CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, April 21, 2012

ഓരോരുത്തര്‍ക്കും സ്വന്തം  വൈദ്യുത നിലയം ഇ-ക്യാറ്റ്‌

കറന്റാണ്‌ താരം. അവന്റെ വരവ്‌ കുറഞ്ഞാല്‍ കറന്റ്‌ കട്ട്‌. കൂടിയാല്‍ ബില്ലുകൊണ്ടുള്ള ഷോക്ക്‌. മരം വീണാലും മഴ വന്നാലും കണികാണാന്‍ കിട്ടില്ല. കാടന്‍ കാട്ടിലെ മരമൊക്കെ വെട്ടിത്തകര്‍ത്തും പുഴയിലെ ഒഴുക്കിനെ തടഞ്ഞുമൊക്കെ വേണം കറന്റിനെ ജനിപ്പിക്കാന്‍. പക്ഷെ ഈ തലവേദനയ്ക്കെല്ലാം ഒരൊറ്റ മൂലി വരുന്നു. ഒരു കറുത്ത പൂച്ച. ആന്ദ്രെറോസി അവതരിപ്പിക്കുന്ന ഇ-ക്യാറ്റ്‌.

ഇ-ക്യാറ്റ്‌ ഒരുപാട്‌ സുഖസൗകര്യങ്ങളാണ്‌ നമുക്ക്‌ വാഗ്ദാനം നല്‍കുന്നത്‌. ദിവസം മുഴുവനും നിലയ്ക്കാത്ത വൈദ്യുതി. മഴ പെയ്താലും മരം വീണാലും നിലയ്ക്കാത്ത വൈദ്യുതി. കറന്റ്‌ ചാര്‍ജ്ജ്‌ നല്‍കേണ്ടാത്ത വൈദ്യുതി. ഇതൊക്കെ നമുക്ക്‌ ശരിയാക്കി തരാന്‍ ഇ-ക്യാറ്റിനെ സഹായിക്കുന്നത്‌ ‘ആറ്റം’ അഥവാ ‘അണു’. അതിലടങ്ങിയിരിക്കുന്ന അപാരമായ ഊര്‍ജ്ജം.

അണുകേന്ദ്രത്തെ പിളര്‍ത്താന്‍ കിട്ടുന്നത്‌ അപാരമായ ഊര്‍ജ്ജം. അണുകേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചാല്‍ ലഭിക്കുന്നതാവട്ടെ അതിന്റെ ആയിരമിരട്ടി ഊര്‍ജ്ജവും. ലോകത്തിനാവശ്യമായ വൈദ്യുതി മുഴുവന്‍ ലഭിക്കാന്‍ അല്‍പ്പം അണുവിഘടനം മാത്രം മതി. അഥവാ അധികം കുറവ്‌ അണുസംയോജനം മതി. പക്ഷെ രണ്ടിനും ഉണ്ട്‌ കുഴപ്പങ്ങള്‍. വിഘടനത്തിന്റെ ഈറ്റില്ലമായ ആണവറിയാക്ടര്‍ അത്യന്തം അപകടകാരിയാണ്‌. അതിലെ റേഡിയോ ആക്ടീവ്‌ വികിരണങ്ങള്‍ പുറത്ത്‌ ചാടിയാല്‍ വിനാശമാവും ഫലം. അണുസംയോജനമാവട്ടെ, വ്യാവസായികമായി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുമില്ല.

ആണവ റിയാക്ടറുകളെ ‘അപകട റിയാക്ടറുകള്‍’ എന്ന്‌ ഹരിതവാദികള്‍ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. സോവിയറ്റ്‌ യൂണിയനിലെ ചെര്‍ണോബില്ലില്‍ തുടങ്ങി ജപ്പാനിലെ ഫുക്കുഷിമ വരെ റിയാക്ടര്‍ അപകടങ്ങള്‍ കൊന്നൊടുക്കിയത്‌ പതിനായിരങ്ങളെ. അവിടെയുണ്ടാക്കിയ ഭൗതികനഷ്ടം ശതകോടി ഡോളറിന്റേത്‌. പാരിസ്ഥിതിക നാശം അളക്കാന്‍ ആവാത്തതും.

അണുവിഘടനം നടത്തുന്നതിന്റെ ബദല്‍ മാര്‍ഗ്ഗമായാണ്‌ ഫ്യൂഷന്‍ അഥവാ അണുകേന്ദ്ര സംയോജനം പരീക്ഷിച്ചു തുടങ്ങിയത്‌. കൃത്രിമമായി ന്യൂട്രോണ്‍ കിരണങ്ങള്‍ കൊണ്ട്‌ അണുകേന്ദ്രത്തെ ഭേദിക്കുകയാണ്‌ ഫിഷന്‍ പ്രക്രിയയിലെങ്കില്‍ ലഘു അണുകേന്ദ്രങ്ങളെ കൃത്രിമമായി സംയോജിപ്പിച്ച്‌ ദ്രവ്യമാന സംഖ്യ കൂടുതലുള്ള അണുകേന്ദ്രം സൃഷ്ടിക്കുകയാണ്‌ ഫ്യൂഷന്‍ സാങ്കേതിക വിദ്യയില്‍ ചെയ്യുന്നത്‌. ഫ്യൂഷന്റെ ഫലമായി ഫിഷന്റെ നിരവധി ഇരട്ടി ഊര്‍ജ്ജം പുറത്തുവരും. പക്ഷെ, അത്യൂഗ്രമായ താപത്തില്‍ നടക്കുന്ന അതിശക്തമായ ഫ്യൂഷന്‍ പ്രക്രിയയെ വേണ്ട രീതിയില്‍ നിയന്ത്രിച്ചു ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഇനിയും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

ഇവയ്ക്ക്‌ ഒരു ബദല്‍ മാര്‍ഗ്ഗമായാണ്‌ ‘കോള്‍ഡ്‌ ഫ്യൂഷന്റെ’ കടന്നുവരവ്‌. കുറഞ്ഞ ഊര്‍ജ്ജത്തില്‍ നടക്കുന്ന അറ്റോമിക്‌ പ്രവര്‍ത്തനം എന്നും വിളിക്കാം. ലോകപ്രശസ്ത ഇലക്ട്രോ കെമിസ്റ്റുകളായ ‘സ്റ്റാന്‍ലിപോണ്‍സ്‌’, ‘മാര്‍ട്ടിന്‍ ഫ്ലിച്ച്മാന്‍’ എന്നിവര്‍ ചേര്‍ന്ന്‌ 1989 ലാണ്‌ കോള്‍ഡ്‌ ഫ്യൂഷന്‍ സിദ്ധാന്തം അവതരിപ്പിച്ചത്‌. പലേഡിയം ഇലക്ട്രോഡുകളുടെ പ്രതലത്തില്‍ ഘനജലം ഉപയോഗിച്ചു നടത്തുന്ന ഒരുതരം വൈദ്യുത വിശ്ലേഷണത്തെ അടിസ്ഥാനമാക്കിയാണ്‌ ഇതിന്റെ പ്രവര്‍ത്തനം. സാധാരണ മുറിയിലെ താപനിലയില്‍ കേവലം മേശപ്പുറത്ത്‌ വയ്ക്കാവുന്ന ഉപകരണമായി പ്രവര്‍ത്തിക്കുമെന്നതാണ്‌ ഈ റിയാക്ടറിന്റെ പ്രയോജനം.

‘തുച്ഛമായ ചെലവില്‍ അപാരമായ ഊര്‍ജ്ജം ആര്‍ക്കും ഉല്‍പ്പാദിപ്പിക്കാം’ എന്ന അവകാശവാദവുമായി വന്ന ശാസ്ത്രജ്ഞരെ തുടക്കത്തില്‍ തന്നെ ആര്‍ക്കും പിടിച്ചില്ല. ലോകമാധ്യമങ്ങളില്‍ മത്തങ്ങ തലക്കെട്ട്‌ നേടിയ കണ്ടുപിടുത്തം ദിവസങ്ങള്‍ക്കുള്ളില്‍ വന്‍വിവാദമായി. പരീക്ഷണം ആവര്‍ത്തിച്ചവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. അതോടെ എതിര്‍പ്പ്‌ കൂടി. ആ വര്‍ഷം അവസാനിക്കുന്നതിന്‌ മുന്നേ ‘കോള്‍ഡ്‌ ഫ്യൂഷന്‍’ വെറും കെട്ടുകഥയെന്ന്‌ ശാസ്ത്രലോകം വിധിച്ചു. ഒരു ഗവേഷണപദ്ധതിയായി ഏറ്റെടുത്ത്‌ നടത്തുന്നതിന്‌ തക്ക പ്രാധാന്യം ‘കോള്‍ഡ്‌ ഫ്യൂഷ’നില്ലെന്ന്‌ അമേരിക്കന്‍ ഊര്‍ജ്ജവകുപ്പ്‌ നിയോഗിച്ച വിദഗ്ദ്ധസംഘവും അഭിപ്രായപ്പെട്ടു. ഭാഭാ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റര്‍ ഡയറക്ടര്‍ ആയിരുന്ന പി.കെ.അയ്യങ്കാരുടെ താല്‍പ്പര്യത്തില്‍ ഭാരതത്തിലും ഒട്ടേറെ കോള്‍ഡ്‌ ഫ്യൂഷന്‍ ഗവേഷണം നടന്നു. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍!

