CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, April 10, 2012

ചൂടന്‍ ലാപ്ടോപ്പിനെ തണുപ്പിക്കാം

ചൂടന്‍ ലാപ്ടോപ്പിനെ തണുപ്പിക്കാം

 

വാങ്ങിച്ചിട്ട് ഒരു കൊല്ലമായേ ഉള്ളൂ, ഈ ലാപ്ടോപ്പ് ചൂടായിട്ടു വയ്യ. ചൂടായി അവസാനം എല്ലാം ഹാങ്ങാവുന്നു. അല്‍പ്പം കഴിഞ്ഞാ ഓഫാവും. വേറെ ലാപ്ടോപ്പു വാങ്ങാറായി. ഇതിനു വെറുതേ കാശുമുടക്കിയെന്നതു മാത്രം മിച്ചം” എന്റെ സുഹൃത്ത് രാവിലെത്തന്നെ വന്നിരുന്ന് പരാതി പറയുന്നതാണ്. ഇത് ലാപ്ടോപ്പ് കൊണ്ടു നടക്കുന്നവരുടെ സ്ഥിരം പരാതിയാണ്. എന്താണ് ഒരു കൊല്ലമായപ്പോഴേക്കും മാറിയത്? ഒരു കൊല്ലം ഓടിയാല്‍ എല്ലാം കേടു വരുമോ? ചൂടാകാനെന്താ കാരണം?
സാധാരണയായി കണ്ടു വരുന്ന ഒരു കാരണം പ്രൊസസറിനെ തണുപ്പിക്കുന്ന ഹീറ്റ് സിങ്കിലും ഫാനിലും പൊടി നിറഞ്ഞ്, വേണ്ടത്ര വായു സഞ്ചാരം ഇല്ലാതാവുന്നതാണ്. ഡെസ്ക്ടോപ്പുകളെ അപേക്ഷിച്ച് ധാരാളം പുറത്തുകൊണ്ടുനടക്കുന്നതിനാല്‍ ലാപ്ടോപ്പുകളില്‍ പൊടി ഉണ്ടാക്കുന്ന ഉപദ്രവം ഏറെയായിരിക്കും. ഇത് തടയാന്‍ ബുദ്ധിമുട്ടായതിനാല്‍ ആറുമാസത്തിലൊരിക്കലോ കൊല്ലത്തിലൊരിക്കലോ ലാപ്ടോപ്പിനകത്തെ പൊടിയൊക്കെക്കളഞ്ഞു സൂക്ഷിച്ചാല്‍ മുടക്കിയ കാശ് നല്ലവണ്ണം ഈടാക്കാം.
ഒരു ഡെല്‍ ഇന്‍സ്പിറോണ്‍ 1300 (അല്ലെങ്കില്‍ ബി 120/130) സീരീസിനെ ഒന്നു പൊടിതട്ടി ആയുസ്സു കൂട്ടുന്നതാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. മറ്റു ലാപ്ടോപ്പുകളില്‍ ചെയ്യേണ്ടത് ഇതു തന്നെയാണെങ്കിലും ചെയ്യേണ്ട രീതി വ്യത്യാസമുണ്ടാവും. അതാത് മോഡലുകളുടെ മാനുവലും റിപ്പയര്‍ ഗൈഡും നോക്കിയാല്‍ അഴിക്കേണ്ട വഴിയും ചെയ്യേണ്ട വിധവും ലഭിക്കും.
ഒരു സ്ക്രൂ ഡ്രൈവര്‍, അല്‍പ്പം പഞ്ഞി, ഒരു ബ്രഷ് അല്ലെങ്കില്‍ ചെറിയ വാക്വം ക്ലീനര്‍, പ്രൊസസറിനുപയോഗിക്കുന്ന തെര്‍മല്‍ കോമ്പൗണ്ട് (കൂളിങ്ങ് ജെല്‍ അല്ലെങ്കില്‍ സില്‍‌വര്‍ കോമ്പൗണ്ട്) എന്നിവയാണ് നമുക്ക് ഈ പണിക്ക് ആവശ്യമായ വസ്തുക്കള്‍. കൂളിങ്ങ് ജെല്ലും സില്‍‌വര്‍ കോമ്പൗണ്ടുമൊക്കെ കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. അഴിക്കുന്നതിനു മുന്നെ എര്‍ത്ത് ചെയ്യപ്പെട്ടിട്ടുള്ള ഒരു മെറ്റലില്‍ തൊട്ട് സ്റ്റാറ്റിക്ക് ശരീരത്തിലില്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ അഴിക്കുന്ന ലാപ്ടോപ്പിന്റെ സേഫ്റ്റി ഗൈഡ് വായിച്ചിരിക്കുകയും വേണം.
ഇന്‍സ്പിറോണ്‍ 1300ഇല്‍ പ്രോസസറും ഹീറ്റ്സിങ്കും പുറകിലെ ഒരു ചെറിയ പ്ലേറ്റഴിച്ചാല്‍ കിട്ടുന്നതു പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. താഴെക്കാണുന്ന ചിത്രം നോക്കൂ. വലതു വശത്ത് മുകളിലായി കാണുന്നതാണ് ഹീറ്റ് സിങ്കും പ്രോസസറും ഇരിക്കുന്ന അറ. അതിന്റെ താഴെയായി ഫാനിനെ മറയ്ക്കുന്ന ഗ്രില്ലും കാണാം.

