CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, April 3, 2012

സൂര്യനാണ്‌ താരം!

സൂര്യനാണ്‌ താരം! 

 

(ആര്‍ വി ജി മേനോന്‍)
പിളര്‍ക്കാന്‍ പറ്റാത്തത്‌ എന്ന്‌ കരുതപ്പെട്ടിരുന്ന പരമാണുവിനെ പിളര്‍ക്കാമെന്നും അതിലൂടെ ഊര്‍ജം മോചിപ്പിക്കാമെന്നും 1938 ല്‍ ജര്‍മ്മന്‍കാര്‍ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഈ വിദ്യയുപയോഗിച്ച്‌ സര്‍വനനാശകമായ ആറ്റംബോംബ്‌ ഉണ്ടാക്കാനും ജര്‍മ്മനി ശ്രമിച്ചു.
പക്ഷേ അതില്‍ വിജയം കണ്ടത്‌ അമേരിക്കയാണ്‌. മഹായുദ്ധത്തിന്‌ അന്ത്യംകുറിച്ചുകൊണ്ട്‌ 1945 ആഗസ്റ്റ്‌ ആറിന്‌ ഹിരോഷിമയിലും ഒന്‍പതിന്‌ നാഗസാക്കിയിലും ലോകം കണ്ട ഏറ്റവും വിനാശകരമായ ആയുധപ്രയോഗം നടന്നു. രണ്ടു ലക്ഷത്തിലേറെ മനുഷ്യര്‍, സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ വെന്തു മരിച്ചു.യുദ്ധത്തിനുശേഷവും അമേരിക്ക കൂടുതല്‍ ശക്തിയേറിയ ആണവായുധങ്ങള്‍ (ഹൈഡ്രജന്‍ ബോംബ്‌, ന്യൂട്രോണ്‍ ബോംബ്‌) വികസിപ്പിക്കുന്നതു തുടര്‍ന്നു. പക്ഷേ പിന്നാലെ തന്നെ സോവിയറ്റ്‌ യൂണിയനും ഇംഗ്ലണ്ടും ഫ്രാന്‍സും, രണ്ട്‌ പതിറ്റാണ്ടുകള്‍ക്കുശേഷം ചൈനയും ആണവായുധശേഷി നേടി. ലോകം ഒരു ആണവപ്പന്തയത്തിന്‌ മുമ്പില്‍ വിറങ്ങലിച്ചു നിന്നു. ഭൂഗോളത്തിനെ പട്ടവട്ടം തകര്‍ത്തു തരിപ്പണമാക്കാനുള്ള ആണവായുധങ്ങളാണ്‌ ഈ രാജ്യങ്ങളുടെ കലവറയില്‍ കാത്തിരിക്കുന്നത്‌.
ഒരു ഭ്രാന്തന്‍ മനസ്സിന്റെ താളം തെറ്റിയ നീക്കം മതി, സര്‍വനാശകരമായ ആണവയുദ്ധത്തിന്‌ തിരികൊളുത്താന്‍. അധികാര ഭ്രാന്ത്‌ തലയ്‌ക്കു പിടിച്ച മറ്റൊരു ഹിറ്റ്‌ലറോ മുസ്സോളിനിയോ ഉണ്ടാവില്ലെന്നെന്താണുറപ്പ്‌? അതുകൊണ്ട്‌ ലോകമെമ്പാടും അണുവായുധങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം ഉണ്ടായി. സമ്പൂര്‍ണ ആവണ നിരായുധീകരണത്തിനായി ആഹ്വാനങ്ങള്‍ ഉയര്‍ന്നു. പക്ഷേ ആണവായുധങ്ങള്‍ സ്വായത്തമാക്കിയ ഒരു വന്‍ശക്തിയും അതു വേണ്ടെന്നു വയ്‌ക്കാന്‍ തയ്യാറായില്ല! അണുശക്തി സമാധാനത്തിന്‌ (Atoms for peace) എന്നാല്‍ ഇതിന്‌ സമാന്തരമായി അണുശക്തിയെ മെരുക്കിയെടുത്ത്‌ വൈദ്യുതി ഉണ്ടാക്കാനായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടായിരുന്നു. 1954 ല്‍ സോവിയറ്റ്‌ യൂണിയനിലും 1956 ല്‍ ബ്രിട്ടനിലും 1960 ല്‍ അമേരിക്കയിലും വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉണ്ടാക്കി വില്‍ക്കുന്ന ആണവ നിലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലും ജവഹര്‍ലാല്‍ നെഹ്രുവിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ഡോ. ഹോമി ഭാഭയുടെ നേതൃത്വത്തില്‍, ആണവഗവേഷണം 1950 കളില്‍ ആരംഭിച്ചു. കാനഡയുടെ സഹായത്തോടെ ഇകഞഡട എന്ന ഗവേഷണ റിയാക്‌ടര്‍ സ്ഥാപിക്കപ്പെട്ടു.
