PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, April 10, 2012

മൊബൈല്‍ ഫോണും നീലച്ചിത്രങ്ങളും

മൊബൈല്‍ ഫോണും നീലച്ചിത്രങ്ങളും


മൊബൈൽ ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണല്ലോ. കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവർവരെ ഇന്ന്‌ ഫോണിനടിപ്പെട്ടിരിക്കുന്നു. മനുഷ്യരെ തമ്മിലടുപ്പിക്കാനും സ്നേഹബന്ധങ്ങളുറപ്പിക്കാനും ഫോണുകൾ ഉപകരിക്കാം പക്ഷെ ഫോണുകളെ ഫോണുകളായിട്ടല്ല ഇന്ന്‌ കൂടുതലും ഉപയോഗിക്കുന്നത്‌. ടിവിയും സിഡി പ്ലെയറുകളും ക്യാമറയും ഫോണിൽ ചേക്കേറിയതോടുകൂടി വളരെ സ്വകാര്യമായി തന്നെ ഇവ ഉപയോഗിക്കുന്നു. സാധാരണ ക്യാമറയുപയോഗിച്ച്‌ ഫോട്ടോ എടുത്ത്‌ അത്‌ ഫോട്ടോ ലാബിൽ കൊണ്ടുപോയി കഴുകിയെടുക്കുന്നതിന്‌ പകരം ഡിജിറ്റൽ ക്യാമറയുള്ള ഫോണുപയോഗിച്ച്‌ ചിത്രങ്ങൾ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ സ്വകാര്യമായി കാണാനും ഇന്ന്‌ ചെറിയ കുട്ടികൾക്ക്‌ പോലും പ്രയാസമില്ല. ഇവിടെയാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌.
ഈ അടുത്തക്കാലത്ത്‌ കേരളത്തിലെ ഒരു സ്കൂളിൽ SSLC, +2 വിദ്യാർത്ഥികളുടെ ബാഗ്‌ അധ്യാപകർ പരിശോധിക്കുകയുണ്ടായി. നൂറിൽ പത്ത്‌ പേരുടെ ബാഗിലും പുസ്തകങ്ങൾക്കുള്ളിലുംനിന്ന്‌ നീലച്ചിത്രങ്ങളടങ്ങിയ സിഡിയും മെമ്മറി കാർഡുകളും പിടികൂടി. ഇവിടെയാണ്‌ രക്ഷിതാക്കൾ സൂക്ഷിക്കേണ്ടത്‌. നിങ്ങളുടെ മക്കളുടെ ബാഗും പുസ്തകവും ആഴ്ചയിൽ ഒരു തവണ പരിശോധിക്കണം കൂടാതെ മൊബൈൽ ഫോൺ ദിവസവും പരിശോധിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികളുടെ ഫോണിലെ നമ്പറുകൾ നോട്ട്‌ ചെയ്യണം, കൂടുതൽ സംസാരിക്കുന്ന ഇൻകമിംഗ്‌ നമ്പറും ഔട്ട്ഗോയിംഗ്‌ നമ്പറും പ്രത്യേകം കുറിച്ച്‌ വെക്കുക. ഇത്തരം നമ്പറായിരിക്കാം മക്കളുടെ ഭാവി അല്ലെങ്കിൽ ജീവൻ തന്നെ പന്താടുന്നത്. തുടക്കത്തിൽ സൂക്ഷിച്ചാൽ പിന്നെ ദുഃഖിക്കേണ്ടതില്ലല്ലോ.