സ്റ്റെപ്പ് 1

ലാപ്ടോപ്പ് ബാറ്ററി അഴിച്ചിട്ടിരിക്കുന്നു
ആദ്യപടിയായി, ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചിടുക. അകത്തു പെരുമാറുമ്പോള്‍ ഷോര്‍ട്ടാവാതിരിക്കാന്‍ ഇതൂ വളരെ അത്യാവശ്യമാണ്. ഇവിടെയാണ് ഈ മോഡലില്‍ പ്രോസസ്രും ഹീറ്റ്സിങ്കും ഇരിക്കുന്നത്.

സ്റ്റെപ്പ് 2

പ്ലേറ്റ് അഴിച്ചുമാറ്റുന്നു
ഇനി പ്ലേറ്റിന്റെ ഇടതു വശത്തു കാണുന്ന സ്ക്രൂ അഴിച്ചെടുക്കുക. എന്നിട്ട് ശ്രദ്ധിച്ചു പ്ലേറ്റ് ഊരി മാറ്റി വെക്കുക. ചെമ്പുനിറത്തില്‍ കാണുന്നതാണ് ഹീറ്റ് സിങ്ക്. പ്രോസസര്‍ അതിനടിയിലാണ് ഇരിക്കുന്നത്. പഴയ ലാപ്ടോപ്പുകളില്‍ ഇതില്‍ നിറയെ പൊടിയായിരിക്കും. ബ്രഷ് ഉപയോഗിച്ച് ശ്രദ്ധിച്ചു പൊടി മുഴുവനും പുറത്തേക്കെടുക്കുക. ശക്തി കുറഞ്ഞ വാക്വം ക്ലീനറും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

സ്റ്റെപ്പ് 3

ഹീറ്റ്സിങ്ക് അഴിച്ചുമാറ്റുന്നു
അതിനു ശേഷം ഹീറ്റ് സിങ്ക് അഴിച്ചെടുക്കുക. ഹീറ്റ്സിങ്കിന്റെ ഉള്ളിലും അടിയിലും ഉള്ള പൊടിയും പതുക്കെ നീക്കുക. ഹീറ്റ്സിങ്കും പ്രൊസസറും അല്‍പ്പം ശ്രദ്ധയോടെ കൈകാര്യം ചെയുന്നത് നന്നായിരിക്കും.

സ്റ്റെപ്പ് 4

ഹീറ്റ്സിങ്ക് ശ്രദ്ധാപൂര്‍വം മാറ്റുന്നു
സ്ക്രൂകള്‍ അഴിച്ചതിനു ശേഷം ഹീറ്റ്സിങ്കിലെ പേപ്പര്‍ നാടയുടെ സഹായത്താല്‍ അമ്പടയാളത്തിന്റെ എതിര്‍ വശത്തേക്ക് ചെരിച്ചു പൊക്കി എടുക്കുക.