അമേരിക്കയിലെ ജനറല്‍ ഇലക്‌ട്രിക്‌ കമ്പനിയില്‍ നിന്ന്‌ വിലയ്‌ക്കു വാങ്ങിയ താരാപ്പൂര്‍ റിയാക്‌ടര്‍ 1962 ല്‍ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ചു തുടങ്ങി. പക്ഷേ അമേരിക്കയുടേതില്‍ നിന്നും മറ്റ്‌ രാജുങ്ങളുടേതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ആണവോര്‍ജ വികസന പരിപാടിയാണ്‌ ഡോ.ഭാഭ വിഭാവനം ചെയ്‌തത്‌. ഇതിന്‌ അതിന്റേതായ കാരണവും ഉണ്ടായിരുന്നു.ആണവ റിയാക്‌ടറുകളില്‍ സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന ഇന്ധനം യുറേനിയം ആണ്‌. യുറേനിയത്തിന്‌ പലതരം ഐസോടോപ്പുകള്‍ ഉണ്ട്‌. എല്ലാ യുറേനിയം ആറ്റത്തിന്റെയും അണുകേന്ദ്രത്തില്‍ (Nucleus) 92 പ്രോട്ടോണുകള്‍ ഉണ്ടാകും; പക്ഷേ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. 92 പ്രോട്ടോണും 146 ന്യൂട്രോണും ചേര്‍ന്ന്‌ 238 കണികകളുള്ള യുറേനിയം - 238 ആണ്‌ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഐസോടോപ്പ്‌. സ്വാഭാവിക യുറേനിയത്തിന്റെ (Natural Uranium) 99.3 ശതമാനവും ഡ238 ആണ്‌. ബാക്കിയുള്ള 0.7% ആറ്റങ്ങളുടെ ന്യുക്ലിയസ്സില്‍ 146 ന്‌ പകരം 143 ന്യൂട്രോണുകളേ ഉണ്ടാവൂ. അതുകൊണ്ട്‌ അവയെ U235 എന്നാണ്‌ പറയുക. (92+143 = 235). ഈ U235 ആണ്‌ യഥാര്‍ത്ഥ ഇന്ധനം. അതില്‍ ഒരു ന്യൂട്രോണ്‍ പതിച്ചാല്‍ അത്‌ പിളര്‍ന്ന്‌ രണ്ട്‌ കഷണമാകും. കൂടെ രണ്ടോ മൂന്നോ ന്യൂട്രോണുകള്‍ സ്വതന്ത്രമാവുകയും ചെയ്യും. ഇതിലേതെങ്കിലും ഒരു ന്യൂട്രോണ്‍ മറ്റൊരു ഡ235 അണുകേന്ദ്രത്തെ പിളര്‍ത്തിയാല്‍ പിന്നെയും രണ്ടോ മൂന്നോ സ്വതന്ത്ര ന്യൂട്രോണുകള്‍ ജനിക്കും. ഈ ശൃംഖല തുടര്‍ന്നാല്‍ അന്തമില്ലാത്ത ഒരു നിലനിര്‍ത്താനാകും. ഇതിനെയാണ്‌ ശൃഖലാ പ്രവര്‍ത്തനം (Chain reaction) എന്ന്‌ പറയുന്നത്‌. ഇതാണ്‌ ആണവ റിയാക്‌ടറിന്റെ അടിസ്ഥാന തത്വം.
പക്ഷേ ഈ ശൃംഖല നിലനിര്‍ത്തണമെങ്കില്‍ സ്വതന്ത്രമാകുന്ന ന്യൂട്രോണുകള്‍ ചോര്‍ന്നു പോകാതെയും അവയെ പരിരക്ഷിച്ച്‌ അവയിലൊരെണ്ണമെങ്കിലും പുതിയൊരു ഡ235 ല്‍ പ്രവേശിച്ച്‌ പിളര്‍പ്പു നടത്തുന്നു എന്നുറപ്പാക്കേണ്ടതുണ്ട്‌. ഇതത്ര എളുപ്പമല്ല. അത്‌ സുഖകരമാക്കാനായി രണ്ട്‌ മാര്‍ഗങ്ങളുണ്ട്‌. ഒന്നുകില്‍ യുറേനിയം ഇന്ധനത്തിലെ U235 അനുപാതം കൃത്രിമമായി വര്‍ദ്ധിപ്പിച്ച്‌ ഏതാണ്ട്‌ 3% ആക്കുക. ഇതിനെ സംപുഷ്‌ടീകരണം (Enrichment) എന്ന്‌ പറയുന്നു. അല്ലെങ്കില്‍, ന്യൂട്രോണ്‍ വിഴുങ്ങികളായ വസ്‌തുക്കളുടെ അളവ്‌ റിയാക്‌ടറിനകത്തു കഴിവതും കുറയ്‌ക്കുക. ഇതെങ്ങനെ സാധിക്കും? റിയാക്‌ടറിനകത്തു