നമ്മുടെ നിയന്ത്രണത്തിലും സ്വാതന്ത്ര്യത്തിലും വളരുന്ന മക്കൾക്ക്‌ മൊബൈല്‍ ഫോൺ വാങ്ങികൊടുക്കുന്നത്‌ കൊണ്ട്‌ വിരോധമില്ല. പക്ഷെ നമ്മുടെ നിയന്ത്രണം വിട്ടാൽ പിന്നെ ഫോണും നിയന്ത്രണം വിടുമെന്ന്‌ സൂക്ഷിക്കുക. കമ്പ്യൂട്ടറുള്ള വീടും ഇന്ന്‌ ഒരു വിഷയമായിരിക്കുകയാണ്‌. വീട്ടിലെ കമ്പ്യൂട്ടറും ടിവിയും എല്ലാവരും കാണുന്ന സ്ഥലത്ത്‌ സൂക്ഷിക്കുക. പല വീടുകളിലും കമ്പ്യൂട്ടറും ടിവിയും സ്വകാര്യസ്ഥലങ്ങളിൽ കുട്ടികളും മറ്റും സൂക്ഷിക്കുന്നുണ്ട്‌. ഇത്‌ വലിയൊരു ദുരന്തത്തിന്‌ വഴിയൊരുക്കും. കുട്ടികളുടെ മുറികളും ഇടക്കിടെ രക്ഷിതാക്കൾ പരിശോധിക്കണം. സിഡികൾ മാത്രമല്ല മഞ്ഞപ്പുസ്തകങ്ങളും ഫോട്ടോകളും ഇത്തരക്കാർ സൂക്ഷിക്കുന്നുണ്ട്‌. ഇടക്കിടക്ക്‌ ഇടപെടുക, അതൊരു ശീലമാക്കുക.
ഇവിടെ ഇതുവരെ പ്രതിപാദിച്ചതു 18 വയസ്സ്‌ വരെ പ്രായമുള്ള കുട്ടികളുടെ കാര്യമാണ്‌. എന്നാൽ മുതിർന്നവരെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യവുംകൂടി പറയട്ടെ. കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോൺ ടെക്നോളജികളുടെയും വളർച്ച നാം ചിന്തിക്കുന്നതിലപ്പുറമാണ്‌. ഫോണുകളിലും ഫോണിലെ മെമ്മറി കാർഡിലും എടുത്ത ചിത്രങ്ങൾ എത്ര മായ്ച്ചാലും ഫോർമാറ്റ്‌ ചെയ്താലും കമ്പ്യൂട്ടർ വിദഗ്ദരുടെ കൈയിൽ ലഭിച്ചാൽ അന്നോളം സൂക്ഷിച്ചതും സ്വയം റെക്കോർഡ്‌ ചെയ്തതുമായ എല്ലാ ഡേറ്റയും ഫോട്ടോകളും തിരിച്ചെടുക്കാൻ കഴിയുമെന്നത്‌ സാധാരണക്കാർ മനസ്സിലാക്കിയിട്ടില്ല. ഇത്തരം ഒറിജിനൽ ചിത്രങ്ങൾക്ക്‌ (സ്വയമെടുത്ത നഗ്നചിത്രങ്ങൾ) ഇന്റർനെറ്റിൽ വലിയ ഡിമാന്റാണ്‌ ലഭിക്കുന്നത്‌.
കമ്പ്യൂട്ടറുകളിലെ നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാൻ ഡേറ്റ റിക്കവറി എന്ന്‌ പറയുന്ന സോഫ്റ്റ്‌വെയർ തന്നെയാണ്‌ മൊബൈൽ ഫോണിലും വില്ലനാവുന്നത്‌. ഇടക്കിടക്ക്‌ ഫോൺ മാറ്റുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക. നിങ്ങളുടെ ഫോണിൽ എല്ലാം ഒളിഞ്ഞുകിടപ്പുണ്ട്‌. ഒന്നും മറച്ചുവെക്കാൻ കഴിയില്ലന്ന്‌ ഓർമ്മവേണം. കമ്പ്യൂട്ടറും മൊബൈൽ ഫോണും റിപ്പയർ ചെയ്യാൻ ഏൽപ്പിക്കുന്ന ടെക്നീഷ്യൻമാർ വിശ്വാസ്യയോഗ്യരായിരിക്കണം. അല്ലെങ്കിൽ അവർ നിങ്ങളെ വിറ്റ്‌ കാശാക്കും. ഫോട്ടോകൾ ഫോണിലെ മെമ്മറി കാർഡിൽ മാത്രം സൂക്ഷിക്കുക. ഫോൺ വിൽക്കുമ്പോൾ മെമ്മറി കാർഡ്‌ വിൽക്കാതിരിക്കുക.

ഹംസ അഞ്ചുമുക്കില്‍

ചെയര്‍മാന്‍, ബ്രിഡ്കോ & ബ്രിറ്റ്കോ, കോട്ടക്കല്‍, മലപ്പുറം

No comments:

Post a Comment