സ്റ്റെപ്പ് 5

ഹീറ്റ്സിങ്കിലും പരിസരത്തും ഫാനില്‍ നിന്നുള്ള കുഴലിലുമുള്ള പൊടി മുഴുവന്‍ നീക്കം ചെയ്തതിനു ശേഷം, ഹീറ്റ് സിങ്ക് മാറ്റി വെയ്ക്കുക. ഹീറ്റ് സിങ്കിനു നേരെ താഴെ കാണുന്നതാണ് ഈ ലാപ്ടോപ്പിലെ പ്രൊസസര്‍. പഴയ ലാപ്ടൊപ്പുകളില്‍ ഈ പ്രൊസസറിനു പുറത്ത് തെര്‍മല്‍ കോമ്പൗണ്ട് ഉണങ്ങി ഇരിക്കുന്നുണ്ടാവും. പ്രൊസസറും ഹീറ്റ്സിങ്കും തമ്മിലുള്ള താപ ചാലനം വര്‍ദ്ധിപ്പിക്കുന്നതിനുള്ളതാണ് ഈ കോമ്പൗണ്ട്. കാലക്രമേണ ഇത് ഉണങ്ങി വരണ്ട് താപചാലനശേഷി നഷ്ടപ്പെടുന്നതും ലാപ്ടോപ്പ് ചൂടാകാന്‍ കാരണമാകാറുണ്ട്.

സ്റ്റെപ്പ് 6

പ്രൊസസറും ഹീറ്റ്സിങ്കിന്റെ അടിവശവും പഞ്ഞി ഉപയോഗിച്ച് വൃത്തിയാക്കുന്നു
അടുത്തതായി പഞ്ഞി ഉപയോഗിച്ച് പ്രൊസസറും ഹീറ്റ്സിങ്കിന്റെ അടിവശവും വൃത്തിയാക്കുക. അമിത ബലം പ്രയോഗിച്ച് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തെര്‍മല്‍ കോമ്പൊണ്ടും അതിന്റെ പൊടിയും വിഷമാണ്. അതിനാല്‍ ഇതു കഴിയുന്നതുവരെ പ്രത്യേകം ശ്രദ്ധിക്കുക. കഴിഞ്ഞ ഉടനെ കൈ നന്നായി കഴുകണം.

സ്റ്റെപ്പ് 7

പ്രൊസസറിനുമുകളില്‍ തെര്‍മല്‍ കോമ്പൗണ്ട് തേക്കുന്നു
തെര്‍മല്‍ കോമ്പൗണ്ട് ഒരല്‍പ്പം പ്രൊസസറിനു മുകളില്‍ തേയ്ക്കുക. ഒരു ചെറിയ പ്ലാസ്റ്റിക്കു കഷണമോ തീപ്പെട്ടിക്കമ്പോ ഉപയോഗിച്ച് അത് പ്രൊസസറിനു മുകളില്‍ കടലാസ് കനത്തില്‍ തേക്കുക. അധികമുള്ള കോമ്പൗണ്ട് പഞ്ഞി ഉപയോഗിച്ച് തുടച്ചെടുക്കണം.

സ്റ്റെപ്പ് 8

കോമ്പൗണ്ട് ഒരേ കനത്തില്‍ ആയാല്‍ ഹീറ്റ് സിങ്കിനെ തിരിച്ച് സ്ഥാനത്തു വെച്ച് സ്ക്രൂ പിടിപ്പിക്കുക. അമ്പടയാളമുള്ള ഭാഗം ചെരിച്ച് ഉള്ളിലേക്കു കയറ്റി ശരിയായ സ്ഥാനത്ത് ഇരുന്നെന്ന് ഉറപ്പു വരുത്തിയതിനു ശേഷം എതിര്‍കോണുകളിലുള്ള സ്ക്രൂകള്‍ ആദ്യം പിടിപ്പിക്കുന്നത് നന്നായിരിക്കും.
പ്ലേറ്റ് സ്ക്രൂ ചെയ്ത് ബാറ്ററി പിടിപ്പിച്ച് ലാപ്ടോപ്പ് നേരെ വെച്ച് ഓണ്‍ ചെയ്തു നോക്കൂ. ഇപ്പോള്‍ ചൂടാകുന്നുണ്ടോ?

1 comment: