ELECTRONICS KERALAM

Monday, April 2, 2012

കംപ്രസറില്ലാത്ത ഫ്രിഡ്‌ജ് വരുന്നു

കംപ്രസറില്ലാത്ത ഫ്രിഡ്‌ജ് വരുന്നു
ഫെറോ ഇലക്ട്രിക്‌ പോളിമറുകൾ ഉപയോഗിച്ച്‌
അഗ്നിശമനസേനാംഗങ്ങളുടെ സുരക്ഷാകവചം
തണുപ്പിക്കാനും അത്ലീറ്റുകളുടെ
ഷൂസിനുള്ളിലെ താപം ക്രമീകരിക്കാനും കഴിയും


ഫെറോ ഇലക്ട്രിക്‌ പോളിമറുകളിൽ വൈദ്യുതി പ്രവഹിപ്പിച്ച്‌ കൃത്രിമമായി ചൂടും തണുപ്പും സൃഷ്ടിക്കാനായാൽ ഭാവിയിൽ റെഫ്രിജറേറ്ററിനും എയർ കണ്ടീഷനറിനുമൊന്നും കംപ്രസറും പൈപ്പിങ്‌ കോയിലുകളും വേണ്ടിവരില്ല.  അതിനായുള്ള ശ്രമങ്ങളിലാണ്‌ പെൻ സ്റ്റേറ്റിലെ ഗവേഷകർ.
വൈദ്യുത മണ്ഡലമുപയോഗിച്ചുള്ള റെഫ്രിജറേഷൻ യൂണിറ്റിന്റെ വികസനത്തിനുള്ള ആദ്യ പടിയാണിതെന്ന്‌ ഇലക്ട്രിക്കൽ എഞ്ചിനീറിങ്‌ പ്രൊഫസറായ ക്വിമിങ്‌ ഴാങ്ങ്‌ പറയുന്നു. “ഭാവിയിൽ നമുക്ക്‌ പരന്ന പാനലുള്ള റെഫ്രിജറേറ്റർ സ്വപ്നം കാണാം. കോയിലുകളോ കംപ്രസറുകളോ വേണ്ട, ശരിയായ ഹീറ്റ്‌ എക്സ്ചേഞ്ചറുകളോടു കൂടിയ ഖര പോളിമറുകൾ മാത്രം മതിയാകും.”
കാന്തിക മണ്ഡലമുപയോഗിച്ചുള്ള ശീതീകരണത്തിന്‌ വേണ്ടിയും ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും വൈദ്യുതി ഉപയോഗിക്കുന്നതാണ്‌ കൂടുതൽ സൗകര്യം.  അന്തരീക്ഷ താപനിലയിൽ വൈദ്യുത മണ്ഡലത്തിനുള്ളിൽ താപവ്യതിയാനം കാഴ്ചവയ്ക്കുന്ന ഫെറോ ഇലക്ട്രിക്‌ പോളിമറുകളെക്കുറിച്ചുള്ള പഠനത്തിലേർപ്പെട്ടിരിക്കയാണ്‌ ഗവേഷക സംഘം.
വിവിധ മർദ്ദങ്ങളിൽ വാതകങ്ങൾക്ക്‌ സംഭവിക്കുന്ന സാന്ദ്രതയിലുള്ള വ്യത്യാസം ഉപയോഗപ്പെടുത്തിയാണ്‌ സാമ്പ്രദായിക ശീതീകരണ ഉപാധികൾ തണുപ്പ്‌ സൃഷ്ടിക്കുന്നത്‌. ഇതിനായി ഉപയോഗിക്കുന്ന കൂളന്റുകൾ പലപ്പോഴും മനുഷ്യർക്കോ പരിസ്ഥിതിക്കോ ദോഷമാകും. ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്താൻ ഏറ്റവുമധികം ഇടയാക്കിയത്‌ മുമ്പ്‌ ശീതീകരണികളിൽ ഉപയോഗത്തിലിരുന്ന ഫ്രിയോൺ എന്ന നിരോധിത ഫ്ലൂറോക്ലോറോകാർബണായിരുന്നു. ഇപ്പോൾ അനേകം കൂളന്റുകൾ ലഭ്യമാണെങ്കിലും ഊർജ്ജമൂറ്റൂന്ന കംപ്രസറുകളും ധാരാളം ഹീറ്റിങ്‌ കോയിലുകളും ഉപയോഗിക്കേണ്ടി വരുന്നു.
