യും.
റഗുലേറ്റർ ഐസിയിലേക്ക് കൊടുക്കുന്ന വോൾട്ടേജ് ആ ഐ സി യുടെ ഔട്ട് പുട്ട് വോൾട്ടേജ് റേറ്റിങ്ങിലും 3 വോൾട്ട് എങ്കിലും കൂടുതലായിരിക്കണം.
അതായത് 5 വോൾട്ട് റഗുലേറ്റർ
ഐസിയിലേക്ക് 5+ 3 വോൾട്ട് ചുരുങ്ങിയത് 8 വോൾട്ട് എങ്കിലും കൊടുക്കണം എന്നാലേ ശരിയായ വിധത്തിൽ റഗുലേഷൻ നടക്കൂ. എന്നാൽ കൊടുക്കുന്ന വോൾട്ടേജ് ആ റഗുലേറ്റർ ഐസിയുടെ ഔട്ട്പുട്ട് വോൾട്ടേജിലും 8 വോൾട്ടിൽ കൂടരുത്. ഉദാഹരണത്തിന് 5 വോൾട്ട് റഗുലേറ്റർ ഐസിയിൽ 5+ 8 = 13 വോൾട്ടിൽ അധികം നൽകരുത്.
നമ്മൾ അധികമായി നൽകുന്ന ഓരോ വോൾട്ടും റഗുലേറ്റർ ഐ സി താപോർജ്ജമായി മാറ്റി ഹീറ്റ് സിങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. കൂടുതൽ വോൾട്ട് ഇൻപുട്ടിൽ നൽകിയാൽ അതെല്ലാം താപമായി മാറി വേസ്റ്റ് ആയിക്കൊണ്ടിരിക്കും.
ഇങ്ങനെ അധികമായി റഗുലേറ്റർ ഐസിക്ക് ഉണ്ടാകുന്ന ചൂടിനെ കുറച്ച് വലിയ ഹീറ്റ്സിങ്ക് കൊടുത്ത് ട്രാൻസ്ഫർ ചെയ്യിക്കാം എന്ന് കരുതിയാലോ?.
പ്രാക്റ്റിക്കലായി ഇത് നടക്കണമെന്നില്ല. ഐ സി യുടെ
ജംക്ഷൻ ടെമ്പറേച്ചർ 70 ഡിഗ്രി ആകുമ്പോൾ തന്നെ റഗുലേഷനൊക്കെ ഒരു വകയാകും .ശരിയായി ഹീറ്റ്സിങ്ക് പേസ്റ്റ് ഒക്കെയിട്ട് കൊടുത്താൽ ഒരു പരിധി വരെ ഇതൊഴിവാക്കാൻ സാധിച്ചേക്കാം. എത്ര പേർ ഇതൊക്കെ ചെയ്യുന്നു എന്നതാണ് പ്രശ്നം.
ഡാറ്റാഷീറ്റിൽ 35 വോൾട്ട് ഇൻപുട്ട് എന്നൊക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും പ്രാക്റ്റിക്കൽ സൈഡിൽ മേൽ വിവരിച്ച 8 വോൾട്ട് തീയറി എല്ലായ്പ്പോഴും മനസിൽ കരുതണം. ഒന്നര ആമ്പിയർ വരെ കറണ്ട് കപ്പാസിറ്റി ചില റഗുലേറ്റർ ഐസികളുടെ ഡാറ്റാ ഷീറ്റിൽ കാണുന്നുവെങ്കിലും സാധാരണ പരിതസ്ഥിതിയിൽ പരമാവധി അതിനെക്കൊണ്ട് എടുപ്പിക്കാൻ സാധിക്കുന്ന കറണ്ട് 800 മില്ലി ആമ്പിയറാണ്, അതും നല്ല ഹീറ്റ് സിങ്ക് ഉണ്ടെങ്കിൽ മാത്രം.
കൂടിയ വോൾട്ടിൽ നിന്നും വളരെ കുറഞ്ഞ വോൾട്ട് റഗുലേറ്റർ ഐസി ഉപയോഗിച്ച് സോഴ്സ‌് ചെയ്യണമെങ്കിൽ ഒന്നിലധികം
റഗുലേറ്റർ ഐസി കൾ സീരീസ് ചെയ്യുന്നത് ശീലമാക്കുക (ചിത്രം 2 നോക്കുക. ) ഇതായിരിക്കും സേഫ് മെത്തേഡ് .
റഗുലേറ്റർ ഐസികൾ ധാരാളം സബ്സ്റ്റാൻഡേർഡ് ക്വാളിറ്റി ഷോപ്പുകളിൽ കിട്ടുന്നുണ്ട്. വെറും പാട്ട പോലുള്ള ഹീറ്റ്സിങ്ക് ടാബ് കണ്ട് ഇവയെ വേഗത്തിൽ തിരിച്ചറിയാം,നല്ല കട്ടിയുള്ള ഹീറ്റ്സിങ്ക് ടാബ് റഗുലേറ്റർ ഐസികളുടെ ഗുണമേൻമയെ സൂചിപ്പിക്കുന്നു.
വലിയ വോൾട്ടേജ് വ്യത്യാസം വരുന്ന സ്ഥലത്ത് ബക്ക് കൺവെർട്ടർ ( ഡൗൺ കൺവെർട്ടർ ) ഉപയോഗിച്ച് വോൾട്ടേജ് കുറയ്ക്കുക 35 വോൾട്ടിൽ നിന്നും 5 വോൾട്ട് എടുക്കണമെങ്കിൽ ഒരു ഡൗൺ കൺവെർട്ടറായിരിക്കും സൗകര്യപ്രദം.28.04.2024

കൊതുകു മെഷീനും സമയ നിയന്ത്രണം!

 കൊതുകു മെഷീനും സമയ നിയന്ത്രണം!