രണ്ട്‌ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്‌. ഒന്ന്‌ അണുവിഘടനത്തിന്റെ ഫലമായുണ്ടാകുന്ന അത്യുന്നത താപം പകര്‍ന്നെടുക്കുക. അതില്‍ നിന്നാണ്‌ നമുക്ക്‌ വൈദ്യുതി യന്ത്രങ്ങള്‍ കറക്കാന്‍ വേണ്ട ഊര്‍ജം കിട്ടേണ്ടത്‌. ഇതിനായി ഒരു ശീതീകാരി (Coolant) കൂടിയേ തീരൂ. രണ്ടാമത്തേത്‌, വിഘടനത്തില്‍ നിന്നുണ്ടാകുന്ന അത്യുന്നത ഊര്‍ജമുള്ള ന്യൂട്രോണുകളെ തുടര്‍ച്ചയായ 'കൂട്ടിയിടി'കളിലൂടെ വേഗം കുറച്ച്‌ 'തണുപ്പിക്കുക.' എങ്കില്‍ മാത്രമേ അവയ്‌ക്കു യുറേനിയം 235 അണുകേന്ദ്രത്തില്‍ പ്രവേശിച്ച്‌ പിളര്‍പ്പുണ്ടാക്കാനുള്ള സാദ്ധ്യത കൂടുകയുള്ളൂ. ഈ പ്രക്രിയയെ മന്ദീകരണം (Moderation) എന്ന്‌ പറയുന്നു. ശീതീകാരി (coolant) ആയിട്ടും മന്ദീകാരി (Moderator) ആയിട്ടും സാധാരണ ജലം ഉപയോഗിക്കാം. പക്ഷേ സാധാരണ ജലത്തിന്‌ ന്യൂട്രോണുകളെ വിഴുങ്ങാനുള്ള ആര്‍ത്തി കൂടുതലാണ്‌. എന്നാല്‍ പ്രകൃതിയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഘനജല (Heavy water) ത്തിന്‌ ന്യൂട്രോണിനോട്‌ അത്ര തന്നെ ആര്‍ത്തിയില്ല. എന്തെന്നാല്‍ ഘനജലത്തിലെ ഹൈഡ്രജന്‍ അണുകേന്ദ്രത്തില്‍ ഒരു പ്രോട്ടോണിനുപുറമേ ഒരു ന്യൂട്രോണ്‍ കൂടി നേരത്തെ തന്നെ കയറിക്കൂടിയിട്ടുണ്ട്‌! ഇപ്രകാരം ഘനജലം ശീതീകാരിയായും മന്ദീകാരിയായും ഉപയോഗിച്ചാല്‍ സംപുഷ്‌ടീകരിക്കാത്ത സാധാരണ യുറേനിയം തന്നെ ഇന്ധനമാക്കിക്കൊണ്ട്‌ ആണവ റിയാക്‌ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ റിയാക്‌ടറുകളും സംപുഷ്‌ടീകരിച്ച യുറേനിയവും സാധാരണ ജലവും ഉപയോഗിക്കുന്നവയത്രേ. എന്നാല്‍ കാനഡ, സ്വാഭാവിക യുറേനിയവും ഘനജലവും ഉപയോഗിക്കുന്ന റിയാക്‌ടറുകള്‍ക്കാണ്‌ രൂപം കൊടുത്തത്‌. സംപുഷ്‌ടീകരണത്തിനാവശ്യമായ സങ്കീര്‍ണ സാങ്കേതികവിദ്യ സ്വായത്തമല്ലാതിരുന്ന ഇന്ത്യ, കനേഡിയന്‍ മാതൃക പിന്തുടരാനാണ്‌ തീരുമാനിച്ചത്‌. പക്ഷേ ആ മാതൃകയെ സ്ഥായിയായി ആശ്രയിക്കാനും ഇന്ത്യയ്‌ക്കു കഴിയുമായിരുന്നില്ല. എന്തെന്നാല്‍ നമ്മുടെ യുറേനിയം നിക്ഷേപങ്ങള്‍ പരിമിതമായിരുന്നു. കഷ്‌ടിച്ച്‌ 65000 ടണ്‍ മാത്രം. ഇതുപയോഗിച്ച്‌ പരമാവധി 10,000 ങണ ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഇന്ത്യന്‍ കടല്‍തീരത്ത്‌ സമൃദ്ധമായി കാണപ്പെടുന്ന തോറിയത്തില്‍ ന്യൂട്രോണുകളെ കടത്തിവിട്ടാല്‍ അത്‌ യുറേനിയം - 233 ആയി മാറുമെന്നും അത്‌ ഒരു ഉത്തമ ഇന്ധനമാണെന്നും ഭാഭ മനസ്സിലാക്കി. പക്ഷേ അതിനായി മറ്റൊരു തരം റിയക്‌ടര്‍ കൂടി വേണ്ടി വരും. അതാണ്‌ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടര്‍. ഫാസ്റ്റ്‌ ബ്രീഡര്‍ എന്ന അക്ഷയപാത്രം U235 ഇന്ധനമായുപയോഗിക്കുന്ന റിയാക്‌ടറുകളില്‍ U235 നു പുറമേ U238 കൂടി ഉണ്ടാകുമല്ലോ. ഈ U238 ല്‍ ന്യൂട്രോണ്‍ വര്‍ഷം ഏല്‍ക്കുമ്പോള്‍ അവ രൂപാന്തരം ഭാവിച്ച്‌ ക്രമേണ പ്ലൂട്ടോണിയം ആയി മാറും (Pu239). ഇതൊരു ഉത്തമ ഇന്ധനമാണ്‌. ബോംബുണ്ടാക്കാനും കൊള്ളാം. (എല്ലാ ആണവ റിയാക്‌ടറുകളിലും പ്ലൂട്ടോണിയം ഉറഞ്ഞു കൂടുന്നു എന്നുള്ളതുകൊണ്ടാണ്‌, ആണവ റിയാക്‌ടറുകളുള്ള രാജ്യങ്ങള്‍ ആ പ്ലൂട്ടോണിയം ഊറ്റി എടുത്ത്‌ ബോംബ്‌ ഉണ്ടാക്കുമോ എന്ന ഭയം വന്‍ശക്തികള്‍ക്കുള്ളത്‌. അതിരിക്കട്ടെ). ഇങ്ങനെ ഇന്ത്യയുടെ യുറേനിയം - ഘനജലം റിയാക്‌ടറുകളില്‍ നിന്ന്‌ ലഭിക്കുന്ന പ്ലൂട്ടോണിയവും യുറേനിയവും ഉപയോഗിച്ച്‌ ഉണ്ടാക്കാവുന്ന പുതിയൊരു തലമുറ റിയാക്‌ടറാണ്‌ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടര്‍. അവയെ 'ഫാസ്റ്റ്‌' എന്നു പറയാന്‍ കാരണം, മറ്റു റിയാക്‌ടറുകളില്‍ ചെയ്യുന്നതുപോലെ അതിലെ ന്യൂട്രോണുകളെ മന്ദീകാരികള്‍ ഉപയോഗിച്ച്‌ വേഗം കുറയ്‌ക്കുന്നില്ല എന്നതാണ്‌. ഈ ഫാസ്റ്റ്‌ ന്യൂട്രോണുകള്‍ പ്ലൂട്ടോണിയത്തില്‍ മാത്രമല്ല U238 ലും പിളര്‍പ്പ്‌ ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണ്‌. മന്ദീകാരികളുമായുള്ള കൂട്ടിയിടികള്‍ ഒഴിവാക്കുന്നതുകൊണ്ട്‌ അവയിലെ ന്യൂട്രോണ്‍ നഷ്‌ടവും കുറവായിരിക്കും. അതുകൊണ്ട്‌ ഓരോ പിളര്‍പ്പിലും സ്വതന്ത്രമാകുന്ന രണ്ടോ മൂന്നോ ന്യൂട്രോണുകളില്‍, ഒരെണ്ണം ശൃംഖല നിലനിര്‍ത്താനായി ഉപയോഗിക്കപ്പെട്ടാല്‍ പോലും, മറ്റൊരെണ്ണത്തിന്‌ പുതിയൊരു U238 ല്‍ കയറിക്കൂടി അതിനെ Pu239 ആക്കി മാറ്റാന്‍ കഴിയും. അങ്ങനെയായാല്‍ കത്തിത്തീരുന്ന ഇന്ധനത്തിനു പകരം കത്തുന്നതിലേറെ പുതിയ ഇന്ധനം സൃഷ്‌ടിക്കപ്പെടും! അതുകൊണ്ടാണതിന്‌ ബ്രീഡര്‍ റിയാക്‌ടര്‍ എന്നു പേരു വീണത്‌. ഡോ ഭാഭ കണക്കുകൂട്ടിയത്‌ നമ്മുടെ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടറുകളില്‍ യുറേനിയത്തോടൊപ്പം തോറിയത്തിന്റെ (Th232) ഒരു പുതപ്പുകൂടി വച്ചാല്‍ ഈ തോറിയം 232 രൂപാന്തരപ്പെട്ട്‌ യൂറേനിയം 233 ആയി മാറും എന്നായിരുന്നു. അങ്ങനെയായാല്‍ ആ U233 ഇന്ധനമായുപയോഗിച്ചുകൊണ്ട്‌ നമ്മുടെ മൂന്നാം തലമുറ റിയാക്‌ടറുകള്‍ക്കു രൂപംകൊടുക്കാം. തോറിയം സമൃദ്ധമായുള്ള ഇന്ത്യയ്‌ക്ക്‌ അതോടെ മറ്റൊരു രാജത്തെയും ആശ്രയിക്കാതെ സ്വന്തമായ റിയാക്‌ടറുകള്‍ ആവശ്യംപോലെ നിര്‍മ്മിച്ചെടുക്കാനുള്ള ശേഷി കൈവരും. ഇതായിരുന്നു ഭാഭയുടെ പ്രസിദ്ധമായ മൂന്നാം ഘട്ട പരിപാടി.
തിരിച്ചടികള്‍
എന്നാല്‍ ഭാഭ വിഭാവനം ചെയ്‌തതുപോലെ ഇന്ത്യന്‍ ആണവോര്‍ജ പരിപാടി വളര്‍ന്നില്ല. 1980 ഓടെ 10,000 ങണ ശേഷിയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ റിയാക്‌ടര്‍ നിര്‍മ്മാണ പരിപാടികള്‍ പലതും ഇഴഞ്ഞു നീങ്ങി. ഇതിനിടെ 1974 ല്‍ ഇന്ത്യ പൊഖ്‌റാനില്‍ ഒരു ആണവ വിസ്‌ഫോടന പരീക്ഷണവും നടത്തി. അതോടെ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള ആവണ സഹകരണം അവസാനിപ്പിച്ചു. ആണവോര്‍ജവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ എല്ലാം വിലക്കുണ്ടായി. സ്വാഭാവികമായും ഈ വിലക്ക്‌ നമ്മുടെ റിയാക്‌ടര്‍ നിര്‍മ്മാണ പരിപാടികളെ വീണ്ടും പിന്നോട്ടടിച്ചു. എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ഇതൊരു ഉര്‍വശീശാപംപോലെ ഉപകാരപ്രദവുമായി. നമ്മുടെ സ്വാശ്രയത്വം വര്‍ദ്ധിച്ചു. ആണവോര്‍ജവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഇവിടെത്തന്നെ ഉണ്ടാക്കിയെടുക്കാനുള്ള ശേഷി നാം ആര്‍ജിക്കേണ്ടി വന്നു. രാജസ്ഥാനിലെ റാണാപ്രതാപ്‌ സാഗറിലെ ആണവ നിലയങ്ങളുടെ പണി നടക്കുമ്പോഴാണ്‌ ഈ വിലക്കുകള്‍ വന്നത്‌. അതിനെ അതിജീവിച്ചുകൊണ്ട്‌ ആ റിയാക്‌ടര്‍ പൂര്‍ത്തിയാക്കാനും നറോറ, കാക്രപ്പാറ, കൈഗ, കല്‍പാക്കം എന്നീ റിയാക്‌ടറുകളും, തുടര്‍ന്ന്‌ നേരത്തേയുണ്ടായിരുന്ന 220 ങണ ശേഷിക്കു പകരം 540 ങണ ശേഷിയുള്ള പുതിയ റിയാക്‌ടറുകള്‍ രൂപകല്‌പന ചെയ്യാനും പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തിപ്പിക്കാനും നമുക്ക്‌ കഴിഞ്ഞു. ഇതിനു പുറമേ കല്‍പാക്കത്ത്‌ ഒരു പരീക്ഷണ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടറും സ്ഥാപിച്ചിട്ടുണ്ട്‌. തീര്‍ച്ചയായും ഇതെല്ലാം അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്‌. എന്നിരുന്നാലും, ഇപ്പോഴും നമ്മുടെ ആണവോര്‍ജ ഉത്‌പാദനശേഷി കഷ്‌ടിച്ച്‌ 4000 ങണ മാത്രമാണെന്നതും ഇന്ധനക്ഷാമം നിമിത്തം അതുതന്നെയും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല എന്നതും തിരിച്ചടികളാണ്‌. രണ്ടാം ഘട്ടത്തില്‍ തോറിയം പുതപ്പ്‌ ഉപയോഗിച്ച്‌ U233 ഉത്‌പാദിപ്പിക്കുന്ന പ്രക്രിയ ഇനിയും തുടങ്ങിയിട്ടുമില്ല.
ഈ സാഹചര്യത്തിലാണ്‌ വിദേശത്തു നിന്ന്‌ ആണവ ഇന്ധനവും വേണമെങ്കില്‍ ആണവ റിയാക്‌ടറുകള്‍ തന്നെയും ഇറക്കുമതി ചെയ്യാന്‍ സഹായിക്കുന്ന ഒരു കരാറില്‍ ഇന്ത്യയും അമേരിക്കയും ആണവ സാമഗ്രികള്‍ കച്ചവടം ചെയ്യുന്ന മറ്റു രാജ്യങ്ങളും (Nuclear Suppliers Group - NSG) ഏര്‍പ്പെടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്‌.
ആണവക്കരാര്‍
ഇന്ത്യ പൊഖ്‌റാനില്‍ നടത്തിയ വിസ്‌ഫോടന പരീക്ഷണങ്ങളെ തുടര്‍ന്ന്‌ ഇന്ത്യയ്‌ക്ക്‌ ആണവ സാമഗ്രികള്‍ നല്‍കുന്നത്‌ അമേരിക്കയും മറ്റും നിരോധിച്ചിരിക്കുകയാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. ഈ നിരോധനം നീക്കണമെങ്കില്‍ ഇന്ത്യ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (Nuclear Non Proliferation Treaty - NPT) ചേരണം എന്നാണവര്‍ പറയുന്നത്‌. ഈ കരാറാകട്ടെ തികച്ചും വിവേചനപരമായ ഒന്നാണ്‌. അതില്‍ രണ്ടു വിധ അംഗത്വമുണ്ട്‌. ആണവായുധ രാജ്യങ്ങളും അല്ലാത്തവരും. ആണവായുധ രാജ്യങ്ങള്‍ക്ക്‌ (അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്‌, ചൈന) തുടര്‍ന്നും ബോംബുണ്ടാക്കാം, പരീക്ഷിക്കാം. ഒരു തടസ്സവുമില്ല. പക്ഷേ മറ്റുള്ളവര്‍ അതൊന്നും ചെയ്യാന്‍ പാടില്ല. അവര്‍ക്ക്‌ ആണവ റിയാക്‌ടറുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാം. പക്ഷേ ആ റിയാക്‌ടറുകളില്‍ ഉറഞ്ഞു കൂടുന്ന പ്ലൂട്ടോണിയം വേര്‍തിരിച്ചെടുത്ത്‌ ബോംബുണ്ടാക്കുന്നില്ല എന്നുറപ്പുവരുത്താനായി അവരുടെ സകല ആണവ സ്ഥാപനങ്ങളെയും അന്താഷ്‌ട്ര ആണവ ഏജന്‍സി (IAEA) യുടെ പരിശോധനയ്‌ക്കായി തുറന്നു കൊടുക്കണം. ഈ വിവേചനം തങ്ങള്‍ക്ക്‌ സ്വീകാര്യമല്ല എന്ന കാരണത്താല്‍ ഇന്ത്യ ചജഠ യില്‍ ഒപ്പുവച്ചിട്ടില്ല. (പാക്കിസ്ഥാനും ഇസ്രയേലുമാണ്‌ ചജഠ ക്കു പുറത്തുള്ള മറ്റു രാജ്യങ്ങള്‍)
ഈ തടസ്സം തരണം ചെയ്യാനാണ്‌ അമേരിക്ക സഹായിക്കാമെന്ന്‌ ഏറ്റിരിക്കുന്നത്‌. അതിനായി, ചജഠ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ വ്യാപാരം പാടില്ല എന്നു നിഷ്‌കര്‍ഷിക്കുന്നവരുടെ ആണവോര്‍ജ നിയമത്തിന്‌ അവര്‍ ഒരു ഭേദഗതി കൊണ്ടുവന്നതാണ്‌ ഹൈഡ്‌ ആക്‌ട്‌. (ഹെന്‍റി ഹൈഡ്‌ എന്ന സെനറ്റര്‍ ആണ്‌ ആ നിയമഭേദഗതിക്കു രൂപം കൊടുത്തത്‌). പക്ഷേ ആ ആക്‌ടില്‍ ഇന്ത്യയ്‌ക്ക്‌ ആണവ സാമഗ്രികള്‍ നല്‌കുന്നതിനു പകരമായി ചില വ്യവസ്ഥകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്‌. ആ വ്യവസ്ഥകളെച്ചൊല്ലിയാണ്‌ ഇന്ത്യയില്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്‌. ഹൈഡ്‌ ആക്‌ട്‌ പ്രകാരം ഇന്ത്യയുടെ മൊത്തം ആണവ പരിപാടികളെയും സ്ഥാപനങ്ങളെയും സിവില്‍ എന്നും മിലിട്ടറി എന്നും വേര്‍തിരിക്കണം. അവ തമ്മില്‍ ഒരു ബന്ധവും മേലില്‍ ഉണ്ടാവാന്‍ പാടില്ല. സിവില്‍ നിലയങ്ങളും സാമഗ്രികളും എല്ലാ അന്താരാഷ്‌ട്ര പരിശോധനയ്‌ക്കായി, എക്കാലത്തും തുറന്നു കൊടുക്കണം. മിലിട്ടറി സ്ഥാപനങ്ങള്‍ രഹസ്യമാക്കി വയ്‌ക്കാം. വേണമെങ്കില്‍ ബോംബു നിര്‍മ്മാണം തുടരുകയും ചെയ്യാം. പക്ഷേ ഇനിയൊരു പരീക്ഷണ വിസ്‌ഫോടനം നടത്താന്‍ പാടില്ല. നടത്തിയാല്‍ അമേരിക്ക കരാറില്‍ നിന്ന്‌ പിന്മാറും. അതോടെ ഈ കരാര്‍ പ്രകാരം നമുക്ക്‌ ലഭിച്ച എല്ലാ സാമഗ്രികളും വസ്‌തുക്കളും നാം തിരിച്ചു കൊടുക്കുകയും വേണം.
ഈ നിയമത്തിലെ മറ്റൊരു വ്യവസ്ഥ, അമേരിക്കയുടെ വിദേശ നയത്തിന്‌ സമാനമായ ഒരു വിദേശനയം ഇന്ത്യ പിന്തുടരണം എന്നതാണ്‌. എടുത്തു പറയുന്ന ഒരു സംഗതി, ഭീകരതയ്‌ക്കെതിരെ, വിശേഷിച്ച്‌ ഇറാനെതിരെ, അമേരിക്ക നടത്തുന്ന നീക്കങ്ങളില്‍ ഇന്ത്യ സര്‍വാത്മനാ സഹകരിക്കണം. അങ്ങനെ സഹകരിക്കുന്നുണ്ടെന്ന ഒരു സര്‍ട്ടിഫിക്കറ്റ്‌ ഓരോ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‌ നല്‍കിയാല്‍ മാത്രമേ കരാര്‍ തുടരൂ!
മേല്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ അപമാനകരമാണെന്നും അവയ്‌ക്കു വഴങ്ങി ഇത്തരമൊരു കരാറില്‍ ഒപ്പിടേണ്ട ആവശ്യമില്ല എന്നും അല്ലാതെ തന്നെ നമുക്ക്‌ ഊര്‍ജസുരക്ഷ കൈവരിക്കാന്‍ കഴിയും എന്നുമാണ്‌ കരാറിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌.
ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാം?