വൈദ്യുത മണ്ഡലത്തിലെത്തുമ്പോൾ ചില പോളാർപോളിമറുകൾ ചിതറിയ അവസ്ഥയിൽ നിന്ന്‌ സംഘടിതരൂപത്തിലേക്ക്‌ മാറും. വിവിധ തന്മാത്രകൾ പലയിടത്തായി അടുക്കുംചിട്ടയുമില്ലാതെ കിടക്കുന്നതാണ്‌ ഇവയുടെ പ്രകൃത്യാലുള്ള അവസ്ഥ. വൈദ്യുതി പ്രവഹിക്കുമ്പോൾ തന്മാത്രകൾ സുസംഘടിതമാവുകയും കൃത്യമായ സ്ഥാനങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഈ പ്രക്രിയയിൽ അവ ചൂട്‌ പുറത്തുകളയുകയും തണുത്തുറയുകയും ചെയ്യും. വൈദ്യുതി നിലയ്ക്കുമ്പോൾ അവ പഴയ അലക്ഷ്യരൂപത്തിലേയ്ക്ക്‌ തിരികെയെത്തുകയും താപം ആഹരിക്കുകയും ചെയ്യും.
‘സയൻസ്‌’ ജേണലിന്റെ ഓഗസ്റ്റ്‌ 08 ലക്കത്തിൽ വന്ന റിപ്പോർട്ട്‌ പ്രകാരം ഇവ 22.6 ഫാരൺഹീറ്റ്‌ വരെ താപവ്യതിയാനം കാഴ്ചവയ്ക്കുമത്രേ. തുടർച്ചയായ ചിതറിക്കലും സംഘാടനവും നടത്തിയാൽ തൃപ്തികരമായ ഒരു ഹീറ്റ്‌ എക്സ്ചേഞ്ചറിന്റെ സഹായം കൂടിയുണ്ടെങ്കിൽ സാമാന്യം വലിയ വ്യാപ്തിയിലുള്ള താപനില കൈവരിക്കാൻ ഇവയ്ക്കാവും.
“തരാതരം പോലെ ചൂട്‌ ലഭിക്കാനോ തണുപ്പ്‌ ലഭിക്കാനോ ഈ പോളിമറുകളെ ഉപയോഗിക്കാം.  അതിനാൽ തന്നെ ക്രമേണ ഇവയ്ക്ക്‌ പല ഉപയോഗങ്ങളും കൈവരും,” പെൻ സ്റ്റേറ്റിലെ മെറ്റീരിയൽസ്‌ റിസർച്ച്‌ ഇൻസ്റ്റിട്യൂട്ട്‌ ഫാക്കൽറ്റി അംഗമായ ഴാങ്ങ്‌ പറയുന്നു.
അഗ്നിശമനസേനാംഗങ്ങളുടെ സുരക്ഷാകവചത്തെ തണുപ്പിക്കാനോ, അത്‌ലറ്റുകളുടെ ഷൂസിന്റെയും സോക്സിന്റെയും മറ്റും താപം ക്രമീകരിക്കാനോ മുഖംമൂടികളും മറ്റുമുപയോഗിക്കുമ്പോഴുള്ള ചൂട്‌ ഒഴിവാക്കാനോ ഒക്കെ ഇവ ഉപയോഗിക്കാനാവും.  ചെറിയ ഇലക്ട്രോണിക്‌ ഉപകരണങ്ങളിൽ അധികതാപം താങ്ങേണ്ടിവരുന്ന സർക്യൂട്ട്‌ ബോഡുകൾ ഫലപ്രദമായി തണുപ്പിക്കാനും ഇവ ഉപയുക്തമാകും. അത്‌ ആത്യന്തികമായി അവയുടെ വലിപ്പം കുറയ്ക്കാനും സഹായിക്കും.

No comments:

Post a Comment