PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, August 21, 2011

ഫോണ്‍ മാത്രമുള്ള ഫോണ്‍








ഫോണ്‍ മാത്രമുള്ള ഫോണ്‍
മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള പ്രയോജനമെന്ത്? ഫോട്ടോയെടുക്കല്‍, ഇന്റര്‍നെറ്റ് ബ്രൗസിങ്, സിനിമ കാണല്‍, പാട്ടു കേള്‍ക്കല്‍, എസ്.എം.എസ്. അയയ്ക്കല്‍, ഫേസ്ബുക്കില്‍ കയറല്‍ തുടങ്ങി നൂറായിരം ഉത്തരങ്ങള്‍ പറയാനുണ്ടാകും. പക്ഷേ, ആരും ഓര്‍ക്കാത്ത ഒരു ഉത്തരമുണ്ട്. ആളുകളോടു സംസാരിക്കല്‍. മൊബൈല്‍ ഫോണുകള്‍ സൂപ്പര്‍ കമ്പ്യൂട്ടറായിക്കൊണ്ടിരിക്കുന്ന ഈ ഹൈടെക് യുഗത്തില്‍ സംസാരിക്കാന്‍ മാത്രം ഉപയോഗപ്പെടുന്ന ഒരു ഹാന്‍ഡ്‌സെറ്റ് ഇറങ്ങിയിരിക്കുന്നു. അവന്റെ പേരാണ് 'ജോണ്‍സ് ഹാന്‍ഡ്‌ഫോണ്‍'. ഡെന്‍മാര്‍ക്കിലെ പരസ്യക്കമ്പനിയായ ജോണ്‍ ഡോയ്ക്ക് വേണ്ടി ഡിസൈനര്‍ ദിദ്രിക്കെ ബോക്ക് ആണ്ഈ ഫോണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

എന്തൊക്കെ സൗകര്യങ്ങളുണ്ട് എന്നതല്ല, എന്തൊക്കെയില്ല എന്നതാണ് 'ജോണ്‍സ് ഫോണിനെ' വ്യത്യസ്തനാക്കുന്നത്. ക്യാമറയില്ല, എസ്.എം.എസ്. ഇല്ല, അലാറമില്ല, റിമൈന്‍ഡറില്ല, ഗെയിംസില്ല, കലണ്ടറില്ല, ടച്ച് സ്‌ക്രീന്‍ പോയിട്ട് നേരാംവണ്ണമുള്ള സ്‌ക്രീന്‍പോലുമില്ല. മെനു ഇല്ലാത്ത ഈ ഫോണില്‍ ത്രീജി ഉണ്ടോ, കാര്‍ഡ് മെമ്മറിയുണ്ടോ, ബ്ലൂടൂത്ത് ഉണ്ടോ എന്നീ ചോദ്യങ്ങളൊന്നും മറുപടി പോലുമര്‍ഹിക്കുന്നില്ല. ഫോണ്‍ വിളിക്കാം, വരുന്ന കോളുകള്‍ സ്വീകരിക്കാം, അത്രമാത്രം...





നാട്ടിലുള്ള മുഴുവന്‍ ആളുകളുടെയും നമ്പര്‍ സേവ് ചെയ്തുവെക്കാനും ഈ ഫോണില്‍ നിര്‍വാഹമില്ല. ഏറ്റവും വേണ്ടപ്പെട്ട പത്തു നമ്പറുകള്‍ സ്​പീഡ് ഡയലില്‍ സേവ് ചെയ്തുവെക്കാം. അതിനുശേഷമുള്ള എല്ലാ നമ്പറുകളും ചെറിയൊരു പുസ്തകത്തിലെഴുതി ഫോണിന്റെ പിന്‍വശത്തുള്ള ചില്ലുകൂട്ടില്‍ വെക്കണം. അഡ്രസ്ബുക്കും എഴുതാനുള്ള പേനയും കമ്പനി ഫ്രീ ആയി നല്‍കും. ടച്ച്‌സ്‌ക്രീന്‍ ഫോണുകളിലെ സ്‌റ്റൈലസ് പോലെ സുന്ദരനാണ് പേനയെന്ന് പറയാതെവയ്യ.

റിങ്‌ടോണുകളിലെങ്കിലൂം അല്പം വെറൈറ്റി പ്രതീക്ഷിക്കുന്നവരെയും 'ജോണ്‍സ് ഫോണ്‍' നിരാശപ്പെടുത്തും. ആകെയുള്ളത് ഒരു റിങ്‌ടോണ്‍. അതിന്റെ ശബ്ദം കൂട്ടാനും കുറയ്ക്കാനുമുള്ള സൗകര്യമുണ്ട്. ഫോണിന്റെ മുകള്‍വശത്തെ ചെറിയ ചതുരത്തിലാണ് സ്‌ക്രീനുള്ളത്. ജോണ്‍സ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത് മൂന്നാഴ്ചത്തെ ബാറ്ററി ആയുസ്.

സാങ്കേതികവിദ്യയുടെ അതിപ്രസരം കാരണം വലയുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് 'ജോണ്‍സ് ഫോണ്‍' അവതിരിപ്പിക്കുന്നതെന്ന് ഡിസൈനര്‍ ദിദ്രിക്കെ ബോക്ക് വ്യക്തമാക്കുന്നു. ആന്റി-സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഓമനപ്പേരു കൂടി ഇതിനുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള പല ഫോണുകളിലും ആളുകള്‍ക്ക് അത്യാവശ്യമില്ലാത്ത സൗകര്യങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ്. പലതും ആളുകള്‍ ഒരിക്കല്‍പ്പോലും ഉപയോഗിച്ചുനോക്കിയിട്ടുണ്ടാവില്ല.





'ലോകത്ത് നടക്കുന്നതെല്ലാം ഫോണില്‍ വേണമെന്ന് ശാഠ്യമില്ലാത്ത, അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിക്കാനുള്ളവര്‍ക്കു വേണ്ടിയുള്ളതാണ് ജോണ്‍സ്‌ഫോണ്‍. യാതൊരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലാതെ ഉപയോഗിക്കാനാവും എന്നതാണ് ഈ ഫോണിന്റെ മേന്മ'- ബോക്ക് അവകാശപ്പെടുന്നു.

സൗകര്യങ്ങള്‍ തീരെകുറവാണെങ്കിലും ഈ ഫോണിന്റെ വില ഒട്ടും കുറവല്ല. വെളുത്ത നിറത്തിലുള്ള മോഡലിന് 59 പൗണ്ടും (4248 രൂപ) മറ്റുനിറങ്ങളിലുള്ളതിന് 67 പൗണ്ടുമാണ് വില (4,824 രൂപ). മൂവായിരം രൂപയ്ക്ക് ഡബിള്‍ സിമ്മും ഫുള്‍ടച്ച്‌സ്‌ക്രീനുമുള്ള ഫോണ്‍ ലഭിക്കുന്ന നമ്മുടെ നാട്ടില്‍ ജോണ്‍സ് ഫോണിന് ആവശ്യക്കാരുണ്ടാകുമോ എന്നാണിനി അറിയേണ്ടത്. മൊബൈല്‍ കമ്പനികളുടെ ഓഫര്‍ എസ്.എം.എസ്. വായിച്ചു പൊറുതിമുട്ടിയ ചിലരെങ്കിലും ഈ ഫോണ്‍ വാങ്ങാനിടയുണ്ടെന്നും പറയാതെ വയ്യ.


വിശദവിവരങ്ങള്‍ക്ക് വീഡിയോ കണ്ട് നോക്കൂ


                              




No comments:

Post a Comment