 

നമ്മുടെ ഉറക്കം കെടുത്തുന്ന കൊതുകുകളെ തുരത്താൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകു നിവാരണികൾ മിക്കവീട്ടിലും ഉപയോഗിക്കുന്നുണ്ട്.
കാര്യം ഉപകാരപ്രദമാണെങ്കിലും ലിക്വിഡ് മൊസ്കിറ്റോ വേപ്പറൈസർ മെഷീനുകളുടെ ഹീറ്ററുകളുടെ കാര്യക്ഷമത കുറവ് നിമിത്തം ഉപയോഗിക്കുന്ന ലിക്വിഡ് വളരെ വേഗം തീർന്ന് പോകുന്നു.
അതിനാണെങ്കിലോ ഇപ്പോൾ മുടിഞ്ഞ വിലയും !
ഇനി കമ്പനികൾ ഈ ലിക്വിഡ് വേഗം തീരാൻ വേണ്ടി ഹീറ്ററിൻ്റെ ടെമ്പറേച്ചർ ഉയർത്തി വച്ചിരിക്കുന്നതാണോ എന്ന സംശയവും ഉണ്ട്. എന്നാലല്ലേ ജനങ്ങൾ വീണ്ടും വീണ്ടും അത് വാങ്ങി കമ്പനികളുടെ ലാഭം കൂടുകയുള്ളൂ.
ഒരു പതിനഞ്ച്-20 മിനിറ്റ് ഇടവേളകളിൽ ഈ കൊതുകുതിരി മെഷീൻ ഓണും ഓഫും ആകുന്ന വിധത്തിൽ നിയന്ത്രിച്ചാൽ ഇവയുടെ പ്രവർത്തന ക്ഷമതയിൽ കാര്യമായ വ്യത്യാസം ഒന്നും തന്നെയില്ല എന്ന് നിരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്.
മെഷീൻ ഓഫായിരിക്കുന്ന 15 മിനിറ്റ് നേരം മുറിയിലെ വേപ്പറൈസർ ലിക്വിഡിന്റെ സാന്ദ്രത കൊതുകുകളെ അകറ്റി നിറുത്താൻ പര്യാപ്തമായിരിക്കും.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലളിതമായ സർക്യൂട്ട് ശ്രദ്ധിക്കുക BT136 എന്ന ട്രയാക്കാണ് ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റിനെ നിയന്ത്രിക്കുന്നത്.
സർക്യൂട്ട് നേരിട്ട് 230 വോൾട്ട് ACയിലാണ് പ്രവർത്തിക്കുന്നത് അതിനാൽ ടെസ്റ്റിങ്ങ് സമയത്ത് വേണ്ട മുൻ കരുതലുകൾ എടുക്കുക. പുറമേ നിന്ന് 12 വോൾട്ട് DC നൽകി ഈ സർക്യൂട്ട് സുരക്ഷിതമായി ടെസ്റ്റ് ചെയ്യാം.
വിശദമായ സർക്യൂട്ട് വിവരണം ഇതോടൊപ്പം ഇന്ന് (28.04.2024) പ്രസിദ്ധീകരിച്ചിട്ടുള്ള ലാപ്ടോപ്പ് ബാറ്ററി എക്സർ സൈസർ എന്ന സർക്യൂട്ടിനൊപ്പം വായിക്കാം. അതിൻ്റെ ലിങ്ക് ഇതാ https://www.facebook.com/photo/?fbid=7361208037307149&set=a.155391227888902

ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ

 ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ

 


 
ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ
ഡെസ്ക് ടോപ്പിന് പകരം ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉപയോഗിക്കുക പലരുടെയും പതിവാണ്. ഇങ്ങനെ തുടർച്ചയായി കുത്തിയിട്ട് ഉപയോഗിക്കുന്ന ലാപ്പ് ടോപ്പിൻ്റെ ബാറ്ററി എപ്പോഴും ഫുള്ളായിരിക്കും..
ഇങ്ങനെ എപ്പോഴും കുമ്പ നിറച്ച് മടിയനായി ഇരുന്നാൽ അറ്റാക്ക് വന്ന് തട്ടിപ്പോകാൻ ഇടയുണ്ട്. അതിനാൽ ഈ മടിയൻ ബാറ്ററികളെ കുറച്ച് വ്യായാമം ഒക്കെ ചെയ്യിച്ച് ഫിറ്റാക്കിയാൽ അവന് പ്രതീക്ഷിക്കുന്നതിലുമധികം ആരോഗ്യവും, അതുവഴി ദീർഘായുസും ലഭിക്കും!
ഇതിനായി ഇന്റർമിറ്റന്റായി പവർ ഓൺ ഓഫ് ചെയ്യിക്കുന്ന സർക്യൂട്ടിൽ ലാപ്പ് ചാർജർ കുത്തിയാൽ മതിയാകും. അതിന് വളരെ അനുയോജ്യമാണ് ഈ സർക്യൂട്ട് .
മഴക്കാലത്ത് സോളാർ പാനൽ കണക്റ്റ് ചെയ്ത ബാറ്ററികൾ ശരിയായി ചാർജായെന്ന് വരില്ല. അവിടെയും ചാർജർ കണക്റ്റ് ചെയ്യാൻ ഈ സർക്യൂട്ട് ഉപയോഗിക്കാം.
ഇങ്ങനെ പല സന്ദർഭങ്ങളിലും ചാർജർ ഓഫാക്കാൻ മറന്ന് ബാറ്ററി ഓവർ ചാർജ് കയറി ചീത്തയായി പോകുന്നത് ഒഴിവാക്കാൻ ഈ സർക്യൂട്ട് ഉപകരിക്കും.
വളരെ കുറഞ്ഞ വിലയിൽ നമ്മുടെ സമീപത്തെ ഇലക്ട്രോണിക്സ് സ്പെയർ ഷോപ്പുകളിൽ ഭിക്കുന്ന ഐ.സിയാണ് CD 4060.
ഇതൊരു CMOS ബൈനറി കൗണ്ടർ വിത്ത് ഇൻബിൽറ്റ് ഓസിലേറ്റർ ചിപ്പാണ്.
സെലക്റ്റീവ് ടൈം ഡിലേകൾ വിവിധ പിന്നുകളിലൂടെ ഔട്ട് പുട്ടായി ലഭിക്കുന്നു. ഐ സി നമ്പർ ഗൂഗിൾ ചെയ്താൽ ഫുൾ ഡീറ്റെയിൽസ് ലഭിക്കും.
ഐ സി യുടെ 9, 10, 11 കളിൽ കണക്റ്റ് ചെയ്തിട്ടുള്ള C2, R2, R3 എന്നിവയാണ് ടൈം ഡിലേ തീരുമാനിക്കുന്നത്. ഇവിടെ ഇത് ഏകദേശം 15 മിനിറ്റാണ്. വാല്യൂ വ്യത്യാസം വരുത്തി നിങ്ങളുടെ ആവശ്യങ്ങൾക്കനുയോജ്യമായ ടൈം ഔട്ട് ലഭ്യമാക്കാം.
സർക്യൂട്ടിൽ ഐ സി യുടെ പതിനൊന്നാമത്തെ പിന്നിൽ കണക്റ്റ് ചെയ്തിരിക്കുന്ന 1 മെഗ് റസിസ്റ്റൻസിന് സീരീസായി ഒരു 1 മെഗ് പൊട്ടൻഷ്യോ മീറ്റർ ( നമ്മുടെ വോളിയം കൺട്രോൾ തന്നെ ) കണക്റ്റ് ചെയ്താൽ അത് തിരിച്ച് ഡിലേ ടൈം വീണ്ടും കൂട്ടാം. ഡിലേ കുറയ്ക്കണമെങ്കിൽ ഐ സി യുടെ പിൻ കണക്ഷൻ ചിത്രം നോക്കുക ഔട്ട് 1 മുതൽ 9 വരെ എത് പിന്നിൽ നിന്നും റിലേ ഔട്ട് കൊടുക്കാം.
ഇവിടെ ഐ സി യുടെ ഒന്നാമത്തെ പിന്നിലൂടെ വരുന്ന സ്വിച്ചിങ്ങ് ഔട്ട്പുട്ട് ഒരു റസിസ്റ്റർ വഴി നേരേBC 547 ട്രാൻസിസ്റ്ററിലേക്ക് കൊടുത്തിരിക്കുന്നു. ഈ ട്രാൻസിസ്റ്ററിൻ്റെ കളക്റ്ററിലാണ് നമ്മൾ 12 വോൾട്ട് ക്യൂബ് റിലേ കൊടുത്തിരിക്കുന്നത്. ഈ റിലേയുടെ കോമൺ പിന്നിൽ ഫേസും, നോർമ്മലി ക്ലോസ്ഡ് പിന്നിൽ 3pin സോക്കറ്റും കൊടുത്തിരിക്കുന്നു.
കൊതുകുതിരിക്ക് സമയ നിയന്ത്രണം എന്ന സർക്യൂട്ടിൽ ( ലിങ്ക് ഇവിടെ ഇവിടെ https://www.facebook.com/photo/?fbid=7361174177310535&set=a.155391227888902 ) റിലേയ്ക്ക് പകരം BT 136 എന്ന ട്രയാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ ട്രയാക്കാണ് ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റിനെ നിയന്ത്രിക്കുന്നത്.
സർക്യൂട്ട് നേരിട്ട് 230 വോൾട്ട് ACയിലാണ് പ്രവർത്തിക്കുന്നത് അതിനാൽ ടെസ്റ്റിങ്ങ് സമയത്ത് വേണ്ട മുൻ കരുതലുകൾ എടുക്കുക.
പുറമേ നിന്ന് 12 വോൾട്ട് DC നൽകി ഈ സർക്യൂട്ട് സുരക്ഷിതമായി ടെസ്റ്റ് ചെയ്യാം.ഇലക്ട്രോണിക്സ് കേരളത്തിൻ്റെ ലാബിൽ ഈ സർക്യൂട്ട് ടെസ്റ്റ് ചെയ്തിട്ടുള്ളതാണ്. നന്നായി പ്രവർത്തിക്കുന്നുണ്ട്. ഒരു കോമൺ PCB യിൽ സർക്യൂട്ട് ചെയ്യാം. ഏകദേശം അമ്പത് രൂപയ്ക്കടുത്ത് നിർമ്മാണ ചിലവായി.28.04.2024