നാഷണല്‍ പ്ലാനിങ്ങ്‌ കമ്മീഷന്‍ രൂപം കൊടുത്ത ഉദ്‌ഗ്രഥിത ഊര്‍ജനയം (IEP) അനുസരിച്ച്‌ 2032 ആകുമ്പോഴേക്ക്‌ ഇന്ത്യയ്‌ക്ക്‌ ഏതാണ്ട്‌ ഏഴു ലക്ഷം മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദനശേഷി വേണ്ടി വരും. ഇന്നത്തേതിന്റെ അഞ്ചിരട്ടി. അന്നുണ്ടാക്കുന്ന വൈദ്യുതിയുടെ 78% താപനിലയങ്ങളില്‍ നിന്നും 11% ജലവൈദ്യുത നിലയങ്ങളില്‍ നിന്നും 10% ആണവ നിലയങ്ങളില്‍ നിന്നും കഷ്‌ടിച്ച്‌ 1% മാത്രം സൗരോര്‍ജം, കാറ്റ്‌, ജൈവദ്രവ്യങ്ങള്‍ തുടങ്ങിയ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്നും കിട്ടും എന്നാണ്‌ ഈ രേഖയില്‍ കണക്കുകൂട്ടുന്നത്‌. ഇതിനോട്‌ പല വിദഗ്‌ദ്ധരും വിയോജിക്കുന്നു. ഉദാഹരണമായി, ഇപ്പോള്‍ തന്നെ ഉദ്ദേശം 8700 മെഗാവാട്ടു വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള കാറ്റാടി യന്ത്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ആണവശേഷിയുടെ ഇരട്ടി. അവയ്‌ക്ക്‌ ആണവ നിലയങ്ങളെക്കാള്‍ ചെലവ്‌ കുറവാണ്‌, കാലതാമസമില്ല, ഒരപകട സാദ്ധ്യതയും ഇല്ലതാനും. കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള മൊത്തം സാദ്ധ്യത ഇന്ത്യയില്‍ അമ്പതിനായിരത്തോളം മെഗാവാട്ട്‌ ഉണ്ടെന്നാണ്‌ പഠനം കാണിക്കുന്നത്‌. അതുപോലെ കരിമ്പിന്‍ചണ്ടി മുതലായ കാര്‍ഷികാവശിഷ്‌ടങ്ങളില്‍ നിന്നും നഗരമാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള പല പദ്ധതികളും ഇപ്പോഴേ പ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞു. അവയില്‍ നിന്ന്‌ 18000 മെഗാവാട്ടോളം ലഭ്യമാക്കാമെന്നാണ്‌ പ്രതീക്ഷ. സൗരോര്‍ജത്തിന്റെ സാദ്ധ്യതകളാണ്‌ ഏറ്റവും പ്രോത്സാഹജനകം. രാജസ്ഥാനിലെ മരുഭൂമിയില്‍ മാത്രമല്ല, രണ്ടു മഴക്കാലങ്ങളുള്ള കേരളത്തില്‍പോലും നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറാനുള്ള വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കാന്‍ കഴിയും. സൗരോര്‍ജത്തെ നേരിട്ട്‌ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോ വോള്‍ട്ടയിക്‌ പ്രഭാവത്തിന്റെ രഹസ്യം കണ്ടുപിടിച്ചത്‌ സാക്ഷാല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ ആയിരുന്നു, 1905 ല്‍. (പക്ഷേ ആറ്റംബോംബിന്റെ അടിസ്ഥാന സമവാക്യമായ E = MC2 അദ്ദേഹം കണ്ടുപിടിച്ചത്രേ നമ്മള്‍ ഓര്‍ക്കാറുള്ളൂ എന്നത്‌ രസകരമാണ്‌). ഫോട്ടോ വോള്‍ട്ടയിക്‌ സെല്ലുകള്‍ (സോളാര്‍ പാനല്‍) അറുപതുകളില്‍ തന്നെ വിപണിയിലെത്തി. പക്ഷേ വില വളരെ കൂടുതല്‍. ഒരു വാട്ടു ശേഷിയുള്ള സെല്ലിന്റെ വില നൂറു ഡോളര്‍! (ഇന്നത്തെ 4,300 രൂപ). പക്ഷേ ബഹിരാകാശ ആവശ്യങ്ങള്‍ക്കായി ഉത്‌പാദനം വര്‍ദ്ധിച്ചതോടെ ചെലവ്‌ കുറഞ്ഞു. നൂറ്‌ എന്നത്‌ ഇരുപത്‌, പത്ത്‌, അഞ്ച്‌ എന്നിങ്ങനെ ക്രമമായി കുറഞ്ഞ്‌ തൊണ്ണൂറുകളില്‍ വാട്ടിന്‌ മൂന്നര ഡോളര്‍ (150 രൂപ) എന്ന നിരക്കിലെത്തി, അവിടെ ദീര്‍ഘനാള്‍ ഉടക്കി നിന്നു. ഈ വില, വാട്ടിന്‌ ഒരു ഡോളര്‍ ആയി കുറഞ്ഞാല്‍ മാത്രമേ സൗര വൈദ്യുതി ലാഭകരമാകൂ.
