CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, October 12, 2024

കറണ്ട് കള്ളൻ സർക്യൂട്ട്

 കറണ്ട് കള്ളൻ സർക്യൂട്ട്

 

 


ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹോബീ സർക്യൂട്ടുകളിൽ ഒന്നായ കറണ്ട് കള്ളൻ സർക്യൂട്ടിന് ( ജൂൾ തീഫ് ) 25 വയസ്.
ഉപയോഗ ശൂന്യമായ ബാറ്ററികൾ ഉപയോഗിച്ച് വീണ്ടും പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന ഒരു ടെക്നീഷ്യൻ്റെ നിരന്തര അന്വോഷണത്തിൻ്റെ ഉൽപ്പന്നമാണ് ഈ കറണ്ട് കള്ളൻ സർക്യൂട്ട്.
എവിടെ നിന്നും ഒന്നും കട്ടെടുക്കുന്നില്ല. പഴയ ബാറ്ററികളിൽ അവശേഷിക്കുന്ന ഊർജ്ജം ഊറ്റിയെടുക്കുന്നതേയുള്ളൂ എന്നതിനാൽ
കറണ്ട് കള്ളൻ (ജൂൾ തീഫ് )എന്ന പേര് ഈ സർക്യൂട്ടിന് അത്ര യോജിക്കുന്നില്ല എങ്കിലും ലോകമാകമാനം പ്രയോഗിച്ച് വരുന്നതിനാൽ നമ്മളായിട്ട് ഇനി മാറ്റമൊന്നും വരുത്തുന്നില്ല.
തുടക്കക്കാർക്ക് ഈ സർക്യൂട്ടിലെ ടൊറോയിഡ് കോർ വൈൻഡിങ്ങ് അൽപ്പം ബുദ്ധിമുട്ടായി തോന്നിയേക്കാമെങ്കിലും ഒന്ന് രണ്ട് പ്രാവശ്യം ശ്രമിച്ചാൽ പിന്നെ വളരെ ഈസിയായിരിക്കും.
വെറും 1.5 വോൾട്ട് കൊടുത്താൽ അനുയോജ്യമായ വൈൻഡിങ്ങും, ട്രാൻസിസ്റ്ററുകളും ഉപയോഗിച്ചാൽ 300 മടങ്ങ് ഇരട്ടി വോൾട്ടേജ് വരെ വളരെ സിമ്പിളായി ഈ കറണ്ട് കള്ളൻ സർക്യൂട്ട് നൽകും. 1.5 വോൾട്ട് കൊടുത്ത് 1531 വോൾട്ട് ഉൽപ്പാദിപ്പിച്ചതാണ് ജൂൾ തീഫ് സർക്യൂട്ടിൻ്റെ ലോക റിക്കോർഡ്.
നമ്മൾ ഇവിടെ ഉണ്ടാക്കുന്ന സർക്യൂട്ട് ഉപയോഗിച്ച് അത്ര ഉയർന്ന വോൾട്ടേജൊന്നും കിട്ടില്ല കേട്ടോ.മാക്സിമം ഒരു 25 വോൾട്ടൊക്കെ ലഭിച്ചേക്കാം.
LED ലോഡ് കൊടുക്കാതെ സർക്യൂട്ട് ഓൺ ചെയ്താൽ ട്രാൻസിസ്റ്റർ ചീത്തയായി പോകാൻ സാദ്ധ്യതയുണ്ട് എന്ന കാര്യം ഓർമ്മയിൽ വയ്ക്കണം.