പക്ഷെ 2010 ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ വ്യവസായിയായ ആന്ദ്രേറോസി ഒരു ബോംബ്‌ പൊട്ടിച്ചു.- കോള്‍ഡ്‌ ഫ്യൂഷന്‍ റിയാക്ടര്‍ നിര്‍മിക്കാന്‍ കഴിഞ്ഞെന്ന പ്രഖ്യാപനമായിരുന്നു അത്‌. കിലോവാട്ട്‌ തലത്തിലുള്ള ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍തന്റെ ചെറിയ റിയാക്ടറിന്‌ കഴിയുമെന്ന്‌ കൂടി റോസി പറഞ്ഞുവെച്ചു. അതിന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയും. ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. റോസിക്ക്‌ ലഭിച്ച പേറ്റന്റ്‌ സാക്ഷ്യപ്പെടുത്തി.

തന്റെ റിയാക്ടറില്‍നിന്ന്‌ 10 കിലോ വാട്ട്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുമെന്ന്‌ ‘ബൊളോഗ്ന’ സര്‍വകലാശാലയില്‍ നടത്തിയ ഡെമോണ്‍സ്ട്രേഷനില്‍ ആന്ദ്രേറോസി കാട്ടിക്കൊടുത്തു. 2011 ജനുവരി 14 ന്‌ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമുന്നില്‍ ‘എനര്‍ജി കാറ്റലൈസര്‍’ എന്നായിരുന്നു റോസി തന്റെ റിയാക്ടറിന്‌ നല്‍കിയ പേര്‌ ചുരുക്കപ്പേര്‌ ഇ-കാറ്റ്‌. നൂറുഗ്രാം നിക്കല്‍ നാനോ പൗഡര്‍ അതിസമ്മര്‍ദ്ദ ഹൈഡ്രജന്‍ വാതകവുമായി പ്രതിപ്രവര്‍ത്തിച്ചായിരുന്നു ഇ-കാറ്റ്‌ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചത്‌. അതിനൊപ്പം പേര്‌ വെളിപ്പെടുത്താത്ത ഏതാനും ഉല്‍പ്രേരകങ്ങളും. ആ വര്‍ഷം ഒക്ടോബര്‍ 28 ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി റോസി അവതരിപ്പിച്ചത്‌ ഒരു മെഗാവാട്ടിന്റെ കോള്‍ഡ്‌ ഫ്യൂഷന്‍ റിയാക്ടര്‍. പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ സ്വയം പ്രവര്‍ത്തനം നിയന്ത്രിക്കുന്നതായിരുന്നു അത്‌. അമേരിക്കയില്‍ റോസി ആരംഭിച്ച ‘ലിയാനാഡോ കോര്‍പ്പറേഷന്‍’ ഒരു മെഗാവാട്ടിന്റെ വാട്ടര്‍ ബോയിലറുകള്‍ ഉല്‍പ്പാദിപ്പിച്ചു വിതരണം തുടങ്ങിയതാണ്‌ ഒടുവില്‍ കേട്ട വാര്‍ത്ത. ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥവും അതിനിടെ പുറത്തിറങ്ങി. ജോണ്‍ മൈക്കിള്‍ രചിച്ച ‘റോസിയുടെ ഇ-ക്യാറ്റ്‌’.

വളരെ നേരിയ തോതിലുള്ള വികിരണ സാധ്യത മാത്രമേ കോള്‍ഡ്‌ ഫ്യൂഷന്‍ റിയാക്ടറിനുള്ളൂ. അതാവട്ടെ അപകടരഹിതവും. ഒരുപക്ഷെ വികിരണ ഭീതി ഉണര്‍ത്തുന്ന ആറ്റമിക്‌ റിയാക്ടറുകള്‍ക്ക്‌ ഇ-ക്യാറ്റ്‌ വെല്ലുവിളിയായി മാറിയേക്കാം. ഫ്യൂഷന്‍ സാങ്കേതിക വിദ്യയ്ക്ക്‌ ഇതൊരു പകരക്കാരനായേക്കാം. രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ ഫ്ലിച്ച്മാനും പോണ്‍സും മുന്നോട്ടു വെച്ച ഈ സിദ്ധാന്തം ഒരുപക്ഷെ ലോകഗതിതന്നെ മാറ്റിയേക്കാം. മൊബെയില്‍ ഫോണുകളുടെ കടന്നുവരവ്‌ ഇതുപോലെയായിരുന്നല്ലോ !

എന്നുകരുതി അധികമാശിക്കാനും ഇല്ല. കാരണം പച്ചിലകൊണ്ടുണ്ടാക്കിയ രാമന്‍ പെട്രോളിന്റെ കഥ നമുക്ക്‌ മറക്കാറായിട്ടില്ലല്ലോ.

ഡോ. അനില്‍കുമാര്‍ വടവാതൂര്‍

No comments:

Post a Comment