അടുത്തിടെ പുറത്തുവന്ന ഏറ്റവും നല്ല വാര്‍ത്ത, �ഒരു വാട്ടിന്‌ ഒരു ഡോളര്‍� എന്ന നിരക്കില്‍ സോളാര്‍ പാനലുകള്‍ അന്താരാഷ്‌ട്ര വിപണിയില്‍ എത്തിയിരിക്കുന്നു എന്നതാണ്‌. �നാനോ സോളാര്‍� എന്ന അമേരിക്കന്‍ കമ്പനിയാണ്‌ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. ഇനി എത്രയും പെട്ടെന്ന്‌ ആയിരക്കണക്കിന്‌ മെഗാവാട്ട്‌ ഉത്‌പാദിപ്പിക്കാനാവശ്യമായ സോളാര്‍ പാനലുകള്‍ �മാസ്സ്‌ പ്രൊഡക്‌ഷനിലൂടെ� വിപണിയില്‍ എത്തിത്തുടങ്ങുമെന്നു പ്രതീക്ഷിക്കാം. അതോടെ വൈദ്യുതി ഉത്‌പാദനത്തില്‍ പുതിയൊരു യുഗം പിറക്കും. ഈ പുതിയ സോളാര്‍ പാനലുകള്‍ വളരെ കനം കുറഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റുകളാണ്‌; പരവതാനിപോലെ. അവ സൗകര്യം പോലെ പുരപ്പുറത്തു വിതര്‍ത്തിയിടാം. പകല്‍ സമയത്ത്‌ അവയിലൂറുന്ന വൈദ്യുതി ബാറ്ററികളില്‍ ശേഷിച്ചു വച്ച്‌ ആവശ്യാനുസരണം ഉപയോഗിക്കാം. ഓരോ വീടിനും വേണമെങ്കില്‍ വൈദ്യുതിക്കാര്യത്തില്‍ സ്വയം പര്യാപ്‌തമാകാം. അല്ലെങ്കില്‍ പകല്‍ സമയത്ത്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ലൈനിലേക്കു കൊടുത്തിട്ട്‌, നമുക്കാവശ്യമുള്ള സമയത്ത്‌ ലൈനില്‍ നിന്നെടുക്കാം. കൂടുതലെടുക്കുന്നതിന്‌ കാശു കൊടുത്താല്‍ മതി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍, അടുത്ത പത്തുവര്‍ഷത്തിനകം ഇങ്ങനത്തെ പത്തു ലക്ഷം സൗരഭവനങ്ങള്‍ ഒരുക്കാന്‍ അവര്‍ പദ്ധതിയിട്ടിരിക്കുന്നുവത്രേ.
ഫാക്‌ടറികളിലും മറ്റും ആവശ്യത്തിനായി കൂട്ടത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്‌ വന്‍തോതില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനും കഴിയും. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത്‌ നട്ടുച്ച സമയത്തു വീഴുന്ന സൗരോര്‍ജത്തിന്റെ അളവ്‌ ഒരു കിലോവാട്ട്‌ ആണ്‌. അതിന്റെ 10% വൈദ്യുതിയാക്കി മാറ്റാം എന്ന്‌ കണക്കുകൂട്ടിയാല്‍ ഒരു കിലോവാട്ടുശേഷി കിട്ടാന്‍ പത്തു ചതുരശ്രമീറ്റര്‍ സ്ഥലത്ത്‌ സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. ഒരു മെഗാവാട്ട്‌ കിട്ടാന്‍ ഒരു ഹെക്‌ടര്‍ സ്ഥലം വേണം. രാജസ്ഥാനിലെ മരുഭൂമി പോലെ കേരളത്തില്‍ തുറസ്സായ സ്ഥലങ്ങള്‍ ഇല്ലെങ്കിലും നമ്മുടെ പുറമ്പോക്കും വഴിയോരങ്ങളും വന്‍ കെട്ടിടങ്ങളുടെ ടെറാും ഉപയോഗിക്കാം. മറ്റൊരു സാദ്ധ്യത നമ്മുടെ കായലുകളിലും ഇടുക്കി പോലുള്ള വന്‍ ജലാശയങ്ങളിലും (ഇടുക്കി ജലാശയത്തിന്റെ വിസ്‌തൃതി 6000 ഹെക്‌ടര്‍ ആണ്‌) ചങ്ങാടങ്ങളിട്ട്‌ അവയില്‍ സോളാര്‍ പാനലുകള്‍ നിരത്തുകയാണ്‌. തീര്‍ച്ചയായും ആലോചിക്കാവുന്ന കാര്യമാണ്‌.
ഏതായാലും ഒരു കാര്യം ഉറപ്പ്‌: ഇനി വരുന്നത്‌ സൗരയുഗമാണ്‌. മാനവരാശി ഇന്ന്‌ മൊത്തം ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ പതിനായിരമിരട്ടിയിലേറെ ഊര്‍ജം നമുക്ക്‌ സൂര്യനില്‍ നിന്നും കിട്ടുന്നുണ്ട്‌. അതിന്റെ ചെറിയൊരംശം കറന്നെടുത്താല്‍ മതി, നമുക്കാവശ്യത്തിനുള്ള വൈദ്യുതി ഉണ്ടാക്കാന്‍. പിന്നെന്തിന്‌ അപകടം പിടിച്ച ആണവ നിലയങ്ങളെ ആശ്രയിക്കണം? പിന്നെന്തിന്‌ വല്ലാത്ത പൊല്ലാപ്പുണ്ടാക്കിയേക്കാവുന്ന കരാറുകളെച്ചൊല്ലി തര്‍ക്കിച്ച്‌ തല്ലു കൂടണം?
‘സൂര്യനാണു താരം!‘ അതായിരിക്കട്ടെ നമ്മുടെ പുതിയ മുദ്രാവാക്യം

(ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ‘തളിര്’ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)
 http://urjasamrakshanam.org/?q=node

No comments:

Post a Comment