1999 നവംബർ മാസം പുറത്തിറങ്ങിയ എവരിഡേ പ്രാക്റ്റിക്കൽ ഇലക്ട്രോണിക്സ് മാഗസിൻ എന്ന പ്രസിദ്ധീകരണത്തിലെ ഹോബി സർക്യൂട്ട് സെക്ഷനിൽ Z. Kaparnik എന്ന ഹോബിയിസ്റ്റാണ് ഈ സർക്യൂട്ട് ഡിസൈൻ ചെയ്ത് പ്രസിദ്ധീകരിച്ചത്.
പിന്നീട് നൂറു കണക്കിന് വ്യത്യസ്ത സർക്യൂട്ടുകൾ ഈ സർക്യൂട്ട് ബേസ് ചെയ്ത് ഡിസൈൻ ചെയ്യപ്പെട്ടു.
ഒരു 1.5 വോൾട്ട് സെൽ ഉപയോഗിച്ച് ഏതാണ്ട് ഒരു വർഷം വരെ ഒരു LED തെളിക്കാൻ ഈ സർക്യൂട്ടിന് കഴിയും. ഉയർന്ന വോൾട്ടേജ് ലഭിക്കുമെങ്കിലും 30 മില്ലി ആമ്പിയറിൽ കൂടുതൽ കറണ്ട് നൽകാൻ ഈ സർക്യൂട്ടിന് കെൽപ്പില്ല.അതിനാൽ മോട്ടോർ പോലുള്ളവ ഈ സർക്യൂട്ടിൽ ഓടില്ല.
സിലിക്കോൺ ട്രാൻസിസ്റ്ററിൻ്റെ ബേസ് കണ്ടക്ഷന് വേണ്ട മിനിമം വോൾട്ടേജായ 0.6 ബാറ്ററിയിൽ ഉണ്ടെങ്കിൽ ഈ സർക്യൂട്ട് പ്രവർത്തിക്കും.പ്രത്യേക തരം മോസ് ഫെറ്റുകൾ ഉപയോഗിച്ചാൽ 0.1 വോൾട്ടിൽ പോലും ജൂൾ തീഫ് സർക്യൂട്ട് പ്രവർത്തിക്കുന്നുണ്ട്.
കീഹോൾ ഫൈൻഡർ ,ഒറ്റ സെൽ ടോർച്ച്, സൈക്കിൾ ഹസാർഡ് ലൈറ്റ്, സോളാർ പവേർഡ് ഫ്ലാഷർ, ഹീറ്റ് എനർജി വൈദ്യുതിയാക്കുന്ന പെൽട്ടിയർ മോഡ്യൂളിനൊപ്പം, കാറ്റിൻ്റെ ഗതിയും, ശക്തിയും അളക്കുന്ന സെൻസറായി എന്നിങ്ങനെ വിവിധങ്ങളായ ധാരാളം ഉപയോഗങ്ങൾക്കായി ഈ ജൂൾ തീഫ് സർക്യൂട്ട് ഉപയോഗിക്കുന്നു.
ഹൈവേകളിലൂടെ പോകുമ്പോൾ അപകട മേഖലകളിൽ രാത്രി നേരം ഡ്രൈവർമാരുടെ ശ്രദ്ധ വേഗം ആകർഷിക്കുന്നതിനായി നിരത്തിൽ അടിച്ചുറപ്പിച്ചിരിക്കുന്ന സോളാർ പവേർഡ് LED ബ്ലിങ്കറുകൾ കണ്ടിട്ടില്ലേ ഇവയിൽ ജൂൾ തീഫ് സർക്യൂട്ട് ഉപയോഗിക്കുന്നുണ്ട്.
സർക്യൂട്ട് നോക്കുക വളരെ ലളിതമാണിത്. ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ചോക്ക്, SMPS എന്നിവയിൽ നിന്നും ഒരു ടോറോയിഡ് അഴിച്ചെടുക്കുക.
 