ടെക്നീഷ്യൻ്റെ പട്ടി

(  ഫില്ലർ പുട്ടി ഉണ്ടാക്കുന്ന വിധം! )

 

 എഴുതിയത് അജിത് കളമശേരി


 

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻമാർക്ക് സവിശേഷമായ ചിലതരം പശകൾ പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായി വിപണിയിൽ വാങ്ങാൻ കിട്ടുന്നവിവിധ തരം റെഡി ടു യൂസ് പശകൾ വളരെ വിലയേറിയതാണ്.
വില കുറഞ്ഞവയും ലഭിക്കുമെങ്കിലും അവ ഉപയോഗിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന ഫിനിഷിങ്ങോ ഈട് നിൽപ്പോ ലഭിക്കുകയുമില്ല.
നമ്മൾ ഒരു വിന്റെജ് ടു ഇൻ വൺ റിപ്പയർ ചെയ്യാൻ ശ്രമിക്കുകയാണ്. കാലപ്പഴക്കത്താൽ അതിന്റെ സ്ക്രൂകളെല്ലാം തുരുമ്പെടുത്ത് ക്യാബിനെറ്റ് അഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അൽപ്പമൊന്ന് ബലം പിടിച്ചപ്പോൾ അതാ സ്ക്രൂ ഡ്രൈവർ സ്ലിപ്പായി ക്യാബി നെറ്റിൻ്റെ അൽപ്പ ഭാഗം അടർന്ന് പോയി. എന്ത് ചെയ്യും? കസ്റ്റമറോട് എന്ത് സമാധാനം പറയും?
പൊട്ടിപ്പോയ സാധനം തപ്പിപ്പിടിച്ച് എടുത്ത് ക്വിക് ഫിക്സ് വച്ച് ഒട്ടിക്കാൻ നോക്കിയപ്പോൾ കഷ്ടകാലം ആ കാലപ്പഴക്കം മൂലം പ്രോപ്പർട്ടി തന്നെ മാറിപ്പോയ പഴയ പ്ലാസ്റ്റിക്കിൽ സൂപ്പർ ഗ്ലൂ ഒട്ടുന്നുമില്ല
ഇനി വേറൊരാൾ ഒരു വാട്ടർ ടാങ്ക് ഫിക്സ് ചെയ്യുന്നു. ഔട്ട് ലെറ്റ് പൈപ്പ് കണക്റ്റ് ചെയ്യാൻ തുളച്ച തുള കുറച്ച് വലുതായിപ്പോയി എന്ത് ചെയ്യും?
TV ഫിറ്റ് ചെയ്യാൻ ചുമര് ഡ്രിൽ ചെയ്തപ്പോൾ കുറച്ച് ഭാഗം അടർന്ന് പോന്നു. മനോഹരമായി ഭിത്തിയാണ് എന്ത് ചെയ്യാം?
കഷ്ടകാലം പിടിക്കാൻ മുറ്റത്ത് വച്ചിരുന്ന ബൈക്കിന്റെ സ്റ്റാൻഡ് ശരിക്ക് വീണിരുന്നില്ലെന്ന് തോന്നുന്നു. അത് മറിഞ്ഞ് വീണു. ഹെഡ് ലൈറ്റ് ഫെയറിങ്ങ് പൊട്ടിപ്പോയി. കല്ലിലിടിച്ച് പെട്രോൾ ടാങ്കും ചളുങ്ങി ഇനി അത് മാറ്റാൻ കാശൊരു പാടാകും.
ഇങ്ങനെയുള്ള അവസരങ്ങളിലൂടെ നമ്മളിൽ പലരും കടന്ന് പോവാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ലളിതമായതും, ഗുണമേൻമയുള്ളതുമായ ഒരു മൾട്ടി പർപ്പോസ് പുട്ടി നമുക്ക് കുറഞ്ഞ ചിലവിൽ നിർമ്മിക്കാം.
ഇതിനായി നമുക്കാവശം രണ്ട്.. അല്ല മൂന്ന് അസം സ്‌കൃത വസ്‌തുക്കളാണ്. ഒന്ന്.പെയിൻ്റ് പണിക്കാർ ഉപയോഗിക്കുന്ന ഫെവിക്കോൾ DDL പശ കാൽ കിലോ പൗച്ച് വില വെറും 26 രൂപ മാത്രം. എല്ലാ ഹാർഡ് വെയർ ഷോപ്പിലും കിട്ടും, രണ്ട്, കുറച്ച് സിമന്റ് പൊടി, സിമന്റ് കടകളിൽ കിലോയ്ക്ക് 10 രൂപയ്ക്ക് ലൂസ് കിട്ടും. മൂന്ന്, പാത്രം ഉരച്ച് കഴുകുന്നതിനുള്ള് സ്റ്റീൽ സ്ക്രബർ.. എല്ലാ സ്റ്റേഷണറി കടയിലും കിട്ടും.
ആദ്യമായി DDL ഒരു ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ അപ്പോഴത്തെ ആവശ്യത്തിന് മാത്രം എടുക്കുക. അതിലേക്ക് സിമൻ്റ് പൊടി അൽപ്പാൽപ്പമായി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. പുട്ടി തയ്യാർ ഇത് കൊണ്ട് ഏത് പൊട്ടിയ പ്ലാസ്റ്റിക് ക്യാബിനെറ്റുകളും റീ ക്രിയേറ്റ് ചെയ്യാം, പെട്രോൾ ടാങ്കുകളുടെ ഓട്ട അടയ്ക്കാം, വാട്ടർ ടാങ്കുകൾ റിപ്പയർ ചെയ്യാം, ബൈക്കുകളുടെ പ്ലാസ്റ്റിക് പാർട്ടുകൾ എങ്ങനെ പൊട്ടിക്കീറിപ്പോയാലും അൽപ്പം മിനക്കെട്ടാൽ പുതിയത് പോലെ റിപ്പയർ ചെയ്യാം.