 
 

 
അതിലേക്ക് ഒരു മീറ്റർ ഹുക്കപ്പ് വയർ അല്ലെങ്കിൽ 27 SWG ഇൻസുലേറ്റഡ് കോപ്പർ വയർ എടുത്ത് രണ്ടായി ഒപ്പം മടക്കി 20 ചുറ്റുകൾ ചുറ്റുക.
എളുപ്പത്തിന് വേണ്ടി രണ്ട് കളർ വയറുകൾ അര മീറ്റർ വീതം എടുക്കാം.
സർക്യൂട്ട് നോക്കുക, ചുവന്ന ഡോട്ട് വയറിൻ്റെ തുടക്കവും കറുത്ത ഡോട്ട് എൻഡും സൂചിപ്പിക്കുന്നു.
A എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പ്രൈമറി സെക്ഷൻ ചുവന്ന വയറും B എന്ന സെക്കൻഡറിയിലെ പച്ച വയറും ശ്രദ്ധിക്കുക .
ചുവന്ന വയറിൻ്റെ സ്റ്റാർട്ടും, പച്ച വയറിൻ്റെ എൻഡും തമ്മിൽ കൂട്ടി പിരിച്ച് അവിടെ ബാറ്ററിയുടെ പോസിറ്റീവ് കൊടുക്കണം.
ചുവന്ന വയറിൻ്റെ എൻഡിൽ ഒരു 1 K റസിസ്റ്റർ കൊടുത്ത് BC 547 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ കൊടുക്കുക. പച്ച വയറിൻ്റെ സ്റ്റാർട്ട് ട്രാൻസിസ്റ്ററിൻ്റെ കളക്റ്ററിൽ കൊടുക്കണം.
LED ട്രാൻസിസ്റ്ററിൻ്റെ കളക്റ്ററും, എമിറ്ററും തമ്മിൽ സോൾഡർ ചെയ്യുക.
LED ക്ക് സീരീസ് റസിസ്റ്റർ ആവശ്യമില്ല. വർക്കിങ്ങ് വോൾട്ടേജ് 3.2 ആയ നീല, വെള്ള LED കൾ 0.6 വോൾട്ടേജ് മാത്രമുള്ള ഉപയോഗശൂന്യമായ ബാറ്ററിയിൽ പോലും സുഗമമായി പ്രകാശിക്കും.
1.5 വോൾട്ട് റിമോട്ട് ബാറ്ററിയിൽ ആറ് മാസത്തിലധികം പ്രകാശത്തിൽ കാര്യമായ കുറവില്ലാതെ തുടർച്ചയായി ഈ സർക്യൂട്ട് ഞാൻ പ്രവർത്തിപ്പിച്ച് പരീക്ഷിച്ചിട്ടുണ്ട്..
ടോറോയിഡിൻ്റെ കാര്യത്തിൽ പ്രത്യേക തരം തന്നെ വേണമെന്നില്ല. നിങ്ങളുടെ കൈവശം ലഭ്യമായതുപയോഗിക്കാം.
ഞാൻ പഴയ കമ്പ്യൂട്ടർ SMPS ൽ നിന്നൂരിയ ടോറോയിഡാണു പയോഗിച്ചത്... പഴയ CFL ചോക്കിൽ നിന്നും. ഊരിയെടുത്ത ചെറിയ തരവും ഉപയോഗിച്ചു സക്സസായി..
ചെറിയ കോറുകൾ ഉപയോഗിക്കുമ്പോൾ വണ്ണം കുറഞ്ഞ കോപ്പർ വയർ കൂടുതൽ ചുറ്റുകൾ വേണ്ടിവരും. 30 SWG ഇൻസുലേറ്റഡ് കോപ്പർ വയർ 50 ടേൺസ് വീതം ഉപയോഗിച്ചാണ് CFL ടോറോയിഡ് വൈൻഡ് ചെയ്തത്.
ഒരു പഴയ 12 വോൾട്ട് 5 A ട്രാൻസ്ഫോർമർ. സെക്കൻഡറി പൊളിച്ചെടുത്ത ചെമ്പുകമ്പി ഉപയോഗിച്ചാണ് SMPS ൽ നിന്നെടുത്ത ടോറോയിഡ് വൈൻഡ് ചെയ്തെടുത്തത്.
വണ്ണം കൂടിയ കോപ്പർ വയർ ഉപയോഗിക്കുമ്പോൾ ടേൺസ് എണ്ണം 10+10 ഒക്കെ മതിയാകും.
നിങ്ങളുടെ കൈവശമുള്ള BC 546,BC 547, BC 548,2N 2222,2N 3904ഏത് ജനറൽ പർപ്പസ് NPN ട്രാൻസിസ്റ്റർ വേണമെങ്കിലും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം..ഒരു ചെറിയ കോമൺPCB യിൽ ഈ സർക്യൂട്ട് അസംബിൾ ചെയ്യാം
സമയം കിട്ടുമ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കൂ..രസകരമായിരിക്കും
ഒരിക്കൽ പ്രകാശിച്ച് കഴിഞ്ഞാൽ 0.6 വോൾട്ടിലും താഴെ ബാറ്ററി വോൾട്ട് കുറഞ്ഞാലും ഈ സർക്യൂട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കും എന്ന വിശദീകരിക്കാനാകാത്ത ശാസ്ത്ര തത്വവും ഈ സർക്യൂട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു.
ഞാനുണ്ടാക്കിയ കറണ്ട് കള്ളൻ 0.49 വോൾട്ട് മാത്രമുള്ള ബാറ്ററിയിൽ നിന്നും നീല LED പ്രകാശിപ്പിക്കുന്നത് ചിത്രത്തിൽ കാണാം!
.Ajith Kalamassery 12.10.2024

No comments:

Post a Comment