ഒരു കാര്യം മറന്നു. സ്റ്റീൽ സ്ക്രബർ വാങ്ങുന്ന കാര്യം പറഞ്ഞു പക്ഷേ അത് പുട്ടിയുണ്ടാക്കുമ്പോൾ എന്തിനാണെന്ന് പറഞ്ഞില്ല. ബൈക്കിന്റെയും മറ്റും പൊട്ടിയ പ്ലാസ്റ്റിക് പാർട്ടുകൾ ഒട്ടിക്കാനായി പുട്ടി തയ്യാറാക്കുമ്പോൾ ഈ സ്റ്റീൽ സ്ക്രബർ ചെറിയ കഷ്ണങ്ങളായി മീൻ വെട്ടുന്ന തരം കത്രിക കൊണ്ട് മുറിച്ച് പുട്ടി നിർമ്മിക്കുമ്പോൾ അതിൽ നന്നായി ഇളക്കിച്ചേർക്കുക.
കോൺക്രീറ്റിൽ കമ്പി ഇടുന്ന അതേ തത്വം തന്നെയാണ് ഇതും. നമ്മുടെ പുട്ടിക്ക് ഇരട്ടി ബലം കിട്ടും. വാഹനം ഓടുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ മൂലം ഒട്ടിച്ചത് ഇളകി പറിഞ്ഞ് പോവുകയുമില്ല.
ബൈക്കിന്റെ ഫെയറിങ്ങിലും, കാറിന്റെ ബമ്പറിലുമെല്ലാം ചില കുറ്റിയും,കൊളുത്തുകളും കാണാം ഇവയെല്ലാം സ്റ്റീൽ വൂൾ മുറിച്ചിട്ട ഈ പുട്ടി കൊണ്ട് നല്ല ഭംഗിയായി ഒട്ടിക്കാം,റീ പെയിന്റിങ്ങിനായി കുഴിവും തടയും നികത്താം,
ഒന്ന് രണ്ട് മണിക്കൂർ വെയിറ്റ് ചെയ്താൽ ഈ പുട്ടി കരിങ്കല്ല് പോലെ ഉറയ്ക്കും. അതിന് ശേഷം സാൻഡ് പേപ്പർ പിടിച്ച് ഫിനിഷ് ചെയ്യാം .പെയിന്റ് റീ ടച്ച് ചെയ്യുകയോ, അഭംഗി ഒഴിവാക്കാൻ സ്റ്റിക്കർ വർക്ക് ചെയ്യുകയോ ആവാം.. പൊട്ടിയ പാട് പോലും കാണില്ല.
DDL ബാക്കിയുണ്ടെങ്കിൽ എയർ ടൈറ്റായി അടച്ച് വയ്ക്കണം. സിമന്റ്റ് പൊടി എയർടൈറ്റായി അടച്ച് വച്ചാലും രണ്ട് മാസം കഴിഞ്ഞാൽ പിന്നെ ഗുണം കുറഞ്ഞ് പോകും.
നിങ്ങളുടെ മനോധർമ്മം പോലെ ഇഷ്ടം പോലെ ഉപയോഗങ്ങൾ ഈ പുട്ടി കൊണ്ട് ചെയ്യാം. ഒരു കാര്യം പറയാൻ വിട്ടു പോയി ! പുട്ടിയിട്ട് അര മണിക്കൂറിനുള്ളിൽ ഒരു ചെറിയ കത്തിയോ, ഹാക്സോബ്ലേഡോ ഉപയോഗിച്ച് കൂടുതലായുള്ള പട്ടി വടിച്ച് കളഞ്ഞ് ഷേപ്പ് ചെയ്യണം. അതിന് ശേഷം സാൻഡ് പെപ്പർ പിടിക്കുകയോ, ഡ്രില്ല് ചെയ്യുകയോ ഒക്കെ ആവാം. ഒരു ദിവസം കൊണ്ട് പുട്ടിയിട്ട സ്ഥലം പാറപോലെ ഉറച്ച ബലം കിട്ടും. ടൈൽ വിടവിലൂടെ വെള്ളമിറങ്ങി ലീക്ക് വരുന്ന കിച്ചൺ സിങ്കിൻ്റെ ലീക്ക് മാറ്റാൻ സാധാരണ സിമിൻ്റിന് പകരം വൈറ്റ് സിമൻ്റു പയോഗിക്കാം.
ഒരിഞ്ച് വീതിയിൽ പഴയ കോട്ടൺ തുണിക്കഷ്ണങ്ങൾ ആവശ്യമായ നീളത്തിൽ റിബൺ പോലെ മുറിച്ചെടുത്ത് അതിൻ്റെ ഇരുവശവും നമ്മളുണ്ടാക്കിയ ഈ പുട്ടി തേച്ചതിന് ശേഷം പൈപ്പുകളിലെ ലീക്കോ തുളയോ ഉള്ള ഭാഗത്ത് ടൈറ്റായി ചുറ്റിയാൽ ഏത് കടുത്ത ലീക്കും പമ്പ കടക്കും. കിച്ചൺ സിങ്കി ൻ്റെ അടിവശം പോലെ പണിയാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ പൈപ്പുകളിൽ ഉണ്ടാക്കുന്ന ലീക്കു മാറ്റാൻ ഈ പൊടിക്കൈ അത്യുത്തമമാണ്. എഴുതിയത് അജിത് കളമശേരി,#ajith_kalamassery,28.04.2024

സിംഗിൾ സപ്ലേയിൽ നിന്നും ഡ്യുവൽ സപ്ലേ

 സിംഗിൾ സപ്ലേയിൽ നിന്നും

 ഡ്യുവൽ സപ്ലേ 

 


 

സിംഗിൾ സപ്ലേയിൽ നിന്നും ഡ്യുവൽ സപ്ലേ ഉണ്ടാക്കിയെടുക്കേണ്ട ആവശ്യം ടെക്ന‌ീഷ്യൻമാർക്ക് പലപ്പോഴും നേരിടാറുണ്ട്. ഉദാഹരണത്തിന് ഒരു കാർ സ്റ്റീരിയോ ഒന്ന് അപ്ഗ്രേഡ് ചെയ്ത് ഒരു സബ് വൂഫർ വയ്ക്കണം. വാങ്ങിയ സബ് വൂഫർ ഫിൽറ്റർ ഡ്യുവൽ സപ്ലേയുടെതായിപ്പോയി. എന്ത് ചെയ്യും?
ഇങ്ങനെയുള്ള അവസരങ്ങളിൽ
നമ്മുടെ കൈവശം തന്നെയുള്ള ചില കോമ്പോണെന്റുകൾ ഉപയോഗിച്ച് സിമ്പിളായി ഡ്യുവൽ സപ്ലേ നിർമ്മിക്കുന്നതിനുള്ള ഒരു സർക്യൂട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. എത്ര വോൾട്ട് ഇൻപുട്ടും നമുക്ക് കൊടുക്കാം അതിനനുയോജ്യമായ വോൾട്ടേജ് റേറ്റിങ്ങുള്ള ഇലക്ട്രോലിറ്റിക് കപ്പാസിറ്റുകൾ ഉപയോഗിച്ചാൽ മതി.കൊടുക്കുന്ന ഇൻപുട്ട് വോൾട്ടേജിലും ഉയർന്ന വോൾട്ടേജ് റേറ്റിങ്ങ് ഉള്ള കപ്പാസിറ്റുകൾ ഉപയോഗിക്കുക.
ഒരു കാര്യം മനസിൽ വയ്ക്കണേ.ഡ്യുവൽ സപ്ലേ. ഉപയോഗിക്കുന്ന വാട്ടേജ് കൂടിയ ആമ്പൊന്നും ഈ സർക്യൂട്ടിൽ പ്രവർത്തിക്കില്ല കേട്ടോ! മാക്സിമം ഒരു 100 മില്ലി ആമ്പിയർ ബേസിക് സർക്യൂട്ടിൽ നിന്ന് ലഭിക്കും.ചെറിയ കറണ്ടെടുക്കുന്ന സർക്യൂട്ടുകൾക്ക് ഇത് മതിയാകുമല്ലോ. ചിത്രത്തിലെ ബേസിക് സർക്യൂട്ട് നോക്കുക.
ഇനി അൽപ്പം കൂടുതൽ കറണ്ട് വേണ്ട സർക്യൂട്ടുകൾ പരീക്ഷിക്കണമെങ്കിൽ കൂടുതൽ ഔട്ട്പുട്ട് ശേഷിയുള്ള സർക്യൂട്ട് വേണമല്ലോ അതിനും വഴിയുണ്ട്.
ചിത്രത്തിലെ സർക്യൂട്ട് 2 നോക്കുക. Q1-BD139, Q2-BD140 എന്നിങ്ങനെ രണ്ട് ലോ പവർ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് സിംഗിൾ റയിൽ DC വോൾട്ടിനെ ഡ്യുവൽ സപ്ലേക്കായി സ്പ്ളിറ്റ് ചെയ്തിരിക്കുന്നു. മാക്സിമം 2 ആമ്പിയർ വരെ സേഫായി ഈ സർക്യൂട്ട് വിട്ട് തരും. ട്രാൻസിസ്റ്ററുകൾ ഹീറ്റ് സിങ്കിൽ ഉറപ്പിക്കണം.
ഇൻപുട്ട് കൊടുക്കുന്ന DC വോൾട്ട് സ്പ്ലിറ്റ് ചെയ്ത് പകുതി വീതം പോസിറ്റീവും, നെഗറ്റീവുമായാണ് തിരികെ കിട്ടുക. 36 Vകൊടുക്കുമ്പോൾ
പോസിറ്റീവ് 18 V - 0V - നെഗറ്റീവ് 18 V ലഭിക്കും, 48 V കൊടുത്താൽ 24 Vലഭിക്കും
ഇതിലും കൂടിയ ആമ്പിയർ വേണമെങ്കിൽ Q1, Q2 ആയി TIP 2955, 3055 ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കാം.28.04.2024

Sunday, April 14, 2024

നിങ്ങളറിയാത്ത ഒരു സ്പീക്കർ നിർമ്മാതാവ്

 നിങ്ങളറിയാത്ത
 ഒരു സ്പീക്കർ നിർമ്മാതാവ്

 
 
 
1954ൽ നീലക്കുയിൽ എന്ന മലയാള സിനിമ നിർമ്മിച്ച് രംഗ പ്രവേശം ചെയ്ത ആദ്യകാല സിനിമാ നിർമ്മാതാവായ TK പരീക്കുട്ടി സാഹിബിൻ്റെ ഉടമസ്ഥതയിൽ 1969ൽ കൊച്ചിയിൽ തുടങ്ങിയ സൈന തീയേറ്റർ അന്നത്തെ ഏറ്റവും ആധുനിക രീതിയിലുള്ള വെസ് ട്രെക്സ് 6 ട്രാക്ക് സ്റ്റീരിയോ സൗണ്ട് സിസ്റ്റം കൊണ്ടും, 70 mm ദൃശ്യ പ്പൊലിമ കൊണ്ടും കേരളത്തിലെ സിനിമയുടെയും, ഒപ്പം സംഗീതാസ്വാദകരെയും ദൃശ്യ ശ്രാവ്യ വിസ്മയത്തിൻ്റെ കൊടുമുടിയിലെത്തിച്ച ആദ്യ സംരംഭമായിരുന്നു.
ഈ സംരഭത്തിൽ ചെറിയ ഒരു പങ്ക് വഹിച്ച എന്നാൽ തൻ്റെ പരിചയവലയത്തിനപ്പുറം അറിയപ്പെടാത്ത ഒരാളുണ്ടായിരുന്നു... പരീക്കുട്ടി സാഹിബിൻ്റെ നൂറു കണക്കിന് തോണികളിൽ ഒന്നിൻ്റെ തുഴക്കാരനായിരുന്ന മാളിയേക്കൽ കാദർ...
സൈന തീയേറ്ററിൽ ഓരോ പടം മാറുമ്പോഴും അതിൻ്റെ പരസ്യം ഒരു ചെണ്ടക്കാരൻ്റെ അകമ്പടിയോടെ തോണിയിൽ വച്ച സിനിമാ പോസ്റ്റർ സഹിതം ജലഗതാഗത മാർഗ്ഗങ്ങളാൽ സമ്പന്നമായ കൊച്ചിയിലെ ഓരോ കടവിലുമെത്തി ചെണ്ടകൊട്ടി വിളംബരം ചെയ്യുന്ന അധിക ജോലി കൂടി കാദറിനുണ്ടായിരുന്നു.
താനും ഭാര്യയും ഒപ്പം 9 മക്കളും അടങ്ങിയ കുടുംബത്തിനെ പ്പോറ്റാൻ ഏത് അധിക ജോലിയും ചെയ്യാൻ കാദറിക്ക സന്നദ്ധനുമായിരുന്നു.
കാദറിൻ്റെ.മൂന്നാമത്തെ പുത്രനായിരുന്നു ഇസ്മായിൽ .ചെറുപ്പം മുതലേ തട്ട് മുട്ട് വിദ്യകളിലും ബാറ്ററി കൂട്ടിമുട്ടിച്ച് ബൾബ് കത്തിക്കുക പോലുള്ള അതിഭയങ്കര സാങ്കേതിക വിദ്യകളിലും നിപുണനായിരുന്നു ഇസ്മായിൽ.
കൂടാതെ വാപ്പായ്ക്ക് തീയേറ്ററിലുള്ള ഫ്രീ പാസ് കരസ്ഥമാക്കി സിനിമാ കാണലും പതിവാക്കി.സൈനാ തീയേറ്ററിൽ പോയി പടം കാണുക എന്നതിനേക്കാൾ പ്രൊജക്റ്റർ റൂമിൽ കയറി അവിടെയിരിക്കുന്ന ആംപ്ലിഫയറുകളും, റെക്കാഡ് പ്ലയറും, സ്പീക്കറുകളുമൊക്കെ തൊട്ടും പിടിച്ചും നോക്കുകയും, ഇവയുടെ സർവ്വീസിങ്ങിന് വരുന്ന എഞ്ചിനീയർമാരുമായി ചങ്ങാത്തം കൂടി അവർക്കൊപ്പം സഹായിയായി നിൽക്കുകയുമായിരുന്നു ഇസ്മായിലിൻ്റെ പ്രധാന ലക്ഷ്യം.
പത്താം ക്ലാസ് പാസായതോടെ ഇസ്മായിലിനെ വാപ്പാ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലേക്ക് നാട് കടത്തി. അവിടെ ഇസ്മായിലിൻ്റെ അളിയൻമാരിൽ ഒരാളായ കോയാക്കയുടെ വീട്ടിലേക്കായിരുന്നു ഈ നാട് കടത്തൽ.
അവിടെ കോയയുടെ സുഹൃത്തായ റാഫേലാശാൻ്റെ കീഴിൽ കറണ്ട് പണികളിൽ താൽപ്പര്യമുള്ള മോനെ വയറിങ്ങ് പഠിപ്പിക്കുക എന്ന മറ്റൊരുദ്ദേശവും കാദറിനുണ്ടായിരുന്നു.
കുറച്ച് നാൾ അവിടെ നിന്നപ്പോഴേക്കും ഇസ്മായിലിന് ബോറടിച്ചു. കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന ചൊല്ല് കേട്ടിട്ടില്ലേ... അപ്പോൾ കൊച്ചിക്കാരനായ ഇസ്മായിലിൻ്റെ കാര്യം പറയേണ്ടതുണ്ടോ..
ഇസ്മായിൽ വലിച്ച് വിട്ട റബർ ബാൻഡ് പോലെ തിരികെ കൊച്ചിയിലെത്തി.. വീണ്ടും സൈന തീയേറ്ററിലെ സ്ഥിരം സന്ദർശകനായി
അവിടെ സ്ഥിരമായി വരാറുണ്ടായിരുന്ന ഫോട്ടോ ഫോൺ പ്രൊജക്റ്റർ കമ്പനിയുടെ ചീഫ് എഞ്ചിനീയറായ മോഹൻ ബാലാജിയുമായും, സിനിമാ കാർബൺ അടക്കം തീയേറ്ററിലേക്ക് ആവശ്യമായ കൺസ്യൂമബിൾസ് സപ്ലേ ചെയ്യുന്ന എറണാകുളം പുല്ലേപ്പടിയിൽ കാർത്തിക് സിനി സെൻ്റർ നടത്തുന്ന രാധാകൃഷ്ണൻ ചേട്ടനുമായും ഇസ്മായിൽ വളരെ സൗഹൃദത്തിലായി.
ഇവരാണ് ഇസ്മായിലിനെ പള്ളുരുത്തിയിൽ മെലോഡീസ് എന്ന സ്പീക്കർ വൈൻഡിങ്ങ് സ്ഥാപനം നടത്തിയിരുന്ന മോഹനൻ ചേട്ടൻ്റെയടുത്തേക്ക് റക്കമൻ്റ് ചെയ്ത് വിട്ടത്.
അന്ന് കേരളത്തിലെ പ്രമുഖ ഫോട്ടോ ഫോൺ കമ്പനി അംഗീകൃത സിനിമാ തീയേറ്റർ സ്പീക്കർ റീ വൈൻഡർ മോഹനൻ ചേട്ടനാണ്.
അക്കാലങ്ങളിൽ സിനിമാ തീയേറ്ററുകളിൽ ഉപയോഗിച്ചിരുന്നത് 230 വോൾട്ട് കറണ്ട് കൊടുത്ത് സ്പീക്കറിൻ്റെ ഇലക്ട്രോമാഗ് നെറ്റ് ഓണാക്കിയ ശേഷം പ്രവർത്തിപ്പിക്കുന്ന സ്പീക്കറുകളായിരുന്നു.
കറണ്ട് കൊടുക്കാതെ ആംപ്ലിഫയർ ഓണാക്കിയാൽ സ്പീക്കർ കത്തിപ്പോകും. മനുഷ്യസഹജമായ മറവികൾ മൂലം സ്പീക്കറുകൾ കേടാകാനുള്ള സാദ്ധ്യത അന്ന് വളരെ കൂടുതലായിരുന്നു.
തമിഴൻമാരാണ് അന്നത്തെ സ്പീക്കർ വൈൻഡർമാർ ഇവർ ഓരോ തീയേറ്ററിലും കയറി ഇറങ്ങി സ്പീക്കറുകൾ നന്നാക്കിപ്പോകും.
പക്ഷേ ആധുനിക തീയേറ്ററുകൾ നഗരങ്ങളിൽ വന്നതോടെ കമ്പനി നിർദ്ദേശിക്കുന്ന വിധത്തിൽ വൈൻഡ് ചെയ്യേണ്ടി വന്നു. ഇതിന് പരിചയ സമ്പന്നനായ മോഹനൻ ചേട്ടൻ തന്നെ വേണം ..
അപ്രൻ്റീസുകളെ ഏഴയലത്ത് അടുപ്പിക്കാത്ത മോഹനൻ ചേട്ടന് ഫോട്ടോ ഫോൺ കമ്പനിയുടെ ചീഫ് എഞ്ചിനീയർ മോഹൻ ബാലാജിയുടെ റക്കമൻ്റേഷൻ തള്ളിക്കളയാനാകുമായിരുന്നില്ല.
അങ്ങനെ ഇസ്മായിൽ പള്ളുരുത്തിയിലെ മോഹനൻ ചേട്ടൻ്റെ മെലോഡീസ് സ്പീക്കർ വൈൻഡേഴ്സിൽ
പണി പഠിക്കാൻ കയറി.
ഇത് ഇസ്മായിലിൻ്റെ ജീവിതം മാറ്റിമറിച്ചു.. നീണ്ട പതിനൊന്ന് വർഷം മോഹനൻ ചേട്ടൻ്റെ കൂടെ നിന്ന ശേഷം ഗുരുവിൻ്റെ സർവ്വവിധ അനുഗ്രഹങ്ങളോടെയും കൂടി കൊച്ചിയിൽ MACK വൈൻഡേഴ്സ് എന്ന സ്ഥാപനം സ്വന്തമായി ആരംഭിച്ചു..
സ്പീക്കർ വൈൻഡിങ്ങ് രംഗത്ത് തനിക്കുള്ള നീണ്ട നാളത്തെ പരിചയം മുൻനിറുത്തി വെറും ഒരു സ്പീക്കർ റീ വൈൻഡർ എന്ന നിലയിൽ നിന്ന് മാറി ചിന്തിച്ച് സ്വന്തമായി സ്പീക്കർ നിർമ്മാണം കൂടി ഇതിനിടയിൽ ഇസ്മായിൽ ആരംഭിച്ചു.
അങ്ങനെ കേരളത്തിലെ ആദ്യ വലിയ സ്പീക്കറുകളുടെ നിർമ്മാതാവ് എന്ന പേര് ഇസ്മായിൽ സ്വന്തമാക്കി.
8 ഇഞ്ച്, 12 ഇഞ്ച്, 15 ഇഞ്ച് അളവുകളിൽ തീയേറ്റർ ഉപയോഗത്തിനാവശ്യമായ ഫുൾ റേഞ്ച്, വൂഫർ സ്പീക്കറുകളുടെ നിർമ്മാണത്തിലാണ് MACK ശ്രദ്ധ കേന്ദ്രീകരിച്ചത്.
സ്പീക്കർ നിർമ്മാണത്തിലെ ഏത് പുതിയ ടെക്നോളജിയും പഠിക്കുന്നതിൽ ഇസ്മയിൽ ബദ്ധശ്രദ്ധനായിരുന്നു.
വിദേശ നിർമ്മിത കോപ്പർ ക്ലാഡ് അലുമിനിയം വയർ (CCAW ) കോപ്പർ ക്ലാഡ് അലുമിനിയം റിബൺ (CCAR) മെറ്റീരിയലുകൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ ആദ്യമായി സ്പീക്കറുകൾ നിർമ്മിച്ച് തുടങ്ങിയത് MACK ആയിരുന്നു.
ഇപ്പോൾ സ്പീക്കറുകൾ കൂടാതെ സ്പീക്കറുകൾക്കും, വൂഫറുകൾക്കും അവശ്യ ഘടകമായ റബർ പെർഫോറേറ്റഡ് സറൗണ്ട് റിങ്ങുകളും, അവ നിർമ്മിക്കാനുള്ള മെറ്റൽ ഡൈകളും ബ്രിട്ടീഷ് ബ്രാൻഡായ ടാനോയിയുടെ സഹകരണത്തോടെ MACK. കേരളത്തിൽ നിർമ്മിക്കുന്നുണ്ട്.
കമ്പനിയുടെ തുടക്ക. കാലത്ത് സവിശേഷ തരത്തിലുള്ള ഹെവി ഡ്യൂട്ടി സ്പീക്കർ ബാസ്ക്കറ്റുകൾ ഇസ്മായിലിൻ്റെ ഡിസൈനിൽ എറണാകുളം ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള ജോസഫ് ആശാൻ ലേത്തിൽ നിർമ്മിച്ച് നൽകിയിരുന്നു. ഇപ്പോൾ അവ കൊറിയയിൽ നിന്നും ഇംപോർട്ട് ചെയ്യുകയാണ്.
ഇന്ത്യയിലെ മിക്കവാറും വൻകിട തീയേറ്ററുകളിൽ കേരളത്തിൽ നിർമ്മിക്കുന്ന MACK നിർമ്മിത സ്പീക്കറുകൾ ഉപയോഗിക്കുന്നു എന്നത് നമുക്കും അഭിമാനിക്കാവുന്ന ഒരു വാർത്തയാണ്.
ഹൈ വാട്ട് തീയേറ്റർ സ്പീക്കറുകളുടെ നിർമ്മാണത്തിലേക്ക് കടന്നപ്പോഴാണ് തീയേറ്ററുകളിൽ ഉപയോഗിക്കുന്ന ആംപ്ലിഫയറുകളുടെ ലിമിറ്റേഷൻസ് ഇസ്മായിലിൻ്റെ ശ്രദ്ധയിൽ പെട്ടത്. PAയ്ക്ക് ഉപയോഗിക്കുന്ന ആമ്പുകളാണ് അന്ന് തീയേറ്ററുകളിൽ ഉപയോഗിച്ച് പോന്നത്.
ശബ്ദ ഗുണം കൂടിയ വിദേശ നിർമ്മിത പ്രൊഫഷണൽ ആമ്പുകൾക്ക് വൻ വിലയുമായിരുന്നു.
ശബ്ദ സൗകുമാര്യം കൂടിയതും ,എന്നാൽ വിദേശ ആമ്പുകളുടെ വില വരാത്തതുമായ പ്രൊഫഷണൽ ആംപ്ലിഫയറുകളുടെ നിർമ്മാണത്തിലേക്ക് കൂടെ ഇസ്മായിൽ പതിയെ കാൽ വച്ചു.
MACKഎന്ന ബ്രാൻഡിലായിരുന്നു ആ തുടക്കം. ഡോൾബി യിലെ ജോസേട്ടൻ അടക്കമുള്ള സുഹൃത്തുക്കൾ ഇതിന് മാർഗ്ഗ നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ പ്രീയ സുഹുത്തായ രമേഷ് നമ്പ്യാർ ഈ സംരംഭത്തിനാവശ്യമായ നിർലോഭമായ പൂർണ്ണ സാമ്പത്തിക പിൻതുണയും നൽകി.
ഇപ്പോൾ ഇന്ത്യയിലെമ്പാടും ഡീലർനെറ്റ് വർക്കും, സർവ്വീസ് പിൻതുണയുമുള്ള പ്രമുഖ ആംപ്ലിഫയർ ബ്രാൻഡായി MACK മാറിയിരിക്കുകയാണ്.
MACKൻ്റെ ആസ്ഥാനം കൊച്ചിയിലും, ആംപ്ലിഫയർ ഷോറൂമും,MACK സ്പീക്കർ റീ വൈൻഡിങ്ങ്‌ യൂണിറ്റും എറണാകുളം പള്ളിമുക്കിലാണ്.
മാക്കിൻ്റെ സ്പീക്കർ നിർമ്മാണ ഫാക്ടറി ഫോർട്ട് കൊച്ചിയിലുമാണ്.
ഹൈ വാട്ട്സ്, ഹൈ എൻഡ് പ്രൊഫഷണൽ ആംപ്ലിഫയറുകൾ, മിക്സറുകൾ, ലൈൻ അറേ സ്പീക്കർ സിസ്റ്റം, ഹൈവാട്ട് നിയോഡൈമിയം വൂഫറുകൾ, ട്വീറ്ററുകൾ എന്നിങ്ങനെ വളരെ വിപുലമാണ് MACKൻ്റെ ഉൽപ്പന്ന നിര.
18 ഇഞ്ച് 1000 വാട്ട് ഫെറൈറ്റ് മാഗ് നെറ്റ് സ്പീക്കറിന് ഏകദേശം 14 കിലോ ഭാരം വരുമ്പോൾ തുല്യ വാട്ടുള്ള അതിലും പെർഫോമൻസ് ഉള്ള 18 ഇഞ്ച് വൂഫറിന് 4 കിലോ ഭാരമേയുള്ളൂ.
ഈ വരുന്ന ഓണത്തോടനുബന്ധമായി മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഹോം ഓഡിയോ എന്ന പുതിയ സെഗ്മെൻ്റിലേക്ക് കടക്കാൻ ഉദ്ദേശിക്കുകയാണ് MACK
വളരെ ഗുണമേൻമയേറിയ ഓഡിയോ ഉൽപ്പന്നങ്ങൾ താങ്ങാനാകുന്ന വിലയ്ക്ക് ഓരോ വീട്ടിലും എത്തിക്കുക എന്നതാണ് MACK ഹോം ഓഡിയോയുടെ ലക്ഷ്യം.
പുതുതലമുറയും ഓഡിയോ ബിസിനസിൽ സജീവമാണ്. ഇളയ മകനായ മഖ്ബൂലാണ് MACKൻ്റെയും MACK ൻ്റെയും ടെക്നിക്കൽ സൈഡും, പ്രൊഡക്ഷൻ യൂണിറ്റുകളും കൈകാര്യം ചെയ്യുന്നത്.
ഇതിനിടെ ഒരു രഹസ്യം ! തനിക്ക് നിർലോഭമായ പിൻതുണ നൽകിയ പിതാവിൻ്റെ സ്മരണാർത്ഥമാണ് മാളിയേക്കൽ കാദർ എന്നതിൻ്റെ ചുരുക്കമായ MACK എന്ന പേര് അദ്ദേഹം തൻ്റെ സ്ഥാപനത്തിന് നൽകിയിരിക്കുന്നത്.
അറുപത്തഞ്ചാം വയസിലേക്ക് കടക്കുന്ന ഇസ്മായിലിക്ക തൻ്റെ പുതിയ ലക്ഷ്യങ്ങളിലേക്ക് അവിരാമം, അവിശ്രമം കുതിച്ച് കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ നിർമ്മിക്കുന്ന പ്രൊഫഷണൽ PA സിസ്റ്റങ്ങളുടെ ബുദ്ധികേന്ദ്രമായ
ഇസ്മയിലിക്കയെ പരിചയപ്പെടാനും, സപീക്കർ നിർമ്മാണ യൂണിറ്റ് പോലുള്ളവ ആരംഭിക്കാനും, മാഗ് നെറ്റ് ചാർജർ ,ബാസ്ക്കറ്റ്, കോൺപേപ്പർ, റബർ ഗാസ്ക്കെറ്റുകൾ, ഇംപോർട്ടഡ് കോയിലുകൾ തുടങ്ങി എന്തും ഒപ്പം അദ്ദേഹത്തിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും നിങ്ങൾക്കും ലഭ്യമാകും..
കൂടുതൽ വിവരങ്ങൾക്ക് 7012068247 എന്ന വാട്സാപ്പ് നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെടാം.എഴുതിയത് #അജിത്കളമശേരി. #Ajithkalamassery, 22.03.2024